Saturday, September 3, 2011

കാത്തിരിപ്പ്



കൂട്ടുകാരന്റെ ബ്ലോഗിലെ പരാമര്‍ശം പോലെ പ്രവാസം താല്‍കാലികമായി വെടിഞ്ഞു അഭയാര്‍ഥിയായി നാട്ടിലെത്താന്‍ ഇനിയുമുണ്ട് രണ്ടു മാസം. ആ ഓര്‍മ്മയില്‍, ആ ചിന്തകളില്‍ ഓരോ ദിവസവും ഒരു യുഗം പോലെ തള്ളി നീക്കുന്നു.

പ്രവാസം ഓരോ മലയാളിയിലും ഗൃഹാതുരത്വവും നാടിന്റെ മായാത്ത ഓര്‍മ്മകളും കൊണ്ട് നിറക്കുന്നു. എന്റെ കൂട്ടുകാരന്‍ ബ്ലോഗില്‍ എഴുതിയ പോലെ  പതിനൊന്നു മാസത്തെ പ്രവാസത്തിനൊടുവില്‍ കിട്ടുന്ന അഭയാര്‍ഥി പട്ടവുമായി ജന്മ നാട്ടില്‍ വിമാനമിറങ്ങുമ്പോള്‍ ഉണ്ടാകുന്ന സന്തോഷം.


നാടിന്റെ പച്ചപ്പിനേക്കാള്‍  ഏറെ പച്ചപ്പ്‌ ഉള്ളില്‍ വന്നു നിറയുന്ന നിമിഷങ്ങള്‍. വിമാനമിറങ്ങി ഇടനാഴിയിലൂടെ നടന്നു നീങ്ങുമ്പോ കാലുകള്‍ക്ക് വേഗത പോരെന്നു തോന്നുന്ന നിമിഷങ്ങള്‍. ലഗേജ് കിട്ടാന്‍ വൈകുമ്പോ വല്ലാത്ത അസഹിഷ്ണുത തോന്നുന്ന നിമിഷങ്ങള്‍...ഓരോ വാതിലും പരിശോധനയും കടന്നു ചില്ല് വാതിലിനപ്പുറത്തേക്ക്   നടന്നടുക്കുമ്പോ പുറത്തെ ജനാവലിയില്‍ തന്റെ പ്രേയസിയെ തിരയുന്ന ഭര്‍ത്താവിന്റെ സന്തോഷം, മക്കളെ തിരയുന്ന അച്ഛന്റെ സന്തോഷം, മാതാപിതാക്കളെ തിരയുന്ന മകന്റെ സന്തോഷം....പെങ്ങളെ തിരയുന്ന ആങ്ങളയുടെ സന്തോഷം...പ്രവാസിയുടെ സന്തോഷത്തിനു അങ്ങനെ എത്ര നിറങ്ങള്‍...അതിരില്ലാത്ത സന്തോഷിന്റെ അനിര്‍വചനീയ നിമിഷങ്ങള്‍.


വരവേല്‍ക്കാനെത്തിയ ബന്ധുക്കളോടൊപ്പം വാഹനത്തില്‍  ഇരച്ചു പായുമ്പോഴും   തന്റെ നാടിന്റെ ഓരോ മാറ്റത്തെയും പുതുമയെയും  അത്ഭുതത്തോടെ അവന്‍ നോക്കികാണും. ഓരോ വരവിലും തന്റെ നാടിന്റെ മാറ്റം. 


എന്റെ ആദ്യ പ്രവാസം രണ്ടു വര്‍ഷത്തോളം നീണ്ടു. ഒരു ശരാശരി പ്രവാസി എപ്പോഴും അങ്ങനെ തന്നെ. പോയി കുറച്ചു കാലം നിന്നു പ്രാരാബ്ധങ്ങള്‍ക്കൊരു അയവ് വരുംവരെ അവധി എന്നതിനെ കുറിച്ചവന് ചിന്തിക്കില്ല. അങ്ങനെ രണ്ടു വര്‍ഷത്തെ പ്രവാസത്തിനൊടുവില് ‍ഞാനും  അവധിക്കു (2007)പോകാന്‍ തീരുമാനിച്ചു.  ആദ്യത്തെ പോക്കാണ് . വെറും കയ്യോടെ പോകാന്‍ കഴിയില്ല. ഓരോ മാസവും എന്തെങ്കിലുമൊക്കെ വാങ്ങിച്ചു വെച്ചേ പറ്റൂ. പോകുന്ന മാസം എല്ലാം കൂടി വാങ്ങാന്‍ പറ്റിവരില്ല. 


അച്ഛനും അമ്മയ്ക്കും  കുഞ്ഞുപെങ്ങള്‍ക്കുമൊക്കെ  യഥേഷ്ടം ഉപയോഗിക്കാനുള്ളതൊക്കെ വാങ്ങണം. ഓരോ വിളിയിലും അമ്മയോട് ചോദിക്കും...എന്തൊക്കെയാണ് വാങ്ങണ്ടതെന്നു . അമ്മ പറയും "വീട്ടില്‍  വേണുന്നതെന്തെന്കിലുമൊക്കെ  വാങ്ങുക. കുട്ടികള്‍ക്ക് മിട്ടായി വാങ്ങാന്‍ മറക്കല്ലേ. അയലതൊക്കെ കൊടുക്കണം. എനിക്കൊരു ടൈഗര്‍ ബാം വേണം, കാലിന്റെ മുട്ട് തീരെ നൂക്കാന്‍ വയ്യാന്നായിരിക്കുന്നു. രാത്രി അതോരല്‍പ്പം പുരട്ടിയാല്‍ വല്ലാത്ത ആശ്വാസമാ. ഒരു കുഞ്ഞു ടോര്‍ച് വേണം. വെളുപ്പിനെ മുറ്റമടിക്കാന്‍ ഇറങ്ങുമ്പോ തെക്കേപുറത്തൊക്കെ  നല്ല ഇരുട്ടാ". ഇങ്ങനെ ചെറിയ ചെറിയ ആവശ്യങ്ങള്‍ മാത്രമേ അമ്മക്കുള്ളൂ. അച്ഛന് അതുമില്ല. പെങ്ങള്‍ക്ക് ഞാന്‍ എന്ത് കൊണ്ട് കൊടുത്താലും സന്തോഷം. ഒരാവശ്യങ്ങളുമില്ല.


അങ്ങനെ ഓരോ മാസങ്ങളിലായി ഓരോന്ന് വാങ്ങിച്ചു തുടങ്ങി. ഓഫ്‌ ദിവസം ടൌണില്‍ പോകും കുറേശ്ശെ സാധനങ്ങള്‍ വാങ്ങും. അങ്ങനെ ഒരു ദിവസം ഹൈവേ സെന്റെരിലെ (ഷോപ്പിംഗ്‌ സെന്റര്‍) ഇടനാഴിയിലൂടോരോന്നു നോക്കി നടക്കുമ്പോ  ഒരു നല്ല ഷേവിംഗ് സെറ്റ് കണ്ടു. എടുത്തു നോക്കി. പെട്ടെന്ന് അച്ഛന്റെ മുഖം ഓര്‍മ്മ വന്നു. രണ്ടു വര്ഷം മുന്‍പേ ആദ്യ ഗള്‍ഫ്‌ യാത്രക്കായി പെട്ടി അടുക്കുമ്പോ ഷേവിംഗ് സെറ്റ് ഇല്ലെന്നു  പറഞ്ഞപ്പോ. "എന്റേത് ഉപയോഗിക്കാന്‍ മടിയില്ലയെങ്കില്‍ ഇതെടുതോളൂ ഇനി വാങ്ങാന്‍ ഒന്നും നിക്കണ്ട". എന്ന് പറഞ്ഞു അച്ഛന്റെ സെറ്റ് എനിക്ക് തന്നു വിട്ടു.  ഇന്നും എന്റെ കൈയിലുള്ള സെറ്റ് അത് തന്നെ. പുതിയ ആ സെറ്റ് അച്ഛന് വേണ്ടി വാങ്ങുമ്പോ കണ്ണുകള്‍ വല്ലാതെ നിറഞ്ഞു...(ഇതെഴുതുമ്പോഴും). ഓരോ പ്രവാസിയുടെയും ജീവിതത്തില്‍ മയില്‍‌പ്പീലി തുണ്ട് പോലെ സൂക്ഷിക്കാന്‍ ഇങ്ങനെ നൂറായിരം ഓര്‍മ്മകള്‍. 


നാട്ടില്‍ നിന്നും അമ്മ കൂട്ടുകാരുടെ കൈവശം  കൊടുത്തുവിടുന്ന കുഞ്ഞുപൊതികളുടെ കവര്‍ പോലും ഞാന്‍ കളയില്ല. എന്തോ അതിനോടൊക്കെ  എനിക്ക് വല്ലാതെ അടുപ്പം തോന്നാറുണ്ട്. ആ പൊതിയില്‍ ഞാന്‍ എന്റെ അമ്മയുടെ മണം. വീടിന്റെ മണം ഒക്കെ അറിയാന്‍ ശ്രമിക്കും. അങ്ങനെ കുറേ നൊസ്റ്റാള്‍ജിക് ഫീലിങ്ങ്സ്‌. ഇതെന്റെ മാത്രം കാര്യമാണോന്നറിയില്ല.
വളരെ ചെറിയ പ്രായത്തില്‍ തന്നെ വീടുവിട്ടു ജീവിച്ച ആളായതുകൊണ്ട് തന്നെ വേര്‍പാടിന്റെ വേദന വല്ലാതെ അനുഭവിച്ചിട്ടുണ്ട്. ഇന്നും അനുഭവിക്കുന്നു. അവധിക്കു നാട്ടില്‍ എത്തുമ്പോള്‍ തന്നെ തിരിച്ചുവരവെന്ന  യാഥാര്‍ത്ഥ്യം   മനസ്സിനെ വേട്ടയാടി തുടങ്ങും. നാടും.. വീടും...അമ്പലപറമ്പും..വെടിവട്ടം പറഞ്ഞു ഞാന്‍ എന്റെ കൗമാരം   ആസ്വദിച്ച കളതട്ടും ഒക്കെ എപ്പോഴോ എനിക്ക് നഷ്ടമായി. വല്ലപ്പോഴും മാത്രം കാണാനും ഓര്‍ത്തെടുക്കാനും കഴിയുന്ന നീറുന്ന ഓര്‍മ്മകള്‍ മാത്രമായി. ഇന്ന് കളതട്ടില്‍  പഴയപോലെ ആള്‍ തിരക്കില്ല. പുതിയ കുട്ടികള്‍ക്കതിനോന്നും നേരമില്ല. കളതട്ടിലെ വെടിവട്ടം കഴിഞ്ഞു തിരിച്ചു വന്നു വീടിനു മുന്നിലെ പാലത്തില്‍ ഞങ്ങള്‍ കൂട്ടുകാര്‍ രാത്രിയില്‍ തിരുവാതിര കളിച്ചു നാട്ടുകാരെ കൂട്ടിയത്തോക്കെ ഓര്‍ക്കുമ്പോ ചിരിവരും.


ഗ്രാമക്ഷേത്രത്തില്‍ ഭഗവതി  പറക്കെഴുന്നള്ളി കഴിഞ്ഞാല്‍ പിന്നെ വീടിനു മുന്‍പിലെ പാലത്തില്‍ അന്‍പൊലി മഹോത്സവത്തിനുള്ള  തിരക്കിലാണ് ഞങ്ങള്‍.  കുരുത്തോല പന്തലിട്ടു. മൈക് സെറ്റൊക്കെ വെച്ചു ഒരു കുഞ്ഞുല്സവം. കുരുത്തോല പന്തലോരുക്കാന്‍ കുരുത്തോല കിട്ടാതെ വരുമ്പോ രാത്രി വൈകി കടമ്പാട്ട് പറമ്പില്‍ പോകും. ഒന്നര ഏക്കര്‍ ഭൂമിക്കു നടുവില്‍ ആള്‍ താമസമില്ലാത്ത ഒരു വലിയ വീട്. പകല്‍ സമയം പോലും ആരും പോകാറില്ല. ഞങ്ങള്‍ കൂട്ടുകാരോന്നിച്ചു വീട്ടിലോന്നുമറിയാതെയാണ് രാത്രിയില്‍ അവിടെ പോകുന്നത്.  കൂട്ടത്തില്‍ തണ്ടേടി ആയ കൊച്ചുമോന്‍ തെങ്ങില്‍  കേറിയിട്ടു കുരുത്തോല അറക്കും,  ഒരു കുല ഇളനീരും കയിലിയില്‍ കെട്ടി ഇറക്കും. കരിക്ക് വെട്ടി കുടിച്ചു, കുരുംബ ചുരണ്ടി തിന്നിട്ടു തൊണ്ട് അവിടെ  തന്നെ കുഴിച്ചു  മൂടും. 


ഇപ്പൊ വാമഭാഗം വിളിച്ചു നാളെ ഭഗവതിക്ക് പറയാണ് എന്നൊക്കെ  പറയുമ്പോ മനസ്സിങ്ങനെ പഴയ ഓര്‍മ്മകളിലേക്ക് ഓടി പോകും. ഇന്നും നിറം മങ്ങാതെ തെളിമയോടെ ഞാന്‍ ഓര്‍ത്തെടുക്കുന്ന എന്റെ നാടിന്റെ ഓര്‍മ്മകളില്‍ ഇങ്ങനെ മുഴുകി ഇരിക്കാന്‍ എന്ത് സുഖമാണെന്നോ.. ഓരോ പ്രവാസിക്കും ഇങ്ങനെ എത്രയെത്ര നൊമ്പരങ്ങള്‍, നീറുന്ന ഓര്‍മ്മകള്‍.


ഓരോ അവധിയും തീരാറാകുമ്പോ...രാത്രി വൈകി അമ്മയുടെ തേങ്ങല്‍ കേട്ടു ഞാന്‍ ഞെട്ടി ഉണരും. കട്ടിലില്‍ എന്റെ അടുത്തിരുന്നു മുടിയിലൂടെ കൈയോടിച്ചു നേരിയതിന്റെ അറ്റം കൊണ്ട് വാര്‍ന്നൊലിക്കുന്ന കണ്ണുനീര്‍ തുടച്ചു കരയുന്ന അമ്മയുടെ മുഖം. നമ്മള്‍ മലയാളികല്‍ക്കല്ലാതെ ആര്‍ക്കിങ്ങനെ ഒക്കെ അനുഭവിക്കാനും അറിയാനും പറ്റും ആ സ്നേഹവും, വേദനയും ഗൃഹാതുരത്വവുമൊക്കെ.


എത്ര എഴുതിയാലും പറഞ്ഞാലും  തീരാത്തത്ര നൊമ്പരങ്ങള്‍ പേറിയല്ലേ നമ്മള്‍ ഓരോ പ്രവാസിയും ജീവിത സ്വപ്നങ്ങളുമായി ഈ മരുഭൂമിയില്‍ കഴിയുന്നത്‌. ഇതിനെന്നാണൊരു അവസാനം. വര്‍ഷം ആറ് കഴിഞ്ഞു ഈ പ്രവാസം തുടങ്ങിയിട്ട്. അടുത്ത അവധിക്കായി ദിനങ്ങള്‍ എണ്ണി ഞാനിങ്ങനെ കാത്തിരിക്കുന്നു.

6 comments:

  1. നാട്ടില്‍ നിന്നും അമ്മ കൂട്ടുകാരുടെ കൈവശം കൊടുത്തുവിടുന്ന കുഞ്ഞുപൊതികളുടെ കവര്‍ പോലും ഞാന്‍ കളയില്ല. എന്തോ അതിനോടൊക്കെ എനിക്ക് വല്ലാതെ അടുപ്പം തോന്നാറുണ്ട്. ആ പൊതിയില്‍ ഞാന്‍ എന്റെ അമ്മയുടെ മണം. വീടിന്റെ മണം ഒക്കെ അറിയാന്‍ ശ്രമിക്കും. അങ്ങനെ കുറേ നൊസ്റ്റാള്‍ജിക് ഫീലിങ്ങ്സ്‌
    ഞാനും ഇങ്ങനെ തന്നെ ..ഒരു പേപ്പര്‍ പോലും കളയില്ല :((

    ReplyDelete
  2. ഷിനു, മക്കള്‍ എത്ര വളര്‍ന്നാലും അമ്മമാരുടെ സ്നേഹം...ആ സ്നേഹത്തില്‍ നിന്നു കിട്ടുന്ന ആശ്വാസം...അതൊക്കെ നമ്മക്ക് വേറെങ്ങും കിട്ടാറില്ല...

    ReplyDelete
  3. എന്റെ ബ്ലോഗിന് ആദ്യ കമന്റ്‌ ഇട്ടതിനു നന്ദി

    ReplyDelete
  4. എന്ത് പറയാന്‍ ..ഒന്നും പറയാന്‍ ഇല്ല ....എല്ലാര്ക്കും ഇതൊക്കെ തന്നെ പറയാന്‍ ഉണ്ടാകും ............ആര്‍ക്കോ വേണ്ടി കറങ്ങുന്ന ചക്ക്............

    ReplyDelete
  5. ആദ്യ പോസ്റ്റ്‌ മോശമായില്ല .എഴുത്ത് തുടരൂ. നല്ല ടെമ്പ്ലേറ്റ്, ബ്ലോഗിന്റെ കെട്ടും മറ്റും ഒത്തിരി ഇഷ്ടായി ആശംസകള്‍

    ReplyDelete

വെറുതെ വായിചിട്ടങ്ങു പോകാതെ....എന്തെങ്കിലുമൊന്നു എഴുത് :)