Tuesday, June 12, 2012

പ്രാര്‍ത്ഥിക്കാന്‍ എല്ലാവര്ക്കും ഓരോ കാരണങ്ങളുണ്ട്

എസ്‌ എസ്‌ എല്‍ സി എന്ന ലോകാവസാന പരീക്ഷയുടെ സമ്മര്‍ദങ്ങളും സ്കൂള്‍ ജീവിതത്തിന്റെ തനതു നിയന്ത്രണങ്ങളും പിഴിഞ്ഞുണക്കിയ അവസ്ഥയിലാണ് ഞാന്‍ പ്രീ-ഡിഗ്രീ ഒന്നാം വര്‍ഷ പഠനത്തിനായി കോളേജില്‍ എത്തുന്നത്. അവാച്യമായൊരു സ്വാതന്ത്ര്യം, അമിത നിയന്ത്രണങ്ങളെതുമില്ലാത്തൊരു പുതുലോകം അവിടെ എനിക്കായി കാത്തിരുന്നു..

കൈവന്ന സ്വാതന്ത്ര്യവും കോളേജിലെ അനുകൂല അന്തരീക്ഷവും എന്നില്‍ ചെറിയ ചെറിയ മാറ്റങ്ങള്‍ വരുത്തി തുടങ്ങി. ലുക്കൊക്കെ ഒന്ന് മാറി. തലയില്‍ നിറയെ എണ്ണ വെച്ചു ഒരു ജാതി പഠിപ്പിസ്റ്റ് സ്റ്റൈലില്‍ മുടി സൈഡിലേക്ക് ചീകി വെച്ചു നടന്നിരുന്ന ഞാന്‍ മുടി ഹീറ്റ് ചെയ്യിച്ചു; വട്ട ചീപ്പിട്ടു പിറകോട്ടു ചീകി സ്റ്റൈല്‍ മൊത്തത്തില്‍ അങ്ങ് മാറ്റി. വീട്ടിലെ കണ്ണാടി സ്വകാര്യ സ്വത്താക്കി മണിക്കൂറുകളോളം അതിനു മുന്നില്‍ ഞാന്‍ ചിലവഴിച്ചു. പട്ടി ചന്തക്കുപോകും പോലെ സ്കൂളില്‍ പോയിരുന്ന ഞാന്‍ വേഷവിധാനങ്ങളില്‍ അതീവ ശ്രദ്ധാലുവായി. വീട്ടില്‍ സ്ഥിരമായി വാങ്ങിയിരുന്ന ഇഷ്ടിക (ലൈഫ്ബോയ്‌ ) സോപ്പു മാറ്റി മണസോപ്പുകളായ ലെക്സും സിന്തോളും വാങ്ങിപ്പിച്ചു. എന്നിലെ പ്രകടമായ മാറ്റങ്ങള്‍ കണ്ട അമ്മ പലപ്പോഴും സംശയദൃഷ്ടിയോടെ എന്നെ നോക്കി. 

മിക്സഡ്‌ സ്കൂളില്‍ പഠിച്ചെങ്കിലും പെണ്‍കുട്ടികള്‍ എന്നുമെനിക്കൊരു പേടി സ്വപ്നമാരുന്നു. വര്‍ഷങ്ങളോളം കൂടെ പഠിച്ച പെണ്‍കുട്ടികളോട് പോലും വളരെ വിരളമായി മാത്രമേ ഞാന്‍ സംസാരിച്ചിരുന്നുള്ളൂ. കോളേജില്‍ എത്തിയപ്പോ ജാള്യത കുറേശെ മാറി തുടങ്ങി. പെണ്‍കുട്ടികളോട് അത്യാവശ്യം സംസാരിക്കാന്‍ തുടങ്ങി.

ഒന്നാം വര്‍ഷം പകുതി ആയപ്പോഴേക്കും, സഹപാഠിയായ ചുരുണ്ട മുടിക്കാരിയോടു ചെറിയ പ്രേമം തോന്നി തുടങ്ങി. അവിചാരിതമായി മുഖാമുഖം വരുമ്പോഴൊക്കെ ഒരു പുഞ്ചിരി സമ്മാനിചവള്‍ കടന്നു പോകും എന്നല്ലാതെ അനുകൂലമായ ഒരു നോട്ടം പോലും എനിക്കവളില്‍ നിന്നു കിട്ടിയിരുന്നില്ല. എന്നിട്ടും എന്നിലെ പ്രേമം വളര്‍ന്നു കൊണ്ടേ ഇരുന്നു.

യാതൊരുവിധ പുരോഗതിയുമില്ലാതെ വണ്‍ വേ ആയി അതങ്ങനെ നിലകൊണ്ടു. തുറന്നുപറച്ചില്‍ ഈ ജന്മത്തു നടക്കില്ലെന്നു എന്റെ ആത്മവിശ്വാസം എന്നെ പലപ്പോഴും ഓര്‍മ്മിപ്പിച്ചു കൊണ്ടേ ഇരുന്നു. പിന്നെ ഉള്ള ഒരേ ഒരു മാര്‍ഗം പ്രേമലേഖനമാണ്. അതെങ്ങനെ എഴുതണം, എന്തെഴുതണമെന്നോന്നും ഒരെത്തും പിടിയുമില്ല. ഏതു കാര്യത്തിനും അനുഭവസമ്പത്തൊരു  മുതല്കൂട്ടാണെന്ന് ഞാന്‍ തിരിച്ചറിഞ്ഞ നാളുകളാരുന്നതു.പലപ്പോഴായി ഞാന്‍ എന്റെ പ്രണയത്തെ വരികളിലേക്ക് ആവാഹിച്ചു നോക്കി. മിക്കതും തനി പൈങ്കിളി ആവുന്നു എന്ന നിഗമനത്തില്‍ പലപ്പോഴും വലിച്ചു കീറി കളഞ്ഞു. വരികളും ഞാനുമായുള്ള അഭിപ്രായഭിന്നത അതീവരൂക്ഷമായി അങ്ങനെ നീണ്ടു. ഈ കാലങ്ങളില്‍ എല്ലാം അവളെ എങ്ങനെയും ഇമ്പ്രെസ്സ് ചെയ്യാന്‍ മാനസികവും ശാരീരികവുമായ പല തയാറെടുപ്പുകളും ഞാന്‍ നടത്തി. 

എന്റെ തയാറെടുപ്പുകളും മാറ്റങ്ങളും അവള്‍ തൃണവല്ക്കരിചെങ്കിലും വളരെ സൂഷ്മമായി എന്നെ ഒരാള്‍ വീക്ഷിക്കുന്നുണ്ടാരുന്നു. അത് മറ്റാരുമല്ല, എന്റെ അമ്മ തന്നെ. "മോനെ നിന്റെ പോക്കത്ര ശരിയല്ലാ...." എന്ന ധ്വനി ആ നോട്ടങ്ങല്‍ക്കുണ്ടാരുന്നു. ചിലപ്പോഴെങ്കിലും അത് ചോദ്യങ്ങളായി ബഹിര്‍ഗമിച്ചു." എന്തോന്നാടാ ഇത്... ഇരുപത്തിനാലു മണിക്കൂറും കണ്ണാടിയുടെ മുന്നിലൊരു തിരുവാതിര കളി...എന്താ ഉദ്ദേശം..."കൗമാരത്തിന്റെ ട്രേഡ് മാര്‍ക്ക് നീരസത്തോടെ, മുഖം ചുളിച്ചു ഞാന്‍ അതിനെ നേരിട്ടു.

പ്രണയാഭ്യര്‍ത്ഥന നടത്താന്‍ കഴിയാതെ നിര്‍ഗുണനായി പ്രേമലേഖനങ്ങള്‍ എഴുതിയും കീറിയും ഞാന്‍ എന്റെ ദിവസങ്ങള്‍ തളളി നീക്കി. ഒരു ദിവസം കുളിയും തേവാരവും കഴിഞ്ഞു കണ്ണാടിക്കു മുന്നിലെ പതിവ് ചവിട്ടുനാടകവുമായി നില്‍ക്കുമ്പോ  അടുക്കളയില്‍ നിന്നു അമ്മയുടെ പരിവേദനങ്ങള്‍ കേട്ടു തുടങ്ങി. " വെളുപ്പാന്‍ കാലതെഴുനേറ്റു ചോറും കറിയും ഉണ്ടാക്കി കൊടുത്തു വിടുന്ന തള്ളേ  ഓര്‍ക്കാമല്ലോ...വേണ്ടാ....അന്യനാട്ടില്‍ പോയി കിടന്നു കഷ്ടപെടുന്ന ആ മനുഷ്യനെ ഓര്‍ക്കാമല്ലോ........"

ഇതൊക്കെ പറയാനും മാത്രമിപ്പോ ഇവിടെന്തുണ്ടായി എന്ന ഭാവത്തില്‍ ആശയകുഴപ്പതോടെ നില്‍ക്കുമ്പോ ദേ വരുന്നു അടുത്ത ഡയലോഗ് ."സ്വന്തം അച്ഛനും അമ്മയ്ക്കും വേണ്ടി പ്രാര്‍ഥിക്കാന്‍ അവനു നേരമില്ല...."

ഞാന്‍ അച്ഛനും അമ്മയ്ക്കും വേണ്ടി പ്രാര്‍ഥിക്കാറില്ലേ ...!! അല്ലെങ്കില്‍ തന്നെ ഞാന്‍ എന്താണ് പ്രാര്‍ഥിക്കുന്നതെന്ന്  ഗണിചെടുക്കാന്‍ അമ്മക്കെന്താ ജ്യോതിഷമറിയുമോ..തികട്ടി വന്ന  ചോദ്യങ്ങളെ മൌനത്തിലലിയിച്ചു പഠന നാടകവുമായി മുറിയിലേക്ക് കയറി. തലേന്ന്  ഡ്രാഫ്റ്റ് ചെയ്ത പ്രണയ ലേഖനം ഫൈനല്‍ ടച്ചിംഗ്നായി അടുക്കി വെച്ചിരുന്ന ബുക്കിനുള്ളില്‍ നിന്നു വലിച്ചെടുത്തു. ഫൈനലൈസ്‌ ചെയ്യാനുള്ള തയാറെടുപ്പെന്നോണം ഒന്ന് വായിച്ചു നോക്കി. കുഴപ്പമില്ല. ഇതെറിക്കും. ഇതില്‍ അവളു വീഴും...ഉറപ്പാ..എന്ന് ആത്മന്‍ അടിച്ചു മനസ്സിന്റെ ശുഭാപ്തി വിശ്വാസത്തെ അരക്കിട്ടുറപ്പിച്ചു കത്ത് ബുക്കിലേക്ക് തിരിച്ചു തിരുകുമ്പോ...കത്തിലെ ഒരു വരി മനസ്സില്‍ വീണ്ടും വീണ്ടും മാറ്റൊലി കൊണ്ടു. കത്ത് തിരിച്ചെടുത്തു വീണ്ടും വായിച്ചു.....

എനിക്ക് തല കറങ്ങുന്നതു പോലെ തോന്നി...ആ നിന്ന നില്‍പ്പില്‍ ഇല്ലാതായി പോയെങ്കില്‍ എന്നാഗ്രഹിച്ചു....പേടിയോടെ ഞാന്‍ ആ വരി ഒരിക്കല്‍ കൂടി വായിച്ചു..."എന്നെ നിനക്കിഷ്ടമാവണേ എന്നത് മാത്രമാണിന്നെന്റെ പ്രാര്‍ത്ഥന..." ഈശ്വരാ...ആ വിളിയെന്റെ തൊണ്ടയില്‍ കുരുങ്ങി...

നമ്രശിരശ്കനായി  കുറ്റബോധത്തോടെ ഞാന്‍ അടുക്കളയിലേക്കു ചെന്നു...എല്ലാം  മനസ്സിലായമ്മേ..എല്ലാം മനസ്സിലായി....എന്ന ഭാവത്തോടെ കൈയ്യിലിരുന്ന കത്ത് ഞാന്‍ അടുപ്പിലേക്കിട്ടു. 

18 comments:

  1. ആ വരി കൂടി എഴുതീരുന്നെങ്കില്‍ ജോറായേനെ!!!

    ReplyDelete
  2. copy paste ചെയ്തപ്പോ മുറിഞ്ഞു പോയതാണ് ആ ലൈന്‍ ..

    ReplyDelete
  3. ഇപ്പോഴാണ് അത് പൂര്‍ണ്ണമായത്!!!

    ReplyDelete
  4. "ഒരു ജാതി പഠിപ്പിസ്റ്റ് സ്റ്റൈലില്‍ മുടി സൈഡിലേക്ക് ചീകി വെച്ചു നടന്നിരുന്ന ഞാന്‍ മുടി ഹീറ്റ് ചെയ്യിച്ചു; വട്ട ചീപ്പിട്ടു പിറകോട്ടു ചീകി സ്റ്റൈല്‍ മൊത്തത്തില്‍ അങ്ങ് മാറ്റി" ഇത് ശരിക്കും എന്റെ ജീവിതത്തിലും സംഭവിച്ചിട്ടുണ്ട് പ്രദീപ്‌.... എഴുത്ത് നന്നായിട്ടുണ്ട്..ഇഷ്ടപ്പെട്ടു...

    ReplyDelete
  5. Kollaam nannaiyittundu

    ReplyDelete
  6. ബാക്കി കൂടെ പറ പ്രദീപേ, ആ പ്രേമം എന്തായി ?

    ReplyDelete
  7. ഒരാത്മാര്‍ത്ഥതയില്ലാത്ത പ്രാര്തനയായി പോയി പ്രദീപേ. :) പണ്ട് ആറാം ക്ലാസില്‍ പഠിക്കുമ്പോള്‍, കൊച്ചുപുസ്തകം അമ്മ പിടികൂടി. അത്രക്കും തീവ്രമായി അതിന് മുന്‍പും പിന്‍പും ദൈവത്തെ വിളിച്ചിട്ടില്ല.

    ReplyDelete
  8. എല്ലാം മനസ്സിലായമ്മേ..എല്ലാം മനസ്സിലായി...ഹ ഹ പ്രദീപ്‌ ഏട്ടാ കലക്കി .സൂപ്പര്‍ ആയി എഴുതി :)))

    ReplyDelete
  9. വായിക്കാനും കമന്റ്‌ ചെയ്യാനും സമയം കണ്ടെത്തിയ എന്റെ കൂട്ടുകാര്‍ക്ക് ഒരുപാടൊരുപാട് നന്ദി.

    ReplyDelete
  10. @smitha:ആ പ്രേമം ആ കത്തിനൊപ്പം അടുപ്പില്‍ എരിഞ്ഞടങ്ങി.

    ReplyDelete
  11. നന്നായിട്ടുണ്ട് പ്രദീപ്‌. തുടര്‍ന്നെഴുതുക. ഇങ്ങനൊരു പരുപാടി ഉണ്ടെന്നു അറിഞ്ഞില്ല :))

    ReplyDelete
  12. ."എന്നെ നിനക്കിഷ്ടമാവണേ എന്നത് മാത്രമാണിന്നെന്റെ പ്രാര്‍ത്ഥന..." ഈശ്വരാ...ആ വിളിയെന്റെ തൊണ്ടയില്‍ കുരുങ്ങി...


    അപ്പൊ ഇതൊക്കെയാണ് പ്രാര്‍ത്ഥന അല്ലെ???

    ഹി ഹി ഗംഭീരായി..... :)

    ReplyDelete
  13. SAMFAVAM ADE POLE PENA APANU PARNU POYYO...OOOOOOOOOOOOO

    ReplyDelete
  14. @ അനിമേഷ്
    @ രാമു
    @ പിങ്കി
    @ സാവന്‍
    @ പേരില്ലാത്ത സുഹൃത്ത്‌....എല്ലാവര്ക്കും നന്ദി.

    ReplyDelete
  15. @shahid ibrahim - thanx for reading...:))

    ReplyDelete

വെറുതെ വായിചിട്ടങ്ങു പോകാതെ....എന്തെങ്കിലുമൊന്നു എഴുത് :)