കൗമാരക്കാരുടെ സഹജ തോന്ന്യാസങ്ങളും അലമ്പുകളുമായി കലുങ്കിലെ സായാഹ്നജീവിതം ആഘോഷതിമിര്‍പ്പോടെ മുന്‍പോട്ടു പോകുന്ന കാലത്ത് തന്നെ ചില വീണ്ടുവിചാരങ്ങള്‍ ഞങ്ങളില്‍ തലപൊക്കി. മൂവന്തി മുതല്‍ പാതിരാവരെ നീളുന്ന അലമ്പുകളില്‍ മാത്രമൊതുങ്ങി നില്‍ക്കണ്ടതല്ല ഈ കൂട്ടായ്മ. നാട്ടുകാരെ അലോരസപ്പെടുത്തുന്ന കൂക്കുവിളിയും അട്ടഹാസങ്ങളുമായി എന്നുമിങ്ങനെ നേരം കൊന്നിട്ട് കാര്യമില്ല. നാട്ടുകാര്‍ക്കും വീട്ടുകാര്‍ക്കുമിടയില്‍ സാമാന്യം മോശമല്ലാത്ത ചീത്തപേരു ഇപ്പൊ തന്നെ ഉണ്ട് . അത് മാറ്റി എടുത്തേ മതിയാകൂ.
പിന്നീടുള്ള ദിവസങ്ങളില്‍ പലപ്പോഴും അതിനെ കുറിച്ചായി ചര്‍ച്ചകള്‍ . വാര്‍ക്കപണിക്കു പോന്ന പോക്കാടനും, തൊട അനിയുമൊക്കെ പണിതിരക്കുകള്‍ മാറ്റിവെച്ചു ഞങ്ങളോടൊപ്പം തല പുകച്ചു. അന്നൊക്കെ നാട്ടില്‍ മുക്കിനും മൂലയിലും ക്ളബ്ബുകളാണ് . നേതാജി ആര്‍ട്സ് & സ്പോര്‍ട്സ് ക്ളബ്, ആരാധനാ ആര്‍ട്സ് ക്ളബ് എന്ന് വേണ്ടാ ഓണമായാല്‍ തെങ്ങേ പാട്ടും (മൈക്ക് ) ഏകാങ്ക നാടകമത്സരവും ഒക്കെയായി നാട്ടുകാരുടെ ചിലവില്‍ അലമ്പിന്റെ കൂത്തരങ്ങാണ് . ക്ളബ് ഉണ്ടാക്കി ഭാരംതാങ്ങികളാകാന്‍ മുട്ടി നില്‍ക്കുന്നവരാണ് തൊട അനിയും പോക്കാടനും. ആളുകളിച്ചു നാട്ടുകാരുടെ മുന്‍പില്‍ ഷൈന്‍ ചെയ്യുക എന്നതില്‍ കവിഞ്ഞൊരു സദുദ്ദേശവും അതിനു പിന്നിലില്ലെന്ന് എല്ലാര്‍ക്കുമറിയാം. ഭാരവാഹിയായി കക്ഷത്തില്‍ ബാഗും തിരുകി, തൊടക്ക് മുകളില്‍ കൈലി മാടികുത്തി, വായോഴിയാതെ വിവരദോഷം വിളമ്പി ക്ളബ് ഭരണവുമായി നടക്കുന്ന അനിയെ സങ്കല്‍പ്പിക്കാന്‍ പോലും ഞങ്ങള്‍ക്ക് കഴിയില്ലാരുന്നു.
ചര്‍ച്ചകള്‍ക്കൊടുവില്‍ ക്ളബ് വേണ്ടാ എന്ന തീരുമാനത്തിലെത്തി. നാട്ടുകാര്‍ക്ക് ഗുണം ചെയ്യുന്ന തരത്തില്‍ ഒരു കൂട്ടായ്മ. ആ ചിന്ത പൗരസമിതി എന്ന ആശയത്തിന് വഴിവെക്കുകയും, ഭൂരിപക്ഷാഭിപ്രായത്തോടെ തീരുമാനിക്കപ്പെടുകയും ചെയ്തു. അങ്ങനെ "പുരോഗമന പൗരസമിതി" നിലവില്‍ വന്നു. കലുങ്കില്‍ ഒത്തുകൂടുന്നതും അല്ലാതതതുമായ സകല ചില്ലറകളെയും പിടിച്ചു അംഗങ്ങള്‍ ആക്കി സംഘബലം കൂട്ടി. രൂപികരിച്ച നാള്‍ മുതല്‍ സമിതി പേരില്‍ മാത്രം പുരോഗമനം ഉള്‍ക്കൊണ്ടു പ്രവര്‍ത്തനരഹിതമായി നിലകൊണ്ടു.
തോന്ന്യാസികള്‍ എന്ന ലേബലില്‍ നിന്നും പൗരസമിതിക്കാര്‍ എന്ന പ്രോമോഷനോട് കൂടി ആയി പിന്നെയുള്ള അര്‍മ്മാദങ്ങള്‍ . തോന്ന്യാസങ്ങള്‍ക്കൊക്കെ ഒരു ഔദ്യോഗിക പരിവേഷം വന്നു. കാര്യമായ പ്രവര്‍ത്തനങ്ങള്‍ ഒന്നുമില്ലാതെ നാമമാത്രമായി സമിതി അങ്ങനെ തന്നെ നിലകൊണ്ടു.എങ്ങനെ, എന്ത്, എവിടെ തുടങ്ങണമെന്ന ആശയകുഴപ്പം തന്നെ ആരുന്നു കാരണം. പറഞ്ഞും കേട്ടും സമിതിയെ കുറിച്ച് നാട്ടുകാര്‍ അറിഞ്ഞു. നാട്ടുകാര്‍ അറിഞ്ഞതോടെ സാമൂഹ്യസേവനം ജന്മാവകാശമാക്കിയ ഗൗരവത്തോടെയായി സമിതിക്കാരുടെ നടപ്പും ഭാവവും സംസാരവുമൊക്കെ.
കിണര്‍ കോരി ഇറക്കുക എന്നൊരു പരുപാടി ഉണ്ടന്ന് (ഇന്നുമുണ്ട് ). കിണറ്റില്‍ ഇറങ്ങി അഴുക്കുകളൊക്കെ നീക്കം ചെയ്തു...തൊടികളിലെ പായലും വഴുക്കലുമൊക്കെ തേച്ചിറക്കി വെള്ളം കോരി കളയണ പരുപാടി. മിക്ക വീടുകളിലും കിണറിറക്കാന്‍ ആളില്ലാതെ വിഷമിക്കുന്ന സമയം.അങ്ങനെ പൗരസമിതി ആ ദൗത്യം ഏറ്റെടുത്തു. കിണറിറക്കി കഴിയുമ്പോ ഒരു ഗ്ലാസ് ചായക്കൊപ്പം എന്തെങ്കിലുമൊരു കടിയുമുണ്ടാകും. അത് ഏത്തക്ക പുഴുങ്ങിയതോ, ചീനി വറ്റല്‍ കുഴച്ചതോ അങ്ങനെ എന്തെങ്കിലും ആവാം. സാമൂഹ്യ പ്രവര്‍ത്തനത്തിനൊപ്പം ആഹാരവും നാട്ടുകാര്‍ക്കിടയില്‍ ഒരു വിലയുമൊക്കെ ആയപ്പോ സമിതി അലസത വെടിഞ്ഞുണര്‍ന്നു.
കനാല്‍ പാലത്തിനു കിഴക്കായി കുടികിടപ്പ് സ്ഥലത്തന്നു കുറേ കുടുംബങ്ങള്‍ കൂട്ടമായി താമസിക്കുന്നുണ്ട് .വളരെ നിര്‍ധനരായ സാധാരണക്കാര്‍ .അതിലൊരു വീട്ടിലെ പെണ്‍കുട്ടിയുടെ വിവാഹമാണ്. സമിതിക്കാരുടെ സഹായം വേണമെന്ന് പറഞ്ഞപ്പോ സന്തോഷത്തോടെ എല്ലാരുമിറങ്ങി തിരിച്ചു. ഞങ്ങളുടെ നാട്ടിലൊക്കെ കല്യാണ പിറ്റേന്ന് മൈക്ക് സെറ്റ് ഒക്കെ വെച്ചു സംഭാവന വാങ്ങുന്നൊരു വൃത്തികെട്ട കീഴ്വഴക്കമുണ്ട്. സംഭാവന തരുന്നവര്‍ വീട്ടില്‍ ഒരുക്കിയിരിക്കുന്ന കാപ്പിയുടെ(ഹലുവ, ഏത്തക്ക, അവല്‍ ) ഒരു പങ്കു കഴിച്ചിട്ട് പോകും. സമിതി തങ്ങളുടെ സേവനത്തിന്റെ ആദ്യഘട്ടമെന്ന രീതിയില്‍ കലവറ (കാപ്പിയുടെ പങ്കു പ്ലേറ്റുകളില്‍ സെറ്റ് ചെയ്യുന്ന മുറി) കൈകാര്യവും കാപ്പി സപ്ലൈയും ഏറ്റെടുത്തു. കലവറയുടെ ചാര്‍ജ് തുട അനിക്കും കുരുട്ടു പപ്പനും വിട്ടു കൊടുത്തു. കലവറ സെറ്റ് ചെയ്യുമ്പോ ഉണ്ടായ തര്‍ക്കം അടിയുടെ വക്കുവരെ എത്തി. സേവനം ഒരു ശല്ല്യമാകുന്ന ഘട്ടമെത്തിയപ്പോ തല്‍സ്ഥാനത് നിന്നു രണ്ടിനേയും സപ്പ്ലൈയിലേക്ക് സ്ഥലം മാറ്റി, വേടന്‍ രാജുവിനെ കലവറ ഏല്‍പ്പിച്ചു. സപ്ലൈ ചെയ്യുമ്പോഴൊക്കെ ആരെയോ അനാവശ്യമായി കുറ്റം പറഞ്ഞും വന്നു പോകുന്ന പെണ്‍കുട്ടികളെ ട്യൂണ്‍ ചെയ്തും അനി പന്തലില്‍ ചെറിയ തോതില്‍ അലമ്പു തുടങ്ങി.
കല്യാണവീടുകളില്‍ പൊതുവേ കണ്ടു വരുന്ന ആളുകളാണ് വകുപ്പീരുകാര്‍ . എവിടെയും ഓടി നടന്നു...ഒരു പണിയും ചെയ്യാതെ നാക്ക് കൊണ്ട് കോണകമുടുപ്പിക്കുന്ന കുറേ ജന്മങ്ങള്‍ . കിളവന്മാരാന് ഏറെയും. ഈ കല്യാണ വീട്ടിലും ഒരെണ്ണം എത്തിപെട്ടു. വായില്‍ നിറഞ്ഞു നിക്കുന്ന മുറുക്കാന്‍ തുപ്പാതെ...ഒരു അഴകൊഴകന്‍ സംഭാഷണവുമായി സകലെരെയും ഭരിച്ചു നടക്കുന്നു.
പന്തലില്‍ ചില്ലറ അലമ്പുകളുമായി നടന്ന അനി വന്നു പെട്ടത് മൂപ്പില്സിന്റെ മുന്നില്‍ ." നീയാണോടാ ഇവിടുത്തെ സപ്പ്ലയര്‍ ...നിന്നെ ഞാന്‍ കുറേ നേരമായി ശ്രദ്ധിക്കുന്നു...നിന്റെ വാ ഒഴിഞ്ഞ നേരമില്ലല്ലോടാ...കലവറയില്‍ നിന്നെടുക്കുന്ന കാപ്പി ഒക്കെ ഇതെങ്ങോട്ടാടാ പോകുന്നത്..." വായിലെ മുറുക്കാന്‍ മൊത്തം അവന്റെ ദേഹത്തേക്ക് തെറുപ്പിച്ച് കൊണ്ട് അയാള്‍ പരുഷമായി ചോദിച്ചു.. ആകെ നിശബ്ദത...കലവറക്കുള്ളില്‍ നിന്നവരും ഞങ്ങളെല്ലാരും പന്തലിലേക്ക് നോക്കി...കലിപ്പുകള്‍ തീരുന്നില്ലല്ലോ തള്ളെ എന്ന ഭാവത്തില്‍ അനി അയാളെ തറപ്പിച്ചു നോക്കി....തൊടക്ക് തൊട്ടു മുകളില്‍ നില്‍ക്കുന്ന കൈലിയിലേക്ക് അനിയുടെ വലം കൈ നീളുന്നത് ഞങ്ങള്‍ ശ്രദ്ധിച്ചു. " ഈശ്വരാ" എന്നൊരു വിളി ഞങ്ങളുടെ തൊണ്ടയില്‍ കുരുങ്ങി...അവന്‍ കാപ്പി പോയ സ്ഥലം മൂപ്പില്സിനെ പൊക്കി കാണിക്കും...ഉറപ്പാണ്....അങ്ങനെ ഉണ്ടായാല്‍ കപ്പല്‍ കയറുന്നത് സമിതിയുടെ മാനമാണ്. രംഗം വഷളാകുന്നു എന്ന് തോന്നിയപ്പോ സമിതിയിലെ വിവേകിയും മുതിര്ന്നവനുമായ മാക്കാന്‍ ഇടപെട്ടു...അനിയെ അനുനയിപ്പിച്ചു പന്തലിനു പുറത്തു കൊണ്ട് പോയി.
വീട്ടിലെ സ്ഥലപരിമിതി മൂലം കല്യാണം അടുത്തുള്ള ക്ഷേത്രത്തില്‍ വെച്ചാണ്. കല്യാണ സദ്യക്കുള്ള കാര്യങ്ങള്‍ തലേന്ന് രാത്രി തന്നെ ഒരുക്കും. ദേഹണ്ണക്കാരന് കുറേ സഹായികളെ വേണം. കൂലിക്ക് ആളെ നിര്‍ത്തി ചെയ്യിക്കാന്‍ ശേഷി ഇല്ലാതവരായത് കൊണ്ട് ഞങ്ങള്‍ ആ ജോലി ഏറ്റെടുത്തു. തേങ്ങ പൊതിക്കലും, തിരുമലും, അരി കഴുകലും, പ്രഥമനുള്ള അട പുഴുങ്ങിയുമൊക്കെ ഞങ്ങള്‍ ആവുംവിധം സഹായിച്ചു കൊണ്ടിരുന്നു. രാത്രി മൂന്നരയോടെ അരി അടുപ്പില്‍ ഇടണമെന്ന് ദേഹണ്ണക്കാരന്‍ പറഞ്ഞു. ആ ജോലി അനിയെ ഏല്‍പ്പിച്ചു. അടുപ്പിലേക്ക് വാര്‍പ്പ് പിടിച്ചു വെച്ചു വെള്ളമൊഴിച്ച് തീകൂട്ടാന്‍ ഞാനും അവന്റൊപ്പം കൂടി. കുറേ കഴിഞ്ഞപ്പോ വകുപ്പീരുകാരന്‍ മൂപ്പില്സ് എവിടൊക്കെയോ തെണ്ടി തിരിഞ്ഞു അവിടെത്തി. " വെള്ളം തിളക്കുന്നെനു മുന്‍പാണോടാ അരി കഴുകി ഇടുന്നെ...ചഗായിക്കാന്‍ വന്നിരിക്കുന്നു....ഫൂ...." കലികൊണ്ട് ചുമന്ന അനി അയാളുടെ മുഖത്ത് ചൂട് വെള്ളം കോരി ഒഴിക്കുമെന്നെനിക്ക് തോന്നി. ഞാന്‍ അവനെ ഇനിയും പ്രശ്നം ഒന്നുമുണ്ടാക്കല്ലേ എന്ന അപേക്ഷയോടെ ദയനീയമായി നോക്കി. കിളവന്‍ എന്തൊക്കെയോ പിറുപിറുത്തു കൊണ്ട് നടന്നു നീങ്ങി.
വെളുപ്പിനെ എപ്പോഴൊ കിട്ടിയ ബെഞ്ചിലും ഡെസ്കിലുമായി എല്ലാരും ഒന്ന് മയങ്ങി. കാലത്ത് തന്നെ കുളിച്ചു ക്ഷേത്രത്തിലെത്തി. വരന്റെ ആളുകള്‍ ഒമ്പതരക്ക് എത്തും. വരുന്നവര്‍ക്ക് സ്ക്വാഷ് വെള്ളം കലക്കി കൊടുക്കുന്നൊരു പതിവുണ്ടല്ലോ. സുതാര്യമായ പ്ലാസ്റിക് ഗ്ലാസില്‍ മഞ്ഞ നിറത്തിലുള്ള വെള്ളം പ്ലേറ്റില്‍ നിരത്തി വെച്ചു കൊണ്ട് നടന്നു കൊടുക്കാന്‍ ആണ്‍കുട്ടികള്‍ മത്സരമാണ്. അങ്ങനെ വെള്ളത്തിന്റെ സെറ്റ് അപ്പ് അനിക്ക് വിട്ടു കൊടുത്തു. ഇങ്ങനുള്ള കാര്യങ്ങള്‍ ചെയ്യാന്‍ അവന്‍ കഴിഞ്ഞേ ഉള്ളാരും. അങ്ങനെ ഒമ്പതരയോടെ വരനും കൂട്ടരുമെത്തി....അനിയുടെ ട്രേഡ് മാര്‍ക്ക് ബോഞ്ചി വെള്ളം കുട്ടികള്‍ ഓടി നടന്നു വിതരണം ചെയ്തു. ആളുകള്‍ മണ്ഡപത്തിന് ചുറ്റുമുള്ള ഇരിപ്പിടങ്ങളില്‍ ആസനസ്തരായി. നാദസ്വരക്കാര്‍ അവരുടെ പരുപാടി തുടങ്ങി. 10 .30 ക്കാണു മുഹൂര്‍ത്തം.
അങ്ങനെ മുഹൂര്‍ത്തം അടുത്തു. നാദസ്വരവും തകിലടിയും മുറുകി. താലി പൂജയും അനുബന്ധ കാര്യങ്ങളും വേദിയില്‍ നടക്കുന്നു. അടുത്ത ഇനം ദക്ഷിണ വാങ്ങി പെണ്ണിനെ ചെറുക്കന്റെ കൈയ്യില്‍ ഏല്‍പ്പിക്കുക എന്ന ചടങ്ങാണ്. സാധാരണ പെണ്‍കുട്ടിയുടെ അച്ഛനാണ് ആ കൃത്യം നിര്‍വഹിക്കണ്ടത്. പെണ്ണിന്റെ അച്ഛന്‍ നേരത്തെ മരിച്ചു പോയത് കൊണ്ട് അമ്മാവനോ മറ്റു മുതിര്‍ന്ന ആണുങ്ങള്‍ ആരെങ്കിലും ആ കര്‍മ്മം നിര്‍വഹിക്കും. അതിനുള്ള സമയമായി...വേദിയില്‍ ആകെ ഒരു ബഹളവും തിരക്കും. പതിവില്ലാത്ത തരത്തില്‍ ഉച്ചത്തില്‍ സംസാരങ്ങള്‍ .മണ്ഡപത്തിന് ചുറ്റും ആളുകള്‍ തടിച്ചു കൂടി. സദ്യാലയത്തില്‍ ഇലയിട്ടു കൊണ്ട് നിന്ന ഞങ്ങള്‍ അവിടെക്കോടി എത്തി. എന്താണ് സംഭവം എന്നറിയാതെ കുഴഞ്ഞു...എല്ലാരും എന്തോ...ആരെയോ തിരയുന്നു...." എന്താ...എന്ത് പറ്റി...." മാക്കാന്‍ ഇടയ്ക്കു കയറി ചോദിച്ചു...."പെണ്ണിന്റെ കൈ പിടിച്ചു കൊടുക്കേണ്ട അവളുടെ അമ്മാവനെ കാണുന്നില്ല..." പരികര്‍മ്മി അക്ഷമയോടെ അതിലേറെ നീരസത്തോടെ പറഞ്ഞു..... " ആള് കല്യാണത്തിന് വന്നിരുന്നോ...." മാക്കാന്‍ ചോദിച്ചു. "പിന്നേ...ഇന്നലെ നിങ്ങളുടെ കൂട്ടത്തിലെ ആ ചെക്കനുമായി വഴക്കുണ്ടാക്കിയില്ലേ......അതാണ് ആള്...ഇപ്പൊ ഈ നേരത്ത് അണ്ണനിത് എവിടെ പോയോ ആവോ...." അത് പറഞ്ഞു പെണ്ണിന്റെ അമ്മ അലമുറയിട്ടു...
കല്യാണം മുഹൂര്ത്തത്തിനു നടന്നേ പറ്റൂ.അങ്ങനെ അവസാനം പെണ്ണിന്റെ വകയിലെ ചിറ്റപ്പന്‍ ആ കര്‍മ്മം നിര്‍വഹിച്ചു. അമ്മാവനെ കാണാത്ത വിവരം എല്ലാടുതും കാട്ടു തീ പോലെ പടര്‍ന്നു. ആറടി പൊക്കമുള്ള ഒത്തൊരു മനുഷ്യനെയാണ് ഒരു മണിക്കൂറിനുള്ളില്‍ കാണാണ്ടായത് . ഒറ്റക്കും തെറ്റക്കും ആളുകള്‍ നാനാദിക്കിലേക്ക് അന്വേഷണ കുതുകികളായി പാഞ്ഞു. അമ്പലപറമ്പിലെ ആറാട്ട് കുളത്തിലും...പൊട്ട കിണറ്റിലും പലവുരു പുറത്തു നിന്നും...ആളെ ഇറക്കിയും തപ്പിച്ചു.....ചിലര്‍ സൈക്കിളില്‍ അടുത്തുള്ള ഷാപ്പിലേക്ക് വെച്ചു പിടിച്ചു. വേടന്‍ രാജുവും സംഘവും വാറ്റുകാരുടെ കേന്ദ്രമായ പുന്നമൂട്ടിലേക്ക് ഓടി. പോയവര്‍ പോയവര്‍ നിരാശരായി തിരിച്ചു വന്നു..."മണിക്കൂര്‍ ഒന്നായി....ഇനിയിപ്പോ പോലീസില്‍ അറിയിക്കുന്നതാ ബുദ്ധി..." കൂടി നിന്നവരില്‍ ആരോ അഭിപ്രായപ്പെട്ടു.
എല്ലാം കണ്ടും കേട്ടും ആള്‍ക്കൂട്ടത്തില്‍ പകച്ചു നിന്ന മാക്കാനെയും എന്നെയും പിടിച്ചോണ്ട് തൊട അനി വെകളി പിടിച്ചവനെ പോലെ സദ്ദ്യാലയത്തിനു പിറകിലെക്കോടി. ഓട്ടത്തിനിടയില്‍ ചിന്തകള്‍ക്ക് തീ പിടിച്ചു....ഈശ്വരാ തലേന്നത്തെ ഉടക്കിന്റെ പേരില്‍ ഇവനിനി കിളവനെ എന്തെങ്കിലും ചെയ്തോ...എന്തിനാ ഇവന്‍ പിറകിലേക്ക് കൂട്ടി കൊണ്ട് പോകുന്നെ...അവിടെങ്ങാനും കെട്ടി ഇട്ടേക്കുവാണോ ....ആളൊഴിഞ്ഞ മൂത്രപുരക്ക് പിന്നിലെത്തി ആ ഓട്ടം നിന്നു...കിതപ്പടക്കി അവന്റെ രക്തശൂന്യമായ മുഖത്തേക്ക് ഞങ്ങള്‍ തുറിച്ചു നോക്കി....
" എനിക്കൊരബദ്ധം പറ്റി...നിങ്ങളെന്നോടു ക്ഷമിക്കണം....ഇതാരും അറിയാന്‍ പാടില്ല..." കൈകള്‍ കൂപ്പി കൊണ്ടവന്‍ കേണു....ക്ഷമയുടെ സകലവരമ്പുകളും ഭേദിച്ചു മാക്കാന്‍ അലറി..."നീ അയാളെ എന്ത് ചെയ്തു....മനുഷ്യനെ തീ തീറ്റിക്കാതെ ഒന്ന് പറഞ്ഞു തുലയ്ക്ക്...."
വിയര്‍പ്പില്‍ കുളിച്ച മുഖം ഷര്‍ട്ട് കൊണ്ട് തുടച്ചു കൊണ്ടവന്‍ പറഞ്ഞു തുടങ്ങി...." ഇന്നലെ മുതല്‍ അയാള്‍ എന്റെ പിറകേ കൂടിയിരിക്കുകയാണ്. എങ്ങോട്ട് തിരിഞ്ഞാലും അയാളുടെ ശല്യമാണ് .അന്നേരം മുതല്‍ ഞാന്‍ അയാള്‍ക്കൊരു പണി കൊടുക്കാന്‍ കാത്തിരിക്കുവാരുന്നു. ഇന്നാണ് അവസരം കിട്ടിയത്. ചെറുക്കന്‍ കൂട്ടര്‍ക്ക് കുടിക്കാന്‍ കലക്കിയ സ്ക്വാഷില്‍ അല്‍പ്പം വിം കലക്കി ഞാന്‍ കിളവന് കൊടുത്തു.......അയാള്‍ പെണ്ണിന്റെ അമ്മാവന്‍ ആണെന്നാരറിഞ്ഞു " തലയില്‍ ചൊറിഞ്ഞൊരു ഉടായിപ്പ് ഭാവത്തോടെ നമ്രശിരസനായി അവന്‍ നിന്നു.അത്രയും പിരിമുരുക്കതിലും ഉള്ളില്‍ ഞാനാര്‍ത്തു ചിരിച്ചു.
അയാളെ ഉടന്‍ കണ്ടുപിടിച്ചേ പറ്റൂ. സദ്ദ്യാലയത്തിനു പിന്നില്‍ മൂത്രപുര മാത്രമേ ഉള്ളൂ. കകൂസില്ല. പിന്നേ അയാള്‍ എവിടെ പോയി. പോലീസിനെ അറിയിക്കും മുന്‍പ് കണ്ടു പിടിക്കണം. ഞങ്ങള്‍ മൂന്നാളും സദ്ദ്യാലയത്തിനു പിന്നിലുള്ള നീണ്ട പറമ്പിലൂടെ ലക്ഷ്യമില്ലാതെ ഓടി. റോഡും കടന്നു ജങ്ങ്ഷന് അടുത്തുള്ള കലുങ്ക് പാലത്തിലെത്തി. ചെറിയ തോടിനു കുറുകെ ഉള്ള കലുങ്ക് പാലത്തില്‍ നിന്നു കൊണ്ട് ചുറ്റുപാടും കണ്ണോടിച്ചു.....പെട്ടെന്ന് മാക്കാന്‍ എന്നെ തോണ്ടി....." ടാ അങ്ങോട്ട് നോക്കിക്കേ...." മാക്കാന്‍ ചൂണ്ടിയ തൊട്ടുവക്കിലെ ചിറയിലേക്ക് ഞാന്‍ നോക്കി.... ഒരു വെള്ളായം...കാഴ്ച അത്ര വ്യക്തമല്ല....ഞങ്ങള്‍ കുറച്ചു കൂടി താഴേക്കിറങ്ങി ചെന്നു...അതെ...അത് നമ്മുടെ മൂപ്പീല്സു തന്നെ..ഞങ്ങള്‍ ഉറപ്പു വരുത്തി......ഞങ്ങള്‍ അയാളുടെ അടുത്തേക്ക് ചെന്നു.
ചക്കിലിട്ട് വലിച്ചവനെ പോലെ വിവശനായി അയാള്‍ ഞങ്ങളെ നോക്കി." അമ്മാവാ... പെണ്ണിന്റെ കൈ പിടിച്ചു കൊടുക്കണ്ട നേരത്ത് നിങ്ങളിവിടെ എന്തെടുക്കുവാ ...." ഒന്നുമറിയാത്തവനെ പോലെ മാക്കാന്‍ ചോദിച്ചു...." ഒന്നും പറയണ്ടാടാ പിള്ളാരെ...ഇന്നലെ രാത്രി കഴിച്ചതെന്തോ വയറ്റില്‍ പിടിച്ചില്ല...കുറേ നേരമായി ഈ ചിറയില്‍ ഇരുപാണ്...കാര്യങ്ങള്‍ നിയന്ത്രണവിധേയമല്ല. ..അങ്ങോട്ട് വന്നവളുടെ കൈപിടിച്ച് കൊടുക്കണമെന്നൊക്കെ ആഗ്രഹമുണ്ട്...ഇവിടിന്നൊന്നു എഴുനേല്‍ക്കാന്‍ പറ്റിയിട്ടു വേണ്ടേ......" പറഞ്ഞിട്ടയാല്‍ ഞങ്ങളെ ദയനീയമായി നോക്കി. പൊട്ടി വന്ന ചിരി എങ്ങനെയോക്കെയോ കടിചൊതുക്കി, സഹതാപം മുഖത്ത് ഫിറ്റ് ചെയ്തു അമ്മാവനെയും കൊണ്ട് പതുക്കെ അമ്പലത്തിലേക്ക് തിരിച്ചു.
"എനിക്കിങ്ങനെ ഒരു അമളി പറ്റിയ കാര്യം അവിടെ വിളമ്പി എന്നെ നാറ്റിക്കരുത്...തലചുറ്റി റോഡരുകില്‍ കിടക്കുവാരുന്നെന്നോ മറ്റോ പറഞ്ഞാല്‍ മതി ." അമ്മാവന്റെ സകല ഗര്‍വുകളും ആവിയായി ഞങ്ങളോട് കേണു. അനിയുടെ മുഖത്ത് ചന്ദ്രനും സൂര്യനുമോന്നിച്ചുദിച്ചു. എന്തൊക്കെ ആരുന്നു കിളവന്റെ അങ്കം. ഇപ്പൊ കാലുപിടിക്കുന്നു...അവനതിന്റെ രസം പിടിച്ചു പറഞ്ഞു." അതൊക്കെ ഞങ്ങളേറ്റു പക്ഷെ ഞങ്ങളാണ് നിങ്ങളെ രക്ഷിച്ചു കൊണ്ട് വരുന്നതെന്ന് എല്ലാരോടും പറയണം." സമ്മതിക്കുക അല്ലാതെ കിളവന് വേറെ വഴിയില്ലാരുന്നു.
അമ്മാവന് എന്തെങ്കിലും അത്യാഹിതം സംഭവിച്ചു കാണുമെന്നു കരുതി നെഞ്ച് തല്ലിപൊളിച്ചു നിലവിളിചു കൊണ്ടിരുന്ന സ്ത്രീജനങ്ങള്‍ അമ്പലപറമ്പിലേക്ക് നടന്നു വന്നാളിനെ കണ്ടു സ്വിച്ച് ഓഫ് ചെയ്ത പോലെ വായും പൊളിച്ചിരുന്നു. യുദ്ധം തോറ്റു വന്നവന്റെ ലജ്ജയോടെ അതിലേറെ അവശതയോടെ അമ്മാവന്‍ എല്ലാരെയും മാറി മാറി നോക്കി. എന്താണ് സംഭവിച്ചതെന്ന് അറിയാനുള്ള ആകാംഷയോടെ ജനം ഞങ്ങളെ നോക്കി.
"ഈ പിള്ളാരില്ലാരുന്നെങ്കില്‍ ആ റോഡില്‍ കിടന്നു ഞാന്‍ ചത്തേനെ..." പറഞ്ഞിട്ട് കിളവന്‍ ഇത് പോരേടെ എന്ന മുകേഷ് സ്റ്റൈലില്‍ ഞങ്ങളെ പാളി നോക്കി.കൂടി നിന്ന ബന്ധുക്കളും നാട്ടുകാരും ഞങ്ങളെ ആരാധനയോടെ, അതിലേറെ ബഹുമാനത്തോടെ നോക്കി. സമിതിയുടെ അസ്ഥിവാരം തന്നെ തോണ്ടുമായിരുന്ന സംഭവം ദാ തലകുത്തി ഞങ്ങള്‍ക്കനുകൂലമായി വന്നു ഭവിച്ചിരിക്കുന്നു. അനിയെ നോക്കി അര്‍ത്ഥഗര്‍ഭമായൊന്നു ചിരിച്ചിട്ട് ഞങ്ങള്‍ ഈശ്വരനോട് നന്ദി പറഞ്ഞു. ആ സംഭവത്തോടെ സമിതിയുടെ ഗ്രാഫ് കുത്തനെ ഉയര്‍ന്നു..ഞങ്ങള്‍ നാട്ടിലെ താരങ്ങളായി. .. പുരോഗമന പൗരസമിതി നാട്ടുകാരുടെ പ്രിയ സമിതിയുമായി.
പൂര്‍ണ വിരാമം വന്നില്ലേ എന്നൊരു സംശയം... എവിടെയോ എന്തോ ഒരു... ഒന്നൂടെ വായിച്ച് നോക്കിയെ....
ReplyDeleteചിരിച്ചു ട്ടോ .... :)
പൂര്‍ണവിരാമം വന്നു..... Danksssssssss!!!!!!!!!! :):):)
ReplyDeleteThanx Pinky...:))
ReplyDeleteനന്നായിട്ടുണ്ട് പ്രദീപ് :)... മറ്റുള്ളവര്‍ക്ക് മനസ്സിലാവാന്‍ വേണ്ടീട്ടാവും അല്ലേ നമ്മുടെ ചില തനി നാടന്‍ വാക്കുകള്‍ ഉപയോഗിക്കാതിരുന്നത്.. അതിന്റെ ആവശ്യം ഉണ്ടെന്ന് തോന്നുന്നില്ല...
ReplyDeleteinteresting....good style of presenting....ani rocks...ha..ha....pradeepinu nalla writing skills unduu ;keep writing....
ReplyDeleteവളരെ നന്നായിട്ടുണ്ട്
ReplyDeleteകിടിലം.. വായിച്ചു ചിരിച്ചു ...തൊട അനി ആങ്ങനെ മനസ്സില്‍ തങ്ങി നില്‍ക്കുന്നു ഹ ഹ :))
ReplyDeleteSavan, Nimmy, Jayesh, Pappan ....എല്ലാവര്ക്കും നന്ദി:)@Savan, അതേ,മറ്റു കൂട്ടുകാര്‍ക്ക് മനസ്സിലാവാതെ പോകുമോന്നു കരുതിയാണ് അങ്ങനെ എഴുതിയത്.
ReplyDeleterasakaramayittundu...... aashamsakal...... blogil puthiya post..... ATHIRU...... vaayikkane..........
ReplyDeletekollllamm aliya ,,,,,,,,, purogamana paurasamathi angam shylesh.
ReplyDeleteസംഭവം ഇഷ്ടപ്പെട്ടു ട്ടൊ. എഴുത്തിനെ ഒന്നൂടെ നാടന്‍ ആക്കാമായിരുന്നു. മനപ്പൂര്‍വം അങ്ങനെ ചെയ്യാണ്ടിരുന്നതാണോ? എങ്കില്‍ ഇച്ചിരി കൂടി ഭംഗി ഉണ്ടാകുമായിരുന്നു..അനി സൂപ്പര്‍.
ReplyDeleteKollaam.. oru cheru kadha vayicha sugham
ReplyDelete