Monday, December 26, 2011

ജീവിതയാത്ര

 
 
അങ്ങനെ ഒരു അവധികാലം കൂടി ശരവേഗത്തില്‍ കടന്നുപോയി. നാഴികയും വിനാഴികയും എണ്ണി കാത്തിരുന്ന മുപ്പത്തെട്ടു നാളുകള്‍ മുപ്പത്തെട്ടു നിമിഷങ്ങളുടെ വേഗതയോടെ പറന്നുപോയി. വീണ്ടും നിറം മങ്ങിയ ഈ ഒറ്റപ്പെട്ട ജീവിതത്തിലേക്ക്.... മരുഭൂവിലേക്ക്.......കഴിഞ്ഞു പോയ മധുരതരമായ നാളുകളുടെ ഓര്‍മ്മയും പേറി അടുത്ത അവധികാലത്തിനായി വീണ്ടുമൊരു കാത്തിരിപ്പ്‌.
 
ട്രോളിയും തള്ളി വിമാനതാവളത്തിനുള്ളിലേക്ക് നടന്നു കേറുമ്പോ എന്താരുന്നു മനസ്സ് നിറയെ. ഒരു നിമിഷം മുന്‍പ് വരെ പൈതൃകത്തിന്റെ ചൂടറിഞ്ഞ് എന്റെ കൈയിലിരുന്നു ചിരിച്ചു കളിച്ച പൊന്നുമോന്റെ നിഷ്കളങ്കമായ മുഖമോ...കരഞ്ഞു കലങ്ങിയ കണ്ണുമായി നിസഹായതയോടെ നോക്കിയ ഭാര്യയുടെ മുഖമോ...ചിന്തകള്‍ വീണ്ടും മോനിലേക്കെത്തി....അപ്പൂപ്പന്റെ കൈയിലേക്ക്‌ ഏല്‍പ്പിക്കുമ്പോ അവന്റെ  മുഖത്തു നിറഞ്ഞു നിന്നത് സങ്കടമോ, ആശങ്കയോ?? കെട്ടിപിടിച്ചു മുത്തം കൊടുക്കുമ്പോ  കുരുന്നു കവിളില്‍ അവനറിഞ്ഞു കാണില്ലേ വാര്‍ന്നൊലിക്കുന്ന കണ്ണീരിന്റെ ചൂട്. ഒന്നുകൂടി തിരിഞ്ഞു നോക്കാതെന്തേ  അച്ഛന് നടന്നകന്നതെന്ന് ആ കുഞ്ഞുമനസ്സ് പരിഭവിച്ചു കാണില്ലേ. തിരിഞ്ഞു നോക്കാന്‍ എനിക്കാവിലെന്നവന്‍ അറിയുന്നില്ലല്ലോ.
 
ബോര്‍ഡിംഗ് പാസുമായി ഇമിഗ്രേഷനിലേക്ക് നടന്നു നീങ്ങുമ്പോ ഇടതുവശത്തെ ചില്ല് ജാലകിത്തിനപ്പുറത്തെ തിരക്കിലേക്ക് വെറുതെ നോക്കി. എന്നെ ഒരിക്കല്‍ കൂടി ഒന്ന് കാണാന്‍ പുരുഷാരത്തിലൂടെ എത്തിയും വലിഞ്ഞും പരിശ്രമിക്കുന്ന ഭാര്യ . ഒക്കത്തെന്റെ പൊന്നുമോന്‍. ഇനിയും എന്നെ കണ്ടെത്തിയില്ലെന്നു ആ മുഖഭാവം വ്യക്തമാക്കി...കൈയിലിരുന്ന പേപ്പര്‍ ഞാന്‍ വീശി കാണിച്ചു....ആ മുഖത്ത് അപ്പോള്‍  വിരിഞ്ഞ സന്തോഷം....അതിനെത്ര നിറങ്ങള്‍ ഉണ്ടാരുന്നു....അടങ്ങാത്ത സ്നേഹവും സങ്കടവും ആ മുഖത്തും കണ്ണുകളിലും ഞാന്‍ വായിച്ചു.... ഒക്കത്തിരിക്കുന്ന കുസൃതികുട്ടനെ വിളിച്ചെന്നെ കാണിച്ചു കൊടുത്തു. വരിയില്‍ ഞാന്‍  മുന്‍പോട്ടു നടന്നു നീങ്ങി...ചില്ല് ജാലകത്തിനപ്പുറത്തെ കാഴ്ച അവ്യക്തമായി തുടങ്ങി.... ചിന്തകള്‍ മനസ്സിനെ വല്ലാതെ മഥിച്ചു. തുളുമ്പാന്‍ വെമ്പുന്ന കണ്ണുകള്‍ ആരും കാണാതെ ഷര്‍ട്ട്‌-ന്റെ കൈയ്യില്‍ തുടച്ചു പരിശോധനകള്‍ക്കും ഔപചാരികതകള്‍ക്കുമായി ഞാന്‍ കാത്തു നിന്നു. കൊണ്ടാക്കാന്‍ വന്ന ഭാര്യയും മകനുമൊക്കെ ഇപ്പൊ മടങ്ങി പോയിരിക്കാം......ഞാനും  മടക്ക യാത്രയിലാണ്...ഒരുപാട് ഓര്‍മ്മകളിലേക്ക്...
 
ഒരു നല്ല ജീവിതം  കെട്ടിപടുക്കാന്‍ നാടുവിടുന്ന ഓരോ പ്രവാസിയും ഇങ്ങനെ തേങ്ങുന്നുണ്ടാവാം. ഫ്ലൈറ്റിലെ അഞ്ചു മണിക്കൂര്‍ യാത്രയില്‍ ഉടനീളം മനസ്സ് ഒരു മടങ്ങി പോക്കിലാരുന്നു....കഴിഞ്ഞു പോയ മുപ്പത്തെട്ടു ദിനങ്ങള്‍ അഭ്രപാളിയിലെന്ന പോലെ മനസ്സില്‍ തെളിഞ്ഞു വന്നു...... എന്തിനെന്നറിയാതെ പലപ്പോഴും നെടുവീര്‍പ്പിട്ടു....മോന്‍ ഒരുപാട് മാറിയിരിക്കുന്നൂ... കഴിഞ്ഞ അവധിക്കു അച്ഛന്റെ കൈയ്യില്‍ പെരുമരത്തിന്‍ കമ്പ് തന്നിട്ട്  കോമരം  തുള്ളിച്ച ആള്‍ക്കിപ്പോ അയലത്തെ പോലെ നീണ്ട സ്റ്റാര്‍ വേണം....പുല്‍ക്കൂട്‌ വേണം... അതില്‍ വെക്കാന്‍ "ഉണ്ണി അപ്പച്ചനെ" (ഉണ്ണി യേശുവിനെ അങ്ങനെയും വിളിക്കാമെന്നു അവന്‍  പഠിപ്പിച്ചു) വേണം. ഒന്നും സാധിച്ചു കൊടുക്കാതിരുന്നില്ല....ഗള്‍ഫ്‌കാരന്‍ ആയതുകൊണ്ടല്ല... അവന്റെ ആഗ്രഹങ്ങള്‍ സാധിച്ചു കൊടുക്കുമ്പോള്‍  ആ മുഖത്തു വിരിയുന്ന നിഷ്കളങ്കമായ ചിരിയും സന്തോഷവും  കാണാന്‍ ഈ അച്ഛനിങ്ങനെയല്ലേ പറ്റൂ.
 
ചിന്തകള്‍ അവളിലേക്ക്‌ നീണ്ടു....എന്റെ വാമഭാഗം...പിണങ്ങിയും ഇണങ്ങിയും പരിഭവിച്ചും എന്നെ ഒരു പാട് സ്നേഹിക്കുന്ന ഒരു പാവം. എത്ര സ്നേഹിച്ചാലും മിഥുനത്തിലെ ഉര്‍വ്വശിയെ പോലെ എല്ലാത്തിനും പരിഭവിക്കുന്ന ഒരു പരാതിക്കാരി. നാലുവര്‍ഷത്തെ ദാമ്പത്തികത്തിന്റെ വാര്‍ഷികം അവിശ്മരണീയമാം വിധം ചെറിയ തോതില്‍ ആഘോഷിച്ചു. ഓര്‍മ്മകളുടെ ചെപ്പില്‍ നിറം മങ്ങാതെ സൂക്ഷിക്കാന്‍ അവള്‍ക്കൊരു ദിവസം കൂടി  സമ്മാനിച്ചതിന്റെ സന്തോഷം ഒരുപാടുണ്ട്.  അടുത്ത അവധിക്കാലം വരെ എനിക്ക് താലോലിക്കാന്‍ അങ്ങനെ എത്രയെത്ര മുഹൂര്‍ത്തങ്ങള്‍... ഓര്‍മ്മകള്‍.....പോരെങ്കില്‍ ജീവിക്കാനുള്ള പ്രേരകശക്തിയായി എന്നെ യാത്രയാക്കിയ നനവൂറുന്ന കണ്ണുകളും കുറേ പ്രാരാബ്ദങ്ങളും.... 

Tuesday, November 15, 2011

മിഷന്‍ ഇമ്പോസിബിള്‍


അലാറം അലറി വിളിച്ചു. പുതപ്പിനുള്ളില്‍ നിന്നും തലനീട്ടി സമയം ഉറപ്പു വരുത്തി. മണി നാലേകാല്‍. തണുപ്പായാല്‍ പിന്നെ എഴുനേല്‍ക്കാന്‍ വല്ലാത്ത മടിയാണ്.തണുപ്പിന്റെ സുഖം പിടിച്ചുറങ്ങാന്‍ മനസ്സും ശരീരവും വല്ലാതെ ആഗ്രഹിച്ചു. ക്ലോക്കിലെ സമയം അതിനനുവദിക്കാതെ മുന്നോട്ടു പാഞ്ഞു. ചാടി എഴുനേറ്റു ബ്രഷും പേസ്റ്റ്മായി കുളിമുറിയിലേക്ക് ഓടി.


പല്ലുതേപ്പ് കഴിഞ്ഞു ട്രേഡ് മാര്‍ക്ക് താടിയില്‍ മിനുക്ക്‌ പണി തുടങ്ങി. അതിരു വെട്ടിപിടിച്ചു. കണ്ണാടിയില്‍ സ്വന്തം സൌന്ദര്യമൊന്നു ആസ്വദിച്ചു. മുഖത്തിനൊരു കരുവാളിപ്പ്.വല്ലാത്തൊരു ക്ഷീണം. കണ്ണുകള്‍  വീങ്ങിയിട്ടുണ്ട്. ഗ്ലാമര്‍ കുറഞ്ഞോ...!!!! എന്തേ മുഖത്തൊരു മങ്ങല്‍. ഇന്നലെ ഉറക്കം അങ്ങട് ശരിയായില്ല. എന്തൊക്കെയോ അസ്വസ്ഥത ഫീല്‍ ചെയ്തു. അങ്ങനെ ഓരോ ചിന്തകളുമായി നീരാടി തിരിചെത്തുമ്പോഴും  ജോസേട്ടന്‍ പൂക്കുറ്റി ഉറക്കം. അതങ്ങനെ ആണ്..ഞാന്‍ കുളികഴിഞ്ഞു വന്നു വിളിച്ചാലേ ഇഷ്ടന്‍ പൊങ്ങൂ. വിളിച്ചുണര്‍ത്തി കുളിക്കാന്‍ പറഞ്ഞു വിട്ടിട്ടു ലൈറ്റ് ഇട്ടു. ഫെയര്‍ & ലവ്ലി പതിവിലേറെ പുരട്ടി മുഖത്തെ കരുവാളിപ്പും ക്ഷീണവും മാറ്റാനൊരു പാഴ്ശ്രമം നടത്തി; തൃപ്തി അടഞ്ഞു. കബോഡ്‌ തുറന്നു ഇടാനുള്ള ഷര്‍ട്ട്‌ എടുത്തു കട്ടിലില്‍ ഇടുമ്പോ കട്ടിലിന്റെ സൈഡില്‍ എന്തോ ഒന്ന് കണ്ണിലുടക്കി. എന്താണത്. ഞാന്‍ വീണ്ടും തുറിച്ചു  നോക്കി.... ദൈവമേ.....ഒരു നേര്‍ത്ത നിലവിളി തൊണ്ടയില്‍ കുരുങ്ങി.


സാമാന്യം മോശമല്ലാത്തൊരു മാര്‍ച്ച് പാസ്റ്റ്; ലക്ഷം ലക്ഷം പിന്നാലെ എന്ന അഹങ്കാരത്തോടെ  മുന്നേറുന്നു. എന്റെ ഉള്ളില്‍ അപകടമണി മുഴങ്ങി. എന്റെ കൈകള്‍ അറിയാതെ ഒന്നര ഇഞ്ച്‌ കനത്തില്‍ ക്രീം ഇട്ട മുഖത്ത് ഇഴഞ്ഞു. ഇശ്വരാ... വെറുതെ അല്ല  ഈ കരുവാളിപ്പ്. കാര്‍ഗിലില്‍ നുഴഞ്ഞു കേറിയ തീവ്രവാദം ഇന്ത്യ അറിഞ്ഞപ്പോഴേക്കും വൈകിയപോലെ...കാര്യങ്ങള്‍ വളരെ വഷളായമട്ടുണ്ട്. ശത്രുക്കള്‍ നിസാരന്മാരല്ല. ഇതിനു പിന്നില്‍ ആരാണെന്നും അറിയില്ല. പെട്ടെന്നുള്ള ആക്രമണത്തില്‍ പകച്ചു പോയ ഞാന്‍ വാച്ചിലേക്ക് നോക്കി. മണി അഞ്ചു. ദൈവമേ ഇനി വൈകിയാല്‍ കാര്യങ്ങള്‍ ഗോവിന്ദ ആകും. വണ്ടി അതിന്റെ പാട്ടിനു പോകും. നിന്നെ ഒക്കെ ശരിയാക്കി താരാമെടാ എന്ന ടിപ്പിക്കല്‍ ഇന്നസെന്റ് സ്റ്റൈ‍ലില്‍ ശത്രുക്കളെ നോക്കി മുരടനക്കിയിട്ടു ഞാന്‍ ഇറങ്ങി.


ബസ്സില്‍ ഇരിക്കുമ്പോഴും ചിന്ത അത് തന്നെ ആരുന്നു. എങ്ങനെ ഈ അടിയന്താരാവസ്ഥയെ കൈകാര്യം ചെയ്യും. ഉടന്‍ ഒരു പരിഹാരം കണ്ടേ പറ്റൂ.കൊച്ചിയിലെ കൊതുകുകള്‍ പോലും ഇത്ര ക്രൂരമായി എന്നെ ഊട്ടിയിട്ടില്ല.
പക്ഷെ ഈ കുവൈറ്റി മൂട്ടകള്‍  ഇന്നലെ ഒരൊറ്റ രാത്രി കൊണ്ട് തന്നെ പകുതി രക്തം ഊറ്റി. മുഖത്തിന്റെ രക്തമയം പോയി.  ഗ്ലാമര്‍ പോയി. ഈ ആക്ക്രമണം ഇങ്ങനെ തുടര്‍ന്നാല്‍ ഉറക്കം ഇല്ലാതാകും.ഉറക്കം നഷ്ടപ്പെട്ടാല്‍ അത് മുഖത്തെ ബാധിക്കും. കണ്ണുകള്‍ക്ക് ചുറ്റും കറുപ്പ് വീഴും. ദൈവമേ എന്റെ സൗന്ദര്യം!!! നാട്ടില്‍ പോകാന്‍ ഇനി ആഴ്ചകള്‍ മാത്രം. മൂന്നു മാസകാലമായി രാത്രി മുടങ്ങാതെ ഞാന്‍ സേവിക്കുന്ന ബദാമും ഈന്തപഴവും...ഒക്കെ വെറുതെ ആവുമോ. അടുത്ത കാലത്തായി മുഖത്ത് വല്ലാത്ത തുടിപ്പും, ചുമപ്പും വന്നിരുന്നു. അതിലൊരല്‍പ്പം  അഹങ്കരിക്കുകയും  ചെയ്തു. അതൊക്കെ ഇവറ്റകള്‍ ഇല്ലാതാക്കുമോ. ചിന്തകള്‍ തലയ്ക്കു ചൂട്  പിടിപ്പിച്ചു.



ഓഫീസില്‍ എത്തി ജോലിയില്‍ മുഴുകിയപ്പോഴും എന്റെ സ്വസ്തലോകത്ത് നുഴഞ്ഞു കയറിയ ശത്രുസൈന്യത്തെ കുറിച്ചുള്ള ചിന്തകളാരുന്നു. ഈ സാഹചര്യത്തെ എങ്ങനെയും നേരിട്ടേ പറ്റൂ. ഓഫീസിലുള്ള യുദ്ധതന്ത്രഞ്ഞരോട് കാര്യത്തിന്റെ ഗൗരവം വിശദീകരിച്ചു.വിദഗ്ദോപദേശം തേടി. ഡബ്ല്യൂ ഡി ഫോര്‍ട്ടി, കോംപാക് തുടങ്ങിയ ആധുനിക യുദ്ധോപകരണങ്ങളെ കുറിച്ച് ചര്‍ച്ച ചെയ്യപ്പെട്ടു.സമ്പത് വ്യവസ്ഥ പാകിസ്ഥാനേക്കാള്‍ കഷ്ടത്തിലായത് കൊണ്ട് തന്നെ പാളയത്തിനുള്ളില്‍ ലഭ്യമായേക്കാവുന്ന യുദ്ധമുറകളെ കുറിച്ച് മാത്രം കുലങ്കുഷമായി  ചിന്തിച്ചു.


 
കാര്യങ്ങളുടെ ഗൌരവമറിയാതെ ജോസേട്ടന്‍ തന്റെ കലാപരുപാടികളുമായി ജീവിതം  തകര്‍ത്താഘോഷിച്ചു. രാത്രി ഏറെ വൈകിയും  ഒരു പരിഹാരമാര്‍ഗം കണ്ടെത്താനാവാതെ ഞാന്‍ വിഷമിച്ചു. എന്റെ രാത്രികള്‍ നിദ്രാവിഹീനങ്ങളായി. എന്റെ മുഖത്തെ കരുവാളിപ്പ് വര്‍ധിച്ചു വന്നു. ടെന്‍ഷനും. ശത്രുക്കള്‍ ഊറ്റി വലിക്കുന്നത് ബദാമും ഈന്തപഴവും കൊണ്ട് ഞാന്‍ ഉണ്ടാക്കി എടുത്ത എന്റെ രക്തമാണ്. അവരില്ലാതാകുന്നതെന്റെ പ്രസരിപ്പും, സൗന്ദര്യവുമാണ്.



ബസ്സിലെ യാത്രയില്‍ സ്ഥിരം കാണുന്ന ഗോവക്കാരന്‍  ഫ്രെഡറിക്കിനോടു കാര്യം അവതരിപ്പിച്ചു. ഇംഗ്ലീഷില്‍ മാത്രമേ ആ പഹയന്‍ സംസാരിക്കൂ. പൊതുവേ മിക്ക ഗോവക്കാരും അങ്ങനെ തന്നെ." മാന്‍, ട്രൈ റ്റൈട്  വാഷിംഗ്‌ പൌഡര്‍, ഇട്സ് വെരി എഫ്ഫെക്ടീവ് " അതൊരു പുതിയ അറിവാണ്.. പരീക്ഷിച്ചു നോക്കാം. വലിയ ചിലവുമില്ലല്ലോ. അങ്ങനെ വൈകിട്ട് വരും വഴി ബാര്‍ബര്‍ ഷോപ്പ് മോഡല്‍ സ്പ്രേ വാങ്ങി. റ്റൈഡു കലക്കി അതിലൊഴിച്ചു യുദ്ധത്തിനുള്ള കോപ്പുകൂട്ടി. ആധുനിക പടകോപ്പുകള്‍ പോലെ ഉന്മൂലനം സാധ്യമല്ല. ഷൂട്ട്‌ അറ്റ്‌ സൈറ്റ് മാത്രമേ നടക്കൂ. അങ്ങനെ സുസജ്ജമായി ഞാന്‍ അതിര്‍ത്തി കാക്കുന്ന പട്ടാളക്കാരന്റെ ജാഗ്രതയോടെ അതിലേറെ പകയോടെ നുഴഞ്ഞു കയറ്റക്കാര്‍ക്കായി കാത്തിരുന്നു. രാവേറെ ആയി. ഞാന്‍ ലൈറ്റ് ഓഫ്‌ ചെയ്തു. റൂമില്‍ കുറ്റാകുറ്റിരുട്ടു, മൊബൈലിന്റെ അരണ്ട വെളിച്ചത്തില്‍ ശത്രുക്കള്‍ക്കായി വലവീശി ഞാന്‍ കാത്തിരുന്നു.

കാത്തിരുപ്പ് വെറുതെ ആയില്ല. ഇരുളിന്റെ മറപറ്റി പതിവ് പോലെ അവര്‍ വന്നു. ഒരു ബറ്റാലിയനായി..ബദാമും ഈന്തപഴവും ആ വരവിന്റെ  വീറു കൂട്ടി.  കൂസലില്ലാതെയുള്ള ആ ഇരച്ചു കയറ്റം എന്നിലെ പക ഇരട്ടിപ്പിച്ചു. കോഴിക്കോട് വെടിവെപ്പിലെ രാധാകൃഷ്ണപിള്ള  മോഡല്‍ രണ്ടു റൌണ്ട് വെടി അന്തരീക്ഷത്തില്‍ പൊട്ടിച്ചു തോക്കിന്റെ  കാര്യക്ഷമത ഞാനുറപ്പ് വരുത്തി. ശത്രുവിനെ ലക്‌ഷ്യം വെച്ചു. ട്രിഗ്ഗറില്‍ വിരല്‍ പലവുരു അമര്‍ന്നു. വെടിയേറ്റ്‌ ശത്രുക്കള്‍ ഓരോരുത്തരായി  പിടഞ്ഞു വീണു. കാര്‍ഗില്‍ പിടിച്ചടക്കിയ സന്തോഷത്തോടെ ഞാന്‍ ആര്‍ത്തു ചിരിച്ചു. ദിവസങ്ങള്‍ക്കു ശേഷം അന്ന്  ഞാന്‍ സ്വസ്തമായുറങ്ങി.


നാട്ടില്‍ പോകാനിനി ദിവസങ്ങള്‍ മാത്രം. തയാറെടുപ്പുകള്‍ തകൃതിയായി. വാങ്ങികൂട്ടിയ സാധനങ്ങള്‍  കട്ടിലിനടിയിലും കബോടിന്റെ സൈഡിലുമായി നിരന്നു കിടന്നു. വൈകിട്ട് വന്ന ശേഷം ഓരോ കവറും കാര്‍ട്ടനില്‍ പെറുക്കി വെക്കാന്‍ തുടങ്ങി. അമ്മക്കായി വാങ്ങിയ  ബെഡ്ഷീറ്റ്‌ എടുത്തു വെക്കുമ്പോ കണ്ട കാഴ്ച ശത്രുസംഹാരത്തിലൂടെ  ഞാന്‍ നേടിയെടുത്ത എന്റെ ആത്മവീര്യം മൊത്തം ചോര്‍ത്തി കളഞ്ഞു. നുഴഞ്ഞു കയറിയ ശത്രുക്കള്‍ ഇപ്പോഴും ഒളിപോരു നടത്തുന്നു.. ദൈവമേ..നാട്ടില്‍ ചെന്നാലും എനിക്ക് സ്വസ്ഥത തരാതിരിക്കാന്‍ കച്ചകെട്ടി ഇറങ്ങിയിരിക്കുകയാണല്ലേ. എന്ത് ചെയ്യണമെന്നറിയാതെ കണ്ടവനെ ഒക്കെ കശാപ്പു ചെയ്തിട്ട് കാര്‍ട്ടന്‍ അടച്ചു വെച്ചു. 



പതിവുപോലെ ബൂത്തിലെത്തി സഹധര്‍മ്മിണിയെ വിളിച്ചു. സുഖവിവരങ്ങള്‍ തിരക്കി. നാട്ടില്‍ വരവിന്റെ  അപ്ഡേറ്റ് കൊടുത്തു. നാലാം വിവാഹവാര്‍ഷികം വരുന്നു. കണവന്‍ തനിക്കായി  എന്ത് സമ്മാനമാണ്  കൊണ്ടുവരുന്നതെന്നറിയാന്‍ കക്ഷിക്ക് ആകാംക്ഷ. എന്താ കൊണ്ടുക്കൊടുക്കുക...ഞാന്‍ സ്വയം ചിന്തിച്ചു. പെട്ടെന്ന് പറയാന്‍ തോന്നിയത് എന്റെ അനുവാദമില്ലാതെ എന്റെ ജീവിതത്തില്‍ കടന്നു വന്നെന്റെ സ്വസ്ഥത നശിപ്പിച്ച ശത്രുക്കളെ കുറിച്ചാണ്. "ഒന്നും കൊണ്ടുവന്നില്ലെങ്കിലും ഒരു സ്പെഷ്യല്‍ ഐറ്റം ഞാന്‍ കൊണ്ടുവരുന്നുണ്ട്......ഇന്നുവരെ ഒരു ഭര്‍ത്താവും ഭാര്യക്ക് കൊടുത്തിട്ടിലാത്ത ഒരു വിശിഷ്ട സമ്മാനം." അതും പറഞ്ഞു ഞാന്‍ ഊറി ചിരിച്ചു.

 
വെള്ളിയാഴ്ചത്തെ ഓഫ്‌ മൊത്തം ശത്രുസംഹാരത്തിനായി മാറ്റി വെച്ചു. മെത്തക്കടിയിലും ഒളിസങ്കേതങ്ങളിലും കടന്നു ചെന്ന് എന്‍കൌണ്ടറില്‍  വെടിവെച്ചിട്ടു. എങ്കിലും ഇരുളിന്റെ മറപറ്റി അവറ്റകള്‍ ഇനിയും വരും. അവര്‍ക്കായി രാത്രി വൈകിയും  ഞാന്‍ കാത്തിരുന്നു. മരുന്നിനു
പോലുമൊരാളെ  കിട്ടാതെ  എന്നിലെ പോരാളി  നിരാശനായി.
 
 
അപ്പൊ അടുത്ത കട്ടിലില്‍  അഭയം തേടിയ ശത്രുക്കള്‍ ജോസേട്ടനിലെ ലഹരി മുറ്റിയ നിണമൂറ്റി കുടിച്ചു  മദോന്മത്തരായി... രാത്രി...ശുഭ രാത്രി.... പാടി എന്നെ നോക്കി കൊഞ്ഞനം കുത്തി.    

Sunday, November 13, 2011

ആചാര്യന്റെ അക്ക്രമങ്ങള്‍




ബാച്ചിലര്‍ ജീവിതത്തിന്റെ അലസതകള്‍ വെടിഞ്ഞു;ജീവിതനാടകത്തിലെ മറ്റൊരു മികവുറ്റ വേഷവുമായി രണ്ടായിരത്തി ഒന്നില്‍ ഹൈദെരാബാദില്‍ അവതരിച്ചു. ജീവിതത്തിലെ ആദ്യത്തെ അധ്യാപന ഉദ്ദ്യമം. രണ്ടായിരത്തോളം  കുട്ടികള്‍ പഠിക്കുന്ന ബോര്‍ഡിംഗ് സ്കൂളില്‍

സ്കൂളിനുള്ളില്‍ തന്നെ  താമസം. ചെന്നധികം ആവും മുന്‍പ് തന്നെ  കുഞ്ഞുണ്ണി മാഷുമായി സൗഹൃദത്തില്‍ ആയി. വളരെ രസികനായ ഒരു കൊല്ലംകാരന്‍. ആള് മലയാളം എം എ. പഠിപ്പിക്കുന്നതോ സാമൂഹ്യപാഠം. എന്തോരു വിരോധാഭാസം, അല്ലേ.ആ കുട്ടികളുടെ അവസ്ഥ ഒന്നോര്‍ത്തു നോക്കൂ. സാമൂഹ്യപാഠം പഠിപ്പിക്കാന്‍ കുഞ്ഞുണ്ണി എടുക്കുന്ന തയാറെടുപ്പ് ഐ എ എസ് പ്രിപ്പറേഷനേയും തോല്പ്പിക്കുന്നതാണ്.നാലും അഞ്ചും  ഗൈഡുകള്‍ നിരത്തിവെച്ചാണ് നോട്ട് എഴുത്ത്. കുഞ്ഞുണ്ണിയുടെ അധ്യാപനത്തിന്റെ മൊത്തം ക്രെഡിറ്റും രാമലിംഗം പിള്ളക്ക് കൊടുത്തെ മതിയാകൂ.ആ ഡിക്ഷ്ണറി ഇല്ലാരുന്നെങ്കില്‍ താന്‍ എന്ത് ചെയ്തേനെ എന്ന് തമാശായി കുഞ്ഞുണ്ണി തന്നെ പറഞ്ഞു ചിരിക്കാറുണ്ട്.  പുതുമുഖമായ എനിക്കന്നു നല്ല  ടെന്‍ഷന്‍ ഉണ്ട്.ഇന്നുവരെ  ഒരു ട്യൂഷന്‍ പോലും എടുത്തിട്ടില്ല.എന്തായി തീരുമോ ആവോ. സായിപ്പിന്റെ ഭാഷ തരക്കേടില്ലാതെ കൈകാര്യം ചെയ്യാന്‍ കഴിയുന്നത്‌ കൊണ്ട് മാത്രം ഇന്റര്‍വ്യൂ എങ്ങനെയോ പാസ്‌ ആയി. ഇനി...??
അങ്ങനെ ദിവസങ്ങള്‍ കൊഴിഞ്ഞു വീണു.കുട്ടികള്‍ വന്നു തുടങ്ങി. ജൂലൈയോടെ ക്ലാസ്സ്‌ തുടങ്ങി. മൂന്നും നാലും ക്ലാസ്സുകളില്‍ ഇംഗ്ലീഷ് പഠിപ്പിക്കല്‍ ആണെന്റെ ഉദ്യോഗം. ഗ്രാമര്‍ പഠിപ്പിക്കാന്‍ ഞാന്‍ കുഞ്ഞുണ്ണിയെക്കാളേറെ ഗൃഹപാഠം ചെയ്തുകൂട്ടി.രാത്രികള്‍ക്ക് നീളം പോരാതായി.ക്ലാസുകളില്‍ ചെന്നിരുന്നു ഞാന്‍ ഉറക്കം തൂങ്ങി. എങ്കിലും കുട്ടികളോടൊപ്പമുള്ള ആ ജീവിതം ഞാന്‍ എന്ജോയ്‌ ചെയ്തു.അടിയില്ല എന്നതാരുന്നു എന്റെ ക്ലാസ്സിന്റെ  ഹൈലൈറ്റ്. അങ്ങനെ ഞാന്‍ കുട്ടികള്‍ക്കിടയില്‍ ഏറ്റവും പ്രിയങ്കരനായ സാര്‍ ആയി മാറി.

കുഞ്ഞുണ്ണിയുടെ റൂംമേറ്റ്‌ ബാബു സര്‍ ആണ് ആ സ്കൂളിലെ പ്രഖ്യാപിത ഭീകരന്‍ . കുട്ടികള്‍ ഏറ്റവും കൂടുതല്‍ ഭയക്കുന്ന അദ്ധ്യാപകന്‍ .കഴുത്തില്‍ രുദ്രാക്ഷവും ചെളാവ് ഷര്‍ട്ടും ഇട്ടു വളരെ അലസമായി ക്ലാസില്‍ വരുന്ന ബാബു സര്‍ ആളൊരു പണ്ഡിതനും രാജ്യ സ്നേഹിയുമാണ്.ആളിന്റെ കോലം കൊണ്ട് തന്നെ സഹപ്രവര്‍ത്തകര്‍ അദ്ദേഹത്തെ  ആചാര്യന്‍ എന്ന് വിളിച്ചു. കുട്ടികളെ അനാവശ്യമായി ശിക്ഷിക്കുന്ന സ്വഭാവം. നാലാം ക്ലാസുകാരന്റെ  തുടയിലെ മാംസം പിച്ചിയെടുത്ത കേസിലും എട്ടാം ക്ലാസുകാരന്റെ ചന്തി അടിച്ചു പൊട്ടിച്ച കേസിലും മാനേജുമെന്റിന്റെ താമരപത്രം കൈപ്പറ്റുമ്പോ  പദ്മശ്രീ കിട്ടിയ സന്തോഷവും അഭിമാനവുമാരുന്നു ആ മുഖത്ത്. സാമൂഹ്യപാഠം പുസ്തകത്തിലെ ഗാന്ധിജിക്ക് മീശ വരച്ച ആറാം ക്ലാസുകാരനെ രാജ്യ ദ്രോഹ കുറ്റം ചുമത്തി ഒന്നരമണിക്കൂര്‍ മുട്ടുകാലില്‍ നിര്‍ത്തി തന്റെ രാജ്യസ്നേഹം അദ്ദേഹം അരക്കിട്ടുറപ്പിച്ചു. പക്ഷേ അദ്ദേഹത്തിന്റെ ഈ കടുത്ത ശിക്ഷാ നടപടികളോട് എനിക്ക് തികഞ്ഞ വിയോജിപ്പാരുന്നു. വളരെ വിജ്ഞാനപ്രദമായിരുന്ന  അദ്ദേഹത്തിന്റെ ക്ലാസ്സുകള്‍ അമിത കാര്‍ക്കശ്യം കൊണ്ടും അച്ചടക്ക നടപടികള്‍ കൊണ്ടും വേണ്ട രീതിയില്‍ കുട്ടികളില്‍ എത്തിയിരുന്നില്ല, പ്രയോജപെട്ടിരുന്നില്ല.ഒരു ദിലീപ് സിനിമ കാണുന്ന സന്തോഷത്തോടെ എന്റെ കുട്ടികള്‍ ക്ലാസ്സ്‌ ആസ്വദിക്കുമ്പോ, ഹൊറര്‍ സിനിമ കാണുന്ന പേടിയോടെ വിളറിവെളുത്തിരിക്കുകയാവും സാറിന്റെ കുട്ടികള്‍ . 

അദ്ദേഹത്തിന്റെ ചെയ്തികളോട് വിയോജിപ്പുകളുണ്ടാരുന്നെങ്കിലും ഞങ്ങള്‍ നല്ല സുഹൃത്തുക്കള്‍ ആയിരുന്നു. കാര്യങ്ങളിങ്ങനെ ഒക്കെ പോകുമ്പോ സെപ്റ്റംബര്‍  പതിനൊന്നിനു അങ്ങ് അമേരിക്കയില്‍  ഭീകരര്‍ വേള്‍ഡ് ട്രേഡ് സെന്ററില്‍ വിമാനമിടിച്ചു തകര്‍ത്തു. ലോകം മൊത്തം തരിച്ചു നിന്ന ആ ദിവസങ്ങളില്‍ ഞങ്ങളും വെറുതെ ഇരുന്നില്ല. രാത്രി ചര്‍ച്ചയില്‍ ഭീകരാക്ക്രമണം തന്നെ ആരുന്നു മിക്ക ദിവസങ്ങളിലും വിഷയം.ചര്‍ച്ചകളില്‍ ഇന്ത്യ പാക്‌ പ്രശ്നങ്ങള്‍ പൊക്കി പിടിച്ചു കിട്ടിയ അവസരങ്ങളിലൊക്കെ  ബാബു സര്‍ തന്റെ രാജ്യസ്നേഹം പ്രകടിപ്പിച്ചു. കേന്ദ്ര സര്‍ക്കാരിന്റെ പ്രതിരോധ നയങ്ങളെ വിമര്‍ശിച്ച കുഞ്ഞുണ്ണിയെ എതിര്‍ക്കുമ്പോ ബാബു സാര്‍ പലപ്പോഴും നാഗവല്ലിയായി.ആഴ്ചകളോളം ഈ വിഷയങ്ങള്‍ ചര്‍ച്ച ചെയ്യപ്പെട്ടു.

ഒരു ദിവസം രാത്രി ഏറെ വൈകി ആരോ കതകില്‍ മുട്ടുന്നു. ഞാനെഴുനേറ്റു  കതകു തുറന്നു. കുഞ്ഞുണ്ണിയാണ് "എന്താടാ ഈ രാത്രി...." പതിവില്ലാത്ത ആ വരവില്‍  ആശങ്കപെട്ടു ഞാന്‍ ചോദിച്ചു." ഹേ ഒന്നുമില്ല...നീ ഒന്ന് വന്നേ.......ഒരു സംഭവമുണ്ട്......" അത് പറയുമ്പോ അവന്റെ മുഖത്തുണ്ടായ വികാരമെന്താണ്.... വേര്‍തിരിച്ചെടുക്കാന്‍ എനിക്കായില്ല.... വല്ലാത്തൊരു ചിന്താ കുഴപ്പത്തില്‍ നില്‍ക്കുന്ന എന്റെ കൈക്ക് പിടിച്ചവന്‍ അവരുടെ മുറിയിലേക്ക് നടന്നു. വാതിലില്‍ എത്തിയപ്പോ തന്നെ വല്ലാത്തൊരു അലറി വിളി ഞാന്‍ കേട്ടു. വല്ലാത്തൊരു ഉള്‍ക്കിടിലം എന്നിലുണ്ടായി. ആര്‍ക്കോ എന്തോ അത്യാപത്ത്....ചിന്തകള്‍ വല്ലാതെ കാടുകയറി...മുറിക്കുള്ളില്‍ നിന്ന് വരുന്ന ശബ്ദം ആരുടെയാണ്.....തിരിച്ചറിയാന്‍ കഴിയുന്നില്ല...കതകു തുറക്കാന്‍ കുഞ്ഞുണ്ണി കൈ നീട്ടിയപ്പോ ഞാന്‍ കയറി പിടിച്ചു....എന്തോ വല്ലാത്തൊരു ഭയമെന്നെ ബാധിച്ചിരുന്നു. പക്ഷെ കുഞ്ഞുണ്ണിക്കെന്തേ ഇതൊന്നും കേട്ടാല്‍ പേടിയില്ലേ....ഞാന്‍ ഉള്ളില്‍ ചിന്തിച്ചു. എന്റെ പിടിത്തും വിടുവിച്ചു കുഞ്ഞുണ്ണി കതകു തുറന്നു.

മുറിയില്‍ ഇരുട്ട് കട്ടപിടിച്ചു നിന്നിരുന്നു. മണി ഒന്നൊന്നരയായിട്ടുണ്ടാവും. ഡോര്‍മട്ടരിയിലെ കുട്ടികളില്‍ ആരോ ഉച്ചത്തില്‍ കൂര്‍ക്കം വലിക്കുന്നത് കേള്‍ക്കാം.മുറിയിലേക്ക് കാലെടുത്തു വെച്ചതും ചെവിപൊട്ടുന്നൊരു ആക്രോശം . ആരുടെ കട്ടിലില്‍ നിന്നാണെന്നു ഞാന്‍ ഇരുട്ടില്‍ പരതി.പെട്ടോനൊരു അലറി വിളി...ഞാന്‍ കുതറി പിന്നോട്ട് മാറി..ലൈറ്റ് ഇട്ടു... "പിടിയെടാ....ആ.... *@$@$@ന്‍മാരെയൊക്കെ... അവന്റെ ഒക്കെ @$#*@*$@ത്തേല്‍ തേപ്പുപെട്ടി പഴുപ്പിച്ചു വെക്കെടാ...." അലറി വിളിച്ചു കൊണ്ട് ബാബു സര്‍ കട്ടിലില്‍ കിടന്നു മറിയുന്നു. എന്താണ് സംഭവിക്കുന്നതെന്ന് ഉള്‍ക്കൊള്ളാന്‍ കഴിയാതെ ആകെ  ആശയകുഴപ്പത്തില്‍ നില്‍ക്കുമ്പോ ദാ വരുന്നു സംശയനിവാരിണി..... "നീ ഒക്കെ അമേരിക്കയില്‍  വിമാനം ഇടിച്ചിറക്കിയല്ലേ.... നിന്നെയൊക്കെ ഇനി വെറുതെ വിട്ടാല്‍ നീ ഒക്കെ താജ് മഹാളില്‍ വിമാനം ഇടിചിറക്കും........വിടരുത് ഒരു **#@#@# നേയും..." കലി കൊണ്ടയാള്‍ ഡബിള്‍ ഡക്കര്‍ കട്ടിലിന്റെ ഇരുമ്പ് പടിയില്‍ കൈ ചുരുട്ടി ഇടിച്ചു...ഇടിയുടെ ആഘാതത്തില്‍  അയാള്‍ക്ക് നന്നേ വേദനിച്ചു....വല്ലാത്തൊരു ഞരക്കത്തോടെ ഒന്നെഴുനേറ്റു പൊങ്ങി കിടക്കയിലേക്ക് ചക്കവെട്ടിയിട്ടപോലെ വീണു......വീണ്ടും സുഖസുഷുപ്തിയിലാണ്ടു. 

തീവ്രവാദികള്‍ക്കു ശിക്ഷ വിധിച്ചിട്ടു കിടക്കുന്ന കിടപ്പ്  കണ്ടില്ലേ. ചിരി അടക്കാന്‍ കഴിയാതെ ഞാന്‍ കുഞ്ഞുണ്ണിയെ വലിച്ചു മുറിക്കു പുറത്തിട്ടു ആര്‍ത്തു ചിരിച്ചു. പകല്‍ മുഴുവന്‍ ഗൌരവക്കാരനായി നടക്കുന്ന ബാബു സാര്‍ രാത്രിയുടെ അന്ത്യയാമത്തില്‍ കട്ടിലില്‍ കിടന്നു കാട്ടി കൂട്ടിയ പരാക്ക്രമം അവിശ്വസനീയമായിരുന്നു. ആ മനുഷ്യന്‍ രാജ്യത്തെ എത്രമാത്രം സ്നേഹിക്കുന്നുന്ടെന്നും ആ ചിന്തകള്‍ അയാളില്‍ എപ്പോഴും നിറഞ്ഞു നില്‍ക്കുന്നുണ്ടെന്നും ആ ആര്‍ത്തു ചിരിയിലും ഞാന്‍ ഓര്‍ത്തു പോയി. 

Sunday, October 30, 2011

സൗഹൃദം




നാട്ടിലും പ്രവാസജീവിതത്തിലുമായി സൗഹൃദങ്ങള്‍ ഒരുപാടുണ്ടായിട്ടുണ്ട്, ഉണ്ടാകുന്നുണ്ട്. എങ്കിലും ഒരിക്കലും മറക്കാന്‍ കഴിയാത്ത, വളരെയേറെ ആത്മബന്ധമുള്ള ഒരു സൗഹൃദത്തെ കുറിച്ച്  നിങ്ങളുമായി പങ്കുവെക്കുന്നു.



വടക്കേ ഇന്ത്യന്‍ പ്രവാസത്തിന്റെ രണ്ടാംവര്‍ഷം. ഭാഷാപ്രശ്നങ്ങളും  ഭയവുമൊക്കെ  അപ്പോഴേക്കും  അകന്നു പോയിരുന്നു.അച്ഛന് ജോലിക്ക് പോയാല്‍ വീട്ടില്‍ തനിചാകുന്ന എനിക്ക് ഏകആശ്വാസവും കൂട്ടും അയല്‍വാസി നായര്‍ ആണ്. ഒരു തൃശൂക്കാരന്‍ സഹൃദയന്‍.ശാരീരിക ആസ്വാസ്ത്യങ്ങള്‍ മൂലം നായര്‍ ജോലി വേണ്ടാന്നു വെച്ചു  പോയിട്ട് രണ്ടു മാസം കഴിഞ്ഞു. നായരുടെ പോക്കോടെ പൊതുവേ എകാന്തമായിരുന്ന എന്റെ പകലുകള്‍ കൂടുതല്‍ വിരസവും ഏകാന്തവും ആയി തീര്‍ന്നു.
ഒഴിഞ്ഞ മുറിയില്‍ ആരുമിതുവരെ എത്തിയിട്ടില്ല. വരുമെന്ന് വലിയ പ്രതീക്ഷയുമില്ല. ഏറെ പഴക്കമുള്ള കെട്ടിടത്തിന്റെ മുക്കാല്‍ പങ്കും
താമസയോഗ്യമല്ലാത്തതിനാല്‍   ഗോഡൌണ്‍ ആണ്. വേറിട്ട്‌ നില്‍ക്കുന്ന ഈ രണ്ടു മുറികളില്‍ മാത്രമേ ആളുണ്ടാരുന്നുള്ളൂ. നായരുടെ പോക്കോടെ ഞാനും അച്ഛനും മാത്രമായി അന്തേവാസികള്‍. പകല്‍ എനിക്കെങ്ങും പോകാനില്ല. കിടന്നും ഉറങ്ങിയും‍ നേരം കളഞ്ഞു.


ഒരുച്ചനേരത്ത് വരാന്തയിലെ  കയറ്റുകട്ടിലില്‍ ജീര്‍ണ്ണിച്ചു വിണ്ടു കീറിയ റൂഫില്‍ നോക്കി വെറുതെയങ്ങനെ  കിടക്കുമ്പോ കൈയ്യില്‍ ആരോ തട്ടി വിളിച്ചു.  ചാടി എഴുനേറ്റു നോക്കുമ്പോ ഒരു താടിക്കാരന്‍. " കോണ്‍ ഹേ..." ഞാന്‍ ചോദിച്ചു.  " ഹിന്ദി പറഞ്ഞു വിഷമിക്കണ്ട, ഞാന്‍ മലയാളിയാ, നിങ്ങളുടെ പുതിയ അയല്‍വാസിയാണ്." ഹൃദ്ദ്യമായി ചിരിച്ചു കൊണ്ടയാള്‍ എന്റെ കരം കവര്‍ന്നു. ഒരു മുപ്പതു  മുപ്പത്തഞ്ഞു വയസ്സ് പ്രായം, കട്ടി പുരികം, ചുരുണ്ട  മുടി,  കത്രിചൊതുക്കിയ താടി.  കൃതിമമല്ലാത്ത പെരുമാറ്റം.



കട്ടിലിന്റെ ഓരത്തേക്ക്   ഒതുങ്ങി ഇരുന്നു അയാള്‍ക്കിരിക്കാന്‍ ഞാന്‍ ഇടമൊരുക്കി. " ഇരിക്കുന്നില്ല.. പുറത്തു റിക്ഷാ വെയിറ്റ് ചെയ്യുന്നുണ്ട്. കുറച്ചു സാധനങ്ങള്‍ കൂടി  ഉണ്ട്.. അത് എടുത്തിട്ടു വരാം" ഞാനും സാധനങ്ങള്‍ എടുത്തുവെക്കാന്‍ കൂടെ കൂടി. തിരക്കൊഴിഞ്ഞ ശേഷം കൂടുതല്‍ പരിചയപെട്ടു. ആളിന്റെ പേര് ജയന്‍. അവിവാഹിതന്‍. കണ്ടാല്‍ ഒരു മുപ്പത്തഞ്ഞു വയസ്സ് തോന്നും. എന്തേ വിവാഹം കഴിക്കാത്തെ എന്ന് ചിന്തിച്ചെങ്കിലും ‍ ചോദിച്ചില്ല. അനൌചിത്യമായെങ്കിലോന്നു  കരുതി.


 
ഒരു അയല്‍വാസിയെ കിട്ടിയ സന്തോഷത്തിലാരുന്നു ഞാന്‍.  എന്റെ പകലുകള്‍ ഇനി എകാന്തമാകില്ലെന്നു ഞാന്‍ പ്രത്യാശിച്ചു.അങ്ങനെ ആശിച്ച ഞാനല്ലേ വിഡ്ഢി. പിറ്റേന്ന് കാലത്ത് തന്നെ ജയന്‍ ജോലിക്ക് പോയി. അയാള്‍ തൊഴില്‍രഹിതനല്ലല്ലോ. ഞാന്‍ വീണ്ടും ഏകനായി വീട്ടില്‍ തന്നെ ഒതുങ്ങി കൂടി. രാത്രി ഏറെവൈകി എത്തുന്ന ജയന്റെ കൈയ്യില്‍  കേരള ശബ്ദവും ഇന്ത്യടുഡേയും ഒക്കെ ഉണ്ടാകാറുണ്ട്. നല്ല വായനാശീലം  ഉള്ള വ്യക്തിയാണ് ജയന്‍. അതെനിക്കൊരു അനുഗ്രഹമായി. ഉറങ്ങി തീര്‍ത്തിരുന്ന എന്റെ പകലുകള്‍ പുസ്തകവായനകൊണ്ട്‌ സജീവമായി.


ഒരു വൈകുന്നേരം ഡ്യൂട്ടി കഴിഞ്ഞു വന്ന ജയന്റെ മുഖം വളരെ മ്ലാനമാരുന്നു. കമ്പനിക്ക് കോണ്ട്രാക്റ്റ് നഷ്ടപെട്ടു. അടുത്ത കോണ്ട്രാക്റ്റ് കിട്ടുംവരെ ജോലിയില്ല. അച്ഛന്‍ ജയനെ സമാശ്വസിപ്പിക്കുമ്പോഴോക്കെ ഞാന്‍ ഉള്ളില്‍ സന്തോഷിച്ചു.  അടുത്ത കോണ്ട്രാക്റ്റ് ആകും വരെ ജയന്‍ വീട്ടില്‍ കാണുമല്ലോ.  എന്റെ പ്രതീക്ഷകള്‍ തെറ്റിയില്ല.  എന്റെ പകലുകള്‍ സജീവമായി.കഥപറഞ്ഞും കത്തിവെച്ചും കറങ്ങാന്‍ പോയും ഞങ്ങള്‍ നേരം കളഞ്ഞു. റമമിയും ഇരുപതെട്ടുമൊക്കെ ഞാന്‍ പഠിക്കുന്നത് ഈ കാലത്താണ്. കാലത്ത് കളിക്കാനിരുന്നാല്‍ ഉച്ച ഊണിനാണ്  ബ്രേക്ക്‌. വളരെ ചുരുങ്ങിയ സമയം കൊണ്ട് ഞങ്ങള്‍ നല്ല സുഹൃത്തുക്കളായി.


 
ഞാന്‍ അന്ന് ഡിഗ്രിക്ക് ഈവെനിംഗ്  കോളേജില്‍ ആണ്  പഠിക്കുന്നത്. കോളേജില്ലാത്ത സായാഹ്ന്നങ്ങളില്‍  അങ്ങാടി നിരക്കം ഞങ്ങളുടെ സ്ഥിരം ഹോബ്ബിയാരുന്നു.തെരുവായ തെരുവുകള്‍ ചുറ്റി തിരിഞ്ഞു ഇങ്ങനെ കറങ്ങി നടക്കും. നഗരത്തിന്റെ പ്രാന്തപ്രദേശങ്ങളിലേക്ക് പോലും ആ യാത്ര നീളും. കറങ്ങി തിരിഞ്ഞു  മാര്‍ക്കെറ്റിനുള്ളില്‍ ഗുരുദ്വാരക്ക് മുന്നിലെ ശുക്ലാജിയുടെ ചായകടയില്‍‍ എത്തി നില്‍ക്കും ആ യാത്ര. ശുഖ്ലാജിയുടെ കടയിലെ സമോസയും കഴിച്ചു വെടിവട്ടം പറഞ്ഞിരിക്കുന്നതിന് നേരമ്പോക്കിനപ്പുറം  വേറെയും  ഉദ്ദേശങ്ങള്‍ ഉണ്ടാരുന്നു. ഗുരുദ്വാരയില്‍ വന്നു പോകുന്ന ഗോതമ്പിന്റെ നിറമുള്ള പഞ്ജാബി പെണ്‍കൊടികള്‍. നല്ല പ്രായത്തില്‍ പെണ്ണ് കെട്ടാത്ത കൊണ്ട് ജയന്‍ ആളൊരു വികാരജീവി ആരുന്നു. ഞാന്‍ എന്റെ ത്രസിക്കുന്ന കൗമാരത്തിലും.




നാടുവിട്ടശേഷം മനസ്സ് തുറന്നു ഒന്ന് സംസാരിക്കാന്‍ എനിക്ക് കിട്ടിയ ഏകഅത്താണിയാരുന്നു   ജയന്‍ . കൂടുതല്‍ കൂടുതല്‍ അടുത്തപ്പോള്‍ അയാളുടെ ജീവിതത്തെ കുറിച്ചു കൂടുതല്‍ അറിയാന്‍ കഴിഞ്ഞു. എന്തൊക്കെയോ പ്രശ്നങ്ങള്‍ ഉണ്ടെന്നു  പലപ്പോഴും തോന്നിയിട്ടുന്ടെങ്കിലും ഒരിക്കലും തുറന്നു ചോദിച്ചിട്ടില്ല. ആളിന് ഇടയ്ക്കു സ്വല്‍പ്പം വീശുന്ന ശീലമുണ്ട്. അതകത്ത് ചെന്നാല്‍  നിഗൂഡമായ മനസ്സിന്റെ കിളിവാതില്‍  താനേ തുറന്നു കാര്യങ്ങള്‍ ഒന്നൊന്നായി  പുറത്തു ചാടും . ജീവിതത്തെ കുറിച്ച്, വിവാഹം വേണ്ടെന്നു വെച്ചതിനെ കുറിച്ച്, ഏറ്റവും കൂടുതല്‍ സ്നേഹിക്കുന്ന അമ്മയെ കുറിച്ച്...അങ്ങനെ നീളും കാര്യങ്ങള്‍.....പിന്നെ സങ്കടമായി...കുറ്റബോധമായി...കരച്ചിലായി. ഒരു നല്ല കൂട്ടുകാരനായി ഒരു നല്ല ശ്രോതാവായി എപ്പോഴും ഞാന്‍ കൂടുണ്ടാവാറുണ്ട് .ഒരു നല്ല കൂട്ടുകാരനെ അയാള്‍ എന്നില്‍ കണ്ടിരുന്നു. വയറുവേദന വന്നു കട്ടിലില്‍ കിടന്നു പുളയുന്ന ആ മനുഷ്യന്റെ രോഗമെന്താണെന്ന് എനിക്കാദ്യമൊന്നും അറിയില്ലാരുന്നു.  എന്റെ സംശയങ്ങള്‍ക്കും ചോദ്യങ്ങള്‍ക്കും ഉത്തരമായി ഒരിക്കല്‍ ജയന്‍ ഒരു ചെറിയ കുപ്പി എടുത്തു കാണിച്ചു തന്നു. അതിന്റെ പകുതിയോളം നിണമണിഞ്ഞ കുഞ്ഞുകല്ലുകളാല്‍ നിറഞ്ഞിരുന്നു. വേദനയുടെ ദിനങ്ങളില്‍ മൂത്രനാളഭിത്തികളെ മുറിവേല്‍പ്പിച്ചു പുറത്തു വരുന്ന
കല്ലുകളെ ജയന്‍  ആ കുപ്പിയില്‍ സൂക്ഷിച്ചുവെച്ചു, ഓരോ നോവിന്റെയും ഓര്‍മ്മക്കായി.
രോഗം അയാളുടെ  വൃക്കകളെ അപ്പോഴേക്കും വല്ലാതെ ബാധിച്ചു തുടങ്ങിയിരുന്നു.



ജമ്ഷട്പൂര്‍ എന്ന ഉരുക്ക് നഗരത്തില്‍ എത്തിപെട്ടിട്ടു എട്ടു വര്‍ഷമായെങ്കിലും ജയന്‍ ഇന്ന് വരെ നാട്ടില്‍ പോയിട്ടില്ല. പലപ്പോഴും ഞാന്‍ അതിനു വഴക്ക് പറയുമാരുന്നു. പക്ഷെ ജയന് ജയന്റേതായ കാരണങ്ങള്‍ ഉണ്ടാരുന്നു. "അമ്മയുടെ കരച്ചില്‍  കാണാന്‍ എനിക്ക് വയ്യാടാ...ചെന്നാല്‍ വിവാഹത്തിനു നിര്‍ബന്ധിക്കും. ഈ രോഗവുമായി ഒരു പെണ്ണിനെ ചതിക്കാന്‍ എനിക്ക് വയ്യാ". താനൊരു രോഗിയാണെന്ന് അറിഞ്ഞാല്‍ അമ്മ സഹിക്കില്ലെന്നയാള്‍ ഭയന്നിരുന്നു. ഓരോ ഓണത്തിനും വരുന്ന കത്തുകളില്‍ നിറയുന്ന പെറ്റമ്മയുടെ  വേദന അയാള്‍ എന്നെ പലപ്പോഴും വായിച്ചു കേള്‍പ്പിച്ചു. "ഉത്രാടരാത്രി ഏറെ വൈകിയും ഞാന്‍ നിന്നെ കാത്തിരുന്നു. ഈ അമ്മക്കൊപ്പം നിനക്കോണം ഉണ്നണ്ടാ അല്ലേ.....എത്ര കാലമായി മോനെ. ...ആരൊക്കെ വന്നു പോയാലും നിനക്ക് പകരമാകുമോ.....ഈ പ്രാവശ്യമെങ്കിലും  വരാമാരുന്നില്ലേ. ." വായിച്ചു തീരുമ്പോഴേക്കും നിറമിഴികളോടെ  വിതുമ്പുന്ന എന്റെ കൂട്ടുകാരന്റെ നിസഹായമുഖം എന്നുമെനിക്ക് നീറുന്ന ഓര്‍മ്മയാണ്.


 
രോഗം തന്നെ വേദനിപ്പിക്കുമ്പോഴും ജീവിതം കൂടുതല്‍ ആഘോഷമാക്കാന്‍ ജയന്‍ ശ്രമിക്കുന്നതായി എനിക്ക് തോന്നിയിട്ടുണ്ട്. അല്ലെങ്കില്‍ തന്റെ വേദനകളില്‍ നിന്നും സങ്കടങ്ങളില്‍ നിന്നും ഒളിച്ചോടാനുള്ള ഒരു ശ്രമമാകാം അത്. എന്നോടൊപ്പമുള്ള സാഹായ്ന്ന യാത്രകള്‍ ജയനൊരുപാടിഷ്ടമാരുന്നു. സായാഹ്ന്നയാത്രകളില്‍ മാര്‍ക്കറ്റിന്റെ വടക്കേ അറ്റത് ബീഫ് വില്‍ക്കുന്ന  തെരുവുകള്‍ക്ക്‌ അരുകിലായി ഒരുപാട് മുസ്ലിം ധാബകള്‍  ഉണ്ട്. അതിനു പിന്നില്‍ മദ്യം  വിക്കുന്ന ആദിവാസിപെണ്ണുങ്ങള്‍ നിരന്നിരിക്കും. ജയന്‍ എന്നെ പുറത്തു നിര്‍ത്തിയിട്ട്  പോയി ഒരെണ്ണം വീശിയിട്ട്‌  വരും. ധാബയിലെ കുശിനിപുരയില്‍ നിന്നുയരുന്ന ബീഫ് കറിയുടെ മണം  എനിക്ക് വലിയ ഇഷ്ടമാണ്.  ഒരു ദിവസം ഞാന്‍ പറഞ്ഞു "എനിക്കല്‍പ്പം ബീഫ് കഴിക്കണം".പക്ഷേ ഉള്ളില്‍ പേടിയുണ്ട്.പരിചയമുള്ള ഏതെങ്കിലും ഹിന്ദിക്കാര്‍ കണ്ടാല്‍...പിന്നെ ആ കോളനിയില്‍ താമസിക്കാന്‍ അവര്‍ അനുവദിക്കില്ല. അവിടെ ഹിന്ദുക്കള്‍ ബീഫ് കഴിക്കില്ലല്ലോ. കഴിക്കുന്നവരെ അവര്‍ക്കിഷ്ടവുമല്ല. രണ്ടും കല്‍പ്പിച്ചു ജയന്‍ വാങ്ങി തന്ന ചപ്പാത്തിയും ബീഫ് കറിയും വെട്ടി അടിച്ചു.ഹോട്ടലിന്റെ പിന്നിലെ ഗല്ലിയിലെ ഇരുട്ടിന്റെ മറപറ്റിയാണ് മെയിന്‍ റോഡില്‍ എത്തുന്നത്‌. ഈ യാത്രകളിലൊരിക്കല്‍ പോലും മദ്യപിക്കാന്‍ ജയന്‍ എന്നെ നിര്‍ബന്ധിച്ചിട്ടില്ല. എനിക്ക് വേണ്ടി പുസ്തകങ്ങള്‍ വാങ്ങിവരാന്‍ അയാള്‍ പ്രത്യേകം  ശ്രദ്ധിച്ചിരുന്നു. വളരെയേറെ  ദൃഡമായിരുന്ന   ആ സൗഹൃദം ജീവിക്കാനുള്ള എന്റെ ഓട്ടപാച്ചിലില്‍ എപ്പോഴോ മുറിഞ്ഞു പോയി. എന്റെ യാത്രകള്‍‍ ഡല്‍ഹിക്കും ചന്ടിഗടിനും നീണ്ടു. ജീവിതത്തില്‍ പിടിച്ചു നില്‍ക്കാനുള്ള  പോരാട്ടങ്ങള്‍ക്കിടയില്‍ സൗഹൃദങ്ങളെ അതര്‍ഹിക്കുന്ന പ്രാധാന്യത്തോടെ കാത്തുസൂക്ഷിക്കാന്‍ എനിക്ക് കഴിഞ്ഞില്ല. ജീവിതപ്രാരാബ്ധങ്ങള്‍ അതിനു അനുവദിച്ചില്ലെന്നതാണ് സത്യം.


വര്‍ഷങ്ങള്‍ക്കു ശേഷം ഒരു അവധിക്കാലത്ത് രാത്രി ഏറെ വൈകി വീട്ടിലൊരു കാള്‍ വന്നു. സുഖവിവരങ്ങള്‍ അന്വേഷിച്ചു അച്ഛന്‍ ഫോണ്‍ എനിക്ക് കൈമാറി.അങ്ങേത്തലക്കല്‍ എന്റെ ഉറ്റചങ്ങാതി ആണെന്ന് തിരിച്ചറിയാന്‍  ഒരു നിമിഷംപോലും എനിക്ക് വേണ്ടി വന്നില്ല. ഉള്ളിന്റെ ഉള്ളില്‍ ഉണ്ടായ സന്തോഷം, പറഞ്ഞറിയിക്കാന്‍ കഴിയില്ല. വര്‍ഷങ്ങളുടെ മൌനം ഞങ്ങള്‍ക്കിടയില്‍ ഉണ്ടായി കഴിഞ്ഞിരുന്നു.
സ്വാഭാവിക പരിഭവങ്ങള്‍ക്കൊടുവില്‍ രണ്ടാളും വിശേഷങ്ങള്‍ കൈമാറി. ആളിപ്പോഴും അവിവാഹിതന്‍. വര്‍ഷങ്ങളുടെ കാത്തിരിപ്പിനൊടുവില്‍ മകനോടൊപ്പം ഓണം ഉണ്ണാന്‍ കഴിയാതെ  ആ അമ്മയും യാത്രയായി.ജയന്റെ രോഗങ്ങള്‍ മൂര്‍ച്ചിച്ചു  തുടങ്ങിയിരുന്നു. താമസം  അതേ വീട്ടില്‍ തന്നെ.ഗോ ഡൌണ്‍കളുടെ കാവല്‍ക്കാരനെ പോലെ ഏകാകിയായി ആ ഭാര്‍ഗവിനിലയത്തില്‍ ഒറ്റയ്ക്ക് ജീവിതം ജീവിച്ചു തീര്‍ക്കുന്നു. അന്നെത്രനേരം സംസാരിചെന്നൊരു നിശ്ചയവുമില്ല.  പണ്ടത്തെപോലെ ജയന്‍ അല്‍പ്പം വീശിയിട്ടുണ്ടാരുന്നു. പലപ്പോഴും വികാരാധീനനായി, പരിഭവം പറഞ്ഞപ്പോ എന്റെ കണ്ണുകള്‍ നിറഞ്ഞു. ഞാന്‍ എന്തേ ജയനെകുറിച്ച് ഇത്രയും കാലം ചിന്തിച്ചില്ല. എന്ത് കൊണ്ട് തിരക്കിയില്ല. ഒരു കാലത്ത് ആ കൂട്ടെനിക്ക് എത്രമാത്രം ആശ്വാസമാരുന്നു. എന്നെ ഒരുപാട് സ്നേഹിക്കുകയും സഹായിക്കുകയും ചെയ്തിരുന്ന ആ മനുഷ്യനെ ഞാന്‍ എന്തേ മറന്നത്.


അവധി കഴിഞ്ഞു തിരിച്ചു വന്നു കഴിഞ്ഞും ഞാന്‍ ജയനെ വിളിച്ചു. വിശേഷങ്ങള്‍ കൈമാറി. ആ സൗഹൃദം അതിന്റെ നഷ്ടപെട്ടുപോയ ദൃഡതയും ഊഷ്മളതയും തിരിച്ചു പിടിച്ചു.  ഒരു പ്രായശ്ചിത്തമെന്നപോലെ ഞാന്‍ മിക്കപ്പോഴും ജയനെ വിളിച്ചു. അതിനിടയില്‍ എപ്പോഴോ തന്റെ ഉണ്ടാരുന്ന റിലയന്‍സ് മൊബൈല്‍കണക്ഷന്‍ ജയന്‍ വേണ്ടെന്നു വെച്ചു. പലവുരു വിളിച്ചിട്ടും കിട്ടാതായപ്പോള്‍ പലരുവഴിയും ഞാന്‍ അന്വേഷിച്ചു. അതെ വീട്ടില്‍ ആര്‍ക്കും   പിടികൊടുക്കാതെ തന്റേതായ ലോകത്ത് ജീവിക്കുന്നു.എന്തുകൊണ്ട് അയാള്‍ അങ്ങനെ ഒരു ഏകാന്തത ആഗ്രഹിച്ചു. അറിയില്ല.  ഇന്ന് ഈ പ്രവാസജീവിതത്തില്‍; വല്ലപ്പോഴും മാത്രം വീണു കിട്ടുന്ന അവധികാലങ്ങളില്‍ എപ്പോഴെങ്കിലും ഒരിക്കല്‍ എന്റെ സ്നേഹിതനെ വീണ്ടും കണ്ടുമുട്ടാന്‍ കഴിയുമെന്ന് ഞാന്‍ വിശ്വസിക്കുന്നു. അത്രമാത്രം ഞാന്‍ ആ കൂട്ടുകാരനെ സ്നേഹിക്കുന്നു. അയാളുടെ വിവരങ്ങള്‍ക്കായി, ഒരു വിളിക്കായി ഞാന്‍ കാത്തിരിക്കുന്നു.

Sunday, October 23, 2011

നജീബ് വല്ലാതെ നൊമ്പരപ്പെടുത്തി



വര്‍ഷങ്ങള്‍ക്കു ശേഷം വായനാശീലം പുനരാരംഭിക്കാന്‍ തീരുമാനിച്ചപ്പോ ആദ്യം വാങ്ങിയ ബുക്ക്‌ ആണ് ആട് ജീവിതം.ഒരു പ്രവാസി ആയതുകൊണ്ടും, വളരെ ഏറെ ചര്‍ച്ച ചെയ്യപ്പെട്ട, ബെസ്റ്റ് സെല്ലിംഗ് ബുക്ക് ആയതുകൊണ്ടുമാണ് നിസംശയം വാങ്ങിയത്.


ഒറ്റ ഇരിപ്പില്‍ വായിച്ചു തീര്‍ക്കാന്‍ ആഗ്രഹിച്ചെങ്കിലും സാഹചര്യങ്ങള്‍ അതിനു അനുവദിച്ചില്ല. പലപ്പോഴായി വായിച്ചു തീര്‍ത്തു. എന്താ ഈ ജീവിതകഥയെ കുറിച്ച് ഞാന്‍ പറയുക. നജീബ് എന്നെ വല്ലാതെ നൊമ്പരപ്പെടുത്തുന്നു. വായിച്ചു വെച്ച ശേഷം നജീബിനെ കുറിചോര്‍ക്കാത്ത ദിവസങ്ങള്‍ ഇല്ല. ഈ മരുഭൂവില്‍ ഞാന്‍ എത്തിയിട്ട്  ആറ് വര്‍ഷം കഴിഞ്ഞു. മരുഭൂവിലെങ്കിലും വന്ന കാലം മുതല്‍ ശീതീകരിച്ച മുറിയില്‍ പുറം ലോകത്തെ അതിശൈത്യമോ കൊടുംചൂടോ അറിയാതെ സുഖിച്ചു കഴിയുന്നു.


വെളുപ്പിനെ ബസ്സില്‍ എല്ലാരും സുഖസുഷുപ്തിയില്‍ ആണ്ടിരിക്കുമ്പോ ഞങ്ങളെ കടന്നു പോകുന്ന ചെറിയ ട്രക്കുകളുടെ പിന്‍ഭാഗത്ത്‌ നിന്നും ഇരുന്നും യാത്ര ചെയ്യുന്ന പാവം ജോലിക്കാരെ ഞാന്‍ ശ്രദ്ധിക്കാറുണ്ട് . ഭൂരിഭാഗവും മലയാളികള്‍. ഉത്തരവാദിത്വങ്ങളുടെ  ഭാണ്ടവും പേറി രാവെന്നോ പകലെന്നോ ഇല്ലാതെ കഷ്ടപെടാന്‍ വിധിക്കപ്പെട്ടവര്‍. ഒരുപാട് സ്വപ്നങ്ങളുമായി ഈ മരുഭൂമിയില്‍ വന്നുപെട്ടവര്‍.


ബസ്സ്‌ യാത്രയില്‍ വീണു കിട്ടുന്ന ആ നിമിഷങ്ങളില്‍ മനസ്സില്‍ ഒരുപാട്  കാര്യങ്ങള്‍ വന്നു നിറയും. കുറേ ദിവസമായി എന്നെ വല്ലാതെ അലട്ടുന്ന ഒന്നാണ് നജീബിനെ കുറിച്ചുള്ള ചിന്തകള്‍. എന്തൊക്കെ യാതനകള്‍ ആ മനുഷ്യന്‍ രണ്ടരവര്‍ഷം കൊണ്ട് അനുഭവിച്ചു. ഒരു മനുഷ്യായുസ്സു മുഴുവന്‍ അനുഭവിക്കണ്ടത് ആ കാലയളവ്‌ കൊണ്ട് അനുഭവിച്ചു തീര്‍ത്തു. നജീബിനെ അറിഞ്ഞ എല്ലാ സഹൃദയരുടെ മനസ്സിലും ഈ നൊമ്പരം ഉണ്ടാവാം.ഒരു പാവം മനുഷ്യന്റെ ദുരിതജീവിതം ഇത്രമാത്രം വൈകാരികതയോടെ നമ്മില്‍ എത്തിക്കാന്‍ ബെന്യാമിന്‍ എന്ന അനുഗ്രഹീത എഴുത്തുകാരന്റെ ലളിതമായ എന്നാല്‍ ഹൃദയസ്പര്‍ശി ആയ ഭാഷയ്ക്ക്‌ കഴിഞ്ഞു. ഓരോ വരിയിലും നിറഞ്ഞു നിന്ന വേദന, ഉദ്യേഗം,തീവ്രത.. അത് അവര്‍ണ്ണനീയം തന്നെ.

 
മണലാരണ്യങ്ങളെ കുറിച്ച് എനിക്കുണ്ടാരുന്ന കാഴ്ചപാടിനെ തീര്‍ത്തും തച്ചുടക്കുന്നതാരുന്നു  നജീബിന്റെ രക്ഷപെടല്‍ യാത്രയില്‍ ബെന്യാമിന്‍ വരച്ചു കാട്ടിയത്.ഇത്രമാത്രം ഭീകരത, നിഘൂഡത  ഈ മരുഭൂമികള്‍ക്കുന്ടെന്നു ഒരിക്കലും ഞാന്‍ കരുതിയിട്ടില്ല.  ആ  യാത്രയിലുടനീളം ഞാനും നജീബിന്റെ ഒപ്പമുണ്ടാരുന്നു.  ബെന്യാമിന്‍, താങ്കള്‍   വരച്ചു കാട്ടിയ ഈ ജീവിതം...അതിനു താങ്കള്‍ കൂട്ടിയ നിറങ്ങള്‍... എനിക്കറിയില്ല... നിങ്ങള്‍  നജീബിലൂടെ എന്നെ വല്ലാതെ കീഴ്പെടുത്തി കളഞ്ഞു. ദുരിതപൂര്‍ണമല്ലാതൊരു പ്രവാസം എനിക്ക് തന്നതിന്  പരമകാരുണികനായ അള്ളാഹുവിന്  നന്ദി പറയുന്നു. ആ അലാഹുവല്ലേ നജീബിനെ രക്ഷിച്ചെടുത്തത്. പോലീസ് സ്റ്റേഷന്‍-ല്‍ തിരിച്ചറിയലിനു നജീബിന്റെ അര്‍ബാബ് വന്ന ആ അദ്ധ്യായം ...അത് വായിക്കുമ്പോള്‍ ഞാന്‍ അനുഭവിച്ച മാനസികപിരിമുറുക്കം പറഞ്ഞറിയിക്കാന്‍ കഴിയില്ല.


നജീബ്....ലോകത്തിന്റെ ഏതോ കോണില്‍  സൈനുവിനും  മകനുമൊപ്പം  താങ്കള്‍ സുഖമായി   ജീവിക്കുന്നെന്നു  വിശ്വസിക്കുന്നു. അങ്ങയുടെ ജീവിതം ഞങ്ങളെ പോലുള്ളവര്‍ക്കൊരു പാഠമാണ്.അങ്ങയുടെ ദുരിത ജീവിതം അതിഭാവുകത്വങ്ങള്‍  ഇല്ലാതെ ഞങ്ങള്‍ക്ക്  മുന്നില്‍ തീവ്രമായി വരച്ചു കാണിച്ച  ബെന്യാമിനോടുള്ള കടപ്പാടും സ്നേഹവും നിസീമമാണ്.


വിശിഷ്ടമായ..., ലോകം രണ്ടു കൈയും നീട്ടി സ്വീകരിച്ച  ഈ സാഹിത്യ സൃഷ്ടിയെ പറ്റി കൂടുതല്‍ എന്തെങ്കിലും എഴുതാന്‍ ഞാന്‍ യോഗ്യനല്ല. അതിനുള്ള ജ്ഞാനം എനിക്കില്ല. ഒരു സാധാരണ പ്രവാസിയുടെ മനസ്സില്‍ തൊട്ടുള്ള ആത്മാര്‍ഥമായ വെളിപ്പെടുത്തല്‍ മാത്രം. അങ്ങനെ മാത്രമേ  ഇതിനേ കാണാവൂ.

Saturday, October 22, 2011

ബോണ്ടഡ് എമ്പ്ലോയ്മെന്റ് ലീഗല്‍ ആണോ......??????


മുംബൈയിലെ നഴ്സുമാരുടെ സമരം ന്യായമല്ലേ . ലക്ഷങ്ങള്‍ മുടക്കി പഠിച്ചു ചെറിയ ശമ്പളത്തില്‍ ഏതെങ്കിലും ഒരു ഹോസ്പിറ്റലില്‍ കയറി പറ്റുന്ന ഇവര്‍ക്ക് നാലുവര്‍ഷം കഷ്ടപ്പെട്ട് പഠിച്ചു കിട്ടിയ സര്‍ട്ടിഫിക്കറ്റ് ഈടായി നല്‍കി ഒന്നോ രണ്ടോ വര്‍ഷത്തെ കോണ്ട്രാക്റ്റ് സൈന്‍ ചെയ്യണം. ഇതിനിടയില്‍ നല്ലൊരു ജോലി വേറെ തരപ്പെട്ടാല്‍ ബോണ്ട്‌ തുകയായ അന്‍പതിനായിരവും അറുപതിനായിരവും കൊടുത്താല്‍ മാത്രമേ സര്‍ട്ടിഫിക്കറ്റ് തിരിച്ചു കൊടുക്കു. ഇങ്ങനെ പണമടച്ചു ബോണ്ട്‌ ക്ലിയര്‍ ചെയ്‌താല്‍ കൂടി അത്രയും നാള്‍ ജോലി ചെയ്തതിന്റെ എക്സ്പീരിയന്‍സ് സര്‍ട്ടിഫിക്കറ്റ് പോലും കൊടുക്കാന്‍ പല മാനേജ്‌മന്റ്‌കളും വിമുഖത കാണിക്കുന്നു. മാനേജുമെന്റുകളുടെ ഈ പീഡനം അവസാനം ഒരു ജീവന്‍ കൂടി കവര്‍ന്നെടുത്തു. പത്രമാധ്യമങ്ങള്‍ക്കും സമൂഹത്തിനും ഇതൊരു സാധാരണ വാര്‍ത്ത മാത്രം. പക്ഷേ നേഴ്സ്മാര്‍ എന്ന ആ പീഡിത സമൂഹത്തിന്റെ ദുരവസ്ഥകള്‍ അവര്‍ക്ക് മാത്രമേ അറിയൂ. അഡ്മിറ്റ്‌ ചെയ്തിരുന്ന രോഗിയുടെ ഏതോ ഒരു റിപ്പോര്‍ട്ട്‌ കാണാതായതിനെ തുടര്‍ന്നുണ്ടായ പ്രശ്നങ്ങള്‍. മാനെജുമെന്റ്റ് ആ കുട്ടിയെ അതിന്റെ പേരില്‍ നിരന്തരം ഫോണിലൂടെ പീഡിപ്പിച്ചു കൊണ്ടിരുന്നു. സഹിക്ക വയ്യാതായപ്പോ ജോലി രാജിവെച്ചുപോരാന്‍ വീട്ടുകാര്‍ പറഞ്ഞു. രാജി വെച്ചാല്‍ ബോണ്ട്‌ തുകയായ അമ്പതിനായിരം കൊടുക്കണം, എന്നാലെ സര്‍ട്ടിഫിക്കറ്റ് വിട്ടു കിട്ടൂ. നിര്‍ധന കുടുംബത്തില്‍ നിന്നും അന്യനാട്ടില്‍ വന്നു കഷ്ടപെടുന്ന ഒരു കുട്ടിക്ക് അതത്ര വേഗം പ്രാപ്യമല്ല. ഇങ്ങനെ മാനസിക സമ്മര്‍ദ്ദം സഹിക്ക വയ്യാതെ ആണ് ആ കുട്ടി മരണമെന്ന പോംവഴി കണ്ടെത്തിയത്. ഇതെഴുതുമ്പോ ഒരല്‍പം പോലും അതിഭാവുകത്വം ഒരു വരിയിലോ വാക്കിലോ വരില്ല. കാരണം എന്റെ കൂടപ്പിറപ്പും ഈ പീഡിത വിഭാഗത്തിന്റെ ഒരു കണ്ണിയാണ്.


ഇന്നലെ ഏഷ്യാനെറ്റ്‌ ന്യൂസ്‌ അവറില്‍ ഇതിനെ കുറിച്ച് നടന്ന ചര്‍ച്ചയില്‍ പങ്കെടുത്ത സമദ് ഹോസ്പിറ്റല്‍ പ്രതിനിധി മാധവന്‍ പിള്ള പറഞ്ഞു. നാലായിരം മുതല്‍ ആറായിരം വരെ ഒരു ബി എസ്‌സി നേഴ്സിനു കൊടുക്കുന്നുണ്ട്. അവര്‍ തുടക്കകാരായി വരുമ്പോ പ്രവര്‍ത്തി പരിചയം കുറവായത് കൊണ്ട് ആ ശമ്പളം കൊടുക്കുകയേ നിവര്‍ത്തിയുള്ളൂ എന്ന്. പഠിക്കുന്ന നാലുവര്‍ഷകാലവും അവര്‍ ചെയ്യാന്‍ പോകുന്ന ജോലി..അല്ലെങ്കില്‍ അവരുടെ പ്രവര്‍ത്തി മേഖലയില്‍ പ്രാവിണ്യം നേടുമാറുള്ള പഠനമാണ് അവര്‍ക്ക് കൊടുക്കുന്നത്. അതു കൊണ്ട് തന്നെ ആ വാദമുഖം നാമമാത്രമാണ്. രാജ്യത്ത് ഒരു മേഖലയിലും ഇല്ലാത്ത ഈ ബോണ്ടഡ് ലേബര്‍ നേഴ്സുമാര്‍ക്ക് മാത്രം അപ്ലൈ ചെയ്യുന്നത് തെറ്റല്ലേ എന്ന് ശ്രി മാധവന്‍ പിള്ളയോട് ചോദിച്ചതിനു അദ്ദേഹം പറഞ്ഞ മറുപടി, ഇതൊരു വളരെ പ്രധാനപെട്ട ജോലിയാണ്, അതിനു തന്നെ ആളുകളെ കിട്ടാനില്ലാത്ത സാഹചര്യം. അങ്ങനെ ഒരു സാഹചര്യത്തില്‍ ഒരു ദിവസം പെട്ടെന്ന് ഒരു നേഴ്സ് ജോലി വേണ്ടാന്നു വെച്ചു പോയാല്‍ അത് ഒരുപാട് ബുദ്ധിമുട്ടുണ്ടാക്കും. അദ്ദേഹം പറഞ്ഞ ആ വസ്തുത എല്ലാവര്ക്കും അറിയാം. ഇത്രയ്ക്കു പ്രാധാന്യമുള്ള ജോലി ചെയ്യുന്ന നേഴ്സുമാര്‍ക്ക് അവര്‍ക്ക് അര്‍ഹിക്കുന്ന ശമ്പളമോ ജീവിത സാഹചര്യങ്ങളോ ഈ ഹോസ്പിറ്റലുകള്‍ ഒരുക്കുന്നുണ്ടോ?? ഒരു നേഴ്സ് പതിമൂന്നും പതിനാലും മണിക്കൂറുകള്‍ ജോലി ചെയ്യുന്നുണ്ട്. അവരെ കൊണ്ടത്‌ ചെയ്യിക്കുന്നുണ്ട്. എന്നിട്ട് ഒരു സിക്ക് ലീവ് ഇല്ല, എമെര്‍ജെന്‍സി ലീവ് ഇല്ല. ഈ പീഡനം എതിര്‍ക്കപെടണ്ടതാണ്. ഇന്ത്യ പോലുള്ള ഒരു ജനാധിപത്യ രാജ്യത്ത് ഒരു വിഭാഗത്തിനു മാത്രം കല്‍പ്പിച്ചു നല്ക്കിയിരിക്കുന്ന ഈ ബോണ്ടഡ് ലേബര്‍ നിയമ വിരുദ്ധം അല്ലേ. ഇത് എതിര്‍ക്കപ്പെടണ്ടതല്ലേ.


മറ്റെല്ലാ പ്രവര്‍ത്തന മേഖലയില്‍ ഉള്ളവര്‍ക്കും നല്ല അവസരങ്ങള്‍ തേടി പോകാന്‍ സ്വാതന്ത്ര്യമുള്ളപ്പോള്‍ എന്ത് കൊണ്ട് നേഴ്സ്മാര്‍ മാത്രം ഇങ്ങനെ ഒരു പീഡക്ക് ഇരയാകുന്നു. ലക്ഷങ്ങള്‍ മുടക്കി പഠിച്ചിറങ്ങുന്നവര്‍ അടിമകളെ പോലെ പണി എടുക്കണോ. എന്ത് കൊണ്ട് അവര്‍ മരുപ്പച്ചകള്‍ തേടി പോകുന്നു. ആതുരസേവനം എന്ന മഹത്തായ ഫീല്‍ഡ് തിരഞ്ഞെടുത്തു ‍ ലക്ഷങ്ങള്‍ മുടക്കി അവര്‍ പഠിച്ചിറങ്ങുമ്പോള്‍ മറ്റു പ്രവര്‍ത്തന മേഖലകളിലെ ആളുകളെ പോലെ കൂടുതല്‍ ശമ്പളവും നല്ല ജീവിത സാഹചര്യങ്ങളും അവരും സ്വാഭാവികമായി ആഗ്രഹിക്കുന്നു...കാംഷിക്കുന്നു. നല്ല ശമ്പളവും ജീവിത സാഹചര്യവും ഉണ്ടെങ്കില്‍ ഒരു നേഴ്സും ജോലി വിട്ടു പോകില്ല. അതില്ലാതാകുമ്പോള്‍ അവര്‍ മരുപ്പച്ചകള്‍ തേടി പോകും. അതെല്ലാ പ്രവര്‍ത്തി മേഖലയിലും സംജാതമായിട്ടുള്ള ഒരു പ്രക്രിയ മാത്രമാണ്.


മുംബൈയില്‍ ഇപ്പൊ ഈ ഇരുന്നൂറു നേഴ്സുമാര്‍ നടത്തുന്ന സമരം അതവരുടെ അവകാശങ്ങള്‍ക്ക് വേണ്ടി മാത്രമല്ല. എന്നും പീഡനം മാത്രം അനുഭവിക്കുന്ന ഈ വിഭാഗത്തിന്റെ നല്ല ഒരു നാളക്ക് വേണ്ടിയാണ്. ആന്റോ ആന്റണിയെ പോലുള്ള ചുരുക്കം ചിലര്‍ മാത്രമേ നേഴ്സ്മാര്‍ക്ക് വേണ്ടി എന്തെങ്കിലും ചെയ്യാന്‍ മുന്നിട്ടിറങ്ങുന്നുള്ളൂ. വളരെ ശാന്തമായ മനസ്സോടെ, ശ്രദ്ദയോടെ മാത്രം സമീപിക്കണ്ട ഒരു ജോലി ചെയ്യുന്നവര്‍ ഒരിക്കലും ഇങ്ങനെ മാനസികമായി പീഡിപ്പിക്കപെട്ടു കൂടാ. സമൂഹത്തിനു അവരുടെ സേവനം വേണം. ആതുര സേവനം എന്ന മഹത്തരമായ ജോലി ചെയ്യുന്ന ഈ വിഭാഗത്തിനെ അര്‍ഹിക്കുന്ന പ്രാധാന്യം നല്‍കി പരിരക്ഷികാന്‍ സര്‍ക്കാര്‍ മുന്‍കൈ എടുക്കണം. ബോണ്ടഡ് ലേബര്‍ ഒരു പ്രവര്‍ത്തി മേഖലയിലും പാടില്ല എന്നത് രാജ്യത്തിന്റെ പരമോന്നത സഭയില്‍ ചര്‍ച്ച ചെയ്തു ബില്‍ പാസ്‌ ആക്കണം. ബോണ്ടഡ് ലേബര്‍ നടത്തുന്ന എല്ലാ സ്ഥാപനങ്ങള്‍ക്കും എതിരായി കടുത്ത നടപടി ഉണ്ടാവണം. ഈ പ്രവണത വളര്‍ത്തികൂടാ.


ലേബല്‍ : ഇതെന്റെ വ്യക്തിപരമായ അഭിപ്രായ പ്രകടനം മാത്രം

Friday, September 16, 2011

സിനിമ - എന്റെ മാത്രം കാഴ്ചപാട്



സിനിമ അതാര് അഭിനയിച്ചാലും കെട്ടുറപ്പും പുതുമയുമുള്ള ഒരു തിരകഥ ആണെങ്കില്‍ ജനം രണ്ടു കയ്യും നീട്ടി സ്വീകരിക്കും. അന്തമായ താരാരാധനയോടെ പടങ്ങളെ സമീപിക്കുന്ന പ്രേക്ഷകരല്ല ഇന്ന് കേരളത്തിലെന്നു കഴിഞ്ഞ കാലങ്ങളിലെ ചെറിയ ചിത്രങ്ങളുടെ വലിയ വിജയം സൂചിപ്പിക്കുന്നു.

ഡോക്ടര്‍ ലവ് എന്ന ചിത്രത്തില്‍ ആദ്യം പ്രിത്വിരാജിനെ ആണ് ഉദ്ദേശിച്ചിരുന്നതെങ്കിലും പ്രിത്വി ആ പടത്തില്‍ നിന്നും അകാരണമായി പിന്മാറുകയായിരുന്നു എന്ന് അതിന്റെ സംവിധായകന്‍ ബിജു പറയുന്നു. മറ്റൊരാള്‍ക്ക് മാറ്റി വെച്ച കഥാപാത്രം ആണെന്നറിഞ്ഞിട്ടും യാതൊരു വിമുഖതയുമില്ലാതെ ആ ചിത്രം സ്വീകരിച്ചു ഭംഗിയാക്കിയ ചാക്കോച്ചനു ഹാറ്റ്സ് ഓഫ്‌.

നല്ല സിനിമകളെ പരിപോഷിപ്പിക്കാന്‍...അതിനു കാരണമാവുന്നവരെ തങ്ങളുടെ പ്രതിഭ ഉപയോഗിച്ച് പ്രോത്സാഹിപ്പിക്കാന്‍, തന്റെ കഴിവിനെ കുറിച്ച് എട്ടുനാടും പോട്ടെ വിളിച്ചു കൂവുന്ന ഈ യുവ സൂപര്‍ താരങ്ങള്‍ കൂടി ശ്രമിക്കുക. നല്ല സിനിമകള്‍ ആണ് നിങ്ങളെ താരങ്ങള്‍ ആക്കുന്നതെന്ന് ഓര്‍ക്കുക. അതിനു കാരണമാകുന്നവരെ പ്രോത്സാഹിപ്പിക്കുക.

ഇന്നലെ ഡ്യൂട്ടി കഴിഞ്ഞു ചെല്ലുമ്പോള്‍ ടി വിയില്‍ ഫോര്‍ ഫ്രണ്ട്സ് എന്ന ചിത്രം നടക്കുന്നു. ഷൂ അഴിച്ചു വെച്ച് ജോലിയുടെയും യാത്രയുടെയും ക്ഷീണത്തില്‍ കസേരയില്‍ ചാഞ്ഞിരിക്കുമ്പോ...പെട്ടെന്ന് കമലഹാസനെ സ്ക്രീനില്‍ കണ്ടു. കമലഹാസന്‍ എന്റെ എക്കാലത്തേയും ഇഷ്ടനടനായതുകൊണ്ട്...ക്ഷീണം മറന്നു പടം കാണാന്‍ ഇരുന്നു. ഗസ്റ്റ് റോളില്‍ എത്തിയ അദ്ദേഹം ആ സിനിമയ്ക്കു വേണ്ടി തന്റെ ഭാര്യ ഗൗതമി ഒരു കാന്‍സര്‍ പേഷ്യന്റ് ആണെന്ന കാര്യം പോലും പറഞ്ഞു വികാരാധീനനാകുന്നു. ഇതിനു ഒരുപക്ഷെ പല വാദമുഖങ്ങള്‍ ഉണ്ടായേക്കാം...സ്വകാര്യതയെ കൊമേര്‍ഷ്യലൈസ് ചെയ്തെന്നോ അങ്ങനെ എന്തെങ്കിലും. പക്ഷെ എനിക്ക് തോന്നിയത്...കാന്‍സര്‍ രോഗികളെ കുറിച്ച് പറയുന്ന ഒരു നല്ല സിനിമ...അതില്‍ സദുദ്ദേശതോടെ തന്റെ സ്വകാര്യത പോലും ഷെയര്‍ ചെയ്യാന്‍ ആ വലിയ നടന്‍ തയാറായി.നല്ല സിനിമകളെ പ്രൊമോട്ട് ചെയ്യാന്‍ വേണ്ടി..അതിലൂടെ ഒരു സന്ദേശം കൊടുക്കാന്‍ വേണ്ടി.

സാള്‍ട്ട് & പെപ്പര്‍ എന്ന സിനിമ മലയാളത്തിനു തന്നത് ആഷിക് ബാബു എന്ന നല്ലൊരു സംവിധായകനെ ആണ്.തുടക്കക്കാരെ...വേറിട്ട്‌ ചിന്തിക്കുന്നവരെ... പ്രോത്സാഹിപ്പിക്കുക. പദ്മരാജനും ഭരതനും ശേഷം നല്ല സിനിമകള്‍ അന്യം നിന്നു പോയെന്നു മുറവിളി കൂട്ടിയിട്ടു കാര്യമില്ല.പുതിയ പ്രതിഭകളെ പ്രോത്സാഹിപ്പിക്കുക... അന്ഗീകരിക്കുക...ആരുകണ്ടു... നാളെ അവര്‍ ഭാരതനെക്കാളും പദ്മരാജനെക്കാളും ഉയരങ്ങളില്‍ എത്തില്ലെന്ന്... നമ്മുടെ ചെറിയ "വലിയ" നടന്മാര്‍ ഇതൊക്കെ ഒന്ന് മനസ്സിലാക്കിയാല്‍ നന്നായിരിക്കും.

അക്ഷരക്കൂട്ട്‌......




ഓരോ ദിവസവും നമ്മള്‍ ഉറക്കം വിട്ടെഴുന്നെല്‍ക്കുമ്പോള്‍ അന്ന് ചെയ്യണ്ടതും ചെയ്തു തീര്‍ക്കണ്ടതുമായ കാര്യങ്ങളെ കുറിച്ച് ചിന്തിക്കാറുണ്ട്. കുറച്ചു ദിവസങ്ങളായി ഞാനും അങ്ങനെ ചിന്തിച്ചു പ്രാവര്‍ത്തികമാക്കണമെന്നു കരുതുന്ന ഒരു കാര്യത്തെ കുറിച്ചാണ് എഴുതുന്നത്‌.


ജോലിയൊന്നുമില്ലാതെ നടന്ന നാളുകളിലും...അതിനു ശേഷം ചെറിയ ചെറിയ ജോലികള്‍ ചെയ്തു കഴിഞ്ഞുകൂടിയ നാളുകളിലും വായനാ ശീലം ഉണ്ടായിരുന്നു. എനിക്ക് മനസ്സിലാക്കാന്‍ കഴിയുന്ന ബുക്കുകള്‍ ഒക്കെ വായിക്കുമാരുന്നു. മലയാളത്തിലെ പേരെടുത്ത ഒരു ബുക്കും വായിക്കാനോ...വാങ്ങാനോ അന്ന് കഴിഞ്ഞിട്ടില്ല.


അന്നൊക്കെ കമ്പ്യൂട്ടര്‍ എനിക്ക് അപ്രാപ്പ്യമായിരുന്നു. ഇന്ന് ഔദ്യോഗിക ജീവിതത്തിന്റെ മുക്കാല്‍ പങ്കും സ്വകാര്യമായി കമ്പ്യൂട്ടറില്‍ ചിലവഴിച്ചിട്ടു...വൈകുന്നേരങ്ങളില്‍ റൂമില്‍ചെന്ന ശേഷം
വീണ്ടും ഇന്റര്‍നെറ്റ്‌ എന്ന മായിക ലോകത്തേക്ക് ഊളിയിട്ടിറങ്ങാന്‍ മനസ്സ് വെമ്പുന്നു....അല്ല അത് തന്നെയാണ് ചെയ്യുന്നതും.... ഓഫ്‌ ദിവസങ്ങളിലും അവസ്ഥ വ്യത്യസ്തമല്ല...ഓഫിന്റെ ആലസ്യത്തില്‍ നിന്നുമെഴുനേറ്റു ഒരു കപ്പു കാപ്പിയുമായി നേരെ കമ്പ്യൂട്ടറിന്റെ ചുവട്ടിലേക്ക്‌...ചുറ്റുപാടുകളെയും സഹമുറിയന്‍മാരെയും മറന്നു വീണ്ടും ഇന്റര്‍നെറ്റ്‌ എന്ന മായിക ലോകത്ത്.


ഒരേ റൂമില്‍ ഒന്നിച്ചു കഴിയുന്നവരെ അടുത്തറിയാന്‍ ശ്രമിക്കാതെ, സംവദിക്കാതെ...ചുറ്റുപാടുകളെ അറിയാതെ...ബസ്സിലൂടെയും ഫേസ്ബുക്കിലൂടെയും നൈമിഷികയും യാന്ത്രികവുമായ സൗഹൃദങ്ങള്‍ തേടി അലയുന്നു. കമ്പ്യൂട്ടറിന്റെ ചുവട്ടില്‍ ഇന്റെര്‍നെറ്റിന്റെ അനന്ത വിഹായസ്സില്‍ പറന്നു നടക്കുമ്പോ...നമ്മുക്ക് നഷ്ടമാകുന്ന ഒരുപാട് കാര്യങ്ങളില്ലേ...സുഹൃത്തുക്കള്‍ക്കായി...കൂട്ടായ്മക്കായി...മാറ്റി വെക്കണ്ട നല്ല കുറേ നിമിഷങ്ങള്‍....എന്തിനു വായനാ ശീലം പോലും നമ്മുക്ക് നഷ്ടമായി. എന്തോ ഈ അടിക്ഷനില്‍ നിന്നും മോചനം വേണമെന്ന് എനിക്ക് തോന്നി തുടങ്ങിയപ്പോഴാണ് എപ്പോഴോ കൈമോശം വന്ന പുസ്തക വായന എന്ന ശീലം തിരിച്ചു കൊണ്ട് വരാന്‍ തീരുമാനിച്ചത്.

കുറേ ആഴ്ചകള്‍ക്ക് മുന്‍പ്  നല്ല ബുക്സ് സജെസ്റ്റ് ചെയ്യണമെന്നു പറഞ്ഞു ഞാന്‍  ബസ്സില്‍ പോസ്റ്റ്‌ ഇട്ടിരുന്നു.  എന്റെ കൂട്ടുകാര്‍  അന്ന് കുറേ ബുക്സ് സജെസ്റ്റ് ചെയ്തു. അന്ന് ആ പോസ്റ്റ്‌ ഇട്ടപ്പോ പലരും കളിയാക്കി.. .ഇന്റലക്ച്വല്‍ ആകാന്‍ ശ്രമിക്കുകയാണോ എന്ന് ചോദിച്ചു. സാമാന്യ അറിവും ചിന്തയും കാഴ്ചപാടും മാത്രമുള്ള ഒരു വ്യക്തി വായനാശീലം പുനരാരംഭിക്കുമ്പോ എങ്ങനെ ഇന്റലക്ച്വല്‍ ആകും. ഈ യാന്ത്രിക ജീവിതത്തില്‍ നിന്നു ഒരല്‍പം ആശ്വാസം..അതാണ്‌ ഞാന്‍ വായനയിലൂടെ ആഗ്രഹിക്കുന്നത്... .കീബോഡില്‍ കൊട്ടി കൊട്ടി ജീവിതം തീര്‍ക്കാന്‍ വയ്യാ.

കൂട്ടുകാരെ...അന്നവര്‍ സജെസ്റ്റ് ചെയ്ത പുസ്തകങ്ങളില്‍ എഴുപതു ശതമാനവും ഞാന്‍ വാങ്ങി കഴിഞ്ഞു. വായനയുടെ ലോകത്തേക്ക് കുറച്ചെങ്കിലും മടങ്ങി പോകുന്നു എന്റെ സൗഹൃദങ്ങള്‍ മുറിക്കാതെ....

Sunday, September 4, 2011

റൌക്ക



എന്റെ ബാല്യകാലജീവിതം അച്ഛന്റെ കുടുംബവീട്ടില്‍  ആരുന്നു. പഴയ കാലത്തെ ഒരു ഇടത്തരം വീട്. കൂട്ടുകുടുംബമായി വെല്ല്യച്ചന്റെയും ചിറ്റപ്പന്റ്റെയും കുടുംബങ്ങള്‍  ഞങ്ങളോടൊപ്പം കഴിഞ്ഞിരുന്നു. ഇന്ന് എല്ലാരും  അണു  കുടുംബങ്ങളായി ചിതറി മാറി കഴിഞ്ഞു. കൂട്ടുകുടുംബജീവിതത്തിന്റെ സുഖങ്ങള്‍ രസങ്ങള്‍   ഇന്ന് നമ്മുടെ കുട്ടികളെ ഇങ്ങനെ എഴുതിയും പറഞ്ഞുമല്ലേ അറിയിക്കാന്‍ പറ്റൂ.


വല്യച്ഛന്റെ മക്കളൊക്കെ ഒന്നിച്ചൊരു സ്കൂളില്‍ പഠിക്കുമ്പോ ഞാന്‍ മാത്രം വേറെ സ്കൂളില്‍ ഒറ്റയ്ക്ക്. വല്ല്യച്ചനു മൂന്നു മക്കള്‍ ആണ്.  അച്ഛന് അന്ന്  ബീഹാറിലാണ് ജോലി. ഞാന്‍ ഒരേ ഒരു മോന്‍. അമ്മ ബേക്കറി സാധനങ്ങളൊക്കെ വാങ്ങി വെച്ചിങ്ങനെ എപ്പോഴും തീറ്റി  എന്നെ ഒരു കുട്ടികുറുമനായി വളര്‍ത്തുന്ന കാലം.


ബേക്കറിയില്‍ അന്നൊക്കെ സുതാര്യ പേപ്പറില്‍ പൊതിഞ്ഞ ഒരു നീളന്‍  കേക്ക് കിട്ടും. ഞാനിതു അമ്മയുടെ കയ്യില്‍ നിന്നും വാങ്ങി കഴിച്ചോണ്ട് വെളിയില്‍ പോകും. വല്യച്ഛന്റെ മക്കള്‍ പതുക്കെ പിറകേ കൂടും. മൂത്ത എട്ടനന്നു  പതിനാലു പതിനഞ്ചു  വയസ്സുണ്ടാവും...അതിനിളയ എട്ടന് പത്തു വയസ്സ്...എനിക്കും വല്യച്ഛന്റെ മോള്‍ക്കും ഏകദേശം ഒരേ പ്രായവും...ഒരേ പ്രായക്കാര്‍ ആയതുകൊണ്ടാണോ എന്തോ  അവള്‍ക്കു മാത്രം ഒരല്‍പം നുള്ളി കൊടുക്കും. അപ്പൊ ഏട്ടന്മാരും  കൈനീട്ടും.ഞാന്‍ കൊടുക്കില്ല. ഓരോന്ന് പറഞ്ഞു നയത്തില്‍ അവരെന്നെ  പറമ്പിന്റെ ഏതെങ്കിലും കോണില്‍ കൊണ്ട് പോയിട്ട് വീണ്ടും ചോദിക്കും....കൊടുത്തില്ലെങ്കില്‍ പറമ്പില്‍  കിളച്ചു കൂട്ടിയിരിക്കുന്ന  മണ്‍കട്ട വെച്ചെന്നെ എറിയും...ഞാന്‍ കരഞ്ഞോണ്ട് ഓടും. അഥവാ  എന്തെങ്കിലും എപ്പോഴെങ്കിലും കൊടുത്താല്‍ തന്നെ വഴകിടുമ്പോ ഞാന്‍ തിരിച്ചു ചോദിക്കും. അപ്പൊ മൂത്തേട്ടന്‍ കളിയാക്കി ഒരു പാട്ട് പാടും...ഇന്ന് തരാം... നാളെ തരാം.... പാറ കല്ലേല്‍ തൂറി തരാമെന്നു.


ഇന്ന് വളര്‍ന്നു വലുതായി കുഞ്ഞുകുട്ടിപരാധീനങ്ങള്‍ ഒക്കെ ആയപ്പോഴും ഞങ്ങള്‍ ഒത്തുകൂടുമ്പോഴൊക്കെ  ഇത് പറഞ്ഞു ചിരിക്കും. അന്ന് ഞങ്ങളുടെ വീട്ടിലൊരു അമ്മൂമ്മ വരുമാരുന്നു. കുഞ്ഞുപെണ്ണമ്മൂമ്മ.വീട്ടില്‍ തേങ്ങ ഇടാന്‍ വരുന്ന കേശവന്‍ അപ്പുപ്പന്റെ അമ്മയാണ്. വീട്ടില്‍ എന്തെങ്കിലുമൊക്കെ ചെറിയ ചെറിയ സഹായങ്ങള്‍ ചെയ്തു വൈകും വരെ അവിടെ കൂടും. വാത്സല്യത്തോടെ എന്നെ മടിയിലൊക്കെ പിടിച്ചിരുത്തി ഓരോ കഥകള്‍ പറയും.


എന്നോടുള്ള വാത്സല്യം കൊണ്ടാവാം...ഈ അമ്മൂമ്മയെ എനിക്കൊരുപാടിഷ്ടമാരുന്നു. അമ്മൂമ്മക്കൊരു പ്രത്യേകത ഉണ്ട്.  ബ്ലൌസോ റൌക്കയോ ഒന്നും തന്നെ ഉപയോഗിക്കില്ല. മാറ് ഒരു വെള്ള നേര്യതു കൊണ്ടിങ്ങനെ മറച്ചിടും. വീട്ടില്‍ എന്റെ സ്വന്തം  അമ്മൂമ്മ ഒക്കെ ബ്ലൌസ് ഇട്ടു നടക്കുമ്പോ കുഞ്ഞുപെണ്ണമ്മൂമ്മ മാത്രമെന്താ ഇങ്ങനെ എന്ന് ഞാന്‍ ഒരിക്കല്‍  അമ്മയോട് ചോദിച്ചു. അമ്മൂമ്മക്ക്‌ ബ്ലൌസ് മേടിക്കാന്‍ കാശില്ലാഞ്ഞിട്ടാ  എന്ന് അമ്മ പറഞ്ഞു. ഞാന്‍ അത് വിശ്വസിച്ചു.


മാസങ്ങള്‍ ഓടി പോയി. മധ്യവേനല്‍ അവധിയായി. എല്ലാ വേനലവധിക്കും അച്ഛന്‍ വരും. ആ ഓര്‍മ്മയില്‍, കളിപ്പാട്ടങ്ങള്‍ക്കും ഉടുപ്പുകള്‍ക്കും, മിട്ടായികള്‍ക്കും വേണ്ടിയുള്ള കുഞ്ഞു മനസ്സിന്റെ കാത്തിരിപ്പാണ് പിന്നെ. അങ്ങനെ ഏപ്രില്‍ മാസത്തില്‍ അച്ഛനെത്തി. അടുത്ത ദിവസം കുഞ്ഞുപെണ്ണമ്മൂമ്മ വീട്ടില്‍ വന്നപ്പോ അച്ഛന്‍ വിശേഷങ്ങള്‍ ഒക്കെ തിരക്കി. പത്തു രൂപാ കയ്യില്‍ വെച്ച് കൊടുക്കുമ്പോ, (എല്ലാ വരവിലും അതൊരു പതിവാണ്)  ഞാന്‍ രംഗപ്രവേശം  ചെയ്തു. "അച്ഛന്‍ വന്നിട്ട് അമ്മൂമ്മക്കൊന്നുമില്ലേ"  അമ്മൂമ്മ വെറുതെ ചോദിച്ചു. ഞാന്‍ ചിരിച്ചിട്ടോടി കളഞ്ഞു.


രാത്രിയില്‍ അച്ഛനെ കെട്ടിപിടിച്ചു കിടന്നേ ഞാന്‍ ഉറങ്ങൂ. അച്ഛന്‍ തിരിച്ചുപോകും വരെ  അതൊരു ശീലമാണ്. അങ്ങനെ കെട്ടിപിടിച്ചു ഉറങ്ങാന്‍ കിടക്കുമ്പോ  പെട്ടെന്ന് കുഞ്ഞുപെണ്ണമ്മൂമ്മയെ ഓര്‍മ്മ വന്നു. ഞാന്‍ അച്ഛനോട് ചോദിച്ചു "ഞാനൊരു കാര്യം പറഞ്ഞാല്‍ അച്ഛന്‍ സാധിച്ചു  തരുമോ" എന്ന്. "അതിനെന്താ...മോന്‍ പറഞ്ഞോ... അച്ഛന്‍ സാധിച്ചു തരാം" അതും പറഞ്ഞച്ചന്‍ എന്നെ ചേര്‍ത്തുപിടിച്ചു. "നമ്മുടെ കുഞ്ഞുപെണ്ണമ്മൂമ്മക്ക് ബ്ലൌസ് വാങ്ങാന്‍  പൈസ ഇല്ല. നമ്മുക്കൊരെണ്ണം വാങ്ങിച്ചു കൊടുത്തുകൂടെ??." എന്റെ ചോദ്യം കേട്ടു അച്ഛനൊന്ന് ചിരിച്ചു....പിന്നെന്നെ നെഞ്ചോടു ചേര്‍ത്തുപിടിച്ചു നെറ്റിയില്‍ ഒരുമ്മ തന്നിട്ട് പറഞ്ഞു...."അതിനെന്താ അമ്മൂമ്മക്ക്‌ അച്ഛന്‍ ഒരു ബ്ലൌസ് വാങ്ങിച്ചു കൊടുക്കാം" .


കാര്യം അറിഞ്ഞ അമ്മ വഴക്കായി. അമ്മൂമ്മ ബ്ലൌസ് ഇടില്ല മോനെ...കാശില്ലാഞ്ഞിട്ടാണെന്നു അമ്മ അന്നു വെറുതെ പറഞ്ഞതാ എന്നൊക്കെ. ഞാന്‍ ഉണ്ടോ അത് കേള്‍ക്കുന്നു. കരച്ചിലോടെ കരച്ചില്‍. അങ്ങനെ എന്റെ സങ്കടത്തിനു മുന്‍പില്‍ കാര്യങ്ങള്‍ക്ക് തീരുമാനമായി. വീട്ടില്‍ എന്റെ അമ്മൂമ്മയുടെ അളവില്‍ ഒരു ബ്ലൌസ് തൈപ്പിച്ചു. പിറ്റേ ദിവസം കുഞ്ഞുപെണ്ണമ്മൂമ്മയെ വീട്ടില്‍ വിളിപ്പിച്ചു ആ പൊതി ഏല്‍പ്പിച്ചു. പൊതി തുറന്നു നോക്കിയിട്ട് അമ്മൂമ്മ പറഞ്ഞു." അമ്മൂമ്മക്കിത് വേണ്ട. അമ്മൂമ്മ ഇത് ഇടില്ല. പണ്ട് മുതലേ ഇങ്ങനെ ശീലിച്ചു പോയി" എന്ന്. അന്നൊരുപാട് സങ്കടം തോന്നി. ഒരുപാടാഗ്രഹിച്ചു വഴക്കിട്ടു വാങ്ങിപ്പിച്ചതല്ലേ. പിന്നെ മനസ്സില്‍ സ്വയം സമാധാനിച്ചു. പഠിച്ചു വലുതാകുമ്പോ ആദ്യത്തെ ശമ്പളത്തിന്  കുഞ്ഞുപെണ്ണമ്മൂമ്മക്ക് നല്ലൊരു മുണ്ടും  നേരിയതും  വാങ്ങി കൊടുക്കണമെന്നൊക്കെ മനസ്സില്‍ തീരുമാനിച്ചുറച്ചു. 


പക്ഷെ കാലം അതിനൊന്നും  അനുവദിച്ചില്ല. ഞാന്‍ പത്താം ക്ലാസ്സില്‍  പഠിക്കുമ്പോള്‍ അമൂമ്മക്കു  വാര്‍ധക്യസഹജമായ രോഗങ്ങള്‍ മൂര്ചിച്ചു. ഒരു ദിവസം സ്കൂളില്‍ നിന്നു വരുമ്പോ അമ്മൂമ്മയുടെ മരണവാര്‍ത്തയാണ് കേള്‍ക്കുന്നത്.  എന്നിലെ ആഗ്രഹം  ബാക്കിയാക്കി അമ്മൂമ്മ എന്നന്നേക്കുമായി ഞങ്ങളെ ഒക്കെ പിരിഞ്ഞു പോയി.


വാത്സല്ല്യത്തോടെ മോനേന്നു വിളിച്ചു....മാറില്‍ നേര്യതു മാത്രം മടക്കി ഇട്ടു ഒരല്‍പം കൂനോടെ നടന്നു വരുന്ന കുഞ്ഞുപെണ്ണമ്മൂമ്മയെ എനിക്കൊരിക്കലും മറക്കാന്‍ കഴിയില്ല. അത്രക്കെനിക്കിഷ്ടമാരുന്നു.

Saturday, September 3, 2011

കാത്തിരിപ്പ്



കൂട്ടുകാരന്റെ ബ്ലോഗിലെ പരാമര്‍ശം പോലെ പ്രവാസം താല്‍കാലികമായി വെടിഞ്ഞു അഭയാര്‍ഥിയായി നാട്ടിലെത്താന്‍ ഇനിയുമുണ്ട് രണ്ടു മാസം. ആ ഓര്‍മ്മയില്‍, ആ ചിന്തകളില്‍ ഓരോ ദിവസവും ഒരു യുഗം പോലെ തള്ളി നീക്കുന്നു.

പ്രവാസം ഓരോ മലയാളിയിലും ഗൃഹാതുരത്വവും നാടിന്റെ മായാത്ത ഓര്‍മ്മകളും കൊണ്ട് നിറക്കുന്നു. എന്റെ കൂട്ടുകാരന്‍ ബ്ലോഗില്‍ എഴുതിയ പോലെ  പതിനൊന്നു മാസത്തെ പ്രവാസത്തിനൊടുവില്‍ കിട്ടുന്ന അഭയാര്‍ഥി പട്ടവുമായി ജന്മ നാട്ടില്‍ വിമാനമിറങ്ങുമ്പോള്‍ ഉണ്ടാകുന്ന സന്തോഷം.


നാടിന്റെ പച്ചപ്പിനേക്കാള്‍  ഏറെ പച്ചപ്പ്‌ ഉള്ളില്‍ വന്നു നിറയുന്ന നിമിഷങ്ങള്‍. വിമാനമിറങ്ങി ഇടനാഴിയിലൂടെ നടന്നു നീങ്ങുമ്പോ കാലുകള്‍ക്ക് വേഗത പോരെന്നു തോന്നുന്ന നിമിഷങ്ങള്‍. ലഗേജ് കിട്ടാന്‍ വൈകുമ്പോ വല്ലാത്ത അസഹിഷ്ണുത തോന്നുന്ന നിമിഷങ്ങള്‍...ഓരോ വാതിലും പരിശോധനയും കടന്നു ചില്ല് വാതിലിനപ്പുറത്തേക്ക്   നടന്നടുക്കുമ്പോ പുറത്തെ ജനാവലിയില്‍ തന്റെ പ്രേയസിയെ തിരയുന്ന ഭര്‍ത്താവിന്റെ സന്തോഷം, മക്കളെ തിരയുന്ന അച്ഛന്റെ സന്തോഷം, മാതാപിതാക്കളെ തിരയുന്ന മകന്റെ സന്തോഷം....പെങ്ങളെ തിരയുന്ന ആങ്ങളയുടെ സന്തോഷം...പ്രവാസിയുടെ സന്തോഷത്തിനു അങ്ങനെ എത്ര നിറങ്ങള്‍...അതിരില്ലാത്ത സന്തോഷിന്റെ അനിര്‍വചനീയ നിമിഷങ്ങള്‍.


വരവേല്‍ക്കാനെത്തിയ ബന്ധുക്കളോടൊപ്പം വാഹനത്തില്‍  ഇരച്ചു പായുമ്പോഴും   തന്റെ നാടിന്റെ ഓരോ മാറ്റത്തെയും പുതുമയെയും  അത്ഭുതത്തോടെ അവന്‍ നോക്കികാണും. ഓരോ വരവിലും തന്റെ നാടിന്റെ മാറ്റം. 


എന്റെ ആദ്യ പ്രവാസം രണ്ടു വര്‍ഷത്തോളം നീണ്ടു. ഒരു ശരാശരി പ്രവാസി എപ്പോഴും അങ്ങനെ തന്നെ. പോയി കുറച്ചു കാലം നിന്നു പ്രാരാബ്ധങ്ങള്‍ക്കൊരു അയവ് വരുംവരെ അവധി എന്നതിനെ കുറിച്ചവന് ചിന്തിക്കില്ല. അങ്ങനെ രണ്ടു വര്‍ഷത്തെ പ്രവാസത്തിനൊടുവില് ‍ഞാനും  അവധിക്കു (2007)പോകാന്‍ തീരുമാനിച്ചു.  ആദ്യത്തെ പോക്കാണ് . വെറും കയ്യോടെ പോകാന്‍ കഴിയില്ല. ഓരോ മാസവും എന്തെങ്കിലുമൊക്കെ വാങ്ങിച്ചു വെച്ചേ പറ്റൂ. പോകുന്ന മാസം എല്ലാം കൂടി വാങ്ങാന്‍ പറ്റിവരില്ല. 


അച്ഛനും അമ്മയ്ക്കും  കുഞ്ഞുപെങ്ങള്‍ക്കുമൊക്കെ  യഥേഷ്ടം ഉപയോഗിക്കാനുള്ളതൊക്കെ വാങ്ങണം. ഓരോ വിളിയിലും അമ്മയോട് ചോദിക്കും...എന്തൊക്കെയാണ് വാങ്ങണ്ടതെന്നു . അമ്മ പറയും "വീട്ടില്‍  വേണുന്നതെന്തെന്കിലുമൊക്കെ  വാങ്ങുക. കുട്ടികള്‍ക്ക് മിട്ടായി വാങ്ങാന്‍ മറക്കല്ലേ. അയലതൊക്കെ കൊടുക്കണം. എനിക്കൊരു ടൈഗര്‍ ബാം വേണം, കാലിന്റെ മുട്ട് തീരെ നൂക്കാന്‍ വയ്യാന്നായിരിക്കുന്നു. രാത്രി അതോരല്‍പ്പം പുരട്ടിയാല്‍ വല്ലാത്ത ആശ്വാസമാ. ഒരു കുഞ്ഞു ടോര്‍ച് വേണം. വെളുപ്പിനെ മുറ്റമടിക്കാന്‍ ഇറങ്ങുമ്പോ തെക്കേപുറത്തൊക്കെ  നല്ല ഇരുട്ടാ". ഇങ്ങനെ ചെറിയ ചെറിയ ആവശ്യങ്ങള്‍ മാത്രമേ അമ്മക്കുള്ളൂ. അച്ഛന് അതുമില്ല. പെങ്ങള്‍ക്ക് ഞാന്‍ എന്ത് കൊണ്ട് കൊടുത്താലും സന്തോഷം. ഒരാവശ്യങ്ങളുമില്ല.


അങ്ങനെ ഓരോ മാസങ്ങളിലായി ഓരോന്ന് വാങ്ങിച്ചു തുടങ്ങി. ഓഫ്‌ ദിവസം ടൌണില്‍ പോകും കുറേശ്ശെ സാധനങ്ങള്‍ വാങ്ങും. അങ്ങനെ ഒരു ദിവസം ഹൈവേ സെന്റെരിലെ (ഷോപ്പിംഗ്‌ സെന്റര്‍) ഇടനാഴിയിലൂടോരോന്നു നോക്കി നടക്കുമ്പോ  ഒരു നല്ല ഷേവിംഗ് സെറ്റ് കണ്ടു. എടുത്തു നോക്കി. പെട്ടെന്ന് അച്ഛന്റെ മുഖം ഓര്‍മ്മ വന്നു. രണ്ടു വര്ഷം മുന്‍പേ ആദ്യ ഗള്‍ഫ്‌ യാത്രക്കായി പെട്ടി അടുക്കുമ്പോ ഷേവിംഗ് സെറ്റ് ഇല്ലെന്നു  പറഞ്ഞപ്പോ. "എന്റേത് ഉപയോഗിക്കാന്‍ മടിയില്ലയെങ്കില്‍ ഇതെടുതോളൂ ഇനി വാങ്ങാന്‍ ഒന്നും നിക്കണ്ട". എന്ന് പറഞ്ഞു അച്ഛന്റെ സെറ്റ് എനിക്ക് തന്നു വിട്ടു.  ഇന്നും എന്റെ കൈയിലുള്ള സെറ്റ് അത് തന്നെ. പുതിയ ആ സെറ്റ് അച്ഛന് വേണ്ടി വാങ്ങുമ്പോ കണ്ണുകള്‍ വല്ലാതെ നിറഞ്ഞു...(ഇതെഴുതുമ്പോഴും). ഓരോ പ്രവാസിയുടെയും ജീവിതത്തില്‍ മയില്‍‌പ്പീലി തുണ്ട് പോലെ സൂക്ഷിക്കാന്‍ ഇങ്ങനെ നൂറായിരം ഓര്‍മ്മകള്‍. 


നാട്ടില്‍ നിന്നും അമ്മ കൂട്ടുകാരുടെ കൈവശം  കൊടുത്തുവിടുന്ന കുഞ്ഞുപൊതികളുടെ കവര്‍ പോലും ഞാന്‍ കളയില്ല. എന്തോ അതിനോടൊക്കെ  എനിക്ക് വല്ലാതെ അടുപ്പം തോന്നാറുണ്ട്. ആ പൊതിയില്‍ ഞാന്‍ എന്റെ അമ്മയുടെ മണം. വീടിന്റെ മണം ഒക്കെ അറിയാന്‍ ശ്രമിക്കും. അങ്ങനെ കുറേ നൊസ്റ്റാള്‍ജിക് ഫീലിങ്ങ്സ്‌. ഇതെന്റെ മാത്രം കാര്യമാണോന്നറിയില്ല.
വളരെ ചെറിയ പ്രായത്തില്‍ തന്നെ വീടുവിട്ടു ജീവിച്ച ആളായതുകൊണ്ട് തന്നെ വേര്‍പാടിന്റെ വേദന വല്ലാതെ അനുഭവിച്ചിട്ടുണ്ട്. ഇന്നും അനുഭവിക്കുന്നു. അവധിക്കു നാട്ടില്‍ എത്തുമ്പോള്‍ തന്നെ തിരിച്ചുവരവെന്ന  യാഥാര്‍ത്ഥ്യം   മനസ്സിനെ വേട്ടയാടി തുടങ്ങും. നാടും.. വീടും...അമ്പലപറമ്പും..വെടിവട്ടം പറഞ്ഞു ഞാന്‍ എന്റെ കൗമാരം   ആസ്വദിച്ച കളതട്ടും ഒക്കെ എപ്പോഴോ എനിക്ക് നഷ്ടമായി. വല്ലപ്പോഴും മാത്രം കാണാനും ഓര്‍ത്തെടുക്കാനും കഴിയുന്ന നീറുന്ന ഓര്‍മ്മകള്‍ മാത്രമായി. ഇന്ന് കളതട്ടില്‍  പഴയപോലെ ആള്‍ തിരക്കില്ല. പുതിയ കുട്ടികള്‍ക്കതിനോന്നും നേരമില്ല. കളതട്ടിലെ വെടിവട്ടം കഴിഞ്ഞു തിരിച്ചു വന്നു വീടിനു മുന്നിലെ പാലത്തില്‍ ഞങ്ങള്‍ കൂട്ടുകാര്‍ രാത്രിയില്‍ തിരുവാതിര കളിച്ചു നാട്ടുകാരെ കൂട്ടിയത്തോക്കെ ഓര്‍ക്കുമ്പോ ചിരിവരും.


ഗ്രാമക്ഷേത്രത്തില്‍ ഭഗവതി  പറക്കെഴുന്നള്ളി കഴിഞ്ഞാല്‍ പിന്നെ വീടിനു മുന്‍പിലെ പാലത്തില്‍ അന്‍പൊലി മഹോത്സവത്തിനുള്ള  തിരക്കിലാണ് ഞങ്ങള്‍.  കുരുത്തോല പന്തലിട്ടു. മൈക് സെറ്റൊക്കെ വെച്ചു ഒരു കുഞ്ഞുല്സവം. കുരുത്തോല പന്തലോരുക്കാന്‍ കുരുത്തോല കിട്ടാതെ വരുമ്പോ രാത്രി വൈകി കടമ്പാട്ട് പറമ്പില്‍ പോകും. ഒന്നര ഏക്കര്‍ ഭൂമിക്കു നടുവില്‍ ആള്‍ താമസമില്ലാത്ത ഒരു വലിയ വീട്. പകല്‍ സമയം പോലും ആരും പോകാറില്ല. ഞങ്ങള്‍ കൂട്ടുകാരോന്നിച്ചു വീട്ടിലോന്നുമറിയാതെയാണ് രാത്രിയില്‍ അവിടെ പോകുന്നത്.  കൂട്ടത്തില്‍ തണ്ടേടി ആയ കൊച്ചുമോന്‍ തെങ്ങില്‍  കേറിയിട്ടു കുരുത്തോല അറക്കും,  ഒരു കുല ഇളനീരും കയിലിയില്‍ കെട്ടി ഇറക്കും. കരിക്ക് വെട്ടി കുടിച്ചു, കുരുംബ ചുരണ്ടി തിന്നിട്ടു തൊണ്ട് അവിടെ  തന്നെ കുഴിച്ചു  മൂടും. 


ഇപ്പൊ വാമഭാഗം വിളിച്ചു നാളെ ഭഗവതിക്ക് പറയാണ് എന്നൊക്കെ  പറയുമ്പോ മനസ്സിങ്ങനെ പഴയ ഓര്‍മ്മകളിലേക്ക് ഓടി പോകും. ഇന്നും നിറം മങ്ങാതെ തെളിമയോടെ ഞാന്‍ ഓര്‍ത്തെടുക്കുന്ന എന്റെ നാടിന്റെ ഓര്‍മ്മകളില്‍ ഇങ്ങനെ മുഴുകി ഇരിക്കാന്‍ എന്ത് സുഖമാണെന്നോ.. ഓരോ പ്രവാസിക്കും ഇങ്ങനെ എത്രയെത്ര നൊമ്പരങ്ങള്‍, നീറുന്ന ഓര്‍മ്മകള്‍.


ഓരോ അവധിയും തീരാറാകുമ്പോ...രാത്രി വൈകി അമ്മയുടെ തേങ്ങല്‍ കേട്ടു ഞാന്‍ ഞെട്ടി ഉണരും. കട്ടിലില്‍ എന്റെ അടുത്തിരുന്നു മുടിയിലൂടെ കൈയോടിച്ചു നേരിയതിന്റെ അറ്റം കൊണ്ട് വാര്‍ന്നൊലിക്കുന്ന കണ്ണുനീര്‍ തുടച്ചു കരയുന്ന അമ്മയുടെ മുഖം. നമ്മള്‍ മലയാളികല്‍ക്കല്ലാതെ ആര്‍ക്കിങ്ങനെ ഒക്കെ അനുഭവിക്കാനും അറിയാനും പറ്റും ആ സ്നേഹവും, വേദനയും ഗൃഹാതുരത്വവുമൊക്കെ.


എത്ര എഴുതിയാലും പറഞ്ഞാലും  തീരാത്തത്ര നൊമ്പരങ്ങള്‍ പേറിയല്ലേ നമ്മള്‍ ഓരോ പ്രവാസിയും ജീവിത സ്വപ്നങ്ങളുമായി ഈ മരുഭൂമിയില്‍ കഴിയുന്നത്‌. ഇതിനെന്നാണൊരു അവസാനം. വര്‍ഷം ആറ് കഴിഞ്ഞു ഈ പ്രവാസം തുടങ്ങിയിട്ട്. അടുത്ത അവധിക്കായി ദിനങ്ങള്‍ എണ്ണി ഞാനിങ്ങനെ കാത്തിരിക്കുന്നു.