Sunday, July 8, 2012

ദി ഗ്രേറ്റ്‌ എസ്കേപ്


മരണം സഹമുറിയനെ കൂട്ടികൊണ്ട് പോയിട്ട് മാസം മൂന്നായി. വിരസവും ഏകാന്തവുമാകുമായിരുന്ന എന്റെ ഒറ്റമുറി ജീവിതം ആഘോഷമാക്കിയ എന്റെ പ്രിയ കൂട്ടുകാരന്റെ വിയോഗം മുറിയില്‍ മാത്രമല്ല എന്നിലും വന്യമായൊരു ശൂന്യത നിറച്ചിരുന്നു. മാസം മൂന്നായിട്ടും ഒഴിഞ്ഞു കിടക്കുന്ന കട്ടിലില്‍ പുതുതായി ആരുമെത്തിയിരുന്നില്ല.

റൂമില്‍ ഒഴിവുണ്ടെങ്കില്‍ എല്ലാരും അടുത്ത സുഹൃത്തുക്കളെ കൂട്ടികൊണ്ട് വരികയാണ് പതിവ്. മരണം നടന്ന മുറിയിലേക്ക് ആരെയും വിളിച്ചു കൊണ്ട് വന്നു താമസിപ്പിക്കാന്‍ എന്റെ മനസ്സനുവദിച്ചില്ല. സ്വയം വരാന്‍ ആരുമൊട്ടു തയാറായതുമില്ല. ടെര്‍മിനേഷന്‍ , മരണം തുടങ്ങിയ കാര്യങ്ങള്‍ സംഭവിച്ച മുറിയിലേക്ക് കടന്നു വരാന്‍ ആളുകള്‍ മടി കാണിക്കുന്നത് ക്യാമ്പില്‍ പതിവാണ്. പുരോഗമനം പറയുമ്പോഴും അന്തവിശ്വാസങ്ങളെ സാഹചര്യങ്ങള്‍ക്കനുസരിച്ച് പുണരാന്‍ ആളുകള്‍ വളരെ ആത്മാര്‍ഥമായി ശ്രമിക്കാറുണ്ട്.

രണ്ടാഴ്ച മുന്‍പൊരു ദിവസം ഡ്യൂട്ടി കഴിഞ്ഞു ചെല്ലുമ്പോള്‍ ഒഴിഞ്ഞു കിടന്ന ഇരുമ്പ് കട്ടിലില്‍ പുത്തന്‍ മെത്തയും വിരിയും സ്ഥാനം പിടിച്ചിരിക്കുന്നു. വലുപ്പം കൂടിയൊരു പെട്ടി കട്ടിലിന്റെ സൈഡില്‍ ഞെക്കിഞ്ഞെരുക്കി വെച്ചിരിരുന്നു. അങ്ങനെ അവസാനം എനിക്ക് പുതിയൊരു സഹമുറിയന്‍ വന്നിരിക്കുന്നു. കാര്യമായ സന്തോഷമൊന്നും തോന്നിയില്ലെങ്കിലും ആരെന്നറിയാന്‍ വല്ലാതെ ആഗ്രഹിച്ചു. മരണം നടന്ന മുറിയില്‍ ധൈര്യമായി കയറി വന്ന ആ സഹജീവി ആരായിരിക്കും. ആ ചോദ്യത്തിനുത്തരം തേടി രാത്രി വൈകുവോളം ഞാന്‍ ഉറങ്ങാതെ കിടന്നു. അയാള്‍ വന്നില്ല. രണ്ടു നാളുകള്‍ അങ്ങനെ പോയി. ആളിന്റെ ഒരു വിവരവുമില്ല. കിടക്കയും പെട്ടിയും നാഥനില്ലാതെ എന്റെ സംരക്ഷണത്തില്‍ സുരക്ഷിതമായി നിലകൊണ്ടു. മൂന്നാം നാള്‍ ഡ്യൂട്ടി കഴിഞ്ഞു വരുമ്പോള്‍ ഇരുമ്പ് കപോഡിനു മുകളില്‍ ഫ്രെയിം ചെയ്തു വെച്ചിരിക്കുന്നൊരു ഫോട്ടോ ശ്രദ്ധയില്‍പെട്ടു.

ഞാന്‍ ആ ഫോട്ടോ എടുത്തു സൂക്ഷിച്ചു നോക്കി. ചുളിവുകള്‍ വീണമുഖം.മെലിഞ്ഞ ശരീരപ്രകൃതി. എവിടെയോ കണ്ടു മറന്ന മുഖം. കുറെയേറെ പിന്നിലേക്കോടിയ ഓര്‍മ്മകള്‍ ....സ്കൂള്‍തലത്തിലെ ചരിത്രത്താളുകളില്‍ തട്ടിവീണു.വിഭജനം...അതെ...ഇന്ത്യാ വിഭജനം... അവിടെയാണ് ആ പേര് ...പരാമര്‍ശിക്കപ്പെട്ടത് ...വിഭജനത്തിന്റെ നീറുന്ന ഓര്‍മ്മകള്‍ , ദുരിതങ്ങള്‍ വികാരാധീനനായി വിവരിച്ചു തന്ന രമേശന്‍ സാറിന്റെ ചരിത്ര ക്ളാസില്‍ നിന്നും ഞാന്‍ ആ ചിത്രം പൊടിതട്ടി എടുത്തു. അതെ ജിന്ന...മുഹമ്മദ്‌ അലി ജിന്ന. ഇന്ത്യ എന്ന മഹാരാജ്യത്തെ വെട്ടിമുറിച്ച് കൊണ്ട് പോയ മഹാനുഭാവനെ ഒന്ന് കണ്‍കുളിര്‍ക്കെ കണ്ടു. ഫോട്ടോ തിരിച്ചു വെച്ചു.

മനസ്സില്‍ അകാരണമായൊരു അസ്വസ്ഥത പടര്‍ന്നു പിടിച്ചു. എന്റെ നാടിന്റെ അഖണ്ടതക്ക്, മതേതരത്തിനു, ഭീഷണിയായി... മനുഷ്യനില്‍ മതതീവ്രവാദത്തിന്റെ  വിഷവിത്തുകള്‍ വിതച്ചു; എന്നും എന്റെ നാടിന്റെ നാശത്തിനായി നിലകൊള്ളുന്ന, യത്നിക്കുന്ന ശത്രുരാജ്യത്ത് നിന്നുമൊരു സഹമുറിയന്‍ .ഉള്‍ക്കൊള്ളാന്‍ കഴിയാത്ത തരത്തില്‍ ആ ചിന്തകള്‍ എന്നെ വേട്ടയാടി.

ഡ്യൂട്ടി കഴിഞ്ഞു വരുമ്പോള്‍ മുറിയില്‍ ലൈറ്റ് ഉണ്ട്. ഉദ്വേഗത്തോടെ ചാരി ഇട്ടിരുന്ന കതകു പതുക്കെ തുറന്നു. നിസ്കാരപായയില്‍ നിന്നും എഴുന്നേറ്റു എന്നെ അഭിവാദ്യം ചെയ്ത സുമുഖനോട് പ്രത്യഭിവാദ്യം ചെയ്യാതിരിക്കാന്‍ എനിക്കായില്ല. പഞ്ജാബി കലര്‍ന്ന ഹിന്ദിയില്‍ വാചാലനായ സഹമുറിയനോട് കുറേ നേരം കൂടി സംസാരിച്ചപ്പോള്‍ അതുവരെ ഉള്ളില്‍ കിടന്നു തിക്കുമുട്ടിയ അമര്‍ഷവും അനിഷ്ടവും ഒട്ടൊന്നടങ്ങി.

ആദ്യ ദിവസം അങ്ങനെ സ്നേഹാന്വേഷണങ്ങളോടെ ക്യാമ്പ് വിശേഷങ്ങള്‍ പങ്കുവെച്ചു കടന്നു പോയി. പിറ്റേ ദിവസം സഹധര്‍മ്മിണിയുമായുള്ള പതിവ് സല്ലാപത്തില്‍ പുതിയ സഹമുറിയനെ കുറിച്ച് ഞാന്‍ വിശദമായി വര്‍ണ്ണിച്ചു. മറുതലക്കല്‍ നിശബ്ദത. പിന്നെ... പരിഭ്രമം നിഴലിക്കുന്ന വാക്കുകള്‍ " സൂക്ഷിക്കണേ, നിങ്ങള്‍ രണ്ടാളുമല്ലേ ഉള്ളൂ...അയാളുമായി വഴക്കിനൊന്നും പോകല്ലേ..പാകിസ്താനി അല്ലേ ...രാത്രിയില്‍ ഉറങ്ങുമ്പോ എന്തെങ്കിലും ചെയ്‌താല്‍ " ആ സ്വരത്തില്‍ ഒളിഞ്ഞിരിക്കുന്ന ഭയം..അതൊരു ഭാര്യയുടെ സ്നേഹത്തിന്റെ, കരുതലിന്റെ പ്രതിഫലനം മാത്രമാരുന്നു. ചിരി അടക്കാന്‍ കഴിയാതെ ഞാന്‍ പൊട്ടിചിരിച്ചു. തന്റെ വിഹ്വലതകളെ  പുച്ചിച്ചു തള്ളിയ പൊട്ടിച്ചിരി ദഹിക്കാതെ ഭയചിന്തകളെ ഒരു ദീര്‍ഘനിശ്വാസത്തില്‍ പൊതിഞ്ഞവള്‍ പ്രതിഷേധിച്ചു.

പതിവ് കുശലാന്വേഷണങ്ങളും സൗഹൃദസംഭാഷണങ്ങളുമായി എന്റെ റൂം ജീവിതം പുതിയ സഹമുറിയനൊപ്പം ഒരാഴ്ച പിന്നിട്ടു. രാത്രി ഏറെ വൈകി വേനല്‍ ചൂടാല്‍ വറ്റി വരണ്ട തൊണ്ട നനക്കാന്‍ എഴുനേല്‍ക്കുമ്പോ ആരോഹണവരോഹണ ക്രമത്തില്‍ വളരെ താളാത്മകമായി, സൗകുമാര്യമേതുമില്ലാത്ത, എന്നാല്‍ സംഗതികള്‍ എല്ലാമുള്ള കൂര്‍ക്കം വലി തകൃതിയായി നടക്കുന്നു. ആദ്യ റൌണ്ടില്‍ തന്നെ അയാളെ എലിമിനെറ്റ് ചെയ്താലോ എന്ന് ഞാന്‍ ചിന്തിച്ചു. ഞാന്‍ ഡേന്ജര്‍ സോണില്‍ ആണെന്ന ഭാര്യയുടെ മുന്നറിയിപ്പുകള്‍ എന്റെ ധൈര്യം തല്ലിക്കെടുത്തി.

കണ്സിസ്റ്റന്റ് ആയൊരു മത്സരാര്‍ത്തിയുടെ ആത്മാര്‍ഥതയോടെ അര്‍പ്പണബോധത്തോടെ വരും ദിവസങ്ങളിലും അദ്ദേഹം തന്റെ പ്രകടനം കൂടുതല്‍ കൂടുതല്‍ മെച്ചപ്പെടുത്തി. നിദ്രാവിഹീനങ്ങള്‍ അല്ലോ എന്നും അവനുടെ രാവുകള്‍ എന്ന ട്യൂണില്‍ നിരന്തരം പാടി അയാളെന്റെ രാവുകളെ അക്ഷരാര്‍ത്ഥത്തില്‍ നിദ്രാവിഹീനങ്ങളാക്കി.എന്റെ രക്തം ഊറ്റികുടിക്കാന്‍ വെറിപൂണ്ടു കിടക്കയില്‍ പാഞ്ഞു നടന്ന മൂട്ടകള്‍ കൃത്യനിര്‍വഹണം നടത്താന്‍ കഴിയാതെ തലയില്‍ കൈവെച്ചയാളെ  പ്രാകി.

രാവിലെ ഖനം തൂങ്ങിയ കണ്ണുകളോടെ കണ്ണാടിയില്‍ ഞാന്‍ എന്നിലൊരു ചൈനക്കാരനെ കണ്ടു. ഉറക്കമില്ലായ്മ തളര്ച്ചയായി ശരീരത്തെ ബാധിച്ചു തുടങ്ങി. കൂര്‍ക്കം വലിയുടെ പേരില്‍ ക്യാമ്പ് ഓഫീസില്‍ കമ്പ്ലൈന്റ് ചെയ്യാന്‍ കഴിയില്ല. ഇയാളോട് മുഷിഞ്ഞാല്‍ , രാത്രിയില്‍ ഉറക്കത്തിലെങ്ങാനും ഭാര്യ ഭയക്കും പോലെ ഇയാളെന്നെ എലിമിനെറ്റ് ചെയ്യാന്‍ തീരുമാനിച്ചാല്‍ !! ചിന്തകള്‍ അങ്ങനെ കാടുകയറി. അവസാനം ഒരു തീരുമാനത്തിലെത്തി.

ശ്രോതാവിന്റെ അവസ്ഥകളെ തന്റെ പ്രകടനം കൊണ്ട് മുക്കിക്കളയുന്ന വിദ്വാനു പാടിതിമിര്‍ക്കാന്‍ വേദി പൂര്‍ണ്ണമായി വിട്ടു കൊടുത്തു കൊണ്ട് ഞാന്‍ പിന്നണിയിലേക്ക് പിന്‍വാങ്ങി.അതെ ആഘോഷങ്ങളില്ല ആഘോഷതിമിര്‍പ്പുകലില്ല. ജോലി കഴിഞ്ഞെത്തി ഹാളിലെ കമ്പ്യൂട്ടറിന്റെ ചുവട്ടില്‍ പത്തര പതിനൊന്നു വരെ പാ വിരിച്ചിരുന്ന ഞാനിപ്പോ അക്ഷരാര്‍ത്ഥത്തില്‍ അതിന്റെ ചുവട്ടില്‍ തന്നെ വിരി വെച്ചു.

എന്റെ യുവരക്തതിനായി കൊതി പൂണ്ടു നടക്കുന്ന മൂട്ടകളെ നിരാശയുടെ അഘാത ഗര്‍ത്തങ്ങളിലേക്ക് വലിച്ചെറിഞ്ഞു ...ശ്രോതാവിനെ മാനിക്കാതെ അപസ്വരങ്ങള്‍ പാടുന്ന ഗായകന്റെ ആത്മരതിയെ മുറിക്കുള്ളില്‍ തളച്ചു, വിശാലമായ ഹാള്‍ സാമ്രാജ്യമാക്കി... ഡേന്ജര്‍ സോണില്‍ നിന്നും ഞാന്‍ പുറത്തു വന്നു. 

16 comments:

  1. -ഞാന്‍ ഡേന്ജര്‍ സോണില്‍ ആണെന്ന ഭാര്യയുടെ മുന്നറിയിപ്പുകള്‍ എന്റെ ധൈര്യം തല്ലിക്കെടുത്തി- ഹ ഹ ഹ. കൊള്ളാം പ്രദീപേട്ടാ ഇഷ്ട്ടമായി ഇനി ഹാള്‍ തന്നെ ശരണം അല്ലെ :)

    ReplyDelete
  2. @ pappa - :))
    @ aniyetta - thanx for your comment.

    ReplyDelete
  3. ഡാ പ്രദീപേ കലക്കി മോനെ കലക്കി. അവന്‍ നിന്നെ എലിമിനെറ്റ് ചെയ്യാതെ നോകിക്കൊടോ.

    ReplyDelete
  4. @kabeel...:)) ഹാള്‍ തന്നിനി ശരണം

    ReplyDelete
    Replies
    1. പ്രദീപ്‌ , വളരെ നന്നായിട്ടുണ്ട് . പാകിസ്ഥാനികള്‍ എല്ലാവരും
      നമ്മുടെ ശത്രുക്കള്‍ അല്ലല്ലോ . എന്നാലും ................

      Delete
  5. @jayaram etta generalise cheythathalla. pothuve ulla chila thettidhaaranakalude perilundaakunnoru pedi.

    ReplyDelete
  6. എന്നാലും ആ പാകിസ്താനി... ലവന്‍ ആള് കൊള്ളാലോ? കൂര്‍ക്കം വലിച്ചു ഒരു ഇന്ത്യക്കന്റെ ഉറക്കം ഹാളില്‍ ആക്കികളഞ്ഞല്ലോ .... ദുഷ്ടന്‍

    ReplyDelete
  7. കൊള്ളാം..
    പറഞ്ഞുപോക്കിനു പകരമായി വാക്കുകള്‍ക്കു ചിലതൊക്കെ ഒളിപ്പിക്കാന്‍ കഴിയുന്നുണ്ട്. നന്നായി നന്നായി വരുന്നു. അവസാനത്തില്‍നിന്നു തിരിച്ചു ചിന്തിച്ചു നോക്കുക. കുറെക്കൂടി ആസ്വാദ്യമാകും.

    ReplyDelete
  8. @ അനിയുടെ അഭിപ്രായം കേള്‍ക്കാന്‍ കാത്തിരിക്കുകയാരുന്നു ഞാന്‍ . അല്‍പ്പം മെച്ചപ്പെട്ടു എന്ന് കേട്ടപ്പോ സന്തോഷം. എഴുത്തിന്റെ സാധ്യതകളെ കുറിച്ച് കൂടുതല്‍ അറിയില്ല. പഠിക്കുന്നു. ഉപദേശങ്ങളും നിര്‍ദ്ദേശങ്ങളും ഉള്‍ക്കൊണ്ടെഴുതാന്‍ ശ്രമിക്കാം.

    ReplyDelete
  9. നന്നായിട്ടുണ്ട്....ഒഴുക്ക് വന്ന പോലെ.... :):):)
    വെറുതെയല്ല ഉറങ്ങാഞ്ഞിട്ടാല്ലേ.... ഹ്മം ഹ്മ്മം
    ഡയിഞ്ചര്‍ സോണില്‍ നിന്നും ഞാനും പുറത്തു വന്നു. . . :):):)

    ReplyDelete
  10. @pinki
    @anil
    Thank you so much for reading & commenting it...

    ReplyDelete

വെറുതെ വായിചിട്ടങ്ങു പോകാതെ....എന്തെങ്കിലുമൊന്നു എഴുത് :)