എന്റെ ബാല്യകാലജീവിതം അച്ഛന്റെ കുടുംബവീട്ടില്‍ ആരുന്നു. പഴയ കാലത്തെ ഒരു ഇടത്തരം വീട്. കൂട്ടുകുടുംബമായി വെല്ല്യച്ചന്റെയും ചിറ്റപ്പന്റ്റെയും കുടുംബങ്ങള്‍ ഞങ്ങളോടൊപ്പം കഴിഞ്ഞിരുന്നു. ഇന്ന് എല്ലാരും അണു കുടുംബങ്ങളായി ചിതറി മാറി കഴിഞ്ഞു. കൂട്ടുകുടുംബജീവിതത്തിന്റെ സുഖങ്ങള്‍ രസങ്ങള്‍ ഇന്ന് നമ്മുടെ കുട്ടികളെ ഇങ്ങനെ എഴുതിയും പറഞ്ഞുമല്ലേ അറിയിക്കാന്‍ പറ്റൂ.
വല്യച്ഛന്റെ മക്കളൊക്കെ ഒന്നിച്ചൊരു സ്കൂളില്‍ പഠിക്കുമ്പോ ഞാന്‍ മാത്രം വേറെ സ്കൂളില്‍ ഒറ്റയ്ക്ക്. വല്ല്യച്ചനു മൂന്നു മക്കള്‍ ആണ്. അച്ഛന് അന്ന് ബീഹാറിലാണ് ജോലി. ഞാന്‍ ഒരേ ഒരു മോന്‍. അമ്മ ബേക്കറി സാധനങ്ങളൊക്കെ വാങ്ങി വെച്ചിങ്ങനെ എപ്പോഴും തീറ്റി എന്നെ ഒരു കുട്ടികുറുമനായി വളര്‍ത്തുന്ന കാലം.
ബേക്കറിയില്‍ അന്നൊക്കെ സുതാര്യ പേപ്പറില്‍ പൊതിഞ്ഞ ഒരു നീളന്‍ കേക്ക് കിട്ടും. ഞാനിതു അമ്മയുടെ കയ്യില്‍ നിന്നും വാങ്ങി കഴിച്ചോണ്ട് വെളിയില്‍ പോകും. വല്യച്ഛന്റെ മക്കള്‍ പതുക്കെ പിറകേ കൂടും. മൂത്ത എട്ടനന്നു പതിനാലു പതിനഞ്ചു വയസ്സുണ്ടാവും...അതിനിളയ എട്ടന് പത്തു വയസ്സ്...എനിക്കും വല്യച്ഛന്റെ മോള്‍ക്കും ഏകദേശം ഒരേ പ്രായവും...ഒരേ പ്രായക്കാര്‍ ആയതുകൊണ്ടാണോ എന്തോ അവള്‍ക്കു മാത്രം ഒരല്‍പം നുള്ളി കൊടുക്കും. അപ്പൊ ഏട്ടന്മാരും കൈനീട്ടും.ഞാന്‍ കൊടുക്കില്ല. ഓരോന്ന് പറഞ്ഞു നയത്തില്‍ അവരെന്നെ പറമ്പിന്റെ ഏതെങ്കിലും കോണില്‍ കൊണ്ട് പോയിട്ട് വീണ്ടും ചോദിക്കും....കൊടുത്തില്ലെങ്കില്‍ പറമ്പില്‍ കിളച്ചു കൂട്ടിയിരിക്കുന്ന മണ്‍കട്ട വെച്ചെന്നെ എറിയും...ഞാന്‍ കരഞ്ഞോണ്ട് ഓടും. അഥവാ എന്തെങ്കിലും എപ്പോഴെങ്കിലും കൊടുത്താല്‍ തന്നെ വഴകിടുമ്പോ ഞാന്‍ തിരിച്ചു ചോദിക്കും. അപ്പൊ മൂത്തേട്ടന്‍ കളിയാക്കി ഒരു പാട്ട് പാടും...ഇന്ന് തരാം... നാളെ തരാം.... പാറ കല്ലേല്‍ തൂറി തരാമെന്നു.
ഇന്ന് വളര്‍ന്നു വലുതായി കുഞ്ഞുകുട്ടിപരാധീനങ്ങള്‍ ഒക്കെ ആയപ്പോഴും ഞങ്ങള്‍ ഒത്തുകൂടുമ്പോഴൊക്കെ ഇത് പറഞ്ഞു ചിരിക്കും. അന്ന് ഞങ്ങളുടെ വീട്ടിലൊരു അമ്മൂമ്മ വരുമാരുന്നു. കുഞ്ഞുപെണ്ണമ്മൂമ്മ.വീട്ടില്‍ തേങ്ങ ഇടാന്‍ വരുന്ന കേശവന്‍ അപ്പുപ്പന്റെ അമ്മയാണ്. വീട്ടില്‍ എന്തെങ്കിലുമൊക്കെ ചെറിയ ചെറിയ സഹായങ്ങള്‍ ചെയ്തു വൈകും വരെ അവിടെ കൂടും. വാത്സല്യത്തോടെ എന്നെ മടിയിലൊക്കെ പിടിച്ചിരുത്തി ഓരോ കഥകള്‍ പറയും.
എന്നോടുള്ള വാത്സല്യം കൊണ്ടാവാം...ഈ അമ്മൂമ്മയെ എനിക്കൊരുപാടിഷ്ടമാരുന്നു. അമ്മൂമ്മക്കൊരു പ്രത്യേകത ഉണ്ട്. ബ്ലൌസോ റൌക്കയോ ഒന്നും തന്നെ ഉപയോഗിക്കില്ല. മാറ് ഒരു വെള്ള നേര്യതു കൊണ്ടിങ്ങനെ മറച്ചിടും. വീട്ടില്‍ എന്റെ സ്വന്തം അമ്മൂമ്മ ഒക്കെ ബ്ലൌസ് ഇട്ടു നടക്കുമ്പോ കുഞ്ഞുപെണ്ണമ്മൂമ്മ മാത്രമെന്താ ഇങ്ങനെ എന്ന് ഞാന്‍ ഒരിക്കല്‍ അമ്മയോട് ചോദിച്ചു. അമ്മൂമ്മക്ക് ബ്ലൌസ് മേടിക്കാന്‍ കാശില്ലാഞ്ഞിട്ടാ എന്ന് അമ്മ പറഞ്ഞു. ഞാന്‍ അത് വിശ്വസിച്ചു.
മാസങ്ങള്‍ ഓടി പോയി. മധ്യവേനല്‍ അവധിയായി. എല്ലാ വേനലവധിക്കും അച്ഛന്‍ വരും. ആ ഓര്‍മ്മയില്‍, കളിപ്പാട്ടങ്ങള്‍ക്കും ഉടുപ്പുകള്‍ക്കും, മിട്ടായികള്‍ക്കും വേണ്ടിയുള്ള കുഞ്ഞു മനസ്സിന്റെ കാത്തിരിപ്പാണ് പിന്നെ. അങ്ങനെ ഏപ്രില്‍ മാസത്തില്‍ അച്ഛനെത്തി. അടുത്ത ദിവസം കുഞ്ഞുപെണ്ണമ്മൂമ്മ വീട്ടില്‍ വന്നപ്പോ അച്ഛന്‍ വിശേഷങ്ങള്‍ ഒക്കെ തിരക്കി. പത്തു രൂപാ കയ്യില്‍ വെച്ച് കൊടുക്കുമ്പോ, (എല്ലാ വരവിലും അതൊരു പതിവാണ്) ഞാന്‍ രംഗപ്രവേശം ചെയ്തു. "അച്ഛന്‍ വന്നിട്ട് അമ്മൂമ്മക്കൊന്നുമില്ലേ" അമ്മൂമ്മ വെറുതെ ചോദിച്ചു. ഞാന്‍ ചിരിച്ചിട്ടോടി കളഞ്ഞു.
രാത്രിയില്‍ അച്ഛനെ കെട്ടിപിടിച്ചു കിടന്നേ ഞാന്‍ ഉറങ്ങൂ. അച്ഛന്‍ തിരിച്ചുപോകും വരെ അതൊരു ശീലമാണ്. അങ്ങനെ കെട്ടിപിടിച്ചു ഉറങ്ങാന്‍ കിടക്കുമ്പോ പെട്ടെന്ന് കുഞ്ഞുപെണ്ണമ്മൂമ്മയെ ഓര്‍മ്മ വന്നു. ഞാന്‍ അച്ഛനോട് ചോദിച്ചു "ഞാനൊരു കാര്യം പറഞ്ഞാല്‍ അച്ഛന്‍ സാധിച്ചു തരുമോ" എന്ന്. "അതിനെന്താ...മോന്‍ പറഞ്ഞോ... അച്ഛന്‍ സാധിച്ചു തരാം" അതും പറഞ്ഞച്ചന്‍ എന്നെ ചേര്‍ത്തുപിടിച്ചു. "നമ്മുടെ കുഞ്ഞുപെണ്ണമ്മൂമ്മക്ക് ബ്ലൌസ് വാങ്ങാന്‍ പൈസ ഇല്ല. നമ്മുക്കൊരെണ്ണം വാങ്ങിച്ചു കൊടുത്തുകൂടെ??." എന്റെ ചോദ്യം കേട്ടു അച്ഛനൊന്ന് ചിരിച്ചു....പിന്നെന്നെ നെഞ്ചോടു ചേര്‍ത്തുപിടിച്ചു നെറ്റിയില്‍ ഒരുമ്മ തന്നിട്ട് പറഞ്ഞു...."അതിനെന്താ അമ്മൂമ്മക്ക് അച്ഛന്‍ ഒരു ബ്ലൌസ് വാങ്ങിച്ചു കൊടുക്കാം" .
കാര്യം അറിഞ്ഞ അമ്മ വഴക്കായി. അമ്മൂമ്മ ബ്ലൌസ് ഇടില്ല മോനെ...കാശില്ലാഞ്ഞിട്ടാണെന്നു അമ്മ അന്നു വെറുതെ പറഞ്ഞതാ എന്നൊക്കെ. ഞാന്‍ ഉണ്ടോ അത് കേള്‍ക്കുന്നു. കരച്ചിലോടെ കരച്ചില്‍. അങ്ങനെ എന്റെ സങ്കടത്തിനു മുന്‍പില്‍ കാര്യങ്ങള്‍ക്ക് തീരുമാനമായി. വീട്ടില്‍ എന്റെ അമ്മൂമ്മയുടെ അളവില്‍ ഒരു ബ്ലൌസ് തൈപ്പിച്ചു. പിറ്റേ ദിവസം കുഞ്ഞുപെണ്ണമ്മൂമ്മയെ വീട്ടില്‍ വിളിപ്പിച്ചു ആ പൊതി ഏല്‍പ്പിച്ചു. പൊതി തുറന്നു നോക്കിയിട്ട് അമ്മൂമ്മ പറഞ്ഞു." അമ്മൂമ്മക്കിത് വേണ്ട. അമ്മൂമ്മ ഇത് ഇടില്ല. പണ്ട് മുതലേ ഇങ്ങനെ ശീലിച്ചു പോയി" എന്ന്. അന്നൊരുപാട് സങ്കടം തോന്നി. ഒരുപാടാഗ്രഹിച്ചു വഴക്കിട്ടു വാങ്ങിപ്പിച്ചതല്ലേ. പിന്നെ മനസ്സില്‍ സ്വയം സമാധാനിച്ചു. പഠിച്ചു വലുതാകുമ്പോ ആദ്യത്തെ ശമ്പളത്തിന് കുഞ്ഞുപെണ്ണമ്മൂമ്മക്ക് നല്ലൊരു മുണ്ടും നേരിയതും വാങ്ങി കൊടുക്കണമെന്നൊക്കെ മനസ്സില്‍ തീരുമാനിച്ചുറച്ചു.
പക്ഷെ കാലം അതിനൊന്നും അനുവദിച്ചില്ല. ഞാന്‍ പത്താം ക്ലാസ്സില്‍ പഠിക്കുമ്പോള്‍ അമൂമ്മക്കു വാര്‍ധക്യസഹജമായ രോഗങ്ങള്‍ മൂര്ചിച്ചു. ഒരു ദിവസം സ്കൂളില്‍ നിന്നു വരുമ്പോ അമ്മൂമ്മയുടെ മരണവാര്‍ത്തയാണ് കേള്‍ക്കുന്നത്. എന്നിലെ ആഗ്രഹം ബാക്കിയാക്കി അമ്മൂമ്മ എന്നന്നേക്കുമായി ഞങ്ങളെ ഒക്കെ പിരിഞ്ഞു പോയി.
വാത്സല്ല്യത്തോടെ മോനേന്നു വിളിച്ചു....മാറില്‍ നേര്യതു മാത്രം മടക്കി ഇട്ടു ഒരല്‍പം കൂനോടെ നടന്നു വരുന്ന കുഞ്ഞുപെണ്ണമ്മൂമ്മയെ എനിക്കൊരിക്കലും മറക്കാന്‍ കഴിയില്ല. അത്രക്കെനിക്കിഷ്ടമാരുന്നു.
നന്നായിട്ടുണ്ട് പ്രദീപേട്ടാ. പഴയ ഓര്‍മ്മകള്‍ .....
ReplyDeleteഞാന്‍ എന്റെ മുത്തശിയോടും പറഞ്ഞിട്ടുണ്ട് ഞാന്‍ വലുതാവുമ്പോള്‍ അമ്മച്ചിക്കൊരു മുണ്ടും ബ്ലൌസും വാങ്ങിത്തരാമെന്ന് ,, പക്ഷെ ഇതുവരെ കഴിഞ്ഞിട്ടില്ല ....
thanx da....okke nadakkum...:)
ReplyDeleteസൂപ്പര്‍.........
ReplyDelete