Saturday, February 9, 2013

കഥയല്ലിതു ജീവിതം


വെള്ളിയാഴ്ച പെരുന്നാള്‍ ആഘോഷിച്ചു അങ്ങാടി നിരങ്ങുന്നതിനിടയില്‍ മോനൊരു കളിപ്പാട്ടം വാങ്ങാന്‍ കോഴികോട്ടുകാരന്‍ ചെങ്ങായിടെ കടയില്‍ കയറി. എന്റെ സ്ഥിരം കടയാണതു. അണ്ടര്‍ ഗ്രൗണ്ടില്‍ ആയതുകൊണ്ട് അധികമാര്‍ക്കും ആ കടയെ കുറിച്ചറിയില്ല. അറുത്തു വാങ്ങാത്ത പ്രകൃതക്കാരന്‍ ആയതു കൊണ്ട് എന്റെ കൂട്ടുകാരെയും ഞാന്‍ അവിടേക്ക് പറഞ്ഞു വിടാറുണ്ട്.


ഇന്നലെ ചെല്ലുമ്പോ ഒരു ഗദ്ദാമ്മയും അറബിയും ഉണ്ട് കടയില്‍ .സാധാരണ ഗദ്ദാമകള്‍ മധ്യവയസ്കരൊക്കെ ആയിരിക്കും...അല്ലെങ്കില്‍ ഇന്‍ഡോനേഷ്യന്‍ പെണ്‍കുട്ടികള്‍ ആയിരിക്കും. ഇതൊരു 25-നു താഴെ മാത്രം പ്രായമുള്ള തമിഴ് പെണ്‍കുട്ടി. കടക്കാരന്‍ അയാള്‍ക്കറിയാവുന്ന തമിഴില്‍ ഓരോന്ന് ചോദിക്കുന്നു. സാധനങ്ങള്‍ എടുത്തു നിരത്തി കാണിക്കുന്നു. ആദ്യമായി നാട്ടില്‍ പോവാനുള്ള ഒരുക്കത്തിലാണവള്‍ .


സ്പ്രേകള്‍ എടുത്തു കാണിക്കുമ്പോ കുറഞ്ഞത്‌ മതി എന്ന് പറഞ്ഞു കൈയ്യില്‍ ചുരുട്ടി പിടിച്ചിരിക്കുന്ന നോട്ടുകളിലേക്കു നോക്കും. മുല്ലമുട്ടിന്റെ പടമുള്ള വിലകുറഞ്ഞ രണ്ടു സ്പ്രേ എടുത്തവള്‍ സൈടിലേക്കു മാറ്റി വെച്ചു. ഡിസ്പ്ളെക്ക് വെച്ചിരുന്ന ഒരു എമര്‍ജന്‍സി ലാമ്പ് കൗതുകത്തോടെ മറിച്ചും തിരിച്ചും നോക്കി. മെമ്മറി സ്റ്റിക് ഇട്ടു പാട്ടൊക്കെ കേക്കാവുന്ന ഒരു ലാമ്പ്. ചൈന മേഡ് ആണ് അധികം വിലയില്ല എന്ന് കടക്കാരന്‍ പറഞ്ഞപ്പോ അതും സ്പ്രേകള്‍ക്കൊപ്പം നീക്കി വെച്ചു. കൂടെ വന്ന അറബി പതുക്കെ അവന്റെ തനി ഗൊണം കാണിച്ചു തുടങ്ങി. ഓരോ സാധനങ്ങള്‍ നോക്കാന്‍ അതെടുക്കുന്ന സമയത്തിനെ കുറിചെന്തൊക്കെയൊ കുറെ വഴക്ക് പറഞ്ഞു. വിവര്‍ണ്ണമായ മുഖത്തോടവള്‍ വിലകുറഞ്ഞ ഒരു മേക്ക് അപ് ബോക്സും പ്ലാസ്റ്റിക് സ്ലൈഡുകളും കൂടി സൈടിലേക്കു നീക്കി വെച്ചു .


ഓരോന്ന് സൈഡിലേക്ക് വെക്കുമ്പോഴും കൈയ്യില്‍ ചുരുട്ടി പിടിച്ചിരുന്ന പൈസയിലേക്ക് നോക്കി ആശങ്കപ്പെടുന്നത് കാണാം. അത് മനസ്സിലാക്കിയിട്ടെന്നോണം കടക്കാരന്‍ പറഞ്ഞു...വിലകണ്ട് പേടിക്കണ്ടാ.നിന്റെ കൈയ്യില്‍ നിന്നൊരുപാടൊന്നും ഞാന്‍ വാങ്ങില്ല .നിങ്ങളുടെ വരുമാനം എത്രയാന്ന് എനിക്കറിയാം. അത്രയും കേട്ടപ്പോ കടക്കാരനോടെനിക്ക് വല്ലാത്ത ബഹുമാനവും സ്നേഹവും തോന്നി.


മുകളിലെ നിരത്തില്‍ ആളുകളുടെ ബഹളങ്ങള്‍ക്കു കുറവ് വന്നപോലെ. ഞാന്‍ സമയം നോക്കി. പതിനൊന്നര. ജുമ്മാക്കുള്ള സമയമായി.കടകള്‍ അടക്കുന്ന ശബ്ദം. അറബിയുടെ അക്ഷമ ദേഷ്യമായി തുടങ്ങി. സാധനങ്ങള്‍ വീണ്ടും വീണ്ടും ടേബിളില്‍ എടുത്തു വെച്ച് കാണിക്കുന്നതിന് അയാള്‍ കടക്കാരനോടു തട്ടികയറി. കല്ലുപതിച്ച ഹെയര്‍ ക്ളിപ്പുകളിലും ഇമിറ്റേഷന്‍ ഗോള്‍ഡ്‌ കമ്മലിലും കണ്ണുകള്‍ കോര്‍ത്തവള്‍ കൊതിയോടെ നോക്കി നിക്കാന്‍ തുടങ്ങിയിട്ട് നേരം കുറയായി.തന്റെ കൈയ്യിലെ പൈസക്കൊതുങ്ങാതത്തിന്റെ സങ്കടമോ നിരാശയോ ഒക്കെ
മുഖത്തു മിന്നിമറയുന്നു. അപ്പോഴേക്കും അറബിക്ക് ആകെ ഭ്രാന്തായി. വേഗം പൈസ കൊടുത്തിട്ട് വാന്നു പറഞ്ഞയാള്‍ അവളെ വെപ്രാളപ്പെടുത്തി... എന്തൊക്കെയോ പുലഭ്യം പറഞ്ഞു. പൈസ കൊടുത്തു കവറുകളുമായി  സ്റ്റെപ് കയറി അറബിക്ക് പിന്നാലെ ഓടുമ്പോ പെണ്‍കുട്ടിയുടെ മുഖത്ത് സങ്കടവും നിസഹായതയും നിരാശയും മാത്രം.


ആ അറബിയോട് വല്ലാത്ത ദേഷ്യം തോന്നി. നിമിഷങ്ങളുടെ പോലും ക്ഷമയില്ലാത്ത ഇത്തരം മൃഗങ്ങളുടെ വീട്ടില്‍ അവന്റെയൊക്കെ അടിയും തൊഴിയും ആട്ടും തുപ്പും കൊണ്ടു അവളുണ്ടാക്കിയ ചെറിയ തുക. അതു  കൊണ്ടവള്‍ വാങ്ങികൂട്ടാന്‍ ആഗ്രഹിച്ച കുഞ്ഞു കുഞ്ഞു സന്തോഷങ്ങള്‍ :(


ദൈന്യതയും നിസഹായതയും മാത്രം നിറഞ്ഞു നില്‍ക്കുന്ന ആ മുഖം വല്ലാതെ നോവിക്കുന്നു. ഇങ്ങനെത്രയോ പേര്‍ :(