Tuesday, January 17, 2012

നഷ്ടസ്വപ്നങ്ങള്‍


" നീര്‍മിഴിപീലിയില്‍ നീര്‍മണി തുളുമ്പി..നീയെന്‍ അരികില്‍ നിന്നൂ..." കമ്പ്യൂട്ടറില്‍ നിന്നും പാട്ടോഴുകി എത്തി. ചെയ്തുകൊണ്ടിരുന്ന ഫയല്‍ മിനിമൈസ്  ചെയ്തു നരന്‍ ഗ്ലാസ്‌ ഊരി മേശയിലേക്ക്‌ വെച്ചു. ഒന്ന് നടുനിവര്‍ത്തി...കസേരയിലേക്ക് ചാഞ്ഞു കിടന്നു. പാട്ടില്‍ ശ്രദ്ധിച്ചങ്ങനെ കണ്ണടച്ച് കിടന്നു. എന്തോ ആ വരികള്‍ എപ്പോ കേട്ടാലും കണ്ണുകള്‍ നിറഞ്ഞു തുളുമ്പും. കടിഞ്ഞാണില്ലാത്ത കുതിരയെ പോലെ മനസ്സ് ഓര്‍മ്മകളുടെ, വേദനയുടെ ലോകത്തേക്ക് പായും.

ചില ഗാനങ്ങള്‍ കവികള്‍ എഴുതിയത് നമ്മളെ ഒക്കെ മുന്നില്‍ കണ്ടുകൊണ്ടാണെന്നു തോന്നിപോകുമെന്നവന്‍ ചിന്തിച്ചു. തന്റെ ജീവിതവുമായി എന്തോ അഭേദ്യബന്ധം ആ വരികല്‍ക്കുന്ടെന്നു അവനു തോന്നാറുണ്ട്. അല്ല്ല അതുതന്നെയല്ലേ സത്യവും.വരികള്‍ ഓര്‍മ്മകള്‍ക്ക് വഴിമാറി.

മൂന്നാറില്‍ നിന്നും ഹോട്ടല്‍ മാനേജ്‌മന്റ്‌  കഴിഞ്ഞു തൃശ്ശൂരിലെ റിസോര്‍ട്ടില്‍ ട്രെയിനീ ആയി പ്രവേശിച്ചു. ചെറായി ബീച്ചില്‍ അന്ന്  ടൂറിസം ഫെസ്റിവല്‍ നടക്കുകയാണ്. കമ്പനിയുടെ പ്രൊമോഷന്‍ പരുപാടികല്‍ക്കായി അവനെ അവിടേക്ക് വിട്ടു.ഫെസ്റ്റിവല്‍ തീരും വരെ അവിടെ തങ്ങണം. അങ്ങനെ ബീച്ചിലെ തിരക്കുകളും  ആഘോഷങ്ങളുമായി  അടിച്ചുപൊളിച്ചു. .നേരമിരുട്ടിയാല്‍ ബിയര്‍ അടിയും.

ഫെസ്റ്റിവലിന്റെ  മൂന്നാം നാള്‍ ഒരു പെണ്‍കുട്ടി വളരെ ഉത്സാഹത്തോടെ ഏതോ കമ്പനിക്ക്‌ വേണ്ടി കാമ്പയിന്‍ നടത്തുന്നത് കണ്ടപ്പോ അവനു  കൗതുകമായി.ഒരു ഇരു നിറക്കാരി. കൊലുന്നനെയാണ്. ചടുലമായ അംഗവിക്ഷേപങ്ങളോടെ ആളുകളോട്  സംസാരിക്കുന്നു. ആളുകള്‍ അവളെ കേള്‍ക്കാന്‍ താല്പര്യം കാണിക്കുന്നു. വെള്ളയില്‍ പൂക്കളുള്ള വില കുറഞ്ഞ കോട്ടന്‍ ചുരിദാര്‍ ആണ് വേഷം. കൈയ്യില്‍ കറുത്ത സ്ട്രാപ് വാച്. ആഭരണമായി ഒരു മൊട്ടു കമ്മലും ഒരു മുത്തുമാലയും. അവനവളെ നോക്കി നിക്കുമ്പോ തന്നെ അവളുടെ നോട്ടം അവനില്‍ പതിഞ്ഞു. തന്നെ തന്നെ നോക്കി നിക്കുന്ന വ്യക്തിയെ അവള്‍ തുറിച്ചൊന്നു നോക്കി. ആ നോട്ടത്തിനു മുന്നില്‍ പിടിച്ചു നില്‍ക്കാന്‍ കഴിയാതെ ജാള്യനായി  മുഖം തിരിച്ചു അവന്‍ നടന്നു നീങ്ങി.

ഫെസ്റ്റിവല്‍ സ്റ്റാളില്‍ ആഹാരം കഴിക്കാനിരിക്കുമ്പോഴും അവന്‍ ആ കുട്ടിയെ കുറിച്ച് ചിന്തിച്ചു. അവളുടെ നോട്ടം, അതിന്റെ മൂര്‍ച്ച, അതവനെ വല്ലാതെ നോവിച്ചിരുന്നു. എങ്കിലും എന്തോ അവളെ വീണ്ടും കാണാന്‍ അവന്‍ ആഗ്രഹിച്ചു. ഊണ് മതിയാക്കി കൈ കഴുകി പുറത്തിറങ്ങുമ്പോ നക്ഷത്രം പോലെ ദാ മുന്നില്‍ താന്‍ കാണാന്‍ ആഗ്രഹിച്ചവള്‍ . അവന്‍ ഒതുക്കത്തില്‍ അവളുടെ മുഖത്തേക്ക് നോക്കി. തന്നെ ശ്രദ്ധിക്കുന്നേ ഇല്ല. ആലുവ മണപ്പുറത്ത് വെച്ചു പോലും കണ്ട ഭാവമില്ല. നിരാശയോടെ അവന്‍ നടന്നു. മനസ്സില്‍ എന്തോ വല്ലാത്തൊരു നൊമ്പരം. ഒരു പെണ്ണും എന്നെ ഒന്ന് നോക്കാതെ പോകാറില്ല. കാമദേവനല്ലെങ്കിലും താന്‍ സുന്ദരനല്ലേ. അവന്‍ മുറിയിലെത്തി നിലകണ്ണാടിയില്‍ വീണ്ടും വീണ്ടും നോക്കി അതുറപ്പ്‌ വരുത്തി.

ഫെസ്റ്റിവലിന് തിരക്ക് കൂടി . ബീച്ചിലെ ടീ സ്റ്റാളില്‍  വെച്ചൊരു ദിവസം സ്റ്റീവിനെ പരിചയപ്പെട്ടു. ഒരു വെളുമ്പന്‍ അമേരിക്കന്‍ . കേരളവും വടക്കേ ഇന്ത്യയും കാണാന്‍ ഭൂകണ്ഠങ്ങള്‍ കടന്നു വന്നവന്‍. മനസ്സിലാകാത്ത ഒഴുക്കന്‍ ഇംഗ്ലീഷ് കുറേ ഒക്കെ മനസ്സിലാക്കാന്‍ ശ്രമിച്ചവനുമായി കൂട്ടായി. അവനോടൊപ്പം ബീച്ചില്‍ സന്ധ്യാ നേരത്ത് കറങ്ങി അടിച്ചു.കടലിന്റെയും , ബീച്ചിന്റെയും സൗന്ദര്യം അവന്റെ ക്യാമറയില്‍ ഒപ്പി എടുത്തു. മോശമല്ലാത്ത ഇംഗ്ലീഷില്‍  സംവദിച്ചു. അവനു നരനെ വല്ലാതെ ബോധിച്ചു.ഒന്നിച്ചു കോഫി കുടിച്ചും ഡിന്നര്‍ കഴിച്ചും ആ സൗഹൃദം കൂടുതല്‍ കൂടുതല്‍ ദൃഡമായി.ഫെസ്റ്റിവലിന്റെ നാലാം നാള്‍  തിരക്കൊഴിഞ്ഞപ്പോ സ്ടീവിനോപ്പം ഒരു കോഫീ കുടിക്കാന്‍ സ്ടാളില്‍ എത്തി. അവര്‍ക്ക്  അഭിമുഖമായി ആ പെണ്‍കുട്ടി. അവന്റെ നോട്ടം  അറിയാതെ അവളിലേക്ക്‌ നീണ്ടു. സ്റ്റീവ് എന്തൊക്കെയോ പറഞ്ഞത് അവന്‍ കേട്ടില്ല. " ഹേ മാന്‍ .. ഐ അം ടോക്കിംഗ്  റ്റു യൂ.....  " ഞെട്ടി സ്ടീവിനെ നോക്കി അവന്‍ ക്ഷമ ചോദിച്ചു.

റൂമില്‍ ചെന്നു കിടന്നിട്ടും ആ പെണ്കുട്ടിയാരുന്നു അവന്റെ മനസ്സ് നിറയെ. ഏതോ പാവപ്പെട്ട വീട്ടിലെ കുട്ടിയാവാം. ജീവിക്കാന്‍ വേണ്ടി രാവും പകലുമില്ലാതെ വിദേശികളോട് വായിട്ടലച്ചും ഓടി നടന്നും എന്തൊക്കെയോ ചെയ്യുന്നു. ഒരു വീടിന്റെ ആശ്രയമാകാം. ജീവിത പരീക്ഷണങ്ങളില്‍ ,  അനുഭവങ്ങളില്‍ മൊരഞ്ഞു പോയതാകാം ആ ജീവിതം. മുഖത്തുള്ള ദൃഡത ജീവിതത്തിനോടുള്ള വെല്ലുവിളിയല്ലേ. എന്തോ അവളോട്‌  വല്ലാത്തൊരു അടുപ്പം അവന്റെ ഉള്ളില്‍ മുളയിട്ടു. ചിന്തകളിലെപ്പോഴോ നിദ്ര അവനെ പുല്‍കി.

കാലത്ത് തന്നെ ടൌണില്‍  പോയി ഡ്രൈ ക്ളീന്‍ ചെയ്യാന്‍ കൊടുത്ത തുണികള്‍ വാങ്ങി. മുടി വെട്ടിച്ചു, ഷേവ്  ചെയ്തു, ഒന്ന് ചുള്ളനായി. ഫെസ്റ്റിവലിന്റെ പിറകേ ഉള്ള ഓട്ടത്തില്‍ കുറ്റിതാടിയുടെ നേര്‍ത്ത നിഴല്‍ മുഖത്ത് പടര്‍ന്നിരുന്നു. ഹോട്ടല്‍ മാനേജ്‌മന്റ്‌ കോളേജില്‍ ക്ളീന്‍ ഷേവ് ചെയ്യാതൊരു ദിവസം പോയിട്ടില്ല. അതിനനുവധിചിട്ടില്ല എന്നതാണ് സത്യം. അത് അവന്റെ  പ്രൊഫഷന്റെ ഭാഗമാണ് . മടങ്ങി വരുമ്പോഴേക്കും  ഉച്ചവെയില്‍ ഉച്ചിയിലെത്തി. കുളിച്ചു ഫെസ്റ്റിവല്‍ ഗ്രൗണ്ടില്‍ എത്തിയപ്പോഴേക്കും സ്റ്റീവിനെ കണ്ടു. ഇറാഖു അധിനിവേശത്തെ കുറിച്ചും അമേരിക്കന്‍ സമ്പത്ത് വ്യവസ്ഥയെ കുറിച്ചുമൊക്കെ അയാള്‍ വാ തോരാതെ സംസാരിച്ചു. ദഹിക്കുന്നതൊക്കെ  കൊണ്ടും ബാക്കി തള്ളിയും അവന്‍ എല്ലാത്തിനും തലകുലുക്കി പ്രോത്സാഹിപ്പിച്ചു. കണ്ണുകള്‍ ബീച്ചിന്റെ സര്‍വ്വ ദിക്കിലേക്കും സ്റ്റാളുകളിലേക്കും അവളെ തേടി അലഞ്ഞു.നിരാശയോടെ അവന്‍ വീണ്ടും സ്റ്റീവിന്  കീഴടങ്ങി.

അസ്തമയസൂര്യന്‍ സുവര്‍ണ്ണ ശോഭവിതറി വിടപറയുന്നു. ബീച്ചില്‍ തിരക്കേറി. സ്റ്റേജില്‍ എന്തൊക്കെയോ പരുപാടികള്‍ തകര്‍ക്കുന്നു. ഒന്നിലും ശ്രദ്ധിക്കാന്‍ കഴിയുന്നില്ല. വല്ലാത്തൊരു ശ്വാസംമുട്ടല്‍ . കലാപരുപാടികള്‍ ആസ്വദിക്കുന്നവരുടെ ഇടയില്‍ കേറി വെറുതെയിരുന്നു. മടുപ്പ് തോന്നി പുറത്തിറങ്ങിയപ്പോ, മോണിക്ക മാതാമ്മെ കണ്ടു. അമ്പതിനടുത്തു പ്രായം. അമേരിക്കക്കാരി. എല്ലാ വര്‍ഷവും ബീച്ചില്‍ വന്നു പോകുന്ന, ദൈവത്തിന്റെ സ്വന്തം നാടിനെ പ്രണയിക്കുന്നൊരു പാവം സ്ത്രീ. " ഹൈ നരാന്‍ ....വൈ യു ആര്‍ അപ്സെറ്റ്....എനി തിംഗ് റോന്ഗ്. "ഇല്ലെന്നവന്‍ തല കുലുക്കി...." നോ മാം....ഐ അം ആള്‍ റൈറ്റ് " . അവരതില്‍ തൃപ്തയായപോലെ തോന്നി. കുശലാന്വേഷണങ്ങള്‍ നടത്തി അവര്‍ നടന്നു നീങ്ങി. മനസ്സില്‍ ശൂന്യത നിറച്ചു  അവന്‍  ആഴകടളിലേക്ക് കണ്ണും നട്ടിരുന്നു.


ഫെസ്റ്റിവല്‍ തീരാന്‍ ഇനി രണ്ടു നാള്‍ മാത്രം.കുളിയും കഴിഞ്ഞു, ബീച്ച് റോഡിലെ സണ്ണിച്ചന്റെ കടയില്‍ കേറി പുട്ടും കടലയും കഴിച്ചു.രണ്ടു നാളായി പ്രൊമോഷന്‍ പരുപാടികള്‍ വേണ്ടവിധം നടക്കുന്നില്ല. അനാവശ്യചിന്തകളെ ഒക്കെ മാറ്റിവെച്ചു ഏറ്റെടുത്ത ജോലി ഭംഗിയായി ചെയ്തു തീര്‍ക്കാന്‍ അവന്‍ തീരുമാനിച്ചു.പതിവിലേറെ ഉത്സാഹത്തോടെ ഓടി നടന്നു. ഉച്ചയോടെ കുറേ പേരെ എങ്കിലും കാണാനും സംസാരിക്കാനും കഴിഞ്ഞു. ഊണ് കഴിഞ്ഞു വന്നു കോഫി സ്റ്റാളില്‍ കയറി വെറുതെ പേപ്പര്‍ മറിച്ചു നോക്കിയിരുന്നു. ബീച്ചില്‍ തിരക്കൊഴിഞ്ഞിരുന്നു. ഇനി വെയില്‍ താറിയാലെ ബീച്ചുണരൂ. പേപ്പര്‍ മറിച്ചു നോക്കിയിരിക്കുമ്പോ അടുത്ത് വന്നു കസേര നീക്കി ഇട്ടിരുന്ന ആളിനെ കണ്ടു അവന്‍ അതിശയിച്ചു പോയി.


" നരനല്ലേ..???"  കണ്ണിനും കാതിനും അവിശ്വസനീയമായി ഒരു ചോദ്യം. അവനു അവനെ തന്നെ  വിശ്വസിക്കാന്‍ കഴിയുന്നില്ലാരുന്നു..... " എന്താ മാഷേ ഇങ്ങനെ മിഴിച്ചു നോക്കുന്നെ....!!! എന്നെ ഓര്‍മ്മയില്ലേ...ഇവിടിങ്ങനെ ഓടി നടക്കുമായിരുന്നില്ലേ ഒരു വട്ടു പെണ്ണ്...അത് ഞാനാ..മീര.....?"


മീര...നല്ല പേര്. ചിന്തകളില്‍ നിന്നുണര്‍ത്തി കൊണ്ട് അവള്‍ സംസാരിച്ചു തുടങ്ങി. "സ്റ്റീവ് ആണ് നരനെ കുറിച്ച് പറഞ്ഞത്.നിങ്ങള്‍ നല്ല സുഹൃത്തുക്കള്‍ ആണെന്നൊക്കെ...ഞാനും സ്റ്റീവ്‌മായി രണ്ടു വര്‍ഷത്തെ പരിചയമുണ്ട്. ഇതേ ബീച്ചില്‍ വെച്ചു കണ്ടു പരിചയപ്പെട്ടു, ഇന്നും ആ സൗഹൃദം സുഗമമായി ഒഴുകുന്നു...നരന്റെ നാടെവിടെയാ..." ശ്വാസം വിടാനെന്നോണം അവനു സംസാരിക്കാന്‍ ഇടം നല്‍കി അവള്‍ നിര്‍ത്തി. "നാട് ആലപ്പുഴ. ശരിക്ക് പറഞ്ഞാല്‍ പാതിരാപ്പള്ളി. മീരയുടെ നാട് ???" പ്രസംഗ മത്സരത്തിലെ മത്സരാര്‍ത്തിയെ പോലെ അവള്‍ തയാറെടുത്തു "എന്റെ നാട് കൊല്ലത്താണ്. മൂന്നു വര്‍ഷമായി കൊച്ചിയില്‍ ജോലി ചെയ്യുന്നു.എങ്ങനെ...ഫെസ്റ്റിവല്‍ ഒക്കെ ഇഷ്ടായോ, ഫ്രെഷര്‍ ആണല്ലേ....ഇനി രണ്ടു നാള്‍ കൂടി...എനിക്കൊരുപാട് കാര്യങ്ങള്‍ ചെയ്തു തീര്‍ക്കാനുണ്ട് " . "ഫെസ്റ്റിവല്‍ ശരിക്കും ഇഷ്ടായി...ആദ്യമായിട്ടാ ഇങ്ങനെ. മീര എന്തായിട്ടാ വര്‍ക്ക്‌ ചെയ്യുന്നേ." ചോദിച്ചിട്ട് അവന്‍ ആ മുഖത്തേക്ക് നോക്കി. എന്തൊരു ഉന്മേഷവും പ്രസരിപ്പുമാണ് ഇവള്‍ക്ക്. " നരന്‍...ഞാന്‍ മാര്‍ക്കറ്റിംഗ് സൈഡ് ആണ്...പേര് വിളിക്കാന്‍ പറ്റിയ ഒരു പോസ്റ്റ്‌ ഒന്നുമില്ല. ഈ അലച്ചില്‍ തന്നെ...ജീവിക്കണ്ടേ മാഷേ....അപ്പൊ പിന്നെ കാണാം...." കൂടുതല്‍ ചോദ്യങ്ങള്‍ ഒഴിവാക്കാനെന്നവണ്ണം യാത്ര പറഞ്ഞവള്‍ പതിവ് തിരക്കില്‍ നടന്നകന്നു.

നുരഞ്ഞു പൊന്തുന്ന സന്തോഷം..മനസ്സ് നിറയെ...ഒന്നുകാണാന്‍ കൊതിചിരുന്നവള്‍ ...ദാ..ഇപ്പൊ സ്വയം മുന്നില്‍ വന്നിരിക്കുന്നൂ. സ്റ്റീവ്, നിനക്കൊരായിരം നന്ദി. പതിവിലും ഉണര്‍വ്വോടെ അവന്‍  എല്ലായിടത്തും ഓടി നടന്നു..എപ്പോഴൊക്കെയോ തിരക്കിലെവിടോക്കെയോ ആ മുഖം മിന്നിമറയുന്നത് അവന്‍ കണ്ടു. ഉള്ളിലുണ്ടാരുന്ന അടുപ്പം, ആരാധന...മറ്റെന്തിനോ വഴിമാറുന്നത്‌ അവനറിഞ്ഞു. അതെ...ആര്‍ദ്രമായ പ്രണയത്തിനു വഴിമാറുന്നു....

ഉറങ്ങാന്‍ കിടന്നപ്പോഴും മനസ്സില്‍ ആ മുഖം മാത്രം...ആ സംസാരം...ആ ആത്മവിശ്വാസം...ചടുലത...അതൊക്കെ അവനെ അവളിലേക്ക്‌ വല്ലാതെ അടുപ്പിച്ചു കഴിഞ്ഞിരുന്നു. പ്രണയം...അതിന്റെ സപ്തവര്‍ണ്ണങ്ങളും വിടര്‍ത്തി അവനില്‍ നിറഞ്ഞുനിന്നു. ഫെസ്റ്റിവലിന്  നാളെ ഇരുണ്ടു വെളുക്കുമ്പോ തിരശീല വീഴും. വന്നവരൊക്കെ എങ്ങോട്ടൊക്കെയോ പോകും. സ്റ്റീവ്, മോണിക മാതാമ്മ, പിന്നെ മീര. ആ ചിന്ത അവനെ വല്ലാതെ നോവിച്ചു തുടങ്ങി. അടുത്തറിയും മുന്‍പേ യാത്ര പറയണ്ടി  വരിക.ചിന്തകള്‍ക്കൊടുവിലെപ്പോഴോ ഉറങ്ങി.

ബ്രേക്ക്‌ ഫാസ്റ്റു കഴിഞ്ഞു ആഘോഷവേദിക്ക് പിന്നിലെ ചായിപ്പില്‍ വെറുതെ ഇരിക്കുമ്പോ സ്റ്റീവ് എത്തി. കരം കവര്‍ന്നയാള്‍ അവന്റരുകിലിരുന്നു. " മാന്‍...ഐ വില്‍ ബി ഫ്ലയിംഗ്  ടു നൈറ്റ്‌ ...വില്‍ മിസ്സ്‌ യു ഗുയ്സ്‌ ...ഡിഡ് മീരാ ടോക് റ്റു യു..??..ഷീ ഈസ്‌ സൊ നൈസ്...സൊ ഹെല്‍പ്ഫുള്‍ ....സൊ, ഇവെനിംഗ് ഐ വില്‍ സീ യു..." അയാള്‍ എഴുനേറ്റു പോയി. ദിവസങ്ങളുടെ മാത്രം പരിചയമുള്ള ആ മനുഷ്യന്‍ പോകുന്നു എന്ന് കേട്ടപ്പോ എന്തോ വല്ലാത്തൊരു നൊമ്പരം, അത്രയ്ക്ക് സ്നേഹത്തോടെ മാത്രമേ അയാള്‍ എന്നോട് പെരുമാറിയിട്ടുള്ളൂ.അന്നുവരെ ഉള്ള പ്രവര്‍ത്തനങ്ങളുടെ ഒരു വിലയിരുത്തല്‍ നടത്തി ഡയറിയില്‍ ചിലതൊക്കെ കുറിച്ചിട്ടു. ഊണ് കഴിഞ്ഞു കോഫി സ്റ്റാളില്‍ എത്തുമ്പോ മോണിക്ക മതാമയെ കണ്ടു. അടുത്ത ഫെസ്റ്റിവലിന് വരാം...നീ ഇവിടെ കാണണം എന്ന് പറഞ്ഞവര്‍ റൂമിലേക്ക്‌ പോയി. എല്ലാരും മടക്കയാത്രക്കുള്ള തയാറെടുപ്പിലാണ്.

നാലു മണി കഴിഞ്ഞപ്പോഴേക്കും ഫെസ്റ്റിവല്‍ സമാപനചടങ്ങുകളുമായി വേദി ഉഷാറായി. ഗാനമേള തുടങ്ങിയ പരുപാടികളുമായി  കാര്യങ്ങള്‍ കൊഴുത്തു. അവന്റെ കണ്ണുകള്‍ മീരയെ തിരഞ്ഞു കൊണ്ടേ ഇരുന്നു. പാവം ഓടി നടക്കുന്നുണ്ടാവം എവിടെങ്കിലുമൊക്കെ. ജോലികള്‍ തീര്‍ക്കുന്നതിന്റെ തിരക്കിലാവാം. ഒന്ന് കാണാന്‍ വല്ലാതെ ആഗ്രഹിച്ചു. എരിഞ്ഞടങ്ങുന്ന പകലിനൊപ്പം മണിക്കൂറുകള്‍ പറന്നു.വേദിയില്‍ ഇപ്പോഴും എന്തൊക്കെയോ പരുപാടികള്‍ നടക്കുന്നു. വിദേശികള്‍ മടക്കയാത്രക്കായി തയാറെടുക്കുന്നു.അവനും ഇനി മണിക്കൂറുകള്‍ മാത്രം. വേദിക്ക് പിന്നില്‍ നിന്നും അല്‍പ്പം ആഹാരം വാങ്ങി സൈഡിലെ ബെഞ്ചിലിരുന്നു. ആരോ ഒരാള്‍ അഭിമുഖമായി വന്നിരുന്നു.ആരെങ്കിലും ഭക്ഷണം കഴിക്കാന്‍ വന്നവരാകാം.അവന്‍ മുഖമുയര്‍ത്താതെ സ്വാദില്ലാത്ത ആ ആഹാരം വെറുതെ വാരി വിഴുങ്ങി കൊണ്ടിരുന്നു. " ഹലോ...മാഷേ....." അവന്‍ തല ഉയര്‍ത്തി നോക്കി...മീര....അവനൊന്നു ചിരിച്ചു....."ഞാന്‍ വെളുപ്പിനെ പോകുംട്ടോ...സ്റ്റീവ് , മാഷിനെ തിരക്കുന്നുണ്ട്...എല്ലാരും കൂടൊഴിയുന്നു അല്ലേ....നരനു വിഷമമുണ്ടോ.... എനിക്കിതിപ്പോ ശീലമായി.ഇനി അടുത്ത ഫെസ്റ്റിവല്‍ വരെ ഈ ദിവസങ്ങളുടെ ഓര്‍മ്മയും ഇവിടെ വീണു കിട്ടിയ കുറേ സൗഹൃദങ്ങളുമുണ്ട് .താന്‍ എന്തിനാ ഇങ്ങനെ വിഷമിചിരിക്കുന്നെ...ഈ ഫീല്‍ഡില്‍ എപ്പോഴും എനെര്‍ജെറ്റിക്ക്  ആയിരിക്കണം....ചിയര്‍ ഫുള്‍ ആയിരിക്കണം...എന്നെ കണ്ടു പഠിക്കു...." അത് പറഞ്ഞവള്‍ കുലുങ്ങി ചിരിച്ചു. അവന്‍ നിസംഗതയോടെ  ആ മുഖത്തേക്ക് നോക്കി...എപ്പോഴും പ്രസരിപ്പുള്ള ആ മുഖത്ത് ദുഖത്തിന്റെ നിഴലാട്ടം. " എന്നെ ഉപദേശിച്ച ആളിന്റെ മുഖത്തെന്താ ഒരു വിഷാദം......" ചോദിക്കാതിരിക്കാന്‍ കഴിഞ്ഞില്ലവന് . " ഒന്നൂല്ല മാഷേ...എന്റെ ജീവിതത്തില്‍ ഞാന്‍ സന്തോഷിക്കുന്നത് ഈ നാളുകളിലൊക്കെ മാത്രം...." അത് പറഞ്ഞൊരു ചെറുപുഞ്ചിരി സമ്മാനിചവള്‍ എഴുനേറ്റു നടന്നു. പെട്ടെന്ന് തിരിഞ്ഞിട്ടു..."ഞാന്‍ വെളുപ്പിനെ പോകും....യാത്ര പറയാന്‍ പറ്റിയില്ലെങ്കില്‍ നരന്‍ പരിഭവിക്കരുത് , അടുത്ത വര്‍ഷം കാണാം....കാണണം....." വീണ്ടും കുലുങ്ങി ചിരിച്ചു കൊണ്ടവള്‍ നടന്നു നീങ്ങി.

ചിന്തകള്‍ വല്ലാതെ കാട് കയറി. എന്താണവളുടെ ഉള്ളില്‍ എന്നോട്. എന്റെ ഉള്ളില്‍ ഉള്ളപോലെ പ്രണയമുണ്ടോ. ഞാന്‍ അവളെ പ്രണയിക്കുന്നുണ്ടോ.അവന്‍ സ്വയം ചോദിച്ചു. ഉണ്ട്. അവളെ കാണാതിരിക്കാന്‍ കഴിയുന്നില്ല. ഒരുപാട് നേരം അവളെ കേള്‍ക്കാനും കാണാനും ആഗ്രഹിക്കുന്നു..അതെ ഞാന്‍ പ്രണയിക്കുന്നു നിന്നെ.. മീരാ....പക്ഷേ നീ...നീ എന്നെ പ്രണയിക്കുന്നുവോ...!!! ഉണ്ടല്ലേ...അല്ലെങ്കില്‍ നീ എന്തിനു ഈ രാത്രിയില്‍ എന്നെ കാണാന്‍ , യാത്ര പറയാന്‍ വന്നു....? റൂമില്‍ പോയി സാധനങ്ങള്‍ അടുക്കി വെച്ചു തറയില്‍ നിവര്‍ന്നു കിടക്കുംബോഴൊക്കെ അവളെ കുറിച്ചുള്ള ചിന്തകള്‍ മനസ്സിനെ വല്ലാതെ അലട്ടി. പുറത്തിറങ്ങി ഒരു പുക എടുത്തു. ബീച്ചിലേക് വെറുതെ നടന്നു. ആളൊഴിഞ്ഞു.. തിരയും തീരവും ഘാഡ നിദ്രയിലാണ്. മൈക്ക് സെറ്റ് അഴിക്കുന്ന ആളുകള്‍ മാത്രം അവരുടെ പണിയില്‍ വ്യാപ്രിതരായിരിക്കുന്നു.വെറുതെ അനന്തസാഗരത്തിലേക്ക് കണ്ണും നട്ടു കുറേ നേരമിരുന്നു. അവളുടെ മനസ്സില്‍ എന്താണ്. ഒരിക്കല്‍ പോലും ഒരു സൂചനയും ആ നോട്ടത്തിലോ പെരുമാറ്റത്തിലോ ഇല്ല. ഇനി അടുത്ത വര്‍ഷം മാത്രമേ കാണാന്‍ കഴിയൂ. ആ ചിന്ത വല്ലാതെ  വല്ലാതെ അലട്ടി.

കലുഷിത മനസ്സുമായി ആളൊഴിഞ്ഞ ബീചിലൂടെ തിരിച്ചു നടക്കുമ്പോ കോഫി സ്റ്റാളില്‍ സ്റ്റീവിനെ കണ്ടു. " മാന്‍ ഐ വാസ് വെയിറ്റിംഗ് ഫോര്‍ യു...ഇറ്റ്സ് ആള്‍മോസ്റ്റ്‌  ടൈം റ്റു സെ ഗുഡ് ബൈ...ഐ വില്‍ സീ യു നെക്സ്റ്റ് ഇയര്‍ ....ഐ റിയലി എന്ജോയ്ട് യുവര്‍ ഫ്രണ്ട്ഷിപ്‌  ...യു കാന്‍ ഹാവ് ദിസ്‌....ഓള്‍ ഔര്‍ ഫോട്ടോസ് ആര്‍ ദെയര്‍ " അത് പറഞ്ഞു കഴുത്തില്‍ നിന്നും വിലയേറിയ സോണി ക്യാമറ ഊരി അവന്റെ  കൈയ്യില്‍ വെച്ചു കൊടുത്ത്.എന്ത് പറയണമെന്നറിയാതെ അവന്‍ ആ കരം കവര്ന്നതില്‍ ചുംബിച്ചു. കണ്ണുകള്‍ നിറഞ്ഞു....തോളത്തു തട്ടി ആശ്വസിപ്പിച്ചയാള്‍  യാത്രയായി...കോഫി സ്റ്റാളില്‍ നിന്നിറങ്ങുമ്പോ വഴിയില്‍ മീര. ഞാന്‍ സമയം നോക്കി. മണി പതിനൊന്നു കഴിഞ്ഞു. "എന്തേ ഈ നേരത്ത്...കിടന്നില്ലേ..."ഞാന്‍ ചോദിച്ചു.  "പോകും മുന്‍പ് സ്റ്റീവിനെയും മോണിക്കയെയും  ഒന്ന് കൂടി കാണണമെന്ന് ഉണ്ടാരുന്നു" " സ്റ്റീവ് കുറച്ചു മുന്‍പ് പോയി മീരാ..." അവന്‍ പറഞ്ഞു.  "സ്റ്റീവ് പോയല്ലേ...മോണിക്കയെ കണ്ടു. അവിടെ അല്‍പ്പം വൈകി പോയി...സാരമില്ല...ഇനി അടുത്ത വര്‍ഷം കാണാമല്ലോ.....ഓ...നരന്‍ കോളടിച്ചല്ലോ....നല്ല ക്യാം, സ്റ്റീവ് തന്നതാണല്ലേ.......എല്ലാ മടക്കയാത്രയിലും അവരെ ഓര്‍ക്കാന്‍ എന്തെങ്കിലും ഒരു സമ്മാനം തന്നിട്ടേ അവര്‍ പോകൂ...."  അവന്‍ കൗതുകത്തോടെ ആ സംസാരം കേട്ടോണ്ടിരുന്നു. "മീരാ...എനിക്ക് മീരയെ പിന്നെപ്പോഴെങ്കിലും കോണ്ടാക്റ്റ് ചെയ്യണമെന്നുണ്ട്. എവിടെയാ ഓഫീസ് എന്ന് കൂടി പറഞ്ഞിട്ടില്ലാ...." അവന്‍ പരിഭവിച്ചു.

" നരന്‍ .... നരന്റെ ഉള്ളില്‍ എന്നോടെന്താണെന്ന് മനസ്സിലാക്കാനുള്ള സാമാന്യ ബുദ്ധിയൊക്കെ എനിക്കുണ്ട്. നരന്‍ ,  നരനെ എനിക്ക് ആ അര്‍ഥത്തില്‍ സ്നേഹിക്കാന്‍ കഴിയാഞ്ഞിട്ടാണ് ആ നോട്ടങ്ങളെ പോലും ഞാന്‍ മനപ്പൂര്‍വം കണ്ടില്ലെന്നു നടിച്ചത്‌. സംശയിക്കണ്ട...ഞാന്‍ ഒരാളുമായി പ്രണയത്തിലല്ല.. സ്നേഹമെന്ന വാക്കിന്റെ വ്യാപ്തി അറിയാതെ ജീവിതം നശിപ്പിച്ചു കളഞ്ഞ രണ്ടു വ്യക്തികള്‍ക്ക് ജനിച്ച ഒരു പാപ ജന്മമാണിത്‌. ഓര്‍മ്മവെച്ച നാള്‍ മുതല്‍ എന്റെ അച്ഛനമ്മമാരുടെ ഈഗോ ക്ലാഷുകളും കലഹങ്ങളും മാത്രമേ ഞാന്‍ കണ്ടിട്ടുള്ളൂ. ഒരു നുള്ള് വിഷത്തില്‍ എല്ലാമാവസാനിപ്പിച്ചു യാത്രയാവാന്‍ എന്നോടൊപ്പം കൂടിയ കൂടപ്പിറപ്പുകള്‍ എന്നെ മാത്രം ഈ ഭൂമിയില്‍ തനിച്ചാക്കി പോയി....എല്ലാം ഒറ്റക്കനുഭവിക്കാന്‍ വിട്ടിട്ടു..." വിതുമ്പി കരയുന്ന അവളെ  ഒന്ന് സ്വാന്തനിപ്പിക്കാന്‍ ആവാതെ.... നിറകണ്ണുകളോടെ.....അവിശ്വസനീയതയോടെ തരിച്ചിരുന്നു പോയി അവന്‍ . " നരന്‍ ....ഈ സ്നേഹം കണ്ടില്ലെന്നു നടിചില്ലെങ്കില്‍ നിന്നെ എനിക്ക് വേദനിപ്പിക്കണ്ടി വരും.....സ്നേഹം കൊതിച്ച എന്റെ ശൈശവത്തില്‍ , ബാല്യത്തില്‍ , കൗമാരത്തില്‍ എനിക്കത് കിട്ടിയിട്ടില്ല. ഈ ഓട്ടവും, പ്രസരിപ്പും ലാളിത്യവുമൊക്കെ മീരയുടെ ഒരു മുഖംമൂടി മാത്രം...ബന്ധങ്ങളുടെ കെട്ടുപാടുകളില്‍ നിന്നും എന്നന്നേക്കുമായുള്ള  ഒളിച്ചോട്ടം....ഇന്നെനിക്കു വ്യവസ്തകളില്ലാത്ത മാനസികമായ സൗഹൃദങ്ങള്‍ മാത്രം..സ്റ്റീവും മോണിക്കയും ഇപ്പൊ നീയും...എന്റെ ജീവിതത്തിനു പച്ചപ്പേകുന്ന നല്ല ഒരു സുഹൃത്തായി കൂടെ കൂടിക്കോ...പ്രണയം അതെനിക്കൊന്നിനോട് മാത്രം.... സാക്ഷാല്‍  മീരയുടെ കള്ള കണ്ണനോട് മാത്രം....."

" മീരാ...നിന്നോടെനിക്കുള്ള സ്നേഹം, ബഹുമാനം അത് കൂടിയിട്ടെ ഉള്ളൂ....എന്നും ഒരു നല്ല സുഹൃത്തായി എന്നുമുണ്ടാകും.....നീ അറിയാതെ പോയ സ്നേഹം ഒരുപാട് തരുന്നൊരു നല്ല സുഹൃത്തായി......" നിറ കണ്ണുകളോടെ അത് പറയുമ്പോ ഉള്ളിന്റെ ഉള്ളില്‍ അവന്റെ സ്വപ്‌നങ്ങള്‍ എന്നെന്നേക്കുമായി കുഴിച്ചുമൂടപ്പെട്ടു....

ഓര്‍മ്മകളില്‍ നിന്നും തിരിച്ചിറങ്ങി...നിറകണ്ണുകള്‍ തുടച്ചു....മേശയില്‍ നിന്നും കണ്ണാടി എടുത്തു വെച്ചു വാഷ്‌ റൂമിലേക്ക്‌ നടന്നു. കണ്ണാടിയിലെ രൂപത്തെ അവന്‍ സ്വയം  വിലയിരുത്തി.കാലം അവനില്‍ ഒരുപാട് മാറ്റങ്ങള്‍ വരുത്തിയിരിക്കുന്നു. തലയിലും താടിയിലുമായി പ്രായം വെള്ളികെട്ടി തുടങ്ങിയിരിക്കുന്നൂ. കുഴിഞ്ഞു തുടങ്ങിയ കണ്ണുകള്‍ക്ക് കണ്ണട ഒരു പരിതിവരെ അനുഗ്രഹമായി.

സീറ്റിലെത്തി മെയില്‍ ചെക്ക്‌ ചെയ്തു. മീരയുടെ മെയിലുണ്ട്. പതിവ് യാത്രകള്‍ ..... ആര്‍ സി സി യിലെ പാവപെട്ട രോഗികള്‍ക്കുള്ള ചികിത്സാ സഹായം...ശരണാലയങ്ങള്‍ക്കുള്ള വസ്ത്രങ്ങള്‍ ...അങ്ങനെ ജീവകാരുണ്യ പ്രവര്‍ത്തികളുമായി അവള്‍ തിരക്കിലാണ്.......സ്വതസിദ്ധമായ ചടുലതയും സ്വന്തം ജീവിതവും സ്നേഹം കിട്ടാതവരെ സ്നേഹിച്ചു തീര്‍ക്കാന്‍ അവള്‍ മാറ്റിവെച്ചിരിക്കുന്നൂ  .. ........അവളുടെ ഓര്‍മ്മകളില്‍ അവളുടെ ജീവിതത്യാഗങ്ങളില്‍ അവന്‍ അവന്റെ നഷ്ടസ്നേഹം തിരയുന്നു....ഈ ജീവിത സായാഹ്നത്തിലും.

9 comments:

  1. കൊള്ളാം.. ഇടയ്ക്കെവിടെയോ ഞാന്‍ എന്ന് വന്നിട്ടുണ്ട്.

    ReplyDelete
  2. കൊള്ളാം ...കഥയും കഥാപാത്രങ്ങളും സാങ്കല്‍പ്പികമാണോ ?

    off: plz remove word verification in posting comments

    ReplyDelete
  3. കഥാപാത്രങ്ങള്‍ സാങ്കല്‍പ്പികവും യാഥാര്‍ത്യവുമുണ്ട് . ലൊക്കേഷനും സാഹചര്യവും തികച്ചും സാങ്കല്‍പ്പികം.ഒരുപാട് നന്ദി അഖില്‍ വായിചെന്നറിഞ്ഞതില്‍.

    ReplyDelete
  4. പ്രണയ ഭംഗം പ്രണയസാഫല്യം അങ്ങനെ ഒന്നും ഇല്ല എന്ന് തോന്നുന്നു പ്രണയം അതെങ്ങനെ ആയാലും തീവ്രമാണ് സുന്ദരമാണ് വേദനയും ആണ് ...ഒരിക്കലും ഒളിമങ്ങാതെ തേച്ചു വെളുപ്പിച്ച നിലവിളക്ക് പോലെ കത്തി ജ്വലിച്ചു കൊണ്ടേ ഇരിക്കും...എത്ര കാലങ്ങള്‍ കഴിഞ്ഞാലും അതിലെ അഗ്നി കെട്ടു പോവുകയും ഇല്ല....

    നന്നായി പ്രദീപ്‌... charcterilude (3rd പാര്‍ട്ടി )കഥ പറയുമ്പോള്‍ കുറെ കുടി ഓപ്പണ്‍ ആയി പറയാന്‍ കഴിയും. ഈരീതിയില്‍ തുടര്‍ന്നും ശ്രമിക്കു..... :)

    ReplyDelete
  5. നന്നായിട്ടുണ്ട്. ഈ നരേന്‍ ആരാണ്! ഇത് സ്വന്തം കഥ തന്നെ ആണോ? വായനക്കാരെ പിടിച്ചിരുത്താനുള്ള ഒരു ഫ്ലോ ഉണ്ട്. 'വാഴ്ക വളമുടന്‍'

    ReplyDelete
  6. ഇഷ്ട്ടായി... എങ്കിലും ക്ലൈമാക്സ് പ്രതീക്ഷിച്ച പോലെ സുഖായില്ല എന്നെനിക്ക് തോന്നി....

    അനുവാചകന്റെ നോട്ടം വന്നു കരുതിയാല്‍ മതി.... :)

    ReplyDelete
  7. വന്നു അല്ല എന്ന്

    ReplyDelete
  8. ഇന്നാണ് വായിക്കുന്നത്. പ്രദീപേട്ടാ എനിക്കിഷ്ടമായി. പിന്നെ അവസാനഭാഗത്ത് അല്പം വേഗത കൂടിപ്പോയി, എന്നിരുന്നാലും നല്ലതായിരുന്നു, എനിക്ക് ഫീൽ ചെയ്തു, nice

    ReplyDelete

വെറുതെ വായിചിട്ടങ്ങു പോകാതെ....എന്തെങ്കിലുമൊന്നു എഴുത് :)