അങ്ങനെ ഒരു അവധികാലം കൂടി ശരവേഗത്തില്‍ കടന്നുപോയി. നാഴികയും വിനാഴികയും എണ്ണി കാത്തിരുന്ന മുപ്പത്തെട്ടു നാളുകള്‍ മുപ്പത്തെട്ടു നിമിഷങ്ങളുടെ വേഗതയോടെ പറന്നുപോയി. വീണ്ടും നിറം മങ്ങിയ ഈ ഒറ്റപ്പെട്ട ജീവിതത്തിലേക്ക്.... മരുഭൂവിലേക്ക്.......കഴിഞ്ഞു പോയ മധുരതരമായ നാളുകളുടെ ഓര്‍മ്മയും പേറി അടുത്ത അവധികാലത്തിനായി വീണ്ടുമൊരു കാത്തിരിപ്പ്.
ട്രോളിയും തള്ളി വിമാനതാവളത്തിനുള്ളിലേക്ക് നടന്നു കേറുമ്പോ എന്താരുന്നു മനസ്സ് നിറയെ. ഒരു നിമിഷം മുന്‍പ് വരെ പൈതൃകത്തിന്റെ ചൂടറിഞ്ഞ് എന്റെ കൈയിലിരുന്നു ചിരിച്ചു കളിച്ച പൊന്നുമോന്റെ നിഷ്കളങ്കമായ മുഖമോ...കരഞ്ഞു കലങ്ങിയ കണ്ണുമായി നിസഹായതയോടെ നോക്കിയ ഭാര്യയുടെ മുഖമോ...ചിന്തകള്‍ വീണ്ടും മോനിലേക്കെത്തി....അപ്പൂപ്പന്റെ കൈയിലേക്ക് ഏല്‍പ്പിക്കുമ്പോ അവന്റെ മുഖത്തു നിറഞ്ഞു നിന്നത് സങ്കടമോ, ആശങ്കയോ?? കെട്ടിപിടിച്ചു മുത്തം കൊടുക്കുമ്പോ കുരുന്നു കവിളില്‍ അവനറിഞ്ഞു കാണില്ലേ വാര്‍ന്നൊലിക്കുന്ന കണ്ണീരിന്റെ ചൂട്. ഒന്നുകൂടി തിരിഞ്ഞു നോക്കാതെന്തേ അച്ഛന് നടന്നകന്നതെന്ന് ആ കുഞ്ഞുമനസ്സ് പരിഭവിച്ചു കാണില്ലേ. തിരിഞ്ഞു നോക്കാന്‍ എനിക്കാവിലെന്നവന് അറിയുന്നില്ലല്ലോ.
ബോര്‍ഡിംഗ് പാസുമായി ഇമിഗ്രേഷനിലേക്ക് നടന്നു നീങ്ങുമ്പോ ഇടതുവശത്തെ ചില്ല് ജാലകിത്തിനപ്പുറത്തെ തിരക്കിലേക്ക് വെറുതെ നോക്കി. എന്നെ ഒരിക്കല്‍ കൂടി ഒന്ന് കാണാന്‍ പുരുഷാരത്തിലൂടെ എത്തിയും വലിഞ്ഞും പരിശ്രമിക്കുന്ന ഭാര്യ . ഒക്കത്തെന്റെ പൊന്നുമോന്. ഇനിയും എന്നെ കണ്ടെത്തിയില്ലെന്നു ആ മുഖഭാവം വ്യക്തമാക്കി...കൈയിലിരുന്ന പേപ്പര്‍ ഞാന്‍ വീശി കാണിച്ചു....ആ മുഖത്ത് അപ്പോള്‍ വിരിഞ്ഞ സന്തോഷം....അതിനെത്ര നിറങ്ങള്‍ ഉണ്ടാരുന്നു....അടങ്ങാത്ത സ്നേഹവും സങ്കടവും ആ മുഖത്തും കണ്ണുകളിലും ഞാന്‍ വായിച്ചു.... ഒക്കത്തിരിക്കുന്ന കുസൃതികുട്ടനെ വിളിച്ചെന്നെ കാണിച്ചു കൊടുത്തു. വരിയില്‍ ഞാന്‍ മുന്‍പോട്ടു നടന്നു നീങ്ങി...ചില്ല് ജാലകത്തിനപ്പുറത്തെ കാഴ്ച അവ്യക്തമായി തുടങ്ങി.... ചിന്തകള്‍ മനസ്സിനെ വല്ലാതെ മഥിച്ചു. തുളുമ്പാന്‍ വെമ്പുന്ന കണ്ണുകള്‍ ആരും കാണാതെ ഷര്‍ട്ട്-ന്റെ കൈയ്യില്‍ തുടച്ചു പരിശോധനകള്‍ക്കും ഔപചാരികതകള്ക്കുമായി ഞാന്‍ കാത്തു നിന്നു. കൊണ്ടാക്കാന്‍ വന്ന ഭാര്യയും മകനുമൊക്കെ ഇപ്പൊ മടങ്ങി പോയിരിക്കാം......ഞാനും മടക്ക യാത്രയിലാണ്...ഒരുപാട് ഓര്‍മ്മകളിലേക്ക്...
ഒരു നല്ല ജീവിതം കെട്ടിപടുക്കാന്‍ നാടുവിടുന്ന ഓരോ പ്രവാസിയും ഇങ്ങനെ തേങ്ങുന്നുണ്ടാവാം. ഫ്ലൈറ്റിലെ അഞ്ചു മണിക്കൂര്‍ യാത്രയില്‍ ഉടനീളം മനസ്സ് ഒരു മടങ്ങി പോക്കിലാരുന്നു....കഴിഞ്ഞു പോയ മുപ്പത്തെട്ടു ദിനങ്ങള്‍ അഭ്രപാളിയിലെന്ന പോലെ മനസ്സില്‍ തെളിഞ്ഞു വന്നു...... എന്തിനെന്നറിയാതെ പലപ്പോഴും നെടുവീര്‍പ്പിട്ടു....മോന് ഒരുപാട് മാറിയിരിക്കുന്നൂ... കഴിഞ്ഞ അവധിക്കു അച്ഛന്റെ കൈയ്യില്‍ പെരുമരത്തിന് കമ്പ് തന്നിട്ട് കോമരം തുള്ളിച്ച ആള്‍ക്കിപ്പോ അയലത്തെ പോലെ നീണ്ട സ്റ്റാര്‍ വേണം....പുല്‍ക്കൂട് വേണം... അതില്‍ വെക്കാന്‍ "ഉണ്ണി അപ്പച്ചനെ" (ഉണ്ണി യേശുവിനെ അങ്ങനെയും വിളിക്കാമെന്നു അവന് പഠിപ്പിച്ചു) വേണം. ഒന്നും സാധിച്ചു കൊടുക്കാതിരുന്നില്ല....ഗള്ഫ്കാരന് ആയതുകൊണ്ടല്ല... അവന്റെ ആഗ്രഹങ്ങള്‍ സാധിച്ചു കൊടുക്കുമ്പോള്‍ ആ മുഖത്തു വിരിയുന്ന നിഷ്കളങ്കമായ ചിരിയും സന്തോഷവും കാണാന്‍ ഈ അച്ഛനിങ്ങനെയല്ലേ പറ്റൂ.
ചിന്തകള്‍ അവളിലേക്ക് നീണ്ടു....എന്റെ വാമഭാഗം...പിണങ്ങിയും ഇണങ്ങിയും പരിഭവിച്ചും എന്നെ ഒരു പാട് സ്നേഹിക്കുന്ന ഒരു പാവം. എത്ര സ്നേഹിച്ചാലും മിഥുനത്തിലെ ഉര്‍വ്വശിയെ പോലെ എല്ലാത്തിനും പരിഭവിക്കുന്ന ഒരു പരാതിക്കാരി. നാലുവര്‍ഷത്തെ ദാമ്പത്തികത്തിന്റെ വാര്‍ഷികം അവിശ്മരണീയമാം വിധം ചെറിയ തോതില്‍ ആഘോഷിച്ചു. ഓര്‍മ്മകളുടെ ചെപ്പില്‍ നിറം മങ്ങാതെ സൂക്ഷിക്കാന്‍ അവള്‍ക്കൊരു ദിവസം കൂടി സമ്മാനിച്ചതിന്റെ സന്തോഷം ഒരുപാടുണ്ട്. അടുത്ത അവധിക്കാലം വരെ എനിക്ക് താലോലിക്കാന്‍ അങ്ങനെ എത്രയെത്ര മുഹൂര്‍ത്തങ്ങള്‍... ഓര്‍മ്മകള്‍.....പോരെങ്കില്‍ ജീവിക്കാനുള്ള പ്രേരകശക്തിയായി എന്നെ യാത്രയാക്കിയ നനവൂറുന്ന കണ്ണുകളും കുറേ പ്രാരാബ്ദങ്ങളും....