Saturday, January 7, 2012

അനന്തപുരിയില്‍




കഴിഞ്ഞ അവധിക്കാലത്ത്‌ അളിയന്‍ (അപ്പച്ചിയുടെ മകന്‍)  തിരുവനന്തപുരത്തെക്കൊരു  യാത്ര പോകുന്നതിനെ കുറിച്ച് സൂചിപ്പിച്ചു. അദ്ദേഹത്തിന്റെ അച്ഛന്‍ തുമ്പ  ഐ എസ്‌ ആറോയില്‍ സി ഐ എസ്‌ എഫ് ഇന്‍സ്പെക്ടര്‍ ആണ്. സര്‍വീസില്‍ നിന്നും പിരിയാനിനി ഒരു വര്ഷം കൂടി മാത്രം. അതിനുള്ളില്‍ വി എസ്എസ് സി (വിക്രം സാരാഭായി സ്പേസ് സെന്റര്‍) ഒക്കെ ഒന്ന് പോയി കാണണം.


അങ്ങനെ ഞങ്ങള്‍ രണ്ടു കുടുംബങ്ങളും  കൂടി തിരുവനന്തപുരത്തേക്ക് പോകാന്‍ തീരുമാനിച്ചു. തെക്കന്‍കേരളത്തില്‍ ജനിച്ചു വളര്‍ന്നുവെങ്കിലും ഈ കാലമത്രയും തലസ്ഥാനനഗരി  വിശദമായി ഒന്ന് കാണാന്‍ എനിക്ക് കഴിഞ്ഞിട്ടില്ല. സാമൂഹ്യപാഠം പുസ്തകത്തില്‍ നിന്നും പകര്‍ന്നു കിട്ടിയ അറിവിനപ്പുറം പത്രമാധ്യങ്ങള്‍ വരച്ചു കാട്ടിയ ചിത്രം മാത്രമേ ആ നഗരത്തെ കുറിചെന്റെ ഉള്ളിലുള്ളൂ. വിമാനതാവളത്തിലേക്ക്  വര്‍ഷത്തിലൊരിക്കല്‍ പോകുമെങ്കിലും  നഗരഹൃദയത്തിലൂടെ യാത്ര ചെയ്യാനും ആ നഗരത്തെ അടുത്തറിയാനും കഴിഞ്ഞിട്ടില്ല. ഇപ്പൊ ദാ അതിനാണ് അവസരമൊരുങ്ങിയിക്കുന്നത്. കുടുംബസമേതം ഒരു യാത്ര.


സഹധര്‍മ്മിണിക്കും പയ്യന്സിനും സന്തോഷം. പയ്യന്‍സിനു യാത്രകള്‍, അതെങ്ങോട്ടാണെങ്കിലും ഏറെ ഇഷ്ടമാണ്. അങ്ങനെ അടുത്ത ദിവസം ഉച്ചയൂണ് കഴിഞ്ഞു ഞങ്ങള്‍  യാത്ര തിരിച്ചു, രാത്രി വൈകി മാമന്റെ  കോര്‍ട്ടെഴ്സില്‍ എത്തി. വി എസ്‌ എസ്‌ സി. ജോലിക്കാര്‍ക്കുള്ള കമ്പനി വക കോര്‍റ്റേഴ്സ്. നമ്മുടെ ഒരു ചെറിയ വീടിന്റെ എല്ലാ സൗകര്യങ്ങളും അതിലുണ്ട്. അപ്പച്ചി ആഹാരമൊക്കെ ഒരുക്കിയിരുന്നു. യാത്രാ ക്ഷീണമൊക്കെ  തീര്‍ത്ത ശേഷം  അടുത്ത ദിവസം  വി എസ്‌ എസ്‌ സി കാണാന്‍ പോകാമെന്ന് തീരുമാനിച്ചു.


രാവിലെ തന്നെ മാമന്‍  സ്പേസ്  മ്യൂസിയം കാണാനുള്ള പാസ്‌ തരപ്പെടുത്തി. ഉച്ചയോടെ ഞങ്ങള്‍ യാത്രയായി. വളരെ വിചിത്രവും വ്യത്യസ്തവുമായ ഭൂപ്രകൃതി. ഒരു ചെറിയ വനപ്രദേശം പോലുള്ള സ്ഥലം. വണ്ടി ഒരു ക്രിസ്ത്യന്‍ ദേവാലയത്തിന് മുന്നില്‍ ചെന്നു നിന്നു. അളിയന്‍ വണ്ടി പാര്‍ക്ക്‌ ചെയ്തു വന്നു. പൂന്തോട്ടങ്ങള്‍ കൊണ്ട് ചുറ്റപ്പെട്ടതാണ്  ദേവാലയം. ദേവാലയത്തിന് മുന്നില്‍ അത്ഭുതത്തോടെ എന്തിനിങ്ങോട്ടു വന്നു എന്ന ചോദ്യ ഭാവത്തില്‍ നിക്കുന്ന എന്നെ നോക്കി അളിയന്‍ അതിനുത്തരം പറഞ്ഞു "അതിനുള്ളിലാണ് അളിയാ  മ്യൂസിയം". പി എസ്‌എല്‍ വി ഉപഗ്രഹത്തിന്റെ ഭീമാകാരമായ സിമിന്‍റ് രൂപം അതിനു മുന്നില്‍ സ്ഥാപിച്ചിരിക്കുന്നു.   


തുമ്പയില്‍ ഐ എസ ആര്‍ ഓ  പ്രവര്‍ത്തനമാരംഭിച്ച കാലത്ത് അതിനു അനുയോജ്യമായ സ്ഥലത്തിനുള്ള  അന്വേഷണം ദേവാലയത്തിലെത്തി  നിന്നു. അന്നത്തെ ബിഷപ്പ് ആണത്രേ ദേവാലയം അതിനായി വിട്ടുകൊടുത്തത്. കാലാകാലത്തില്‍ TERLS (തുമ്പ ഇക്കറ്റൊരിയ്ല്‍ റോക്കെറ്റ്‌ ലോഞ്ചിംഗ് സ്റ്റേഷന്‍), VSSC ആയി. കൂടുതല്‍ പുരോഗമിച്ചു, പുതിയ കെട്ടിടസമുച്ചയങ്ങളിലേക്ക് വ്യാപിച്ചു.അങ്ങനെ ദേവാലയം സ്പേസ് മ്യൂസിയം ആയി മാറി. ഇന്നും വര്‍ഷത്തിലൊരിക്കല്‍ പെരുന്നാള്‍ ദിനത്തില്‍ മാത്രം വിശ്വാസികള്‍ക്കായി ദേവാലയം തുറന്നു കൊടുക്കാറുണ്ടത്രേ.


ഇന്ത്യന്‍  ബഹിരാകാശ ഗവേഷണത്തിന്റെ  വളര്‍ച്ചയുടെ ഓരോ ഘട്ടങ്ങളും, വിജയത്തിന്റെ ഓരോ നാഴികക്കല്ലുകളും, അഭിമാനനിമിഷങ്ങളുമൊക്കെ അവിടെ ആലേഖനം ചെയ്തിരുന്നു.മ്യൂസിയത്തില്‍  ഏറ്റവും  ശ്രദ്ധേയമായി തോന്നിയത് മിനി തിയേറ്ററിലെ ഷോര്‍ട്ട് ഫിലിം പ്രദര്‍ശനമാണ്. ഇന്ത്യന്‍ ബഹിരാകാശ ഗവേഷണത്തിന്റെയും പരീക്ഷണത്തിന്റെയും  ഉയര്‍ച്ച താഴ്ച്ചകളെ കുറിച്ചും, ഒരു ഉപഗ്രഹമെങ്ങനെ വിക്ഷേപണ സജ്ജമാക്കുന്നു എന്നതിനെ കുറിച്ചും, അതിന്റെ ഓരോ ഘട്ടങ്ങളെ കുറിച്ചും അത് നമ്മെ ബോധവാനാക്കുന്നു. അത് കണ്ടിറങ്ങുന്ന ഓരോ ഇന്ത്യന്‍ പൗരനും രാജ്യത്തിന്റെ വളര്‍ച്ചയില്‍ അഭിമാനം കൊള്ളുമെന്നതില്‍ സംശയമില്ല .  
     

സ്പേസ് മ്യൂസിയം കണ്ടിറങ്ങി വീട്ടിലെത്തി ചായയും കുടിച്ചു, നേരെ വേളി ടൂറിസ്റ്റ് വില്ലേജിലേക്ക്‌യാത്രയായി. കേട്ടിട്ടുള്ളതല്ലാതെ അതിന്റെ ഭംഗി ആസ്വദിക്കാന്‍ ഇന്നുവരെ കഴിഞ്ഞിട്ടില്ല. എന്‍ട്രി പാസ്‌ എടുത്തകത്തു കയറി. അളിയന്റെ മകള്‍ മീനു, കുഞ്ഞന്റെ കളികൂട്ടുകാരിയാണ്. ഉദ്യാനതിലേക്കു കയറിയപ്പോ തന്നെ അവര്‍ ഓട്ടവും കളിയുമായി ഉഷാറായി. വളരെ മനോഹരമായ ആ സ്ഥലം പല ചലച്ചിത്രങ്ങളിലും കണ്ടിട്ടുണ്ടെന്നു അവിടം  കണ്ടപ്പോ മനസ്സിലായി. ഫോട്ടോ എടുപ്പും മറ്റുമായി ഫ്ലോട്ടിംഗ് ബ്രിഡ്ജ് വഴി മൈതാനത്തേക്ക് നടന്നു. മൈതാനത്തിനപ്പുറതാണ് ബീച്ച്. കുതിരയെ കൂലി സവാരിക്ക്   കൊടുക്കുന്ന പയ്യന്മാര്‍  അവറ്റകളുമായി മൈതാനത് തലങ്ങും വിലങ്ങും പാഞ്ഞു.കുഞ്ഞനും കുഞ്ഞിയും പേടിച്ചു കരഞ്ഞു. രണ്ടാളെയും എടുത്തുകൊണ്ടു ഞങ്ങള്‍ ബീച്ചിലേക്ക് നടന്നു. ബീച്ചില്‍ വഴിവാണിഭക്കാര്‍ ധാരാളമുണ്ട്. ആദ്യകടയില്‍ ബോള്‍ കിടക്കുന്ന കണ്ടപ്പോഴേ കുഞ്ഞന്‍ ചിണുങ്ങി തുടങ്ങി. വഴക്കിട്ടു വാങ്ങിപ്പിച്ച പന്തുമായി അവര്‍ ബീച്ചില്‍  കളി തുടങ്ങി. അന്തരീക്ഷം ആകെ മൂടി കിടന്നു. സൂര്യന്‍ മേഘപാളികള്‍ക്കിടയില്‍ ഒളിച്ചിരുന്നു. കലക്കവെള്ളമടിച്ചു കൊണ്ട് തിരകള്‍ ആര്‍ത്തു ചിരിച്ചു. ചെങ്കല്ല് നിറത്തിലുള്ള വെള്ളം കരയിലേക്കൊഴുകി കയറി. എല്ലാവര്ക്കും  കടലില്‍ ഇറങ്ങാന്‍ തിടുക്കം. എന്തോ എനിക്ക് കടല്‍ പണ്ടേ പേടിയാണ്. കുട്ടികളേയും ശ്രദ്ധിച്ചു ഞാന്‍  കടലില്‍ നിന്നകന്നു നിന്നു. പെണ്ണുങ്ങള്‍ രണ്ടും കുറേ നേരമൊക്കെ തിരയിലേക്ക് ഇറങ്ങി നിന്നു. അളിയന്‍ കടലിന്റെ സൗന്ദര്യം ക്യാമറയില്‍ പകര്‍ത്തി കൊണ്ടിരുന്നു.


ഇരുട്ട് വീണു തുടങ്ങിയപ്പോ ശംഖുമുഖത്തെത്തി. വറുത്ത കപ്പലണ്ടിയും വാങ്ങി ഞങ്ങള്‍ നിരന്നിരുന്നു കടലിന്റെ കാറ്റ് കൊണ്ടു. ഏതോ സ്കൂളില്‍ നിന്നും വന്ന കുട്ടികള്‍ ആ വരണ്ട വെളിച്ചത്തിലും കടലമ്മയോട് കിന്നരിച്ചു കൊണ്ട് തിരയിലേക്ക് ഇറങ്ങി ചെന്നു.ലൈഫ് ഗാര്‍ഡുകള്‍ അവരെ വഴക്ക് പറഞ്ഞു കരക്ക്‌ കേറ്റി. ശക്തിയായി  വന്നൊരു കുസൃതി തിര വള കച്ചവടവുമായ് കരക്കിരുന്നൊരു സാധുവിന്റെ സാധനകള്‍ തട്ടിതെറുപ്പിച്ച് അഹന്തയോടെ തിരിച്ചു പോയി. തിരയുടെ ശക്തി കൂടി വരുന്നു. ഞങ്ങള്‍ എഴുനേറ്റു മുകളിലെ പാര്‍ക്കിലെത്തി.ഏവരുടേയും ശ്രദ്ധാകേന്ദ്രമായി 'ജലകന്യക' ലാസ്യവതിയായി നീണ്ടു നിവര്‍ന്നു കിടക്കുന്നു. കാനായി കുഞ്ഞുരാമന്‍ എന്ന മഹാപ്രതിഭയുടെ മറ്റൊരത്ഭുത സൃഷ്ടി. കൗതുകത്തോടെ, അതിലേറെ അതിശയത്തോടെ ആ ശില്‍പ്പ ഭംഗി ആസ്വദിച്ചു കുറച്ചു നേരം നിന്നു. അവിടെ നിന്നാല്‍ പുതിയ വിമാന താവളത്തിലെ റണ്‍വേയില്‍ നിന്നും വിമാനങ്ങള്‍ പറന്നുയരുന്നത് കാണാം. ഒരു വിമാനം ചിറകില്‍ കുഞ്ഞുവെളിച്ചം മിന്നിച്ചു  നിരങ്ങി നീങ്ങുന്നു. ടേക്ക് ഓഫിനാനെന്നു തോന്നി. കുഞ്ഞനെയും കുഞ്ഞിയെയും തോളിലേറ്റി ഞങ്ങള്‍ ആ കാഴ്ച കാട്ടി കൊടുത്തു. അവരാര്‍ത്തു ചിരിച്ചു. "അച്ഛന് പോന്ന പ്ലെയിന്‍ ആണത്" കുഞ്ഞന്‍ ഡയലോഗ് വിട്ടിട്ടെന്നെ നോക്കി ചിരിച്ചു.


പോകുംവഴി തന്നെ അടുത്ത ദിവസത്തെ യാത്ര പ്ലാന്‍ ചെയ്തു. രാവിലെ പദ്മനാഭസ്വാമി ക്ഷേത്രം. അത് കഴിഞ്ഞു പറ്റുമെങ്കില്‍ ആറ്റുകാല്‍. എല്ലാവരും സമ്മതിച്ചു. പിറ്റേന്ന് കാലത്ത് തന്നെ കുഞ്ഞുകുട്ടിപരാതീനങ്ങളെ ഒക്കെ പിടിച്ചു പൊക്കി ഉറക്കച്ചവടോടെ കുളിപ്പിച്ച് യാത്രയായി. പദ്മനാഭസ്വാമി ക്ഷേത്രത്തിലെത്തി. നിധിശേഖരം കണ്ടെടുത്ത ശേഷം വാര്‍ത്തകളില്‍ നിറഞ്ഞു നിന്ന ലോകത്തെ  ഏറ്റവും സമ്പന്നക്ഷേത്രത്തിലാണ് ഞങ്ങള്‍  എത്തിയിരിക്കുന്നതെന്ന ചിന്ത മനസ്സില്‍ വല്ലാത്ത സന്തോഷമുണ്ടാക്കി. ക്ഷേത്രത്തിനുള്ളിലെ ശില്പഭംഗിയും ക്ഷേത്ര വിസ്തൃതിയും ഞങ്ങളെ വല്ലാതെ അത്ഭുതപെടുത്തി. നൂറ്റാണ്ടുകള്‍ പഴക്കമുള്ള ക്ഷേത്രം എന്തെല്ലാം സാക്ഷ്യം വഹിച്ചിരിക്കാം. അയ്യപ്പന്മാരുടെ തിരക്കുകള്‍ക്കിടയില്‍ ക്യൂ നിക്കുമ്പോഴും മച്ചിലെ വശ്യസുന്ദരമായ കൊത്തുപണികളും ശില്പചാരുതയും വല്ലാതെ അത്ഭുതപെടുത്തി. അയ്യന്മാരോടൊപ്പം ഞെങ്ങിയും ഞെരുങ്ങിയും  ഞങ്ങള്‍ പദ്മനാഭദര്‍ശനം നടത്തി. പോലീസുകാര്‍ മഫ്തിയില്‍ അങ്ങിങ്ങായി കറങ്ങി നടക്കുന്നു. പലയിടത്തും രഹസ്യ ക്യാമറകള്‍. എല്ലാം അത്ഭുതത്തോടെ കണ്ടു ഞങ്ങള്‍ പടിയിറങ്ങി.



അവിടുന്ന് നേരെ പോയത് പൊങ്കാലകൊണ്ട് ലോകപ്രശസ്തമായ ആറ്റുകാല്‍ ക്ഷേത്രത്തിലേക്കാണ്. പദ്മനാഭസ്വാമി ക്ഷേത്രത്തില്‍ നിന്നും  വണ്ടിയിലേക്ക് കയറുമ്പോ എന്തോ ഒന്ന് വലതു തോളിന്റെ പിന്നിലായി വിലങ്ങി. അനങ്ങാനും ശ്വാസം വിടാനും പറ്റാത്ത വേദന.ആറ്റുകാലെത്തി. വേദനക്കൊരു കുറവുമില്ല."അളിയാ നിങ്ങള്‍ തൊഴുതിട്ടു വാ, ഞാന്‍ ഇവിടെ ഇരിക്കാം" സേവാ പന്തലിലെ തറയിലേക്കു ഇരുന്നു കൊണ്ട് ഞാന്‍ പറഞ്ഞു." വേണ്ടാ അളിയാ,  പെണ്ണുങ്ങള്‍ തൊഴുതിട്ടു വരട്ടെ. കുഞ്ഞുങ്ങളുമായി ഈ തിരക്കില്‍ അകത്തു പോയാല്‍ ശരിയാവില്ല." എന്ന് പറഞ്ഞളിയനും എന്നോടൊപ്പം സേവാ പന്തലില്‍  ഇരുന്നു.  കുഞ്ഞുങ്ങള്‍ രണ്ടും കളിക്കാന്‍ കിട്ടിയ അല്‍പ്പം സമയം ശരിക്ക് മുതലാക്കി തിരക്കില്‍ ഓടി നടന്നു.തിരിച്ചു പോവുമ്പോ കളിപ്പാട്ടങ്ങള്‍ക്കായി  വഴക്കിട്ട കുഞ്ഞനും കുഞ്ഞിക്കും ഓരോ കളിപ്പാട്ടം വാങ്ങി കൊടുത്തു പ്രശ്നം പരിഹരിച്ചു.


വണ്ടിയിലിരിക്കുമ്പോ അളിയന്‍ ചോദിച്ചു. " അളിയാ, പഴവങ്ങാടി ഗണപതി ക്ഷേത്രം അടുത്താണ്, ഒന്ന് കേറി തൊഴുതിട്ടു പോയാലോ. വേദന കൂടുതലാണെങ്കില്‍ നേരെ വീട്ടില്‍ പോകാം." വേദന ഉണ്ടാരുന്നെങ്കിലും എന്തോ വളരെ പ്രശസ്തമായ ആ അമ്പലത്തില്‍ ദര്‍ശനം നടത്താതെ പോകണ്ടാ എന്ന് മനസ്സ് പറഞ്ഞു. "നമ്മുക്കവിടെ കയറി തൊഴാം  അളിയാ.., ഞാന്‍ ഇവിടൊന്നും വന്നിട്ടില്ല. ഇവിടെവരെ വന്നിട്ട് ഗണപതിയെ കാണാതെ പോയാല്‍ ശരിയാവില്ല". അങ്ങനെ നേരെ പഴവങ്ങാടിയിലേക്ക്. റോഡ്‌ സൈഡ്-ല്‍ വണ്ടി ഒതുക്കി, ഇറങ്ങി ഓരോ തേങ്ങയും വാങ്ങി വിഗ്നേശ്വരന്റെ നടക്കല്‍(വലതു കൈ വയ്യെങ്കിലും)  അടിച്ചു, അകത്തു കടന്നു.വളരെ ഐശ്വര്യമുള്ള  ക്ഷേത്രം. പൂജകള്‍ കണ്ടു തൊഴുതു പുറത്തിറങ്ങിയപ്പോഴേക്കും  വിശപ്പിന്റെ വിളി വഷളായി തുടങ്ങിയിരുന്നു. കാലത്തിറങ്ങിയതല്ലേ.കുഞ്ഞുങ്ങള്‍ക്ക്‌ കരുതിയിരുന്ന ഇഡലി നേരത്തെ കൊടുത്തത് കൊണ്ടവര്‍ ആക്ടീവ് ആയി കളികള്‍ തുടര്‍ന്നു.


വീട്ടിലെത്തി ബ്രേക്ക്‌ ഫാസ്റ്റ് കഴിച്ച ശേഷം വൈകിട്ടത്തെ പരുപാടികളെ കുറിച്ച് ആലോചിച്ചു. വൈകിട്ട് മ്യൂസിയം കോമ്പ്ലെക്സില്‍ പോകാം. മൃഗശാലയും  റെപ്ടയില്‍ ഹൌസും മ്യൂസിയം കോമ്പ്ലെക്സില്‍ ആണല്ലോ. കുട്ടികള്‍ക്കതൊരുപാടിഷ്ടമാകുകയും ചെയ്യും. അങ്ങനെ നാലു മണിയോടെ സൂവിലെത്തി. പാസ്‌ എടുത്തു അകത്തു കടന്നു. ആവേശതിമിര്‍പ്പോടെ  ഞങ്ങളുടെ വിരലില്‍ തൂങ്ങി കുഞ്ഞനും കുഞ്ഞിയും. പ്രവേശന കവാടത്തിനടുത്തു തന്നെ കുരങ്ങന്മാരെ കണ്ടു രണ്ടാളും കൈവിടുവിച്ചോടിപോയി അതിനെ കണ്ടു. ഒന്നര രണ്ടു മണിക്കൂറുകളോളം മൃഗങ്ങളുടെ ആ ലോകത്ത് കുഞ്ഞുങ്ങള്‍ രണ്ടും  എന്തൊക്കെയോ ചെയ്യാന്‍ വെമ്പി എല്ലായിടത്തും  ഓടി നടന്നു. അവര്‍  ആ നിമിഷങ്ങള്‍  എത്രമാത്രം എന്ജോയ്‌ ചെയ്യുന്നു എന്നോര്‍ത്തപ്പോള്‍ ഒരുപാട് സന്തോഷം തോന്നി. കാഴ്ചകള്‍ കണ്ടും ക്യാമറയില്‍ പകര്തിയും ഞങ്ങള്‍ അവരോടൊപ്പം കറങ്ങി നടന്നു.


സൂവില്‍ നിന്നിറങ്ങിയപ്പോഴേക്കും നേരം നന്നേ വൈകിയിരുന്നു.  ഓരോ ചായ കുടിച്ച ശേഷം  നേരെ നാപിയര്‍  മ്യൂസിയത്തിന് മുന്നിലെത്തി. നൂറ്റാണ്ടിന്റെ പഴക്കമുള്ള മ്യൂസിയം പ്രൌഡിയോടെ തലയുയര്‍ത്തി നില്‍ക്കുന്നു. അതിനു മുന്പിലിരുന്നു പല പോസുകളില്‍  ഫോട്ടോ എടുത്തു. മ്യൂസിയത്തിന് മുന്നിലെ മണ്ഡപം കണ്ടപ്പോ പെട്ടെന്നോര്‍മ്മ വന്നത് "അരികില്‍ നീ ഉണ്ടായിരുന്നെങ്കില്‍" എന്ന പാട്ട് സീനില്‍ മുരളിയും കാര്‍ത്തികയും ആ മണ്ഡപത്തില്‍ നിന്നഭിനയിക്കുന്നതാണ്. മണ്ഡപത്തില്‍ കുറച്ചു നേരം വെറുതേ നിന്നു ചുറ്റുപാടുകളെ നോക്കി കണ്ടു. വല്ലാത്തൊരു ഭംഗിയാണ് സന്ധ്യാ നേരത്ത് ആ മണ്ഡപത്തിനു. കുഞ്ഞുങ്ങളെ അതിന്റെ പടിക്കിരുതി ഫോട്ടോ എടുത്തിട്ട് ഞങ്ങള്‍ അടുത്തുള്ള പുല്‍ത്തകിടിയില്‍ ചെന്നിരുന്നു. വലിയ തിരക്കൊന്നുമില്ലാത്ത സ്ഥലം.കളിക്കാന്‍ നല്ലൊരു സ്ഥലം കിട്ടിയ സന്തോഷത്തില്‍ കുഞ്ഞനും കുഞ്ഞിയും മതിമറന്നോടി നടന്നു. പോപ്‌കോണും കപ്പലണ്ടിയുമൊക്കെ കൊറിച്ചിരിക്കുമ്പോ മ്യൂസിയത്തിന് മുന്പിലെയും മണ്ഡപത്തിലേയും ലൈറ്റ്കള്‍  തെളിഞ്ഞു. മണ്ഡപത്തിനുള്ളിലെ ഭീമന്‍ റേഡിയോയില്‍ നിന്നും വയലും വീടും പരുപാടി ഉച്ചത്തില്‍ കേട്ടു തുടങ്ങി.ആ റേഡിയോ ശബ്ദം എന്നെ വര്‍ഷങ്ങള്‍ക്കു പിന്നിലേക്ക്‌ കൂട്ടികൊണ്ട് പോയി. ചാനലുകളുടെ ബാഹുല്യം ടി.വി എന്ന മാധ്യമത്തെ വിപ്ലവകരമായി വളര്‍ത്തിയപ്പോ; നിറം മങ്ങിപോയ റേഡിയോ എന്ന ജനകീയ മാധ്യമത്തെ കുറിച്ച് ഞാന്‍ ചിന്തിച്ചു. റേഡിയോക്ക്  സാധാരണക്കാരനില്‍ ഉണ്ടാരുന്ന സ്വാധീനം ഇന്ന് ടി വിക്കുണ്ടോ ?? ഇല്ലെന്നാണെന്റെ തോന്നല്‍.

  
ഓര്‍മ്മകള്‍ എന്റെ യൗവനത്തിലേക്കും കൗമാരത്തിലേക്കും പോയി.ഒറ്റമുറി വീട്ടിലെ  ഷെല്‍ഫില്‍ ചിറ്റപ്പന്‍ ഗള്‍ഫില്‍ നിന്നും കൊണ്ടു തന്ന അക്കായി മോണോ സെറ്റ്. ആകാശവാണിയിലെ രാവിലത്തെ വിദ്യാഭ്യാസരംഗം സമയത്താണ് ഞാന്‍ സ്കൂളില്‍ പോകാന്‍ ഇറങ്ങുന്നത്. അങ്ങനെ ഓരോ പരുപാടികളും എന്റെ ദിനചര്യകളുമായി യാദൃശ്ചികമായി ബന്ധപെട്ടിരുന്നു. അവധി ദിവസം ഉച്ചക്ക് ചലച്ചിത്രഗാന  പരുപാടിയായ രഞ്ജിനി ഉച്ചത്തില്‍ വെച്ചു നാട്ടുകാരെ മൊത്തം കേള്‍പ്പിക്കും. മാസത്തില്‍ ഒരു ഞായറാഴ്ച മാത്രം വരുന്ന ചലച്ചിത്ര ശബ്ദരേഖ  കാത്തിരുന്നു കേള്‍ക്കും. ചിലപ്പോ കാസറ്റില്‍ റിക്കോഡ്‌ ചെയ്യും. രാത്രിയില്‍ പഠിത്തം കഴിഞ്ഞു നാടകം കേള്‍ക്കും. വര്‍ഷങ്ങള്‍ക്കു ശേഷം വയലും വീടും എന്ന പരുപാടി കേട്ടപ്പോ, അതിന്റെ പശ്ചാത്തല സംഗീതം പോലും പഴയത് തന്നെയെന്നു ഓര്‍ത്തു. ഒരുപാട് ഗൃഹാതുരത്വമൂറുന്ന ഓര്‍മ്മകള്‍  മനസ്സില്‍ തെളിഞ്ഞു വന്നു. എവിടെയോ എന്തൊക്കെയോ നഷ്ടപ്പെട്ട് പോയല്ലോ എന്ന ചിന്ത മനസ്സിനെ വേദനിപ്പിച്ചു. ടി വി ഇന്ന് നമ്മളെ എത്രമാത്രം സ്വാധീനിചിട്ടുന്ടെങ്കിലും റേഡിയോ എന്ന മാധ്യമം എന്നെ പോലുള്ള സാധാരണക്കാര്‍ക്ക് എന്താരുന്നു എന്ന് ഈ വരികളിലൂടെയോ വാക്കുകളിലൂടെയോ വിവരിക്കുക അസാധ്യം. ആ യാത്രയില്‍ എന്നെ ഒരുപാട് ചിന്തിപ്പിച്ച ഒന്നാരുന്നു റേഡിയോയുടെ പ്രതാപകാലം.


നാലു ദിവസം നീണ്ട ഞങ്ങളുടെ അനന്തപുരിയാത്ര  ഓര്‍മ്മകളിലെന്നും മിഴിവോടെ മികവോടെ തെളിഞ്ഞു നിക്കും.അത്രമാത്രം ഞങ്ങള്‍ അതാസ്വദിച്ചു. അതിനു വഴിയൊരുക്കിയ അളിയന് ഒരായിരം നന്ദി. ചരിത്രമുറങ്ങുന്ന നഗരത്തിന്റെ കാണാകാഴ്ചകള്‍  ബാക്കിയാക്കി, മധുരിക്കുന്ന ഒരുപാട് ഓര്‍മ്മകളുമായി ഞാന്‍ എന്റെ പ്രവാസം തുടരുന്നു.

6 comments:

  1. Kollam Pradeep....nee oru ezhuthukaran anu allea..? Appreciatted...|Good job..regards Sudhesh

    ReplyDelete
  2. Quiet informative...next tym vacationil enikum oru VSSC pass oppichu tharanam ketto.....

    ReplyDelete
  3. Thanx Sudhesh & Siya for ur valuable comments.

    ReplyDelete
  4. ഇഷ്ട്ടപെട്ടു... വിവരണം കൊള്ളാം... :)

    ReplyDelete
  5. hmmmm.....photo facebookill kandappozee thonniii..

    ReplyDelete

വെറുതെ വായിചിട്ടങ്ങു പോകാതെ....എന്തെങ്കിലുമൊന്നു എഴുത് :)