Saturday, June 9, 2012

പണി പാലുംവെള്ളതില്‍ മാത്രമല്ല പൊതിചോറിലും കിട്ടും


യു പി തലം കഴിഞ്ഞു ഹൈസ്കൂള്‍ ആയപ്പോ കുറച്ചു കൂടി സീനിയര്‍ ആയെന്നൊരു തോന്നലൊക്കെ വന്നു തുടങ്ങി . അതുവരെ പത്തു പൈസ കൊടുത്തു ബസ്സില്‍ യാത്ര ചെയ്തിരുന്ന ഞാന്‍ വീട്ടില്‍ സന്ധിയില്ലാ സമരം നടത്തി സൈക്കിള്‍ വാങ്ങിപ്പിച്ചു.

ചോറ്റുപാത്രത്തില്‍ ഒതുങ്ങിയിരുന്ന എന്റെ ഉച്ചയാഹാരം പൊതി ചോറിലേക്ക്‌ മാറി. വാടിയ ഇലയില്‍ ആവിയോടെ പൊതിഞ്ഞു വെക്കുന്ന ചോറും കറിയും ഉച്ചക്ക് തുറക്കുമ്പോ ഒരു പ്രത്യേക മണമാണ്.അന്നുമിന്നും പൊതിചോറ് ഒരു വലിയ ബലഹീനത ആണ്. അങ്ങനെ പൊതി കെട്ടി കൊണ്ടു പോകുന്ന ചോറിനു ക്ളാസ്സില്‍ പിടിപിടിയാണ്. ഉച്ചക്കുണ്ണാന്‍ പൊതി തുറക്കുമ്പോള്‍  കറികള്‍ മിക്കതും പലരും അടിച്ചുമാറ്റിയിട്ടുണ്ടാവും. പാവം അമ്മ കാലത്തെഴുനേറ്റു ഉണ്ടാക്കി തന്നു വിടുന്ന മുട്ടയും മീനുമൊന്നും ഒരിക്കലും കണികാണാന്‍ കിട്ടിയിരുന്നില്ല.

ഒരു ദിവസം ഇന്റെര്‍വല്‍ കഴിഞ്ഞു വരുമ്പോ ക്ളാസ്സില്‍ പതിവില്ലാത്ത തിരക്കും ബഹളവും. സാറുമ്മാരും കുട്ടികളും കൂടി നില്‍പ്പുണ്ട്. ഞാനും തിരക്കിലേക്കലിഞ്ഞു ചേര്‍ന്ന് മുന്നിലെത്തി. മൂന്നു പഹയന്മാരെ ബെഞ്ചില്‍ കയറ്റി നിര്‍ത്തിയേക്കുവാണു. മൂന്നു പേരുടെയും നെഞ്ചില്‍ ബോഡീസ് ഉണ്ട്. ബോഡീസ് അറിയില്ലേ...പണ്ടത്തെ വലിയമ്മമാര്‍ ഇടുന്ന റൌക്ക. കാഴ്ച കണ്ടു കുട്ടികള്‍ ആര്‍ത്തു ചിരിക്കുകയാണ്...ചിരി പൊട്ടുന്ന മുഖങ്ങള്‍ കഴിയുന്നവിധം ഗൌരവത്തില്‍ പൊതിഞ്ഞു നിര്‍ത്താന്‍ സാറുമ്മാര്‍ പാടുപെടുന്നു .ക്ളാസ് ടീച്ചര്‍ ആയ ശ്രീധരന്‍ നായര്‍ സാര്‍ വെള്ളിച്ചപാടിനെ പോലെ കൈയ്യില്‍ ചൂരലുമായി ഉറഞ്ഞു തുള്ളുകയാണ്..ബോഡീസ് ഇട്ടു നിക്കുന്നവന്മാരെ കണ്ടു ഞാനും വാ വിട്ടു ചിരിച്ചു കൊണ്ട് കുട്ടികളുടെ കൂടെ കൂടി. ബെഞ്ചില്‍ നിക്കുന്നവന്മാരുടെ മുഖം കടലാസ് പോലെ വിളറി വെളുത്തു.

" ഇതെവിടുന്നു കിട്ടിയെടാ..." ആദ്യം നിക്കുന്ന ഉണ്ണിയോടായി സര്‍ അലറി...രൗദ്രഭാവം പൂണ്ട സാറിന്റെ മുന്നില്‍ അവന്മാര്‍ മൂത്രമോഴിക്കുമോന്നു ഞങ്ങള്‍ ഭയന്നു.അതുവരെ ആര്‍ത്തു ചിരിച്ചിരുന്ന ക്ളാസ് റൂമില്‍ ശ്മശാന മൂകത. വിറച്ചു കൊണ്ടവന്‍ ചൂണ്ടിയ വിരല്‍ എല്ലാരുടെയും നോട്ടം എന്നിലേക്ക്‌ തിരിച്ചു വിട്ടു.എന്താണ് സംഭവിക്കുന്നതെന്ന്  മനസ്സിലാക്കി എടുക്കാന്‍ എനിക്ക് കുറച്ചു സമയം വേണ്ടി വന്നു...മനസ്സിനെ ഒന്നു റീ വൈന്റ് ചെയ്തു. മനസ്സെന്തോക്കെയോ ഓര്‍ത്തെടുത്തു. കാര്യത്തിന്റെ ഗൗരവം മനസ്സിലായപ്പോ ബെഞ്ചില്‍ നിന്നവന്മാരുടെ വിറ എന്നിലേക്ക്‌ കുടിയേറി. സാറിന്റെ കിരാതരൂപം അതിന്റെ ആക്കം കൂട്ടി. 

സ്കൂളില്‍ പോകും വഴി ജങ്ങ്ഷനിലെ തയ്യകടയില്‍ കൊടുക്കാന്‍ മുത്തശ്ശി ഏല്‍പ്പിച്ച പൊതിയാണ് കശ്മലന്മാര്‍ പൊതിചോറാണെന്നു കരുതി വലിച്ചു പൊക്കി, അര്‍മ്മാദിച്ചു, എന്നെ ഈ ഗതിയിലെത്തിച്ചത് . എന്റെ മറവിയെ നൂറായിരം തവണ ശപിച്ചു, സന്തോഷമായി ഗോപിയേട്ടാ സന്തോഷമായി എന്ന ദയനീയ ഭാവത്തോടെ ലവന്മാരെ ഒന്ന് നോക്കിയിട്ട് ഞാന്‍ സാറിന്റെ മുന്നില്‍ കീഴടങ്ങി. സര്‍ എന്നെ വളരെ ആത്മാര്‍ഥമായി തന്നെ കൈകാര്യം ചെയ്തു. കൂട്ടുകാര്‍ സ്പോണ്‍സര്‍ ചെയ്ത ബോഡീസ് ഇവെന്റ്റ്‌ നല്‍കിയ ക്ഷതങ്ങള്‍ എന്നെ ബെഞ്ചില്‍ ഇരിക്കാന്‍ കഴിയാത്തവിധമാക്കിയിരുന്നു 

7 comments:

  1. ഹ ഹ ഹ ചിരിച്ചു ചത്ത്‌ ...എന്നാലും അവന്മാര്‍ക്ക് അതെടുക്കാന്‍ കൊള്ളാവോ :))

    ReplyDelete
  2. കശ്മലന്മാര്‍............. ;)

    ReplyDelete
  3. This comment has been removed by the author.

    ReplyDelete
  4. appoll rowkaa kallanee pidikittii innii aa pachaa daawanii aarudethaa masheee..kiiii

    ReplyDelete
  5. ഹ ഹ ചിരിച്ചു മതിയായി

    ReplyDelete
  6. ഹി ഹി ഞാനും ചിരിച്ചു മരിച്ചു... സംഭവമായി.... ആ കൂട്ടൂക്കാരൊക്കെ ഇപ്പോ എവിടാ???

    അവര്‍ക്കും ആര്‍മാദിച്ചു ചിരിക്കാമായിരുന്നു ഇതു കണ്ടെങ്കില്‍.....

    ReplyDelete
  7. ശരിക്കും ചിരിപ്പിച്ചു പ്രദീപേ. ജീവിതാനുഭവങ്ങള്‍ രസകരമായി പങ്കുവെക്കുന്നതിനു അഭിനന്ദനങ്ങള്‍

    ReplyDelete

വെറുതെ വായിചിട്ടങ്ങു പോകാതെ....എന്തെങ്കിലുമൊന്നു എഴുത് :)