2012 ഫെബ്രുവരി ആയാല്‍ ഗള്‍ഫ് പ്രവാസത്തിനു ആറ് വയസ്സാകും. തിരിഞ്ഞു നോക്കുമ്പോ പ്രവാസജീവിതത്തിന്റെ ബാലന്‍സ് ഷീറ്റില്‍ ലാഭനഷ്ടകണക്കുകള്‍ തുല്യമാണ്
പ്രാരാബ്ദങ്ങളുടെ നടുകടലില്‍ മുങ്ങി താഴുന്ന ഓരോ സാധാരണക്കാരനും കിട്ടുന്ന കച്ചിതുരുമ്പ് പോലെ എനിക്ക് കിട്ടിയ ഒന്നാണ് ഈ ഗള്‍ഫ് ജോലി. ആറ് വര്‍ഷം കൊണ്ട് ജീവിതത്തിനു ഒരുപാട് മാറ്റങ്ങള്‍ വന്നു. കെട്ടിലും മട്ടിലുമൊക്കെ. ഒന്ന് മാത്രം മാറിയില്ല. പ്രാരാബ്ദം. അത് ദിനം പ്രതി ഏറി വരുന്നതേ ഉള്ളൂ.
ആദ്യമായി ഗള്‍ഫിലേക്ക് പറന്നു പൊങ്ങിയപ്പോ നാട്ടുകാര്‍ക്ക് ഞാന്‍ ഗള്‍ഫ്‌കാരനായി. ബാങ്ക്കാര്‍ക്ക് ഞാന്‍ എന്‍ ആര്‍ ഐ ആയി. സര്‍ക്കാരിന് ഞാന്‍ പ്രവാസിയായി. ഓരോ അവധിക്കാലത്തും ഗള്‍ഫുകാരന്റെ വില കളയാതെ പിടിച്ചു നില്‍കാന്‍ പെടുന്ന പാട് എനിക്കേ അറിയൂ. ഒഴിഞ്ഞ കീശയുമായി മടങ്ങി വരുമ്പോ ഗള്‍ഫിലെ ചൂടില്‍ ഉരുകിയും, കൊടും തണുപ്പില്‍ വിറച്ചും ഞാന്‍ ഉണ്ടാക്കിയതൊക്കെ കടലില്‍ കായം കലക്കിയപോലെ എന്തിനൊക്കെയോ വേണ്ടി വെറുതെ ചിലവഴിച്ചതിന്റെ നഷ്ടബോധവും.
ഗള്‍ഫുകാരന്‍ നാട്ടിലെത്തിയാല്‍ എല്ലാവര്ക്കും എന്തെങ്കിലും ഒക്കെ വേണം. കൊടുത്തില്ലെങ്കില്‍ പരാതി, കൊടുത്താലും പരാതി. പാര്‍ട്ടി ഫണ്ടിലേക്ക് ആയിരത്തില്‍ കുറഞ്ഞൊന്നും വേണ്ടാ, ഉത്സവകമ്മിറ്റിക്ക് ഒരു ചാക്കരിയില്‍ കുറഞ്ഞൊന്നും വേണ്ട. അവരറിയുന്നില്ലല്ലോ അരിക്ക് വഴിതേടി പ്രവാസം സ്വീകരിച്ച ഒരു പാവം ഗള്‍ഫുകാരന്‍ ആണ് ഞാനെന്നു.രണ്ടും മൂന്നും വര്ഷം വീട്ടുകാരെ പിരിഞ്ഞു ഗൃഹാതുരത്വത്തോടെ ഈ മണലാരണ്യത്തില്‍ വന്നു കിടക്കുന്നത് ജീവിത പ്രാരാബ്ദങ്ങളെ എങ്ങനെയും അതിജീവിക്കാനാണെന്ന് ആരും മനസ്സിലാക്കുന്നില്ല.
ശാശ്വതമല്ലാത്ത ഗള്‍ഫ് ജീവിതതിനെപ്പോ വേണേലും തിരശീല വീഴാം. ആ ചിന്ത മനസ്സിനെ വല്ലാതെ അലട്ടി തുടങ്ങിയിരിക്കുന്നു. പാരമ്പര്യസ്വത്തോ പരാശ്രയമോ ഇല്ലാത്ത എല്ലാ പ്രവാസിയും എന്നെ പോലെ ആശങ്കാകുലരാവാം. ഇനി എന്ത്, എങ്ങോട്ട്, എന്ന് ചിന്തിച്ചു തുടങ്ങിയിരിക്കുന്നൂ.
ഇനി ഒരു പ്രവാസം വേണ്ടാന്നു മനസ്സ് പറയുന്നു. അതിനെ ഞാന്‍ വെറുക്കുന്നു.അതെനിക്ക് തന്നത് കടുത്ത ഗൃഹാതുരത്വവും വിരഹവും മാത്രം. പിതൃസ്നേഹമറിയാതെ വളരുന്ന എന്റെ മകനെ ഒരുപാട് സ്നേഹിച്ചു കടങ്ങള്‍ വീട്ടണം.അവന്റെ വളര്‍ച്ച അടുത്തു കാണണം. ഉത്സവപറമ്പുകളില്‍ അവനെ തോളിലേറ്റി നടക്കണം. വിരഹിണിയായ ഭാര്യക്ക് കൊതി തീരുവോളം സ്നേഹവും സാമിപ്യവും കൊടുക്കണം. ഉള്ള മണ്ണില്‍ കൊത്തിയും കിളച്ചും, മണ്ണിന്റെ മണമറിഞ്ഞും, നാടിന്റെ സുഖമറിഞ്ഞും, നാട്ടുവഴികളിലൂടെ കൊതിതീരെ നടന്നും, ഗൃഹാതുരത്വമേതുമില്ലാതെ ശിഷ്ടകാലം കഴിയണമെന്ന് വല്ലാതെ ആഗ്രഹിച്ചു പോകുന്നു.
നമ്മുടെ തലമുറക്ക് എന്നോ കൈമോശം വന്ന കൃഷി എന്ന തൊഴില്‍ ചെയ്തു സകുടുംബം ജീവിക്കാന്‍ ഒരുപാടാഗ്രഹിക്കുന്നു. ഒരു ഹരിത വിപ്ളവത്തിന് കോപ്പ് കൂട്ടുവല്ല ഞാന്‍. വികലമായ ചിന്തകളുമല്ല. ഒരു പാവം പ്രവാസിയുടെ അതിജീവനത്തിനുള്ള വഴികളാണ്. ജീവിക്കാനുള്ള ആര്‍ജവവും, ശുഭാപ്തി വിശ്വാസവും മാത്രം മുതല്കൂട്ടായുണ്ട്. എന്റെ (ഹരിത) ചിന്തകള്‍ ഇങ്ങനെ പോകുന്നു.
അച്ഛന്‍ കൃഷിക്കാരനാണെന്ന് മകന്‍ അഭിമാനത്തോടെ പറയുന്ന കാലത്തിനായി ഞാന്‍ കാത്തിരിക്കുന്നു.
അച്ഛന്‍ കൃഷിക്കാരനാണെന്ന് മകന്‍ അഭിമാനത്തോടെ പറയുന്ന കാലത്തിനായി ഞാന്‍ കാത്തിരിക്കുന്നു. I like that
ReplyDeleteമറ്റു പോസ്റ്റുകള്‍ പോലെ തന്നെ ഇതും ജീവിതഗന്ധിയായ ഒന്ന്...ഒരുപാടു മലയാളികള്‍ നെഞ്ജിലെട്ടി സൂഷികുന്ന ഒരു സ്വപ്നം..but realtiyil വരുമ്പോള്‍ എത്രത്തോളം practical ആണ് ഇത് എന്നാ ഒറ്റ ചോദ്യം മാത്രം മുന്നില്‍ തെളിഞ്ഞു വരുന്നു....ഇത് വരെ മണ്ണില്‍ കാല്‍ പതികാതെ നടന്ന നമുക്ക് ഇത് സാധ്യമാകുമോ ?
ReplyDeleteപ്രദീപ് അടിപൊളി ആയിട്ടുണ്ട്...... എഴുതുക ഇനിയും.......
ReplyDelete