Saturday, November 10, 2012

തിരിച്ചറിവുകള്‍


നോയിഡയില്‍ നിന്ന് നാട്ടിലേക്കുള്ള വരവ് അപ്രതീക്ഷിതമായിരുന്നു. പെട്ടെന്ന് ജോലി രാജി വെച്ചു.അടുത്ത ദിവസം പെട്ടിയും തൂക്കി നേരെ ഡല്‍ഹിയിലേക്കു.സ്റ്റേഷനു പുറത്തുള്ള ഏജെന്റിനെ പിടിച്ചു കേരള എക്സ്പ്രസ്സില്‍ ഒരു ടിക്കറ്റ്‌ തരപ്പെടുത്തി. വെയിറ്റിംഗ് ലിസ്റ്റില്‍ ആണ്. അകത്തു കേറിയിട്ടു എങ്ങനേലും ഒരു സീറ്റ് തരപ്പെടുത്തണം .റിസര്‍വേഷന്‍ കമ്പാര്‍ട്ട്മെന്റില്‍ കേറാമല്ലോ എന്ന ചിന്തയിലാണ് കൂടുതല്‍ പൈസ ആയിട്ടുപോലും വെയിറ്റിംഗ് ലിസ്റ്റില്‍ എടുത്തതു .

കേരള എക്സ്പ്രസ്സില്‍ ഇപ്പോഴും തിരക്കോട് തിരക്കാണ് . അന്നും കുത്തി നിറച്ച അവസ്ഥയില്‍ തന്നെ യാത്ര തുടങ്ങി. ഉച്ചയായപ്പോ ടിടിആര്‍ വന്നു. ഞാന്‍ ഉപഗ്രഹം പോലെ അയാള്‍ക്ക്‌ ചുറ്റും നടന്നു. ആകെ ഒരു മുശടന്‍ സ്വഭാവം. വൈകും വരെ പിറകെ നടന്നു കെഞ്ചിയിട്ടും കനിഞ്ഞില്ല. പെട്ടി ഒരു സീറ്റിനടിയില്‍ വെച്ച് പൂട്ടിയിട്ട് ഡോറിനടുത്തു  പോയി വെളിയിലേക്ക് നോക്കി വെറുതെ നിന്നു. നേരമിരുണ്ടൂ. ആളുകള്‍ പതുക്കെ കിടക്ക വിരിച്ചു തുടങ്ങി.പല കോപ്പയിലും ലൈറ്റ് ഓഫ്‌ ആയി. ഒന്ന് നടുനിവര്‍ത്താതെ വയ്യെന്നായി. ഇന്റര്‍ കണക്ടഡ് പാസേജിലൂടെ അടുത്ത  കമ്പാര്‍ട്ട്മെന്റിലേക്കു വെറുതെ നടന്നു. ബാത്ത്റൂം സൈഡില്‍ ഒരു കൂട്ടം പട്ടാളക്കാര്‍ പേപ്പറും കമ്പിളിയും നിലത്തു വിരിച്ചു, പെപ്സിയില്‍ മിക്സ് ചെയ്ത മദ്യവും സേവിച്ചു വീണിടം വിഷ്ണുലോകം ആക്കി ആഘോഷിക്കുന്നു. ഡോറില്‍ പിടിച്ചു അവരെ നോക്കി നിന്നു. ഒരാള്‍ എന്നെ നോക്കി ചിരിച്ചിട്ട് ഫോം കപ്പിലേക്ക് മദ്യം പകര്‍ന്നു നീട്ടി. " വേണ്ടാ ഞാന്‍ കുടിക്കില്ല..." ചിരിച്ചു കൊണ്ട് ഞാനത് നിരസിച്ചു. നിരാശയോടെ അതിലേറെ അവിശ്വാസത്തോടെ  എന്റെ മുഖത്തേക്ക് ഒന്നിരുത്തി നോക്കിയിട്ട് അയാള്‍ വീണ്ടും  ആഘോഷങ്ങളില്‍ അലിഞ്ഞു ചേര്‍ന്നു. നില്‍പ്പ് നീണ്ടു പോയി. കാലിനു വേദന തുടങ്ങി. അവരെ ഒന്ന് നോക്കിയിട്ട് പതുക്കെ വിരിയുടെ ഒരു കോണില്‍ ഇരുന്നു. "റിസര്‍വേഷന്‍ ഇല്ലല്ലേ..." മദ്യം ഓഫര്‍ ചെയ്താള്‍ ചോദിച്ചു. ഇല്ലെന്നു തലയാട്ടി.അവരില്‍ ഒരാളായി കുറച്ചു കൂടി അടുത്തിരുന്നു. വെടിവട്ടങ്ങളും ബഹളവുമോക്കെയായി ആ രാത്രി അങ്ങനെ കഴിച്ചു കൂട്ടി. രാവിലെ  ആയപ്പോഴേക്കും അവര്‍ മിലിട്ടറി കമ്പാര്‍ട്ട്മെന്റിലേക്കു മാറി. ഞാന്‍ തനിച്ചായി.

ട്രെയിനിന്റെ നീളം അളന്നും പാന്‍ട്രി കാറില്‍ ഉണ്ടും കഥപറഞ്ഞും പകല്‍ തള്ളിവിട്ടു . പുറത്തു ഇരുട്ട് വീണു തുടങ്ങി.ട്രെയിനിനുള്ളില്‍ നീലയും വെള്ളയും കലര്‍ന്ന വെളിച്ചം പരന്നു . ആഹാരപൊതികളുമായി സപ്ലയര്‍മാര്‍ തലങ്ങും വിലങ്ങും പാഞ്ഞു നടക്കുന്നു.യാത്രക്കാര്‍ ,കഴിച്ചവര്‍ കഴിച്ചവര്‍ കിടന്നു തുടങ്ങി. ഇന്നെങ്കിലും എവിടെങ്കിലും കയറി കൂടിയേ പറ്റൂ. വല്ലാത്ത ക്ഷീണം അനുഭവപ്പെട്ടു . കമ്പാര്‍ട്ട്മെന്റുകള്‍ തോറും അലഞ്ഞു . രാത്രിയില്‍ ബെര്‍ത്ത്കളിലേക്ക് നോക്കി നടക്കുന്ന എന്നെ ആളുകള്‍ സംശയദൃഷ്ടിയോടെ നോക്കി. പത്തു മണിയോടെ നടത്തം അവസാനിപ്പിച്ചു.മുന്നില്‍ കണ്ട കമ്പാര്‍ട്ട്മെന്റിലെ ഒരു മുറിയില്‍ ലൈറ്റ്കള്‍ പൂര്‍ണ്ണമായി അണഞ്ഞിരുന്നു.

തപ്പി തടഞ്ഞു, ശബ്ദമുണ്ടാക്കാതെ, ബെര്‍ത്ത്കള്‍ക്കിടയില്‍ ഒരു ന്യൂസ്‌ പേപ്പര്‍ നീളത്തില്‍ വിരിച്ചു കിടന്നു. സീറ്റിനടിയില്‍ നിന്ന് തള്ളി നിക്കുന്ന പെട്ടികള്‍ക്കും ചെരുപ്പുകള്‍ക്കുമിടയില്‍ കിടപ്പ്  ദുസഹമായിരുന്നെങ്കിലും , രണ്ടു ദിവസം കൂടി ഒന്ന് നടുനിവര്‍ത്താന്‍ കഴിഞ്ഞതിന്റെ  ആശ്വാസത്തില്‍ , ക്ഷീണത്തില്‍ പെട്റെന്നുറങ്ങി പോയി. വല്ലാത്തൊരു ആക്രോശം കേട്ട് ഞെട്ടി ഉണരുമ്പോ കൂപ്പയിലെ ലൈറ്റ് തലയ്ക്കു മുകളില്‍ കത്തി നില്‍ക്കുന്നു. ആരൊക്കെയോ എന്നെ തുറിച്ചു നോക്കി മുന്നില്‍ . ചാടി എഴുനെല്‍ക്കുമ്പോ നാല്പതിയഞ്ചിനു അടുത്ത് പ്രായമുള്ള ഒരു സ്ത്രീയും മകളും... അടുത്ത സീറ്റുകളിലെ യാത്രക്കാരും. " പെണ്‍കുട്ടികള്‍ കിടക്കുന്ന ബെര്‍ത്ത്‌ നോക്കി വന്നിരിക്കുകയാണിവനൊക്കെ...ബാത്ത് റൂമില്‍ പോകാന്‍ കാലെടുത്തു വെച്ചതിവന്റെ ദേഹതാണ് . ഇവിടെ തന്നെ കിടക്കണമല്ലേ നിനക്ക് ..."  ഒരു കുറ്റവാളിയെ പോലെ  അവര്‍ എന്നെ വിസ്തരിക്കുകയാണ്. കൂടി നിന്നവരും എന്നെ സംശയത്തോടെ നോക്കി. സ്ത്രീയുടെ ശബ്ദം വീണ്ടും ഉയര്‍ന്നു.

അപമാനിതനാവുന്നതിന്റെ വേദനയില്‍ പോക്കെറ്റില്‍ നിന്നും ടിക്കറ്റ്‌ എടുത്തു ഞാന്‍ അവരെ കാണിച്ചു. " എനിക്കും റിസര്‍വേഷന്‍ ഉണ്ട്...വെയിറ്റിംഗ് ലിസ്റ്റ് ആയിപോയി ...രണ്ടു ദിവസമായി കിടന്നിട്ടു....ആ ക്ഷീണം കൊണ്ടു കിടന്നു പോയതാ.....നിങ്ങളിങ്ങനെ ബഹളം വെക്കാതിരിക്കൂ... നിങ്ങളെ പോലൊരു യാത്രക്കാരന്‍ ആണ് ഞാനും " എന്റെ വാക്കുകള്‍ക്കു ചെവികൊടുക്കാതെ അവര്‍ വീണ്ടും വീണ്ടും എന്തൊക്കെയോ പറഞ്ഞു കൊണ്ടേ ഇരുന്നു. അപമാനഭാരത്തോടെ ഞാന്‍ ഡോറിനടുത്തു പോയി പുറത്തേക്കു നോക്കി നിന്നു. രാവിലെയും ആ സ്ത്രീയെ കണ്ടെങ്കിലും മുഖം കൊടുക്കാതെ ഞാന്‍ ഒഴിഞ്ഞു മാറി.

ഉച്ചയോടെ കായംകുളത്തെത്തി. പെട്ടിയും തൂക്കി പ്ളാറ്റ് ഫോമിലൂടെ നടക്കുമ്പോ തീരാത്ത  ദേഷ്യത്തോടെ വിന്‍ഡോയിലൂടെ എന്നെ നോക്കുന്ന ആ സ്ത്രീയെ ഞാന്‍ കണ്ടു. എന്നെ അപമാനിച്ച അവരെ ഞാനുമൊന്നു രൂക്ഷമായി നോക്കി.

വര്‍ഷങ്ങള്‍ കഴിഞ്ഞു. പെങ്ങളും ഭാര്യയുമായി ഒരു ട്രെയിന്‍ യാത്ര.  മണിക്കൂറുകള്‍ മാത്രം നീളുന്ന യാത്ര. പകല്‍ വെളിച്ചത്തില്‍ പോലും നാണിക്കാത്ത സമൂഹത്തിന്റെ വൃത്തികെട്ട മുഖം ഞാന്‍ അന്ന് കണ്ടു. അനാവശ്യമായി തിക്കും തിരക്കുമുണ്ടാകി സ്ത്രീകള്‍ക്കിടയിലൂടെ നടക്കുന്ന സാമൂഹ്യവിരുദ്ധര്‍ .സ്ത്രീകളുടെ സീറ്റില്‍ അവരെ ചാരി നില്‍ക്കാന്‍ ശ്രമിക്കുന്ന മദ്ധ്യവയസ്കര്‍ . സ്ത്രീകള്‍ ട്രെയിനിനില്‍ എത്രമാത്രം ബുദ്ധിമുട്ടിയാണ് യാത്ര ചെയ്യുന്നതെന്നും അവര്‍ സുരക്ഷിതര്‍ അല്ലെന്നും മനസ്സിലായി .

മകളുടെ ബെര്‍ത്തിന് താഴെ ഇരുളില്‍ കിടന്ന അപരിചിതനോടു കയര്‍ത്തു സംസാരിക്കാനും നിഷ്കരുണം ഇറക്കിവിടാനും ധൈര്യം കാണിച്ച ആ അമ്മയെ ഞാന്‍ ഓര്‍ത്തു. അവരുടെ ആക്രോശങ്ങള്‍ക്കും കുറ്റപ്പെടുതലുകള്‍ക്കും വല്ലാത്തൊരു അര്‍ത്ഥമുണ്ടായിരുന്നുവെന്നു ഞാന്‍ തിരിച്ചറിഞ്ഞു .അവരോടെനിക്ക് അതിരറ്റ ബഹുമാനം തോന്നി. അന്നവരോട് അമര്‍ഷം തോന്നിയതില്‍ കുറ്റബോധവും.

Wednesday, November 7, 2012

വഴുക്കലില്‍ വീഴാതെ...




കൊച്ചിയില്‍ ജോലി ചെയ്യുമ്പോ അവിടെ റേഡിയോ സെറ്റ് ഉണ്ട്. ഫ്ലൈറ്റ് അറ്റന്ടെന്റ്റ്‌കളെ , എയര്‍ ഇന്ത്യ സെക്യൂരിറ്റിയെ ഒക്കെ അതിലൂടെ ആണ് ബന്ധപ്പെടുന്നത്.  റിസെപ്ഷനില്‍ ഉള്ള സുന്ദരി കുട്ടിയാരുന്നു അതിന്റെ ആള്...നല്ല മണി മണി പോലെ... അനര്‍ഘനിര്‍ഘളമായി ഇംഗ്ലീഷ് മൊഴിയും .നാട്ടിലെ സാദാ സ്കൂളിലൊക്കെ പഠിച്ചിട്ടു ഒരു വാക്യം പറയാന്‍ നൂറുതവണ മനസ്സില്‍ ഗൃഹപാഠം ചെയ്യുന്ന കാലം..ഗ്രാമര്‍ എന്ന കീറാമുട്ടി മനസ്സിനെ ആകെ ആശയ കുഴപ്പത്തിലാക്കുകയും ചെയ്യും....

അങ്ങനെ ഇരിക്കുമ്പോ ലവള്‍ക്ക് കെട്ടിയോന്‍ പണി കൊടുത്തു... ഗര്‍ഭിണി.പ്രസവലീവ് എടുത്തു അവള്‍ പോയി...താല്‍കാലികമായി ആരെയും നിയമിക്കുക എന്ന ആചാരം അവിടെ ഇല്ലാതിരുന്ന കൊണ്ട് പറയത്തക്ക പദവിയോ സ്പെസിഫിക് ജോബോ ഇല്ലാതിരുന്നത് കൊണ്ട് റേഡിയോ സെറ്റിന്റെ കണ്ട്രോള്‍ കൈകാര്യം ചെയ്യാന്‍ എന്നെ ഏല്‍പ്പിച്ചു.

ചുമതല ഏറ്റ ആദ്യ ദിവസം രാവിലെ എഴുനേറ്റപ്പോ മുതല്‍ ആകെ ഒരു എരിപൊരി സഞ്ചാരം. ഓഫീസില്‍ പോകുന്ന കാര്യമോര്‍ത്തിട്ട് ആകെ വെപ്രാളം . കണ്ട്രോള്‍ കം ഇന്‍ കണ്ട്രോള്‍ കം ഇന്‍ എന്ന റേഡിയോയിലൂടുള്ള ആ നിലവിളി മനസ്സില്‍ ഇങ്ങനെ കിടന്നു അലട്ടാന്‍ തുടങ്ങി. മൈക്കിലൂടെ ഇടയ്ക്കു അനൌണ്‍സ് ചെയ്യേണ്ടതായും വരും. ഈശ്വര..എങ്ങോട്ടെങ്കിലും ഒളിചോടിയാലോ എന്ന് പോലും ചിന്തിച്ചു.

അങ്ങനെ രണ്ടും കല്‍പ്പിച്ചു ഓഫീസില്‍ എത്തി. സര്‍വ്വ ദൈവങ്ങളെയും പ്രാര്‍ഥിച്ചു ഒരു പേപ്പറില്‍ കണ്ട്രോള്‍ വിത്ത്‌ യു ഗോ എഹെഡ് എന്നൊക്ക എഴുതി വെച്ചു. വീണ്ടും വീണ്ടും വായിച്ചു കോണ്ഫിടെന്‍സ് കൂട്ടാന്‍ നോക്കി. അങ്ങനെ അങ്കലാപ്പുകളും ആശങ്കകളുമായി കുറെ മണിക്കൂറുകള്‍ കടന്നു
പോയി. പെട്ടെന്ന് ഫോണ്‍ റിംഗ് ചെയ്തു. " പ്രദീപ്‌ ക്യാബിന്‍ ക്ളീനിംഗ് പിള്ളാരോട് മിനി ബസ്സില്‍ റിപ്പോര്‍ട്ട്‌ ചെയ്യാന്‍ ഒന്ന് അനൌണ്‍സ് ചെയ്യ്..." മറുതലക്കല്‍ പ്രീസെറ്റ് സൂപ്പര്‍വൈസര്‍ ആണ്. ശരി സര്‍ എന്ന് പറഞ്ഞു ഞാന്‍ ഫോണ്‍ വെച്ചു.

ഒരു പേപ്പര്‍ എടുത്തു "ആള്‍ ക്യാബിന്‍ ക്ളീനിംഗ് ബോയ്സ് പ്ലീസ് റിപ്പോര്‍ട്ട്‌ റ്റു മിനി ബസ്‌ ഇമീടിയറ്റ്ലി " എന്നെഴുതി ആവര്‍ത്തിച്ചു വായിച്ചു നോക്കി....ഒരു ദീര്‍ഘശ്വാസം എടുത്തു ഇല്ലാത്ത ആത്മവിശ്വാസം ഉണ്ടെന്നു വരുത്തി മൈക് ഓണ്‍ ചെയ്തു.ഒരൊറ്റ കീറല്‍ ..."ആള്‍ ക്ളാബിന്‍ ബോയ്സ് "......മൊത്തം വഴുക്കല്‍ ആണെന്ന് മനസ്സിലായി ആകെ പതറി ...ശബ്ദം പുറത്തോട്ടു വരുന്നില്ല...കണ്ണില്‍ ഇരുട്ട് കേറുന്ന പോലെ ഒരു തോന്നല്‍ ...എന്റെ അവസ്ഥ കണ്ട സഹപ്രവര്‍ത്തകന്‍ ജിജോ മൈക്ക് വാങ്ങി അനൌണ്‍സ് ചെയ്തു.

പതിനഞ്ചു മിനിറ്റ് കഴിഞ്ഞപ്പോഴേക്കും ജി എമ്മിന്റെ വിളി വന്നു..തല കുനിച്ചു നിന്നു കിട്ടിയ പച്ചതെറി മൊത്തം ഏറ്റു വാങ്ങി. സഹതാപത്തോടെ നോക്കുന്ന സഹപ്രവര്‍ത്തകര്‍ക്ക് നടുവിലൂടെ നിറ കണ്ണുകളുമായി സീറ്റിലെത്തുമ്പോഴേക്കും മനസ്സില്‍ വല്ലാത്തൊരു വാശി ഉണ്ടായി.ഈ ഭാഷ എങ്ങനെയും പഠിച്ചെടുക്കണം. ആ വാശിയില്‍ കുരുത്ത നിശ്ചയദാര്‍ഡ്യം.....അതാണ്‌ ഇന്നത്തെ എന്റെ അതിജീവനത്തിനു താങ്ങാവുന്നത് ..

വെറുതെ...ഒരു തിരിഞ്ഞു നോട്ടം :))

Saturday, October 13, 2012

പയ്യന്‍ കഥകള്‍

രണ്ടാമത്തെ അറ്റാക്കും, ഐ സി യുവിലെ ഹ്രസ്വവാസവും കഴിഞ്ഞു തൊണ്ണൂറ്റിയാറുകാരിയായ അച്ഛമ്മയെ വീട്ടില്‍ കൊണ്ടു വന്ന ദിവസം. ദുഖാര്‍ത്തരായ ബന്ധുക്കളും അയല്‍വാസികളും ശയ്യാവലംബയായ അച്ഛമ്മക്ക് ചുറ്റും കൂട്ടം കൂടി മൂകമായി നിന്നു.

എല്ലാ മുഖങ്ങളിലും ഭയാനകമായ പിരിമുറുക്കം.പെട്ടെന്ന് അക്ഷര സ്പുടതയില്ലാതെ ഒരു പാട്ട് ഒഴുകി എത്തി..."അപ്പങ്ങ എമ്പ്ടും ചുട്ടമ്മായി...അമ്മായി ചുട്ടത് ..."
കൂടി നിന്നവര്‍ പരിസരം മരന്നാര്‍ത്തു ചിരിച്ചു. മുറിയില്‍ കട്ടപിടിച്ചു നിന്ന പിരിമുറുക്കത്തെ ആ ചിരി പാടെ അലിയിച്ചു കളഞ്ഞു. വീട്ടില്‍ സ്ഥിരം മൂളി നടക്കുന്ന ആ ഈരടി എന്റെ സന്താനത്തിന്റെ നാവില്‍ നിന്നാണെന്നു പെട്ടെന്ന് കത്തി.ഈ അവസരത്തില്‍ അതെടുതലക്കുമെന്നു സ്വപ്നേപി പോലും കരുതിയില്ല.ആള്‍ക്കൂട്ടത്തില്‍ നിന്നു ആളെ തപ്പി പിടിച്ചു വാ പൊത്താനും..നുള്ള് കൊടുത്തു ഒതുക്കാന്‍ ശ്രമിച്ചതിനും കൂടി നിന്നവരില്‍ നിന്നെനിക്ക് വയറു നിറച്ചു കിട്ടി.

കുട്ടികളുടെ നിഷ്കളങ്ക രീതികള്‍ , പ്രവര്‍ത്തികള്‍ നമ്മുടെ ഒക്കെ പിരിമുറുക്കത്തെ എത്രവേഗം അലിയിച്ചു കളയുമെന്ന് ഞാന്‍ അറിഞ്ഞു.അനവസരത്തിലെ പാട്ടിനോട് ആദ്യം പൊരുത്തപ്പെടാന്‍ കഴിഞ്ഞില്ലെങ്കിലും പിന്നീടൊരു നൂറായിരം തവണ ഞാന്‍ അതോര്‍ത്തു ചിരിച്ചു....ഇപ്പോഴും ഈ മരുഭൂവില്‍ വേര്‍പാടിന്റെ നോവിലും...ആ കുഞ്ഞു പാട്ടെന്റെ ചെവിയിലിങ്ങനെ അലയടിക്കുന്നു...ഓര്‍ത്തോര്‍ത്തു ചിരിക്കാന്‍


NB: അച്ഛമ്മ ആരോഗ്യവതിയായി കഴിയുന്നു എന്ന സന്തോഷ വാര്‍ത്ത അറിയിക്കുന്നു.

Friday, October 12, 2012

ഇതൊരു ജാതി കോത്താഴത്തെ മറവി ആയി പോയി...

ഇതിലെ കഥാപാത്രങ്ങളും സന്ദര്‍ഭവും തികച്ചും സാങ്കല്‍പ്പികമാണെന്നു വിശ്വസിക്കുമെങ്കില്‍ വിശ്വസിക്കുക :))

മറവി മനുഷ്യസഹജമാണ്. സ്വതസിദ്ധമായ ഓര്‍മ്മശക്തി നമ്മളില്‍ ക്ഷയിച്ചു കൊണ്ടേ ഇരിക്കുന്നു. എന്തിനും ഏതിനും റിമെയിണ്ടര്‍ വേണ്ട അവസ്ഥയായി.

ഈ പ്രാവശ്യം നാട്ടില്‍ പോയപ്പോ രസകരമായ ഒരു സംഭവമുണ്ടായി.അയലത്തെ കല്യാണത്തിനായി എല്ലാരും തകൃതിയില്‍ ഒരുങ്ങുകയാണ്. (കല്യാണം കഴിച്ച ശേഷം ഇന്ന് വരെ ഒരു കല്യാണത്തിനും താലികെട്ട് കാണാനുള്ള ഭാഗ്യം ഉണ്ടായിട്ടില്ലെന്ന് ഇതരുണത്തില്‍ പറയാതെ വയ്യ). ചെറുക്കന്റെ കല്യാണമാണ്. വണ്ടികള്‍ ട്രിപ്പ്‌ അടിക്കാന്‍ തുടങ്ങി. കിട്ടിയതില്‍ കിട്ടിയതില്‍ എല്ലാരും അവരോരുടെ സൗകര്യം പോലെ കയറി. ഭാര്യയേയും കുഞ്ഞിനേയും പെണ്ണുങ്ങളുടെ ഗ്യാങ്ങിന്റെ ഒപ്പം ആകിയിട്ടു ഞങ്ങള്‍ ഓരോന്ന് പിടിപ്പിച്ചു. ലാസ്റ്റ് പോയ മിനിവാനില്‍ തൂങ്ങി ഓഡിറ്റോറിയത്തില്‍ എത്തി.

പന്ത്രണ്ടു മണിക്കുള്ള മുഹൂര്‍ത്തം ആയതു കൊണ്ട് ആദ്യത്തെ പന്തി സദ്യകുള്ള ആളിനെ വിളിച്ചു തുടങ്ങി. ഉന്തിയും തള്ളിയും ഞങ്ങളും അകത്തെത്തി. ചോറും പരുപ്പും വന്നു. "ഡേ ...എന്തുവാടെ....സീറ്റൊക്കെ ഒന്ന് തുടച്ചു കൂടെ..തേച്ചു ഉടുത്തോണ്ട് വന്ന മുണ്ടാ...." വിളമ്പി കൊണ്ട് നിന്നവരോട് തട്ടികയറി കൊണ്ട് കൂടുള്ള ഒരുത്തന്‍ പതുക്കെ പൊങ്ങി.  സദ്യ ഉണ്ണാന്‍ കേറിയാല്‍ വിളമ്പുന്നവരെ അതുമിതും പറഞ്ഞു അലമ്പുണ്ടാക്കുന്ന പരുപാടി പതിവായതുകൊണ്ട് ഞങ്ങള്‍ ആദ്യം ഗൌനിച്ചില്ല. ബഹളം മൂത്തപ്പോ ഞങ്ങളും എഴുനേറ്റു സീറ്റിലേക്ക് നോക്കി. സീറ്റില്‍ ഒരു തുള്ളി വെള്ളമില്ല. വിളമ്പുകാര്‍ ഒറ്റയായും തെറ്റയായും വന്നു കൂട്ടംകൂടി തുടങ്ങി.സംഗതി വഷളാകുന്നു എന്ന് കണ്ടപ്പോ ഞങ്ങളുടെ വിദഗ്ദ പാനല്‍ അവന്റെ ഭ്രഷ്ട ഭാഗം പരിശോധിചു .....തിരച്ചിലില്‍ ഈരേഴന്‍ തോര്‍ത്തിന്റെ ഒരു കോന്തല മുണ്ടിന്റെ ഞുറുവിലൂടെ പുറത്തേക്കു എത്തി നോക്കി.

പണി പാളിയെന്ന് തോന്നിയപ്പോ അവനെയും കൊണ്ട് നയത്തില്‍ പുറത്തു വന്നു. വിവരം തിരക്കി.ഇറങ്ങാനുള്ള തിരക്കില്‍ കുളിച്ചിട്ടു വന്നു തോര്‍ത്തിന് മുകളില്‍ മുണ്ടുടുത്ത് ആശാനിങ്ങു പോന്നു. ബസ്സില്‍ തൂങ്ങി വന്നതുകൊണ്ടും.. ഇച്ചിരി അടിച്ചിരുന്നത് കൊണ്ടും ലതു അടിയില്‍ ഉള്ളത് കാര്യമായി ഗൌനിച്ചുമില്ല. അന്നവനെ എല്ലാരും കൂടി പടമാക്കി ഭിത്തിക്കൊട്ടിച്ചു .

Saturday, September 29, 2012

ഉച്ചനീചത്വങ്ങള്‍

കൊച്ചിയിലെ ഫ്ലൈറ്റ് ക്യാറ്ററിംഗ് കമ്പനിയില്‍ ഓഫീസ് ക്ളാര്‍ക്ക് ആയി ജോലി കിട്ടിയ ദിവസം. കാത്തിരിപ്പുകള്‍ക്കൊടുവില്‍ ഓഫര്‍ ലെറ്റര്‍ കിട്ടി.

ശമ്പളം മൂവായിരത്തി അഞ്ഞൂറ് .താഴോട്ടു നീളുന്ന നിബന്ധനകളുടെയും ചിട്ടകളുടെയും നീണ്ട പട്ടികയിലൂടെ കണ്ണോടിച്ചു. ഒന്നിനും ഒരു കുറവുമില്ല.ഓഫീസില്‍ അല്ലേ പണി.ശമ്പളം കുറവാണേലും പത്രാസൊട്ടും കുറയാന്‍ പാടില്ലല്ലോ. കമ്പനിയുടെ അന്തസ്സു കീപ്‌ ചെയ്യണ്ടേ. യൂണിഫോം വേണം. അതിന്റെ നിറവും, സ്പെസിഫികേഷനും ഒക്കെ പ്രത്യേകം എഴുതിയിട്ടുണ്ട്. പറഞ്ഞ ദിവസം തന്നെ ജോയിന്‍ ചെയ്തോളാമെന്നേറ്റു, ചില്ലുവാതില്‍ തുറന്നു പുറത്തിറങ്ങുമ്പോ റിസെപ്ഷനിലെ തരുണീമണിയുടെ പിന്‍വിളി; കഴുത്തില്‍ കുടുക്കാന്‍ ഒരു കോണകവും കൂടി കരുതണേ എന്ന് വശ്യമായ ചിരിയോടെ ഓര്‍മ്മിപ്പിച്ചു.

അങ്ങനെ ചെറിയ ജോലിയുടെ വലിയ പത്രാസുകളുമായി ഞാനെന്റെ അങ്കം തുടങ്ങി. ഇരുപത്തിനാലു മണിക്കൂറും തലപ്പാവും വെച്ചു, പുക്കിളറ്റം നീളുന്ന ടൈയ്യും കെട്ടിയാണിരുപ്പു . കോമാളി വേഷം കെട്ടി നടക്കുന്ന എന്നെ, ഓഫീസ് ജോലിക്കാര്‍ക്ക് കിട്ടുന്ന എല്ലാ ബഹുമാനവും തന്നു മറ്റു ജീവനക്കാര്‍ സ്നേഹിച്ചു. കിടക്കാനൊരിടം തപ്പി മടുത്ത എനിക്കവരോടൊപ്പം താമസമൊരുക്കി.

കമ്പനി കഫറ്റെരിയായില്‍ രണ്ടു വിഭാഗങ്ങള്‍ ആയിട്ടാണ് ആളുകളുടെ ഇരിപ്പ്. ഓഫീസ് സ്റ്റാഫിന് എക്സിക്യൂട്ടീവ് ഏരിയ. പാശ്ചാത്യ രീതികല്‍ക്കനുസരിച്ചു സജ്ജീകരിച്ച തീന്മേശ. മറ്റു ജോലിക്കാര്‍ക്ക് സാദാ മേശ. ഒരേ ആഹാരം രണ്ടിടങ്ങളില്‍ . അദൃശ്യമായൊരു അകലം ഇരുപ്പിലും തീനിലും അവിടെ അലിഖിതമായി പാലിക്കപ്പെട്ടു. കത്തിയും മുള്ളും വെച്ചു ഇഡലിയും ദോശയും കഴിക്കാന്‍ പാടുപെടുന്ന മലയാളി സായിപ്പുംമാരുടെ വൃത്തികെട്ട ഈഗോ ഞാന്‍ അവിടെ കണ്ടു.

രണ്ടു ദിവസം കൊണ്ടാ ഇരുപ്പെന്നെ അസ്വസ്ഥനാക്കി. പാശ്ചാത്യ തീന്മേശ മര്യാദകള്‍ അറിയാത്ത, അതിജീവനത്തിനായി വന്നുപെട്ട എനിക്ക് ആ ഇരുപ്പും അകലവും രീതികളും സഹനീയമാരുന്നു. ഒരു മുറിയില്‍ ഒന്നിച്ചുണ്ടും ഉറങ്ങിയും കഴിയുന്ന എന്റെ കൂട്ടുകാര്‍ സാധാരണക്കാരന്റെ അകലം പാലിച്ചിരിക്കുമ്പോള്‍ കുറ്റബോധം കൊണ്ട് ഞാന്‍ നീറി. വല്ലാത്തൊരു അപകര്‍ഷതാ ബോധം എന്നെ അലട്ടികൊണ്ടിരുന്നു. ഉദ്യോഗത്തിന്റെ എല്ലാ ആഡംബരങ്ങളും മാറ്റി വെച്ചു...ഓഫീസിലെ സഹപ്രവര്‍ത്തകരുടെ എതിര്‍പ്പുകള്‍ മാനിക്കാതെ ഞാനെന്റെ കൂട്ടുകാരോടൊപ്പം ഇരുന്നു തുടങ്ങി.

ഉച്ചനീചത്വങ്ങള്‍ മലയാളി ഇന്നും അവന്റെ എല്ലാ തുറകളിലും പ്രത്യക്ഷമായും പരോക്ഷമായും വൃത്തികെട്ട രീതിയില്‍ പ്രകടമാക്കുന്നു എന്നത് നിര്‍ഭാഗ്യകരം തന്നെ. അത് ഒരുപാടനുഭവിച്ചിട്ടുമുണ്ട്. മേലുദ്യോഗസ്ഥനെ പേര് ചൊല്ലി വിളിക്കാന്‍ കഴിയുന്ന, ഉദ്യോഗത്തിന്റെ ഔന്നത്യങ്ങള്‍ ഇല്ലാത്ത; എല്ലാരും സഹപ്രവര്‍ത്തകര്‍ എന്ന സംസ്കാരം ഉള്‍ക്കൊള്ളുന്നൊരു ഓഫീസിന്റെ ഭാഗമാണ് ഇന്ന് ഞാനെന്നു പറയുന്നതില്‍ ഒരുപാട് സന്തോഷമുണ്ട്.


NB :ചെറിയ ജീവിതത്തിന്റെ ശരികളില്‍ നിന്നുള്ള എളിയ കാഴ്ചപാടുകള്‍ മാത്രം. അപക്വമെങ്കില്‍ ക്ഷമിക്കുക.

Tuesday, July 17, 2012

പ്രണയം

പഴയ പോസ്റ്റ്‌ ചെറിയ ചില മാറ്റങ്ങളോടെ

വടക്കേന്ത്യന്‍ ജീവിതകാലത്തെനിക്ക് കിട്ടിയ ഏറ്റവും നല്ല സുഹൃത്തുക്കളില്‍ ഒരാള്‍ ആയിരുന്നു അജി. 

ഈവെനിംഗ് കോളേജില്‍ പഠിക്കുന്ന കാലത്ത് തന്നെ ഞാന്‍ സ്റ്റെനോഗ്രാഫി പഠിക്കാന്‍ ചേര്‍ന്നു .അവിടെ വെച്ചാണ് അജിയെ പരിചയപ്പെടുന്നതും കൂട്ടുകാര്‍ ആകുന്നതും. നഗരമദ്ധ്യത്തിലെ തിരക്കുകള്‍ക്കിടയില്‍ തലയുയര്‍ത്തി നില്‍ക്കുന്ന മാര്‍വാഡി ബില്‍ടിങ്ങിന്റെ രണ്ടാം നിലയില്‍ രണ്ടു വലിയ മുറികളും നീണ്ട വരാന്തയോടും കൂടിയതാരുന്നു ഇന്‍സ്റ്റിറ്റ്യൂട്ട്. വീതിയുള്ള മേശക്കിരുവശത്തുമായി പതിനഞ്ചിരുപതു കുട്ടികള്‍ ഡിക്റ്റെഷന്‍ എടുക്കാന്‍ നിരന്നിരിക്കും. ആണ്‍കുട്ടികള്‍ മാത്രമുണ്ടാരുന്ന ക്ലാസില്‍ ആ ഇടക്കൊരു പെണ്‍കുട്ടി വന്നു. ആരെയും ശ്രദ്ധിക്കാതെ വന്നുപോകുന്നൊരു സാധു.

'ദി ടെലിഗ്രാഫ്' എന്ന ഇംഗ്ലീഷ് പത്രത്തിലെ എഡിറ്റൊരിയല്‍ പേജ്  ആണ് മിക്കപ്പോഴും ഡിക്റ്റെഷന് തരുന്നത്‌ . ബെങ്കാളി ചുവയുള്ള ഇംഗ്ലീഷില്‍ നല്ല ഒഴുക്കോടെ സാറിങ്ങനെ വായിച്ചു പോകും.വായനയുടെ ഒഴുക്കില്‍ ഒപ്പമെത്താന്‍ ഞാനുള്‍പ്പടെയുള്ളവര്‍ പെടാപാടുപെടുമ്പോള്‍ ...അജിയെ മാത്രം അതൊന്നും ബാധിച്ചില്ല.  വായനയും എഴുത്തും ഒരു കോണില്‍ തകൃതിയായി നടക്കുമ്പോ ക്ലാസിലെ ഏക പെണ്‍കുട്ടിയെ ഇമവെട്ടാതെ നോക്കിയിരിക്കുയാവും അവന്‍ . ശാസനകള്‍ ഫലം കാണാതെ വന്നപ്പോ സാറും നിരുപദ്രവകാരിയായ അവനെ അവന്റെ വഴിക്ക് വിട്ടു. ചുറ്റുപാടുകളെ മറന്നു  പെണ്‍കുട്ടിയെ വായിനോക്കുന്നതവനൊരു ശീലമായി. അവളുടെ ലാളിത്യമാരുന്നു അവനിഷ്ടം. ക്രീമും ചായവും പറ്റാത്ത.. എണ്ണമയമുള്ള മുഖം.. ഇരുനിറം. വര്‍ണാഭമല്ലാത്ത വേഷവിധാനം. ശാന്തമായ കണ്ണുകള്‍ . തന്നെ തന്നെ നോക്കിയിരിക്കുന്ന വായിനോക്കിയെ അവജ്ഞയോടെ തിരക്സരിക്കാന്‍ പോലും അവള്‍ കൂട്ടാക്കിയില്ല.

ബോഡിഗാര്‍ഡ് ആയി മുന്നിലും പിന്നിലും മാസങ്ങളോളം അവന്‍ നടന്നിട്ടും ഫലം സ്വാഹ. ലൈന്‍ സിംഗിള്‍ ഫേസ് തന്നെ. ഉള്ളിലെ പ്രണയം തുറന്നു പറയാന്‍ കഴിയാതവനു ശ്വാസം മുട്ടി.  മാസങ്ങളായി വായിനോക്കിയിട്ടും പേര് പോലും അജ്ഞാതം. പുസ്തകതാളില്‍ കോറിയിട്ട പേരില്‍ നിന്നും ആളൊരു കൃസ്ത്യാനി ആണെന്ന് ഞങ്ങള്‍ തിരിച്ചറിഞ്ഞു . അന്ന് വരെ അവന്റെ സ്വപ്നങ്ങളില്‍ നിറഞ്ഞു നിന്ന കതിര്‍ മണ്ഡപം അള്‍താരക്കു വഴിമാറി.മാമോദീസ മുങ്ങുന്നതും മനസ്സ് ചോദിക്കുന്നതും അവന്‍ മനോരാജ്യം കണ്ടു തുടങ്ങി .

പിറകേ നടന്നിട്ടും...ക്ളാസ്സില്‍ സ്ഥിരമായി വായിനോക്കിയിട്ടും അവളവന്റെ  പ്രണയം അറിയാതെ ...കാണാതെ നടന്നു. എങ്ങനെയും തന്റെ പ്രണയമറിയിച്ചേ പറ്റൂ എന്നവനു തോന്നി .ഉള്ളില്‍ കിടന്നു വിങ്ങുന്ന  പ്രണയം തുറന്നു പറഞ്ഞില്ലെങ്കില്‍ നെഞ്ച് പൊട്ടിചാകുമെന്നവന്‍ പലപ്പോഴും ഞങ്ങളോടു  വിലപിച്ചു. രാവും പകലും ഒരു വഴിക്കായി ഞങ്ങള്‍ തലപുകച്ചു. 

അങ്ങനെ ക്രിസ്മസ് ആയി. പ്രണയം അറിയിക്കാന്‍ പറ്റിയ സമയമിതാണെന്നു ഞങ്ങള്‍ അവനെ ഉപദേശിച്ചു. അടുത്തുള്ള പള്ളിയില്‍ പാതിരാകുര്‍ബാന കൂടാന്‍ അവള്‍ എന്തായാലും വരും. അവിടെ വെച്ചവളെ കാണണം...അവളെ കാണാനാണു അവന്‍ ചെന്നിരിക്കുന്നതെന്ന് അവളറിയണം... അവന്റെ പ്രണയം പറയാതറിയണം. ആ ആശയം എല്ലാവര്ക്കും സ്വീകാര്യമാരുന്നു. അവന്റെ ചിലവില്‍ പള്ളിയില്‍ ഒരു വായിനോട്ട ഇവെന്റ്റ് വീണു കിട്ടിയതിന്റെ സന്തോഷത്തിലാരുന്നു ഞങ്ങള്‍ .

അങ്ങനെ പ്ളാന്‍ പ്രകാരം ക്രിസ്മസ് തലേന്ന് പാതിരാകുര്‍ബാന കൂടാന്‍ നേരത്തെ തന്നെ ഞങ്ങള്‍ പള്ളിയില്‍ പാളിയനായി. അജിയെ അവന്റെ വഴിക്ക് വിട്ടു ഞങ്ങള്‍ ഞങ്ങളുടെ വായിനോട്ട മേഖലയില്‍ കര്‍മ്മനിരതരായി. കുര്‍ബാന തുടങ്ങാരായിട്ടും അവളെ മാത്രം കണ്ടില്ല. പള്ളിമുറ്റത്തും റോഡിലുമായി അവന്‍ അവളെ തപ്പി പാഞ്ഞു നടന്നു. കുര്‍ബാന നടക്കുമ്പോഴും  അവന്റെ ആശയറ്റ കണ്ണുകള്‍ അവളെ തിരഞ്ഞു കൊണ്ടേയിരുന്നു. കുര്‍ബാന കഴിഞ്ഞവര്‍ ക്രിസ്മസ് ആഘോഷത്തിന്റെ സന്തോഷങ്ങള്‍ പങ്കുവെച്ചും, ആശംസകള്‍ അര്‍പ്പിച്ചും പടിയിറങ്ങി. ഉള്ളില്‍ തിക്കുമുട്ടുന്ന പ്രണയത്തെ നിരാശയില്‍ പൊതിഞ്ഞുള്ളിലേക്ക്  തന്നെ തള്ളി; സജലമായ കണ്ണുകളെ തുളുമ്പാന്‍ വിടാതവന്‍ ഞങ്ങളോടൊപ്പം നടന്നിറങ്ങി. ആരുമവനോടൊന്നും  ചോദിച്ചില്ല.

മാസങ്ങള്‍ വര്‍ഷങ്ങള്‍ക്കു വഴിമാറി. കാലവും ജീവിതവും അവനെ എങ്ങോട്ടൊക്കെയോ കൊണ്ടു പോയി. ഉള്ളിന്റെ ഉള്ളിലെ ഇരുളടഞ്ഞ അറകളിലോന്നില്‍ വെളിച്ചം കാണാതൊരു രത്നമായി അവനവന്റെ പ്രണയത്തെ സൂക്ഷിച്ചു വെച്ചു. ലോകം വിരല്‍തുമ്പിലാക്കിയ പുതുതലമുറക്കൊപ്പം ഇന്റര്‍നെറ്റ്‌ന്റെ അനന്തവിഹായസ്സിലേക്ക് അവനും പലപ്പോഴും പറന്നിറങ്ങി. സൗഹൃദങ്ങള്‍ തേടി സോഷ്യല്‍ നെറ്റ് വര്‍ക്കുകളില്‍ എത്തി. കൂട്ടുകൂടിയും കൂട്ടം തെറ്റിയും വിഹരിക്കുന്ന നാളുകളിലൊന്നില്‍ ഫേസ് ബുക്കിനെ തന്റെ പഴയ ഇരുനിറക്കാരിയെ  തിരയാന്‍ വിട്ടിട്ടു പ്രതീക്ഷയേതുമില്ലാതെ അവന്‍ കാത്തിരുന്നു.

അവനെ ആകാംഷയുടെ മുള്‍മുനയില്‍ നിര്‍ത്തി ചക്രം പലകുറി കറങ്ങി...നിന്നു. ഒരേ പേരുകാര്‍ വേഷപകര്ച്ചയോടെ നിരനിരയായി സ്ക്രീനില്‍ നിലകൊണ്ടു. എണ്ണമയമുള്ള ഇരുനിറക്കാരിക്കായി അവന്റെ കണ്ണുകള്‍ തിരക്ക് കൂട്ടി. തിരിച്ചറിയല്‍ പരേഡ്  നീണ്ടു നീണ്ടു താഴേക്ക്‌ പോയി. നിറംമങ്ങിയ  പ്രതീക്ഷയോടെ കണ്ണുകള്‍ താഴെക്കിഴയുമ്പോള്‍ പെട്ടെന്ന് എവിടെയോ തടഞ്ഞു. വലംകൈ മൗസിന്റെ ഇടം പള്ളയില്‍ രണ്ടു തവണ ഞെരിഞ്ഞമര്‍ന്നു.

തുറന്നു വന്ന ചിത്രത്തിലെക്കവന്‍ ആകാംഷയോടെ അതിലേറെ അവിശ്വസനീയതയോടെ തുറിച്ചു നോക്കി. അത് തന്റെ പഴയ ഇരുനിറക്കാരി തന്നെ ആണെന്നവന്‍ ഉറപ്പു വരുത്തി. എണ്ണമയം വറ്റാത്ത മുഖത്തെ ശാന്തമായ കണ്ണുകള്‍ക്ക്‌ പഴയതിലുമേറെ തിളക്കം.അവനവളെ പഴയത് പോലെ ഇമവെട്ടാതെ നോക്കിയിരുന്നു. ഓര്‍മ്മകള്‍ അവനെ എങ്ങോട്ടൊക്കെയോ കൂട്ടികൊണ്ടുപോയി. പെട്ടെന്ന് കണ്ണുകള്‍ അവളെ ചേര്‍ത്തു പിടിച്ചിരിക്കുന്ന വെള്ളകോട്ടുകാരനിലേക്ക്‌  നീണ്ടു. അവന്‍ അയാളെ  അസൂയയോടെ നോക്കി. അവന്റെ കണ്ണുകള്‍ നിറഞ്ഞില്ല. നിര്‍വികാരത മാത്രമാരുന്നു അതില്‍ . ഒരിക്കല്‍ പോലും തുറന്നു പറയാന്‍ കഴിയാതെ പോയ തന്റെ പ്രണയത്തെ എന്നന്നേക്കുമായി അന്നവന്‍ ഉള്ളില്‍ കുഴിച്ചു മൂടി .


കത്തോലിക്കപള്ളിയില്‍ പാതിരാകുര്‍ബാന കൂടാന്‍ കാത്തുനിന്നവന്റെ പ്രണയം പെന്തകോസ്തുകാരിയായ അവള്‍ ഒരിക്കലുമറിഞ്ഞില്ല.  

Sunday, July 8, 2012

ദി ഗ്രേറ്റ്‌ എസ്കേപ്


മരണം സഹമുറിയനെ കൂട്ടികൊണ്ട് പോയിട്ട് മാസം മൂന്നായി. വിരസവും ഏകാന്തവുമാകുമായിരുന്ന എന്റെ ഒറ്റമുറി ജീവിതം ആഘോഷമാക്കിയ എന്റെ പ്രിയ കൂട്ടുകാരന്റെ വിയോഗം മുറിയില്‍ മാത്രമല്ല എന്നിലും വന്യമായൊരു ശൂന്യത നിറച്ചിരുന്നു. മാസം മൂന്നായിട്ടും ഒഴിഞ്ഞു കിടക്കുന്ന കട്ടിലില്‍ പുതുതായി ആരുമെത്തിയിരുന്നില്ല.

റൂമില്‍ ഒഴിവുണ്ടെങ്കില്‍ എല്ലാരും അടുത്ത സുഹൃത്തുക്കളെ കൂട്ടികൊണ്ട് വരികയാണ് പതിവ്. മരണം നടന്ന മുറിയിലേക്ക് ആരെയും വിളിച്ചു കൊണ്ട് വന്നു താമസിപ്പിക്കാന്‍ എന്റെ മനസ്സനുവദിച്ചില്ല. സ്വയം വരാന്‍ ആരുമൊട്ടു തയാറായതുമില്ല. ടെര്‍മിനേഷന്‍ , മരണം തുടങ്ങിയ കാര്യങ്ങള്‍ സംഭവിച്ച മുറിയിലേക്ക് കടന്നു വരാന്‍ ആളുകള്‍ മടി കാണിക്കുന്നത് ക്യാമ്പില്‍ പതിവാണ്. പുരോഗമനം പറയുമ്പോഴും അന്തവിശ്വാസങ്ങളെ സാഹചര്യങ്ങള്‍ക്കനുസരിച്ച് പുണരാന്‍ ആളുകള്‍ വളരെ ആത്മാര്‍ഥമായി ശ്രമിക്കാറുണ്ട്.

രണ്ടാഴ്ച മുന്‍പൊരു ദിവസം ഡ്യൂട്ടി കഴിഞ്ഞു ചെല്ലുമ്പോള്‍ ഒഴിഞ്ഞു കിടന്ന ഇരുമ്പ് കട്ടിലില്‍ പുത്തന്‍ മെത്തയും വിരിയും സ്ഥാനം പിടിച്ചിരിക്കുന്നു. വലുപ്പം കൂടിയൊരു പെട്ടി കട്ടിലിന്റെ സൈഡില്‍ ഞെക്കിഞ്ഞെരുക്കി വെച്ചിരിരുന്നു. അങ്ങനെ അവസാനം എനിക്ക് പുതിയൊരു സഹമുറിയന്‍ വന്നിരിക്കുന്നു. കാര്യമായ സന്തോഷമൊന്നും തോന്നിയില്ലെങ്കിലും ആരെന്നറിയാന്‍ വല്ലാതെ ആഗ്രഹിച്ചു. മരണം നടന്ന മുറിയില്‍ ധൈര്യമായി കയറി വന്ന ആ സഹജീവി ആരായിരിക്കും. ആ ചോദ്യത്തിനുത്തരം തേടി രാത്രി വൈകുവോളം ഞാന്‍ ഉറങ്ങാതെ കിടന്നു. അയാള്‍ വന്നില്ല. രണ്ടു നാളുകള്‍ അങ്ങനെ പോയി. ആളിന്റെ ഒരു വിവരവുമില്ല. കിടക്കയും പെട്ടിയും നാഥനില്ലാതെ എന്റെ സംരക്ഷണത്തില്‍ സുരക്ഷിതമായി നിലകൊണ്ടു. മൂന്നാം നാള്‍ ഡ്യൂട്ടി കഴിഞ്ഞു വരുമ്പോള്‍ ഇരുമ്പ് കപോഡിനു മുകളില്‍ ഫ്രെയിം ചെയ്തു വെച്ചിരിക്കുന്നൊരു ഫോട്ടോ ശ്രദ്ധയില്‍പെട്ടു.

ഞാന്‍ ആ ഫോട്ടോ എടുത്തു സൂക്ഷിച്ചു നോക്കി. ചുളിവുകള്‍ വീണമുഖം.മെലിഞ്ഞ ശരീരപ്രകൃതി. എവിടെയോ കണ്ടു മറന്ന മുഖം. കുറെയേറെ പിന്നിലേക്കോടിയ ഓര്‍മ്മകള്‍ ....സ്കൂള്‍തലത്തിലെ ചരിത്രത്താളുകളില്‍ തട്ടിവീണു.വിഭജനം...അതെ...ഇന്ത്യാ വിഭജനം... അവിടെയാണ് ആ പേര് ...പരാമര്‍ശിക്കപ്പെട്ടത് ...വിഭജനത്തിന്റെ നീറുന്ന ഓര്‍മ്മകള്‍ , ദുരിതങ്ങള്‍ വികാരാധീനനായി വിവരിച്ചു തന്ന രമേശന്‍ സാറിന്റെ ചരിത്ര ക്ളാസില്‍ നിന്നും ഞാന്‍ ആ ചിത്രം പൊടിതട്ടി എടുത്തു. അതെ ജിന്ന...മുഹമ്മദ്‌ അലി ജിന്ന. ഇന്ത്യ എന്ന മഹാരാജ്യത്തെ വെട്ടിമുറിച്ച് കൊണ്ട് പോയ മഹാനുഭാവനെ ഒന്ന് കണ്‍കുളിര്‍ക്കെ കണ്ടു. ഫോട്ടോ തിരിച്ചു വെച്ചു.

മനസ്സില്‍ അകാരണമായൊരു അസ്വസ്ഥത പടര്‍ന്നു പിടിച്ചു. എന്റെ നാടിന്റെ അഖണ്ടതക്ക്, മതേതരത്തിനു, ഭീഷണിയായി... മനുഷ്യനില്‍ മതതീവ്രവാദത്തിന്റെ  വിഷവിത്തുകള്‍ വിതച്ചു; എന്നും എന്റെ നാടിന്റെ നാശത്തിനായി നിലകൊള്ളുന്ന, യത്നിക്കുന്ന ശത്രുരാജ്യത്ത് നിന്നുമൊരു സഹമുറിയന്‍ .ഉള്‍ക്കൊള്ളാന്‍ കഴിയാത്ത തരത്തില്‍ ആ ചിന്തകള്‍ എന്നെ വേട്ടയാടി.

ഡ്യൂട്ടി കഴിഞ്ഞു വരുമ്പോള്‍ മുറിയില്‍ ലൈറ്റ് ഉണ്ട്. ഉദ്വേഗത്തോടെ ചാരി ഇട്ടിരുന്ന കതകു പതുക്കെ തുറന്നു. നിസ്കാരപായയില്‍ നിന്നും എഴുന്നേറ്റു എന്നെ അഭിവാദ്യം ചെയ്ത സുമുഖനോട് പ്രത്യഭിവാദ്യം ചെയ്യാതിരിക്കാന്‍ എനിക്കായില്ല. പഞ്ജാബി കലര്‍ന്ന ഹിന്ദിയില്‍ വാചാലനായ സഹമുറിയനോട് കുറേ നേരം കൂടി സംസാരിച്ചപ്പോള്‍ അതുവരെ ഉള്ളില്‍ കിടന്നു തിക്കുമുട്ടിയ അമര്‍ഷവും അനിഷ്ടവും ഒട്ടൊന്നടങ്ങി.

ആദ്യ ദിവസം അങ്ങനെ സ്നേഹാന്വേഷണങ്ങളോടെ ക്യാമ്പ് വിശേഷങ്ങള്‍ പങ്കുവെച്ചു കടന്നു പോയി. പിറ്റേ ദിവസം സഹധര്‍മ്മിണിയുമായുള്ള പതിവ് സല്ലാപത്തില്‍ പുതിയ സഹമുറിയനെ കുറിച്ച് ഞാന്‍ വിശദമായി വര്‍ണ്ണിച്ചു. മറുതലക്കല്‍ നിശബ്ദത. പിന്നെ... പരിഭ്രമം നിഴലിക്കുന്ന വാക്കുകള്‍ " സൂക്ഷിക്കണേ, നിങ്ങള്‍ രണ്ടാളുമല്ലേ ഉള്ളൂ...അയാളുമായി വഴക്കിനൊന്നും പോകല്ലേ..പാകിസ്താനി അല്ലേ ...രാത്രിയില്‍ ഉറങ്ങുമ്പോ എന്തെങ്കിലും ചെയ്‌താല്‍ " ആ സ്വരത്തില്‍ ഒളിഞ്ഞിരിക്കുന്ന ഭയം..അതൊരു ഭാര്യയുടെ സ്നേഹത്തിന്റെ, കരുതലിന്റെ പ്രതിഫലനം മാത്രമാരുന്നു. ചിരി അടക്കാന്‍ കഴിയാതെ ഞാന്‍ പൊട്ടിചിരിച്ചു. തന്റെ വിഹ്വലതകളെ  പുച്ചിച്ചു തള്ളിയ പൊട്ടിച്ചിരി ദഹിക്കാതെ ഭയചിന്തകളെ ഒരു ദീര്‍ഘനിശ്വാസത്തില്‍ പൊതിഞ്ഞവള്‍ പ്രതിഷേധിച്ചു.

പതിവ് കുശലാന്വേഷണങ്ങളും സൗഹൃദസംഭാഷണങ്ങളുമായി എന്റെ റൂം ജീവിതം പുതിയ സഹമുറിയനൊപ്പം ഒരാഴ്ച പിന്നിട്ടു. രാത്രി ഏറെ വൈകി വേനല്‍ ചൂടാല്‍ വറ്റി വരണ്ട തൊണ്ട നനക്കാന്‍ എഴുനേല്‍ക്കുമ്പോ ആരോഹണവരോഹണ ക്രമത്തില്‍ വളരെ താളാത്മകമായി, സൗകുമാര്യമേതുമില്ലാത്ത, എന്നാല്‍ സംഗതികള്‍ എല്ലാമുള്ള കൂര്‍ക്കം വലി തകൃതിയായി നടക്കുന്നു. ആദ്യ റൌണ്ടില്‍ തന്നെ അയാളെ എലിമിനെറ്റ് ചെയ്താലോ എന്ന് ഞാന്‍ ചിന്തിച്ചു. ഞാന്‍ ഡേന്ജര്‍ സോണില്‍ ആണെന്ന ഭാര്യയുടെ മുന്നറിയിപ്പുകള്‍ എന്റെ ധൈര്യം തല്ലിക്കെടുത്തി.

കണ്സിസ്റ്റന്റ് ആയൊരു മത്സരാര്‍ത്തിയുടെ ആത്മാര്‍ഥതയോടെ അര്‍പ്പണബോധത്തോടെ വരും ദിവസങ്ങളിലും അദ്ദേഹം തന്റെ പ്രകടനം കൂടുതല്‍ കൂടുതല്‍ മെച്ചപ്പെടുത്തി. നിദ്രാവിഹീനങ്ങള്‍ അല്ലോ എന്നും അവനുടെ രാവുകള്‍ എന്ന ട്യൂണില്‍ നിരന്തരം പാടി അയാളെന്റെ രാവുകളെ അക്ഷരാര്‍ത്ഥത്തില്‍ നിദ്രാവിഹീനങ്ങളാക്കി.എന്റെ രക്തം ഊറ്റികുടിക്കാന്‍ വെറിപൂണ്ടു കിടക്കയില്‍ പാഞ്ഞു നടന്ന മൂട്ടകള്‍ കൃത്യനിര്‍വഹണം നടത്താന്‍ കഴിയാതെ തലയില്‍ കൈവെച്ചയാളെ  പ്രാകി.

രാവിലെ ഖനം തൂങ്ങിയ കണ്ണുകളോടെ കണ്ണാടിയില്‍ ഞാന്‍ എന്നിലൊരു ചൈനക്കാരനെ കണ്ടു. ഉറക്കമില്ലായ്മ തളര്ച്ചയായി ശരീരത്തെ ബാധിച്ചു തുടങ്ങി. കൂര്‍ക്കം വലിയുടെ പേരില്‍ ക്യാമ്പ് ഓഫീസില്‍ കമ്പ്ലൈന്റ് ചെയ്യാന്‍ കഴിയില്ല. ഇയാളോട് മുഷിഞ്ഞാല്‍ , രാത്രിയില്‍ ഉറക്കത്തിലെങ്ങാനും ഭാര്യ ഭയക്കും പോലെ ഇയാളെന്നെ എലിമിനെറ്റ് ചെയ്യാന്‍ തീരുമാനിച്ചാല്‍ !! ചിന്തകള്‍ അങ്ങനെ കാടുകയറി. അവസാനം ഒരു തീരുമാനത്തിലെത്തി.

ശ്രോതാവിന്റെ അവസ്ഥകളെ തന്റെ പ്രകടനം കൊണ്ട് മുക്കിക്കളയുന്ന വിദ്വാനു പാടിതിമിര്‍ക്കാന്‍ വേദി പൂര്‍ണ്ണമായി വിട്ടു കൊടുത്തു കൊണ്ട് ഞാന്‍ പിന്നണിയിലേക്ക് പിന്‍വാങ്ങി.അതെ ആഘോഷങ്ങളില്ല ആഘോഷതിമിര്‍പ്പുകലില്ല. ജോലി കഴിഞ്ഞെത്തി ഹാളിലെ കമ്പ്യൂട്ടറിന്റെ ചുവട്ടില്‍ പത്തര പതിനൊന്നു വരെ പാ വിരിച്ചിരുന്ന ഞാനിപ്പോ അക്ഷരാര്‍ത്ഥത്തില്‍ അതിന്റെ ചുവട്ടില്‍ തന്നെ വിരി വെച്ചു.

എന്റെ യുവരക്തതിനായി കൊതി പൂണ്ടു നടക്കുന്ന മൂട്ടകളെ നിരാശയുടെ അഘാത ഗര്‍ത്തങ്ങളിലേക്ക് വലിച്ചെറിഞ്ഞു ...ശ്രോതാവിനെ മാനിക്കാതെ അപസ്വരങ്ങള്‍ പാടുന്ന ഗായകന്റെ ആത്മരതിയെ മുറിക്കുള്ളില്‍ തളച്ചു, വിശാലമായ ഹാള്‍ സാമ്രാജ്യമാക്കി... ഡേന്ജര്‍ സോണില്‍ നിന്നും ഞാന്‍ പുറത്തു വന്നു. 

Tuesday, June 12, 2012

പ്രാര്‍ത്ഥിക്കാന്‍ എല്ലാവര്ക്കും ഓരോ കാരണങ്ങളുണ്ട്

എസ്‌ എസ്‌ എല്‍ സി എന്ന ലോകാവസാന പരീക്ഷയുടെ സമ്മര്‍ദങ്ങളും സ്കൂള്‍ ജീവിതത്തിന്റെ തനതു നിയന്ത്രണങ്ങളും പിഴിഞ്ഞുണക്കിയ അവസ്ഥയിലാണ് ഞാന്‍ പ്രീ-ഡിഗ്രീ ഒന്നാം വര്‍ഷ പഠനത്തിനായി കോളേജില്‍ എത്തുന്നത്. അവാച്യമായൊരു സ്വാതന്ത്ര്യം, അമിത നിയന്ത്രണങ്ങളെതുമില്ലാത്തൊരു പുതുലോകം അവിടെ എനിക്കായി കാത്തിരുന്നു..

കൈവന്ന സ്വാതന്ത്ര്യവും കോളേജിലെ അനുകൂല അന്തരീക്ഷവും എന്നില്‍ ചെറിയ ചെറിയ മാറ്റങ്ങള്‍ വരുത്തി തുടങ്ങി. ലുക്കൊക്കെ ഒന്ന് മാറി. തലയില്‍ നിറയെ എണ്ണ വെച്ചു ഒരു ജാതി പഠിപ്പിസ്റ്റ് സ്റ്റൈലില്‍ മുടി സൈഡിലേക്ക് ചീകി വെച്ചു നടന്നിരുന്ന ഞാന്‍ മുടി ഹീറ്റ് ചെയ്യിച്ചു; വട്ട ചീപ്പിട്ടു പിറകോട്ടു ചീകി സ്റ്റൈല്‍ മൊത്തത്തില്‍ അങ്ങ് മാറ്റി. വീട്ടിലെ കണ്ണാടി സ്വകാര്യ സ്വത്താക്കി മണിക്കൂറുകളോളം അതിനു മുന്നില്‍ ഞാന്‍ ചിലവഴിച്ചു. പട്ടി ചന്തക്കുപോകും പോലെ സ്കൂളില്‍ പോയിരുന്ന ഞാന്‍ വേഷവിധാനങ്ങളില്‍ അതീവ ശ്രദ്ധാലുവായി. വീട്ടില്‍ സ്ഥിരമായി വാങ്ങിയിരുന്ന ഇഷ്ടിക (ലൈഫ്ബോയ്‌ ) സോപ്പു മാറ്റി മണസോപ്പുകളായ ലെക്സും സിന്തോളും വാങ്ങിപ്പിച്ചു. എന്നിലെ പ്രകടമായ മാറ്റങ്ങള്‍ കണ്ട അമ്മ പലപ്പോഴും സംശയദൃഷ്ടിയോടെ എന്നെ നോക്കി. 

മിക്സഡ്‌ സ്കൂളില്‍ പഠിച്ചെങ്കിലും പെണ്‍കുട്ടികള്‍ എന്നുമെനിക്കൊരു പേടി സ്വപ്നമാരുന്നു. വര്‍ഷങ്ങളോളം കൂടെ പഠിച്ച പെണ്‍കുട്ടികളോട് പോലും വളരെ വിരളമായി മാത്രമേ ഞാന്‍ സംസാരിച്ചിരുന്നുള്ളൂ. കോളേജില്‍ എത്തിയപ്പോ ജാള്യത കുറേശെ മാറി തുടങ്ങി. പെണ്‍കുട്ടികളോട് അത്യാവശ്യം സംസാരിക്കാന്‍ തുടങ്ങി.

ഒന്നാം വര്‍ഷം പകുതി ആയപ്പോഴേക്കും, സഹപാഠിയായ ചുരുണ്ട മുടിക്കാരിയോടു ചെറിയ പ്രേമം തോന്നി തുടങ്ങി. അവിചാരിതമായി മുഖാമുഖം വരുമ്പോഴൊക്കെ ഒരു പുഞ്ചിരി സമ്മാനിചവള്‍ കടന്നു പോകും എന്നല്ലാതെ അനുകൂലമായ ഒരു നോട്ടം പോലും എനിക്കവളില്‍ നിന്നു കിട്ടിയിരുന്നില്ല. എന്നിട്ടും എന്നിലെ പ്രേമം വളര്‍ന്നു കൊണ്ടേ ഇരുന്നു.

യാതൊരുവിധ പുരോഗതിയുമില്ലാതെ വണ്‍ വേ ആയി അതങ്ങനെ നിലകൊണ്ടു. തുറന്നുപറച്ചില്‍ ഈ ജന്മത്തു നടക്കില്ലെന്നു എന്റെ ആത്മവിശ്വാസം എന്നെ പലപ്പോഴും ഓര്‍മ്മിപ്പിച്ചു കൊണ്ടേ ഇരുന്നു. പിന്നെ ഉള്ള ഒരേ ഒരു മാര്‍ഗം പ്രേമലേഖനമാണ്. അതെങ്ങനെ എഴുതണം, എന്തെഴുതണമെന്നോന്നും ഒരെത്തും പിടിയുമില്ല. ഏതു കാര്യത്തിനും അനുഭവസമ്പത്തൊരു  മുതല്കൂട്ടാണെന്ന് ഞാന്‍ തിരിച്ചറിഞ്ഞ നാളുകളാരുന്നതു.പലപ്പോഴായി ഞാന്‍ എന്റെ പ്രണയത്തെ വരികളിലേക്ക് ആവാഹിച്ചു നോക്കി. മിക്കതും തനി പൈങ്കിളി ആവുന്നു എന്ന നിഗമനത്തില്‍ പലപ്പോഴും വലിച്ചു കീറി കളഞ്ഞു. വരികളും ഞാനുമായുള്ള അഭിപ്രായഭിന്നത അതീവരൂക്ഷമായി അങ്ങനെ നീണ്ടു. ഈ കാലങ്ങളില്‍ എല്ലാം അവളെ എങ്ങനെയും ഇമ്പ്രെസ്സ് ചെയ്യാന്‍ മാനസികവും ശാരീരികവുമായ പല തയാറെടുപ്പുകളും ഞാന്‍ നടത്തി. 

എന്റെ തയാറെടുപ്പുകളും മാറ്റങ്ങളും അവള്‍ തൃണവല്ക്കരിചെങ്കിലും വളരെ സൂഷ്മമായി എന്നെ ഒരാള്‍ വീക്ഷിക്കുന്നുണ്ടാരുന്നു. അത് മറ്റാരുമല്ല, എന്റെ അമ്മ തന്നെ. "മോനെ നിന്റെ പോക്കത്ര ശരിയല്ലാ...." എന്ന ധ്വനി ആ നോട്ടങ്ങല്‍ക്കുണ്ടാരുന്നു. ചിലപ്പോഴെങ്കിലും അത് ചോദ്യങ്ങളായി ബഹിര്‍ഗമിച്ചു." എന്തോന്നാടാ ഇത്... ഇരുപത്തിനാലു മണിക്കൂറും കണ്ണാടിയുടെ മുന്നിലൊരു തിരുവാതിര കളി...എന്താ ഉദ്ദേശം..."കൗമാരത്തിന്റെ ട്രേഡ് മാര്‍ക്ക് നീരസത്തോടെ, മുഖം ചുളിച്ചു ഞാന്‍ അതിനെ നേരിട്ടു.

പ്രണയാഭ്യര്‍ത്ഥന നടത്താന്‍ കഴിയാതെ നിര്‍ഗുണനായി പ്രേമലേഖനങ്ങള്‍ എഴുതിയും കീറിയും ഞാന്‍ എന്റെ ദിവസങ്ങള്‍ തളളി നീക്കി. ഒരു ദിവസം കുളിയും തേവാരവും കഴിഞ്ഞു കണ്ണാടിക്കു മുന്നിലെ പതിവ് ചവിട്ടുനാടകവുമായി നില്‍ക്കുമ്പോ  അടുക്കളയില്‍ നിന്നു അമ്മയുടെ പരിവേദനങ്ങള്‍ കേട്ടു തുടങ്ങി. " വെളുപ്പാന്‍ കാലതെഴുനേറ്റു ചോറും കറിയും ഉണ്ടാക്കി കൊടുത്തു വിടുന്ന തള്ളേ  ഓര്‍ക്കാമല്ലോ...വേണ്ടാ....അന്യനാട്ടില്‍ പോയി കിടന്നു കഷ്ടപെടുന്ന ആ മനുഷ്യനെ ഓര്‍ക്കാമല്ലോ........"

ഇതൊക്കെ പറയാനും മാത്രമിപ്പോ ഇവിടെന്തുണ്ടായി എന്ന ഭാവത്തില്‍ ആശയകുഴപ്പതോടെ നില്‍ക്കുമ്പോ ദേ വരുന്നു അടുത്ത ഡയലോഗ് ."സ്വന്തം അച്ഛനും അമ്മയ്ക്കും വേണ്ടി പ്രാര്‍ഥിക്കാന്‍ അവനു നേരമില്ല...."

ഞാന്‍ അച്ഛനും അമ്മയ്ക്കും വേണ്ടി പ്രാര്‍ഥിക്കാറില്ലേ ...!! അല്ലെങ്കില്‍ തന്നെ ഞാന്‍ എന്താണ് പ്രാര്‍ഥിക്കുന്നതെന്ന്  ഗണിചെടുക്കാന്‍ അമ്മക്കെന്താ ജ്യോതിഷമറിയുമോ..തികട്ടി വന്ന  ചോദ്യങ്ങളെ മൌനത്തിലലിയിച്ചു പഠന നാടകവുമായി മുറിയിലേക്ക് കയറി. തലേന്ന്  ഡ്രാഫ്റ്റ് ചെയ്ത പ്രണയ ലേഖനം ഫൈനല്‍ ടച്ചിംഗ്നായി അടുക്കി വെച്ചിരുന്ന ബുക്കിനുള്ളില്‍ നിന്നു വലിച്ചെടുത്തു. ഫൈനലൈസ്‌ ചെയ്യാനുള്ള തയാറെടുപ്പെന്നോണം ഒന്ന് വായിച്ചു നോക്കി. കുഴപ്പമില്ല. ഇതെറിക്കും. ഇതില്‍ അവളു വീഴും...ഉറപ്പാ..എന്ന് ആത്മന്‍ അടിച്ചു മനസ്സിന്റെ ശുഭാപ്തി വിശ്വാസത്തെ അരക്കിട്ടുറപ്പിച്ചു കത്ത് ബുക്കിലേക്ക് തിരിച്ചു തിരുകുമ്പോ...കത്തിലെ ഒരു വരി മനസ്സില്‍ വീണ്ടും വീണ്ടും മാറ്റൊലി കൊണ്ടു. കത്ത് തിരിച്ചെടുത്തു വീണ്ടും വായിച്ചു.....

എനിക്ക് തല കറങ്ങുന്നതു പോലെ തോന്നി...ആ നിന്ന നില്‍പ്പില്‍ ഇല്ലാതായി പോയെങ്കില്‍ എന്നാഗ്രഹിച്ചു....പേടിയോടെ ഞാന്‍ ആ വരി ഒരിക്കല്‍ കൂടി വായിച്ചു..."എന്നെ നിനക്കിഷ്ടമാവണേ എന്നത് മാത്രമാണിന്നെന്റെ പ്രാര്‍ത്ഥന..." ഈശ്വരാ...ആ വിളിയെന്റെ തൊണ്ടയില്‍ കുരുങ്ങി...

നമ്രശിരശ്കനായി  കുറ്റബോധത്തോടെ ഞാന്‍ അടുക്കളയിലേക്കു ചെന്നു...എല്ലാം  മനസ്സിലായമ്മേ..എല്ലാം മനസ്സിലായി....എന്ന ഭാവത്തോടെ കൈയ്യിലിരുന്ന കത്ത് ഞാന്‍ അടുപ്പിലേക്കിട്ടു. 

Saturday, June 9, 2012

പണി പാലുംവെള്ളതില്‍ മാത്രമല്ല പൊതിചോറിലും കിട്ടും


യു പി തലം കഴിഞ്ഞു ഹൈസ്കൂള്‍ ആയപ്പോ കുറച്ചു കൂടി സീനിയര്‍ ആയെന്നൊരു തോന്നലൊക്കെ വന്നു തുടങ്ങി . അതുവരെ പത്തു പൈസ കൊടുത്തു ബസ്സില്‍ യാത്ര ചെയ്തിരുന്ന ഞാന്‍ വീട്ടില്‍ സന്ധിയില്ലാ സമരം നടത്തി സൈക്കിള്‍ വാങ്ങിപ്പിച്ചു.

ചോറ്റുപാത്രത്തില്‍ ഒതുങ്ങിയിരുന്ന എന്റെ ഉച്ചയാഹാരം പൊതി ചോറിലേക്ക്‌ മാറി. വാടിയ ഇലയില്‍ ആവിയോടെ പൊതിഞ്ഞു വെക്കുന്ന ചോറും കറിയും ഉച്ചക്ക് തുറക്കുമ്പോ ഒരു പ്രത്യേക മണമാണ്.അന്നുമിന്നും പൊതിചോറ് ഒരു വലിയ ബലഹീനത ആണ്. അങ്ങനെ പൊതി കെട്ടി കൊണ്ടു പോകുന്ന ചോറിനു ക്ളാസ്സില്‍ പിടിപിടിയാണ്. ഉച്ചക്കുണ്ണാന്‍ പൊതി തുറക്കുമ്പോള്‍  കറികള്‍ മിക്കതും പലരും അടിച്ചുമാറ്റിയിട്ടുണ്ടാവും. പാവം അമ്മ കാലത്തെഴുനേറ്റു ഉണ്ടാക്കി തന്നു വിടുന്ന മുട്ടയും മീനുമൊന്നും ഒരിക്കലും കണികാണാന്‍ കിട്ടിയിരുന്നില്ല.

ഒരു ദിവസം ഇന്റെര്‍വല്‍ കഴിഞ്ഞു വരുമ്പോ ക്ളാസ്സില്‍ പതിവില്ലാത്ത തിരക്കും ബഹളവും. സാറുമ്മാരും കുട്ടികളും കൂടി നില്‍പ്പുണ്ട്. ഞാനും തിരക്കിലേക്കലിഞ്ഞു ചേര്‍ന്ന് മുന്നിലെത്തി. മൂന്നു പഹയന്മാരെ ബെഞ്ചില്‍ കയറ്റി നിര്‍ത്തിയേക്കുവാണു. മൂന്നു പേരുടെയും നെഞ്ചില്‍ ബോഡീസ് ഉണ്ട്. ബോഡീസ് അറിയില്ലേ...പണ്ടത്തെ വലിയമ്മമാര്‍ ഇടുന്ന റൌക്ക. കാഴ്ച കണ്ടു കുട്ടികള്‍ ആര്‍ത്തു ചിരിക്കുകയാണ്...ചിരി പൊട്ടുന്ന മുഖങ്ങള്‍ കഴിയുന്നവിധം ഗൌരവത്തില്‍ പൊതിഞ്ഞു നിര്‍ത്താന്‍ സാറുമ്മാര്‍ പാടുപെടുന്നു .ക്ളാസ് ടീച്ചര്‍ ആയ ശ്രീധരന്‍ നായര്‍ സാര്‍ വെള്ളിച്ചപാടിനെ പോലെ കൈയ്യില്‍ ചൂരലുമായി ഉറഞ്ഞു തുള്ളുകയാണ്..ബോഡീസ് ഇട്ടു നിക്കുന്നവന്മാരെ കണ്ടു ഞാനും വാ വിട്ടു ചിരിച്ചു കൊണ്ട് കുട്ടികളുടെ കൂടെ കൂടി. ബെഞ്ചില്‍ നിക്കുന്നവന്മാരുടെ മുഖം കടലാസ് പോലെ വിളറി വെളുത്തു.

" ഇതെവിടുന്നു കിട്ടിയെടാ..." ആദ്യം നിക്കുന്ന ഉണ്ണിയോടായി സര്‍ അലറി...രൗദ്രഭാവം പൂണ്ട സാറിന്റെ മുന്നില്‍ അവന്മാര്‍ മൂത്രമോഴിക്കുമോന്നു ഞങ്ങള്‍ ഭയന്നു.അതുവരെ ആര്‍ത്തു ചിരിച്ചിരുന്ന ക്ളാസ് റൂമില്‍ ശ്മശാന മൂകത. വിറച്ചു കൊണ്ടവന്‍ ചൂണ്ടിയ വിരല്‍ എല്ലാരുടെയും നോട്ടം എന്നിലേക്ക്‌ തിരിച്ചു വിട്ടു.എന്താണ് സംഭവിക്കുന്നതെന്ന്  മനസ്സിലാക്കി എടുക്കാന്‍ എനിക്ക് കുറച്ചു സമയം വേണ്ടി വന്നു...മനസ്സിനെ ഒന്നു റീ വൈന്റ് ചെയ്തു. മനസ്സെന്തോക്കെയോ ഓര്‍ത്തെടുത്തു. കാര്യത്തിന്റെ ഗൗരവം മനസ്സിലായപ്പോ ബെഞ്ചില്‍ നിന്നവന്മാരുടെ വിറ എന്നിലേക്ക്‌ കുടിയേറി. സാറിന്റെ കിരാതരൂപം അതിന്റെ ആക്കം കൂട്ടി. 

സ്കൂളില്‍ പോകും വഴി ജങ്ങ്ഷനിലെ തയ്യകടയില്‍ കൊടുക്കാന്‍ മുത്തശ്ശി ഏല്‍പ്പിച്ച പൊതിയാണ് കശ്മലന്മാര്‍ പൊതിചോറാണെന്നു കരുതി വലിച്ചു പൊക്കി, അര്‍മ്മാദിച്ചു, എന്നെ ഈ ഗതിയിലെത്തിച്ചത് . എന്റെ മറവിയെ നൂറായിരം തവണ ശപിച്ചു, സന്തോഷമായി ഗോപിയേട്ടാ സന്തോഷമായി എന്ന ദയനീയ ഭാവത്തോടെ ലവന്മാരെ ഒന്ന് നോക്കിയിട്ട് ഞാന്‍ സാറിന്റെ മുന്നില്‍ കീഴടങ്ങി. സര്‍ എന്നെ വളരെ ആത്മാര്‍ഥമായി തന്നെ കൈകാര്യം ചെയ്തു. കൂട്ടുകാര്‍ സ്പോണ്‍സര്‍ ചെയ്ത ബോഡീസ് ഇവെന്റ്റ്‌ നല്‍കിയ ക്ഷതങ്ങള്‍ എന്നെ ബെഞ്ചില്‍ ഇരിക്കാന്‍ കഴിയാത്തവിധമാക്കിയിരുന്നു 

Monday, June 4, 2012

ക്യൂ ......



ക്യൂ നില്‍ക്കുക എന്നത് മലയാളികളെ സംബന്ധിച്ച് വലിയ വിഷമമുള്ള കാര്യമാണ്. അത് നമ്മുടെ സംസ്കാരത്തിന്റെ ഭാഗമാകാന്‍ ഇനിയും കാലം കുറേ എടുക്കുമെന്ന് വേണമെങ്കില്‍ പറയാം. അതിനൊരു അപവാദമെന്ന് പറയാനുള്ളത് ബിവറേജസ്സിനു മുന്നിലെ തികഞ്ഞ അര്‍പ്പണബോധത്തോടും ക്ഷമയോടും കൂടിയുള്ള ക്യൂ മാത്രം.

നമ്മുടെ ബസ്‌ സ്റ്റാന്റ്കളില്‍ നല്ല തിരക്കുള്ള സമയത്ത് ചെന്നാല്‍ ക്യൂ നില്‍ക്കാതെ ബസ്സില്‍ കേറാന്‍ ആളുകള്‍ നടത്തുന്ന പഞ്ജഗുസ്തിയും പൂഴികടകനുമൊക്കെ ഒന്ന് കാണണ്ടത് തന്നെയാണ് . കൈനനയാതെ മീന്‍ പിടിക്കുന്ന ചില വിരുതന്മാര്‍ ജനലിലൂടെ തൂവാല ചുരുട്ടി ഏതെങ്കിലുമൊരു സീറ്റിലെക്കെറിഞ്ഞു സീറ്റ് ബുക്ക് ചെയ്യും.അത് പിന്നെ മറ്റൊരു കയ്യാങ്കളിക്ക്‌ കളമൊരുക്കുമെന്നതു മറ്റൊരു സത്യം. ചിലര്‍ കളരി അഭ്യാസിയുടെ മെയ് വഴക്കത്തോടെ ജനലില്ലൂടെ നൂഴ്ന്നു കേറും.മറ്റുചിലര്‍ ഡ്രൈവര്‍ സീറ്റിലൂടെ ഇടിച്ചു കയറും.പിന്നെ പൂരം കാണുന്ന ആഘോഷതിമിര്‍പ്പോടെ അകത്തിരുന്നു വാതിലിലെ ഇടി കണ്ടു രസിക്കും.

ക്യൂ  നില്‍ക്കാതെ ആരുടെയെങ്കിലുമൊക്കെ മുതുകില്‍ ചവുട്ടി കയറി സ്വന്തം കാര്യം നോക്കുന്നൊരു പ്രവണത ആണല്ലോ നാട്ടില്‍ ഇന്നുമുള്ളത്. ഈ സാഹചര്യങ്ങളില്‍ വ്യക്തിത്വം രൂപപ്പെടുതിയെടുതൊരു മലയാളിക്ക് കര്‍ശ്ശനമായ ക്യൂ നില്‍പ്പും മര്യാദകളും ആദ്യമൊക്കെ അസഹനീയമായി തോന്നുമെങ്കിലും സാഹചര്യങ്ങള്‍ക്കനുസരിച്ച് , നിലനില്‍പ്പിനുവേണ്ടി, നല്ല ശീലങ്ങള്‍ ഉള്‍ക്കൊള്ളാനും ക്ഷമാശീലനാകാനും അവനു കഴിയും. ഞാന്‍ ജോലി ചെയ്യുന്നത് അമേരിക്കന്‍ പട്ടാളക്യാമ്പില്‍ ആണ്. വളരെയേറെ സുരക്ഷാ സംവിധാനങ്ങളും ക്രമീകരണങ്ങളും നിയന്ത്രണങ്ങളും ഉള്ള സ്ഥലം. ക്യാമ്പിനു അതിന്റേതായ ചിട്ടകളും നിയമങ്ങളും ഉണ്ട്. പാലിക്കപെടെണ്ടതും ശ്രദ്ധയോടെ അനുവര്‍ത്തിക്കണ്ടതുമായ കുറേ ഔദ്യോഗിക മര്യാദകള്‍ വേറെയും .അതിന്റെ ഒരു ഭാഗം മാത്രമാണ് പല ഇടങ്ങളിലായി ഞങ്ങള്‍ നില്‍ക്കണ്ടി വരുന്ന ക്യൂവുകള്‍ ...പന്ത്രണ്ടു മണികൂര്‍ നീളുന്ന ജോലിയെ പതിനാറും പതിനേഴും മണിക്കൂറിലേക്ക് വലിച്ചു നീട്ടുന്ന ഔപചാരികതകളില്‍ ഏറ്റവും കൂടുതല്‍ സമയം കാര്‍ന്നു തിന്നുന്നതും ഈ ക്യൂവുകളാണ് ...അത്തരം ചില ക്യൂവുകളിലേക്ക് നമ്മുക്ക് ക്യൂവായി പോകാം ...

ക്യൂ ഒന്ന്

ഏഴരവെളുപ്പിനെ മുങ്ങികുളിക്കുന്ന വല്ല്യമ്മമാരെ പോലെ കൊച്ചുവെളുപ്പാന്‍ കാലത്തൊരു കാക്കകുളിയൊക്കെ പാസ്സാക്കി സ്പ്രേയില്‍ കുളിപ്പിച്ച വേഷഭൂഷാതികളോടെ നേരെ ഭോജനശാലയിലേക്ക്. പ്രവര്‍ത്തി ദിവസം തുടങ്ങുന്നത് തന്നെ അന്നവിചാരത്തോടെ ആണെന്ന് സാരം. അവിടെ തുടങ്ങുന്നു ഞങ്ങളുടെ ക്യൂ ജീവിതത്തിന്റെ ആദ്യ പടി. താലപ്പൊലി ഏന്തിയ ബാലികമാരെ പോലെ കൈയ്യില്‍ പ്ലേറ്റും പിടിച്ചു തന്റെ നമ്പര്‍ വരുന്നതും കാത്തുള്ള ആ  നില്‍പ്പൊന്നു കാണണ്ടത് തന്നെ. എന്താ മര്യാദ ...എന്താ അച്ചടക്കം.ഇവരൊക്കെ നാട്ടില്‍ നിന്നു വന്നവര് തന്നെയോ എന്ന് ചിന്തിച്ചു പോകും. ബാഗിലും പോക്കറ്റിലും തിരുകിയ ബ്രേക്ക് ഫാസ്റ്റുമായി നേരെ കമ്പനി ബസ്സിലേക്ക്.

പ്രവാസിയുടെ ഗൃഹാതുരതയില്‍ ഉപ്പും മുളകും പുരട്ടി നീറ്റാന്‍ കമ്പനി മനപ്പൂര്‍വ്വം ഇറക്കിയിരിക്കുകയാണ് നമ്മുടെ സ്വന്തം ആനവണ്ടി... ടാറ്റാ ബസ്‌.  കെ എസ്‌ ആര്‍ ടി സിയുടെ സുഖദായക ഓര്‍മ്മകളിലേക്ക് ഊളിയിടാന്‍ ക്യാമ്പിലേക്കുള്ള അരമണിക്കൂര്‍ യാത്ര തന്നെ ധാരാളം. അരമണിക്കൂറിനെ ഒരു രാത്രിയാക്കി.. കൂര്‍ക്കം വലിച്ചും, സഹയാത്രികന്റെ തോളിലേക്ക് ഈത്താ വാറ്റിയും ചാഞ്ഞുറങ്ങിയും ഞങ്ങള്‍ എത്തി ചേരുന്നത് ബസ് സ്കാനിംഗ് ഏരിയയിലേക്കാണ് . അതൊരു തുടക്കമാണ്.

ക്യൂ രണ്ടു

ബസ്‌ സ്കാനിംഗ് ഏരിയ ഞങ്ങളുടെ ഒരു ഇടതാവളമാണ്. ബസ്സില്‍ നിന്നും ക്യൂ ആയി ഇറങ്ങി മുന്നിലുള്ള ടെന്റില്‍ വരിവരിയായി നില്‍ക്കും.സുരക്ഷാ പരിശോദനകള്‍ കഴിഞ്ഞു ബസ്‌ എത്തും  വരെ ട്ടെന്റില്‍ നില്‍ക്കണം. നില്‍പ്പിന്റെ ദൈര്‍ഘ്യം അഞ്ചു മിനിറ്റ് മുതല്‍ ഒന്നര മണിക്കൂര്‍ വരെ നീളാം. ഇടത്താവളം എന്ന പ്രയോഗം അപ്രസക്തമാകുന്നത് അവിടെയാണ്. ഇടത്താവളങ്ങള്‍ വിശ്രമത്തിനാണെങ്കില്‍ ഇത് തിരിച്ചാണ്. എങ്കിലും ഈ നില്‍പ്പില്‍ , നാളുകളായി കാണാത്ത പലരെയും കണ്ടുമുട്ടും...സൗഹൃദങ്ങള്‍ പുതുക്കും..വിശേഷങ്ങള്‍ കൈമാറും.റൂമര്‍ തൊഴിലാളികളും ചാനല്‍ തൊഴിലാളികളും(റൂമര്‍ സ്പ്രെഡ് ചെയ്യുന്നവര്‍ ) വിഹരിക്കുന്നതും ഇവിടെ ആണ്. താന്താങ്ങളുടെ പ്രവര്‍ത്തനം സുഗമമായി നടത്താന്‍ അവര്‍ക്കിതിലും നല്ലൊരു സ്ഥലം വേറെ കിട്ടുമോ. സ്കാനിംഗ് കഴിഞ്ഞു വരുന്ന വണ്ടിയിലേക്ക് ക്യൂ ആയി കയറി നേരെ മെയിന്‍ ഗേറ്റിലേക്ക്.

ക്യൂ മൂന്നു

മെയിന്‍ ഗേറ്റ് ബില്‍ഡിംഗ്‌ലാണ് ബാഗ് സ്കാനിംഗ് തുടങ്ങിയ കലാപരുപാടികള്‍ അരങ്ങേറുന്നതു.രണ്ടറ്റത്തുമുള്ള വാതിലുകള്‍ക്ക് മുന്നില്‍ സിഗ് സാഗ് രീതിയില്‍ കയര്‍ കെട്ടിതിരിച്ച വഴിയിലൂടെ ക്യൂവായി വേണം അകത്തു കടക്കാന്‍ .ബസ്സില്‍  നിന്നിറങ്ങുമ്പോള്‍ തന്നെ ജീവിതത്തിലെ നിര്‍ണ്ണായകമായൊരു വഴി തിരഞ്ഞെടുക്കുന്ന ഗൗരവത്തോടെ വലതുപക്ഷത്തെക്കോ ഇടതുപക്ഷത്തെക്കോ ഞങ്ങള്‍ ചേരി തിരിയും.ബെല്‍റ്റ്‌ , പേഴ്സ് , താക്കോല്‍ തുടങ്ങിയ സ്താവരജങ്കമ വസ്തുക്കള്‍ സകലതും സ്കാനിംഗ്നിട്ടു കാത്തു നില്‍ക്കും. ഊര്‍ന്നു വീഴുന്ന പാന്റ്റില്‍ പിടിച്ചു എല്ലാം ഊറി വാരി ഇറങ്ങി വരുന്ന പലരുടെയും നാവില്‍ അതിരാവിലെ തന്നെ സരസ്വതി മന്ത്രമാരിക്കും ഉണ്ടാവുക.

ക്യൂ നാലു

സ്കാനിംഗ് തിരുമേനി പൂജിച്ചു നല്‍കിയ അരപ്പട്ടമുറുക്കി, ആടയാഭരണങ്ങള്‍ ചാര്‍ത്തി ദേ വന്നു നില്‍ക്കുന്നു...ബാഡ്ജ് സ്വാപിംഗ് ഏരിയയിലെ അടുത്ത ക്യൂവിലേക്കു. ക്യൂവിന്റെ അങ്ങേ അറ്റത്തു സ്വാപിംഗ് കൌണ്ടറില്‍ നില്‍ക്കുന്ന ചേച്ചിയെയും...അടുത്ത കൌണ്ടറിലൂടെ പോകുന്ന ഫിലിപ്പീനി പെണ്ണുങ്ങളെയും വായിനോക്കി ഞങ്ങള്‍ ക്യൂവിലെ വിരസത അകറ്റും. പ്രവര്‍ത്തന രഹിതമായ കൌണ്ടറുകളില്‍ ഉരച്ചും കുലുക്കിയും ഞങ്ങള്‍ പരീക്ഷണങ്ങള്‍ നടത്തുമ്പോള്‍ മാനുവല്‍ സ്വാപിംഗ് ചെയ്തു തിരക്കൊഴിവാക്കാന്‍ കൂട്ടാക്കാതെ, ഞങ്ങളെ നോക്കി 'നിനക്കൊക്കെ ഇങ്ങനെ തന്നെ വേണമെടാ' എന്ന പരിഹാസ്യചിരിയോടെ കറങ്ങിയടിച്ചു നടക്കുന്ന സെക്യൂരിറ്റി അണ്ണന്മാരുടെ വീട്ടുകാര്‍ക്ക് കാലത്ത് ഒന്ന് രണ്ടു മണിക്കൂര്‍ വിട്ടുമാറാത്ത തുമ്മലും ജലദോഷവുമാരിക്കും.

ക്യൂ അഞ്ചു

ഔപചാരികതകളേകിയ തളര്‍ച്ചയോടെ എത്തുന്ന ഞങ്ങളെ കാത്തു കടല്കിഴവന്‍ പട്ടാളക്കാരന്‍ ബസ്‌ പാര്‍ക്കിംഗ് ഏരിയയില്‍ ഉണ്ടാവും.സ്ടാന്റ്റിറ്റീസും എബോവ് ട്ടേണും അടുപ്പിച്ചു അങ്ങേരുടെ വക പി റ്റിയും കഴിഞ്ഞു... സെക്ഷനിലേക്കുള്ള ബസ്സില്‍ കയറാന്‍ വീണ്ടും ക്യൂ.....ഞങ്ങള്‍ക്ക് നില്‍ക്കാന്‍ ക്യൂവുകള്‍ പിന്നെയും ബാക്കി ..:))

ഓഫ്‌ : 
പ്രവാസത്തിന്റെ പകുതിയും ക്യൂ നിന്ന് തീര്‍ക്കുന്ന ഞങ്ങളോടാ ബിവറേജസിന്റെ കളി..

Saturday, May 12, 2012

വെളിപാട്




ചൂടുവെള്ളം ടേബിളില്‍ വെച്ചു,  കസേര വലിച്ചിട്ടു ഞാന്‍ അവര്‍ക്കരികിലിരുന്നു. നിസംഗതയോടെ എങ്ങോട്ടോ നോക്കി കിടക്കുകയാണ് അരുപത്തെട്ടുകാരിയായ പര്‍വിന്ദര്‍ കൌര്‍ .ലോഹദെണ്ടുകള്‍ ഇണക്കി ചേര്‍ത്ത നട്ടെല്ലിന്റെ വേദനയും തളര്‍ച്ചയും അവരെ ക്ഷീണിതയാക്കിയിരിക്കുന്നു ,

തോളില്‍ കിടന്ന കോട്ടന്‍ ടവല്‍ ചൂടുവെള്ളത്തില്‍ മുക്കി ഞാനവരുടെ മുഖം തുടച്ചു. ജടകെട്ടി തുടങ്ങിയ മുടിയിഴകളിലൂടെ വിരലോടിച്ചു ജട കളഞ്ഞു. ആറേഴു ദിവസമായുള്ള കിടപ്പവരെ ശാരീരികമായും മാനസികമായും തളര്‍ത്തിയിരിക്കുന്നു. ബെഡ് സോര്‍ കാരണം പുറം പൊട്ടി തുടങ്ങി.

ഒന്ന് തിരിച്ചു കിടത്തി പുറം തുടക്കാന്‍ ശ്രമിച്ചെങ്കിലും ശരീരത്തിന്റെ അമിതഭാരം അതിനെന്നെ അനുവദിച്ചില്ല. ഈ അമിതഭാരം തന്നെയാവാം അവരുടെ വീഴ്ചക്ക് കാരണമായതെന്നു ഞാന്‍ ചിന്തിച്ചു. തുടര്‍ശ്രമങ്ങള്‍ക്കൊടുവില്‍ അല്‍പ്പം ചരിച്ചു തലയിണ വെച്ചു കിടത്താന്‍ എനിക്ക്   കഴിഞ്ഞു. പുറത്തെ ചെറിയ മുറിവുകള്‍ പതുക്കെ തുടച്ചു കൊണ്ട് ഞാന്‍ അവരോടെന്തോക്കെയോ സംസാരിച്ചു. വേദനയുടെ കാഠിന്യം കുറക്കാന്‍ , ശ്രദ്ധ തിരിക്കാന്‍ പലതും ചോദിച്ചു...മുടിയിഴകളില്‍ തഴുകി. വേദന ഞരങ്ങലുകളായും ഞെളിവിരികളായും ബഹിര്‍ഗമിച്ചു.

പുറം തുടച്ചു നേരെ കിടത്തി തിരിയുമ്പോ അവരെന്റെ കൈയ്യില്‍ പിടിച്ചു..."എന്തേ ...." പരിക്ഷീണയായ അവരെ നോക്കി ഞാന്‍ ചോദിച്ചു.തന്റെ സൈഡ്-ല്‍ നിറഞ്ഞു കിടക്കുന്ന യൂറിന്‍ ബാഗിലേക്കവര്‍ കൈ ചൂണ്ടി. കാതെറ്റര്‍ ഊരി ബാഗ് ക്ലിയര്‍ ചെയ്തു തിരിച്ചു വെക്കുമ്പോ ആ കണ്ണുകള്‍ വാര്‍ന്നൊലിക്കുകയായിരുന്നു. നിസാഹയതയുടെ നിഴലാട്ടം ആ കണ്ണുകളില്‍ ഞാന്‍ കണ്ടു.

റിസെപ്ഷനിലെ കസേരയില്‍ വന്നിരിക്കുമ്പോ എന്റെ കണ്ണുകളും നിറഞ്ഞിരുന്നു. ഓര്‍മ്മകള്‍ കുറച്ചു പിറകിലെക്കോടി. ജോലി തേടി പഞ്ജാബിലെ തെരുവുകള്‍ തോറും തെണ്ടുന്ന കാലം. അപകടം പറ്റിയ പരിചിതനെയും കൊണ്ട്  ഓടി എത്തിയതാണ് ഈ ആശുപത്രിയിലേക്ക്. തിരുവനന്തപുരം മെഡിക്കല്‍ കോളേജില്‍ പഠിച്ച ബെങ്കാളി ഡോക്ടര്‍ . മലയാളി ആണെന്നറിഞ്ഞപ്പോഴേക്കും ബെങ്കാളി ചുവയുള്ള കുറേ മലയാളം അയാള്‍ എന്നോട് തട്ടി വിട്ടു. അയാളോട് സംസാരിക്കാന്‍ എനിക്കുമിഷ്ടം തോന്നി. കുശലാന്വേഷണങ്ങള്‍ക്കൊടുവില്‍ അയാളെന്റെ തൊഴില്‍ വിവരങ്ങള്‍ ചോദിച്ചു.

എന്ത് ജോലി...പ്രത്യേകിച്ചു തൊഴില്‍ ഒന്നുമില്ലല്ലോ പറയാന്‍ ....തൊഴില്‍ തെണ്ടല്‍ ആണ് പണി എന്ന് പറഞ്ഞപ്പോ അയാള്‍ കുറച്ചു നേരം എന്തോ ആലോചിച്ചു. പിന്നെ, എന്നെ നോക്കി ഒരു ചോദ്യം. "ഇവിടെ പാര്‍ട്ട് ടൈം ജോലി ചെയ്യാന്‍ താല്‍പ്പര്യമുണ്ടോ. എനിക്ക് ഒരാളെ വേണം..വൈകിട്ട് ഓ പി ടൈമില്‍ റിസെപ്ഷന്‍ നോക്കണം, റിക്കോടുകള്‍ സൂക്ഷിക്കണം. പിന്നെ, ഇടക്കൊക്കെ എന്നെ സര്‍ജറിക്ക് ഹെല്പ് ചെയ്യണം...ഭാരിച്ച പണികള്‍ ഒന്നും ഉണ്ടാകില്ല....വൈകിട്ടൊരു നാലു മണിക്കൂര്‍ . അത് കഴിഞ്ഞിവിടെ തങ്ങുകയോ വീട്ടില്‍ പോവുകയോ എന്തുമാകാം.. "

അത് പറഞ്ഞയാള്‍ സീറ്റിലേക്ക് ചാഞ്ഞിരുന്നു....ഭംഗിയുല്ലൊരു പേപ്പര്‍ വെയിറ്റ് അയാള്‍ മേശമേല്‍ ഇട്ടു വെറുതെ കറക്കി....ഉള്ളില്‍ പൂക്കളുള്ള പേപ്പര്‍ വെയിറ്റ് ഗ്ളാസ് വിരിച്ച മേശമേല്‍ ഒരു പ്രത്യേക താളത്തില്‍ കറങ്ങി കൊണ്ടിരുന്നു. കഴുത്തില്‍ സ്തെതസ്കോപ്പുമിട്ടു കസേരയിലെക്കൊന്നമര്‍ന്നിരുന്നു " എന്ത് തീരുമാനിച്ചു" എന്ന ചോദ്യ ഭാവത്തോടെ അയാള്‍ എന്നെ തന്നെ നോക്കിയിരുന്നു.

എന്ത് തീരുമാനിക്കാന്‍ ....ഒരെത്തും പിടിയും കിട്ടുന്നില്ല. ചിന്തകള്‍ വന്യമായൊരു കൊടുങ്കാറ്റായി ഉള്ളില്‍ ആഞ്ഞടിച്ചു.ഒരു ബിരുദധാരിയായ ഞാന്‍ ഒരു കമ്പോണ്ടറുടെ പണി ചെയ്യുക. ആശുപത്രി യൂണിഫോം ഇടുക. അതൊക്കെ ആലോചിക്കാന്‍ കൂടി കഴിയുന്നില്ല. ഈഗോയും കോംപ്ളെക്സും എന്നില്‍ ഭണംവിടര്‍ത്തിയാടി. തനിക്കെങ്ങനെ എന്നെ ഈ ജോലിക്ക് വിളിക്കാന്‍ തോന്നിയെന്നയാളോട് അലറിവിളിച്ചു ചോദിക്കാന്‍ തോന്നി.

ഒരു നിമിഷം ഞാന്‍ എന്നെ നിയന്ത്രിച്ചു.അടുത്ത് കിടന്ന ബെഞ്ചിലേക്കൂര്‍ന്നിരുന്നു. അതുവരെ ഈഗോയും കോമ്പ്ലെക്സും തിളച്ചു മറിഞ്ഞ മനസ്സിലേക്ക് വീടിന്റെ ദൈന്യത, ദാരിദ്യം..ഒക്കെ ഇരച്ചു കയറി.വിവേകം വികാരത്തെ കീഴ്പ്പെടുത്തി തുടങ്ങി. മനസ്സിനെ തണുപ്പിക്കുമാറുതുള്ളില്‍ ഒരു കുളിര്‍മഴയായി പെയ്തു തുടങ്ങി. കാടന്‍ ചിന്തകള്‍ക്ക് കടിഞ്ഞാണ്‍ വീണു. ഉള്ളില്‍ തിളച്ചു മറിഞ്ഞിരുന്ന അധമവികാരങ്ങള്‍ ആവിയായി പുറത്തേക്കു പോയി.

ഒരു ബിരുദം മാത്രമാണ് യോഗ്യത. അതൊരു യോഗ്യതപോലുമല്ലാത്ത കാലം.ജോലി തേടി പോയിടത്തൊക്കെ പുച്ഛത്തോടെ തിരസ്കരിക്കപെട്ടു. ജീവിക്കാന്‍ നല്ലൊരു വഴി കാണും വരെ പിടിച്ചു നിക്കാനൊരു കച്ചിതുരുമ്പ് കിട്ടിയേ മതിയാകൂ. ഞാന്‍ അയാളെ നോക്കി, ഒന്ന് ചിരിച്ചു, നിര്‍ജീവമായ ചിരി. അയാളുടെ കണ്ണുകളില്‍ പ്രതീക്ഷയുടെ നൂറായിരം കിരണങ്ങള്‍ തെളിഞ്ഞു. ഞാന്‍ സമ്മതഭാവത്തില്‍ തലയാട്ടി.

 " അപ്പൊ ഇനി ശമ്പളത്തിന്റെ കാര്യം..." അത് പറഞ്ഞയാള്‍ എന്നെ നോക്കി ഒന്ന് വശ്യമായി ചിരിച്ചു...പറഞ്ഞോളൂ എന്ന് ഞാന്‍ തലയാട്ടി. " ആയിരത്തി അഞ്ഞൂറ് രൂപ തരും...." ഒരു വലിയ ഓഫര്‍ മുന്‍പോട്ടു വെച്ച ചാരിതാര്ത്യത്തോടെ അയാള്‍ എന്നെ നോക്കി. ആ തുക കേട്ടു ഞാന്‍ ഞെട്ടിയെന്നു കരുതിയെങ്കില്‍ നിങ്ങള്‍ക്കു തെറ്റി.  നിര്‍വികാരത മാത്രമാണേന്നില്‍  നിറഞ്ഞു നിന്നത് . മനസ്സിനെ വീണ്ടും കാടുകയറാന്‍ വിടാതെ ഇരുത്തം വന്നവനെ പോലെ ഞാന്‍ ചിന്തിച്ചു. സാഹചര്യങ്ങളാണ് ഓരോ മനുഷ്യനെയും വിവേകി ആക്കുന്നതെന്ന് തോന്നുന്നു.

ഒരു ചായ കുടിക്കാന്‍ കൂടി പൈസ ഇല്ലാത്ത അവസ്ഥയാണ്. ആയിരത്തി അഞ്ഞൂറെങ്കില്‍ അത്...പിടിച്ചു നില്‍കാന്‍ ഒരു ജോലി കൂടിയേ തീരൂ...പിന്നൊന്നും ആലോചിച്ചില്ല...അയാളോട് എല്ലാം സമ്മതിച്ചു തിരിച്ചു നടക്കുമ്പോ കണ്ണുകള്‍ എന്തിനെന്നിലാതെ നിറഞ്ഞിരുന്നു.

ഓര്‍മ്മകളുടെ തേരിലേറിയുള്ള ആ യാത്രക്ക് കടിഞ്ഞാണ്‍ ഇട്ടതു പര്‍വിന്ദര്‍ കൌറിന്റെ വിളിയാണ്. കൂജയില്‍ നിന്നൊരു ഗ്ളാസ് വെള്ളം പകര്‍ന്നെടുത്തു; ചാരി ഇരുത്തി അവരെ കുടിപ്പിക്കുമ്പോള്‍ ആ കണ്ണുകളില്‍ പ്രകാശിക്കുന്ന സ്നേഹം, നന്ദി, വാത്സല്യം... ഒക്കെ ഞാന്‍ വായിച്ചറിഞ്ഞു . ആതുരസേവനം, അതിന്റെ മാഹാത്മ്യം ഞാന്‍ അടുത്തറിയുകയായിരുന്നു.യോഗ്യതകളുടെ നിറചാര്‍ത്തുകളില്ലാത്ത എനിക്ക് ചെയ്യാന്‍ ഈശ്വരന്‍ കാത്തു വെച്ചതാകാം ഈ ജോലി.തിമിരം ബാധിച്ചിരുന്ന എന്റെ കണ്ണുകള്‍ക്ക്‌ നന്മയുടെ കാഴ്ചപകര്‍ന്നു നല്കാന്‍ ..ഒരു നിയോഗം പോലെ വന്നു പെട്ടതാകാം ഈ ജോലി.ഗ്ളാസ് തിരിച്ചു വെച്ചവരുടെ മുഖം തുടച്ചു കൊടുക്കുമ്പോ നിറഞ്ഞു തുളുംബിയ എന്റെ കണ്ണുകള്‍ അവര്‍ കണ്ടില്ല. അവിടെ നന്മയുടെ, നിറവിന്റെ തിളക്കമാരുന്നു. ഞാനൊരു മനുഷ്യനായത്തിന്റെ സന്തോഷവും.

Tuesday, April 24, 2012

ഇങ്ങനെ വേണം സഹായിക്കാന്‍


കൗമാരക്കാരുടെ സഹജ തോന്ന്യാസങ്ങളും അലമ്പുകളുമായി കലുങ്കിലെ സായാഹ്നജീവിതം ആഘോഷതിമിര്‍പ്പോടെ മുന്‍പോട്ടു പോകുന്ന കാലത്ത് തന്നെ ചില വീണ്ടുവിചാരങ്ങള്‍ ഞങ്ങളില്‍ തലപൊക്കി. മൂവന്തി മുതല്‍ പാതിരാവരെ നീളുന്ന അലമ്പുകളില്‍ മാത്രമൊതുങ്ങി നില്‍ക്കണ്ടതല്ല ഈ കൂട്ടായ്മ. നാട്ടുകാരെ അലോരസപ്പെടുത്തുന്ന കൂക്കുവിളിയും അട്ടഹാസങ്ങളുമായി എന്നുമിങ്ങനെ നേരം കൊന്നിട്ട് കാര്യമില്ല. നാട്ടുകാര്‍ക്കും വീട്ടുകാര്‍ക്കുമിടയില്‍ സാമാന്യം മോശമല്ലാത്ത ചീത്തപേരു ഇപ്പൊ തന്നെ ഉണ്ട് . അത് മാറ്റി എടുത്തേ മതിയാകൂ.

പിന്നീടുള്ള ദിവസങ്ങളില്‍ പലപ്പോഴും അതിനെ കുറിച്ചായി ചര്‍ച്ചകള്‍ . വാര്‍ക്കപണിക്കു പോന്ന പോക്കാടനും, തൊട അനിയുമൊക്കെ പണിതിരക്കുകള്‍ മാറ്റിവെച്ചു ഞങ്ങളോടൊപ്പം തല പുകച്ചു. അന്നൊക്കെ നാട്ടില്‍ മുക്കിനും മൂലയിലും ക്ളബ്ബുകളാണ് . നേതാജി ആര്‍ട്സ് & സ്പോര്‍ട്സ് ക്ളബ്,  ആരാധനാ ആര്‍ട്സ് ക്ളബ് എന്ന് വേണ്ടാ ഓണമായാല്‍ തെങ്ങേ പാട്ടും (മൈക്ക് ) ഏകാങ്ക നാടകമത്സരവും ഒക്കെയായി നാട്ടുകാരുടെ ചിലവില്‍ അലമ്പിന്റെ കൂത്തരങ്ങാണ് . ക്ളബ് ഉണ്ടാക്കി ഭാരംതാങ്ങികളാകാന്‍ മുട്ടി നില്‍ക്കുന്നവരാണ് തൊട അനിയും പോക്കാടനും. ആളുകളിച്ചു നാട്ടുകാരുടെ മുന്‍പില്‍ ഷൈന്‍ ചെയ്യുക എന്നതില്‍ കവിഞ്ഞൊരു സദുദ്ദേശവും അതിനു പിന്നിലില്ലെന്ന് എല്ലാര്‍ക്കുമറിയാം. ഭാരവാഹിയായി കക്ഷത്തില്‍ ബാഗും തിരുകി, തൊടക്ക് മുകളില്‍ കൈലി മാടികുത്തി, വായോഴിയാതെ വിവരദോഷം വിളമ്പി ക്ളബ് ഭരണവുമായി നടക്കുന്ന അനിയെ സങ്കല്‍പ്പിക്കാന്‍ പോലും ഞങ്ങള്‍ക്ക് കഴിയില്ലാരുന്നു. 

ചര്‍ച്ചകള്‍ക്കൊടുവില്‍ ക്ളബ് വേണ്ടാ എന്ന തീരുമാനത്തിലെത്തി. നാട്ടുകാര്‍ക്ക് ഗുണം ചെയ്യുന്ന തരത്തില്‍ ഒരു കൂട്ടായ്മ. ആ ചിന്ത പൗരസമിതി എന്ന ആശയത്തിന് വഴിവെക്കുകയും, ഭൂരിപക്ഷാഭിപ്രായത്തോടെ  തീരുമാനിക്കപ്പെടുകയും ചെയ്തു. അങ്ങനെ "പുരോഗമന പൗരസമിതി" നിലവില്‍ വന്നു. കലുങ്കില്‍ ഒത്തുകൂടുന്നതും അല്ലാതതതുമായ സകല ചില്ലറകളെയും പിടിച്ചു അംഗങ്ങള്‍ ആക്കി സംഘബലം കൂട്ടി. രൂപികരിച്ച നാള്‍ മുതല്‍ സമിതി പേരില്‍ മാത്രം പുരോഗമനം ഉള്‍ക്കൊണ്ടു പ്രവര്‍ത്തനരഹിതമായി നിലകൊണ്ടു.

തോന്ന്യാസികള്‍ എന്ന ലേബലില്‍ നിന്നും പൗരസമിതിക്കാര്‍ എന്ന പ്രോമോഷനോട് കൂടി ആയി പിന്നെയുള്ള അര്‍മ്മാദങ്ങള്‍ . തോന്ന്യാസങ്ങള്‍ക്കൊക്കെ ഒരു ഔദ്യോഗിക പരിവേഷം വന്നു. കാര്യമായ പ്രവര്‍ത്തനങ്ങള്‍ ഒന്നുമില്ലാതെ നാമമാത്രമായി സമിതി അങ്ങനെ തന്നെ നിലകൊണ്ടു.എങ്ങനെ, എന്ത്, എവിടെ തുടങ്ങണമെന്ന ആശയകുഴപ്പം തന്നെ ആരുന്നു കാരണം. പറഞ്ഞും കേട്ടും സമിതിയെ കുറിച്ച് നാട്ടുകാര്‍ അറിഞ്ഞു. നാട്ടുകാര്‍ അറിഞ്ഞതോടെ സാമൂഹ്യസേവനം ജന്മാവകാശമാക്കിയ ഗൗരവത്തോടെയായി  സമിതിക്കാരുടെ നടപ്പും ഭാവവും സംസാരവുമൊക്കെ.

കിണര്‍ കോരി ഇറക്കുക എന്നൊരു പരുപാടി ഉണ്ടന്ന് (ഇന്നുമുണ്ട് ). കിണറ്റില്‍ ഇറങ്ങി അഴുക്കുകളൊക്കെ നീക്കം ചെയ്തു...തൊടികളിലെ പായലും വഴുക്കലുമൊക്കെ തേച്ചിറക്കി വെള്ളം കോരി കളയണ പരുപാടി. മിക്ക വീടുകളിലും കിണറിറക്കാന്‍ ആളില്ലാതെ വിഷമിക്കുന്ന സമയം.അങ്ങനെ പൗരസമിതി ആ ദൗത്യം ഏറ്റെടുത്തു. കിണറിറക്കി കഴിയുമ്പോ ഒരു ഗ്ലാസ് ചായക്കൊപ്പം എന്തെങ്കിലുമൊരു കടിയുമുണ്ടാകും. അത് ഏത്തക്ക പുഴുങ്ങിയതോ, ചീനി വറ്റല്‍ കുഴച്ചതോ അങ്ങനെ എന്തെങ്കിലും ആവാം. സാമൂഹ്യ പ്രവര്‍ത്തനത്തിനൊപ്പം ആഹാരവും നാട്ടുകാര്‍ക്കിടയില്‍ ഒരു വിലയുമൊക്കെ ആയപ്പോ സമിതി അലസത വെടിഞ്ഞുണര്‍ന്നു.

കനാല്‍ പാലത്തിനു കിഴക്കായി കുടികിടപ്പ് സ്ഥലത്തന്നു കുറേ കുടുംബങ്ങള്‍ കൂട്ടമായി താമസിക്കുന്നുണ്ട് .വളരെ നിര്‍ധനരായ സാധാരണക്കാര്‍ .അതിലൊരു വീട്ടിലെ പെണ്‍കുട്ടിയുടെ വിവാഹമാണ്. സമിതിക്കാരുടെ സഹായം വേണമെന്ന് പറഞ്ഞപ്പോ സന്തോഷത്തോടെ എല്ലാരുമിറങ്ങി തിരിച്ചു. ഞങ്ങളുടെ നാട്ടിലൊക്കെ കല്യാണ പിറ്റേന്ന് മൈക്ക് സെറ്റ്  ഒക്കെ വെച്ചു സംഭാവന വാങ്ങുന്നൊരു വൃത്തികെട്ട കീഴ്വഴക്കമുണ്ട്. സംഭാവന തരുന്നവര്‍ വീട്ടില്‍ ഒരുക്കിയിരിക്കുന്ന കാപ്പിയുടെ(ഹലുവ, ഏത്തക്ക, അവല്‍ )  ഒരു പങ്കു കഴിച്ചിട്ട് പോകും. സമിതി തങ്ങളുടെ സേവനത്തിന്റെ ആദ്യഘട്ടമെന്ന രീതിയില്‍ കലവറ (കാപ്പിയുടെ പങ്കു പ്ലേറ്റുകളില്‍ സെറ്റ് ചെയ്യുന്ന മുറി) കൈകാര്യവും കാപ്പി സപ്ലൈയും ഏറ്റെടുത്തു. കലവറയുടെ ചാര്‍ജ് തുട അനിക്കും കുരുട്ടു പപ്പനും വിട്ടു കൊടുത്തു.  കലവറ സെറ്റ് ചെയ്യുമ്പോ ഉണ്ടായ തര്‍ക്കം അടിയുടെ വക്കുവരെ എത്തി. സേവനം ഒരു ശല്ല്യമാകുന്ന ഘട്ടമെത്തിയപ്പോ തല്‍സ്ഥാനത് നിന്നു രണ്ടിനേയും സപ്പ്ലൈയിലേക്ക് സ്ഥലം മാറ്റി, വേടന്‍ രാജുവിനെ കലവറ ഏല്‍പ്പിച്ചു. സപ്ലൈ ചെയ്യുമ്പോഴൊക്കെ ആരെയോ അനാവശ്യമായി കുറ്റം പറഞ്ഞും വന്നു പോകുന്ന പെണ്‍കുട്ടികളെ ട്യൂണ്‍ ചെയ്തും അനി പന്തലില്‍ ചെറിയ തോതില്‍ അലമ്പു തുടങ്ങി.

കല്യാണവീടുകളില്‍ പൊതുവേ കണ്ടു വരുന്ന ആളുകളാണ് വകുപ്പീരുകാര്‍ . എവിടെയും ഓടി നടന്നു...ഒരു പണിയും ചെയ്യാതെ നാക്ക് കൊണ്ട് കോണകമുടുപ്പിക്കുന്ന കുറേ ജന്മങ്ങള്‍ . കിളവന്മാരാന് ഏറെയും. ഈ കല്യാണ വീട്ടിലും ഒരെണ്ണം എത്തിപെട്ടു. വായില്‍ നിറഞ്ഞു നിക്കുന്ന മുറുക്കാന്‍ തുപ്പാതെ...ഒരു അഴകൊഴകന്‍ സംഭാഷണവുമായി സകലെരെയും ഭരിച്ചു നടക്കുന്നു.

പന്തലില്‍ ചില്ലറ അലമ്പുകളുമായി നടന്ന അനി വന്നു പെട്ടത് മൂപ്പില്സിന്റെ മുന്നില്‍ ." നീയാണോടാ ഇവിടുത്തെ സപ്പ്ലയര്‍ ...നിന്നെ ഞാന്‍ കുറേ നേരമായി ശ്രദ്ധിക്കുന്നു...നിന്റെ വാ ഒഴിഞ്ഞ നേരമില്ലല്ലോടാ...കലവറയില്‍ നിന്നെടുക്കുന്ന കാപ്പി ഒക്കെ ഇതെങ്ങോട്ടാടാ പോകുന്നത്..." വായിലെ മുറുക്കാന്‍ മൊത്തം അവന്റെ ദേഹത്തേക്ക് തെറുപ്പിച്ച് കൊണ്ട് അയാള്‍ പരുഷമായി ചോദിച്ചു.. ആകെ നിശബ്ദത...കലവറക്കുള്ളില്‍ നിന്നവരും ഞങ്ങളെല്ലാരും പന്തലിലേക്ക് നോക്കി...കലിപ്പുകള്‍ തീരുന്നില്ലല്ലോ തള്ളെ എന്ന ഭാവത്തില്‍ അനി അയാളെ തറപ്പിച്ചു നോക്കി....തൊടക്ക് തൊട്ടു മുകളില്‍ നില്‍ക്കുന്ന കൈലിയിലേക്ക് അനിയുടെ വലം കൈ നീളുന്നത് ഞങ്ങള്‍ ശ്രദ്ധിച്ചു. " ഈശ്വരാ" എന്നൊരു വിളി ഞങ്ങളുടെ തൊണ്ടയില്‍ കുരുങ്ങി...അവന്‍ കാപ്പി പോയ സ്ഥലം മൂപ്പില്സിനെ പൊക്കി കാണിക്കും...ഉറപ്പാണ്....അങ്ങനെ ഉണ്ടായാല്‍ കപ്പല്‍ കയറുന്നത് സമിതിയുടെ മാനമാണ്.  രംഗം വഷളാകുന്നു എന്ന് തോന്നിയപ്പോ സമിതിയിലെ വിവേകിയും മുതിര്ന്നവനുമായ മാക്കാന്‍ ഇടപെട്ടു...അനിയെ അനുനയിപ്പിച്ചു പന്തലിനു പുറത്തു കൊണ്ട് പോയി.

വീട്ടിലെ സ്ഥലപരിമിതി മൂലം കല്യാണം അടുത്തുള്ള ക്ഷേത്രത്തില്‍ വെച്ചാണ്. കല്യാണ സദ്യക്കുള്ള കാര്യങ്ങള്‍ തലേന്ന് രാത്രി തന്നെ ഒരുക്കും. ദേഹണ്ണക്കാരന് കുറേ സഹായികളെ വേണം. കൂലിക്ക് ആളെ നിര്‍ത്തി ചെയ്യിക്കാന്‍ ശേഷി ഇല്ലാതവരായത് കൊണ്ട് ഞങ്ങള്‍ ആ ജോലി ഏറ്റെടുത്തു. തേങ്ങ പൊതിക്കലും, തിരുമലും, അരി കഴുകലും, പ്രഥമനുള്ള അട പുഴുങ്ങിയുമൊക്കെ ഞങ്ങള്‍ ആവുംവിധം സഹായിച്ചു കൊണ്ടിരുന്നു. രാത്രി മൂന്നരയോടെ അരി അടുപ്പില്‍ ഇടണമെന്ന് ദേഹണ്ണക്കാരന്‍ പറഞ്ഞു. ആ ജോലി അനിയെ ഏല്‍പ്പിച്ചു. അടുപ്പിലേക്ക്  വാര്‍പ്പ് പിടിച്ചു വെച്ചു വെള്ളമൊഴിച്ച് തീകൂട്ടാന്‍ ഞാനും അവന്റൊപ്പം കൂടി. കുറേ കഴിഞ്ഞപ്പോ വകുപ്പീരുകാരന്‍ മൂപ്പില്സ് എവിടൊക്കെയോ തെണ്ടി തിരിഞ്ഞു അവിടെത്തി. " വെള്ളം തിളക്കുന്നെനു മുന്‍പാണോടാ അരി കഴുകി ഇടുന്നെ...ചഗായിക്കാന്‍ വന്നിരിക്കുന്നു....ഫൂ...." കലികൊണ്ട്‌ ചുമന്ന അനി അയാളുടെ മുഖത്ത് ചൂട് വെള്ളം കോരി ഒഴിക്കുമെന്നെനിക്ക് തോന്നി. ഞാന്‍ അവനെ ഇനിയും പ്രശ്നം ഒന്നുമുണ്ടാക്കല്ലേ എന്ന അപേക്ഷയോടെ ദയനീയമായി നോക്കി. കിളവന്‍ എന്തൊക്കെയോ പിറുപിറുത്തു കൊണ്ട് നടന്നു നീങ്ങി.

വെളുപ്പിനെ എപ്പോഴൊ കിട്ടിയ ബെഞ്ചിലും ഡെസ്കിലുമായി എല്ലാരും ഒന്ന് മയങ്ങി. കാലത്ത് തന്നെ കുളിച്ചു ക്ഷേത്രത്തിലെത്തി. വരന്റെ ആളുകള്‍ ഒമ്പതരക്ക് എത്തും. വരുന്നവര്‍ക്ക് സ്ക്വാഷ് വെള്ളം കലക്കി കൊടുക്കുന്നൊരു പതിവുണ്ടല്ലോ. സുതാര്യമായ പ്ലാസ്റിക് ഗ്ലാസില്‍ മഞ്ഞ നിറത്തിലുള്ള വെള്ളം പ്ലേറ്റില്‍ നിരത്തി വെച്ചു കൊണ്ട് നടന്നു കൊടുക്കാന്‍ ആണ്‍കുട്ടികള്‍ മത്സരമാണ്. അങ്ങനെ വെള്ളത്തിന്റെ സെറ്റ് അപ്പ്‌ അനിക്ക് വിട്ടു കൊടുത്തു. ഇങ്ങനുള്ള കാര്യങ്ങള്‍ ചെയ്യാന്‍ അവന്‍ കഴിഞ്ഞേ ഉള്ളാരും. അങ്ങനെ ഒമ്പതരയോടെ വരനും കൂട്ടരുമെത്തി....അനിയുടെ ട്രേഡ് മാര്‍ക്ക് ബോഞ്ചി വെള്ളം കുട്ടികള്‍ ഓടി നടന്നു വിതരണം ചെയ്തു. ആളുകള്‍ മണ്ഡപത്തിന് ചുറ്റുമുള്ള ഇരിപ്പിടങ്ങളില്‍ ആസനസ്തരായി. നാദസ്വരക്കാര്‍ അവരുടെ പരുപാടി തുടങ്ങി. 10 .30 ക്കാണു മുഹൂര്‍ത്തം.

അങ്ങനെ മുഹൂര്‍ത്തം അടുത്തു. നാദസ്വരവും തകിലടിയും മുറുകി. താലി പൂജയും അനുബന്ധ കാര്യങ്ങളും വേദിയില്‍ നടക്കുന്നു. അടുത്ത ഇനം ദക്ഷിണ വാങ്ങി പെണ്ണിനെ ചെറുക്കന്റെ കൈയ്യില്‍ ഏല്‍പ്പിക്കുക എന്ന ചടങ്ങാണ്. സാധാരണ പെണ്‍കുട്ടിയുടെ അച്ഛനാണ് ആ കൃത്യം നിര്‍വഹിക്കണ്ടത്. പെണ്ണിന്റെ അച്ഛന്‍ നേരത്തെ മരിച്ചു പോയത് കൊണ്ട് അമ്മാവനോ മറ്റു മുതിര്‍ന്ന ആണുങ്ങള്‍ ആരെങ്കിലും ആ കര്‍മ്മം നിര്‍വഹിക്കും.  അതിനുള്ള സമയമായി...വേദിയില്‍ ആകെ ഒരു ബഹളവും തിരക്കും. പതിവില്ലാത്ത തരത്തില്‍ ഉച്ചത്തില്‍ സംസാരങ്ങള്‍ .മണ്ഡപത്തിന് ചുറ്റും ആളുകള്‍ തടിച്ചു കൂടി.  സദ്യാലയത്തില്‍ ഇലയിട്ടു കൊണ്ട് നിന്ന ഞങ്ങള്‍ അവിടെക്കോടി എത്തി. എന്താണ് സംഭവം എന്നറിയാതെ കുഴഞ്ഞു...എല്ലാരും എന്തോ...ആരെയോ തിരയുന്നു...." എന്താ...എന്ത് പറ്റി...." മാക്കാന്‍ ഇടയ്ക്കു കയറി ചോദിച്ചു...."പെണ്ണിന്റെ കൈ പിടിച്ചു കൊടുക്കേണ്ട അവളുടെ അമ്മാവനെ കാണുന്നില്ല..." പരികര്‍മ്മി അക്ഷമയോടെ അതിലേറെ നീരസത്തോടെ പറഞ്ഞു..... " ആള് കല്യാണത്തിന് വന്നിരുന്നോ...."  മാക്കാന്‍ ചോദിച്ചു. "പിന്നേ...ഇന്നലെ നിങ്ങളുടെ കൂട്ടത്തിലെ  ആ ചെക്കനുമായി വഴക്കുണ്ടാക്കിയില്ലേ......അതാണ്‌ ആള്...ഇപ്പൊ ഈ നേരത്ത് അണ്ണനിത്  എവിടെ പോയോ ആവോ...." അത് പറഞ്ഞു പെണ്ണിന്റെ അമ്മ അലമുറയിട്ടു...

കല്യാണം മുഹൂര്ത്തത്തിനു നടന്നേ പറ്റൂ.അങ്ങനെ അവസാനം പെണ്ണിന്റെ വകയിലെ ചിറ്റപ്പന്‍ ആ കര്‍മ്മം നിര്‍വഹിച്ചു. അമ്മാവനെ കാണാത്ത വിവരം എല്ലാടുതും കാട്ടു തീ പോലെ പടര്‍ന്നു. ആറടി പൊക്കമുള്ള ഒത്തൊരു മനുഷ്യനെയാണ്  ഒരു മണിക്കൂറിനുള്ളില്‍ കാണാണ്ടായത് . ഒറ്റക്കും തെറ്റക്കും ആളുകള്‍ നാനാദിക്കിലേക്ക് അന്വേഷണ കുതുകികളായി പാഞ്ഞു. അമ്പലപറമ്പിലെ ആറാട്ട്‌ കുളത്തിലും...പൊട്ട കിണറ്റിലും പലവുരു പുറത്തു നിന്നും...ആളെ ഇറക്കിയും തപ്പിച്ചു.....ചിലര്‍ സൈക്കിളില്‍ അടുത്തുള്ള ഷാപ്പിലേക്ക് വെച്ചു പിടിച്ചു. വേടന്‍ രാജുവും സംഘവും വാറ്റുകാരുടെ കേന്ദ്രമായ പുന്നമൂട്ടിലേക്ക് ഓടി. പോയവര്‍ പോയവര്‍ നിരാശരായി തിരിച്ചു വന്നു..."മണിക്കൂര്‍ ഒന്നായി....ഇനിയിപ്പോ പോലീസില്‍ അറിയിക്കുന്നതാ ബുദ്ധി..." കൂടി നിന്നവരില്‍ ആരോ അഭിപ്രായപ്പെട്ടു.

എല്ലാം കണ്ടും കേട്ടും ആള്‍ക്കൂട്ടത്തില്‍ പകച്ചു നിന്ന മാക്കാനെയും എന്നെയും പിടിച്ചോണ്ട് തൊട അനി വെകളി പിടിച്ചവനെ പോലെ സദ്ദ്യാലയത്തിനു പിറകിലെക്കോടി. ഓട്ടത്തിനിടയില്‍ ചിന്തകള്‍ക്ക് തീ പിടിച്ചു....ഈശ്വരാ തലേന്നത്തെ ഉടക്കിന്റെ പേരില്‍ ഇവനിനി കിളവനെ എന്തെങ്കിലും ചെയ്തോ...എന്തിനാ ഇവന്‍ പിറകിലേക്ക് കൂട്ടി കൊണ്ട് പോകുന്നെ...അവിടെങ്ങാനും കെട്ടി ഇട്ടേക്കുവാണോ ....ആളൊഴിഞ്ഞ മൂത്രപുരക്ക് പിന്നിലെത്തി ആ ഓട്ടം നിന്നു...കിതപ്പടക്കി അവന്റെ രക്തശൂന്യമായ മുഖത്തേക്ക് ഞങ്ങള്‍ തുറിച്ചു നോക്കി....

" എനിക്കൊരബദ്ധം പറ്റി...നിങ്ങളെന്നോടു ക്ഷമിക്കണം....ഇതാരും അറിയാന്‍ പാടില്ല..." കൈകള്‍ കൂപ്പി കൊണ്ടവന്‍ കേണു....ക്ഷമയുടെ സകലവരമ്പുകളും ഭേദിച്ചു മാക്കാന്‍ അലറി..."നീ അയാളെ എന്ത് ചെയ്തു....മനുഷ്യനെ തീ തീറ്റിക്കാതെ ഒന്ന് പറഞ്ഞു തുലയ്ക്ക്...."

വിയര്‍പ്പില്‍ കുളിച്ച മുഖം ഷര്‍ട്ട്‌ കൊണ്ട് തുടച്ചു കൊണ്ടവന്‍ പറഞ്ഞു തുടങ്ങി...." ഇന്നലെ മുതല്‍ അയാള്‍ എന്റെ പിറകേ കൂടിയിരിക്കുകയാണ്. എങ്ങോട്ട് തിരിഞ്ഞാലും അയാളുടെ ശല്യമാണ് .അന്നേരം മുതല്‍ ഞാന്‍ അയാള്‍ക്കൊരു പണി കൊടുക്കാന്‍ കാത്തിരിക്കുവാരുന്നു. ഇന്നാണ്  അവസരം കിട്ടിയത്. ചെറുക്കന്‍ കൂട്ടര്‍ക്ക് കുടിക്കാന്‍ കലക്കിയ സ്ക്വാഷില്‍ അല്‍പ്പം വിം കലക്കി ഞാന്‍ കിളവന് കൊടുത്തു.......അയാള്‍ പെണ്ണിന്റെ അമ്മാവന്‍ ആണെന്നാരറിഞ്ഞു " തലയില്‍ ചൊറിഞ്ഞൊരു  ഉടായിപ്പ് ഭാവത്തോടെ നമ്രശിരസനായി അവന്‍ നിന്നു.അത്രയും പിരിമുരുക്കതിലും ഉള്ളില്‍ ഞാനാര്‍ത്തു ചിരിച്ചു.

അയാളെ ഉടന്‍ കണ്ടുപിടിച്ചേ പറ്റൂ. സദ്ദ്യാലയത്തിനു പിന്നില്‍ മൂത്രപുര മാത്രമേ ഉള്ളൂ. കകൂസില്ല. പിന്നേ അയാള്‍ എവിടെ പോയി. പോലീസിനെ അറിയിക്കും മുന്‍പ് കണ്ടു പിടിക്കണം. ഞങ്ങള്‍ മൂന്നാളും സദ്ദ്യാലയത്തിനു പിന്നിലുള്ള നീണ്ട പറമ്പിലൂടെ ലക്ഷ്യമില്ലാതെ ഓടി. റോഡും കടന്നു ജങ്ങ്ഷന് അടുത്തുള്ള കലുങ്ക് പാലത്തിലെത്തി. ചെറിയ തോടിനു കുറുകെ ഉള്ള കലുങ്ക് പാലത്തില്‍ നിന്നു കൊണ്ട് ചുറ്റുപാടും കണ്ണോടിച്ചു.....പെട്ടെന്ന് മാക്കാന്‍ എന്നെ തോണ്ടി....." ടാ അങ്ങോട്ട്‌ നോക്കിക്കേ...." മാക്കാന്‍ ചൂണ്ടിയ തൊട്ടുവക്കിലെ ചിറയിലേക്ക് ഞാന്‍ നോക്കി.... ഒരു വെള്ളായം...കാഴ്ച അത്ര വ്യക്തമല്ല....ഞങ്ങള്‍ കുറച്ചു കൂടി താഴേക്കിറങ്ങി ചെന്നു...അതെ...അത് നമ്മുടെ മൂപ്പീല്സു തന്നെ..ഞങ്ങള്‍ ഉറപ്പു വരുത്തി......ഞങ്ങള്‍ അയാളുടെ അടുത്തേക്ക് ചെന്നു.

ചക്കിലിട്ട് വലിച്ചവനെ പോലെ വിവശനായി അയാള്‍ ഞങ്ങളെ നോക്കി." അമ്മാവാ... പെണ്ണിന്റെ കൈ പിടിച്ചു കൊടുക്കണ്ട നേരത്ത് നിങ്ങളിവിടെ എന്തെടുക്കുവാ ...." ഒന്നുമറിയാത്തവനെ പോലെ മാക്കാന്‍ ചോദിച്ചു...." ഒന്നും പറയണ്ടാടാ പിള്ളാരെ...ഇന്നലെ രാത്രി കഴിച്ചതെന്തോ വയറ്റില്‍ പിടിച്ചില്ല...കുറേ നേരമായി ഈ ചിറയില്‍ ഇരുപാണ്...കാര്യങ്ങള്‍ നിയന്ത്രണവിധേയമല്ല. ..അങ്ങോട്ട്‌ വന്നവളുടെ കൈപിടിച്ച് കൊടുക്കണമെന്നൊക്കെ ആഗ്രഹമുണ്ട്...ഇവിടിന്നൊന്നു എഴുനേല്‍ക്കാന്‍ പറ്റിയിട്ടു വേണ്ടേ......" പറഞ്ഞിട്ടയാല്‍ ഞങ്ങളെ ദയനീയമായി നോക്കി. പൊട്ടി വന്ന ചിരി എങ്ങനെയോക്കെയോ കടിചൊതുക്കി, സഹതാപം മുഖത്ത് ഫിറ്റ്‌ ചെയ്തു അമ്മാവനെയും കൊണ്ട് പതുക്കെ അമ്പലത്തിലേക്ക് തിരിച്ചു.

"എനിക്കിങ്ങനെ ഒരു അമളി പറ്റിയ കാര്യം അവിടെ വിളമ്പി എന്നെ നാറ്റിക്കരുത്‌...തലചുറ്റി റോഡരുകില്‍ കിടക്കുവാരുന്നെന്നോ മറ്റോ പറഞ്ഞാല്‍ മതി ." അമ്മാവന്റെ സകല ഗര്‍വുകളും ആവിയായി ഞങ്ങളോട് കേണു. അനിയുടെ മുഖത്ത് ചന്ദ്രനും സൂര്യനുമോന്നിച്ചുദിച്ചു. എന്തൊക്കെ ആരുന്നു കിളവന്റെ അങ്കം. ഇപ്പൊ കാലുപിടിക്കുന്നു...അവനതിന്റെ രസം പിടിച്ചു പറഞ്ഞു." അതൊക്കെ ഞങ്ങളേറ്റു പക്ഷെ ഞങ്ങളാണ് നിങ്ങളെ രക്ഷിച്ചു കൊണ്ട് വരുന്നതെന്ന് എല്ലാരോടും പറയണം." സമ്മതിക്കുക അല്ലാതെ കിളവന് വേറെ വഴിയില്ലാരുന്നു. 

അമ്മാവന് എന്തെങ്കിലും അത്യാഹിതം സംഭവിച്ചു കാണുമെന്നു കരുതി നെഞ്ച് തല്ലിപൊളിച്ചു നിലവിളിചു കൊണ്ടിരുന്ന സ്ത്രീജനങ്ങള്‍ അമ്പലപറമ്പിലേക്ക് നടന്നു വന്നാളിനെ കണ്ടു സ്വിച്ച് ഓഫ്‌ ചെയ്ത പോലെ വായും പൊളിച്ചിരുന്നു. യുദ്ധം തോറ്റു വന്നവന്റെ ലജ്ജയോടെ അതിലേറെ അവശതയോടെ അമ്മാവന്‍ എല്ലാരെയും മാറി മാറി നോക്കി. എന്താണ് സംഭവിച്ചതെന്ന് അറിയാനുള്ള ആകാംഷയോടെ ജനം ഞങ്ങളെ നോക്കി.

"ഈ പിള്ളാരില്ലാരുന്നെങ്കില്‍ ആ റോഡില്‍ കിടന്നു ഞാന്‍ ചത്തേനെ..." പറഞ്ഞിട്ട് കിളവന്‍ ഇത് പോരേടെ എന്ന മുകേഷ് സ്റ്റൈലില്‍ ഞങ്ങളെ പാളി നോക്കി.കൂടി നിന്ന ബന്ധുക്കളും നാട്ടുകാരും ഞങ്ങളെ ആരാധനയോടെ, അതിലേറെ ബഹുമാനത്തോടെ നോക്കി. സമിതിയുടെ അസ്ഥിവാരം തന്നെ തോണ്ടുമായിരുന്ന സംഭവം ദാ തലകുത്തി ഞങ്ങള്‍ക്കനുകൂലമായി വന്നു ഭവിച്ചിരിക്കുന്നു. അനിയെ നോക്കി അര്‍ത്ഥഗര്‍ഭമായൊന്നു ചിരിച്ചിട്ട് ഞങ്ങള്‍ ഈശ്വരനോട് നന്ദി പറഞ്ഞു.  ആ സംഭവത്തോടെ സമിതിയുടെ ഗ്രാഫ് കുത്തനെ ഉയര്‍ന്നു..ഞങ്ങള്‍ നാട്ടിലെ താരങ്ങളായി. .. പുരോഗമന പൗരസമിതി നാട്ടുകാരുടെ പ്രിയ സമിതിയുമായി. 

Sunday, April 15, 2012

ഒരു ഫൈവ് സ്റ്റാര്‍ ഗള്‍ഫ്‌ യാത്ര

 
തൊഴില്‍രഹിതനായി നാട്ടില്‍ അലയുന്ന ഏതൊരു യുവാവിന്റെയും സ്വപ്നമാണ് ഗള്‍ഫിലൊരു ജോലി.അന്തര്‍സംസ്ഥാന തൊഴിലാളിയായി ഉത്തരേന്ത്യന്‍ നഗരങ്ങളില്‍ തെണ്ടിതിരിയുന്ന കാലത്താണ് കുവൈറ്റിലുള്ള കസിന്‍ ഒരു വിസാ തരപ്പെടുത്തിയത്.

കന്നിയാത്രക്കായി തയാറെടുക്കുമ്പോ പരിസരവാസികളായ റിട്ടയേഡ് ഗള്‍ഫന്മാര്‍ വീട്ടില്‍ തടിച്ചുകൂടി ബഡായികളും ഗള്‍ഫ്‌ കഥകളും കൊണ്ട്  രംഗം കൊഴുപ്പിച്ചു. വിസിറ്റ് വിസാ നോക്കി പലരും വായിതോന്നിയ പല വിവരദോഷങ്ങളും തോന്ന്യാസങ്ങളും വിളമ്പി.ആടിനെ തീറ്റു വിസാ ആണെന്ന പൂക്ക്രി മമ്മദിന്റെ ഡയലോഗിന്  അമേരിക്കന്റെ കമ്പനിയിലാണ് പണി എന്ന ചുട്ട മറുപടി കൊടുത്തു ഒതുക്കി.

വീട്ടുകാരും എന്നെ അറബിനാട്ടിലേക്ക് കെട്ടുകെട്ടിക്കുന്നതിന്റെ ആഘോഷ തിമിര്‍പ്പിലാരുന്നു.  തണ്ടിന്‍പുറത്തു പണ്ടെങ്ങോ വലിച്ചെറിഞ്ഞ വലിയ പെട്ടി അച്ഛന്‍ പൊടി തട്ടിയെടുത്തു. ആ വലിയ പെട്ടി തന്നു വിട്ടതിന്റെ ഉദ്ദേശം ഇന്നുമെനിക്ക്‌ അജ്ഞാതമാണ്. ഒരു പക്ഷേ തിരിച്ചു ചെല്ലുമ്പോ അറബിപൊന്‍നാണ്യം വാരി നിറച്ചോണ്ട് ചെല്ലുമെന്ന് കരുതി ആയിരുന്നിരിക്കാം.:) എന്നെ ഏതോ അജ്ഞാത ദീപിലേക്ക് യാത്ര അയക്കും പോലെ ഉമിക്കരി, തോട്ടുപുളി, നാക്കുവടിക്കാനുള്ള ഈര്‍ക്കില്‍ തുടങ്ങിയ ഒരു ഇടത്തരം മാര്‍ജിന്‍ ഫ്രീ കടക്കുള്ള സകലതും അതില്‍ കുത്തിനിറച്ചു. .

അങ്ങനെ രണ്ടായിരത്തി ആറ് ഫെബ്രുവരി പന്ത്രണ്ടിന് ഞങ്ങള്‍ ഇരുപതു തൊഴില്‍ തെണ്ടികള്‍ കന്നിയാത്രക്കായി  കൊച്ചി വിമാനതാവളത്തിലൊത്തുകൂടി.കഥകളില്‍ വായിച്ചറിഞ്ഞ, സിനിമയില്‍ കണ്ടു മറന്ന മണലാരണ്യത്തിലേക്കുള്ള യാത്ര. എയര്‍പോര്‍ട്ടിലെ ഔപചാരികതകള്‍ക്കായി നടന്നു നീങ്ങുമ്പോ പത്തേമാരി പോലുള്ള എന്റെ പെട്ടിയിലേക്ക് ആളുകള്‍ പാളി നോക്കി ചിരിക്കുന്നത് ഞാന്‍ കണ്ടു. അച്ഛനോട് വല്ലാത്ത ദേഷ്യം തോന്നി. കസിനു വേണ്ടി അച്ചാറും മറ്റു  അനുസാരികളും അടങ്ങിയ ചെറിയ ബാഗ് ഒരു കൈയ്യില്‍ . ജനത്തിന്റെ പരിഹാസ്യ ചിരിയില്‍ നിന്നും രക്ഷപെടാന്‍ പെട്ടി ഉന്തി തള്ളി പെട്ടെന്ന് തന്നെ ലഗ്ഗേജില്‍ കയറ്റി വിട്ടു.

എല്ലാരും കഴിയുന്നത്ര ഗെറ്റപ്പിലാണ് വന്നിരിക്കുന്നത്. കോലന്‍ അന്‍വറിന്റെ ശുഷ്കിച്ച അരയില്‍ നിന്നും ഊര്‍ന്നു പോയ പാന്റ് അവനൊരു വി ഐ പി ആണെന്ന് വിളിച്ചറിയിച്ചു. നാട്ടില്‍ പട്ടി ചന്തക്കു പോകുമ്പോലെ നടന്നിരുന്ന ഞാന്‍ പതിവിനു വിപരീതമായി ഷര്‍ട്ട്‌ പാന്റ്സിനുള്ളില്‍ തിരുകി എക്സികുട്ടീവ് സ്റ്റൈലില്‍ ആണ് .ആകെ കൂടി ഒരു തിക്ക്മുട്ട്. ഇരിക്കുമ്പോഴും നടക്കുമ്പോഴുമൊക്കെ എന്തൊക്കെയോ അസ്വസ്ഥത. ഭാരിച്ച ഷൂ  ഇട്ടു കാലില്‍ നീരുവെച്ചവനെ പോലെ ഞാന്‍ ഏന്തിയും വലിഞ്ഞും നടന്നു. കോമാളിവേഷം കെട്ടിയ ചമ്മലോടെ അടുത്തുള്ള സഹയാത്രികരെ മാറി മാറി നോക്കി.ബാഗ് ഒരുത്തനെ ഏല്‍പ്പിച്ചു ബാത്ത് റൂമിലെത്തി കണ്ണാടിയില്‍ നോക്കി.എന്തൊക്കെയോ എവിടൊക്കെയോ വീങ്ങിയും പൊങ്ങിയുമിരിക്കുന്നു.തുണി ഉരിഞ്ഞെറിയാനുള്ള ദേഷ്യം തോന്നി. നല്ലൊരു നാളേക്ക് വേണ്ടിയുള്ള വെച്ചുകെട്ടലുകളാണിതൊക്കെ എന്ന് ആത്മഗതം നടത്തി കണ്ണാടിയില്‍ നോക്കി സ്വയം ആശ്വസിച്ചു. സീറ്റില്‍ എത്തി വിമാനത്തിലേക്കുള്ള വിളിക്കായി ഉദ്വേഗത്തോടെ കാത്തിരുന്നു.

ഒമാന്‍ വഴിയുള്ള ഗള്‍ഫ്‌ എയര്‍ വിമാനത്തിലാരുന്നു യാത്ര. കന്നി യാത്രയുടെ പകപ്പോടെ വിമാനത്തിനുള്ളിലെ കുളിര്‍മ്മയില്‍ ഞങ്ങള്‍ ഓരോന്നും നോക്കി കണ്ടു.സുന്ദരികളായ എയര്‍ ഹോസ്റ്റസുമാര്‍ ചുണ്ടില്‍ ചായം തേച്ചു ഞങ്ങളെ മുട്ടിയുരുമി പലവുരു കടന്നു പോയി. ഞങ്ങള്‍ മൂന്നുപേര്‍ക്ക് അടുത്തടുത്ത്‌ സീറ്റ് കിട്ടി. ജാലകത്തിനരുകിലെ സീറ്റില്‍ ഞാന്‍ .നടുവില്‍ അബ്ബാസും അങ്ങേ അറ്റത്തായി സനലും. അറ്റത്തിരിക്കുന്ന സനലിനെ ഉരുമി സുന്ദരികള്‍ കടന്നു പോകുമ്പോഴൊക്കെ ഞാനും അബ്ബാസും അവനെ അസൂയയോടെ നോക്കി. വിമാനം പറന്നു പൊങ്ങി. അടുത്ത സീറ്റുകളിലെ യാത്രക്കാര്‍ ഹെഡ് ഫോണ്‍ വെച്ച് മുന്നിലെ ചെറിയ സ്ക്രീനില്‍ സിനിമകള്‍ കണ്ടു രസിച്ചു. ഞങ്ങളും മുന്നിലെ പൌച്ചില്‍ നിന്നും ഓരോ ഹെഡ് ഫോണ്‍ തപ്പിയെടുത്തു. തുടര്‍ച്ചയായ പരാക്ക്രമങ്ങള്‍ക്കൊടുവില്‍ ഞങ്ങളുടെ ടി വിയും പൂത്തു.

ലഘു ഭക്ഷണവുമായി എയര്‍ ഹോസ്റ്റസുമാരും സ്റ്റിവാട്സും എത്തി. വെളുപ്പാന്‍ കാലത്ത് വാട്ടചായയും മോന്തി ഇറങ്ങിയ ഞങ്ങള്‍ ആര്‍ത്തിയോടെ ഊഴവും കാത്തിരുന്നു. അങ്ങനെ സുന്ദരി എത്തി, ഓര്‍ഡര്‍ എടുത്തു..." വെജ് ഓര്‍ നോണ്‍ വെജ് " ഞങ്ങള്‍ കണ്ണില്‍ കണ്ണില്‍ നോക്കി...          " നോണ്‍ വെജ് " തീരുമാനം ഏകകണ്ഠം ആരുന്നു.നിമിഷങ്ങള്‍ക്കുള്ളില്‍ മൂന്നു ട്രേ എത്തി. ആദ്യം തുറന്നു നോക്കിയ സനലിന്റെ കണ്ണുകള്‍ തള്ളുന്നത് ഞാന്‍ കണ്ടു. എന്റെ കൈകള്‍ ദ്രുതഗതിയില്‍ മുന്നിലുള്ള ട്രേയുടെ അലൂമിനിയം ഫോയില്‍ വലിച്ചു പൊളിച്ചു. കോഴിയുടെ ഏതോ ഒരു ഭാഗം കാര്യമായ ഭാവഭേദങ്ങളില്ലാതെ എന്നെ നോക്കി കൊഞ്ഞണം കുത്തി. അതിന്റെ ഒരു കോണില്‍ നിന്നോരല്‍പ്പം പിച്ചി ഞാന്‍ വായില്‍ വെച്ചു നോക്കി. ഉപ്പില്ല എരുവില്ല. ഈശ്വരാ...ഇന്നും പട്ടിണി...ഒരു ദീനരോദനം എന്റെ തൊണ്ടയില്‍ കുടുങ്ങി... ട്രേയുടെ കോണിലിരുന്ന ഒരു കേക്ക് കക്ഷണത്തില്‍ ഞാനെന്റെ വിശപ്പൊതുക്കി.

വിമാനം ഒമാനില്‍ ഇറങ്ങാന്‍ പോകുന്നു എന്ന് അനൌണ്സ് ചെയ്തു, താന്നു തുടങ്ങി.ജാലകത്തിന് വെളിയിലെ കാഴ്ചകള്‍ക്ക് തെളിമ ഏറി..നയനസുഖം നല്‍ക്കുന്ന വിസ്മയകാഴ്ചകള്‍ , ഗള്‍ഫ്‌ നാട്...അതിതാ ജലാകത്തിനപ്പുറം പരന്നു കിടക്കുന്നു...അടുത്തിരുന്ന അബ്ബാസും ഞാനും അതാസ്വദിച്ചു കാണുമ്പോ പെട്ടെന്നൊരു ആക്രോശം. "ഞാനും കാശ് കൊടുത്താ കേറിയത്‌. ആഹാരമോ സ്വാഹ...ഇതെങ്കിലും മുതലാക്കട്ടെ....ഇങ്ങോട്ട് മാറെടാ... കണ്ടത് മതി. ഇനി ഞാന്‍ കാണട്ടെ." തുള്ളി ഉറഞ്ഞു നിക്കുന്ന സനലിനെ അകത്തേക്ക് കയറ്റി വിട്ടിട്ടു എയര്‍ ഹോസ്ടസ്സിന്റെ ഭംഗി ആസ്വദിച്ചു ഞാന്‍ സൈഡില്‍ ഇരുന്നു.

ഒമാനിലെത്തി, മണിക്കൂറുകള്‍ കഴിഞ്ഞു. കാത്തിരിപ്പിന്റെ ദൈര്‍ഘ്യം ഏറി വന്നു.വിമാനത്തിന്റെ സാങ്കേതിക തകരാറാണ് കാരണം. ഇരുന്നു മുഷിഞ്ഞ ഞങ്ങള്‍ കുറച്ചു പേര്‍ ഡ്യൂട്ടി ഫ്രീ ഷോപ്പിന്റെ നീളവും വീതിയും പലവുരു അളന്നു. ചിലര്‍ മദ്യ കുപ്പികള്‍ തൊട്ടും തലോടിയും വെള്ളമിറക്കി. വലിയന്മാരായ കൂട്ടുകാര്‍ ഒന്ന് വലിക്കാന്‍ മുട്ടിയിട്ടു തെക്ക് വടക്ക് പാഞ്ഞു. അന്യനാട്ടില്‍ ആരോട് സിഗററ്റ് വാങ്ങും.ഗ്ലാസിട്ട സ്മോക്കിംഗ് റൂമിനുള്ളിലിരുന്നു അറബികള്‍ മുന്തിയ ഇനം സിഗററ്റുകള്‍ വലിച്ചു തള്ളുന്നു. വലിയന്മാര്‍ ഇറച്ചികടക്ക്  മുന്നിലെ പട്ടിയെ പോലെ അറബിയുടെ വായിലേക്ക് നോക്കി നെടുവീര്‍പ്പിട്ടു. കൊതി കിട്ടി, നെറുകയില്‍ പുക കേറിയ ഒരു അറബി ഒരു പാക്കറ്റ് സിഗററ്റ് പുറത്തു വായിനോക്കി നിന്ന വലിയന്മാര്‍ക്ക് കൊടുത്തു. അഭയാര്‍ഥി ക്യാമ്പിലെ ആര്‍ത്തിയോടെ ആ കവര്‍ വലിയന്മാര്‍ കാലിയാക്കി.

കഴിച്ച കേക്ക് ദഹിച്ചു മാറിയിട്ട് മണിക്കൂറുകള്‍ കഴിഞ്ഞു.മൂളലുകളും അവശബ്ദങ്ങളും പുറപ്പെടുവിച്ചു വയര്‍ അപകടമണി മുഴക്കി. വെടി കൊണ്ട പന്നികളെപോലെ ഞങ്ങള്‍ കോറിഡോറിലൂടെ എങ്ങോട്ടൊക്കെയോ അലഞ്ഞു. സ്ഥലമറിയില്ല, ആരോട് പറയണമെന്നറിയില്ല. അവസാനം ഒരു സഹൃദയന്റെ സഹായത്തോടെ എയര്‍ലൈന്‍സ്‌കാരുടെ ഓഫീസ് കണ്ടു പിടിച്ചു; വാഗ്വാദങ്ങള്‍ക്കൊടുവില്‍ കുത്തിയിരുപ്പ് സത്യാഗ്രഹം നടത്തി പ്രശ്നത്തിന് പരിഹാരം കണ്ടു. കാത്തിരിപ്പിനൊടുവില്‍ ഏതോ വിമാനത്തില്‍ അബുദാബിയിലേക്ക് കൊണ്ട് പോയി. എയര്‍പോര്‍ട്ടിലെ  പ്രൌഡഗംഭീരമായ പിയാനോ ബാറിലും പരിസരപ്രദേശങ്ങളിലും അങ്ങാടിയിലെ ആടുകളെ പോലെ ഞങ്ങള്‍ മേഞ്ഞു നടന്നു.

ക്ഷീണിതരായ പലരും പെട്ടിയിലും തൂണിലും ചാരിയിരുന്നു മയങ്ങി.രാവിന്റെ ഏതോ യാമത്തില്‍ നേരെ ബഹറിനിലേക്ക്. വിമാനതാവളത്തിന്റെ നീണ്ട കോറിഡോറിലൂടെ തലങ്ങും വിലങ്ങും  നടന്ന നടപ്പ് നേരെ നടന്നിരുന്നെങ്കില്‍ ആ രാത്രി തന്നെ കുവൈറ്റില്‍ എത്തിയേനെ .രാവിലെ ആറ് മണിയോടെ ഒരു തരുണീമണി എല്ലാരേയും ബോര്‍ഡിംഗ്നായി വിളിച്ചു. പാസ്സ്പോര്‍ട്ടും ബാഗുമെടുത്ത്‌  ഘനംതൂങ്ങിയ കണ്ണുകള്‍ ബലമായി തുറന്നു പിടിച്ചു  ലൈന്‍ലേക്ക് നടക്കുമ്പോ രണ്ട് അറബികള്‍ അവിടേക്ക് വന്നു. ഞങ്ങളുടെ കൂട്ടത്തിലെ ആദ്യത്തെ ആളിന്റെ പാസ്പോര്‍ട്ട്‌ വാങ്ങി മറിച്ചു നോക്കി. എന്തൊക്കെയോ അവ്യക്തമായി പറഞ്ഞിട്ട് കൂട്ടികൊണ്ട് പോയി. അല്‍പ്പ സമയത്തിനുള്ളില്‍ വീണ്ടും വന്നു. അടുത്ത ആളെയും കൂട്ടി കൊണ്ട് പോയി. പോയവര്‍ ആരും തിരിച്ചു വരാതെ ആയപ്പോ ഞങ്ങള്‍ക്കു വെപ്രാളമായി. പിന്നെ ഒന്നും ആലോചിച്ചില്ല, മുന്നും പിന്നും നോക്കാതെ മര്യാദയുടെ അതിര്‍വരമ്പുകള്‍ ഭേദിച്ച് സിനിമാ തിയേറ്ററില്‍ സ്ഥിരമായി പയറ്റിയിട്ടുള്ള കസര്‍ത്ത് പുറത്തെടുത്തു ലൈനില്‍ പല ഇടങ്ങളിലായി ഇടിച്ചു കയറി. വിമാനത്തിലെത്തിയപ്പോ പിടിച്ചോണ്ട് പോയ മൂന്നുപേര്‍ മിസ്സിംഗ്‌ .വിമാനം പറന്നു പൊങ്ങി.

പാസ്പോര്‍ട്ടും ബാഗും കെട്ടിപിടിച്ചിരിക്കുമ്പോ നല്ലപോലെ ഒന്ന് നെടുവീര്‍പ്പിട്ടു. "ഈശ്വരാ ഭാഗ്യമുണ്ട്...അവന്മാര് പിടിച്ചോണ്ട് പോയിരുന്നെങ്കില്‍ എന്ത് ചെയ്തേനെ..." അറബികള്‍ കൂട്ടി കൊണ്ടുപോയവര്‍ക്കെന്തു പറ്റിയെന്ന ചിന്ത വേറെയും. അങ്ങനെ അവസാനം കുവൈറ്റിലെത്തി. കമ്പനിക്കാരോട് മൂന്നുപേരെ മിസ്സ്‌ ആയ വിവരം ധരിപ്പിച്ചു. കൂട്ടുകാര്‍ക്ക് പറ്റിയ ദുര്യോഗത്തില്‍ പരിതപിചെല്ലാരും പിരിഞ്ഞു.

അടുത്ത ദിവസം ഞങ്ങള്‍ ക്യാമ്പിനു മുന്നില്‍ നില്‍ക്കുമ്പോ ഒരു വാഹനം വന്നു നിന്നു. സ്വാഭാവികമായും എല്ലാരുടെയും നോട്ടം അതിലേക്കു നീണ്ടു. വാഹനത്തില്‍ നിന്ന് പുറത്തിറങ്ങിയവരെ ഞങ്ങള്‍ അത്ഭുതത്തോടെ നോക്കി. നിറചിരിയോടെ ദേ ഇറങ്ങി വരുന്നു അറബികള്‍ പിടിച്ചോണ്ട് പോയ മൂന്നെണ്ണം .അമ്പരപ്പോ ക്ഷീണമോ ഒന്നുമല്ല ആ മുഖങ്ങളില്‍ നിറഞ്ഞ ചിരി മാത്രം.

ഉദ്വേഗഭരിതരായി ഞങ്ങള്‍ അവര്‍ക്ക് ചുറ്റും കൂടി..." എന്താ സംഭവിച്ചേ...എന്തിനാ നിങ്ങളെ അവര്‍ വിളിച്ചോണ്ട് പോയത് ..." ചോദ്യങ്ങളുടെ ഒരു ഘോഷയാത്ര തന്നെ ആരുന്നു. ...വന്നിറങ്ങിയവരില്‍ രസികനായ വിജിത്ത് അല്‍പ്പം ഗമയോടെ പറഞ്ഞു തുടങ്ങി..."ആ ഫ്ലൈറ്റില്‍ മൂന്നു അറബികള്‍ക്ക് അത്യാവശ്യമായി കുവൈറ്റിലേക്ക് പോകണമാരുന്നു...അപ്പൊ ഞങ്ങളുടെ ബോര്‍ഡിംഗ് പാസ്‌ വാങ്ങി അവരെ കയറ്റി വിട്ടു...പിന്നെ...അവിടുത്തെ ഫൈവ് സ്റ്റാര്‍ ഹോട്ടലില്‍ കൊണ്ട് പോയി മുറി തന്നു....ഫൈവ് സ്റ്റാര്‍ ഭക്ഷണം.. രാത്രി കുപ്പി...ഹോ...ഒന്നും പറയണ്ടാ...ശരിക്കും അടിച്ചു പൊളിച്ചു......ഹാ...അതിനൊക്കെ ഒരു യോഗം വേണം......." പറഞ്ഞു നിര്‍ത്തിയിട്ടു അവന്‍  അവഞ്ജയോടെ ഞങ്ങളെ നോക്കി.

കണ്ണില്‍ കണ്ണില്‍ നോക്കി ഞങ്ങള്‍ നെടുവീര്‍പ്പിട്ടു. അറബികളെ  പേടിച്ചു ലൈനില്‍ ഇടിച്ചു കേറാന്‍ തോന്നിയ  നശിച്ച മുഹൂര്തത്തെ ശപിച്ചു കൊണ്ട് ഇച്ഛാഭംഗത്തോടെ തലയും താഴ്ത്തി ഞങ്ങള്‍ നടന്നു നീങ്ങി.   

Wednesday, March 28, 2012

ഓരോ പണി വരുന്ന വഴിയേ..


സുബ്രാവ് ജങ്ങ്ഷന്‍ . പരിഷ്കാരങ്ങളും ആര്‍ഭാടങ്ങളും.. എന്തിനു ഒരു മാടകടപോലുമില്ലാത്ത ഞങ്ങളുടെ ജങ്ങ്ഷന്‍ .കനാല്‍ പാലത്തിനെ ആണ് അങ്ങനെ വിളിച്ചു പോന്നത്. പാലത്തിനു മുകളിലെ കലുങ്ക് കൗമാരക്കാരുടെ പറുദീസയാണ്. മൂവന്തിനേരത്ത് കൂടണയുന്ന പക്ഷികളെ പോലെ എല്ലാരുമവിടെ ഒത്തുകൂടും. കോളേജിലെ ലൈന്‍ അടി..ഉത്സവപറമ്പിലെ വായിനോട്ടം...സ്ഥലതോടുന്ന തുണ്ട് പടം....മാറില്‍ തോര്ത്തിടാതെ നടക്കുന്ന അമ്മിണിച്ചേയി.. ഇങ്ങനെ കൗമാര വാര്‍ത്തകള്‍ പലതും  അവിടെ ചര്‍ച്ച ചെയ്യപ്പെടും......
 
അന്ന് ഞാന്‍ പ്രീ-ഡിഗ്രീ ഒന്നാം വര്‍ഷം. ആറരക്കു കലുങ്കില്‍ കേറിയാല്‍ രാത്രി ഒമ്പതര ആകാതെ വീടുപിടിക്കില്ല. അമ്മയുടെ വഴക്കുകള്‍ കൗമാരക്കാരന്റെ കൂസലില്ലായ്മയില്‍ മുങ്ങി പോവാറാണ് പതിവ്. കലുങ്കിലെ അലമ്പുകളില്‍ നിറസാനിദ്ധ്യമായി അനി ഉണ്ടാവും. തൊട അനി. അതെ...അതാണ്‌ അവന്റെ ഇരട്ട പേര്. തൊടവരെ കൈലി പൊക്കി കുത്തി നടക്കുന്ന എലുമ്പന്‍. സമീപ ഭൂനിരപ്പില്‍ നിന്നും പൊക്കത്തിലുള്ള പാലത്തില്‍ അടിവസ്ത്രമെന്ന രക്ഷാകവചമില്ലാതെ പരിസരവാസികളെ  ലജ്ജിപ്പിച്ചു കൊണ്ടൊരു നിപ്പു നിക്കും. തെറി വിളിച്ചാലോ വഴക്ക്  പറഞ്ഞാലോ ഒന്നും അവനു കൂസലില്ല. അടിവസ്ത്രം അവന്റെ ചിന്തയില്‍ ഒരു ആര്‍ഭാട വസ്തുവാണ്.  കാശ് മുടക്കി വാങ്ങി ആരും കാണാത്തിടത് ഇട്ടിട്ടെന്തു കാര്യം എന്ന വാദമുഖവും . 
 
 
ഒരേ ക്ലാസ്സില്‍ നാലു വര്‍ഷത്തില്‍ കൂടുതല്‍ ഇരിക്കണമെങ്കില്‍ പണം അങ്ങോട്ട്‌ കൊടുക്കണമെന്ന് ഹെഡ് മാഷ്‌ ശടിച്ചത് കൊണ്ട് ആറാം ക്ലാസ്സില്‍ വെച്ചവന്‍ വോളന്ററി റിട്ടയര്‍മെന്റ് എടുത്തു. പരീക്ഷകള്‍ക്കും അഭിമുഖങ്ങള്‍ക്കും കാത്തു നില്‍ക്കാതെ നേരെ ചെന്നു വാസ്വേട്ടന്റെ മൊസൈക് കമ്പനിയില്‍ ഉരപ്പു തൊഴിലാളിയായി ചേര്‍ന്നു. കാലത്തൊരു  പ്ലാസ്റ്റിക് കവറും തൂക്കി പോകുന്ന അവനെ ഞാന്‍ അസൂയയോടെ നോക്കി നിന്നിട്ടുണ്ട്. പഠിക്കാന്‍  പോകണ്ടല്ലോ. പോരെങ്കില്‍ വൈകിട്ട് കാശും കിട്ടും. കലുങ്കിലെ  രാവുകളില്‍   അവന്‍ താരമായി. ഉച്ചക്ക് കഴിച്ച ബിരിയാണിയെ  പറ്റി, വഴിയില്‍ കിട്ടുന്ന കടപലഹാരങ്ങളെ പറ്റി ബസ്സില്‍ അവന്‍ മുട്ടി ഉരുമി നില്‍ക്കുന്ന പണിക്കാരി പെണ്ണുങ്ങളെ പറ്റി  ഒക്കെ ഒരുപാട് വിശേഷങ്ങള്‍ പൊടിപ്പും തൊങ്ങലും ചേര്‍ത്ത് വിളമ്പി അവന്‍ ഞങ്ങളെ രസിപ്പിച്ചു. എന്തൊക്കെ കഴിച്ചിട്ടും അവന്റെ എലുമ്പന്‍ ശരീരം അങ്ങനെ തന്നിരുന്നു. അതവനില്‍ അപകര്‍ഷതാ ബോധം നിറച്ചു കൊണ്ടേ ഇരുന്നു. 
 
 
അങ്ങനെ വേനലവധി കാലമായി. ഗോലി കളിച്ചും പറങ്ങിയണ്ടി കീച്ച് കളിച്ചും ആണ്‍കുട്ടികള്‍ അര്‍മ്മാദിച്ചു. സ്വതവേ വീട്ടില്‍ ഒതുങ്ങി കൂടിയിരുന്ന പെണ്‍കുട്ടികള്‍ക്ക് ഒരു സന്തോഷ വാര്‍ത്തയുമായാണ് മല്ലികടീച്ചര്‍ നാട്ടില്‍ തിരിച്ചെത്തുന്നത്. ബാലേകളിലും  നാടകങ്ങളിലും  അഭിനയിക്കാന്‍ മധുരപതിനേഴില്‍ നാട് വിട്ടു പോയതാണ് അവര്‍ . ഇനി നാട്ടില്‍ കുട്ടികളെ നൃത്തം അഭ്യസിപ്പിച്ചു ഒതുങ്ങി കൂടാന്‍ തീരുമാനിച്ചു. പണ്ട് നാട് വിട്ടു പോവുമ്പോ കൊലുന്നനെ ഇരുന്ന ടീച്ചര്‍ ഒരു ഒത്ത പെണ്ണായി തിരിച്ചു വന്നപ്പോ ചെറുപ്പക്കാര്‍ക്ക് കണ്ണിനു വിരുന്നായി. കലുങ്കില്‍ ഞങ്ങളുടെ ചര്‍ച്ചകളില്‍ ടീച്ചര്‍ നിറഞ്ഞു നിന്നു. 
 
 
പണ്ട് എഴുത്തു പള്ളികുടമായിരുന്ന പഴയ കെട്ടിടത്തിലാണ്  ടീച്ചര്‍ ക്ലാസ് തുടങ്ങിയത്. അതിന്റെ നീണ്ട വരാന്തക്കു പുറത്തു തടി എഴികളില്‍ പിടിച്ചു കഴുകന്‍ കണ്ണുകളുമായി ഞാന്‍ ഉള്ള്പ്പെടുന്ന കലാസ്വാദകര്‍ ടീച്ചറുടെ മുദ്രയിലും ലാസ്യഭാവതിലും അലിഞ്ഞു ഇങ്ങനെ നിക്കും. സായാന്ഹ ചര്‍ച്ചകളില്‍ ഒരിക്കല്‍ അനി പറഞ്ഞു  " ഈ ടീച്ചര്‍ ഇവിടുന്നു പോകുമ്പോ എനിക്ക് പത്തു വയസ്സുണ്ട്....ഒരു എല്ലൂചി ആരുന്നെടെ ഇവര്...ഇപ്പൊ എങ്ങനെ ഈ പരുവമായി...!!!" എലുമ്പനായ  അവന്റെ ചിന്തകള്‍ ആ വഴിക്ക് കാട് കയറി. 
 
 
തുടര്‍ന്നുള്ള ദിവസങ്ങളിലും അനി അവന്റെ സംശയം ആവര്‍ത്തിച്ചു കൊണ്ടേ ഇരുന്നു. അവനിട്ടൊരു പണി കൊടുക്കുന്നതിനെ കുറിച്ച് ഞാന്‍ ചിന്തിച്ചു.
 
 
സായാഹ്ന അലമ്പുകള്‍ കൊടുമ്പിരി കൊള്ളുന്ന ഒരു ദിവസം  " ടീച്ചര്‍ ഈ തടി വെച്ചത് മരുന്ന് കഴിച്ചിട്ടാണ്..എന്തോ ഗുളിക കിട്ടുമത്രേ...അത് രാത്രിയില്‍ ആഹാരത്തിനു ശേഷം ഒരു വര്‍ഷത്തോളം കഴിച്ചിട്ടാണ് പോലും തടി ഇങ്ങനെ ആയതെന്നു തെക്കേലെ കോമളേച്ചി പറഞ്ഞു "  പറഞ്ഞവസാനിപ്പിച്ചിട്ടു അനിയെ ഞാന്‍ പാളി നോക്കി. അവന്റെ കണ്ണുകളില്‍ പ്രതീക്ഷയുടെ ആയിരം പൂത്തിരികള്‍ കത്തി. ..ആശയുടെ വെള്ളിവെളിച്ചം മുഖത്ത് പടര്‍ന്നു...ആരാധനയോടെ എന്നെ നോക്കി, ശബ്ദം താഴ്ത്തി പറഞ്ഞു " നീ അവരോടു ആ മരുന്നിന്റെ പേരൊന്നു ചോദിക്ക് ...എന്റെ ഈ തടി ഒന്ന് ജോറാക്കാനാ..." സ്വതവേ അഹങ്കാരത്തോടെ മാത്രം പെരുമാറുന്ന അവന്‍ അപ്പോള്‍ കേഴുന്ന പോലെനിക്കു തോന്നി. 
 
 
" നാളെ നോക്കട്ടെ...പറ്റിയാല്‍ ചോദിക്കാം..." ഞാന്‍ അല്‍പ്പം വെയിറ്റ് ഇട്ടു. അവന്‍ ദയനീയമായി എന്നെ നോക്കി. ശരി ആക്കാമെടാ ഉവേ എന്ന ഭാവത്തില്‍ ഞാന്‍ അവനെ സമാധാനിപ്പിച്ചു വിട്ടു. അന്നൊക്കെ ആരോഗ്യ മാസികകളിലെ ലൈംഗിക ചോദ്യങ്ങള്‍ സ്ഥിരമായി വായിച്ചു നിര്‍വൃതി കൊണ്ടിരുന്ന ഒരു അനുവാചകനാണ്  ഞാന്‍ . ആ അറിവും ഓര്‍മ്മയും വെച്ചു ഞാന്‍ കരുക്കള്‍ നീക്കി. പഴയ മാസികകള്‍ അരിച്ചു പെറുക്കി. അങ്ങനെ അവസാനം ആ പേര് ഞാന്‍ കണ്ടു പിടിച്ചു. ഒരു വെള്ള കടലാസില്‍ വൃത്തിയായി എഴുതി, മടക്കി പോക്കെറ്റില്‍ ഇട്ടു.
 
 
വൈകിട്ട് പതിവിലും നേരത്തെ കലുങ്കിലെത്തിയ അനി അക്ഷമനായി എനിക്ക് വേണ്ടി കാത്തിരുന്നു. വഴിയില്‍ നിന്നു വാങ്ങിയ ഉള്ളി ഭജ്ജി കൈകൂലിയായി കൈയ്യില്‍ കരുതിയിരുന്നു.  അവനെ ആകാംഷയുടെ മുള്‍മുനയില്‍ നിര്‍ത്തി ഞാന്‍ ബജ്ജി അകത്താക്കി. അല്‍പ്പം ഗൗരവത്തോടെ പോക്കറ്റില്‍ നിന്നും പേപ്പര്‍ എടുത്തു നിവര്‍ത്തി. വായിച്ചു.ഗൗരവം വിടാതെ  അവനെ ഉപദേശിച്ചു "കടക്കാര് പറയുന്നപോലെ കഴിച്ചാലേ പ്രയോജനമുള്ളൂ."ഒക്കെ തലകുലുക്കി  സമ്മതിച്ചത്തവന്‍ പോക്കറ്റില്‍ വെച്ചു. 
 
 
അടുത്ത സായാന്ഹം അത്രയ്ക്ക് ശുഭകരമാവില്ലെന്നു അറിയുന്നത് കൊണ്ട് തന്നെ ഞാന്‍ വീട്ടില്‍ ഒതുങ്ങി കൂടി. കലുങ്കിലിരിപ്പ് നിര്‍ത്തി വീട്ടില്‍ ഒതുങ്ങി കൂടിയ മകനെ ഓര്‍ത്തമ്മ സന്തോഷിച്ചു.  എന്റെ ചിന്തകള്‍ അനിയെ കുറിച്ചാരുന്നു. കലുങ്കില്‍ ഇപ്പൊ എന്തായിരിക്കാം നടക്കുന്നത്. അതറിയാന്‍ എനിക്ക് കാലത്ത് വരെ കാത്തിരിക്കണ്ടി വന്നു. അനി കുറിപ്പുമായി മെഡിക്കല്‍ സ്റ്റോറില്‍ എത്തി. സുന്ദരിയായ യുവതിയെ അതെല്പ്പിച്ചു. "മാലാടി ". അതുവായിച്ചവരനെ  നോക്കി ഒന്ന് ചിരിച്ചു, അവനുമൊരു ചിരി മടക്കി നല്‍കി. അവര്‍ വീണ്ടുമവനെ നോക്കി ഒന്നൂറി ചിരിച്ചു. ആ ചിരിക്കൊരു മറുചിരി കൊടുക്കാന്‍ അവന്‍ മടിച്ചു...ഒരു പിശക് ചിരി ആണല്ലോ അത്....ആ ചിന്തയില്‍ നിന്നവനെ ഉണര്‍ത്തി കൊണ്ട് സുന്ദരിയുടെ ചോദ്യം വന്നു " ആര്‍ക്കാ ഇത്?"   " എനിക്കാ...രണ്ടു കവര്‍ എടുത്തോ എന്നും വരണ്ടാല്ലോ " സങ്കോചമേതുമില്ലാതെ ചിരിച്ചു കൊണ്ടവന്‍  പറഞ്ഞു. ചിരിയോതുക്കാന്‍ കഴിയാതെ യുവതി പൊട്ടി പൊട്ടി ചിരിച്ചു...കാര്യം മനസ്സിലാകാതെ ഇളിഭ്യനായി പല്ലുമിളിച്ചു നിക്കുന്ന  അവനെ നോക്കി കടക്കാരനും ഉറക്കെ ചിരിച്ചു...." ടാ കൊച്ചനെ ഇത് ഗര്‍ഭനിരോധന ഗുളികയാ...നിനക്കാരോ പണി തന്നതാ..."
 
പരിഹാസ്യനായി തിരിച്ചെത്തിയ അനി കലുങ്കില്‍ പൂരപ്പാട്ട്  പാടി. എന്റെ വീട്ടില്‍ അച്ഛന്‍ പലവുരു തുമ്മി, ഒച്ചയടച്ചു. അവന്റെ കൈയ്യില്‍ കിട്ടിയാല്‍ ശരിയാക്കുമെന്ന് അറിയാവുന്ന കൊണ്ട് കുറേ ദിവസം വീട്ടില്‍ തന്നെ ഒതുങ്ങി കൂടി.വീട്ടുകാരും എന്റെ താല്കാലികമായ നല്ലനടപ്പില്‍  കാര്യമറിയാതെ സന്തോഷിച്ചു. 
 
 
ഓഫ്‌ :  ഇന്ന് മൂന്നു മക്കളും ഭാര്യവുമായി കഴിയുന്ന അവനെ അവധികാലത്ത് കണ്ടപ്പോ ഞാന്‍ പറഞ്ഞ ഒരു ഡയലോഗ് " ടാ മൂന്നായില്ലേ....ഇനി ..?..ഓ പറഞ്ഞ പോലെ ഗര്‍ഭനിരോധന  ഗുളികയുടെ പേര് നിനക്കറിയില്ലല്ലോ...അല്ലേ....അന്ന് ഞാന്‍ എഴുതി തന്ന കുറിപ്പ് സൂക്ഷിച്ചു വെച്ചുകൂടാരുന്നോ" . അത് കേട്ടു എന്റെ തോളില്‍ തട്ടി അവന്‍ ആര്‍ത്തു ചിരിച്ചു.

Saturday, January 21, 2012

മുട്ടയുടെ വഴിതേടി..


2001 April. അതിസാരവും ചര്‍ദ്ദിയും ദുസ്സഹമാക്കിയ നോയിഡ  ജീവിതം അടിയന്തിരമായി അവസാനിപ്പിച്ചു നാട്ടിലെത്തി. അതിസാരാന്തര ശുശ്രൂഷകളും ശരീരം   പുഷ്ടിപ്പെടുത്തലുമൊക്കെയായി  മൂന്ന്‍ നാലു മാസം. കലുങ്കിലിരിപ്പും ഊരുതെണ്ടലും പണ്ടത്തേക്കാള്‍ പൂര്‍വാധികം പുരോഗമിക്കുന്നത് കണ്ടപ്പോ വീട്ടുകാരുടെ മനസ്സില്‍ അപകടമണി മുഴങ്ങി. രാത്രി ഊണിനൊപ്പം അമ്മ ഉപദേശങ്ങള്‍ കൂടി വിളമ്പിയപ്പോ എന്നെ കുറിച്ചുള്ള വീട്ടുകാരുടെ ആശങ്കകള്‍ മറനീക്കി പുറത്തുവന്നു. "ഞാന്‍ ജോലിയൊന്നും ചെയ്യാതെ മൂന്നിന് നാലു നേരം ഉരുട്ടി മിഴുങ്ങുന്നത് കൊണ്ടല്ലേ എപ്പോഴുമിങ്ങനെ ഉപദേശിക്കുന്നത്....ഞാന്‍ എവിടെങ്കിലും പോയി തരാം......" വൈകാരിക മുതലെടുപ്പെന്നോണം ഞാനൊരു  ഡയലോഗ് വിട്ടു. ഇരുപത്തിമൂന്ന് വര്‍ഷമായി എന്റെ സകല ഉടായിപ്പുകളും കണ്ടിട്ടുള്ള  അമ്മയുണ്ടോ കുലുങ്ങുന്നു. " എത്രയോ ഇന്റര്‍വ്യൂകള്‍ നടക്കുന്നു, പോയി നോക്കി കൂടെ നിനക്ക്... നിനക്കുമൊരു ജീവിതം വേണ്ടേ...അച്ഛനുമമ്മയും കല്ലും മരവുമൊന്നുമല്ല...നിന്നെ കുറിച്ചുള്ള ഞങ്ങളുടെ ചിന്തകള്‍ നിനക്ക് മനസ്സിലാവില്ല...." സാരി തുമ്പ് കൊണ്ട് നനവൂരിയ കണ്ണുകള്‍ ഒപ്പി അമ്മ അടുക്കളയിലേക്കു പോയി.


അതൊരു കാളരാത്രിയാരുന്നു. ചിന്തകള്‍ പലവിധമാരുന്നു. അമ്മ പറഞ്ഞതില്‍ കാര്യമുണ്ട്. കാളകളിച്ചു നടന്നാല്‍ ജീവിതമെങ്ങും  എത്തില്ല. വയസ്സ് ഇരുപത്തിമൂന്നു ആയി.കൂടെ പഠിച്ചവരൊക്കെ പി എസ്‌ സി ഒക്കെ എഴുതി എടുത്തു. ഞാന്‍ മാത്രം  ഇങ്ങനെ തെണ്ടി തിരിയുന്നു.....
നേരം വെളുത്തപ്പോ തന്നെ മനോരമ പത്രം തിന്നാന്‍ തുടങ്ങി. ക്ലാസ്സിഫയിട്സ്  നോക്കി...'വാക്ക് ഇന്‍ ഇന്റര്‍വ്യൂ' കണ്ണില്‍ തടഞ്ഞു. ഹൈദേരാബാദിലെ  സ്കൂളിലേക്ക് സാറുമ്മാരെ വേണം. ഇന്റര്‍വ്യൂ നടക്കുന്നത് ചെങ്ങന്നൂരില്‍ വെച്ചു. യൂ പി സ്കൂളിലേക്ക് ബി എഡ് വേണ്ടാ. ഇംഗ്ലീഷ് ഫ്ലുവന്റ് ആയിരിക്കണം. എന്തോ, ആംഗലേയഭാഷ വലിയ കുഴപ്പമില്ലാതെ കൈകാര്യം ചെയ്യാന്‍ അന്നും കഴിഞ്ഞിരുന്നു. ആ ആത്മവിശ്വാസത്തില്‍ ഇന്റര്‍വ്യൂനു പോയി. സംഗതി അങ്ങ് ക്ലിക്ക് ആയി. വീട്ടുകാര്‍ ഹാപ്പി. വലിയ ശമ്പളം ഒന്നുമില്ലെങ്കിലും കാര്യങ്ങളെ ഗൗരവത്തോടെ കാണാന്‍ അവനു കഴിഞ്ഞല്ലോ എന്ന ചിന്ത കൊണ്ടാവാം.


അങ്ങനെ ഹൈദേരാബാദിലെ സായി പബ്ലിക്‌ സ്കൂളില്‍ എത്തിപ്പെട്ടു. രണ്ടായിരത്തി അഞ്ഞൂറോളം  കുട്ടികള്‍ പഠിക്കുന്ന വലിയ ബോര്‍ഡിംഗ് സ്കൂള്‍. വലിയ കുട്ടികളുടെ ഡോര്‍മ്മിട്ടറിക്കരികിലായിട്ടാണ് ഞങ്ങള്‍ സാറുമ്മാരുടെ മുറി. ഈ കാളകണ്ടന്മാരെ  മേയ്ക്കുക എന്ന ജോലി കൂടി ഞങ്ങള്‍ക്ക് വീതിച്ചു തന്നിരുന്നു. മീശ എന്ന എന്റെ സെക്സ് അപ്പീലിന് ഇന്നത്തെ അത്രപോലും ഖനമില്ലാതിരുന്നത് കൊണ്ടു  എന്നേക്കാള്‍ കെടാമുട്ടന്മാരായ വിദ്യാര്‍ഥികള്‍ ഭയലേശമെന്യേ എന്റെ മുന്നില്‍  അര്‍മ്മാദിച്ചു നടന്നു. സാര്‍ എന്ന പദവി ഉപയോഗിച്ച് മാനസികമായി ഞാന്‍ മേല്‍കൈ നേടിയെങ്കിലും  കായികമായി നേരിടാന്‍ ചൂരല്‍ തന്നെ വേണ്ടി വന്നു.


സഹജീവികളായി കിട്ടിയതില്‍ രണ്ടെണ്ണം സമകാലികരും ഒരാള്‍ മധ്യവയസ്കനും. മൂന്നാളും എന്നെ പോലെ കന്നി അങ്കക്കാര്‍. രാവു പകലാക്കി ഞങ്ങള്‍ തലയും കുത്തി നിന്നു തയാറെടുപ്പുകള്‍ നടത്തി. കിട്ടാവുന്ന ബുക്കുകള്‍ ഒക്കെ തിന്നു തീര്‍ത്തു. പുസ്തകതാളുകള്‍ അര്‍ഥങ്ങളും പര്യായങ്ങളും കൊണ്ട് നിറച്ചു. കുളിമുറിയിലും നിലകണ്ണാടിക്കു മുന്നിലും ഞാന്‍ അധ്യാപകനായി അഭിനയിച്ചു നോക്കി.


ആത്മവിശ്വാസം കുറെയെങ്കിലും കൈവരിച്ചു; ക്ലാസുകളില്‍ ഞാന്‍ കുറേശ്ശെ കസറി തുടങ്ങി. കുട്ടികള്‍ എന്നെ ഇഷ്ടപ്പെട്ടു തുടങ്ങി.  പഠിപ്പിക്കുമ്പോ കാര്യങ്ങള്‍ അഭിനയിച്ചു കാണിക്കാനും കുട്ടികളെ കൂടുതല്‍ രസിപ്പിക്കാനും ഞാന്‍ ശ്രദ്ധിച്ചു. എന്റെ പ്രിയപ്പെട്ട അധ്യാപകരുടെ സത്ഗുണങ്ങള്‍ ഞാന്‍ ചികഞ്ഞെടുത്തു. അവ പയറ്റി നോക്കി. ഇങ്ങനെ നിര്‍വിഘ്നം മുന്‍പോട്ടു പോകുമ്പോ എന്റെ ആത്മവിശ്വാസം തല്ലി കെടുത്തുന്നൊരു  കമന്റ്‌ സ്റ്റാഫ്‌ റൂമിലുണ്ടായി." സാറിന്റെ ക്ലാസ്സ്‌ ഒക്കെ കൊള്ളാം...പക്ഷേ ഇപ്പോഴും ഒരു ലുക്കില്ല.,  വലിയ കുട്ടികളൊക്കെ സാര്‍ പത്താം ക്ലാസിലെ സ്റ്റുഡന്റ് ആണെന്നാ കരുതുന്നെ." ആ ആക്ഷേപം ഉന്നയിച്ചതൊരു സ്ത്രീ  ജനം ആയതുകൊണ്ടും, പരാക്ക്രമം സ്ത്രീകളോട് പാടില്ലെന്ന് കേട്ടുകേഴ്വി ഉള്ളതുകൊണ്ടും ഞാന്‍ അടങ്ങി. എങ്കിലും ആ വാക്കുകള്‍ എന്നെ വല്ലാതെ അലട്ടി. അങ്ങനെ ഞായറാഴ്ച ആകാന്‍ ഞാന്‍ കാത്തിരുന്നു. പുറത്തു പോകാന്‍ പെര്‍മിഷന്‍ വാങ്ങി. ടൌണിലെ കണ്ണാടി കടയില്‍ നിന്നും ഒരു പ്ലെയിന്‍ ഗ്ലാസ് വാങ്ങി. വെച്ചു നോക്കി. കൊള്ളാം ഒരു ഗൗരവമൊക്കെ  ഉണ്ട്.പുതിയ വേഷപകര്ച്ചയെ മാനസികമായി ഉള്‍ക്കൊണ്ടു ഞാന്‍ പുതിയോരാളായി ക്ലാസില്‍ പോയി തുടങ്ങി. 


അടക്കിചിരികളും കമന്റുകളും തമസ്കരിച്ചു  ഞാന്‍ എന്നില്‍ പക്വത വളര്‍ത്തി തുടങ്ങി. എങ്കിലും എന്റെ കുട്ടികള്‍ക്ക് കണ്ണാടി വെക്കാത്ത എന്റെ "സുന്ദര"മുഖമാരുന്നു ഇഷ്ടം. അങ്ങനെ അവര്‍ക്ക് വേണ്ടി ഞാന്‍ ഗൗരവത്തിന്റെ  ആ മൂടുപടം എന്നന്നേക്കുമായി വേണ്ടെന്നു വെച്ചു.


ബോര്‍ഡിംഗ് സ്കൂള്‍ ആയതു കൊണ്ട് തന്നെ എല്ലാവര്ക്കും മെസ്സില്‍ ആണ് ഫുഡ്. കുട്ടികള്‍ക്കായി വലിയ മെസ്സ് ഹാള്‍. സാറുമാര്‍ക്കായി വലിയ ഒരു മുറിയില്‍ മെസ്സ്. ഒഴിവു സമയങ്ങള്‍ നോക്കി പോയി കഴിക്കാം. ആഹാരം സെര്‍വ് ചെയ്യാനും പാത്രങ്ങള്‍ എടുക്കാനും മലയാളി പെണ്‍കുട്ടികള്‍ ഉണ്ട്. തിരക്കൊഴിയുമ്പോ ഞാനും കുഞ്ഞുണ്ണിയും ഉള്‍പ്പെടുന്ന യുവകോമളന്മാര്‍ മെസ്സിലേക്ക് മാര്ച് ചെയ്യും. ഞങ്ങളെ കാണുമ്പോ മഴ കാത്തു നിന്ന വേഴാമ്പലിനെ പോലെ അവരുടെ കണ്ണുകള്‍ തിളങ്ങും. ചുണ്ടില്‍ പുഞ്ചിരി വിരിയും. നിന്നെ ഒക്കെ ഇന്ന് ഞങ്ങള്‍ തീറ്റിച്ചു കൊല്ലും എന്ന ഭാവത്തോടെ ചോറും കറികളും ടേബിളില്‍ നിരത്തും. വളയിട്ട കൈകള്‍ ഓരോ പ്ലേറ്റിലേക്ക് കറി വിളമ്പുമ്പോഴും എന്തെങ്കിലും എവിടെങ്കിലും ആര്‍ക്കെങ്കിലും കാര്യമായി സേവിക്കുന്നുണ്ടോന്നു സശ്രദ്ധം വീക്ഷിക്കും. എന്നിട്ട് തികഞ്ഞ അര്‍പ്പണബോധത്തോടെ ആ കര്‍മ്മ നിര്‍വഹിക്കും. കൈകഴുകി ഇറങ്ങുമ്പോഴും ഞങ്ങള്‍ അവരോടു കണ്ണുകള്‍ കൊണ്ട് യാത്രപറയും, നന്ദി പ്രകാശിപ്പിക്കും. അതിനു ഒരു ഹിഡന്‍ അജണ്ട ഉണ്ടാരുന്നു. ബുധനാഴ്ച ദിവസങ്ങളില്‍ ചിക്കന്‍ ഉണ്ട്. അത് കാര്യമായി കിട്ടണമെങ്കില്‍ അവരെ സന്തോഷിപ്പിച്ചു നിര്‍ത്തിയേ പറ്റൂ. 


കാര്യത്തിലേക്ക് വരും മുന്‍പ് ഞങ്ങളുടെ മുറിയെ കുറിച്ച്, ഞങ്ങളുടെ അര്‍മ്മാദതാവളത്തെ കുറിച്ച് കുറച്ചു വിവരം. ഡോര്‍മ്മിട്ടറിയുടെ അങ്ങേ അറ്റത്തുള്ള മുറി. രണ്ടു രണ്ടു നില കട്ടിലുകള്‍. കിടപ്പ് മുറി കൂടാതെ ചെറിയ ഒരു മുറി. അറ്റാചിഡ്  ബാത്ത്റൂം. ഡോര്‍മ്മിട്ടറിയിലെ കാട്ടാളന്മാര്‍ ഉറക്കം പിടിച്ചാലുടന്‍ ചീട്ടു നിരത്തും. ഇരുപത്തെട്ടുകളി രാത്രിയുടെ അവസാന യാമങ്ങള്‍ വരെ പോകും .അര്‍മ്മാദജീവിതവും അധ്യാപനജീവിതവും ഒരുപോലെ ആസ്വദിച്ചു. സിക്ക് ലീവ് എടുത്താല്‍ പുറത്തു പോകാന്‍ പറ്റില്ല എന്നൊരു കരിനിയമം അവിടെ നില കൊണ്ടിരുന്നു. റൂമില്‍ തന്നെ കിടക്കണം. ഫുഡ് മെസ്സ് ഹാളിലെ ആരെങ്കിലും ചെറിയ മുറിയില്‍ കൊണ്ട് വന്നു അടച്ചു വെച്ചിട്ട് പോകും.


അങ്ങനെ ഒരിക്കല്‍ എനിക്കും കുഞ്ഞുണ്ണിക്കും പനി അടിച്ചു. മരുന്നും മന്ത്രവുമായി റൂമില്‍ തന്നെ കഴിഞ്ഞു കൂടി. ക്യാരം ബോര്‍ഡു കളിയുമൊക്കെ ആയി ഉച്ചവരെ പോയി. ഉച്ചക്ക് വിശന്നപ്പോ ചെറിയമുറിയില്‍ ചെന്നു നോക്കി. രണ്ടു കാസറോളില്‍ ആഹാരം കൊണ്ട് വെച്ചിട്ടുണ്ട്. കൈ കഴുകി കഴിക്കാന്‍ ഇരുന്നു. അപ്പോഴേക്കും രോഗ വിവരം അന്വേഷിച്ചു സഹപ്രവര്‍ത്തകര്‍ എത്തി.  ലഞ്ച് ബ്രേക്കിന് നടു ഒന്ന് നിവര്‍ക്കാന്‍ സഹമുറിയന്മാരും എത്തി. രോഗ വിവരങ്ങള്‍ പറയുന്നതിനിടക്ക് തന്നെ ഞങ്ങള്‍ ഊണ് തുടര്‍ന്നു. പെട്ടെന്ന് എന്തോ ഒന്ന് എന്റെ കൈയ്യില്‍ തടഞ്ഞു. അതെ ഒരു പുഴുങ്ങിയ മുട്ട. ഈശ്വരാ.. ഇതെവിടുന്നു വന്നു.ചോറിനുള്ളിലേക്ക് തന്നെ അതമക്കി ഒളിപ്പികാന്‍ ഒരു പാഴ്ശ്രമം ഞാന്‍ നടത്തിയെങ്കിലും അപ്പോഴേക്കും പിടിക്കപ്പെട്ടു." എന്തോന്നാടെ ഒരു സ്പെഷ്യല്‍ സാധനം...ഇന്ന് മെസ്സില്‍ മുട്ട ഇല്ലാരുന്നല്ലോ...." സഹമുറിയന്റെ ഡയലോഗ് കേട്ടു എല്ലാരും എന്റെ പാത്രത്തിലേക്ക് നോക്കി. കുഞ്ഞുണ്ണി എന്നെ ഒന്നിരുത്തി നോക്കി ഊറി ചിരിച്ചു. എന്റെ ഗര്‍ഭം ഇങ്ങനല്ലെടാ എന്ന് ദയനീയമായി എന്റെ കണ്ണുകള്‍ അവനോടു കേണു. " ടാ...അതിനടിയില്‍ ഇനിയും ഉണ്ടെങ്കില്‍ ഇങ്ങോട്ടും കൂടി പോരട്ടെ ഒരെണ്ണം...." എന്ന് പറഞ്ഞു കുഞ്ഞുണ്ണി പാത്രത്തില്‍  കൈയിട്ടു. ദേ...കിടക്കുന്നു.... പത്തായത്തില്‍  ഇരുന്നതിലും  വലുതാണ്‌ അളയില്‍  എന്ന് പറഞ്ഞപോലെ...അവന്റെ എസ്കവേഷനില്‍ അടുത്ത ഐറ്റം പൊങ്ങുന്നു....ഉണക്കമീന്‍ പൊരിച്ചത്....ഞാന്‍ ഇരുന്നുരുകി.ഇതേതവളുടെ പണിയാണ്. പെട്ടെന്ന് ഉള്ളിലൊരു ലഡ്ഡു പൊട്ടി. എന്നിലെ ഉടായിപ്പ് ബുദ്ധി  പ്രവര്‍ത്തിച്ചു തുടങ്ങി.


" ഫുഡ്‌ രണ്ടാള്‍ക്കും കൂടിയാ കൊണ്ട് വെച്ചിരുന്നെ. ഒന്നിച്ചു പോയാ എടുത്തതും. ചക്കിനു വെച്ചത് കൊക്കിനു കൊണ്ടതായി കൂടേ...എന്നെ എന്തിനാ എല്ലാരും കൂടി ഇങ്ങനെ അര്‍ഥം വെച്ചു നോക്കുന്നെ....ഇത് കുഞ്ഞുണ്ണിക്കുള്ളതായി കൂടേ...." ഒരു ഗോള്‍ അടിച്ച സംതൃപ്തിയോടെ ഞാന്‍ കുഞ്ഞുണ്ണിയേയും മറ്റുള്ളവരേയും പാളി നോക്കി. ഞാന്‍ പറഞ്ഞതിലും കാര്യമുണ്ടെന്നു തോന്നിയവര്‍  സംശയധൃഷ്ടിയോടെ കുഞ്ഞുണ്ണിയെ നോക്കി ചിരിച്ചു. ആ സംശയത്തില്‍ കഴമ്പുള്ളതു കൊണ്ടും, ഉള്ളില്‍ എന്നോട് അതുവരെ കുശുമ്പ്  തോന്നിയിരുന്നതുകൊണ്ടും  ആ സംശയത്തെ അതര്‍ഹിക്കുന്ന സ്പിരിറ്റില്‍ എടുത്തു കുഞ്ഞുണ്ണിയും ഒരാക്കിയ ചിരി ചിരിച്ചു.


എന്റെയും കുഞ്ഞുണ്ണിയുടേയും മനസ്സുകളില്‍ ചിന്തകള്‍  തിരതല്ലി. ആരാരിക്കും അത് ചെയ്തത്. ആരോ തനിക്കു വേണ്ടി സ്പെഷ്യല്‍ ആയി കൊടുത്തു വിട്ട ഫുഡ് ആണതെന്നു രണ്ടാളും ചിന്തിച്ചു.  മെസ്സ് ഹാളില്‍  ഇരിക്കുമ്പോ ഞങ്ങളുടെ കണ്ണുകള്‍ ആരെയോ തിരഞ്ഞു കൊണ്ടേ ഇരുന്നു. പക്ഷേ നിരാശ മാത്രം ബാക്കി. അങ്ങനെ ഞാനും കുഞ്ഞുണ്ണിയും ഒരു ധാരണയില്‍ എത്തി." ടാ...ഇതിങ്ങനെ പോയാല്‍ പറ്റില്ലാ...ആളെ കണ്ടു പിടിച്ചേ പറ്റൂ. നമ്മള്‍ ഇന്ന് മുതല്‍ ഒന്നിച്ചു പോകണ്ടാ..നമ്മള്‍ ഒന്നിച്ചു ചെല്ലുന്നതു കൊണ്ടാണ് അവര്‍ അടുപ്പം കാണിക്കാത്തതെങ്കിലോ ..." കുഞ്ഞുണ്ണി പറഞ്ഞതില്‍ കാര്യമുണ്ടെന്നു എനിക്കും തോന്നി. അങ്ങനെ ഞങ്ങള്‍ ഒറ്റക്കൊറ്റക്ക്‌ പോകാന്‍ തുടങ്ങി.മെസ്സ് ഹാളിലെ ഓരോ തരുണീമണികളേയും ഞങ്ങള്‍ പ്രതീക്ഷയോടെ നോക്കി.സ്വന്തം വഴികളിലൂടെ പതിനെട്ടടവും പയറ്റി.ഇല്ല  ആരില്‍ നിന്നും ഒരനുകൂല നോട്ടം പോലുമില്ല, പതിവ് ചിരികളും സംസാരവും മാത്രം.അറ്റകൈക്ക് കൂട്ടത്തില്‍ അല്‍പ്പം സ്പെല്ലിംഗ് മിസ്റ്റെക് ഉള്ള ലൂസിയെ കുഞ്ഞുണ്ണി കണ്ണടിച്ചു കാണിച്ചതും അവള്‍ വാ വഴി ആട്ടിയതും മെസ്സ് ഹാളിലും സ്റ്റാഫ് റൂമിലും പലവിധ ബഹളങ്ങള്‍ക്ക് വഴിവെച്ചു. സംഭവമറിഞ്ഞ മാനേജ്‌മന്റ്‌ കുഞ്ഞുണ്ണിക്ക് കൌണ്‍സിലിംഗ് ലെറ്റര്‍ അടിച്ചു കൊടുത്തു. അപമാനഭാരവും മാനേജ്മേന്റ്റിന്റെ  താമരപത്രവും ഞങ്ങളുടെ തുടരന്വേഷണം വഴിമുട്ടിച്ചു.


നീറിപുകയുന്ന ഒരുപാട്  ചിന്തകളുമായി ഞങ്ങളുടെ ആ അധ്യയന വര്‍ഷം അങ്ങനെ അവസാനിച്ചു. ഞങ്ങളുടെ സംശയം ഞങ്ങളില്‍ തന്നെ കുഴിച്ചു മൂടി വേനലവധിക്കായി നാട്ടിലേക്ക് തിരിച്ചു. സാറുമ്മാരും മറ്റു സ്റ്റാഫുകളും ആയിട്ട് എഴുപത്തൊന്നു പേര്‍ ഒരു കമ്പാര്‍ട്ട്മേന്റ്റില്‍ .

രാവിരുണ്ടു വെളുത്തു.  ട്രെയിന്‍ ചൂളം വിളിച്ചു വാളയാര്‍ ചുരവും കടന്നു നാടിന്റെ  പച്ചപ്പിലൂടെ മുന്‍പോട്ടു കുതിച്ചു. നാടന്‍ കാറ്റുകൊണ്ടു ഞാനും കുഞ്ഞുണ്ണിയും വാതില്‍ പടിയില്‍ വായിനോട്ടം തുടങ്ങി. എല്ലാ യാത്രയിലും അതൊരു പതിവാണ്. ട്രെയിന്‍ പാലക്കാട് സ്റ്റേഷനില്‍ നിന്നും വിട്ടു. ഞങ്ങള്‍ വഴിയോരകാഴ്ചകള്‍ കണ്ടിരുന്നു.പെട്ടെന്ന് പിറകില്‍ ഒരു കിളിനാദം.


ഞങ്ങള്‍ ഒരുപോലെ തിരിഞ്ഞു നോക്കി. മെസ്സില്‍ വല്ലപ്പോഴും മാത്രം കാണുന്ന കുട്ടി. ഞങ്ങള്‍ എന്തേ എന്ന ഭാവത്തില്‍ അതിനെ നോക്കി." സാറേ, ഞാന്‍ ഷീബ... ഇടക്കൊക്കെ മെസ്സില്‍ നിന്നിട്ടുണ്ട്....അന്ന് നിങ്ങള്ക്ക് കൊണ്ട് വന്ന ചോറില്‍  മുട്ടയും ഉണക്ക മീനും പൂഴ്ത്തി വെച്ചത് ഞാനാ." ഞാനും കുഞ്ഞുണ്ണിയും കണ്ണില്‍ കണ്ണില്‍ നോക്കി. ആളിനെ കണ്ടു പിടിക്കാന്‍ നടന്നപ്പോള്‍ ഒന്നും ഇങ്ങനെ ഒരാളെ സംശയിചിട്ടില്ല. കുഞ്ഞുണ്ണിയുടെ മുഖം ദേഷ്യം കൊണ്ട് ചുവന്നു. ഇവള്‍ കാരണമല്ലേ എല്ലാ പ്രശ്നങ്ങളും ഉണ്ടായത്.ഇവള്‍ കാരണമല്ലേ താന്‍ നാണംകെടണ്ടിവന്നത്. കുഞ്ഞുണ്ണിയുടെ ഭാവമാറ്റം മനസ്സിലാക്കി ഞാന്‍ അനുനയിപ്പിച്ചു. "ഏതായാലും നമ്മുക്ക് ആളിനെ കണ്ടു കിട്ടിയില്ലേ...വെറുതെ ഇനി കുഴപ്പമൊന്നും ഉണ്ടാക്കണ്ട...ഒരു നാണക്കേടിന്റെ ക്ഷീണം ഇനിയും മാറിയിട്ടില്ല...അന്ന് പ്രശ്നം ഉണ്ടായത് നീ വേണ്ടാതീനം കാണിച്ചകൊണ്ടല്ലേ" ....അത് ശരിയാണെന്ന് കുഞ്ഞുണ്ണിക്കും തോന്നി. അവന്‍ ഒന്നയഞ്ഞു.


" ഏതായാലും ഇത്രയൊക്കെ ആയി..ഞാന്‍ നാണംകെടണ്ടത് കെട്ടു....അതൊക്കെ പോട്ടെ...ഈ ഇനിയെങ്കിലും പറ...അന്ന് കൊണ്ടുവന്ന സ്പെഷ്യല്‍ ഫുഡ് ആര്‍ക്കുള്ളതാരുന്നു.... എനിക്കോ... ഇവനോ...?" കുഞ്ഞുണ്ണി പ്രതീക്ഷയോടെ അവളുടെ മുഖത്തേക്ക് നോക്കി. ഭലം കാത്തു നിക്കുന്ന മത്സരാര്ത്തിയുടെ ആകാംഷയോടെ ഞാനും അവളുടെ വായിലേക്ക് നോക്കി നിന്നു. " സാറേ അന്നൊരു അബദ്ധം പറ്റിയതാ, ഗേള്‍സ്‌ ഡോര്‍മ്മിട്ടറിയിലെ മേട്ട്രനുള്ള ഫുഡ് ആരുന്നത്. പാത്രം മാറി പോയതാ. അബദ്ധം മനസ്സിലാക്കി തിരിച്ചെടുക്കാന്‍ വന്നപ്പോഴേക്കും നിങ്ങള്‍ അത് കഴിക്കാന്‍ എടുക്കുകയും ചെയ്തു....പലപ്പോഴും നിങ്ങളോട് തുറന്നു പറയണമെന്ന് കരുതിയതാ... അപ്പോഴേക്കും നിങ്ങള്‍ എന്തൊക്കെയോ പ്രശ്നങ്ങള്‍ അവിടെ ഉണ്ടാക്കിയില്ലേ. പിന്നെ പറയാന്‍ ധൈര്യവുമില്ലാരുന്നു. ഇപ്പോഴെങ്കിലും പറഞ്ഞില്ലെങ്കില്‍ നിങ്ങളുടെ മനസ്സില്‍ ആ സംശയം അങ്ങനെ കിടക്കില്ലേ....അത് കൊണ്ടാ പറഞ്ഞത്.... ദേഷ്യം തോന്നരുത്... മനപ്പൂര്‍വമല്ല...."  അത് പറഞ്ഞവള്‍ പരുങ്ങി നിന്നു."അപ്പൊ മേട്ട്രനെ സുഖിപ്പിക്കാന്‍ മുട്ടയും ഉണക്കമീനുമൊക്കെ കൊടുക്കാറുണ്ടല്ലേ.." കപടഗൗരവത്തോടെ ചോദിച്ചിട്ട്...കുഞ്ഞുണ്ണിയും ഞാനും  ആര്‍ത്തു ചിരിച്ചു....
 
ഈശ്വരാ...എന്തൊക്കെ ചിന്തിച്ചുകൂട്ടി....എന്തൊക്കെ കഥകള്‍ മെനഞ്ഞു....എന്തൊക്കെ പ്രശ്നങ്ങള്‍ ഇതിന്റെ പേരില്‍ നടന്നു....എന്നിട്ടിപ്പോ ദാ....

ആളിനെ കണ്ടുപിടിക്കാന്‍ കാണിച്ചു കൂട്ടിയ പരാക്ക്രമങ്ങളും പയറ്റിയ വേലത്തരങ്ങളും  പറഞ്ഞു ഞങ്ങള്‍ വീണ്ടും വീണ്ടും പൊട്ടി ചിരിച്ചു. ഞങ്ങളുടെ വഴക്ക് ഭയന്ന് പരുങ്ങി നിന്ന ഷീബയും ആ  പൊട്ടിച്ചിരിയില്‍ പങ്കുകൊണ്ടു...

Wednesday, January 18, 2012

ജനകീയ അവാര്‍ഡ്


എന്പതുകളിലെ എന്റെ നാട്. നാടിന്റെ സിരാകേന്ദ്രമായിരുന്നു മലയില്‍ മുക്ക്. സാമാന്യം തിരക്കുള്ള നാലും കൂടിയ മുക്ക്.ദശകങ്ങള്‍ പഴക്കമുള്ള  ചുമട് താങ്ങി,  അച്യുതന്‍ മുതലാളിയുടെ മാട കട, നാട്ടിലെ ആണുങ്ങളുടെ മുഖച്ഛായ മാറ്റുന്ന ബാര്‍ബര്‍ ജയദേവന്റെ ഒറ്റമുറി കട. ലോക പരദൂഷണം മൊത്തമായും ചില്ലറയായും ചിലവാകുന്ന കൃഷ്ണപിള്ളയുടെ ഓലകെട്ടിയ ചായകട. ഇതാരുന്നു മുക്കിന്റെ ഒരു ഏകദേശ രൂപം.കൈവണ്ടികളും കാളവണ്ടികളും തെരുവിനിരുവശത്തും എപ്പോഴും നിരന്നു കിടക്കും. 

എന്റെ സ്കൂള്‍ യാത്രകള്‍ ഈ മുക്കിലൂടെയാണ്. കാലത്ത് പോവുമ്പോ പിള്ളേച്ചന്റെ കടക്കു മുന്‍പില്‍  നല്ല തിരക്കുണ്ടാവും. തേങ്ങ കച്ചോടം നടത്തുന്ന പപ്പനാവന്‍ കൊച്ചാട്ടന്‍ പത്രം അത്യുച്ചത്തില്‍ വായിക്കുന്നത് പതിവാണ്. പള്ളിക്കുടം കണ്ടിട്ടില്ലാത്ത വിരുതന്മാര്‍ അയാള്‍ക്ക്‌ ചുറ്റുമിരുന്നു വാട്ടം പിടിക്കും. ഇടയ്ക്കു ബഹുമാനത്തോടെ, ആരാധനയോടെ, കൊചാട്ടനെ നോക്കും.ഓരോ വാര്‍ത്തകള്‍ വായിച്ചു കഴിഞ്ഞും അതിന്റെ അവലോകനമുണ്ട്, ചര്‍ച്ചകളുണ്ട്... രാഷ്ട്രീയ ചേരി തിരിവുകളുണ്ട്.തര്‍ക്കങ്ങള്‍ക്കും ബഹളങ്ങള്‍ക്കുമോടുവില്‍ പിള്ളേച്ചന്റെ ശകാരം കേട്ടോരോരുത്തരായി സ്ഥലം കാലിയാക്കും.

മുക്കിലെ അന്നത്തെ സൂപ്പര്‍ മാര്‍ക്കറ്റ്‌ ആണ് അച്യുതന്‍ മുതലാളിയുടെ മാടകട..ചുറ്റും കരിയോയില്‍ അടിച്ചു ഓടിട്ട മാടത്തിന് മുന്നില്‍  മുതലാളി സ്വല്‍പ്പം അഹന്തയോടിങ്ങനെ ഇരിക്കും.കപ്പലണ്ടി മിട്ടായി മുതല്‍ ഏറു പടക്കം വരെ ആ ചെറിയ സംവിധാനത്തില്‍ ലഭ്യമാണ്. ഇന്ന് രൊക്കം നാളെ  കടം എന്ന ബോര്‍ഡ് എപ്പോഴും അതിനു മുന്നില്‍ കാണും. ക്ഷിപ്രകോപിയായ അയാളെ കുട്ടികള്‍ക്കൊക്കെ ഭയമാരുന്നു. 

അങ്ങനെ ഒരു ദിവസം പിള്ളേച്ചന്റെ ചായ കടയില്‍ ഒരാള്‍ എത്തി. ആകര്‍ഷണീയമാം  വിധം വേഷവിധാനം ചെയ്ത ഒരു ചെറുപ്പക്കാരന്‍ . ഇതിനു മുന്‍പെങ്ങും കണ്ടതായി ഓര്‍ക്കുന്നില്ലല്ലോ എന്ന് കടയിലുള്ളവരൊക്കെ ചിന്തിച്ചു." അല്ലാ നിങ്ങള്‍ ഈ നാട്ടുകാരനല്ലേ..ഇതിനു മുന്‍പെങ്ങും കണ്ടിട്ടില്ലല്ലോ..." പിള്ളേച്ചന്‍ ചോദിച്ചു....അതിനുത്തരവും കാത്തു മറ്റുള്ളവര്‍ വരുത്തനെ നോക്കി. " ഞാന്‍ കുറച്ചു ദൂരേന്നാ..അങ്ങ് മദ്രാസീന്നു. ഇവിടെ ബന്ധുവീട്ടില്‍ വന്നതാണ്." അയാള്‍ നിന്നു കൊണ്ട് തന്നെ പറഞ്ഞു. " അല്ലാ മദിരാശിയില്‍ എന്നതാ പണി " കേശു മൂപ്പരുടെ വക ചോദ്യം. " സിനിമയില്‍ അഭിനയിക്കുവാ....." പറഞ്ഞിട്ടയാള്‍  കൂടി നിന്നവരെ നോക്കി. പിള്ളേച്ചന്റെ മുഖത്ത് അവിശ്വസനീയത....കൂടി നിന്നവര്‍ തമ്മില്‍ തമ്മില്‍ നോക്കി..."ആളു സുന്ദരന്‍ തന്നെ....അങ്ങനെ സിനിമയില്‍ കയറി പറ്റിയതാവാം...." അവര്‍ തമ്മില്‍ തമ്മില്‍ ഓരോന്ന് പിറുപിറുത്തു.  പിള്ളേച്ചനു എന്ത് ചെയ്യണമെന്നറിയാത്ത സന്തോഷം....ഒരു സിനിമാ നടന്‍...അതും തന്റെ ഈ ഓലകെട്ടിയ ചായകടയില്‍ .... "അല്ലാ  ഇവിടെ ആരാണ് ബന്ധുക്കളായി ഉണ്ടെന്നു പറഞ്ഞത്...." പിള്ളേച്ചന്‍ ആകാംഷയോടെ നടനെ നോക്കി. " പുത്തന്‍പുരക്കലെ ആണ് ഞാന്‍ ..." പിള്ളേച്ചന്റെ മുഖം വിടര്‍ന്നു...പുത്തന്‍പുരക്കല്‍ പേര് കേട്ട നായര്‍ തറവാടാണ്....പിള്ളേച്ചനിലെ  ജാതിചിന്ത ഉണര്‍ന്നു...തോളില്‍ കിടന്ന തോര്‍ത്ത്‌ കൊണ്ട് മുഷിഞ്ഞ ബെഞ്ച്‌ തുടച്ചു." ഇരിക്കൂ...." പിള്ളേച്ചന്‍ ഭവ്യതയോടെ അയാളെ ക്ഷണിച്ചു. തന്റെ പളുപളൂത്ത കുപ്പായത്തില്‍ ചുളിവുകള്‍ വീഴാതെ അര്‍ത്ഥ നിതംബത്തില്‍ നടന്‍ ആസനസ്ഥനായി. 

പിള്ളേച്ചന്റെ കടയിലെത്തിയ സിനിമാ നടനെ കുറിച്ചറിഞ്ഞു അയല്‍വാസികളും ചുരുക്കം നാട്ടുകാരും കടയില്‍ തടിച്ചു കൂടി. സ്കൂളില്‍ പോകാന്‍ അത് വഴി വന്ന ഞങ്ങള്‍ കാര്യമെന്തെന്നറിയാതെ പിള്ളേച്ചന്റെ കടക്കു മുന്നിലെ ആള്‍ക്കൂട്ടം കണ്ടു ഭയന്നു. എന്തെങ്കിലും അത്യാഹിതം ആര്‍ക്കെങ്കിലും സംഭവിച്ചുവോ...!! ആള്കൂട്ടതിനിടയിലേക്ക്  പാഞ്ഞു ചെന്നു ഇടയിലൂടെ നുളച്ചു അകത്തു കടന്നു.സുമുഖനായ ഒരു ചെറുപ്പക്കാരന്‍ എല്ലാര്‍ക്കും നടുവിലായി നില്‍ക്കുന്നു. കൈയ്യിലൊരു ചെറിയ സ്യൂട്ട്കേസ്. ആളുകള്‍ അയാളെ ആരാധനയോടെ നോക്കുന്നു ...എന്തൊക്കെയോ ചോദിക്കുന്നു. അയാളെ ഇതിനു മുന്പെവിടോക്കെയോ വെച്ചു കണ്ടിട്ടുണ്ടോന്നു എനിക്ക് വെറുതെ തോന്നി. .

"ഇപ്പൊ ഷൂട്ടിംഗ് കഴിഞ്ഞു വരികയാണോ..."വര്‍ക്കി മാപ്പിള ആകാംഷയോടെ ചോദിച്ചു.ഷൂട്ടിംഗ് എന്ന് കേട്ടപ്പോ ഞാന്‍ അയാളെ ഒന്നു തുറിച്ചു നോക്കി...ഇയാള്‍ സിനിമയില്‍ അഭിനയിച്ചോ... ആള് കാണാന്‍ സ്റ്റൈല്‍ ആണ്.....അതുവരെ ഞാന്‍ നോക്കിക്കണ്ട എന്റെ വീക്ഷണകോണില്‍ നിന്നും മാറി...അല്‍പ്പം ആരാധനയോടെ കുറച്ചു കൂടി അടുത്ത് നിന്നു. നല്ല പൂവന്‍പഴത്തിന്റെ നിറം. അലക്കി തേച്ച ഭംഗിയുള്ള കുപ്പായം...എല്ലാം കൂടി ഒരു സിനിമാ നടന്‍ ലുക്ക് തന്നെ. പെണ്‍കുട്ടികള്‍ തിരക്കിനിടയിലൂടെ അയാളെ എത്തി നോക്കി. അവരെ എല്ലാരേയും താന്‍ കാണുന്നുണ്ടെന്ന് വരുത്തും വിധം കൈവീശി കാണിച്ചയാള്‍ കുസൃതിയോടെ  ചിരിച്ചു. സ്ഥലത്ത് ഒരുവിധം പ്രശസ്തയായ  തങ്കമ്മയെ അയാള്‍ ശരിക്കൊന്നു നോക്കി കണ്ടു.ചുണ്ടുകടിച്ചവര്‍ കുണുങ്ങി ചിരിച്ചു.

"ഏതാ ഉണ്ണി ഇപ്പൊ അഭിനയിക്കുന്ന പടം...." ആള്‍ക്കൂട്ടത്തില്‍ നിന്നുമാരോ വിളിച്ചു ചോദിച്ചു. അപ്പൊ ഉണ്ണി എന്നാണു പേര്.  " മിന്നല്‍ എന്ന ചിത്രത്തിലാണിപ്പോ   അഭിനയിക്കുന്നത്. " അയാള്‍ ഭവ്യതയോടെ  പറഞ്ഞു. സൂപ്പര്‍ താരങ്ങളൊക്കെ ഉണ്ടത്രേ. ശ്രദ്ധിക്കപ്പെടുന്നൊരു വേഷമാണത്രേ ഉണ്ണിക്കു. ആ നിമിഷം മുതല്‍ അയാളെന്റെയും നാട്ടുകാരുടെയും മനസ്സില്‍ താരമായി.സ്ത്രീകള്‍ക്കിടയില്‍  സംസാരവിഷയമായി. തങ്കമ്മയുടെ കണ്ണുകള്‍ അയാളില്‍ തന്നെ തറച്ചു നിന്നു.അയാളുമത് കാണുന്നുണ്ടാരുന്നു.

പിന്നീടെപ്പോ  മുക്കിലെത്തിയാലും ജനം  അയാളെ വളഞ്ഞു, കൗതുകത്തോടെ സിനിമാ വിശേഷങ്ങള്‍ തിരക്കി. ലാലിനെ കുറിച്ച്, മമ്മൂട്ടിയെ കുറിച്ച്...അവരുടെ നിറത്തെ കുറിച്ച്, വണ്ടിയെ കുറിച്ച്.....അങ്ങനെ നീളുന്നു അവരുടെ ചോദ്യങ്ങള്‍. എല്ലാതിനുമുത്തരവുമായി ഉണ്ണി അവരെ സന്തോഷിപ്പിച്ചു.

വളരെ വിരളമായി മാത്രം വന്നുപോകുന്ന ആളാരുന്നു അയാള്‍ . ഷൂട്ടിംഗ് ഇല്ലെങ്കില്‍ മാത്രമേ അയാളെ ആ നാട്ടില്‍ കണ്ടിരുന്നുള്ളൂ. അതും മാസത്തില്‍ ഒന്നോ രണ്ടോ തവണ മാത്രം. വല്ലപ്പോഴുമുള്ള ആ  വരവിനായി നാടും നാട്ടാരും കാത്തിരിക്കും. നടിമാരുടെ ദുര്നടപ്പ് കഥകള്‍  കേള്‍ക്കാന്‍ വഴികണ്ണുമായി  ചെറുപ്പക്കാരായ കുറേ ഞരമ്പ്‌ രോഗികള്‍ കാത്തിരുന്നു.  ആരെയും നിരാശരാക്കാതെ പല നടിമാരേ കുറിച്ചും ഉണ്ണി കഥകള്‍ പറഞ്ഞു. അല്ലെങ്കില്‍ മെനഞ്ഞു. രോമാഞ്ചകഞ്ചുകിതരായി  നാട്ടുകാര്‍ അത്  കേട്ടിരുന്നു. " ഹോ ഇവളൊക്കെ സിനിമേല്‍ സത്യവാന്‍ സാവിത്രിയാ.., സ്വന്തം ജീവിതമിങ്ങനെയും" കേശു മൂപ്പരുടെ ആത്മഗതം. 

മിന്നലിന്റെ ഷൂട്ടിംഗ് തീരാന്‍ ഉണ്ണിയേക്കാളേറെ  ആകാംഷ നാട്ടുകാര്‍ക്കാരുന്നു. രണ്ടു മാസത്തോളമായി അതിന്റെ ഷൂട്ടിംഗ്നായി ഉണ്ണി മദിരാസിയിലാണ്. കാത്തിരിപ്പിനൊടുവില്‍ പടമിറങ്ങി. നാട്ടുകാര്‍ പടമോടുന്ന തിയേറ്ററുകള്‍ തേടിപ്പിടിച്ചു പോയി പടം  കണ്ടു. കണ്ടവര്‍ കണ്ടവര്‍ ഉണ്ണിയെവിടെ എന്ന ചോദ്യം തമ്മില്‍ തമ്മില്‍ ചോദിച്ചു. പലരും രണ്ടാമതും പോയി കണ്ടു. ഇല്ല, അങ്ങനെ ഒരാളെ എങ്ങും കാണാനില്ല. നിരാശയും ദേഷ്യവും അവരില്‍ നീറി പുകഞ്ഞു.  എന്താവും സംഭവിച്ചിരിക്കുക. കാര്യങ്ങളുടെ നിജസ്ഥിതി  ഉണ്ണിയില്‍ നിന്നുമറിയാന്‍  അവര്‍  കാത്തിരുന്നു. കാത്തിരിപ്പ്‌ നീണ്ടു നീണ്ടു പോയി.ഉണ്ണി വന്നില്ല. എന്തൊക്കെയോ പന്തികേടുണ്ടെന്ന് തോന്നിയ  പിള്ളേച്ചന്‍ പുതന്പുരയിലേക്ക് വെച്ചു പിടിച്ചു. കഥകള്‍ കേട്ട പുത്തന്പുരക്കാര്‍ അന്തം വിട്ടു. തങ്ങള്‍ക്കങ്ങനെ ഒരു ചേഴക്കാരന്‍ ഇല്ലെന്നവര്‍ ഉറപ്പിച്ചു പറഞ്ഞു !!. ഉണ്ണിയെ കുറിച്ചുള്ള സംശയങ്ങള്‍ അതോടെ ബലപ്പെട്ടു. തങ്ങള്‍ പറ്റിക്കപ്പെടുകയാരുന്നു എന്ന് നാട്ടുകാര്‍ തിരിച്ചറിഞ്ഞു. പിന്നെയും സംശയങ്ങള്‍ ബാക്കിയായി. ഇടയ്ക്കിടയ്ക്ക് പെട്ടിയുമായി അവന്‍ ഈ നാട്ടില്‍ പ്രത്യക്ഷപെടുന്നത് എന്തിനായിരിക്കും. അവനില്‍ എന്തൊക്കെയോ ദുരൂഹതകള്‍ ഉണ്ട്.  അതിനുത്തരം കിട്ടാതവര്‍ കുഴഞ്ഞു.
 
പിള്ളേച്ചന്റെ ചായ കടയില്‍ ഉണ്ണിയേ കുറിച്ച് മാത്രമായി ചര്‍ച്ചകള്‍ . രാഷ്ട്രീയ ചര്‍ച്ചകളും  ചേരിതിരിവുകളും മാറ്റി നിര്‍ത്തി ഉണ്ണിയുടെ തിരോധാനത്തിനെ കുറിച്ചവര്‍  നിരവധി കഥകള്‍ മെനഞ്ഞു. "ഷൂട്ടിംഗ്നിടയില്‍ എന്തെങ്കിലും അപകടം പറ്റിയതാകുമോ..." വര്‍ക്കി മാപ്പിള വ്യാകുലപ്പെട്ടു..." അങ്ങനെങ്കില്‍ പുത്തന്‍പുരക്കലെ ബന്ധു ആണെന്ന് കള്ളം പറഞ്ഞതോ.. അവനാളു  ശരിയല്ല വര്‍ക്കി...എന്തൊക്കെയോ ചീഞ്ഞു നാറുന്നുണ്ട്...." പിള്ളേച്ചന്‍ ദേഷ്യത്തോടെ പറഞ്ഞു.  "ഹേയ് അവന്‍ കോടംപാക്കതെങ്ങാനും വല്ല പെണ്ണുങ്ങളുടെ വലയില്‍ പെട്ട് കാണും..." എന്തോ വലിയ കാര്യം പറഞ്ഞ ചാരിധാര്ധ്യത്തോടെ പെയിന്റര്‍  പൈലി എല്ലാരെയും ഒന്ന് ഇരുത്തി നോക്കി. "ഇനി അവനിവിടെ എന്തെങ്കിലും രഹസ്യബന്ധം ഉണ്ടാവുമോ...." കേശു മൂപ്പരുടെ ആ  സംശയത്തില്‍ ലേശം കഴമ്പില്ലേന്നു എല്ലാര്‍ക്കും തോന്നി. 

മാസങ്ങള്‍ കടന്നു പോയി.ഉണ്ണിയെ കുറിച്ചൊരു അറിവുമില്ല. ദിവസം പോകും തോറും അയാളെ  കുറിച്ചുള്ള ചര്‍ച്ചകള്‍ കുറഞ്ഞു. ആളുകള്‍ അയാളെ കുറേശ്ശെ മറന്നു തുടങ്ങി. ചായക്കടയിലെ ചര്‍ച്ചകള്‍ മറ്റുതലങ്ങളിലേക്ക്  വഴിമാറി.തുലാമാസം വന്നു. കാറും കോളുമായി അന്തരീക്ഷം എപ്പോഴും മൂടി കിടന്നു.തകര്‍ത്തു പെയ്യുന്ന മഴയില്‍ മുക്കിനു കിഴക്ക് ഭാഗത്തുള്ള തടിപ്പാലം ഒഴുകി പോയി. അച്യുതന്‍ മുതലാളിയുടെ മാടകടക്ക് മുകളില്‍ തെങ്ങ് വീണു കട തകര്‍ന്നു. എങ്ങും നാശം വിതച്ചു തുലാവര്‍ഷമഴ അതിന്റെ രൗദ്രഭാവം അറിയിച്ചു.ഇടിയും മിന്നലും കാരണം ആളുകള്‍ വീടുകളില്‍ തന്നെ ഒതുങ്ങി കൂടി. മഴ കടുക്കുംതോറും പിള്ളേച്ചന്റെ കടയില്‍ ആളുകള്‍ കുറഞ്ഞു. .

മഴ കോരിചൊരിയുന്നൊരു രാത്രി. തെരുവ് തീര്‍ത്തും വിജനം. തുലാവര്ഷം  തുടങ്ങിയ ശേഷം പകലും അവസ്ഥ വിഭിന്നമല്ല. പിള്ളേച്ചന്‍ ചായ്പ്പു പൊക്കി പുറത്തിറങ്ങി. കുശിനിപ്പുരയില്‍ നിന്നും ഈര്‍ക്കിലി കൂടെടുത്തു.(ഊപ്പ മീനുകളെ പിടിക്കുന്ന കൂടു) വടക്കേ തോട്ടില്‍ വെള്ളം പൊങ്ങി തുടങ്ങിയിരുന്നു.ചിറയിലേക്ക്  വെള്ളം വെട്ടി വിട്ടേക്കുന്ന  ഭാഗത്ത്‌ പരല്‍ മീനുകളുടെ വിളയാട്ടമുണ്ട്. പ്ലാസ്റിക് ചാക്ക് നീളത്തില്‍ കീറി തലയിലിട്ടയാള്‍  തെരുവിലേക്ക് കാലെടുത്തു വെക്കുമ്പോ ആരോ ഒരാള്‍ വേഗത്തില്‍ നടന്നു നീങ്ങുന്നു. പിള്ളേച്ചന്‍ ജാഗരൂഗനായി. വെളിച്ചം തെളിക്കാതെ ഇരുളിന്റെ മറപ്പറ്റി ആ രൂപത്തെ അയാള്‍ പിന്തുടര്‍ന്നു.തോടും ചിറയും കടന്നു രൂപം ഒരു വീടിനു മുന്നില്‍ ചെന്ന് നിന്നു. തങ്കമ്മയുടെ വീട്.രൂപം  സസൂഷ്മം ചുറ്റും കണ്ണോടിച്ചു. പിള്ളേച്ചന്‍ വേലിക്ക് പിറകിലേക്കൊളിച്ചു. ഇതാരായിരിക്കും. പിള്ളേച്ചനു അതറിയാന്‍ തിടുക്കമായി.ശ്വാസമടക്കി കാത്തിരുന്നു. രൂപം കതകില്‍ പതുക്കെ മുട്ടി.കുടിലിനുള്ളില്‍ റാന്തല്‍ തെളിഞ്ഞു. ഉറക്കച്ചവടോടെ തങ്കമ്മ വാതില്‍ തുറന്നു.റാന്തല്‍ താഴെ വെച്ചു അവര്‍ മുടി മാടി കെട്ടി. " എന്താ ഇത്ര വൈകിയത്." അവര്‍ ശബ്ദം താഴ്ത്തി ചോദിച്ചു. "നാട്ടുകാര്‍ ഉറങ്ങണ്ടേ...." ആ പതിഞ്ഞ സ്വരത്തിന്റെ ഉടമയെ പിള്ളേച്ചന്‍ റാന്തലിന്റെ നേരീയ വെളിച്ചത്തില്‍ തിരിച്ചറിഞ്ഞു. 'ഉണ്ണി...' അയാളുടെ കണ്ണില്‍ എന്തൊക്കെയോ മിന്നി മറഞ്ഞു. അപ്പൊ ഇതിനാണിവന്‍ ഇടയ്ക്കു പെട്ടിയും തൂക്കി വന്നുപോകുന്നത്. ദേഷ്യം കൊണ്ടയാളുടെ മുഖം ചുവന്നു.

കുടിലിന്റെ കതകടഞ്ഞു.പിള്ളേച്ചന്‍ നടക്കുകയല്ല, ഓടുകയാരുന്നു. ആദ്യം കേശു മൂപ്പനെ വിളിച്ചുണര്‍ത്തി. പിന്നെ പുല്ലംപ്ളാവിലെ  വര്‍ക്കി മാപ്പിളയേയും പൈലിയേയും ചുരുക്കം നാട്ടുകാരേയും കൂട്ടി; തങ്കമ്മയുടെ വീട്ടിലേക്കു കുതിച്ചു. അങ്ക(അംഗ)തട്ടില്‍ അങ്കം വെട്ടി അങ്കകലി  പൂണ്ടു നിന്ന കപടതാരത്തെ കയ്യോടെ പിടികൂടിയ നാട്ടുകാര്‍ സിനിമയെ വെല്ലുന്ന സംഘടനരംഗങ്ങള്‍ കൊണ്ട് വരവേറ്റു. 
നേരം വെളുത്തപ്പോ ചായക്കടക്കു മുന്നില്‍ ആളുകള്‍ അയാളെ പരസ്യ വിചാരണ ചെയ്തു തുടങ്ങി.  കരുവാളിച്ച കവിളും കലങ്ങിയ കണ്ണും രാത്രിയിലെ സല്ക്കാരത്തിന്റെ ആഴമറിയിച്ചു. സിമ്പ്ളനായി  വന്നു നാട്ടുകാരെ പറ്റിച്ച 'നടന്‍ ' കോടമ്പാക്കത് പെണ്ണുങ്ങളെ എത്തിച്ചു കൊടുക്കുന്ന പിമ്പാണ്.  തങ്കമ്മയെയും അവിടേക്ക് കൊണ്ട് പോകാമെന്നയാള്‍  മുന്‍സമാഗമങ്ങളില്‍ എപ്പോഴോ അവര്‍ക്ക് വാക്ക് കൊടുത്തിരുന്നു. അതിനുള്ള തയാറെടുപ്പിലാരുന്നു അയാള്‍ . 


നാട്ടുകാരുടെ  എല്ലാ ഊഹാപോഹങ്ങള്‍ക്കും സംശയങ്ങള്‍ക്കും ഉത്തരം കിട്ടി.  'മിന്നലുണ്ണി' എന്ന കപടതാരത്തിന്റെ എന്റെ നാട്ടിലെ അഭിനയജീവിതത്തിനു അതോടെ എന്നെന്നേക്കുമായി തിരശീല വീണു.