Sunday, October 23, 2011

നജീബ് വല്ലാതെ നൊമ്പരപ്പെടുത്തി



വര്‍ഷങ്ങള്‍ക്കു ശേഷം വായനാശീലം പുനരാരംഭിക്കാന്‍ തീരുമാനിച്ചപ്പോ ആദ്യം വാങ്ങിയ ബുക്ക്‌ ആണ് ആട് ജീവിതം.ഒരു പ്രവാസി ആയതുകൊണ്ടും, വളരെ ഏറെ ചര്‍ച്ച ചെയ്യപ്പെട്ട, ബെസ്റ്റ് സെല്ലിംഗ് ബുക്ക് ആയതുകൊണ്ടുമാണ് നിസംശയം വാങ്ങിയത്.


ഒറ്റ ഇരിപ്പില്‍ വായിച്ചു തീര്‍ക്കാന്‍ ആഗ്രഹിച്ചെങ്കിലും സാഹചര്യങ്ങള്‍ അതിനു അനുവദിച്ചില്ല. പലപ്പോഴായി വായിച്ചു തീര്‍ത്തു. എന്താ ഈ ജീവിതകഥയെ കുറിച്ച് ഞാന്‍ പറയുക. നജീബ് എന്നെ വല്ലാതെ നൊമ്പരപ്പെടുത്തുന്നു. വായിച്ചു വെച്ച ശേഷം നജീബിനെ കുറിചോര്‍ക്കാത്ത ദിവസങ്ങള്‍ ഇല്ല. ഈ മരുഭൂവില്‍ ഞാന്‍ എത്തിയിട്ട്  ആറ് വര്‍ഷം കഴിഞ്ഞു. മരുഭൂവിലെങ്കിലും വന്ന കാലം മുതല്‍ ശീതീകരിച്ച മുറിയില്‍ പുറം ലോകത്തെ അതിശൈത്യമോ കൊടുംചൂടോ അറിയാതെ സുഖിച്ചു കഴിയുന്നു.


വെളുപ്പിനെ ബസ്സില്‍ എല്ലാരും സുഖസുഷുപ്തിയില്‍ ആണ്ടിരിക്കുമ്പോ ഞങ്ങളെ കടന്നു പോകുന്ന ചെറിയ ട്രക്കുകളുടെ പിന്‍ഭാഗത്ത്‌ നിന്നും ഇരുന്നും യാത്ര ചെയ്യുന്ന പാവം ജോലിക്കാരെ ഞാന്‍ ശ്രദ്ധിക്കാറുണ്ട് . ഭൂരിഭാഗവും മലയാളികള്‍. ഉത്തരവാദിത്വങ്ങളുടെ  ഭാണ്ടവും പേറി രാവെന്നോ പകലെന്നോ ഇല്ലാതെ കഷ്ടപെടാന്‍ വിധിക്കപ്പെട്ടവര്‍. ഒരുപാട് സ്വപ്നങ്ങളുമായി ഈ മരുഭൂമിയില്‍ വന്നുപെട്ടവര്‍.


ബസ്സ്‌ യാത്രയില്‍ വീണു കിട്ടുന്ന ആ നിമിഷങ്ങളില്‍ മനസ്സില്‍ ഒരുപാട്  കാര്യങ്ങള്‍ വന്നു നിറയും. കുറേ ദിവസമായി എന്നെ വല്ലാതെ അലട്ടുന്ന ഒന്നാണ് നജീബിനെ കുറിച്ചുള്ള ചിന്തകള്‍. എന്തൊക്കെ യാതനകള്‍ ആ മനുഷ്യന്‍ രണ്ടരവര്‍ഷം കൊണ്ട് അനുഭവിച്ചു. ഒരു മനുഷ്യായുസ്സു മുഴുവന്‍ അനുഭവിക്കണ്ടത് ആ കാലയളവ്‌ കൊണ്ട് അനുഭവിച്ചു തീര്‍ത്തു. നജീബിനെ അറിഞ്ഞ എല്ലാ സഹൃദയരുടെ മനസ്സിലും ഈ നൊമ്പരം ഉണ്ടാവാം.ഒരു പാവം മനുഷ്യന്റെ ദുരിതജീവിതം ഇത്രമാത്രം വൈകാരികതയോടെ നമ്മില്‍ എത്തിക്കാന്‍ ബെന്യാമിന്‍ എന്ന അനുഗ്രഹീത എഴുത്തുകാരന്റെ ലളിതമായ എന്നാല്‍ ഹൃദയസ്പര്‍ശി ആയ ഭാഷയ്ക്ക്‌ കഴിഞ്ഞു. ഓരോ വരിയിലും നിറഞ്ഞു നിന്ന വേദന, ഉദ്യേഗം,തീവ്രത.. അത് അവര്‍ണ്ണനീയം തന്നെ.

 
മണലാരണ്യങ്ങളെ കുറിച്ച് എനിക്കുണ്ടാരുന്ന കാഴ്ചപാടിനെ തീര്‍ത്തും തച്ചുടക്കുന്നതാരുന്നു  നജീബിന്റെ രക്ഷപെടല്‍ യാത്രയില്‍ ബെന്യാമിന്‍ വരച്ചു കാട്ടിയത്.ഇത്രമാത്രം ഭീകരത, നിഘൂഡത  ഈ മരുഭൂമികള്‍ക്കുന്ടെന്നു ഒരിക്കലും ഞാന്‍ കരുതിയിട്ടില്ല.  ആ  യാത്രയിലുടനീളം ഞാനും നജീബിന്റെ ഒപ്പമുണ്ടാരുന്നു.  ബെന്യാമിന്‍, താങ്കള്‍   വരച്ചു കാട്ടിയ ഈ ജീവിതം...അതിനു താങ്കള്‍ കൂട്ടിയ നിറങ്ങള്‍... എനിക്കറിയില്ല... നിങ്ങള്‍  നജീബിലൂടെ എന്നെ വല്ലാതെ കീഴ്പെടുത്തി കളഞ്ഞു. ദുരിതപൂര്‍ണമല്ലാതൊരു പ്രവാസം എനിക്ക് തന്നതിന്  പരമകാരുണികനായ അള്ളാഹുവിന്  നന്ദി പറയുന്നു. ആ അലാഹുവല്ലേ നജീബിനെ രക്ഷിച്ചെടുത്തത്. പോലീസ് സ്റ്റേഷന്‍-ല്‍ തിരിച്ചറിയലിനു നജീബിന്റെ അര്‍ബാബ് വന്ന ആ അദ്ധ്യായം ...അത് വായിക്കുമ്പോള്‍ ഞാന്‍ അനുഭവിച്ച മാനസികപിരിമുറുക്കം പറഞ്ഞറിയിക്കാന്‍ കഴിയില്ല.


നജീബ്....ലോകത്തിന്റെ ഏതോ കോണില്‍  സൈനുവിനും  മകനുമൊപ്പം  താങ്കള്‍ സുഖമായി   ജീവിക്കുന്നെന്നു  വിശ്വസിക്കുന്നു. അങ്ങയുടെ ജീവിതം ഞങ്ങളെ പോലുള്ളവര്‍ക്കൊരു പാഠമാണ്.അങ്ങയുടെ ദുരിത ജീവിതം അതിഭാവുകത്വങ്ങള്‍  ഇല്ലാതെ ഞങ്ങള്‍ക്ക്  മുന്നില്‍ തീവ്രമായി വരച്ചു കാണിച്ച  ബെന്യാമിനോടുള്ള കടപ്പാടും സ്നേഹവും നിസീമമാണ്.


വിശിഷ്ടമായ..., ലോകം രണ്ടു കൈയും നീട്ടി സ്വീകരിച്ച  ഈ സാഹിത്യ സൃഷ്ടിയെ പറ്റി കൂടുതല്‍ എന്തെങ്കിലും എഴുതാന്‍ ഞാന്‍ യോഗ്യനല്ല. അതിനുള്ള ജ്ഞാനം എനിക്കില്ല. ഒരു സാധാരണ പ്രവാസിയുടെ മനസ്സില്‍ തൊട്ടുള്ള ആത്മാര്‍ഥമായ വെളിപ്പെടുത്തല്‍ മാത്രം. അങ്ങനെ മാത്രമേ  ഇതിനേ കാണാവൂ.

3 comments:

  1. നജീബ് വല്ലാതെ നൊമ്പരപ്പെടുത്തി :(

    ReplyDelete
  2. This comment has been removed by the author.

    ReplyDelete
  3. അനുഗ്രഹീത എഴുത്തുകാരന്. My congratz, you have a good future, keep it up pradeep.

    ReplyDelete

വെറുതെ വായിചിട്ടങ്ങു പോകാതെ....എന്തെങ്കിലുമൊന്നു എഴുത് :)