Friday, September 16, 2011

സിനിമ - എന്റെ മാത്രം കാഴ്ചപാട്



സിനിമ അതാര് അഭിനയിച്ചാലും കെട്ടുറപ്പും പുതുമയുമുള്ള ഒരു തിരകഥ ആണെങ്കില്‍ ജനം രണ്ടു കയ്യും നീട്ടി സ്വീകരിക്കും. അന്തമായ താരാരാധനയോടെ പടങ്ങളെ സമീപിക്കുന്ന പ്രേക്ഷകരല്ല ഇന്ന് കേരളത്തിലെന്നു കഴിഞ്ഞ കാലങ്ങളിലെ ചെറിയ ചിത്രങ്ങളുടെ വലിയ വിജയം സൂചിപ്പിക്കുന്നു.

ഡോക്ടര്‍ ലവ് എന്ന ചിത്രത്തില്‍ ആദ്യം പ്രിത്വിരാജിനെ ആണ് ഉദ്ദേശിച്ചിരുന്നതെങ്കിലും പ്രിത്വി ആ പടത്തില്‍ നിന്നും അകാരണമായി പിന്മാറുകയായിരുന്നു എന്ന് അതിന്റെ സംവിധായകന്‍ ബിജു പറയുന്നു. മറ്റൊരാള്‍ക്ക് മാറ്റി വെച്ച കഥാപാത്രം ആണെന്നറിഞ്ഞിട്ടും യാതൊരു വിമുഖതയുമില്ലാതെ ആ ചിത്രം സ്വീകരിച്ചു ഭംഗിയാക്കിയ ചാക്കോച്ചനു ഹാറ്റ്സ് ഓഫ്‌.

നല്ല സിനിമകളെ പരിപോഷിപ്പിക്കാന്‍...അതിനു കാരണമാവുന്നവരെ തങ്ങളുടെ പ്രതിഭ ഉപയോഗിച്ച് പ്രോത്സാഹിപ്പിക്കാന്‍, തന്റെ കഴിവിനെ കുറിച്ച് എട്ടുനാടും പോട്ടെ വിളിച്ചു കൂവുന്ന ഈ യുവ സൂപര്‍ താരങ്ങള്‍ കൂടി ശ്രമിക്കുക. നല്ല സിനിമകള്‍ ആണ് നിങ്ങളെ താരങ്ങള്‍ ആക്കുന്നതെന്ന് ഓര്‍ക്കുക. അതിനു കാരണമാകുന്നവരെ പ്രോത്സാഹിപ്പിക്കുക.

ഇന്നലെ ഡ്യൂട്ടി കഴിഞ്ഞു ചെല്ലുമ്പോള്‍ ടി വിയില്‍ ഫോര്‍ ഫ്രണ്ട്സ് എന്ന ചിത്രം നടക്കുന്നു. ഷൂ അഴിച്ചു വെച്ച് ജോലിയുടെയും യാത്രയുടെയും ക്ഷീണത്തില്‍ കസേരയില്‍ ചാഞ്ഞിരിക്കുമ്പോ...പെട്ടെന്ന് കമലഹാസനെ സ്ക്രീനില്‍ കണ്ടു. കമലഹാസന്‍ എന്റെ എക്കാലത്തേയും ഇഷ്ടനടനായതുകൊണ്ട്...ക്ഷീണം മറന്നു പടം കാണാന്‍ ഇരുന്നു. ഗസ്റ്റ് റോളില്‍ എത്തിയ അദ്ദേഹം ആ സിനിമയ്ക്കു വേണ്ടി തന്റെ ഭാര്യ ഗൗതമി ഒരു കാന്‍സര്‍ പേഷ്യന്റ് ആണെന്ന കാര്യം പോലും പറഞ്ഞു വികാരാധീനനാകുന്നു. ഇതിനു ഒരുപക്ഷെ പല വാദമുഖങ്ങള്‍ ഉണ്ടായേക്കാം...സ്വകാര്യതയെ കൊമേര്‍ഷ്യലൈസ് ചെയ്തെന്നോ അങ്ങനെ എന്തെങ്കിലും. പക്ഷെ എനിക്ക് തോന്നിയത്...കാന്‍സര്‍ രോഗികളെ കുറിച്ച് പറയുന്ന ഒരു നല്ല സിനിമ...അതില്‍ സദുദ്ദേശതോടെ തന്റെ സ്വകാര്യത പോലും ഷെയര്‍ ചെയ്യാന്‍ ആ വലിയ നടന്‍ തയാറായി.നല്ല സിനിമകളെ പ്രൊമോട്ട് ചെയ്യാന്‍ വേണ്ടി..അതിലൂടെ ഒരു സന്ദേശം കൊടുക്കാന്‍ വേണ്ടി.

സാള്‍ട്ട് & പെപ്പര്‍ എന്ന സിനിമ മലയാളത്തിനു തന്നത് ആഷിക് ബാബു എന്ന നല്ലൊരു സംവിധായകനെ ആണ്.തുടക്കക്കാരെ...വേറിട്ട്‌ ചിന്തിക്കുന്നവരെ... പ്രോത്സാഹിപ്പിക്കുക. പദ്മരാജനും ഭരതനും ശേഷം നല്ല സിനിമകള്‍ അന്യം നിന്നു പോയെന്നു മുറവിളി കൂട്ടിയിട്ടു കാര്യമില്ല.പുതിയ പ്രതിഭകളെ പ്രോത്സാഹിപ്പിക്കുക... അന്ഗീകരിക്കുക...ആരുകണ്ടു... നാളെ അവര്‍ ഭാരതനെക്കാളും പദ്മരാജനെക്കാളും ഉയരങ്ങളില്‍ എത്തില്ലെന്ന്... നമ്മുടെ ചെറിയ "വലിയ" നടന്മാര്‍ ഇതൊക്കെ ഒന്ന് മനസ്സിലാക്കിയാല്‍ നന്നായിരിക്കും.

അക്ഷരക്കൂട്ട്‌......




ഓരോ ദിവസവും നമ്മള്‍ ഉറക്കം വിട്ടെഴുന്നെല്‍ക്കുമ്പോള്‍ അന്ന് ചെയ്യണ്ടതും ചെയ്തു തീര്‍ക്കണ്ടതുമായ കാര്യങ്ങളെ കുറിച്ച് ചിന്തിക്കാറുണ്ട്. കുറച്ചു ദിവസങ്ങളായി ഞാനും അങ്ങനെ ചിന്തിച്ചു പ്രാവര്‍ത്തികമാക്കണമെന്നു കരുതുന്ന ഒരു കാര്യത്തെ കുറിച്ചാണ് എഴുതുന്നത്‌.


ജോലിയൊന്നുമില്ലാതെ നടന്ന നാളുകളിലും...അതിനു ശേഷം ചെറിയ ചെറിയ ജോലികള്‍ ചെയ്തു കഴിഞ്ഞുകൂടിയ നാളുകളിലും വായനാ ശീലം ഉണ്ടായിരുന്നു. എനിക്ക് മനസ്സിലാക്കാന്‍ കഴിയുന്ന ബുക്കുകള്‍ ഒക്കെ വായിക്കുമാരുന്നു. മലയാളത്തിലെ പേരെടുത്ത ഒരു ബുക്കും വായിക്കാനോ...വാങ്ങാനോ അന്ന് കഴിഞ്ഞിട്ടില്ല.


അന്നൊക്കെ കമ്പ്യൂട്ടര്‍ എനിക്ക് അപ്രാപ്പ്യമായിരുന്നു. ഇന്ന് ഔദ്യോഗിക ജീവിതത്തിന്റെ മുക്കാല്‍ പങ്കും സ്വകാര്യമായി കമ്പ്യൂട്ടറില്‍ ചിലവഴിച്ചിട്ടു...വൈകുന്നേരങ്ങളില്‍ റൂമില്‍ചെന്ന ശേഷം
വീണ്ടും ഇന്റര്‍നെറ്റ്‌ എന്ന മായിക ലോകത്തേക്ക് ഊളിയിട്ടിറങ്ങാന്‍ മനസ്സ് വെമ്പുന്നു....അല്ല അത് തന്നെയാണ് ചെയ്യുന്നതും.... ഓഫ്‌ ദിവസങ്ങളിലും അവസ്ഥ വ്യത്യസ്തമല്ല...ഓഫിന്റെ ആലസ്യത്തില്‍ നിന്നുമെഴുനേറ്റു ഒരു കപ്പു കാപ്പിയുമായി നേരെ കമ്പ്യൂട്ടറിന്റെ ചുവട്ടിലേക്ക്‌...ചുറ്റുപാടുകളെയും സഹമുറിയന്‍മാരെയും മറന്നു വീണ്ടും ഇന്റര്‍നെറ്റ്‌ എന്ന മായിക ലോകത്ത്.


ഒരേ റൂമില്‍ ഒന്നിച്ചു കഴിയുന്നവരെ അടുത്തറിയാന്‍ ശ്രമിക്കാതെ, സംവദിക്കാതെ...ചുറ്റുപാടുകളെ അറിയാതെ...ബസ്സിലൂടെയും ഫേസ്ബുക്കിലൂടെയും നൈമിഷികയും യാന്ത്രികവുമായ സൗഹൃദങ്ങള്‍ തേടി അലയുന്നു. കമ്പ്യൂട്ടറിന്റെ ചുവട്ടില്‍ ഇന്റെര്‍നെറ്റിന്റെ അനന്ത വിഹായസ്സില്‍ പറന്നു നടക്കുമ്പോ...നമ്മുക്ക് നഷ്ടമാകുന്ന ഒരുപാട് കാര്യങ്ങളില്ലേ...സുഹൃത്തുക്കള്‍ക്കായി...കൂട്ടായ്മക്കായി...മാറ്റി വെക്കണ്ട നല്ല കുറേ നിമിഷങ്ങള്‍....എന്തിനു വായനാ ശീലം പോലും നമ്മുക്ക് നഷ്ടമായി. എന്തോ ഈ അടിക്ഷനില്‍ നിന്നും മോചനം വേണമെന്ന് എനിക്ക് തോന്നി തുടങ്ങിയപ്പോഴാണ് എപ്പോഴോ കൈമോശം വന്ന പുസ്തക വായന എന്ന ശീലം തിരിച്ചു കൊണ്ട് വരാന്‍ തീരുമാനിച്ചത്.

കുറേ ആഴ്ചകള്‍ക്ക് മുന്‍പ്  നല്ല ബുക്സ് സജെസ്റ്റ് ചെയ്യണമെന്നു പറഞ്ഞു ഞാന്‍  ബസ്സില്‍ പോസ്റ്റ്‌ ഇട്ടിരുന്നു.  എന്റെ കൂട്ടുകാര്‍  അന്ന് കുറേ ബുക്സ് സജെസ്റ്റ് ചെയ്തു. അന്ന് ആ പോസ്റ്റ്‌ ഇട്ടപ്പോ പലരും കളിയാക്കി.. .ഇന്റലക്ച്വല്‍ ആകാന്‍ ശ്രമിക്കുകയാണോ എന്ന് ചോദിച്ചു. സാമാന്യ അറിവും ചിന്തയും കാഴ്ചപാടും മാത്രമുള്ള ഒരു വ്യക്തി വായനാശീലം പുനരാരംഭിക്കുമ്പോ എങ്ങനെ ഇന്റലക്ച്വല്‍ ആകും. ഈ യാന്ത്രിക ജീവിതത്തില്‍ നിന്നു ഒരല്‍പം ആശ്വാസം..അതാണ്‌ ഞാന്‍ വായനയിലൂടെ ആഗ്രഹിക്കുന്നത്... .കീബോഡില്‍ കൊട്ടി കൊട്ടി ജീവിതം തീര്‍ക്കാന്‍ വയ്യാ.

കൂട്ടുകാരെ...അന്നവര്‍ സജെസ്റ്റ് ചെയ്ത പുസ്തകങ്ങളില്‍ എഴുപതു ശതമാനവും ഞാന്‍ വാങ്ങി കഴിഞ്ഞു. വായനയുടെ ലോകത്തേക്ക് കുറച്ചെങ്കിലും മടങ്ങി പോകുന്നു എന്റെ സൗഹൃദങ്ങള്‍ മുറിക്കാതെ....

Sunday, September 4, 2011

റൌക്ക



എന്റെ ബാല്യകാലജീവിതം അച്ഛന്റെ കുടുംബവീട്ടില്‍  ആരുന്നു. പഴയ കാലത്തെ ഒരു ഇടത്തരം വീട്. കൂട്ടുകുടുംബമായി വെല്ല്യച്ചന്റെയും ചിറ്റപ്പന്റ്റെയും കുടുംബങ്ങള്‍  ഞങ്ങളോടൊപ്പം കഴിഞ്ഞിരുന്നു. ഇന്ന് എല്ലാരും  അണു  കുടുംബങ്ങളായി ചിതറി മാറി കഴിഞ്ഞു. കൂട്ടുകുടുംബജീവിതത്തിന്റെ സുഖങ്ങള്‍ രസങ്ങള്‍   ഇന്ന് നമ്മുടെ കുട്ടികളെ ഇങ്ങനെ എഴുതിയും പറഞ്ഞുമല്ലേ അറിയിക്കാന്‍ പറ്റൂ.


വല്യച്ഛന്റെ മക്കളൊക്കെ ഒന്നിച്ചൊരു സ്കൂളില്‍ പഠിക്കുമ്പോ ഞാന്‍ മാത്രം വേറെ സ്കൂളില്‍ ഒറ്റയ്ക്ക്. വല്ല്യച്ചനു മൂന്നു മക്കള്‍ ആണ്.  അച്ഛന് അന്ന്  ബീഹാറിലാണ് ജോലി. ഞാന്‍ ഒരേ ഒരു മോന്‍. അമ്മ ബേക്കറി സാധനങ്ങളൊക്കെ വാങ്ങി വെച്ചിങ്ങനെ എപ്പോഴും തീറ്റി  എന്നെ ഒരു കുട്ടികുറുമനായി വളര്‍ത്തുന്ന കാലം.


ബേക്കറിയില്‍ അന്നൊക്കെ സുതാര്യ പേപ്പറില്‍ പൊതിഞ്ഞ ഒരു നീളന്‍  കേക്ക് കിട്ടും. ഞാനിതു അമ്മയുടെ കയ്യില്‍ നിന്നും വാങ്ങി കഴിച്ചോണ്ട് വെളിയില്‍ പോകും. വല്യച്ഛന്റെ മക്കള്‍ പതുക്കെ പിറകേ കൂടും. മൂത്ത എട്ടനന്നു  പതിനാലു പതിനഞ്ചു  വയസ്സുണ്ടാവും...അതിനിളയ എട്ടന് പത്തു വയസ്സ്...എനിക്കും വല്യച്ഛന്റെ മോള്‍ക്കും ഏകദേശം ഒരേ പ്രായവും...ഒരേ പ്രായക്കാര്‍ ആയതുകൊണ്ടാണോ എന്തോ  അവള്‍ക്കു മാത്രം ഒരല്‍പം നുള്ളി കൊടുക്കും. അപ്പൊ ഏട്ടന്മാരും  കൈനീട്ടും.ഞാന്‍ കൊടുക്കില്ല. ഓരോന്ന് പറഞ്ഞു നയത്തില്‍ അവരെന്നെ  പറമ്പിന്റെ ഏതെങ്കിലും കോണില്‍ കൊണ്ട് പോയിട്ട് വീണ്ടും ചോദിക്കും....കൊടുത്തില്ലെങ്കില്‍ പറമ്പില്‍  കിളച്ചു കൂട്ടിയിരിക്കുന്ന  മണ്‍കട്ട വെച്ചെന്നെ എറിയും...ഞാന്‍ കരഞ്ഞോണ്ട് ഓടും. അഥവാ  എന്തെങ്കിലും എപ്പോഴെങ്കിലും കൊടുത്താല്‍ തന്നെ വഴകിടുമ്പോ ഞാന്‍ തിരിച്ചു ചോദിക്കും. അപ്പൊ മൂത്തേട്ടന്‍ കളിയാക്കി ഒരു പാട്ട് പാടും...ഇന്ന് തരാം... നാളെ തരാം.... പാറ കല്ലേല്‍ തൂറി തരാമെന്നു.


ഇന്ന് വളര്‍ന്നു വലുതായി കുഞ്ഞുകുട്ടിപരാധീനങ്ങള്‍ ഒക്കെ ആയപ്പോഴും ഞങ്ങള്‍ ഒത്തുകൂടുമ്പോഴൊക്കെ  ഇത് പറഞ്ഞു ചിരിക്കും. അന്ന് ഞങ്ങളുടെ വീട്ടിലൊരു അമ്മൂമ്മ വരുമാരുന്നു. കുഞ്ഞുപെണ്ണമ്മൂമ്മ.വീട്ടില്‍ തേങ്ങ ഇടാന്‍ വരുന്ന കേശവന്‍ അപ്പുപ്പന്റെ അമ്മയാണ്. വീട്ടില്‍ എന്തെങ്കിലുമൊക്കെ ചെറിയ ചെറിയ സഹായങ്ങള്‍ ചെയ്തു വൈകും വരെ അവിടെ കൂടും. വാത്സല്യത്തോടെ എന്നെ മടിയിലൊക്കെ പിടിച്ചിരുത്തി ഓരോ കഥകള്‍ പറയും.


എന്നോടുള്ള വാത്സല്യം കൊണ്ടാവാം...ഈ അമ്മൂമ്മയെ എനിക്കൊരുപാടിഷ്ടമാരുന്നു. അമ്മൂമ്മക്കൊരു പ്രത്യേകത ഉണ്ട്.  ബ്ലൌസോ റൌക്കയോ ഒന്നും തന്നെ ഉപയോഗിക്കില്ല. മാറ് ഒരു വെള്ള നേര്യതു കൊണ്ടിങ്ങനെ മറച്ചിടും. വീട്ടില്‍ എന്റെ സ്വന്തം  അമ്മൂമ്മ ഒക്കെ ബ്ലൌസ് ഇട്ടു നടക്കുമ്പോ കുഞ്ഞുപെണ്ണമ്മൂമ്മ മാത്രമെന്താ ഇങ്ങനെ എന്ന് ഞാന്‍ ഒരിക്കല്‍  അമ്മയോട് ചോദിച്ചു. അമ്മൂമ്മക്ക്‌ ബ്ലൌസ് മേടിക്കാന്‍ കാശില്ലാഞ്ഞിട്ടാ  എന്ന് അമ്മ പറഞ്ഞു. ഞാന്‍ അത് വിശ്വസിച്ചു.


മാസങ്ങള്‍ ഓടി പോയി. മധ്യവേനല്‍ അവധിയായി. എല്ലാ വേനലവധിക്കും അച്ഛന്‍ വരും. ആ ഓര്‍മ്മയില്‍, കളിപ്പാട്ടങ്ങള്‍ക്കും ഉടുപ്പുകള്‍ക്കും, മിട്ടായികള്‍ക്കും വേണ്ടിയുള്ള കുഞ്ഞു മനസ്സിന്റെ കാത്തിരിപ്പാണ് പിന്നെ. അങ്ങനെ ഏപ്രില്‍ മാസത്തില്‍ അച്ഛനെത്തി. അടുത്ത ദിവസം കുഞ്ഞുപെണ്ണമ്മൂമ്മ വീട്ടില്‍ വന്നപ്പോ അച്ഛന്‍ വിശേഷങ്ങള്‍ ഒക്കെ തിരക്കി. പത്തു രൂപാ കയ്യില്‍ വെച്ച് കൊടുക്കുമ്പോ, (എല്ലാ വരവിലും അതൊരു പതിവാണ്)  ഞാന്‍ രംഗപ്രവേശം  ചെയ്തു. "അച്ഛന്‍ വന്നിട്ട് അമ്മൂമ്മക്കൊന്നുമില്ലേ"  അമ്മൂമ്മ വെറുതെ ചോദിച്ചു. ഞാന്‍ ചിരിച്ചിട്ടോടി കളഞ്ഞു.


രാത്രിയില്‍ അച്ഛനെ കെട്ടിപിടിച്ചു കിടന്നേ ഞാന്‍ ഉറങ്ങൂ. അച്ഛന്‍ തിരിച്ചുപോകും വരെ  അതൊരു ശീലമാണ്. അങ്ങനെ കെട്ടിപിടിച്ചു ഉറങ്ങാന്‍ കിടക്കുമ്പോ  പെട്ടെന്ന് കുഞ്ഞുപെണ്ണമ്മൂമ്മയെ ഓര്‍മ്മ വന്നു. ഞാന്‍ അച്ഛനോട് ചോദിച്ചു "ഞാനൊരു കാര്യം പറഞ്ഞാല്‍ അച്ഛന്‍ സാധിച്ചു  തരുമോ" എന്ന്. "അതിനെന്താ...മോന്‍ പറഞ്ഞോ... അച്ഛന്‍ സാധിച്ചു തരാം" അതും പറഞ്ഞച്ചന്‍ എന്നെ ചേര്‍ത്തുപിടിച്ചു. "നമ്മുടെ കുഞ്ഞുപെണ്ണമ്മൂമ്മക്ക് ബ്ലൌസ് വാങ്ങാന്‍  പൈസ ഇല്ല. നമ്മുക്കൊരെണ്ണം വാങ്ങിച്ചു കൊടുത്തുകൂടെ??." എന്റെ ചോദ്യം കേട്ടു അച്ഛനൊന്ന് ചിരിച്ചു....പിന്നെന്നെ നെഞ്ചോടു ചേര്‍ത്തുപിടിച്ചു നെറ്റിയില്‍ ഒരുമ്മ തന്നിട്ട് പറഞ്ഞു...."അതിനെന്താ അമ്മൂമ്മക്ക്‌ അച്ഛന്‍ ഒരു ബ്ലൌസ് വാങ്ങിച്ചു കൊടുക്കാം" .


കാര്യം അറിഞ്ഞ അമ്മ വഴക്കായി. അമ്മൂമ്മ ബ്ലൌസ് ഇടില്ല മോനെ...കാശില്ലാഞ്ഞിട്ടാണെന്നു അമ്മ അന്നു വെറുതെ പറഞ്ഞതാ എന്നൊക്കെ. ഞാന്‍ ഉണ്ടോ അത് കേള്‍ക്കുന്നു. കരച്ചിലോടെ കരച്ചില്‍. അങ്ങനെ എന്റെ സങ്കടത്തിനു മുന്‍പില്‍ കാര്യങ്ങള്‍ക്ക് തീരുമാനമായി. വീട്ടില്‍ എന്റെ അമ്മൂമ്മയുടെ അളവില്‍ ഒരു ബ്ലൌസ് തൈപ്പിച്ചു. പിറ്റേ ദിവസം കുഞ്ഞുപെണ്ണമ്മൂമ്മയെ വീട്ടില്‍ വിളിപ്പിച്ചു ആ പൊതി ഏല്‍പ്പിച്ചു. പൊതി തുറന്നു നോക്കിയിട്ട് അമ്മൂമ്മ പറഞ്ഞു." അമ്മൂമ്മക്കിത് വേണ്ട. അമ്മൂമ്മ ഇത് ഇടില്ല. പണ്ട് മുതലേ ഇങ്ങനെ ശീലിച്ചു പോയി" എന്ന്. അന്നൊരുപാട് സങ്കടം തോന്നി. ഒരുപാടാഗ്രഹിച്ചു വഴക്കിട്ടു വാങ്ങിപ്പിച്ചതല്ലേ. പിന്നെ മനസ്സില്‍ സ്വയം സമാധാനിച്ചു. പഠിച്ചു വലുതാകുമ്പോ ആദ്യത്തെ ശമ്പളത്തിന്  കുഞ്ഞുപെണ്ണമ്മൂമ്മക്ക് നല്ലൊരു മുണ്ടും  നേരിയതും  വാങ്ങി കൊടുക്കണമെന്നൊക്കെ മനസ്സില്‍ തീരുമാനിച്ചുറച്ചു. 


പക്ഷെ കാലം അതിനൊന്നും  അനുവദിച്ചില്ല. ഞാന്‍ പത്താം ക്ലാസ്സില്‍  പഠിക്കുമ്പോള്‍ അമൂമ്മക്കു  വാര്‍ധക്യസഹജമായ രോഗങ്ങള്‍ മൂര്ചിച്ചു. ഒരു ദിവസം സ്കൂളില്‍ നിന്നു വരുമ്പോ അമ്മൂമ്മയുടെ മരണവാര്‍ത്തയാണ് കേള്‍ക്കുന്നത്.  എന്നിലെ ആഗ്രഹം  ബാക്കിയാക്കി അമ്മൂമ്മ എന്നന്നേക്കുമായി ഞങ്ങളെ ഒക്കെ പിരിഞ്ഞു പോയി.


വാത്സല്ല്യത്തോടെ മോനേന്നു വിളിച്ചു....മാറില്‍ നേര്യതു മാത്രം മടക്കി ഇട്ടു ഒരല്‍പം കൂനോടെ നടന്നു വരുന്ന കുഞ്ഞുപെണ്ണമ്മൂമ്മയെ എനിക്കൊരിക്കലും മറക്കാന്‍ കഴിയില്ല. അത്രക്കെനിക്കിഷ്ടമാരുന്നു.

Saturday, September 3, 2011

കാത്തിരിപ്പ്



കൂട്ടുകാരന്റെ ബ്ലോഗിലെ പരാമര്‍ശം പോലെ പ്രവാസം താല്‍കാലികമായി വെടിഞ്ഞു അഭയാര്‍ഥിയായി നാട്ടിലെത്താന്‍ ഇനിയുമുണ്ട് രണ്ടു മാസം. ആ ഓര്‍മ്മയില്‍, ആ ചിന്തകളില്‍ ഓരോ ദിവസവും ഒരു യുഗം പോലെ തള്ളി നീക്കുന്നു.

പ്രവാസം ഓരോ മലയാളിയിലും ഗൃഹാതുരത്വവും നാടിന്റെ മായാത്ത ഓര്‍മ്മകളും കൊണ്ട് നിറക്കുന്നു. എന്റെ കൂട്ടുകാരന്‍ ബ്ലോഗില്‍ എഴുതിയ പോലെ  പതിനൊന്നു മാസത്തെ പ്രവാസത്തിനൊടുവില്‍ കിട്ടുന്ന അഭയാര്‍ഥി പട്ടവുമായി ജന്മ നാട്ടില്‍ വിമാനമിറങ്ങുമ്പോള്‍ ഉണ്ടാകുന്ന സന്തോഷം.


നാടിന്റെ പച്ചപ്പിനേക്കാള്‍  ഏറെ പച്ചപ്പ്‌ ഉള്ളില്‍ വന്നു നിറയുന്ന നിമിഷങ്ങള്‍. വിമാനമിറങ്ങി ഇടനാഴിയിലൂടെ നടന്നു നീങ്ങുമ്പോ കാലുകള്‍ക്ക് വേഗത പോരെന്നു തോന്നുന്ന നിമിഷങ്ങള്‍. ലഗേജ് കിട്ടാന്‍ വൈകുമ്പോ വല്ലാത്ത അസഹിഷ്ണുത തോന്നുന്ന നിമിഷങ്ങള്‍...ഓരോ വാതിലും പരിശോധനയും കടന്നു ചില്ല് വാതിലിനപ്പുറത്തേക്ക്   നടന്നടുക്കുമ്പോ പുറത്തെ ജനാവലിയില്‍ തന്റെ പ്രേയസിയെ തിരയുന്ന ഭര്‍ത്താവിന്റെ സന്തോഷം, മക്കളെ തിരയുന്ന അച്ഛന്റെ സന്തോഷം, മാതാപിതാക്കളെ തിരയുന്ന മകന്റെ സന്തോഷം....പെങ്ങളെ തിരയുന്ന ആങ്ങളയുടെ സന്തോഷം...പ്രവാസിയുടെ സന്തോഷത്തിനു അങ്ങനെ എത്ര നിറങ്ങള്‍...അതിരില്ലാത്ത സന്തോഷിന്റെ അനിര്‍വചനീയ നിമിഷങ്ങള്‍.


വരവേല്‍ക്കാനെത്തിയ ബന്ധുക്കളോടൊപ്പം വാഹനത്തില്‍  ഇരച്ചു പായുമ്പോഴും   തന്റെ നാടിന്റെ ഓരോ മാറ്റത്തെയും പുതുമയെയും  അത്ഭുതത്തോടെ അവന്‍ നോക്കികാണും. ഓരോ വരവിലും തന്റെ നാടിന്റെ മാറ്റം. 


എന്റെ ആദ്യ പ്രവാസം രണ്ടു വര്‍ഷത്തോളം നീണ്ടു. ഒരു ശരാശരി പ്രവാസി എപ്പോഴും അങ്ങനെ തന്നെ. പോയി കുറച്ചു കാലം നിന്നു പ്രാരാബ്ധങ്ങള്‍ക്കൊരു അയവ് വരുംവരെ അവധി എന്നതിനെ കുറിച്ചവന് ചിന്തിക്കില്ല. അങ്ങനെ രണ്ടു വര്‍ഷത്തെ പ്രവാസത്തിനൊടുവില് ‍ഞാനും  അവധിക്കു (2007)പോകാന്‍ തീരുമാനിച്ചു.  ആദ്യത്തെ പോക്കാണ് . വെറും കയ്യോടെ പോകാന്‍ കഴിയില്ല. ഓരോ മാസവും എന്തെങ്കിലുമൊക്കെ വാങ്ങിച്ചു വെച്ചേ പറ്റൂ. പോകുന്ന മാസം എല്ലാം കൂടി വാങ്ങാന്‍ പറ്റിവരില്ല. 


അച്ഛനും അമ്മയ്ക്കും  കുഞ്ഞുപെങ്ങള്‍ക്കുമൊക്കെ  യഥേഷ്ടം ഉപയോഗിക്കാനുള്ളതൊക്കെ വാങ്ങണം. ഓരോ വിളിയിലും അമ്മയോട് ചോദിക്കും...എന്തൊക്കെയാണ് വാങ്ങണ്ടതെന്നു . അമ്മ പറയും "വീട്ടില്‍  വേണുന്നതെന്തെന്കിലുമൊക്കെ  വാങ്ങുക. കുട്ടികള്‍ക്ക് മിട്ടായി വാങ്ങാന്‍ മറക്കല്ലേ. അയലതൊക്കെ കൊടുക്കണം. എനിക്കൊരു ടൈഗര്‍ ബാം വേണം, കാലിന്റെ മുട്ട് തീരെ നൂക്കാന്‍ വയ്യാന്നായിരിക്കുന്നു. രാത്രി അതോരല്‍പ്പം പുരട്ടിയാല്‍ വല്ലാത്ത ആശ്വാസമാ. ഒരു കുഞ്ഞു ടോര്‍ച് വേണം. വെളുപ്പിനെ മുറ്റമടിക്കാന്‍ ഇറങ്ങുമ്പോ തെക്കേപുറത്തൊക്കെ  നല്ല ഇരുട്ടാ". ഇങ്ങനെ ചെറിയ ചെറിയ ആവശ്യങ്ങള്‍ മാത്രമേ അമ്മക്കുള്ളൂ. അച്ഛന് അതുമില്ല. പെങ്ങള്‍ക്ക് ഞാന്‍ എന്ത് കൊണ്ട് കൊടുത്താലും സന്തോഷം. ഒരാവശ്യങ്ങളുമില്ല.


അങ്ങനെ ഓരോ മാസങ്ങളിലായി ഓരോന്ന് വാങ്ങിച്ചു തുടങ്ങി. ഓഫ്‌ ദിവസം ടൌണില്‍ പോകും കുറേശ്ശെ സാധനങ്ങള്‍ വാങ്ങും. അങ്ങനെ ഒരു ദിവസം ഹൈവേ സെന്റെരിലെ (ഷോപ്പിംഗ്‌ സെന്റര്‍) ഇടനാഴിയിലൂടോരോന്നു നോക്കി നടക്കുമ്പോ  ഒരു നല്ല ഷേവിംഗ് സെറ്റ് കണ്ടു. എടുത്തു നോക്കി. പെട്ടെന്ന് അച്ഛന്റെ മുഖം ഓര്‍മ്മ വന്നു. രണ്ടു വര്ഷം മുന്‍പേ ആദ്യ ഗള്‍ഫ്‌ യാത്രക്കായി പെട്ടി അടുക്കുമ്പോ ഷേവിംഗ് സെറ്റ് ഇല്ലെന്നു  പറഞ്ഞപ്പോ. "എന്റേത് ഉപയോഗിക്കാന്‍ മടിയില്ലയെങ്കില്‍ ഇതെടുതോളൂ ഇനി വാങ്ങാന്‍ ഒന്നും നിക്കണ്ട". എന്ന് പറഞ്ഞു അച്ഛന്റെ സെറ്റ് എനിക്ക് തന്നു വിട്ടു.  ഇന്നും എന്റെ കൈയിലുള്ള സെറ്റ് അത് തന്നെ. പുതിയ ആ സെറ്റ് അച്ഛന് വേണ്ടി വാങ്ങുമ്പോ കണ്ണുകള്‍ വല്ലാതെ നിറഞ്ഞു...(ഇതെഴുതുമ്പോഴും). ഓരോ പ്രവാസിയുടെയും ജീവിതത്തില്‍ മയില്‍‌പ്പീലി തുണ്ട് പോലെ സൂക്ഷിക്കാന്‍ ഇങ്ങനെ നൂറായിരം ഓര്‍മ്മകള്‍. 


നാട്ടില്‍ നിന്നും അമ്മ കൂട്ടുകാരുടെ കൈവശം  കൊടുത്തുവിടുന്ന കുഞ്ഞുപൊതികളുടെ കവര്‍ പോലും ഞാന്‍ കളയില്ല. എന്തോ അതിനോടൊക്കെ  എനിക്ക് വല്ലാതെ അടുപ്പം തോന്നാറുണ്ട്. ആ പൊതിയില്‍ ഞാന്‍ എന്റെ അമ്മയുടെ മണം. വീടിന്റെ മണം ഒക്കെ അറിയാന്‍ ശ്രമിക്കും. അങ്ങനെ കുറേ നൊസ്റ്റാള്‍ജിക് ഫീലിങ്ങ്സ്‌. ഇതെന്റെ മാത്രം കാര്യമാണോന്നറിയില്ല.
വളരെ ചെറിയ പ്രായത്തില്‍ തന്നെ വീടുവിട്ടു ജീവിച്ച ആളായതുകൊണ്ട് തന്നെ വേര്‍പാടിന്റെ വേദന വല്ലാതെ അനുഭവിച്ചിട്ടുണ്ട്. ഇന്നും അനുഭവിക്കുന്നു. അവധിക്കു നാട്ടില്‍ എത്തുമ്പോള്‍ തന്നെ തിരിച്ചുവരവെന്ന  യാഥാര്‍ത്ഥ്യം   മനസ്സിനെ വേട്ടയാടി തുടങ്ങും. നാടും.. വീടും...അമ്പലപറമ്പും..വെടിവട്ടം പറഞ്ഞു ഞാന്‍ എന്റെ കൗമാരം   ആസ്വദിച്ച കളതട്ടും ഒക്കെ എപ്പോഴോ എനിക്ക് നഷ്ടമായി. വല്ലപ്പോഴും മാത്രം കാണാനും ഓര്‍ത്തെടുക്കാനും കഴിയുന്ന നീറുന്ന ഓര്‍മ്മകള്‍ മാത്രമായി. ഇന്ന് കളതട്ടില്‍  പഴയപോലെ ആള്‍ തിരക്കില്ല. പുതിയ കുട്ടികള്‍ക്കതിനോന്നും നേരമില്ല. കളതട്ടിലെ വെടിവട്ടം കഴിഞ്ഞു തിരിച്ചു വന്നു വീടിനു മുന്നിലെ പാലത്തില്‍ ഞങ്ങള്‍ കൂട്ടുകാര്‍ രാത്രിയില്‍ തിരുവാതിര കളിച്ചു നാട്ടുകാരെ കൂട്ടിയത്തോക്കെ ഓര്‍ക്കുമ്പോ ചിരിവരും.


ഗ്രാമക്ഷേത്രത്തില്‍ ഭഗവതി  പറക്കെഴുന്നള്ളി കഴിഞ്ഞാല്‍ പിന്നെ വീടിനു മുന്‍പിലെ പാലത്തില്‍ അന്‍പൊലി മഹോത്സവത്തിനുള്ള  തിരക്കിലാണ് ഞങ്ങള്‍.  കുരുത്തോല പന്തലിട്ടു. മൈക് സെറ്റൊക്കെ വെച്ചു ഒരു കുഞ്ഞുല്സവം. കുരുത്തോല പന്തലോരുക്കാന്‍ കുരുത്തോല കിട്ടാതെ വരുമ്പോ രാത്രി വൈകി കടമ്പാട്ട് പറമ്പില്‍ പോകും. ഒന്നര ഏക്കര്‍ ഭൂമിക്കു നടുവില്‍ ആള്‍ താമസമില്ലാത്ത ഒരു വലിയ വീട്. പകല്‍ സമയം പോലും ആരും പോകാറില്ല. ഞങ്ങള്‍ കൂട്ടുകാരോന്നിച്ചു വീട്ടിലോന്നുമറിയാതെയാണ് രാത്രിയില്‍ അവിടെ പോകുന്നത്.  കൂട്ടത്തില്‍ തണ്ടേടി ആയ കൊച്ചുമോന്‍ തെങ്ങില്‍  കേറിയിട്ടു കുരുത്തോല അറക്കും,  ഒരു കുല ഇളനീരും കയിലിയില്‍ കെട്ടി ഇറക്കും. കരിക്ക് വെട്ടി കുടിച്ചു, കുരുംബ ചുരണ്ടി തിന്നിട്ടു തൊണ്ട് അവിടെ  തന്നെ കുഴിച്ചു  മൂടും. 


ഇപ്പൊ വാമഭാഗം വിളിച്ചു നാളെ ഭഗവതിക്ക് പറയാണ് എന്നൊക്കെ  പറയുമ്പോ മനസ്സിങ്ങനെ പഴയ ഓര്‍മ്മകളിലേക്ക് ഓടി പോകും. ഇന്നും നിറം മങ്ങാതെ തെളിമയോടെ ഞാന്‍ ഓര്‍ത്തെടുക്കുന്ന എന്റെ നാടിന്റെ ഓര്‍മ്മകളില്‍ ഇങ്ങനെ മുഴുകി ഇരിക്കാന്‍ എന്ത് സുഖമാണെന്നോ.. ഓരോ പ്രവാസിക്കും ഇങ്ങനെ എത്രയെത്ര നൊമ്പരങ്ങള്‍, നീറുന്ന ഓര്‍മ്മകള്‍.


ഓരോ അവധിയും തീരാറാകുമ്പോ...രാത്രി വൈകി അമ്മയുടെ തേങ്ങല്‍ കേട്ടു ഞാന്‍ ഞെട്ടി ഉണരും. കട്ടിലില്‍ എന്റെ അടുത്തിരുന്നു മുടിയിലൂടെ കൈയോടിച്ചു നേരിയതിന്റെ അറ്റം കൊണ്ട് വാര്‍ന്നൊലിക്കുന്ന കണ്ണുനീര്‍ തുടച്ചു കരയുന്ന അമ്മയുടെ മുഖം. നമ്മള്‍ മലയാളികല്‍ക്കല്ലാതെ ആര്‍ക്കിങ്ങനെ ഒക്കെ അനുഭവിക്കാനും അറിയാനും പറ്റും ആ സ്നേഹവും, വേദനയും ഗൃഹാതുരത്വവുമൊക്കെ.


എത്ര എഴുതിയാലും പറഞ്ഞാലും  തീരാത്തത്ര നൊമ്പരങ്ങള്‍ പേറിയല്ലേ നമ്മള്‍ ഓരോ പ്രവാസിയും ജീവിത സ്വപ്നങ്ങളുമായി ഈ മരുഭൂമിയില്‍ കഴിയുന്നത്‌. ഇതിനെന്നാണൊരു അവസാനം. വര്‍ഷം ആറ് കഴിഞ്ഞു ഈ പ്രവാസം തുടങ്ങിയിട്ട്. അടുത്ത അവധിക്കായി ദിനങ്ങള്‍ എണ്ണി ഞാനിങ്ങനെ കാത്തിരിക്കുന്നു.