Sunday, October 30, 2011

സൗഹൃദം




നാട്ടിലും പ്രവാസജീവിതത്തിലുമായി സൗഹൃദങ്ങള്‍ ഒരുപാടുണ്ടായിട്ടുണ്ട്, ഉണ്ടാകുന്നുണ്ട്. എങ്കിലും ഒരിക്കലും മറക്കാന്‍ കഴിയാത്ത, വളരെയേറെ ആത്മബന്ധമുള്ള ഒരു സൗഹൃദത്തെ കുറിച്ച്  നിങ്ങളുമായി പങ്കുവെക്കുന്നു.



വടക്കേ ഇന്ത്യന്‍ പ്രവാസത്തിന്റെ രണ്ടാംവര്‍ഷം. ഭാഷാപ്രശ്നങ്ങളും  ഭയവുമൊക്കെ  അപ്പോഴേക്കും  അകന്നു പോയിരുന്നു.അച്ഛന് ജോലിക്ക് പോയാല്‍ വീട്ടില്‍ തനിചാകുന്ന എനിക്ക് ഏകആശ്വാസവും കൂട്ടും അയല്‍വാസി നായര്‍ ആണ്. ഒരു തൃശൂക്കാരന്‍ സഹൃദയന്‍.ശാരീരിക ആസ്വാസ്ത്യങ്ങള്‍ മൂലം നായര്‍ ജോലി വേണ്ടാന്നു വെച്ചു  പോയിട്ട് രണ്ടു മാസം കഴിഞ്ഞു. നായരുടെ പോക്കോടെ പൊതുവേ എകാന്തമായിരുന്ന എന്റെ പകലുകള്‍ കൂടുതല്‍ വിരസവും ഏകാന്തവും ആയി തീര്‍ന്നു.
ഒഴിഞ്ഞ മുറിയില്‍ ആരുമിതുവരെ എത്തിയിട്ടില്ല. വരുമെന്ന് വലിയ പ്രതീക്ഷയുമില്ല. ഏറെ പഴക്കമുള്ള കെട്ടിടത്തിന്റെ മുക്കാല്‍ പങ്കും
താമസയോഗ്യമല്ലാത്തതിനാല്‍   ഗോഡൌണ്‍ ആണ്. വേറിട്ട്‌ നില്‍ക്കുന്ന ഈ രണ്ടു മുറികളില്‍ മാത്രമേ ആളുണ്ടാരുന്നുള്ളൂ. നായരുടെ പോക്കോടെ ഞാനും അച്ഛനും മാത്രമായി അന്തേവാസികള്‍. പകല്‍ എനിക്കെങ്ങും പോകാനില്ല. കിടന്നും ഉറങ്ങിയും‍ നേരം കളഞ്ഞു.


ഒരുച്ചനേരത്ത് വരാന്തയിലെ  കയറ്റുകട്ടിലില്‍ ജീര്‍ണ്ണിച്ചു വിണ്ടു കീറിയ റൂഫില്‍ നോക്കി വെറുതെയങ്ങനെ  കിടക്കുമ്പോ കൈയ്യില്‍ ആരോ തട്ടി വിളിച്ചു.  ചാടി എഴുനേറ്റു നോക്കുമ്പോ ഒരു താടിക്കാരന്‍. " കോണ്‍ ഹേ..." ഞാന്‍ ചോദിച്ചു.  " ഹിന്ദി പറഞ്ഞു വിഷമിക്കണ്ട, ഞാന്‍ മലയാളിയാ, നിങ്ങളുടെ പുതിയ അയല്‍വാസിയാണ്." ഹൃദ്ദ്യമായി ചിരിച്ചു കൊണ്ടയാള്‍ എന്റെ കരം കവര്‍ന്നു. ഒരു മുപ്പതു  മുപ്പത്തഞ്ഞു വയസ്സ് പ്രായം, കട്ടി പുരികം, ചുരുണ്ട  മുടി,  കത്രിചൊതുക്കിയ താടി.  കൃതിമമല്ലാത്ത പെരുമാറ്റം.



കട്ടിലിന്റെ ഓരത്തേക്ക്   ഒതുങ്ങി ഇരുന്നു അയാള്‍ക്കിരിക്കാന്‍ ഞാന്‍ ഇടമൊരുക്കി. " ഇരിക്കുന്നില്ല.. പുറത്തു റിക്ഷാ വെയിറ്റ് ചെയ്യുന്നുണ്ട്. കുറച്ചു സാധനങ്ങള്‍ കൂടി  ഉണ്ട്.. അത് എടുത്തിട്ടു വരാം" ഞാനും സാധനങ്ങള്‍ എടുത്തുവെക്കാന്‍ കൂടെ കൂടി. തിരക്കൊഴിഞ്ഞ ശേഷം കൂടുതല്‍ പരിചയപെട്ടു. ആളിന്റെ പേര് ജയന്‍. അവിവാഹിതന്‍. കണ്ടാല്‍ ഒരു മുപ്പത്തഞ്ഞു വയസ്സ് തോന്നും. എന്തേ വിവാഹം കഴിക്കാത്തെ എന്ന് ചിന്തിച്ചെങ്കിലും ‍ ചോദിച്ചില്ല. അനൌചിത്യമായെങ്കിലോന്നു  കരുതി.


 
ഒരു അയല്‍വാസിയെ കിട്ടിയ സന്തോഷത്തിലാരുന്നു ഞാന്‍.  എന്റെ പകലുകള്‍ ഇനി എകാന്തമാകില്ലെന്നു ഞാന്‍ പ്രത്യാശിച്ചു.അങ്ങനെ ആശിച്ച ഞാനല്ലേ വിഡ്ഢി. പിറ്റേന്ന് കാലത്ത് തന്നെ ജയന്‍ ജോലിക്ക് പോയി. അയാള്‍ തൊഴില്‍രഹിതനല്ലല്ലോ. ഞാന്‍ വീണ്ടും ഏകനായി വീട്ടില്‍ തന്നെ ഒതുങ്ങി കൂടി. രാത്രി ഏറെവൈകി എത്തുന്ന ജയന്റെ കൈയ്യില്‍  കേരള ശബ്ദവും ഇന്ത്യടുഡേയും ഒക്കെ ഉണ്ടാകാറുണ്ട്. നല്ല വായനാശീലം  ഉള്ള വ്യക്തിയാണ് ജയന്‍. അതെനിക്കൊരു അനുഗ്രഹമായി. ഉറങ്ങി തീര്‍ത്തിരുന്ന എന്റെ പകലുകള്‍ പുസ്തകവായനകൊണ്ട്‌ സജീവമായി.


ഒരു വൈകുന്നേരം ഡ്യൂട്ടി കഴിഞ്ഞു വന്ന ജയന്റെ മുഖം വളരെ മ്ലാനമാരുന്നു. കമ്പനിക്ക് കോണ്ട്രാക്റ്റ് നഷ്ടപെട്ടു. അടുത്ത കോണ്ട്രാക്റ്റ് കിട്ടുംവരെ ജോലിയില്ല. അച്ഛന്‍ ജയനെ സമാശ്വസിപ്പിക്കുമ്പോഴോക്കെ ഞാന്‍ ഉള്ളില്‍ സന്തോഷിച്ചു.  അടുത്ത കോണ്ട്രാക്റ്റ് ആകും വരെ ജയന്‍ വീട്ടില്‍ കാണുമല്ലോ.  എന്റെ പ്രതീക്ഷകള്‍ തെറ്റിയില്ല.  എന്റെ പകലുകള്‍ സജീവമായി.കഥപറഞ്ഞും കത്തിവെച്ചും കറങ്ങാന്‍ പോയും ഞങ്ങള്‍ നേരം കളഞ്ഞു. റമമിയും ഇരുപതെട്ടുമൊക്കെ ഞാന്‍ പഠിക്കുന്നത് ഈ കാലത്താണ്. കാലത്ത് കളിക്കാനിരുന്നാല്‍ ഉച്ച ഊണിനാണ്  ബ്രേക്ക്‌. വളരെ ചുരുങ്ങിയ സമയം കൊണ്ട് ഞങ്ങള്‍ നല്ല സുഹൃത്തുക്കളായി.


 
ഞാന്‍ അന്ന് ഡിഗ്രിക്ക് ഈവെനിംഗ്  കോളേജില്‍ ആണ്  പഠിക്കുന്നത്. കോളേജില്ലാത്ത സായാഹ്ന്നങ്ങളില്‍  അങ്ങാടി നിരക്കം ഞങ്ങളുടെ സ്ഥിരം ഹോബ്ബിയാരുന്നു.തെരുവായ തെരുവുകള്‍ ചുറ്റി തിരിഞ്ഞു ഇങ്ങനെ കറങ്ങി നടക്കും. നഗരത്തിന്റെ പ്രാന്തപ്രദേശങ്ങളിലേക്ക് പോലും ആ യാത്ര നീളും. കറങ്ങി തിരിഞ്ഞു  മാര്‍ക്കെറ്റിനുള്ളില്‍ ഗുരുദ്വാരക്ക് മുന്നിലെ ശുക്ലാജിയുടെ ചായകടയില്‍‍ എത്തി നില്‍ക്കും ആ യാത്ര. ശുഖ്ലാജിയുടെ കടയിലെ സമോസയും കഴിച്ചു വെടിവട്ടം പറഞ്ഞിരിക്കുന്നതിന് നേരമ്പോക്കിനപ്പുറം  വേറെയും  ഉദ്ദേശങ്ങള്‍ ഉണ്ടാരുന്നു. ഗുരുദ്വാരയില്‍ വന്നു പോകുന്ന ഗോതമ്പിന്റെ നിറമുള്ള പഞ്ജാബി പെണ്‍കൊടികള്‍. നല്ല പ്രായത്തില്‍ പെണ്ണ് കെട്ടാത്ത കൊണ്ട് ജയന്‍ ആളൊരു വികാരജീവി ആരുന്നു. ഞാന്‍ എന്റെ ത്രസിക്കുന്ന കൗമാരത്തിലും.




നാടുവിട്ടശേഷം മനസ്സ് തുറന്നു ഒന്ന് സംസാരിക്കാന്‍ എനിക്ക് കിട്ടിയ ഏകഅത്താണിയാരുന്നു   ജയന്‍ . കൂടുതല്‍ കൂടുതല്‍ അടുത്തപ്പോള്‍ അയാളുടെ ജീവിതത്തെ കുറിച്ചു കൂടുതല്‍ അറിയാന്‍ കഴിഞ്ഞു. എന്തൊക്കെയോ പ്രശ്നങ്ങള്‍ ഉണ്ടെന്നു  പലപ്പോഴും തോന്നിയിട്ടുന്ടെങ്കിലും ഒരിക്കലും തുറന്നു ചോദിച്ചിട്ടില്ല. ആളിന് ഇടയ്ക്കു സ്വല്‍പ്പം വീശുന്ന ശീലമുണ്ട്. അതകത്ത് ചെന്നാല്‍  നിഗൂഡമായ മനസ്സിന്റെ കിളിവാതില്‍  താനേ തുറന്നു കാര്യങ്ങള്‍ ഒന്നൊന്നായി  പുറത്തു ചാടും . ജീവിതത്തെ കുറിച്ച്, വിവാഹം വേണ്ടെന്നു വെച്ചതിനെ കുറിച്ച്, ഏറ്റവും കൂടുതല്‍ സ്നേഹിക്കുന്ന അമ്മയെ കുറിച്ച്...അങ്ങനെ നീളും കാര്യങ്ങള്‍.....പിന്നെ സങ്കടമായി...കുറ്റബോധമായി...കരച്ചിലായി. ഒരു നല്ല കൂട്ടുകാരനായി ഒരു നല്ല ശ്രോതാവായി എപ്പോഴും ഞാന്‍ കൂടുണ്ടാവാറുണ്ട് .ഒരു നല്ല കൂട്ടുകാരനെ അയാള്‍ എന്നില്‍ കണ്ടിരുന്നു. വയറുവേദന വന്നു കട്ടിലില്‍ കിടന്നു പുളയുന്ന ആ മനുഷ്യന്റെ രോഗമെന്താണെന്ന് എനിക്കാദ്യമൊന്നും അറിയില്ലാരുന്നു.  എന്റെ സംശയങ്ങള്‍ക്കും ചോദ്യങ്ങള്‍ക്കും ഉത്തരമായി ഒരിക്കല്‍ ജയന്‍ ഒരു ചെറിയ കുപ്പി എടുത്തു കാണിച്ചു തന്നു. അതിന്റെ പകുതിയോളം നിണമണിഞ്ഞ കുഞ്ഞുകല്ലുകളാല്‍ നിറഞ്ഞിരുന്നു. വേദനയുടെ ദിനങ്ങളില്‍ മൂത്രനാളഭിത്തികളെ മുറിവേല്‍പ്പിച്ചു പുറത്തു വരുന്ന
കല്ലുകളെ ജയന്‍  ആ കുപ്പിയില്‍ സൂക്ഷിച്ചുവെച്ചു, ഓരോ നോവിന്റെയും ഓര്‍മ്മക്കായി.
രോഗം അയാളുടെ  വൃക്കകളെ അപ്പോഴേക്കും വല്ലാതെ ബാധിച്ചു തുടങ്ങിയിരുന്നു.



ജമ്ഷട്പൂര്‍ എന്ന ഉരുക്ക് നഗരത്തില്‍ എത്തിപെട്ടിട്ടു എട്ടു വര്‍ഷമായെങ്കിലും ജയന്‍ ഇന്ന് വരെ നാട്ടില്‍ പോയിട്ടില്ല. പലപ്പോഴും ഞാന്‍ അതിനു വഴക്ക് പറയുമാരുന്നു. പക്ഷെ ജയന് ജയന്റേതായ കാരണങ്ങള്‍ ഉണ്ടാരുന്നു. "അമ്മയുടെ കരച്ചില്‍  കാണാന്‍ എനിക്ക് വയ്യാടാ...ചെന്നാല്‍ വിവാഹത്തിനു നിര്‍ബന്ധിക്കും. ഈ രോഗവുമായി ഒരു പെണ്ണിനെ ചതിക്കാന്‍ എനിക്ക് വയ്യാ". താനൊരു രോഗിയാണെന്ന് അറിഞ്ഞാല്‍ അമ്മ സഹിക്കില്ലെന്നയാള്‍ ഭയന്നിരുന്നു. ഓരോ ഓണത്തിനും വരുന്ന കത്തുകളില്‍ നിറയുന്ന പെറ്റമ്മയുടെ  വേദന അയാള്‍ എന്നെ പലപ്പോഴും വായിച്ചു കേള്‍പ്പിച്ചു. "ഉത്രാടരാത്രി ഏറെ വൈകിയും ഞാന്‍ നിന്നെ കാത്തിരുന്നു. ഈ അമ്മക്കൊപ്പം നിനക്കോണം ഉണ്നണ്ടാ അല്ലേ.....എത്ര കാലമായി മോനെ. ...ആരൊക്കെ വന്നു പോയാലും നിനക്ക് പകരമാകുമോ.....ഈ പ്രാവശ്യമെങ്കിലും  വരാമാരുന്നില്ലേ. ." വായിച്ചു തീരുമ്പോഴേക്കും നിറമിഴികളോടെ  വിതുമ്പുന്ന എന്റെ കൂട്ടുകാരന്റെ നിസഹായമുഖം എന്നുമെനിക്ക് നീറുന്ന ഓര്‍മ്മയാണ്.


 
രോഗം തന്നെ വേദനിപ്പിക്കുമ്പോഴും ജീവിതം കൂടുതല്‍ ആഘോഷമാക്കാന്‍ ജയന്‍ ശ്രമിക്കുന്നതായി എനിക്ക് തോന്നിയിട്ടുണ്ട്. അല്ലെങ്കില്‍ തന്റെ വേദനകളില്‍ നിന്നും സങ്കടങ്ങളില്‍ നിന്നും ഒളിച്ചോടാനുള്ള ഒരു ശ്രമമാകാം അത്. എന്നോടൊപ്പമുള്ള സാഹായ്ന്ന യാത്രകള്‍ ജയനൊരുപാടിഷ്ടമാരുന്നു. സായാഹ്ന്നയാത്രകളില്‍ മാര്‍ക്കറ്റിന്റെ വടക്കേ അറ്റത് ബീഫ് വില്‍ക്കുന്ന  തെരുവുകള്‍ക്ക്‌ അരുകിലായി ഒരുപാട് മുസ്ലിം ധാബകള്‍  ഉണ്ട്. അതിനു പിന്നില്‍ മദ്യം  വിക്കുന്ന ആദിവാസിപെണ്ണുങ്ങള്‍ നിരന്നിരിക്കും. ജയന്‍ എന്നെ പുറത്തു നിര്‍ത്തിയിട്ട്  പോയി ഒരെണ്ണം വീശിയിട്ട്‌  വരും. ധാബയിലെ കുശിനിപുരയില്‍ നിന്നുയരുന്ന ബീഫ് കറിയുടെ മണം  എനിക്ക് വലിയ ഇഷ്ടമാണ്.  ഒരു ദിവസം ഞാന്‍ പറഞ്ഞു "എനിക്കല്‍പ്പം ബീഫ് കഴിക്കണം".പക്ഷേ ഉള്ളില്‍ പേടിയുണ്ട്.പരിചയമുള്ള ഏതെങ്കിലും ഹിന്ദിക്കാര്‍ കണ്ടാല്‍...പിന്നെ ആ കോളനിയില്‍ താമസിക്കാന്‍ അവര്‍ അനുവദിക്കില്ല. അവിടെ ഹിന്ദുക്കള്‍ ബീഫ് കഴിക്കില്ലല്ലോ. കഴിക്കുന്നവരെ അവര്‍ക്കിഷ്ടവുമല്ല. രണ്ടും കല്‍പ്പിച്ചു ജയന്‍ വാങ്ങി തന്ന ചപ്പാത്തിയും ബീഫ് കറിയും വെട്ടി അടിച്ചു.ഹോട്ടലിന്റെ പിന്നിലെ ഗല്ലിയിലെ ഇരുട്ടിന്റെ മറപറ്റിയാണ് മെയിന്‍ റോഡില്‍ എത്തുന്നത്‌. ഈ യാത്രകളിലൊരിക്കല്‍ പോലും മദ്യപിക്കാന്‍ ജയന്‍ എന്നെ നിര്‍ബന്ധിച്ചിട്ടില്ല. എനിക്ക് വേണ്ടി പുസ്തകങ്ങള്‍ വാങ്ങിവരാന്‍ അയാള്‍ പ്രത്യേകം  ശ്രദ്ധിച്ചിരുന്നു. വളരെയേറെ  ദൃഡമായിരുന്ന   ആ സൗഹൃദം ജീവിക്കാനുള്ള എന്റെ ഓട്ടപാച്ചിലില്‍ എപ്പോഴോ മുറിഞ്ഞു പോയി. എന്റെ യാത്രകള്‍‍ ഡല്‍ഹിക്കും ചന്ടിഗടിനും നീണ്ടു. ജീവിതത്തില്‍ പിടിച്ചു നില്‍ക്കാനുള്ള  പോരാട്ടങ്ങള്‍ക്കിടയില്‍ സൗഹൃദങ്ങളെ അതര്‍ഹിക്കുന്ന പ്രാധാന്യത്തോടെ കാത്തുസൂക്ഷിക്കാന്‍ എനിക്ക് കഴിഞ്ഞില്ല. ജീവിതപ്രാരാബ്ധങ്ങള്‍ അതിനു അനുവദിച്ചില്ലെന്നതാണ് സത്യം.


വര്‍ഷങ്ങള്‍ക്കു ശേഷം ഒരു അവധിക്കാലത്ത് രാത്രി ഏറെ വൈകി വീട്ടിലൊരു കാള്‍ വന്നു. സുഖവിവരങ്ങള്‍ അന്വേഷിച്ചു അച്ഛന്‍ ഫോണ്‍ എനിക്ക് കൈമാറി.അങ്ങേത്തലക്കല്‍ എന്റെ ഉറ്റചങ്ങാതി ആണെന്ന് തിരിച്ചറിയാന്‍  ഒരു നിമിഷംപോലും എനിക്ക് വേണ്ടി വന്നില്ല. ഉള്ളിന്റെ ഉള്ളില്‍ ഉണ്ടായ സന്തോഷം, പറഞ്ഞറിയിക്കാന്‍ കഴിയില്ല. വര്‍ഷങ്ങളുടെ മൌനം ഞങ്ങള്‍ക്കിടയില്‍ ഉണ്ടായി കഴിഞ്ഞിരുന്നു.
സ്വാഭാവിക പരിഭവങ്ങള്‍ക്കൊടുവില്‍ രണ്ടാളും വിശേഷങ്ങള്‍ കൈമാറി. ആളിപ്പോഴും അവിവാഹിതന്‍. വര്‍ഷങ്ങളുടെ കാത്തിരിപ്പിനൊടുവില്‍ മകനോടൊപ്പം ഓണം ഉണ്ണാന്‍ കഴിയാതെ  ആ അമ്മയും യാത്രയായി.ജയന്റെ രോഗങ്ങള്‍ മൂര്‍ച്ചിച്ചു  തുടങ്ങിയിരുന്നു. താമസം  അതേ വീട്ടില്‍ തന്നെ.ഗോ ഡൌണ്‍കളുടെ കാവല്‍ക്കാരനെ പോലെ ഏകാകിയായി ആ ഭാര്‍ഗവിനിലയത്തില്‍ ഒറ്റയ്ക്ക് ജീവിതം ജീവിച്ചു തീര്‍ക്കുന്നു. അന്നെത്രനേരം സംസാരിചെന്നൊരു നിശ്ചയവുമില്ല.  പണ്ടത്തെപോലെ ജയന്‍ അല്‍പ്പം വീശിയിട്ടുണ്ടാരുന്നു. പലപ്പോഴും വികാരാധീനനായി, പരിഭവം പറഞ്ഞപ്പോ എന്റെ കണ്ണുകള്‍ നിറഞ്ഞു. ഞാന്‍ എന്തേ ജയനെകുറിച്ച് ഇത്രയും കാലം ചിന്തിച്ചില്ല. എന്ത് കൊണ്ട് തിരക്കിയില്ല. ഒരു കാലത്ത് ആ കൂട്ടെനിക്ക് എത്രമാത്രം ആശ്വാസമാരുന്നു. എന്നെ ഒരുപാട് സ്നേഹിക്കുകയും സഹായിക്കുകയും ചെയ്തിരുന്ന ആ മനുഷ്യനെ ഞാന്‍ എന്തേ മറന്നത്.


അവധി കഴിഞ്ഞു തിരിച്ചു വന്നു കഴിഞ്ഞും ഞാന്‍ ജയനെ വിളിച്ചു. വിശേഷങ്ങള്‍ കൈമാറി. ആ സൗഹൃദം അതിന്റെ നഷ്ടപെട്ടുപോയ ദൃഡതയും ഊഷ്മളതയും തിരിച്ചു പിടിച്ചു.  ഒരു പ്രായശ്ചിത്തമെന്നപോലെ ഞാന്‍ മിക്കപ്പോഴും ജയനെ വിളിച്ചു. അതിനിടയില്‍ എപ്പോഴോ തന്റെ ഉണ്ടാരുന്ന റിലയന്‍സ് മൊബൈല്‍കണക്ഷന്‍ ജയന്‍ വേണ്ടെന്നു വെച്ചു. പലവുരു വിളിച്ചിട്ടും കിട്ടാതായപ്പോള്‍ പലരുവഴിയും ഞാന്‍ അന്വേഷിച്ചു. അതെ വീട്ടില്‍ ആര്‍ക്കും   പിടികൊടുക്കാതെ തന്റേതായ ലോകത്ത് ജീവിക്കുന്നു.എന്തുകൊണ്ട് അയാള്‍ അങ്ങനെ ഒരു ഏകാന്തത ആഗ്രഹിച്ചു. അറിയില്ല.  ഇന്ന് ഈ പ്രവാസജീവിതത്തില്‍; വല്ലപ്പോഴും മാത്രം വീണു കിട്ടുന്ന അവധികാലങ്ങളില്‍ എപ്പോഴെങ്കിലും ഒരിക്കല്‍ എന്റെ സ്നേഹിതനെ വീണ്ടും കണ്ടുമുട്ടാന്‍ കഴിയുമെന്ന് ഞാന്‍ വിശ്വസിക്കുന്നു. അത്രമാത്രം ഞാന്‍ ആ കൂട്ടുകാരനെ സ്നേഹിക്കുന്നു. അയാളുടെ വിവരങ്ങള്‍ക്കായി, ഒരു വിളിക്കായി ഞാന്‍ കാത്തിരിക്കുന്നു.

1 comment:

  1. സൌഹൃദങ്ങള്‍ പലപ്പോഴും നമ്മള്‍ take for granted attitudil കാണാറുണ്ട്...അത് കൈ വിട്ടു പോകുമ്പോഴേ ചിലപോഴെങ്കിലും അതിന്റെ ആഴവും പരപ്പും മന്സിലവുകയുല്ല് പക്ഷെ അപ്പോഴേക്കുംഅത് കയെത്തി പിടിക്കവുന്നതിനപുരതെക്ക് ഓടി മറഞ്ഞിടുണ്ടാവും...എങ്കിലും ഒന്ന് കൂടെ അതിനു പിന്നാലെ ഓടി എത്താന്‍ ശ്രമിക്കുന്നത് വളരെ ഹൃദ്യമായി തോന്നി.....

    ReplyDelete

വെറുതെ വായിചിട്ടങ്ങു പോകാതെ....എന്തെങ്കിലുമൊന്നു എഴുത് :)