Saturday, October 22, 2011

ബോണ്ടഡ് എമ്പ്ലോയ്മെന്റ് ലീഗല്‍ ആണോ......??????


മുംബൈയിലെ നഴ്സുമാരുടെ സമരം ന്യായമല്ലേ . ലക്ഷങ്ങള്‍ മുടക്കി പഠിച്ചു ചെറിയ ശമ്പളത്തില്‍ ഏതെങ്കിലും ഒരു ഹോസ്പിറ്റലില്‍ കയറി പറ്റുന്ന ഇവര്‍ക്ക് നാലുവര്‍ഷം കഷ്ടപ്പെട്ട് പഠിച്ചു കിട്ടിയ സര്‍ട്ടിഫിക്കറ്റ് ഈടായി നല്‍കി ഒന്നോ രണ്ടോ വര്‍ഷത്തെ കോണ്ട്രാക്റ്റ് സൈന്‍ ചെയ്യണം. ഇതിനിടയില്‍ നല്ലൊരു ജോലി വേറെ തരപ്പെട്ടാല്‍ ബോണ്ട്‌ തുകയായ അന്‍പതിനായിരവും അറുപതിനായിരവും കൊടുത്താല്‍ മാത്രമേ സര്‍ട്ടിഫിക്കറ്റ് തിരിച്ചു കൊടുക്കു. ഇങ്ങനെ പണമടച്ചു ബോണ്ട്‌ ക്ലിയര്‍ ചെയ്‌താല്‍ കൂടി അത്രയും നാള്‍ ജോലി ചെയ്തതിന്റെ എക്സ്പീരിയന്‍സ് സര്‍ട്ടിഫിക്കറ്റ് പോലും കൊടുക്കാന്‍ പല മാനേജ്‌മന്റ്‌കളും വിമുഖത കാണിക്കുന്നു. മാനേജുമെന്റുകളുടെ ഈ പീഡനം അവസാനം ഒരു ജീവന്‍ കൂടി കവര്‍ന്നെടുത്തു. പത്രമാധ്യമങ്ങള്‍ക്കും സമൂഹത്തിനും ഇതൊരു സാധാരണ വാര്‍ത്ത മാത്രം. പക്ഷേ നേഴ്സ്മാര്‍ എന്ന ആ പീഡിത സമൂഹത്തിന്റെ ദുരവസ്ഥകള്‍ അവര്‍ക്ക് മാത്രമേ അറിയൂ. അഡ്മിറ്റ്‌ ചെയ്തിരുന്ന രോഗിയുടെ ഏതോ ഒരു റിപ്പോര്‍ട്ട്‌ കാണാതായതിനെ തുടര്‍ന്നുണ്ടായ പ്രശ്നങ്ങള്‍. മാനെജുമെന്റ്റ് ആ കുട്ടിയെ അതിന്റെ പേരില്‍ നിരന്തരം ഫോണിലൂടെ പീഡിപ്പിച്ചു കൊണ്ടിരുന്നു. സഹിക്ക വയ്യാതായപ്പോ ജോലി രാജിവെച്ചുപോരാന്‍ വീട്ടുകാര്‍ പറഞ്ഞു. രാജി വെച്ചാല്‍ ബോണ്ട്‌ തുകയായ അമ്പതിനായിരം കൊടുക്കണം, എന്നാലെ സര്‍ട്ടിഫിക്കറ്റ് വിട്ടു കിട്ടൂ. നിര്‍ധന കുടുംബത്തില്‍ നിന്നും അന്യനാട്ടില്‍ വന്നു കഷ്ടപെടുന്ന ഒരു കുട്ടിക്ക് അതത്ര വേഗം പ്രാപ്യമല്ല. ഇങ്ങനെ മാനസിക സമ്മര്‍ദ്ദം സഹിക്ക വയ്യാതെ ആണ് ആ കുട്ടി മരണമെന്ന പോംവഴി കണ്ടെത്തിയത്. ഇതെഴുതുമ്പോ ഒരല്‍പം പോലും അതിഭാവുകത്വം ഒരു വരിയിലോ വാക്കിലോ വരില്ല. കാരണം എന്റെ കൂടപ്പിറപ്പും ഈ പീഡിത വിഭാഗത്തിന്റെ ഒരു കണ്ണിയാണ്.


ഇന്നലെ ഏഷ്യാനെറ്റ്‌ ന്യൂസ്‌ അവറില്‍ ഇതിനെ കുറിച്ച് നടന്ന ചര്‍ച്ചയില്‍ പങ്കെടുത്ത സമദ് ഹോസ്പിറ്റല്‍ പ്രതിനിധി മാധവന്‍ പിള്ള പറഞ്ഞു. നാലായിരം മുതല്‍ ആറായിരം വരെ ഒരു ബി എസ്‌സി നേഴ്സിനു കൊടുക്കുന്നുണ്ട്. അവര്‍ തുടക്കകാരായി വരുമ്പോ പ്രവര്‍ത്തി പരിചയം കുറവായത് കൊണ്ട് ആ ശമ്പളം കൊടുക്കുകയേ നിവര്‍ത്തിയുള്ളൂ എന്ന്. പഠിക്കുന്ന നാലുവര്‍ഷകാലവും അവര്‍ ചെയ്യാന്‍ പോകുന്ന ജോലി..അല്ലെങ്കില്‍ അവരുടെ പ്രവര്‍ത്തി മേഖലയില്‍ പ്രാവിണ്യം നേടുമാറുള്ള പഠനമാണ് അവര്‍ക്ക് കൊടുക്കുന്നത്. അതു കൊണ്ട് തന്നെ ആ വാദമുഖം നാമമാത്രമാണ്. രാജ്യത്ത് ഒരു മേഖലയിലും ഇല്ലാത്ത ഈ ബോണ്ടഡ് ലേബര്‍ നേഴ്സുമാര്‍ക്ക് മാത്രം അപ്ലൈ ചെയ്യുന്നത് തെറ്റല്ലേ എന്ന് ശ്രി മാധവന്‍ പിള്ളയോട് ചോദിച്ചതിനു അദ്ദേഹം പറഞ്ഞ മറുപടി, ഇതൊരു വളരെ പ്രധാനപെട്ട ജോലിയാണ്, അതിനു തന്നെ ആളുകളെ കിട്ടാനില്ലാത്ത സാഹചര്യം. അങ്ങനെ ഒരു സാഹചര്യത്തില്‍ ഒരു ദിവസം പെട്ടെന്ന് ഒരു നേഴ്സ് ജോലി വേണ്ടാന്നു വെച്ചു പോയാല്‍ അത് ഒരുപാട് ബുദ്ധിമുട്ടുണ്ടാക്കും. അദ്ദേഹം പറഞ്ഞ ആ വസ്തുത എല്ലാവര്ക്കും അറിയാം. ഇത്രയ്ക്കു പ്രാധാന്യമുള്ള ജോലി ചെയ്യുന്ന നേഴ്സുമാര്‍ക്ക് അവര്‍ക്ക് അര്‍ഹിക്കുന്ന ശമ്പളമോ ജീവിത സാഹചര്യങ്ങളോ ഈ ഹോസ്പിറ്റലുകള്‍ ഒരുക്കുന്നുണ്ടോ?? ഒരു നേഴ്സ് പതിമൂന്നും പതിനാലും മണിക്കൂറുകള്‍ ജോലി ചെയ്യുന്നുണ്ട്. അവരെ കൊണ്ടത്‌ ചെയ്യിക്കുന്നുണ്ട്. എന്നിട്ട് ഒരു സിക്ക് ലീവ് ഇല്ല, എമെര്‍ജെന്‍സി ലീവ് ഇല്ല. ഈ പീഡനം എതിര്‍ക്കപെടണ്ടതാണ്. ഇന്ത്യ പോലുള്ള ഒരു ജനാധിപത്യ രാജ്യത്ത് ഒരു വിഭാഗത്തിനു മാത്രം കല്‍പ്പിച്ചു നല്ക്കിയിരിക്കുന്ന ഈ ബോണ്ടഡ് ലേബര്‍ നിയമ വിരുദ്ധം അല്ലേ. ഇത് എതിര്‍ക്കപ്പെടണ്ടതല്ലേ.


മറ്റെല്ലാ പ്രവര്‍ത്തന മേഖലയില്‍ ഉള്ളവര്‍ക്കും നല്ല അവസരങ്ങള്‍ തേടി പോകാന്‍ സ്വാതന്ത്ര്യമുള്ളപ്പോള്‍ എന്ത് കൊണ്ട് നേഴ്സ്മാര്‍ മാത്രം ഇങ്ങനെ ഒരു പീഡക്ക് ഇരയാകുന്നു. ലക്ഷങ്ങള്‍ മുടക്കി പഠിച്ചിറങ്ങുന്നവര്‍ അടിമകളെ പോലെ പണി എടുക്കണോ. എന്ത് കൊണ്ട് അവര്‍ മരുപ്പച്ചകള്‍ തേടി പോകുന്നു. ആതുരസേവനം എന്ന മഹത്തായ ഫീല്‍ഡ് തിരഞ്ഞെടുത്തു ‍ ലക്ഷങ്ങള്‍ മുടക്കി അവര്‍ പഠിച്ചിറങ്ങുമ്പോള്‍ മറ്റു പ്രവര്‍ത്തന മേഖലകളിലെ ആളുകളെ പോലെ കൂടുതല്‍ ശമ്പളവും നല്ല ജീവിത സാഹചര്യങ്ങളും അവരും സ്വാഭാവികമായി ആഗ്രഹിക്കുന്നു...കാംഷിക്കുന്നു. നല്ല ശമ്പളവും ജീവിത സാഹചര്യവും ഉണ്ടെങ്കില്‍ ഒരു നേഴ്സും ജോലി വിട്ടു പോകില്ല. അതില്ലാതാകുമ്പോള്‍ അവര്‍ മരുപ്പച്ചകള്‍ തേടി പോകും. അതെല്ലാ പ്രവര്‍ത്തി മേഖലയിലും സംജാതമായിട്ടുള്ള ഒരു പ്രക്രിയ മാത്രമാണ്.


മുംബൈയില്‍ ഇപ്പൊ ഈ ഇരുന്നൂറു നേഴ്സുമാര്‍ നടത്തുന്ന സമരം അതവരുടെ അവകാശങ്ങള്‍ക്ക് വേണ്ടി മാത്രമല്ല. എന്നും പീഡനം മാത്രം അനുഭവിക്കുന്ന ഈ വിഭാഗത്തിന്റെ നല്ല ഒരു നാളക്ക് വേണ്ടിയാണ്. ആന്റോ ആന്റണിയെ പോലുള്ള ചുരുക്കം ചിലര്‍ മാത്രമേ നേഴ്സ്മാര്‍ക്ക് വേണ്ടി എന്തെങ്കിലും ചെയ്യാന്‍ മുന്നിട്ടിറങ്ങുന്നുള്ളൂ. വളരെ ശാന്തമായ മനസ്സോടെ, ശ്രദ്ദയോടെ മാത്രം സമീപിക്കണ്ട ഒരു ജോലി ചെയ്യുന്നവര്‍ ഒരിക്കലും ഇങ്ങനെ മാനസികമായി പീഡിപ്പിക്കപെട്ടു കൂടാ. സമൂഹത്തിനു അവരുടെ സേവനം വേണം. ആതുര സേവനം എന്ന മഹത്തരമായ ജോലി ചെയ്യുന്ന ഈ വിഭാഗത്തിനെ അര്‍ഹിക്കുന്ന പ്രാധാന്യം നല്‍കി പരിരക്ഷികാന്‍ സര്‍ക്കാര്‍ മുന്‍കൈ എടുക്കണം. ബോണ്ടഡ് ലേബര്‍ ഒരു പ്രവര്‍ത്തി മേഖലയിലും പാടില്ല എന്നത് രാജ്യത്തിന്റെ പരമോന്നത സഭയില്‍ ചര്‍ച്ച ചെയ്തു ബില്‍ പാസ്‌ ആക്കണം. ബോണ്ടഡ് ലേബര്‍ നടത്തുന്ന എല്ലാ സ്ഥാപനങ്ങള്‍ക്കും എതിരായി കടുത്ത നടപടി ഉണ്ടാവണം. ഈ പ്രവണത വളര്‍ത്തികൂടാ.


ലേബല്‍ : ഇതെന്റെ വ്യക്തിപരമായ അഭിപ്രായ പ്രകടനം മാത്രം

1 comment:

വെറുതെ വായിചിട്ടങ്ങു പോകാതെ....എന്തെങ്കിലുമൊന്നു എഴുത് :)