Friday, September 16, 2011

അക്ഷരക്കൂട്ട്‌......




ഓരോ ദിവസവും നമ്മള്‍ ഉറക്കം വിട്ടെഴുന്നെല്‍ക്കുമ്പോള്‍ അന്ന് ചെയ്യണ്ടതും ചെയ്തു തീര്‍ക്കണ്ടതുമായ കാര്യങ്ങളെ കുറിച്ച് ചിന്തിക്കാറുണ്ട്. കുറച്ചു ദിവസങ്ങളായി ഞാനും അങ്ങനെ ചിന്തിച്ചു പ്രാവര്‍ത്തികമാക്കണമെന്നു കരുതുന്ന ഒരു കാര്യത്തെ കുറിച്ചാണ് എഴുതുന്നത്‌.


ജോലിയൊന്നുമില്ലാതെ നടന്ന നാളുകളിലും...അതിനു ശേഷം ചെറിയ ചെറിയ ജോലികള്‍ ചെയ്തു കഴിഞ്ഞുകൂടിയ നാളുകളിലും വായനാ ശീലം ഉണ്ടായിരുന്നു. എനിക്ക് മനസ്സിലാക്കാന്‍ കഴിയുന്ന ബുക്കുകള്‍ ഒക്കെ വായിക്കുമാരുന്നു. മലയാളത്തിലെ പേരെടുത്ത ഒരു ബുക്കും വായിക്കാനോ...വാങ്ങാനോ അന്ന് കഴിഞ്ഞിട്ടില്ല.


അന്നൊക്കെ കമ്പ്യൂട്ടര്‍ എനിക്ക് അപ്രാപ്പ്യമായിരുന്നു. ഇന്ന് ഔദ്യോഗിക ജീവിതത്തിന്റെ മുക്കാല്‍ പങ്കും സ്വകാര്യമായി കമ്പ്യൂട്ടറില്‍ ചിലവഴിച്ചിട്ടു...വൈകുന്നേരങ്ങളില്‍ റൂമില്‍ചെന്ന ശേഷം
വീണ്ടും ഇന്റര്‍നെറ്റ്‌ എന്ന മായിക ലോകത്തേക്ക് ഊളിയിട്ടിറങ്ങാന്‍ മനസ്സ് വെമ്പുന്നു....അല്ല അത് തന്നെയാണ് ചെയ്യുന്നതും.... ഓഫ്‌ ദിവസങ്ങളിലും അവസ്ഥ വ്യത്യസ്തമല്ല...ഓഫിന്റെ ആലസ്യത്തില്‍ നിന്നുമെഴുനേറ്റു ഒരു കപ്പു കാപ്പിയുമായി നേരെ കമ്പ്യൂട്ടറിന്റെ ചുവട്ടിലേക്ക്‌...ചുറ്റുപാടുകളെയും സഹമുറിയന്‍മാരെയും മറന്നു വീണ്ടും ഇന്റര്‍നെറ്റ്‌ എന്ന മായിക ലോകത്ത്.


ഒരേ റൂമില്‍ ഒന്നിച്ചു കഴിയുന്നവരെ അടുത്തറിയാന്‍ ശ്രമിക്കാതെ, സംവദിക്കാതെ...ചുറ്റുപാടുകളെ അറിയാതെ...ബസ്സിലൂടെയും ഫേസ്ബുക്കിലൂടെയും നൈമിഷികയും യാന്ത്രികവുമായ സൗഹൃദങ്ങള്‍ തേടി അലയുന്നു. കമ്പ്യൂട്ടറിന്റെ ചുവട്ടില്‍ ഇന്റെര്‍നെറ്റിന്റെ അനന്ത വിഹായസ്സില്‍ പറന്നു നടക്കുമ്പോ...നമ്മുക്ക് നഷ്ടമാകുന്ന ഒരുപാട് കാര്യങ്ങളില്ലേ...സുഹൃത്തുക്കള്‍ക്കായി...കൂട്ടായ്മക്കായി...മാറ്റി വെക്കണ്ട നല്ല കുറേ നിമിഷങ്ങള്‍....എന്തിനു വായനാ ശീലം പോലും നമ്മുക്ക് നഷ്ടമായി. എന്തോ ഈ അടിക്ഷനില്‍ നിന്നും മോചനം വേണമെന്ന് എനിക്ക് തോന്നി തുടങ്ങിയപ്പോഴാണ് എപ്പോഴോ കൈമോശം വന്ന പുസ്തക വായന എന്ന ശീലം തിരിച്ചു കൊണ്ട് വരാന്‍ തീരുമാനിച്ചത്.

കുറേ ആഴ്ചകള്‍ക്ക് മുന്‍പ്  നല്ല ബുക്സ് സജെസ്റ്റ് ചെയ്യണമെന്നു പറഞ്ഞു ഞാന്‍  ബസ്സില്‍ പോസ്റ്റ്‌ ഇട്ടിരുന്നു.  എന്റെ കൂട്ടുകാര്‍  അന്ന് കുറേ ബുക്സ് സജെസ്റ്റ് ചെയ്തു. അന്ന് ആ പോസ്റ്റ്‌ ഇട്ടപ്പോ പലരും കളിയാക്കി.. .ഇന്റലക്ച്വല്‍ ആകാന്‍ ശ്രമിക്കുകയാണോ എന്ന് ചോദിച്ചു. സാമാന്യ അറിവും ചിന്തയും കാഴ്ചപാടും മാത്രമുള്ള ഒരു വ്യക്തി വായനാശീലം പുനരാരംഭിക്കുമ്പോ എങ്ങനെ ഇന്റലക്ച്വല്‍ ആകും. ഈ യാന്ത്രിക ജീവിതത്തില്‍ നിന്നു ഒരല്‍പം ആശ്വാസം..അതാണ്‌ ഞാന്‍ വായനയിലൂടെ ആഗ്രഹിക്കുന്നത്... .കീബോഡില്‍ കൊട്ടി കൊട്ടി ജീവിതം തീര്‍ക്കാന്‍ വയ്യാ.

കൂട്ടുകാരെ...അന്നവര്‍ സജെസ്റ്റ് ചെയ്ത പുസ്തകങ്ങളില്‍ എഴുപതു ശതമാനവും ഞാന്‍ വാങ്ങി കഴിഞ്ഞു. വായനയുടെ ലോകത്തേക്ക് കുറച്ചെങ്കിലും മടങ്ങി പോകുന്നു എന്റെ സൗഹൃദങ്ങള്‍ മുറിക്കാതെ....

No comments:

Post a Comment

വെറുതെ വായിചിട്ടങ്ങു പോകാതെ....എന്തെങ്കിലുമൊന്നു എഴുത് :)