Tuesday, July 17, 2012

പ്രണയം

പഴയ പോസ്റ്റ്‌ ചെറിയ ചില മാറ്റങ്ങളോടെ

വടക്കേന്ത്യന്‍ ജീവിതകാലത്തെനിക്ക് കിട്ടിയ ഏറ്റവും നല്ല സുഹൃത്തുക്കളില്‍ ഒരാള്‍ ആയിരുന്നു അജി. 

ഈവെനിംഗ് കോളേജില്‍ പഠിക്കുന്ന കാലത്ത് തന്നെ ഞാന്‍ സ്റ്റെനോഗ്രാഫി പഠിക്കാന്‍ ചേര്‍ന്നു .അവിടെ വെച്ചാണ് അജിയെ പരിചയപ്പെടുന്നതും കൂട്ടുകാര്‍ ആകുന്നതും. നഗരമദ്ധ്യത്തിലെ തിരക്കുകള്‍ക്കിടയില്‍ തലയുയര്‍ത്തി നില്‍ക്കുന്ന മാര്‍വാഡി ബില്‍ടിങ്ങിന്റെ രണ്ടാം നിലയില്‍ രണ്ടു വലിയ മുറികളും നീണ്ട വരാന്തയോടും കൂടിയതാരുന്നു ഇന്‍സ്റ്റിറ്റ്യൂട്ട്. വീതിയുള്ള മേശക്കിരുവശത്തുമായി പതിനഞ്ചിരുപതു കുട്ടികള്‍ ഡിക്റ്റെഷന്‍ എടുക്കാന്‍ നിരന്നിരിക്കും. ആണ്‍കുട്ടികള്‍ മാത്രമുണ്ടാരുന്ന ക്ലാസില്‍ ആ ഇടക്കൊരു പെണ്‍കുട്ടി വന്നു. ആരെയും ശ്രദ്ധിക്കാതെ വന്നുപോകുന്നൊരു സാധു.

'ദി ടെലിഗ്രാഫ്' എന്ന ഇംഗ്ലീഷ് പത്രത്തിലെ എഡിറ്റൊരിയല്‍ പേജ്  ആണ് മിക്കപ്പോഴും ഡിക്റ്റെഷന് തരുന്നത്‌ . ബെങ്കാളി ചുവയുള്ള ഇംഗ്ലീഷില്‍ നല്ല ഒഴുക്കോടെ സാറിങ്ങനെ വായിച്ചു പോകും.വായനയുടെ ഒഴുക്കില്‍ ഒപ്പമെത്താന്‍ ഞാനുള്‍പ്പടെയുള്ളവര്‍ പെടാപാടുപെടുമ്പോള്‍ ...അജിയെ മാത്രം അതൊന്നും ബാധിച്ചില്ല.  വായനയും എഴുത്തും ഒരു കോണില്‍ തകൃതിയായി നടക്കുമ്പോ ക്ലാസിലെ ഏക പെണ്‍കുട്ടിയെ ഇമവെട്ടാതെ നോക്കിയിരിക്കുയാവും അവന്‍ . ശാസനകള്‍ ഫലം കാണാതെ വന്നപ്പോ സാറും നിരുപദ്രവകാരിയായ അവനെ അവന്റെ വഴിക്ക് വിട്ടു. ചുറ്റുപാടുകളെ മറന്നു  പെണ്‍കുട്ടിയെ വായിനോക്കുന്നതവനൊരു ശീലമായി. അവളുടെ ലാളിത്യമാരുന്നു അവനിഷ്ടം. ക്രീമും ചായവും പറ്റാത്ത.. എണ്ണമയമുള്ള മുഖം.. ഇരുനിറം. വര്‍ണാഭമല്ലാത്ത വേഷവിധാനം. ശാന്തമായ കണ്ണുകള്‍ . തന്നെ തന്നെ നോക്കിയിരിക്കുന്ന വായിനോക്കിയെ അവജ്ഞയോടെ തിരക്സരിക്കാന്‍ പോലും അവള്‍ കൂട്ടാക്കിയില്ല.

ബോഡിഗാര്‍ഡ് ആയി മുന്നിലും പിന്നിലും മാസങ്ങളോളം അവന്‍ നടന്നിട്ടും ഫലം സ്വാഹ. ലൈന്‍ സിംഗിള്‍ ഫേസ് തന്നെ. ഉള്ളിലെ പ്രണയം തുറന്നു പറയാന്‍ കഴിയാതവനു ശ്വാസം മുട്ടി.  മാസങ്ങളായി വായിനോക്കിയിട്ടും പേര് പോലും അജ്ഞാതം. പുസ്തകതാളില്‍ കോറിയിട്ട പേരില്‍ നിന്നും ആളൊരു കൃസ്ത്യാനി ആണെന്ന് ഞങ്ങള്‍ തിരിച്ചറിഞ്ഞു . അന്ന് വരെ അവന്റെ സ്വപ്നങ്ങളില്‍ നിറഞ്ഞു നിന്ന കതിര്‍ മണ്ഡപം അള്‍താരക്കു വഴിമാറി.മാമോദീസ മുങ്ങുന്നതും മനസ്സ് ചോദിക്കുന്നതും അവന്‍ മനോരാജ്യം കണ്ടു തുടങ്ങി .

പിറകേ നടന്നിട്ടും...ക്ളാസ്സില്‍ സ്ഥിരമായി വായിനോക്കിയിട്ടും അവളവന്റെ  പ്രണയം അറിയാതെ ...കാണാതെ നടന്നു. എങ്ങനെയും തന്റെ പ്രണയമറിയിച്ചേ പറ്റൂ എന്നവനു തോന്നി .ഉള്ളില്‍ കിടന്നു വിങ്ങുന്ന  പ്രണയം തുറന്നു പറഞ്ഞില്ലെങ്കില്‍ നെഞ്ച് പൊട്ടിചാകുമെന്നവന്‍ പലപ്പോഴും ഞങ്ങളോടു  വിലപിച്ചു. രാവും പകലും ഒരു വഴിക്കായി ഞങ്ങള്‍ തലപുകച്ചു. 

അങ്ങനെ ക്രിസ്മസ് ആയി. പ്രണയം അറിയിക്കാന്‍ പറ്റിയ സമയമിതാണെന്നു ഞങ്ങള്‍ അവനെ ഉപദേശിച്ചു. അടുത്തുള്ള പള്ളിയില്‍ പാതിരാകുര്‍ബാന കൂടാന്‍ അവള്‍ എന്തായാലും വരും. അവിടെ വെച്ചവളെ കാണണം...അവളെ കാണാനാണു അവന്‍ ചെന്നിരിക്കുന്നതെന്ന് അവളറിയണം... അവന്റെ പ്രണയം പറയാതറിയണം. ആ ആശയം എല്ലാവര്ക്കും സ്വീകാര്യമാരുന്നു. അവന്റെ ചിലവില്‍ പള്ളിയില്‍ ഒരു വായിനോട്ട ഇവെന്റ്റ് വീണു കിട്ടിയതിന്റെ സന്തോഷത്തിലാരുന്നു ഞങ്ങള്‍ .

അങ്ങനെ പ്ളാന്‍ പ്രകാരം ക്രിസ്മസ് തലേന്ന് പാതിരാകുര്‍ബാന കൂടാന്‍ നേരത്തെ തന്നെ ഞങ്ങള്‍ പള്ളിയില്‍ പാളിയനായി. അജിയെ അവന്റെ വഴിക്ക് വിട്ടു ഞങ്ങള്‍ ഞങ്ങളുടെ വായിനോട്ട മേഖലയില്‍ കര്‍മ്മനിരതരായി. കുര്‍ബാന തുടങ്ങാരായിട്ടും അവളെ മാത്രം കണ്ടില്ല. പള്ളിമുറ്റത്തും റോഡിലുമായി അവന്‍ അവളെ തപ്പി പാഞ്ഞു നടന്നു. കുര്‍ബാന നടക്കുമ്പോഴും  അവന്റെ ആശയറ്റ കണ്ണുകള്‍ അവളെ തിരഞ്ഞു കൊണ്ടേയിരുന്നു. കുര്‍ബാന കഴിഞ്ഞവര്‍ ക്രിസ്മസ് ആഘോഷത്തിന്റെ സന്തോഷങ്ങള്‍ പങ്കുവെച്ചും, ആശംസകള്‍ അര്‍പ്പിച്ചും പടിയിറങ്ങി. ഉള്ളില്‍ തിക്കുമുട്ടുന്ന പ്രണയത്തെ നിരാശയില്‍ പൊതിഞ്ഞുള്ളിലേക്ക്  തന്നെ തള്ളി; സജലമായ കണ്ണുകളെ തുളുമ്പാന്‍ വിടാതവന്‍ ഞങ്ങളോടൊപ്പം നടന്നിറങ്ങി. ആരുമവനോടൊന്നും  ചോദിച്ചില്ല.

മാസങ്ങള്‍ വര്‍ഷങ്ങള്‍ക്കു വഴിമാറി. കാലവും ജീവിതവും അവനെ എങ്ങോട്ടൊക്കെയോ കൊണ്ടു പോയി. ഉള്ളിന്റെ ഉള്ളിലെ ഇരുളടഞ്ഞ അറകളിലോന്നില്‍ വെളിച്ചം കാണാതൊരു രത്നമായി അവനവന്റെ പ്രണയത്തെ സൂക്ഷിച്ചു വെച്ചു. ലോകം വിരല്‍തുമ്പിലാക്കിയ പുതുതലമുറക്കൊപ്പം ഇന്റര്‍നെറ്റ്‌ന്റെ അനന്തവിഹായസ്സിലേക്ക് അവനും പലപ്പോഴും പറന്നിറങ്ങി. സൗഹൃദങ്ങള്‍ തേടി സോഷ്യല്‍ നെറ്റ് വര്‍ക്കുകളില്‍ എത്തി. കൂട്ടുകൂടിയും കൂട്ടം തെറ്റിയും വിഹരിക്കുന്ന നാളുകളിലൊന്നില്‍ ഫേസ് ബുക്കിനെ തന്റെ പഴയ ഇരുനിറക്കാരിയെ  തിരയാന്‍ വിട്ടിട്ടു പ്രതീക്ഷയേതുമില്ലാതെ അവന്‍ കാത്തിരുന്നു.

അവനെ ആകാംഷയുടെ മുള്‍മുനയില്‍ നിര്‍ത്തി ചക്രം പലകുറി കറങ്ങി...നിന്നു. ഒരേ പേരുകാര്‍ വേഷപകര്ച്ചയോടെ നിരനിരയായി സ്ക്രീനില്‍ നിലകൊണ്ടു. എണ്ണമയമുള്ള ഇരുനിറക്കാരിക്കായി അവന്റെ കണ്ണുകള്‍ തിരക്ക് കൂട്ടി. തിരിച്ചറിയല്‍ പരേഡ്  നീണ്ടു നീണ്ടു താഴേക്ക്‌ പോയി. നിറംമങ്ങിയ  പ്രതീക്ഷയോടെ കണ്ണുകള്‍ താഴെക്കിഴയുമ്പോള്‍ പെട്ടെന്ന് എവിടെയോ തടഞ്ഞു. വലംകൈ മൗസിന്റെ ഇടം പള്ളയില്‍ രണ്ടു തവണ ഞെരിഞ്ഞമര്‍ന്നു.

തുറന്നു വന്ന ചിത്രത്തിലെക്കവന്‍ ആകാംഷയോടെ അതിലേറെ അവിശ്വസനീയതയോടെ തുറിച്ചു നോക്കി. അത് തന്റെ പഴയ ഇരുനിറക്കാരി തന്നെ ആണെന്നവന്‍ ഉറപ്പു വരുത്തി. എണ്ണമയം വറ്റാത്ത മുഖത്തെ ശാന്തമായ കണ്ണുകള്‍ക്ക്‌ പഴയതിലുമേറെ തിളക്കം.അവനവളെ പഴയത് പോലെ ഇമവെട്ടാതെ നോക്കിയിരുന്നു. ഓര്‍മ്മകള്‍ അവനെ എങ്ങോട്ടൊക്കെയോ കൂട്ടികൊണ്ടുപോയി. പെട്ടെന്ന് കണ്ണുകള്‍ അവളെ ചേര്‍ത്തു പിടിച്ചിരിക്കുന്ന വെള്ളകോട്ടുകാരനിലേക്ക്‌  നീണ്ടു. അവന്‍ അയാളെ  അസൂയയോടെ നോക്കി. അവന്റെ കണ്ണുകള്‍ നിറഞ്ഞില്ല. നിര്‍വികാരത മാത്രമാരുന്നു അതില്‍ . ഒരിക്കല്‍ പോലും തുറന്നു പറയാന്‍ കഴിയാതെ പോയ തന്റെ പ്രണയത്തെ എന്നന്നേക്കുമായി അന്നവന്‍ ഉള്ളില്‍ കുഴിച്ചു മൂടി .


കത്തോലിക്കപള്ളിയില്‍ പാതിരാകുര്‍ബാന കൂടാന്‍ കാത്തുനിന്നവന്റെ പ്രണയം പെന്തകോസ്തുകാരിയായ അവള്‍ ഒരിക്കലുമറിഞ്ഞില്ല.  

Sunday, July 8, 2012

ദി ഗ്രേറ്റ്‌ എസ്കേപ്


മരണം സഹമുറിയനെ കൂട്ടികൊണ്ട് പോയിട്ട് മാസം മൂന്നായി. വിരസവും ഏകാന്തവുമാകുമായിരുന്ന എന്റെ ഒറ്റമുറി ജീവിതം ആഘോഷമാക്കിയ എന്റെ പ്രിയ കൂട്ടുകാരന്റെ വിയോഗം മുറിയില്‍ മാത്രമല്ല എന്നിലും വന്യമായൊരു ശൂന്യത നിറച്ചിരുന്നു. മാസം മൂന്നായിട്ടും ഒഴിഞ്ഞു കിടക്കുന്ന കട്ടിലില്‍ പുതുതായി ആരുമെത്തിയിരുന്നില്ല.

റൂമില്‍ ഒഴിവുണ്ടെങ്കില്‍ എല്ലാരും അടുത്ത സുഹൃത്തുക്കളെ കൂട്ടികൊണ്ട് വരികയാണ് പതിവ്. മരണം നടന്ന മുറിയിലേക്ക് ആരെയും വിളിച്ചു കൊണ്ട് വന്നു താമസിപ്പിക്കാന്‍ എന്റെ മനസ്സനുവദിച്ചില്ല. സ്വയം വരാന്‍ ആരുമൊട്ടു തയാറായതുമില്ല. ടെര്‍മിനേഷന്‍ , മരണം തുടങ്ങിയ കാര്യങ്ങള്‍ സംഭവിച്ച മുറിയിലേക്ക് കടന്നു വരാന്‍ ആളുകള്‍ മടി കാണിക്കുന്നത് ക്യാമ്പില്‍ പതിവാണ്. പുരോഗമനം പറയുമ്പോഴും അന്തവിശ്വാസങ്ങളെ സാഹചര്യങ്ങള്‍ക്കനുസരിച്ച് പുണരാന്‍ ആളുകള്‍ വളരെ ആത്മാര്‍ഥമായി ശ്രമിക്കാറുണ്ട്.

രണ്ടാഴ്ച മുന്‍പൊരു ദിവസം ഡ്യൂട്ടി കഴിഞ്ഞു ചെല്ലുമ്പോള്‍ ഒഴിഞ്ഞു കിടന്ന ഇരുമ്പ് കട്ടിലില്‍ പുത്തന്‍ മെത്തയും വിരിയും സ്ഥാനം പിടിച്ചിരിക്കുന്നു. വലുപ്പം കൂടിയൊരു പെട്ടി കട്ടിലിന്റെ സൈഡില്‍ ഞെക്കിഞ്ഞെരുക്കി വെച്ചിരിരുന്നു. അങ്ങനെ അവസാനം എനിക്ക് പുതിയൊരു സഹമുറിയന്‍ വന്നിരിക്കുന്നു. കാര്യമായ സന്തോഷമൊന്നും തോന്നിയില്ലെങ്കിലും ആരെന്നറിയാന്‍ വല്ലാതെ ആഗ്രഹിച്ചു. മരണം നടന്ന മുറിയില്‍ ധൈര്യമായി കയറി വന്ന ആ സഹജീവി ആരായിരിക്കും. ആ ചോദ്യത്തിനുത്തരം തേടി രാത്രി വൈകുവോളം ഞാന്‍ ഉറങ്ങാതെ കിടന്നു. അയാള്‍ വന്നില്ല. രണ്ടു നാളുകള്‍ അങ്ങനെ പോയി. ആളിന്റെ ഒരു വിവരവുമില്ല. കിടക്കയും പെട്ടിയും നാഥനില്ലാതെ എന്റെ സംരക്ഷണത്തില്‍ സുരക്ഷിതമായി നിലകൊണ്ടു. മൂന്നാം നാള്‍ ഡ്യൂട്ടി കഴിഞ്ഞു വരുമ്പോള്‍ ഇരുമ്പ് കപോഡിനു മുകളില്‍ ഫ്രെയിം ചെയ്തു വെച്ചിരിക്കുന്നൊരു ഫോട്ടോ ശ്രദ്ധയില്‍പെട്ടു.

ഞാന്‍ ആ ഫോട്ടോ എടുത്തു സൂക്ഷിച്ചു നോക്കി. ചുളിവുകള്‍ വീണമുഖം.മെലിഞ്ഞ ശരീരപ്രകൃതി. എവിടെയോ കണ്ടു മറന്ന മുഖം. കുറെയേറെ പിന്നിലേക്കോടിയ ഓര്‍മ്മകള്‍ ....സ്കൂള്‍തലത്തിലെ ചരിത്രത്താളുകളില്‍ തട്ടിവീണു.വിഭജനം...അതെ...ഇന്ത്യാ വിഭജനം... അവിടെയാണ് ആ പേര് ...പരാമര്‍ശിക്കപ്പെട്ടത് ...വിഭജനത്തിന്റെ നീറുന്ന ഓര്‍മ്മകള്‍ , ദുരിതങ്ങള്‍ വികാരാധീനനായി വിവരിച്ചു തന്ന രമേശന്‍ സാറിന്റെ ചരിത്ര ക്ളാസില്‍ നിന്നും ഞാന്‍ ആ ചിത്രം പൊടിതട്ടി എടുത്തു. അതെ ജിന്ന...മുഹമ്മദ്‌ അലി ജിന്ന. ഇന്ത്യ എന്ന മഹാരാജ്യത്തെ വെട്ടിമുറിച്ച് കൊണ്ട് പോയ മഹാനുഭാവനെ ഒന്ന് കണ്‍കുളിര്‍ക്കെ കണ്ടു. ഫോട്ടോ തിരിച്ചു വെച്ചു.

മനസ്സില്‍ അകാരണമായൊരു അസ്വസ്ഥത പടര്‍ന്നു പിടിച്ചു. എന്റെ നാടിന്റെ അഖണ്ടതക്ക്, മതേതരത്തിനു, ഭീഷണിയായി... മനുഷ്യനില്‍ മതതീവ്രവാദത്തിന്റെ  വിഷവിത്തുകള്‍ വിതച്ചു; എന്നും എന്റെ നാടിന്റെ നാശത്തിനായി നിലകൊള്ളുന്ന, യത്നിക്കുന്ന ശത്രുരാജ്യത്ത് നിന്നുമൊരു സഹമുറിയന്‍ .ഉള്‍ക്കൊള്ളാന്‍ കഴിയാത്ത തരത്തില്‍ ആ ചിന്തകള്‍ എന്നെ വേട്ടയാടി.

ഡ്യൂട്ടി കഴിഞ്ഞു വരുമ്പോള്‍ മുറിയില്‍ ലൈറ്റ് ഉണ്ട്. ഉദ്വേഗത്തോടെ ചാരി ഇട്ടിരുന്ന കതകു പതുക്കെ തുറന്നു. നിസ്കാരപായയില്‍ നിന്നും എഴുന്നേറ്റു എന്നെ അഭിവാദ്യം ചെയ്ത സുമുഖനോട് പ്രത്യഭിവാദ്യം ചെയ്യാതിരിക്കാന്‍ എനിക്കായില്ല. പഞ്ജാബി കലര്‍ന്ന ഹിന്ദിയില്‍ വാചാലനായ സഹമുറിയനോട് കുറേ നേരം കൂടി സംസാരിച്ചപ്പോള്‍ അതുവരെ ഉള്ളില്‍ കിടന്നു തിക്കുമുട്ടിയ അമര്‍ഷവും അനിഷ്ടവും ഒട്ടൊന്നടങ്ങി.

ആദ്യ ദിവസം അങ്ങനെ സ്നേഹാന്വേഷണങ്ങളോടെ ക്യാമ്പ് വിശേഷങ്ങള്‍ പങ്കുവെച്ചു കടന്നു പോയി. പിറ്റേ ദിവസം സഹധര്‍മ്മിണിയുമായുള്ള പതിവ് സല്ലാപത്തില്‍ പുതിയ സഹമുറിയനെ കുറിച്ച് ഞാന്‍ വിശദമായി വര്‍ണ്ണിച്ചു. മറുതലക്കല്‍ നിശബ്ദത. പിന്നെ... പരിഭ്രമം നിഴലിക്കുന്ന വാക്കുകള്‍ " സൂക്ഷിക്കണേ, നിങ്ങള്‍ രണ്ടാളുമല്ലേ ഉള്ളൂ...അയാളുമായി വഴക്കിനൊന്നും പോകല്ലേ..പാകിസ്താനി അല്ലേ ...രാത്രിയില്‍ ഉറങ്ങുമ്പോ എന്തെങ്കിലും ചെയ്‌താല്‍ " ആ സ്വരത്തില്‍ ഒളിഞ്ഞിരിക്കുന്ന ഭയം..അതൊരു ഭാര്യയുടെ സ്നേഹത്തിന്റെ, കരുതലിന്റെ പ്രതിഫലനം മാത്രമാരുന്നു. ചിരി അടക്കാന്‍ കഴിയാതെ ഞാന്‍ പൊട്ടിചിരിച്ചു. തന്റെ വിഹ്വലതകളെ  പുച്ചിച്ചു തള്ളിയ പൊട്ടിച്ചിരി ദഹിക്കാതെ ഭയചിന്തകളെ ഒരു ദീര്‍ഘനിശ്വാസത്തില്‍ പൊതിഞ്ഞവള്‍ പ്രതിഷേധിച്ചു.

പതിവ് കുശലാന്വേഷണങ്ങളും സൗഹൃദസംഭാഷണങ്ങളുമായി എന്റെ റൂം ജീവിതം പുതിയ സഹമുറിയനൊപ്പം ഒരാഴ്ച പിന്നിട്ടു. രാത്രി ഏറെ വൈകി വേനല്‍ ചൂടാല്‍ വറ്റി വരണ്ട തൊണ്ട നനക്കാന്‍ എഴുനേല്‍ക്കുമ്പോ ആരോഹണവരോഹണ ക്രമത്തില്‍ വളരെ താളാത്മകമായി, സൗകുമാര്യമേതുമില്ലാത്ത, എന്നാല്‍ സംഗതികള്‍ എല്ലാമുള്ള കൂര്‍ക്കം വലി തകൃതിയായി നടക്കുന്നു. ആദ്യ റൌണ്ടില്‍ തന്നെ അയാളെ എലിമിനെറ്റ് ചെയ്താലോ എന്ന് ഞാന്‍ ചിന്തിച്ചു. ഞാന്‍ ഡേന്ജര്‍ സോണില്‍ ആണെന്ന ഭാര്യയുടെ മുന്നറിയിപ്പുകള്‍ എന്റെ ധൈര്യം തല്ലിക്കെടുത്തി.

കണ്സിസ്റ്റന്റ് ആയൊരു മത്സരാര്‍ത്തിയുടെ ആത്മാര്‍ഥതയോടെ അര്‍പ്പണബോധത്തോടെ വരും ദിവസങ്ങളിലും അദ്ദേഹം തന്റെ പ്രകടനം കൂടുതല്‍ കൂടുതല്‍ മെച്ചപ്പെടുത്തി. നിദ്രാവിഹീനങ്ങള്‍ അല്ലോ എന്നും അവനുടെ രാവുകള്‍ എന്ന ട്യൂണില്‍ നിരന്തരം പാടി അയാളെന്റെ രാവുകളെ അക്ഷരാര്‍ത്ഥത്തില്‍ നിദ്രാവിഹീനങ്ങളാക്കി.എന്റെ രക്തം ഊറ്റികുടിക്കാന്‍ വെറിപൂണ്ടു കിടക്കയില്‍ പാഞ്ഞു നടന്ന മൂട്ടകള്‍ കൃത്യനിര്‍വഹണം നടത്താന്‍ കഴിയാതെ തലയില്‍ കൈവെച്ചയാളെ  പ്രാകി.

രാവിലെ ഖനം തൂങ്ങിയ കണ്ണുകളോടെ കണ്ണാടിയില്‍ ഞാന്‍ എന്നിലൊരു ചൈനക്കാരനെ കണ്ടു. ഉറക്കമില്ലായ്മ തളര്ച്ചയായി ശരീരത്തെ ബാധിച്ചു തുടങ്ങി. കൂര്‍ക്കം വലിയുടെ പേരില്‍ ക്യാമ്പ് ഓഫീസില്‍ കമ്പ്ലൈന്റ് ചെയ്യാന്‍ കഴിയില്ല. ഇയാളോട് മുഷിഞ്ഞാല്‍ , രാത്രിയില്‍ ഉറക്കത്തിലെങ്ങാനും ഭാര്യ ഭയക്കും പോലെ ഇയാളെന്നെ എലിമിനെറ്റ് ചെയ്യാന്‍ തീരുമാനിച്ചാല്‍ !! ചിന്തകള്‍ അങ്ങനെ കാടുകയറി. അവസാനം ഒരു തീരുമാനത്തിലെത്തി.

ശ്രോതാവിന്റെ അവസ്ഥകളെ തന്റെ പ്രകടനം കൊണ്ട് മുക്കിക്കളയുന്ന വിദ്വാനു പാടിതിമിര്‍ക്കാന്‍ വേദി പൂര്‍ണ്ണമായി വിട്ടു കൊടുത്തു കൊണ്ട് ഞാന്‍ പിന്നണിയിലേക്ക് പിന്‍വാങ്ങി.അതെ ആഘോഷങ്ങളില്ല ആഘോഷതിമിര്‍പ്പുകലില്ല. ജോലി കഴിഞ്ഞെത്തി ഹാളിലെ കമ്പ്യൂട്ടറിന്റെ ചുവട്ടില്‍ പത്തര പതിനൊന്നു വരെ പാ വിരിച്ചിരുന്ന ഞാനിപ്പോ അക്ഷരാര്‍ത്ഥത്തില്‍ അതിന്റെ ചുവട്ടില്‍ തന്നെ വിരി വെച്ചു.

എന്റെ യുവരക്തതിനായി കൊതി പൂണ്ടു നടക്കുന്ന മൂട്ടകളെ നിരാശയുടെ അഘാത ഗര്‍ത്തങ്ങളിലേക്ക് വലിച്ചെറിഞ്ഞു ...ശ്രോതാവിനെ മാനിക്കാതെ അപസ്വരങ്ങള്‍ പാടുന്ന ഗായകന്റെ ആത്മരതിയെ മുറിക്കുള്ളില്‍ തളച്ചു, വിശാലമായ ഹാള്‍ സാമ്രാജ്യമാക്കി... ഡേന്ജര്‍ സോണില്‍ നിന്നും ഞാന്‍ പുറത്തു വന്നു. 

Tuesday, June 12, 2012

പ്രാര്‍ത്ഥിക്കാന്‍ എല്ലാവര്ക്കും ഓരോ കാരണങ്ങളുണ്ട്

എസ്‌ എസ്‌ എല്‍ സി എന്ന ലോകാവസാന പരീക്ഷയുടെ സമ്മര്‍ദങ്ങളും സ്കൂള്‍ ജീവിതത്തിന്റെ തനതു നിയന്ത്രണങ്ങളും പിഴിഞ്ഞുണക്കിയ അവസ്ഥയിലാണ് ഞാന്‍ പ്രീ-ഡിഗ്രീ ഒന്നാം വര്‍ഷ പഠനത്തിനായി കോളേജില്‍ എത്തുന്നത്. അവാച്യമായൊരു സ്വാതന്ത്ര്യം, അമിത നിയന്ത്രണങ്ങളെതുമില്ലാത്തൊരു പുതുലോകം അവിടെ എനിക്കായി കാത്തിരുന്നു..

കൈവന്ന സ്വാതന്ത്ര്യവും കോളേജിലെ അനുകൂല അന്തരീക്ഷവും എന്നില്‍ ചെറിയ ചെറിയ മാറ്റങ്ങള്‍ വരുത്തി തുടങ്ങി. ലുക്കൊക്കെ ഒന്ന് മാറി. തലയില്‍ നിറയെ എണ്ണ വെച്ചു ഒരു ജാതി പഠിപ്പിസ്റ്റ് സ്റ്റൈലില്‍ മുടി സൈഡിലേക്ക് ചീകി വെച്ചു നടന്നിരുന്ന ഞാന്‍ മുടി ഹീറ്റ് ചെയ്യിച്ചു; വട്ട ചീപ്പിട്ടു പിറകോട്ടു ചീകി സ്റ്റൈല്‍ മൊത്തത്തില്‍ അങ്ങ് മാറ്റി. വീട്ടിലെ കണ്ണാടി സ്വകാര്യ സ്വത്താക്കി മണിക്കൂറുകളോളം അതിനു മുന്നില്‍ ഞാന്‍ ചിലവഴിച്ചു. പട്ടി ചന്തക്കുപോകും പോലെ സ്കൂളില്‍ പോയിരുന്ന ഞാന്‍ വേഷവിധാനങ്ങളില്‍ അതീവ ശ്രദ്ധാലുവായി. വീട്ടില്‍ സ്ഥിരമായി വാങ്ങിയിരുന്ന ഇഷ്ടിക (ലൈഫ്ബോയ്‌ ) സോപ്പു മാറ്റി മണസോപ്പുകളായ ലെക്സും സിന്തോളും വാങ്ങിപ്പിച്ചു. എന്നിലെ പ്രകടമായ മാറ്റങ്ങള്‍ കണ്ട അമ്മ പലപ്പോഴും സംശയദൃഷ്ടിയോടെ എന്നെ നോക്കി. 

മിക്സഡ്‌ സ്കൂളില്‍ പഠിച്ചെങ്കിലും പെണ്‍കുട്ടികള്‍ എന്നുമെനിക്കൊരു പേടി സ്വപ്നമാരുന്നു. വര്‍ഷങ്ങളോളം കൂടെ പഠിച്ച പെണ്‍കുട്ടികളോട് പോലും വളരെ വിരളമായി മാത്രമേ ഞാന്‍ സംസാരിച്ചിരുന്നുള്ളൂ. കോളേജില്‍ എത്തിയപ്പോ ജാള്യത കുറേശെ മാറി തുടങ്ങി. പെണ്‍കുട്ടികളോട് അത്യാവശ്യം സംസാരിക്കാന്‍ തുടങ്ങി.

ഒന്നാം വര്‍ഷം പകുതി ആയപ്പോഴേക്കും, സഹപാഠിയായ ചുരുണ്ട മുടിക്കാരിയോടു ചെറിയ പ്രേമം തോന്നി തുടങ്ങി. അവിചാരിതമായി മുഖാമുഖം വരുമ്പോഴൊക്കെ ഒരു പുഞ്ചിരി സമ്മാനിചവള്‍ കടന്നു പോകും എന്നല്ലാതെ അനുകൂലമായ ഒരു നോട്ടം പോലും എനിക്കവളില്‍ നിന്നു കിട്ടിയിരുന്നില്ല. എന്നിട്ടും എന്നിലെ പ്രേമം വളര്‍ന്നു കൊണ്ടേ ഇരുന്നു.

യാതൊരുവിധ പുരോഗതിയുമില്ലാതെ വണ്‍ വേ ആയി അതങ്ങനെ നിലകൊണ്ടു. തുറന്നുപറച്ചില്‍ ഈ ജന്മത്തു നടക്കില്ലെന്നു എന്റെ ആത്മവിശ്വാസം എന്നെ പലപ്പോഴും ഓര്‍മ്മിപ്പിച്ചു കൊണ്ടേ ഇരുന്നു. പിന്നെ ഉള്ള ഒരേ ഒരു മാര്‍ഗം പ്രേമലേഖനമാണ്. അതെങ്ങനെ എഴുതണം, എന്തെഴുതണമെന്നോന്നും ഒരെത്തും പിടിയുമില്ല. ഏതു കാര്യത്തിനും അനുഭവസമ്പത്തൊരു  മുതല്കൂട്ടാണെന്ന് ഞാന്‍ തിരിച്ചറിഞ്ഞ നാളുകളാരുന്നതു.പലപ്പോഴായി ഞാന്‍ എന്റെ പ്രണയത്തെ വരികളിലേക്ക് ആവാഹിച്ചു നോക്കി. മിക്കതും തനി പൈങ്കിളി ആവുന്നു എന്ന നിഗമനത്തില്‍ പലപ്പോഴും വലിച്ചു കീറി കളഞ്ഞു. വരികളും ഞാനുമായുള്ള അഭിപ്രായഭിന്നത അതീവരൂക്ഷമായി അങ്ങനെ നീണ്ടു. ഈ കാലങ്ങളില്‍ എല്ലാം അവളെ എങ്ങനെയും ഇമ്പ്രെസ്സ് ചെയ്യാന്‍ മാനസികവും ശാരീരികവുമായ പല തയാറെടുപ്പുകളും ഞാന്‍ നടത്തി. 

എന്റെ തയാറെടുപ്പുകളും മാറ്റങ്ങളും അവള്‍ തൃണവല്ക്കരിചെങ്കിലും വളരെ സൂഷ്മമായി എന്നെ ഒരാള്‍ വീക്ഷിക്കുന്നുണ്ടാരുന്നു. അത് മറ്റാരുമല്ല, എന്റെ അമ്മ തന്നെ. "മോനെ നിന്റെ പോക്കത്ര ശരിയല്ലാ...." എന്ന ധ്വനി ആ നോട്ടങ്ങല്‍ക്കുണ്ടാരുന്നു. ചിലപ്പോഴെങ്കിലും അത് ചോദ്യങ്ങളായി ബഹിര്‍ഗമിച്ചു." എന്തോന്നാടാ ഇത്... ഇരുപത്തിനാലു മണിക്കൂറും കണ്ണാടിയുടെ മുന്നിലൊരു തിരുവാതിര കളി...എന്താ ഉദ്ദേശം..."കൗമാരത്തിന്റെ ട്രേഡ് മാര്‍ക്ക് നീരസത്തോടെ, മുഖം ചുളിച്ചു ഞാന്‍ അതിനെ നേരിട്ടു.

പ്രണയാഭ്യര്‍ത്ഥന നടത്താന്‍ കഴിയാതെ നിര്‍ഗുണനായി പ്രേമലേഖനങ്ങള്‍ എഴുതിയും കീറിയും ഞാന്‍ എന്റെ ദിവസങ്ങള്‍ തളളി നീക്കി. ഒരു ദിവസം കുളിയും തേവാരവും കഴിഞ്ഞു കണ്ണാടിക്കു മുന്നിലെ പതിവ് ചവിട്ടുനാടകവുമായി നില്‍ക്കുമ്പോ  അടുക്കളയില്‍ നിന്നു അമ്മയുടെ പരിവേദനങ്ങള്‍ കേട്ടു തുടങ്ങി. " വെളുപ്പാന്‍ കാലതെഴുനേറ്റു ചോറും കറിയും ഉണ്ടാക്കി കൊടുത്തു വിടുന്ന തള്ളേ  ഓര്‍ക്കാമല്ലോ...വേണ്ടാ....അന്യനാട്ടില്‍ പോയി കിടന്നു കഷ്ടപെടുന്ന ആ മനുഷ്യനെ ഓര്‍ക്കാമല്ലോ........"

ഇതൊക്കെ പറയാനും മാത്രമിപ്പോ ഇവിടെന്തുണ്ടായി എന്ന ഭാവത്തില്‍ ആശയകുഴപ്പതോടെ നില്‍ക്കുമ്പോ ദേ വരുന്നു അടുത്ത ഡയലോഗ് ."സ്വന്തം അച്ഛനും അമ്മയ്ക്കും വേണ്ടി പ്രാര്‍ഥിക്കാന്‍ അവനു നേരമില്ല...."

ഞാന്‍ അച്ഛനും അമ്മയ്ക്കും വേണ്ടി പ്രാര്‍ഥിക്കാറില്ലേ ...!! അല്ലെങ്കില്‍ തന്നെ ഞാന്‍ എന്താണ് പ്രാര്‍ഥിക്കുന്നതെന്ന്  ഗണിചെടുക്കാന്‍ അമ്മക്കെന്താ ജ്യോതിഷമറിയുമോ..തികട്ടി വന്ന  ചോദ്യങ്ങളെ മൌനത്തിലലിയിച്ചു പഠന നാടകവുമായി മുറിയിലേക്ക് കയറി. തലേന്ന്  ഡ്രാഫ്റ്റ് ചെയ്ത പ്രണയ ലേഖനം ഫൈനല്‍ ടച്ചിംഗ്നായി അടുക്കി വെച്ചിരുന്ന ബുക്കിനുള്ളില്‍ നിന്നു വലിച്ചെടുത്തു. ഫൈനലൈസ്‌ ചെയ്യാനുള്ള തയാറെടുപ്പെന്നോണം ഒന്ന് വായിച്ചു നോക്കി. കുഴപ്പമില്ല. ഇതെറിക്കും. ഇതില്‍ അവളു വീഴും...ഉറപ്പാ..എന്ന് ആത്മന്‍ അടിച്ചു മനസ്സിന്റെ ശുഭാപ്തി വിശ്വാസത്തെ അരക്കിട്ടുറപ്പിച്ചു കത്ത് ബുക്കിലേക്ക് തിരിച്ചു തിരുകുമ്പോ...കത്തിലെ ഒരു വരി മനസ്സില്‍ വീണ്ടും വീണ്ടും മാറ്റൊലി കൊണ്ടു. കത്ത് തിരിച്ചെടുത്തു വീണ്ടും വായിച്ചു.....

എനിക്ക് തല കറങ്ങുന്നതു പോലെ തോന്നി...ആ നിന്ന നില്‍പ്പില്‍ ഇല്ലാതായി പോയെങ്കില്‍ എന്നാഗ്രഹിച്ചു....പേടിയോടെ ഞാന്‍ ആ വരി ഒരിക്കല്‍ കൂടി വായിച്ചു..."എന്നെ നിനക്കിഷ്ടമാവണേ എന്നത് മാത്രമാണിന്നെന്റെ പ്രാര്‍ത്ഥന..." ഈശ്വരാ...ആ വിളിയെന്റെ തൊണ്ടയില്‍ കുരുങ്ങി...

നമ്രശിരശ്കനായി  കുറ്റബോധത്തോടെ ഞാന്‍ അടുക്കളയിലേക്കു ചെന്നു...എല്ലാം  മനസ്സിലായമ്മേ..എല്ലാം മനസ്സിലായി....എന്ന ഭാവത്തോടെ കൈയ്യിലിരുന്ന കത്ത് ഞാന്‍ അടുപ്പിലേക്കിട്ടു. 

Saturday, June 9, 2012

പണി പാലുംവെള്ളതില്‍ മാത്രമല്ല പൊതിചോറിലും കിട്ടും


യു പി തലം കഴിഞ്ഞു ഹൈസ്കൂള്‍ ആയപ്പോ കുറച്ചു കൂടി സീനിയര്‍ ആയെന്നൊരു തോന്നലൊക്കെ വന്നു തുടങ്ങി . അതുവരെ പത്തു പൈസ കൊടുത്തു ബസ്സില്‍ യാത്ര ചെയ്തിരുന്ന ഞാന്‍ വീട്ടില്‍ സന്ധിയില്ലാ സമരം നടത്തി സൈക്കിള്‍ വാങ്ങിപ്പിച്ചു.

ചോറ്റുപാത്രത്തില്‍ ഒതുങ്ങിയിരുന്ന എന്റെ ഉച്ചയാഹാരം പൊതി ചോറിലേക്ക്‌ മാറി. വാടിയ ഇലയില്‍ ആവിയോടെ പൊതിഞ്ഞു വെക്കുന്ന ചോറും കറിയും ഉച്ചക്ക് തുറക്കുമ്പോ ഒരു പ്രത്യേക മണമാണ്.അന്നുമിന്നും പൊതിചോറ് ഒരു വലിയ ബലഹീനത ആണ്. അങ്ങനെ പൊതി കെട്ടി കൊണ്ടു പോകുന്ന ചോറിനു ക്ളാസ്സില്‍ പിടിപിടിയാണ്. ഉച്ചക്കുണ്ണാന്‍ പൊതി തുറക്കുമ്പോള്‍  കറികള്‍ മിക്കതും പലരും അടിച്ചുമാറ്റിയിട്ടുണ്ടാവും. പാവം അമ്മ കാലത്തെഴുനേറ്റു ഉണ്ടാക്കി തന്നു വിടുന്ന മുട്ടയും മീനുമൊന്നും ഒരിക്കലും കണികാണാന്‍ കിട്ടിയിരുന്നില്ല.

ഒരു ദിവസം ഇന്റെര്‍വല്‍ കഴിഞ്ഞു വരുമ്പോ ക്ളാസ്സില്‍ പതിവില്ലാത്ത തിരക്കും ബഹളവും. സാറുമ്മാരും കുട്ടികളും കൂടി നില്‍പ്പുണ്ട്. ഞാനും തിരക്കിലേക്കലിഞ്ഞു ചേര്‍ന്ന് മുന്നിലെത്തി. മൂന്നു പഹയന്മാരെ ബെഞ്ചില്‍ കയറ്റി നിര്‍ത്തിയേക്കുവാണു. മൂന്നു പേരുടെയും നെഞ്ചില്‍ ബോഡീസ് ഉണ്ട്. ബോഡീസ് അറിയില്ലേ...പണ്ടത്തെ വലിയമ്മമാര്‍ ഇടുന്ന റൌക്ക. കാഴ്ച കണ്ടു കുട്ടികള്‍ ആര്‍ത്തു ചിരിക്കുകയാണ്...ചിരി പൊട്ടുന്ന മുഖങ്ങള്‍ കഴിയുന്നവിധം ഗൌരവത്തില്‍ പൊതിഞ്ഞു നിര്‍ത്താന്‍ സാറുമ്മാര്‍ പാടുപെടുന്നു .ക്ളാസ് ടീച്ചര്‍ ആയ ശ്രീധരന്‍ നായര്‍ സാര്‍ വെള്ളിച്ചപാടിനെ പോലെ കൈയ്യില്‍ ചൂരലുമായി ഉറഞ്ഞു തുള്ളുകയാണ്..ബോഡീസ് ഇട്ടു നിക്കുന്നവന്മാരെ കണ്ടു ഞാനും വാ വിട്ടു ചിരിച്ചു കൊണ്ട് കുട്ടികളുടെ കൂടെ കൂടി. ബെഞ്ചില്‍ നിക്കുന്നവന്മാരുടെ മുഖം കടലാസ് പോലെ വിളറി വെളുത്തു.

" ഇതെവിടുന്നു കിട്ടിയെടാ..." ആദ്യം നിക്കുന്ന ഉണ്ണിയോടായി സര്‍ അലറി...രൗദ്രഭാവം പൂണ്ട സാറിന്റെ മുന്നില്‍ അവന്മാര്‍ മൂത്രമോഴിക്കുമോന്നു ഞങ്ങള്‍ ഭയന്നു.അതുവരെ ആര്‍ത്തു ചിരിച്ചിരുന്ന ക്ളാസ് റൂമില്‍ ശ്മശാന മൂകത. വിറച്ചു കൊണ്ടവന്‍ ചൂണ്ടിയ വിരല്‍ എല്ലാരുടെയും നോട്ടം എന്നിലേക്ക്‌ തിരിച്ചു വിട്ടു.എന്താണ് സംഭവിക്കുന്നതെന്ന്  മനസ്സിലാക്കി എടുക്കാന്‍ എനിക്ക് കുറച്ചു സമയം വേണ്ടി വന്നു...മനസ്സിനെ ഒന്നു റീ വൈന്റ് ചെയ്തു. മനസ്സെന്തോക്കെയോ ഓര്‍ത്തെടുത്തു. കാര്യത്തിന്റെ ഗൗരവം മനസ്സിലായപ്പോ ബെഞ്ചില്‍ നിന്നവന്മാരുടെ വിറ എന്നിലേക്ക്‌ കുടിയേറി. സാറിന്റെ കിരാതരൂപം അതിന്റെ ആക്കം കൂട്ടി. 

സ്കൂളില്‍ പോകും വഴി ജങ്ങ്ഷനിലെ തയ്യകടയില്‍ കൊടുക്കാന്‍ മുത്തശ്ശി ഏല്‍പ്പിച്ച പൊതിയാണ് കശ്മലന്മാര്‍ പൊതിചോറാണെന്നു കരുതി വലിച്ചു പൊക്കി, അര്‍മ്മാദിച്ചു, എന്നെ ഈ ഗതിയിലെത്തിച്ചത് . എന്റെ മറവിയെ നൂറായിരം തവണ ശപിച്ചു, സന്തോഷമായി ഗോപിയേട്ടാ സന്തോഷമായി എന്ന ദയനീയ ഭാവത്തോടെ ലവന്മാരെ ഒന്ന് നോക്കിയിട്ട് ഞാന്‍ സാറിന്റെ മുന്നില്‍ കീഴടങ്ങി. സര്‍ എന്നെ വളരെ ആത്മാര്‍ഥമായി തന്നെ കൈകാര്യം ചെയ്തു. കൂട്ടുകാര്‍ സ്പോണ്‍സര്‍ ചെയ്ത ബോഡീസ് ഇവെന്റ്റ്‌ നല്‍കിയ ക്ഷതങ്ങള്‍ എന്നെ ബെഞ്ചില്‍ ഇരിക്കാന്‍ കഴിയാത്തവിധമാക്കിയിരുന്നു 

Monday, June 4, 2012

ക്യൂ ......



ക്യൂ നില്‍ക്കുക എന്നത് മലയാളികളെ സംബന്ധിച്ച് വലിയ വിഷമമുള്ള കാര്യമാണ്. അത് നമ്മുടെ സംസ്കാരത്തിന്റെ ഭാഗമാകാന്‍ ഇനിയും കാലം കുറേ എടുക്കുമെന്ന് വേണമെങ്കില്‍ പറയാം. അതിനൊരു അപവാദമെന്ന് പറയാനുള്ളത് ബിവറേജസ്സിനു മുന്നിലെ തികഞ്ഞ അര്‍പ്പണബോധത്തോടും ക്ഷമയോടും കൂടിയുള്ള ക്യൂ മാത്രം.

നമ്മുടെ ബസ്‌ സ്റ്റാന്റ്കളില്‍ നല്ല തിരക്കുള്ള സമയത്ത് ചെന്നാല്‍ ക്യൂ നില്‍ക്കാതെ ബസ്സില്‍ കേറാന്‍ ആളുകള്‍ നടത്തുന്ന പഞ്ജഗുസ്തിയും പൂഴികടകനുമൊക്കെ ഒന്ന് കാണണ്ടത് തന്നെയാണ് . കൈനനയാതെ മീന്‍ പിടിക്കുന്ന ചില വിരുതന്മാര്‍ ജനലിലൂടെ തൂവാല ചുരുട്ടി ഏതെങ്കിലുമൊരു സീറ്റിലെക്കെറിഞ്ഞു സീറ്റ് ബുക്ക് ചെയ്യും.അത് പിന്നെ മറ്റൊരു കയ്യാങ്കളിക്ക്‌ കളമൊരുക്കുമെന്നതു മറ്റൊരു സത്യം. ചിലര്‍ കളരി അഭ്യാസിയുടെ മെയ് വഴക്കത്തോടെ ജനലില്ലൂടെ നൂഴ്ന്നു കേറും.മറ്റുചിലര്‍ ഡ്രൈവര്‍ സീറ്റിലൂടെ ഇടിച്ചു കയറും.പിന്നെ പൂരം കാണുന്ന ആഘോഷതിമിര്‍പ്പോടെ അകത്തിരുന്നു വാതിലിലെ ഇടി കണ്ടു രസിക്കും.

ക്യൂ  നില്‍ക്കാതെ ആരുടെയെങ്കിലുമൊക്കെ മുതുകില്‍ ചവുട്ടി കയറി സ്വന്തം കാര്യം നോക്കുന്നൊരു പ്രവണത ആണല്ലോ നാട്ടില്‍ ഇന്നുമുള്ളത്. ഈ സാഹചര്യങ്ങളില്‍ വ്യക്തിത്വം രൂപപ്പെടുതിയെടുതൊരു മലയാളിക്ക് കര്‍ശ്ശനമായ ക്യൂ നില്‍പ്പും മര്യാദകളും ആദ്യമൊക്കെ അസഹനീയമായി തോന്നുമെങ്കിലും സാഹചര്യങ്ങള്‍ക്കനുസരിച്ച് , നിലനില്‍പ്പിനുവേണ്ടി, നല്ല ശീലങ്ങള്‍ ഉള്‍ക്കൊള്ളാനും ക്ഷമാശീലനാകാനും അവനു കഴിയും. ഞാന്‍ ജോലി ചെയ്യുന്നത് അമേരിക്കന്‍ പട്ടാളക്യാമ്പില്‍ ആണ്. വളരെയേറെ സുരക്ഷാ സംവിധാനങ്ങളും ക്രമീകരണങ്ങളും നിയന്ത്രണങ്ങളും ഉള്ള സ്ഥലം. ക്യാമ്പിനു അതിന്റേതായ ചിട്ടകളും നിയമങ്ങളും ഉണ്ട്. പാലിക്കപെടെണ്ടതും ശ്രദ്ധയോടെ അനുവര്‍ത്തിക്കണ്ടതുമായ കുറേ ഔദ്യോഗിക മര്യാദകള്‍ വേറെയും .അതിന്റെ ഒരു ഭാഗം മാത്രമാണ് പല ഇടങ്ങളിലായി ഞങ്ങള്‍ നില്‍ക്കണ്ടി വരുന്ന ക്യൂവുകള്‍ ...പന്ത്രണ്ടു മണികൂര്‍ നീളുന്ന ജോലിയെ പതിനാറും പതിനേഴും മണിക്കൂറിലേക്ക് വലിച്ചു നീട്ടുന്ന ഔപചാരികതകളില്‍ ഏറ്റവും കൂടുതല്‍ സമയം കാര്‍ന്നു തിന്നുന്നതും ഈ ക്യൂവുകളാണ് ...അത്തരം ചില ക്യൂവുകളിലേക്ക് നമ്മുക്ക് ക്യൂവായി പോകാം ...

ക്യൂ ഒന്ന്

ഏഴരവെളുപ്പിനെ മുങ്ങികുളിക്കുന്ന വല്ല്യമ്മമാരെ പോലെ കൊച്ചുവെളുപ്പാന്‍ കാലത്തൊരു കാക്കകുളിയൊക്കെ പാസ്സാക്കി സ്പ്രേയില്‍ കുളിപ്പിച്ച വേഷഭൂഷാതികളോടെ നേരെ ഭോജനശാലയിലേക്ക്. പ്രവര്‍ത്തി ദിവസം തുടങ്ങുന്നത് തന്നെ അന്നവിചാരത്തോടെ ആണെന്ന് സാരം. അവിടെ തുടങ്ങുന്നു ഞങ്ങളുടെ ക്യൂ ജീവിതത്തിന്റെ ആദ്യ പടി. താലപ്പൊലി ഏന്തിയ ബാലികമാരെ പോലെ കൈയ്യില്‍ പ്ലേറ്റും പിടിച്ചു തന്റെ നമ്പര്‍ വരുന്നതും കാത്തുള്ള ആ  നില്‍പ്പൊന്നു കാണണ്ടത് തന്നെ. എന്താ മര്യാദ ...എന്താ അച്ചടക്കം.ഇവരൊക്കെ നാട്ടില്‍ നിന്നു വന്നവര് തന്നെയോ എന്ന് ചിന്തിച്ചു പോകും. ബാഗിലും പോക്കറ്റിലും തിരുകിയ ബ്രേക്ക് ഫാസ്റ്റുമായി നേരെ കമ്പനി ബസ്സിലേക്ക്.

പ്രവാസിയുടെ ഗൃഹാതുരതയില്‍ ഉപ്പും മുളകും പുരട്ടി നീറ്റാന്‍ കമ്പനി മനപ്പൂര്‍വ്വം ഇറക്കിയിരിക്കുകയാണ് നമ്മുടെ സ്വന്തം ആനവണ്ടി... ടാറ്റാ ബസ്‌.  കെ എസ്‌ ആര്‍ ടി സിയുടെ സുഖദായക ഓര്‍മ്മകളിലേക്ക് ഊളിയിടാന്‍ ക്യാമ്പിലേക്കുള്ള അരമണിക്കൂര്‍ യാത്ര തന്നെ ധാരാളം. അരമണിക്കൂറിനെ ഒരു രാത്രിയാക്കി.. കൂര്‍ക്കം വലിച്ചും, സഹയാത്രികന്റെ തോളിലേക്ക് ഈത്താ വാറ്റിയും ചാഞ്ഞുറങ്ങിയും ഞങ്ങള്‍ എത്തി ചേരുന്നത് ബസ് സ്കാനിംഗ് ഏരിയയിലേക്കാണ് . അതൊരു തുടക്കമാണ്.

ക്യൂ രണ്ടു

ബസ്‌ സ്കാനിംഗ് ഏരിയ ഞങ്ങളുടെ ഒരു ഇടതാവളമാണ്. ബസ്സില്‍ നിന്നും ക്യൂ ആയി ഇറങ്ങി മുന്നിലുള്ള ടെന്റില്‍ വരിവരിയായി നില്‍ക്കും.സുരക്ഷാ പരിശോദനകള്‍ കഴിഞ്ഞു ബസ്‌ എത്തും  വരെ ട്ടെന്റില്‍ നില്‍ക്കണം. നില്‍പ്പിന്റെ ദൈര്‍ഘ്യം അഞ്ചു മിനിറ്റ് മുതല്‍ ഒന്നര മണിക്കൂര്‍ വരെ നീളാം. ഇടത്താവളം എന്ന പ്രയോഗം അപ്രസക്തമാകുന്നത് അവിടെയാണ്. ഇടത്താവളങ്ങള്‍ വിശ്രമത്തിനാണെങ്കില്‍ ഇത് തിരിച്ചാണ്. എങ്കിലും ഈ നില്‍പ്പില്‍ , നാളുകളായി കാണാത്ത പലരെയും കണ്ടുമുട്ടും...സൗഹൃദങ്ങള്‍ പുതുക്കും..വിശേഷങ്ങള്‍ കൈമാറും.റൂമര്‍ തൊഴിലാളികളും ചാനല്‍ തൊഴിലാളികളും(റൂമര്‍ സ്പ്രെഡ് ചെയ്യുന്നവര്‍ ) വിഹരിക്കുന്നതും ഇവിടെ ആണ്. താന്താങ്ങളുടെ പ്രവര്‍ത്തനം സുഗമമായി നടത്താന്‍ അവര്‍ക്കിതിലും നല്ലൊരു സ്ഥലം വേറെ കിട്ടുമോ. സ്കാനിംഗ് കഴിഞ്ഞു വരുന്ന വണ്ടിയിലേക്ക് ക്യൂ ആയി കയറി നേരെ മെയിന്‍ ഗേറ്റിലേക്ക്.

ക്യൂ മൂന്നു

മെയിന്‍ ഗേറ്റ് ബില്‍ഡിംഗ്‌ലാണ് ബാഗ് സ്കാനിംഗ് തുടങ്ങിയ കലാപരുപാടികള്‍ അരങ്ങേറുന്നതു.രണ്ടറ്റത്തുമുള്ള വാതിലുകള്‍ക്ക് മുന്നില്‍ സിഗ് സാഗ് രീതിയില്‍ കയര്‍ കെട്ടിതിരിച്ച വഴിയിലൂടെ ക്യൂവായി വേണം അകത്തു കടക്കാന്‍ .ബസ്സില്‍  നിന്നിറങ്ങുമ്പോള്‍ തന്നെ ജീവിതത്തിലെ നിര്‍ണ്ണായകമായൊരു വഴി തിരഞ്ഞെടുക്കുന്ന ഗൗരവത്തോടെ വലതുപക്ഷത്തെക്കോ ഇടതുപക്ഷത്തെക്കോ ഞങ്ങള്‍ ചേരി തിരിയും.ബെല്‍റ്റ്‌ , പേഴ്സ് , താക്കോല്‍ തുടങ്ങിയ സ്താവരജങ്കമ വസ്തുക്കള്‍ സകലതും സ്കാനിംഗ്നിട്ടു കാത്തു നില്‍ക്കും. ഊര്‍ന്നു വീഴുന്ന പാന്റ്റില്‍ പിടിച്ചു എല്ലാം ഊറി വാരി ഇറങ്ങി വരുന്ന പലരുടെയും നാവില്‍ അതിരാവിലെ തന്നെ സരസ്വതി മന്ത്രമാരിക്കും ഉണ്ടാവുക.

ക്യൂ നാലു

സ്കാനിംഗ് തിരുമേനി പൂജിച്ചു നല്‍കിയ അരപ്പട്ടമുറുക്കി, ആടയാഭരണങ്ങള്‍ ചാര്‍ത്തി ദേ വന്നു നില്‍ക്കുന്നു...ബാഡ്ജ് സ്വാപിംഗ് ഏരിയയിലെ അടുത്ത ക്യൂവിലേക്കു. ക്യൂവിന്റെ അങ്ങേ അറ്റത്തു സ്വാപിംഗ് കൌണ്ടറില്‍ നില്‍ക്കുന്ന ചേച്ചിയെയും...അടുത്ത കൌണ്ടറിലൂടെ പോകുന്ന ഫിലിപ്പീനി പെണ്ണുങ്ങളെയും വായിനോക്കി ഞങ്ങള്‍ ക്യൂവിലെ വിരസത അകറ്റും. പ്രവര്‍ത്തന രഹിതമായ കൌണ്ടറുകളില്‍ ഉരച്ചും കുലുക്കിയും ഞങ്ങള്‍ പരീക്ഷണങ്ങള്‍ നടത്തുമ്പോള്‍ മാനുവല്‍ സ്വാപിംഗ് ചെയ്തു തിരക്കൊഴിവാക്കാന്‍ കൂട്ടാക്കാതെ, ഞങ്ങളെ നോക്കി 'നിനക്കൊക്കെ ഇങ്ങനെ തന്നെ വേണമെടാ' എന്ന പരിഹാസ്യചിരിയോടെ കറങ്ങിയടിച്ചു നടക്കുന്ന സെക്യൂരിറ്റി അണ്ണന്മാരുടെ വീട്ടുകാര്‍ക്ക് കാലത്ത് ഒന്ന് രണ്ടു മണിക്കൂര്‍ വിട്ടുമാറാത്ത തുമ്മലും ജലദോഷവുമാരിക്കും.

ക്യൂ അഞ്ചു

ഔപചാരികതകളേകിയ തളര്‍ച്ചയോടെ എത്തുന്ന ഞങ്ങളെ കാത്തു കടല്കിഴവന്‍ പട്ടാളക്കാരന്‍ ബസ്‌ പാര്‍ക്കിംഗ് ഏരിയയില്‍ ഉണ്ടാവും.സ്ടാന്റ്റിറ്റീസും എബോവ് ട്ടേണും അടുപ്പിച്ചു അങ്ങേരുടെ വക പി റ്റിയും കഴിഞ്ഞു... സെക്ഷനിലേക്കുള്ള ബസ്സില്‍ കയറാന്‍ വീണ്ടും ക്യൂ.....ഞങ്ങള്‍ക്ക് നില്‍ക്കാന്‍ ക്യൂവുകള്‍ പിന്നെയും ബാക്കി ..:))

ഓഫ്‌ : 
പ്രവാസത്തിന്റെ പകുതിയും ക്യൂ നിന്ന് തീര്‍ക്കുന്ന ഞങ്ങളോടാ ബിവറേജസിന്റെ കളി..

Saturday, May 12, 2012

വെളിപാട്




ചൂടുവെള്ളം ടേബിളില്‍ വെച്ചു,  കസേര വലിച്ചിട്ടു ഞാന്‍ അവര്‍ക്കരികിലിരുന്നു. നിസംഗതയോടെ എങ്ങോട്ടോ നോക്കി കിടക്കുകയാണ് അരുപത്തെട്ടുകാരിയായ പര്‍വിന്ദര്‍ കൌര്‍ .ലോഹദെണ്ടുകള്‍ ഇണക്കി ചേര്‍ത്ത നട്ടെല്ലിന്റെ വേദനയും തളര്‍ച്ചയും അവരെ ക്ഷീണിതയാക്കിയിരിക്കുന്നു ,

തോളില്‍ കിടന്ന കോട്ടന്‍ ടവല്‍ ചൂടുവെള്ളത്തില്‍ മുക്കി ഞാനവരുടെ മുഖം തുടച്ചു. ജടകെട്ടി തുടങ്ങിയ മുടിയിഴകളിലൂടെ വിരലോടിച്ചു ജട കളഞ്ഞു. ആറേഴു ദിവസമായുള്ള കിടപ്പവരെ ശാരീരികമായും മാനസികമായും തളര്‍ത്തിയിരിക്കുന്നു. ബെഡ് സോര്‍ കാരണം പുറം പൊട്ടി തുടങ്ങി.

ഒന്ന് തിരിച്ചു കിടത്തി പുറം തുടക്കാന്‍ ശ്രമിച്ചെങ്കിലും ശരീരത്തിന്റെ അമിതഭാരം അതിനെന്നെ അനുവദിച്ചില്ല. ഈ അമിതഭാരം തന്നെയാവാം അവരുടെ വീഴ്ചക്ക് കാരണമായതെന്നു ഞാന്‍ ചിന്തിച്ചു. തുടര്‍ശ്രമങ്ങള്‍ക്കൊടുവില്‍ അല്‍പ്പം ചരിച്ചു തലയിണ വെച്ചു കിടത്താന്‍ എനിക്ക്   കഴിഞ്ഞു. പുറത്തെ ചെറിയ മുറിവുകള്‍ പതുക്കെ തുടച്ചു കൊണ്ട് ഞാന്‍ അവരോടെന്തോക്കെയോ സംസാരിച്ചു. വേദനയുടെ കാഠിന്യം കുറക്കാന്‍ , ശ്രദ്ധ തിരിക്കാന്‍ പലതും ചോദിച്ചു...മുടിയിഴകളില്‍ തഴുകി. വേദന ഞരങ്ങലുകളായും ഞെളിവിരികളായും ബഹിര്‍ഗമിച്ചു.

പുറം തുടച്ചു നേരെ കിടത്തി തിരിയുമ്പോ അവരെന്റെ കൈയ്യില്‍ പിടിച്ചു..."എന്തേ ...." പരിക്ഷീണയായ അവരെ നോക്കി ഞാന്‍ ചോദിച്ചു.തന്റെ സൈഡ്-ല്‍ നിറഞ്ഞു കിടക്കുന്ന യൂറിന്‍ ബാഗിലേക്കവര്‍ കൈ ചൂണ്ടി. കാതെറ്റര്‍ ഊരി ബാഗ് ക്ലിയര്‍ ചെയ്തു തിരിച്ചു വെക്കുമ്പോ ആ കണ്ണുകള്‍ വാര്‍ന്നൊലിക്കുകയായിരുന്നു. നിസാഹയതയുടെ നിഴലാട്ടം ആ കണ്ണുകളില്‍ ഞാന്‍ കണ്ടു.

റിസെപ്ഷനിലെ കസേരയില്‍ വന്നിരിക്കുമ്പോ എന്റെ കണ്ണുകളും നിറഞ്ഞിരുന്നു. ഓര്‍മ്മകള്‍ കുറച്ചു പിറകിലെക്കോടി. ജോലി തേടി പഞ്ജാബിലെ തെരുവുകള്‍ തോറും തെണ്ടുന്ന കാലം. അപകടം പറ്റിയ പരിചിതനെയും കൊണ്ട്  ഓടി എത്തിയതാണ് ഈ ആശുപത്രിയിലേക്ക്. തിരുവനന്തപുരം മെഡിക്കല്‍ കോളേജില്‍ പഠിച്ച ബെങ്കാളി ഡോക്ടര്‍ . മലയാളി ആണെന്നറിഞ്ഞപ്പോഴേക്കും ബെങ്കാളി ചുവയുള്ള കുറേ മലയാളം അയാള്‍ എന്നോട് തട്ടി വിട്ടു. അയാളോട് സംസാരിക്കാന്‍ എനിക്കുമിഷ്ടം തോന്നി. കുശലാന്വേഷണങ്ങള്‍ക്കൊടുവില്‍ അയാളെന്റെ തൊഴില്‍ വിവരങ്ങള്‍ ചോദിച്ചു.

എന്ത് ജോലി...പ്രത്യേകിച്ചു തൊഴില്‍ ഒന്നുമില്ലല്ലോ പറയാന്‍ ....തൊഴില്‍ തെണ്ടല്‍ ആണ് പണി എന്ന് പറഞ്ഞപ്പോ അയാള്‍ കുറച്ചു നേരം എന്തോ ആലോചിച്ചു. പിന്നെ, എന്നെ നോക്കി ഒരു ചോദ്യം. "ഇവിടെ പാര്‍ട്ട് ടൈം ജോലി ചെയ്യാന്‍ താല്‍പ്പര്യമുണ്ടോ. എനിക്ക് ഒരാളെ വേണം..വൈകിട്ട് ഓ പി ടൈമില്‍ റിസെപ്ഷന്‍ നോക്കണം, റിക്കോടുകള്‍ സൂക്ഷിക്കണം. പിന്നെ, ഇടക്കൊക്കെ എന്നെ സര്‍ജറിക്ക് ഹെല്പ് ചെയ്യണം...ഭാരിച്ച പണികള്‍ ഒന്നും ഉണ്ടാകില്ല....വൈകിട്ടൊരു നാലു മണിക്കൂര്‍ . അത് കഴിഞ്ഞിവിടെ തങ്ങുകയോ വീട്ടില്‍ പോവുകയോ എന്തുമാകാം.. "

അത് പറഞ്ഞയാള്‍ സീറ്റിലേക്ക് ചാഞ്ഞിരുന്നു....ഭംഗിയുല്ലൊരു പേപ്പര്‍ വെയിറ്റ് അയാള്‍ മേശമേല്‍ ഇട്ടു വെറുതെ കറക്കി....ഉള്ളില്‍ പൂക്കളുള്ള പേപ്പര്‍ വെയിറ്റ് ഗ്ളാസ് വിരിച്ച മേശമേല്‍ ഒരു പ്രത്യേക താളത്തില്‍ കറങ്ങി കൊണ്ടിരുന്നു. കഴുത്തില്‍ സ്തെതസ്കോപ്പുമിട്ടു കസേരയിലെക്കൊന്നമര്‍ന്നിരുന്നു " എന്ത് തീരുമാനിച്ചു" എന്ന ചോദ്യ ഭാവത്തോടെ അയാള്‍ എന്നെ തന്നെ നോക്കിയിരുന്നു.

എന്ത് തീരുമാനിക്കാന്‍ ....ഒരെത്തും പിടിയും കിട്ടുന്നില്ല. ചിന്തകള്‍ വന്യമായൊരു കൊടുങ്കാറ്റായി ഉള്ളില്‍ ആഞ്ഞടിച്ചു.ഒരു ബിരുദധാരിയായ ഞാന്‍ ഒരു കമ്പോണ്ടറുടെ പണി ചെയ്യുക. ആശുപത്രി യൂണിഫോം ഇടുക. അതൊക്കെ ആലോചിക്കാന്‍ കൂടി കഴിയുന്നില്ല. ഈഗോയും കോംപ്ളെക്സും എന്നില്‍ ഭണംവിടര്‍ത്തിയാടി. തനിക്കെങ്ങനെ എന്നെ ഈ ജോലിക്ക് വിളിക്കാന്‍ തോന്നിയെന്നയാളോട് അലറിവിളിച്ചു ചോദിക്കാന്‍ തോന്നി.

ഒരു നിമിഷം ഞാന്‍ എന്നെ നിയന്ത്രിച്ചു.അടുത്ത് കിടന്ന ബെഞ്ചിലേക്കൂര്‍ന്നിരുന്നു. അതുവരെ ഈഗോയും കോമ്പ്ലെക്സും തിളച്ചു മറിഞ്ഞ മനസ്സിലേക്ക് വീടിന്റെ ദൈന്യത, ദാരിദ്യം..ഒക്കെ ഇരച്ചു കയറി.വിവേകം വികാരത്തെ കീഴ്പ്പെടുത്തി തുടങ്ങി. മനസ്സിനെ തണുപ്പിക്കുമാറുതുള്ളില്‍ ഒരു കുളിര്‍മഴയായി പെയ്തു തുടങ്ങി. കാടന്‍ ചിന്തകള്‍ക്ക് കടിഞ്ഞാണ്‍ വീണു. ഉള്ളില്‍ തിളച്ചു മറിഞ്ഞിരുന്ന അധമവികാരങ്ങള്‍ ആവിയായി പുറത്തേക്കു പോയി.

ഒരു ബിരുദം മാത്രമാണ് യോഗ്യത. അതൊരു യോഗ്യതപോലുമല്ലാത്ത കാലം.ജോലി തേടി പോയിടത്തൊക്കെ പുച്ഛത്തോടെ തിരസ്കരിക്കപെട്ടു. ജീവിക്കാന്‍ നല്ലൊരു വഴി കാണും വരെ പിടിച്ചു നിക്കാനൊരു കച്ചിതുരുമ്പ് കിട്ടിയേ മതിയാകൂ. ഞാന്‍ അയാളെ നോക്കി, ഒന്ന് ചിരിച്ചു, നിര്‍ജീവമായ ചിരി. അയാളുടെ കണ്ണുകളില്‍ പ്രതീക്ഷയുടെ നൂറായിരം കിരണങ്ങള്‍ തെളിഞ്ഞു. ഞാന്‍ സമ്മതഭാവത്തില്‍ തലയാട്ടി.

 " അപ്പൊ ഇനി ശമ്പളത്തിന്റെ കാര്യം..." അത് പറഞ്ഞയാള്‍ എന്നെ നോക്കി ഒന്ന് വശ്യമായി ചിരിച്ചു...പറഞ്ഞോളൂ എന്ന് ഞാന്‍ തലയാട്ടി. " ആയിരത്തി അഞ്ഞൂറ് രൂപ തരും...." ഒരു വലിയ ഓഫര്‍ മുന്‍പോട്ടു വെച്ച ചാരിതാര്ത്യത്തോടെ അയാള്‍ എന്നെ നോക്കി. ആ തുക കേട്ടു ഞാന്‍ ഞെട്ടിയെന്നു കരുതിയെങ്കില്‍ നിങ്ങള്‍ക്കു തെറ്റി.  നിര്‍വികാരത മാത്രമാണേന്നില്‍  നിറഞ്ഞു നിന്നത് . മനസ്സിനെ വീണ്ടും കാടുകയറാന്‍ വിടാതെ ഇരുത്തം വന്നവനെ പോലെ ഞാന്‍ ചിന്തിച്ചു. സാഹചര്യങ്ങളാണ് ഓരോ മനുഷ്യനെയും വിവേകി ആക്കുന്നതെന്ന് തോന്നുന്നു.

ഒരു ചായ കുടിക്കാന്‍ കൂടി പൈസ ഇല്ലാത്ത അവസ്ഥയാണ്. ആയിരത്തി അഞ്ഞൂറെങ്കില്‍ അത്...പിടിച്ചു നില്‍കാന്‍ ഒരു ജോലി കൂടിയേ തീരൂ...പിന്നൊന്നും ആലോചിച്ചില്ല...അയാളോട് എല്ലാം സമ്മതിച്ചു തിരിച്ചു നടക്കുമ്പോ കണ്ണുകള്‍ എന്തിനെന്നിലാതെ നിറഞ്ഞിരുന്നു.

ഓര്‍മ്മകളുടെ തേരിലേറിയുള്ള ആ യാത്രക്ക് കടിഞ്ഞാണ്‍ ഇട്ടതു പര്‍വിന്ദര്‍ കൌറിന്റെ വിളിയാണ്. കൂജയില്‍ നിന്നൊരു ഗ്ളാസ് വെള്ളം പകര്‍ന്നെടുത്തു; ചാരി ഇരുത്തി അവരെ കുടിപ്പിക്കുമ്പോള്‍ ആ കണ്ണുകളില്‍ പ്രകാശിക്കുന്ന സ്നേഹം, നന്ദി, വാത്സല്യം... ഒക്കെ ഞാന്‍ വായിച്ചറിഞ്ഞു . ആതുരസേവനം, അതിന്റെ മാഹാത്മ്യം ഞാന്‍ അടുത്തറിയുകയായിരുന്നു.യോഗ്യതകളുടെ നിറചാര്‍ത്തുകളില്ലാത്ത എനിക്ക് ചെയ്യാന്‍ ഈശ്വരന്‍ കാത്തു വെച്ചതാകാം ഈ ജോലി.തിമിരം ബാധിച്ചിരുന്ന എന്റെ കണ്ണുകള്‍ക്ക്‌ നന്മയുടെ കാഴ്ചപകര്‍ന്നു നല്കാന്‍ ..ഒരു നിയോഗം പോലെ വന്നു പെട്ടതാകാം ഈ ജോലി.ഗ്ളാസ് തിരിച്ചു വെച്ചവരുടെ മുഖം തുടച്ചു കൊടുക്കുമ്പോ നിറഞ്ഞു തുളുംബിയ എന്റെ കണ്ണുകള്‍ അവര്‍ കണ്ടില്ല. അവിടെ നന്മയുടെ, നിറവിന്റെ തിളക്കമാരുന്നു. ഞാനൊരു മനുഷ്യനായത്തിന്റെ സന്തോഷവും.

Tuesday, April 24, 2012

ഇങ്ങനെ വേണം സഹായിക്കാന്‍


കൗമാരക്കാരുടെ സഹജ തോന്ന്യാസങ്ങളും അലമ്പുകളുമായി കലുങ്കിലെ സായാഹ്നജീവിതം ആഘോഷതിമിര്‍പ്പോടെ മുന്‍പോട്ടു പോകുന്ന കാലത്ത് തന്നെ ചില വീണ്ടുവിചാരങ്ങള്‍ ഞങ്ങളില്‍ തലപൊക്കി. മൂവന്തി മുതല്‍ പാതിരാവരെ നീളുന്ന അലമ്പുകളില്‍ മാത്രമൊതുങ്ങി നില്‍ക്കണ്ടതല്ല ഈ കൂട്ടായ്മ. നാട്ടുകാരെ അലോരസപ്പെടുത്തുന്ന കൂക്കുവിളിയും അട്ടഹാസങ്ങളുമായി എന്നുമിങ്ങനെ നേരം കൊന്നിട്ട് കാര്യമില്ല. നാട്ടുകാര്‍ക്കും വീട്ടുകാര്‍ക്കുമിടയില്‍ സാമാന്യം മോശമല്ലാത്ത ചീത്തപേരു ഇപ്പൊ തന്നെ ഉണ്ട് . അത് മാറ്റി എടുത്തേ മതിയാകൂ.

പിന്നീടുള്ള ദിവസങ്ങളില്‍ പലപ്പോഴും അതിനെ കുറിച്ചായി ചര്‍ച്ചകള്‍ . വാര്‍ക്കപണിക്കു പോന്ന പോക്കാടനും, തൊട അനിയുമൊക്കെ പണിതിരക്കുകള്‍ മാറ്റിവെച്ചു ഞങ്ങളോടൊപ്പം തല പുകച്ചു. അന്നൊക്കെ നാട്ടില്‍ മുക്കിനും മൂലയിലും ക്ളബ്ബുകളാണ് . നേതാജി ആര്‍ട്സ് & സ്പോര്‍ട്സ് ക്ളബ്,  ആരാധനാ ആര്‍ട്സ് ക്ളബ് എന്ന് വേണ്ടാ ഓണമായാല്‍ തെങ്ങേ പാട്ടും (മൈക്ക് ) ഏകാങ്ക നാടകമത്സരവും ഒക്കെയായി നാട്ടുകാരുടെ ചിലവില്‍ അലമ്പിന്റെ കൂത്തരങ്ങാണ് . ക്ളബ് ഉണ്ടാക്കി ഭാരംതാങ്ങികളാകാന്‍ മുട്ടി നില്‍ക്കുന്നവരാണ് തൊട അനിയും പോക്കാടനും. ആളുകളിച്ചു നാട്ടുകാരുടെ മുന്‍പില്‍ ഷൈന്‍ ചെയ്യുക എന്നതില്‍ കവിഞ്ഞൊരു സദുദ്ദേശവും അതിനു പിന്നിലില്ലെന്ന് എല്ലാര്‍ക്കുമറിയാം. ഭാരവാഹിയായി കക്ഷത്തില്‍ ബാഗും തിരുകി, തൊടക്ക് മുകളില്‍ കൈലി മാടികുത്തി, വായോഴിയാതെ വിവരദോഷം വിളമ്പി ക്ളബ് ഭരണവുമായി നടക്കുന്ന അനിയെ സങ്കല്‍പ്പിക്കാന്‍ പോലും ഞങ്ങള്‍ക്ക് കഴിയില്ലാരുന്നു. 

ചര്‍ച്ചകള്‍ക്കൊടുവില്‍ ക്ളബ് വേണ്ടാ എന്ന തീരുമാനത്തിലെത്തി. നാട്ടുകാര്‍ക്ക് ഗുണം ചെയ്യുന്ന തരത്തില്‍ ഒരു കൂട്ടായ്മ. ആ ചിന്ത പൗരസമിതി എന്ന ആശയത്തിന് വഴിവെക്കുകയും, ഭൂരിപക്ഷാഭിപ്രായത്തോടെ  തീരുമാനിക്കപ്പെടുകയും ചെയ്തു. അങ്ങനെ "പുരോഗമന പൗരസമിതി" നിലവില്‍ വന്നു. കലുങ്കില്‍ ഒത്തുകൂടുന്നതും അല്ലാതതതുമായ സകല ചില്ലറകളെയും പിടിച്ചു അംഗങ്ങള്‍ ആക്കി സംഘബലം കൂട്ടി. രൂപികരിച്ച നാള്‍ മുതല്‍ സമിതി പേരില്‍ മാത്രം പുരോഗമനം ഉള്‍ക്കൊണ്ടു പ്രവര്‍ത്തനരഹിതമായി നിലകൊണ്ടു.

തോന്ന്യാസികള്‍ എന്ന ലേബലില്‍ നിന്നും പൗരസമിതിക്കാര്‍ എന്ന പ്രോമോഷനോട് കൂടി ആയി പിന്നെയുള്ള അര്‍മ്മാദങ്ങള്‍ . തോന്ന്യാസങ്ങള്‍ക്കൊക്കെ ഒരു ഔദ്യോഗിക പരിവേഷം വന്നു. കാര്യമായ പ്രവര്‍ത്തനങ്ങള്‍ ഒന്നുമില്ലാതെ നാമമാത്രമായി സമിതി അങ്ങനെ തന്നെ നിലകൊണ്ടു.എങ്ങനെ, എന്ത്, എവിടെ തുടങ്ങണമെന്ന ആശയകുഴപ്പം തന്നെ ആരുന്നു കാരണം. പറഞ്ഞും കേട്ടും സമിതിയെ കുറിച്ച് നാട്ടുകാര്‍ അറിഞ്ഞു. നാട്ടുകാര്‍ അറിഞ്ഞതോടെ സാമൂഹ്യസേവനം ജന്മാവകാശമാക്കിയ ഗൗരവത്തോടെയായി  സമിതിക്കാരുടെ നടപ്പും ഭാവവും സംസാരവുമൊക്കെ.

കിണര്‍ കോരി ഇറക്കുക എന്നൊരു പരുപാടി ഉണ്ടന്ന് (ഇന്നുമുണ്ട് ). കിണറ്റില്‍ ഇറങ്ങി അഴുക്കുകളൊക്കെ നീക്കം ചെയ്തു...തൊടികളിലെ പായലും വഴുക്കലുമൊക്കെ തേച്ചിറക്കി വെള്ളം കോരി കളയണ പരുപാടി. മിക്ക വീടുകളിലും കിണറിറക്കാന്‍ ആളില്ലാതെ വിഷമിക്കുന്ന സമയം.അങ്ങനെ പൗരസമിതി ആ ദൗത്യം ഏറ്റെടുത്തു. കിണറിറക്കി കഴിയുമ്പോ ഒരു ഗ്ലാസ് ചായക്കൊപ്പം എന്തെങ്കിലുമൊരു കടിയുമുണ്ടാകും. അത് ഏത്തക്ക പുഴുങ്ങിയതോ, ചീനി വറ്റല്‍ കുഴച്ചതോ അങ്ങനെ എന്തെങ്കിലും ആവാം. സാമൂഹ്യ പ്രവര്‍ത്തനത്തിനൊപ്പം ആഹാരവും നാട്ടുകാര്‍ക്കിടയില്‍ ഒരു വിലയുമൊക്കെ ആയപ്പോ സമിതി അലസത വെടിഞ്ഞുണര്‍ന്നു.

കനാല്‍ പാലത്തിനു കിഴക്കായി കുടികിടപ്പ് സ്ഥലത്തന്നു കുറേ കുടുംബങ്ങള്‍ കൂട്ടമായി താമസിക്കുന്നുണ്ട് .വളരെ നിര്‍ധനരായ സാധാരണക്കാര്‍ .അതിലൊരു വീട്ടിലെ പെണ്‍കുട്ടിയുടെ വിവാഹമാണ്. സമിതിക്കാരുടെ സഹായം വേണമെന്ന് പറഞ്ഞപ്പോ സന്തോഷത്തോടെ എല്ലാരുമിറങ്ങി തിരിച്ചു. ഞങ്ങളുടെ നാട്ടിലൊക്കെ കല്യാണ പിറ്റേന്ന് മൈക്ക് സെറ്റ്  ഒക്കെ വെച്ചു സംഭാവന വാങ്ങുന്നൊരു വൃത്തികെട്ട കീഴ്വഴക്കമുണ്ട്. സംഭാവന തരുന്നവര്‍ വീട്ടില്‍ ഒരുക്കിയിരിക്കുന്ന കാപ്പിയുടെ(ഹലുവ, ഏത്തക്ക, അവല്‍ )  ഒരു പങ്കു കഴിച്ചിട്ട് പോകും. സമിതി തങ്ങളുടെ സേവനത്തിന്റെ ആദ്യഘട്ടമെന്ന രീതിയില്‍ കലവറ (കാപ്പിയുടെ പങ്കു പ്ലേറ്റുകളില്‍ സെറ്റ് ചെയ്യുന്ന മുറി) കൈകാര്യവും കാപ്പി സപ്ലൈയും ഏറ്റെടുത്തു. കലവറയുടെ ചാര്‍ജ് തുട അനിക്കും കുരുട്ടു പപ്പനും വിട്ടു കൊടുത്തു.  കലവറ സെറ്റ് ചെയ്യുമ്പോ ഉണ്ടായ തര്‍ക്കം അടിയുടെ വക്കുവരെ എത്തി. സേവനം ഒരു ശല്ല്യമാകുന്ന ഘട്ടമെത്തിയപ്പോ തല്‍സ്ഥാനത് നിന്നു രണ്ടിനേയും സപ്പ്ലൈയിലേക്ക് സ്ഥലം മാറ്റി, വേടന്‍ രാജുവിനെ കലവറ ഏല്‍പ്പിച്ചു. സപ്ലൈ ചെയ്യുമ്പോഴൊക്കെ ആരെയോ അനാവശ്യമായി കുറ്റം പറഞ്ഞും വന്നു പോകുന്ന പെണ്‍കുട്ടികളെ ട്യൂണ്‍ ചെയ്തും അനി പന്തലില്‍ ചെറിയ തോതില്‍ അലമ്പു തുടങ്ങി.

കല്യാണവീടുകളില്‍ പൊതുവേ കണ്ടു വരുന്ന ആളുകളാണ് വകുപ്പീരുകാര്‍ . എവിടെയും ഓടി നടന്നു...ഒരു പണിയും ചെയ്യാതെ നാക്ക് കൊണ്ട് കോണകമുടുപ്പിക്കുന്ന കുറേ ജന്മങ്ങള്‍ . കിളവന്മാരാന് ഏറെയും. ഈ കല്യാണ വീട്ടിലും ഒരെണ്ണം എത്തിപെട്ടു. വായില്‍ നിറഞ്ഞു നിക്കുന്ന മുറുക്കാന്‍ തുപ്പാതെ...ഒരു അഴകൊഴകന്‍ സംഭാഷണവുമായി സകലെരെയും ഭരിച്ചു നടക്കുന്നു.

പന്തലില്‍ ചില്ലറ അലമ്പുകളുമായി നടന്ന അനി വന്നു പെട്ടത് മൂപ്പില്സിന്റെ മുന്നില്‍ ." നീയാണോടാ ഇവിടുത്തെ സപ്പ്ലയര്‍ ...നിന്നെ ഞാന്‍ കുറേ നേരമായി ശ്രദ്ധിക്കുന്നു...നിന്റെ വാ ഒഴിഞ്ഞ നേരമില്ലല്ലോടാ...കലവറയില്‍ നിന്നെടുക്കുന്ന കാപ്പി ഒക്കെ ഇതെങ്ങോട്ടാടാ പോകുന്നത്..." വായിലെ മുറുക്കാന്‍ മൊത്തം അവന്റെ ദേഹത്തേക്ക് തെറുപ്പിച്ച് കൊണ്ട് അയാള്‍ പരുഷമായി ചോദിച്ചു.. ആകെ നിശബ്ദത...കലവറക്കുള്ളില്‍ നിന്നവരും ഞങ്ങളെല്ലാരും പന്തലിലേക്ക് നോക്കി...കലിപ്പുകള്‍ തീരുന്നില്ലല്ലോ തള്ളെ എന്ന ഭാവത്തില്‍ അനി അയാളെ തറപ്പിച്ചു നോക്കി....തൊടക്ക് തൊട്ടു മുകളില്‍ നില്‍ക്കുന്ന കൈലിയിലേക്ക് അനിയുടെ വലം കൈ നീളുന്നത് ഞങ്ങള്‍ ശ്രദ്ധിച്ചു. " ഈശ്വരാ" എന്നൊരു വിളി ഞങ്ങളുടെ തൊണ്ടയില്‍ കുരുങ്ങി...അവന്‍ കാപ്പി പോയ സ്ഥലം മൂപ്പില്സിനെ പൊക്കി കാണിക്കും...ഉറപ്പാണ്....അങ്ങനെ ഉണ്ടായാല്‍ കപ്പല്‍ കയറുന്നത് സമിതിയുടെ മാനമാണ്.  രംഗം വഷളാകുന്നു എന്ന് തോന്നിയപ്പോ സമിതിയിലെ വിവേകിയും മുതിര്ന്നവനുമായ മാക്കാന്‍ ഇടപെട്ടു...അനിയെ അനുനയിപ്പിച്ചു പന്തലിനു പുറത്തു കൊണ്ട് പോയി.

വീട്ടിലെ സ്ഥലപരിമിതി മൂലം കല്യാണം അടുത്തുള്ള ക്ഷേത്രത്തില്‍ വെച്ചാണ്. കല്യാണ സദ്യക്കുള്ള കാര്യങ്ങള്‍ തലേന്ന് രാത്രി തന്നെ ഒരുക്കും. ദേഹണ്ണക്കാരന് കുറേ സഹായികളെ വേണം. കൂലിക്ക് ആളെ നിര്‍ത്തി ചെയ്യിക്കാന്‍ ശേഷി ഇല്ലാതവരായത് കൊണ്ട് ഞങ്ങള്‍ ആ ജോലി ഏറ്റെടുത്തു. തേങ്ങ പൊതിക്കലും, തിരുമലും, അരി കഴുകലും, പ്രഥമനുള്ള അട പുഴുങ്ങിയുമൊക്കെ ഞങ്ങള്‍ ആവുംവിധം സഹായിച്ചു കൊണ്ടിരുന്നു. രാത്രി മൂന്നരയോടെ അരി അടുപ്പില്‍ ഇടണമെന്ന് ദേഹണ്ണക്കാരന്‍ പറഞ്ഞു. ആ ജോലി അനിയെ ഏല്‍പ്പിച്ചു. അടുപ്പിലേക്ക്  വാര്‍പ്പ് പിടിച്ചു വെച്ചു വെള്ളമൊഴിച്ച് തീകൂട്ടാന്‍ ഞാനും അവന്റൊപ്പം കൂടി. കുറേ കഴിഞ്ഞപ്പോ വകുപ്പീരുകാരന്‍ മൂപ്പില്സ് എവിടൊക്കെയോ തെണ്ടി തിരിഞ്ഞു അവിടെത്തി. " വെള്ളം തിളക്കുന്നെനു മുന്‍പാണോടാ അരി കഴുകി ഇടുന്നെ...ചഗായിക്കാന്‍ വന്നിരിക്കുന്നു....ഫൂ...." കലികൊണ്ട്‌ ചുമന്ന അനി അയാളുടെ മുഖത്ത് ചൂട് വെള്ളം കോരി ഒഴിക്കുമെന്നെനിക്ക് തോന്നി. ഞാന്‍ അവനെ ഇനിയും പ്രശ്നം ഒന്നുമുണ്ടാക്കല്ലേ എന്ന അപേക്ഷയോടെ ദയനീയമായി നോക്കി. കിളവന്‍ എന്തൊക്കെയോ പിറുപിറുത്തു കൊണ്ട് നടന്നു നീങ്ങി.

വെളുപ്പിനെ എപ്പോഴൊ കിട്ടിയ ബെഞ്ചിലും ഡെസ്കിലുമായി എല്ലാരും ഒന്ന് മയങ്ങി. കാലത്ത് തന്നെ കുളിച്ചു ക്ഷേത്രത്തിലെത്തി. വരന്റെ ആളുകള്‍ ഒമ്പതരക്ക് എത്തും. വരുന്നവര്‍ക്ക് സ്ക്വാഷ് വെള്ളം കലക്കി കൊടുക്കുന്നൊരു പതിവുണ്ടല്ലോ. സുതാര്യമായ പ്ലാസ്റിക് ഗ്ലാസില്‍ മഞ്ഞ നിറത്തിലുള്ള വെള്ളം പ്ലേറ്റില്‍ നിരത്തി വെച്ചു കൊണ്ട് നടന്നു കൊടുക്കാന്‍ ആണ്‍കുട്ടികള്‍ മത്സരമാണ്. അങ്ങനെ വെള്ളത്തിന്റെ സെറ്റ് അപ്പ്‌ അനിക്ക് വിട്ടു കൊടുത്തു. ഇങ്ങനുള്ള കാര്യങ്ങള്‍ ചെയ്യാന്‍ അവന്‍ കഴിഞ്ഞേ ഉള്ളാരും. അങ്ങനെ ഒമ്പതരയോടെ വരനും കൂട്ടരുമെത്തി....അനിയുടെ ട്രേഡ് മാര്‍ക്ക് ബോഞ്ചി വെള്ളം കുട്ടികള്‍ ഓടി നടന്നു വിതരണം ചെയ്തു. ആളുകള്‍ മണ്ഡപത്തിന് ചുറ്റുമുള്ള ഇരിപ്പിടങ്ങളില്‍ ആസനസ്തരായി. നാദസ്വരക്കാര്‍ അവരുടെ പരുപാടി തുടങ്ങി. 10 .30 ക്കാണു മുഹൂര്‍ത്തം.

അങ്ങനെ മുഹൂര്‍ത്തം അടുത്തു. നാദസ്വരവും തകിലടിയും മുറുകി. താലി പൂജയും അനുബന്ധ കാര്യങ്ങളും വേദിയില്‍ നടക്കുന്നു. അടുത്ത ഇനം ദക്ഷിണ വാങ്ങി പെണ്ണിനെ ചെറുക്കന്റെ കൈയ്യില്‍ ഏല്‍പ്പിക്കുക എന്ന ചടങ്ങാണ്. സാധാരണ പെണ്‍കുട്ടിയുടെ അച്ഛനാണ് ആ കൃത്യം നിര്‍വഹിക്കണ്ടത്. പെണ്ണിന്റെ അച്ഛന്‍ നേരത്തെ മരിച്ചു പോയത് കൊണ്ട് അമ്മാവനോ മറ്റു മുതിര്‍ന്ന ആണുങ്ങള്‍ ആരെങ്കിലും ആ കര്‍മ്മം നിര്‍വഹിക്കും.  അതിനുള്ള സമയമായി...വേദിയില്‍ ആകെ ഒരു ബഹളവും തിരക്കും. പതിവില്ലാത്ത തരത്തില്‍ ഉച്ചത്തില്‍ സംസാരങ്ങള്‍ .മണ്ഡപത്തിന് ചുറ്റും ആളുകള്‍ തടിച്ചു കൂടി.  സദ്യാലയത്തില്‍ ഇലയിട്ടു കൊണ്ട് നിന്ന ഞങ്ങള്‍ അവിടെക്കോടി എത്തി. എന്താണ് സംഭവം എന്നറിയാതെ കുഴഞ്ഞു...എല്ലാരും എന്തോ...ആരെയോ തിരയുന്നു...." എന്താ...എന്ത് പറ്റി...." മാക്കാന്‍ ഇടയ്ക്കു കയറി ചോദിച്ചു...."പെണ്ണിന്റെ കൈ പിടിച്ചു കൊടുക്കേണ്ട അവളുടെ അമ്മാവനെ കാണുന്നില്ല..." പരികര്‍മ്മി അക്ഷമയോടെ അതിലേറെ നീരസത്തോടെ പറഞ്ഞു..... " ആള് കല്യാണത്തിന് വന്നിരുന്നോ...."  മാക്കാന്‍ ചോദിച്ചു. "പിന്നേ...ഇന്നലെ നിങ്ങളുടെ കൂട്ടത്തിലെ  ആ ചെക്കനുമായി വഴക്കുണ്ടാക്കിയില്ലേ......അതാണ്‌ ആള്...ഇപ്പൊ ഈ നേരത്ത് അണ്ണനിത്  എവിടെ പോയോ ആവോ...." അത് പറഞ്ഞു പെണ്ണിന്റെ അമ്മ അലമുറയിട്ടു...

കല്യാണം മുഹൂര്ത്തത്തിനു നടന്നേ പറ്റൂ.അങ്ങനെ അവസാനം പെണ്ണിന്റെ വകയിലെ ചിറ്റപ്പന്‍ ആ കര്‍മ്മം നിര്‍വഹിച്ചു. അമ്മാവനെ കാണാത്ത വിവരം എല്ലാടുതും കാട്ടു തീ പോലെ പടര്‍ന്നു. ആറടി പൊക്കമുള്ള ഒത്തൊരു മനുഷ്യനെയാണ്  ഒരു മണിക്കൂറിനുള്ളില്‍ കാണാണ്ടായത് . ഒറ്റക്കും തെറ്റക്കും ആളുകള്‍ നാനാദിക്കിലേക്ക് അന്വേഷണ കുതുകികളായി പാഞ്ഞു. അമ്പലപറമ്പിലെ ആറാട്ട്‌ കുളത്തിലും...പൊട്ട കിണറ്റിലും പലവുരു പുറത്തു നിന്നും...ആളെ ഇറക്കിയും തപ്പിച്ചു.....ചിലര്‍ സൈക്കിളില്‍ അടുത്തുള്ള ഷാപ്പിലേക്ക് വെച്ചു പിടിച്ചു. വേടന്‍ രാജുവും സംഘവും വാറ്റുകാരുടെ കേന്ദ്രമായ പുന്നമൂട്ടിലേക്ക് ഓടി. പോയവര്‍ പോയവര്‍ നിരാശരായി തിരിച്ചു വന്നു..."മണിക്കൂര്‍ ഒന്നായി....ഇനിയിപ്പോ പോലീസില്‍ അറിയിക്കുന്നതാ ബുദ്ധി..." കൂടി നിന്നവരില്‍ ആരോ അഭിപ്രായപ്പെട്ടു.

എല്ലാം കണ്ടും കേട്ടും ആള്‍ക്കൂട്ടത്തില്‍ പകച്ചു നിന്ന മാക്കാനെയും എന്നെയും പിടിച്ചോണ്ട് തൊട അനി വെകളി പിടിച്ചവനെ പോലെ സദ്ദ്യാലയത്തിനു പിറകിലെക്കോടി. ഓട്ടത്തിനിടയില്‍ ചിന്തകള്‍ക്ക് തീ പിടിച്ചു....ഈശ്വരാ തലേന്നത്തെ ഉടക്കിന്റെ പേരില്‍ ഇവനിനി കിളവനെ എന്തെങ്കിലും ചെയ്തോ...എന്തിനാ ഇവന്‍ പിറകിലേക്ക് കൂട്ടി കൊണ്ട് പോകുന്നെ...അവിടെങ്ങാനും കെട്ടി ഇട്ടേക്കുവാണോ ....ആളൊഴിഞ്ഞ മൂത്രപുരക്ക് പിന്നിലെത്തി ആ ഓട്ടം നിന്നു...കിതപ്പടക്കി അവന്റെ രക്തശൂന്യമായ മുഖത്തേക്ക് ഞങ്ങള്‍ തുറിച്ചു നോക്കി....

" എനിക്കൊരബദ്ധം പറ്റി...നിങ്ങളെന്നോടു ക്ഷമിക്കണം....ഇതാരും അറിയാന്‍ പാടില്ല..." കൈകള്‍ കൂപ്പി കൊണ്ടവന്‍ കേണു....ക്ഷമയുടെ സകലവരമ്പുകളും ഭേദിച്ചു മാക്കാന്‍ അലറി..."നീ അയാളെ എന്ത് ചെയ്തു....മനുഷ്യനെ തീ തീറ്റിക്കാതെ ഒന്ന് പറഞ്ഞു തുലയ്ക്ക്...."

വിയര്‍പ്പില്‍ കുളിച്ച മുഖം ഷര്‍ട്ട്‌ കൊണ്ട് തുടച്ചു കൊണ്ടവന്‍ പറഞ്ഞു തുടങ്ങി...." ഇന്നലെ മുതല്‍ അയാള്‍ എന്റെ പിറകേ കൂടിയിരിക്കുകയാണ്. എങ്ങോട്ട് തിരിഞ്ഞാലും അയാളുടെ ശല്യമാണ് .അന്നേരം മുതല്‍ ഞാന്‍ അയാള്‍ക്കൊരു പണി കൊടുക്കാന്‍ കാത്തിരിക്കുവാരുന്നു. ഇന്നാണ്  അവസരം കിട്ടിയത്. ചെറുക്കന്‍ കൂട്ടര്‍ക്ക് കുടിക്കാന്‍ കലക്കിയ സ്ക്വാഷില്‍ അല്‍പ്പം വിം കലക്കി ഞാന്‍ കിളവന് കൊടുത്തു.......അയാള്‍ പെണ്ണിന്റെ അമ്മാവന്‍ ആണെന്നാരറിഞ്ഞു " തലയില്‍ ചൊറിഞ്ഞൊരു  ഉടായിപ്പ് ഭാവത്തോടെ നമ്രശിരസനായി അവന്‍ നിന്നു.അത്രയും പിരിമുരുക്കതിലും ഉള്ളില്‍ ഞാനാര്‍ത്തു ചിരിച്ചു.

അയാളെ ഉടന്‍ കണ്ടുപിടിച്ചേ പറ്റൂ. സദ്ദ്യാലയത്തിനു പിന്നില്‍ മൂത്രപുര മാത്രമേ ഉള്ളൂ. കകൂസില്ല. പിന്നേ അയാള്‍ എവിടെ പോയി. പോലീസിനെ അറിയിക്കും മുന്‍പ് കണ്ടു പിടിക്കണം. ഞങ്ങള്‍ മൂന്നാളും സദ്ദ്യാലയത്തിനു പിന്നിലുള്ള നീണ്ട പറമ്പിലൂടെ ലക്ഷ്യമില്ലാതെ ഓടി. റോഡും കടന്നു ജങ്ങ്ഷന് അടുത്തുള്ള കലുങ്ക് പാലത്തിലെത്തി. ചെറിയ തോടിനു കുറുകെ ഉള്ള കലുങ്ക് പാലത്തില്‍ നിന്നു കൊണ്ട് ചുറ്റുപാടും കണ്ണോടിച്ചു.....പെട്ടെന്ന് മാക്കാന്‍ എന്നെ തോണ്ടി....." ടാ അങ്ങോട്ട്‌ നോക്കിക്കേ...." മാക്കാന്‍ ചൂണ്ടിയ തൊട്ടുവക്കിലെ ചിറയിലേക്ക് ഞാന്‍ നോക്കി.... ഒരു വെള്ളായം...കാഴ്ച അത്ര വ്യക്തമല്ല....ഞങ്ങള്‍ കുറച്ചു കൂടി താഴേക്കിറങ്ങി ചെന്നു...അതെ...അത് നമ്മുടെ മൂപ്പീല്സു തന്നെ..ഞങ്ങള്‍ ഉറപ്പു വരുത്തി......ഞങ്ങള്‍ അയാളുടെ അടുത്തേക്ക് ചെന്നു.

ചക്കിലിട്ട് വലിച്ചവനെ പോലെ വിവശനായി അയാള്‍ ഞങ്ങളെ നോക്കി." അമ്മാവാ... പെണ്ണിന്റെ കൈ പിടിച്ചു കൊടുക്കണ്ട നേരത്ത് നിങ്ങളിവിടെ എന്തെടുക്കുവാ ...." ഒന്നുമറിയാത്തവനെ പോലെ മാക്കാന്‍ ചോദിച്ചു...." ഒന്നും പറയണ്ടാടാ പിള്ളാരെ...ഇന്നലെ രാത്രി കഴിച്ചതെന്തോ വയറ്റില്‍ പിടിച്ചില്ല...കുറേ നേരമായി ഈ ചിറയില്‍ ഇരുപാണ്...കാര്യങ്ങള്‍ നിയന്ത്രണവിധേയമല്ല. ..അങ്ങോട്ട്‌ വന്നവളുടെ കൈപിടിച്ച് കൊടുക്കണമെന്നൊക്കെ ആഗ്രഹമുണ്ട്...ഇവിടിന്നൊന്നു എഴുനേല്‍ക്കാന്‍ പറ്റിയിട്ടു വേണ്ടേ......" പറഞ്ഞിട്ടയാല്‍ ഞങ്ങളെ ദയനീയമായി നോക്കി. പൊട്ടി വന്ന ചിരി എങ്ങനെയോക്കെയോ കടിചൊതുക്കി, സഹതാപം മുഖത്ത് ഫിറ്റ്‌ ചെയ്തു അമ്മാവനെയും കൊണ്ട് പതുക്കെ അമ്പലത്തിലേക്ക് തിരിച്ചു.

"എനിക്കിങ്ങനെ ഒരു അമളി പറ്റിയ കാര്യം അവിടെ വിളമ്പി എന്നെ നാറ്റിക്കരുത്‌...തലചുറ്റി റോഡരുകില്‍ കിടക്കുവാരുന്നെന്നോ മറ്റോ പറഞ്ഞാല്‍ മതി ." അമ്മാവന്റെ സകല ഗര്‍വുകളും ആവിയായി ഞങ്ങളോട് കേണു. അനിയുടെ മുഖത്ത് ചന്ദ്രനും സൂര്യനുമോന്നിച്ചുദിച്ചു. എന്തൊക്കെ ആരുന്നു കിളവന്റെ അങ്കം. ഇപ്പൊ കാലുപിടിക്കുന്നു...അവനതിന്റെ രസം പിടിച്ചു പറഞ്ഞു." അതൊക്കെ ഞങ്ങളേറ്റു പക്ഷെ ഞങ്ങളാണ് നിങ്ങളെ രക്ഷിച്ചു കൊണ്ട് വരുന്നതെന്ന് എല്ലാരോടും പറയണം." സമ്മതിക്കുക അല്ലാതെ കിളവന് വേറെ വഴിയില്ലാരുന്നു. 

അമ്മാവന് എന്തെങ്കിലും അത്യാഹിതം സംഭവിച്ചു കാണുമെന്നു കരുതി നെഞ്ച് തല്ലിപൊളിച്ചു നിലവിളിചു കൊണ്ടിരുന്ന സ്ത്രീജനങ്ങള്‍ അമ്പലപറമ്പിലേക്ക് നടന്നു വന്നാളിനെ കണ്ടു സ്വിച്ച് ഓഫ്‌ ചെയ്ത പോലെ വായും പൊളിച്ചിരുന്നു. യുദ്ധം തോറ്റു വന്നവന്റെ ലജ്ജയോടെ അതിലേറെ അവശതയോടെ അമ്മാവന്‍ എല്ലാരെയും മാറി മാറി നോക്കി. എന്താണ് സംഭവിച്ചതെന്ന് അറിയാനുള്ള ആകാംഷയോടെ ജനം ഞങ്ങളെ നോക്കി.

"ഈ പിള്ളാരില്ലാരുന്നെങ്കില്‍ ആ റോഡില്‍ കിടന്നു ഞാന്‍ ചത്തേനെ..." പറഞ്ഞിട്ട് കിളവന്‍ ഇത് പോരേടെ എന്ന മുകേഷ് സ്റ്റൈലില്‍ ഞങ്ങളെ പാളി നോക്കി.കൂടി നിന്ന ബന്ധുക്കളും നാട്ടുകാരും ഞങ്ങളെ ആരാധനയോടെ, അതിലേറെ ബഹുമാനത്തോടെ നോക്കി. സമിതിയുടെ അസ്ഥിവാരം തന്നെ തോണ്ടുമായിരുന്ന സംഭവം ദാ തലകുത്തി ഞങ്ങള്‍ക്കനുകൂലമായി വന്നു ഭവിച്ചിരിക്കുന്നു. അനിയെ നോക്കി അര്‍ത്ഥഗര്‍ഭമായൊന്നു ചിരിച്ചിട്ട് ഞങ്ങള്‍ ഈശ്വരനോട് നന്ദി പറഞ്ഞു.  ആ സംഭവത്തോടെ സമിതിയുടെ ഗ്രാഫ് കുത്തനെ ഉയര്‍ന്നു..ഞങ്ങള്‍ നാട്ടിലെ താരങ്ങളായി. .. പുരോഗമന പൗരസമിതി നാട്ടുകാരുടെ പ്രിയ സമിതിയുമായി.