Saturday, November 10, 2012

തിരിച്ചറിവുകള്‍


നോയിഡയില്‍ നിന്ന് നാട്ടിലേക്കുള്ള വരവ് അപ്രതീക്ഷിതമായിരുന്നു. പെട്ടെന്ന് ജോലി രാജി വെച്ചു.അടുത്ത ദിവസം പെട്ടിയും തൂക്കി നേരെ ഡല്‍ഹിയിലേക്കു.സ്റ്റേഷനു പുറത്തുള്ള ഏജെന്റിനെ പിടിച്ചു കേരള എക്സ്പ്രസ്സില്‍ ഒരു ടിക്കറ്റ്‌ തരപ്പെടുത്തി. വെയിറ്റിംഗ് ലിസ്റ്റില്‍ ആണ്. അകത്തു കേറിയിട്ടു എങ്ങനേലും ഒരു സീറ്റ് തരപ്പെടുത്തണം .റിസര്‍വേഷന്‍ കമ്പാര്‍ട്ട്മെന്റില്‍ കേറാമല്ലോ എന്ന ചിന്തയിലാണ് കൂടുതല്‍ പൈസ ആയിട്ടുപോലും വെയിറ്റിംഗ് ലിസ്റ്റില്‍ എടുത്തതു .

കേരള എക്സ്പ്രസ്സില്‍ ഇപ്പോഴും തിരക്കോട് തിരക്കാണ് . അന്നും കുത്തി നിറച്ച അവസ്ഥയില്‍ തന്നെ യാത്ര തുടങ്ങി. ഉച്ചയായപ്പോ ടിടിആര്‍ വന്നു. ഞാന്‍ ഉപഗ്രഹം പോലെ അയാള്‍ക്ക്‌ ചുറ്റും നടന്നു. ആകെ ഒരു മുശടന്‍ സ്വഭാവം. വൈകും വരെ പിറകെ നടന്നു കെഞ്ചിയിട്ടും കനിഞ്ഞില്ല. പെട്ടി ഒരു സീറ്റിനടിയില്‍ വെച്ച് പൂട്ടിയിട്ട് ഡോറിനടുത്തു  പോയി വെളിയിലേക്ക് നോക്കി വെറുതെ നിന്നു. നേരമിരുണ്ടൂ. ആളുകള്‍ പതുക്കെ കിടക്ക വിരിച്ചു തുടങ്ങി.പല കോപ്പയിലും ലൈറ്റ് ഓഫ്‌ ആയി. ഒന്ന് നടുനിവര്‍ത്താതെ വയ്യെന്നായി. ഇന്റര്‍ കണക്ടഡ് പാസേജിലൂടെ അടുത്ത  കമ്പാര്‍ട്ട്മെന്റിലേക്കു വെറുതെ നടന്നു. ബാത്ത്റൂം സൈഡില്‍ ഒരു കൂട്ടം പട്ടാളക്കാര്‍ പേപ്പറും കമ്പിളിയും നിലത്തു വിരിച്ചു, പെപ്സിയില്‍ മിക്സ് ചെയ്ത മദ്യവും സേവിച്ചു വീണിടം വിഷ്ണുലോകം ആക്കി ആഘോഷിക്കുന്നു. ഡോറില്‍ പിടിച്ചു അവരെ നോക്കി നിന്നു. ഒരാള്‍ എന്നെ നോക്കി ചിരിച്ചിട്ട് ഫോം കപ്പിലേക്ക് മദ്യം പകര്‍ന്നു നീട്ടി. " വേണ്ടാ ഞാന്‍ കുടിക്കില്ല..." ചിരിച്ചു കൊണ്ട് ഞാനത് നിരസിച്ചു. നിരാശയോടെ അതിലേറെ അവിശ്വാസത്തോടെ  എന്റെ മുഖത്തേക്ക് ഒന്നിരുത്തി നോക്കിയിട്ട് അയാള്‍ വീണ്ടും  ആഘോഷങ്ങളില്‍ അലിഞ്ഞു ചേര്‍ന്നു. നില്‍പ്പ് നീണ്ടു പോയി. കാലിനു വേദന തുടങ്ങി. അവരെ ഒന്ന് നോക്കിയിട്ട് പതുക്കെ വിരിയുടെ ഒരു കോണില്‍ ഇരുന്നു. "റിസര്‍വേഷന്‍ ഇല്ലല്ലേ..." മദ്യം ഓഫര്‍ ചെയ്താള്‍ ചോദിച്ചു. ഇല്ലെന്നു തലയാട്ടി.അവരില്‍ ഒരാളായി കുറച്ചു കൂടി അടുത്തിരുന്നു. വെടിവട്ടങ്ങളും ബഹളവുമോക്കെയായി ആ രാത്രി അങ്ങനെ കഴിച്ചു കൂട്ടി. രാവിലെ  ആയപ്പോഴേക്കും അവര്‍ മിലിട്ടറി കമ്പാര്‍ട്ട്മെന്റിലേക്കു മാറി. ഞാന്‍ തനിച്ചായി.

ട്രെയിനിന്റെ നീളം അളന്നും പാന്‍ട്രി കാറില്‍ ഉണ്ടും കഥപറഞ്ഞും പകല്‍ തള്ളിവിട്ടു . പുറത്തു ഇരുട്ട് വീണു തുടങ്ങി.ട്രെയിനിനുള്ളില്‍ നീലയും വെള്ളയും കലര്‍ന്ന വെളിച്ചം പരന്നു . ആഹാരപൊതികളുമായി സപ്ലയര്‍മാര്‍ തലങ്ങും വിലങ്ങും പാഞ്ഞു നടക്കുന്നു.യാത്രക്കാര്‍ ,കഴിച്ചവര്‍ കഴിച്ചവര്‍ കിടന്നു തുടങ്ങി. ഇന്നെങ്കിലും എവിടെങ്കിലും കയറി കൂടിയേ പറ്റൂ. വല്ലാത്ത ക്ഷീണം അനുഭവപ്പെട്ടു . കമ്പാര്‍ട്ട്മെന്റുകള്‍ തോറും അലഞ്ഞു . രാത്രിയില്‍ ബെര്‍ത്ത്കളിലേക്ക് നോക്കി നടക്കുന്ന എന്നെ ആളുകള്‍ സംശയദൃഷ്ടിയോടെ നോക്കി. പത്തു മണിയോടെ നടത്തം അവസാനിപ്പിച്ചു.മുന്നില്‍ കണ്ട കമ്പാര്‍ട്ട്മെന്റിലെ ഒരു മുറിയില്‍ ലൈറ്റ്കള്‍ പൂര്‍ണ്ണമായി അണഞ്ഞിരുന്നു.

തപ്പി തടഞ്ഞു, ശബ്ദമുണ്ടാക്കാതെ, ബെര്‍ത്ത്കള്‍ക്കിടയില്‍ ഒരു ന്യൂസ്‌ പേപ്പര്‍ നീളത്തില്‍ വിരിച്ചു കിടന്നു. സീറ്റിനടിയില്‍ നിന്ന് തള്ളി നിക്കുന്ന പെട്ടികള്‍ക്കും ചെരുപ്പുകള്‍ക്കുമിടയില്‍ കിടപ്പ്  ദുസഹമായിരുന്നെങ്കിലും , രണ്ടു ദിവസം കൂടി ഒന്ന് നടുനിവര്‍ത്താന്‍ കഴിഞ്ഞതിന്റെ  ആശ്വാസത്തില്‍ , ക്ഷീണത്തില്‍ പെട്റെന്നുറങ്ങി പോയി. വല്ലാത്തൊരു ആക്രോശം കേട്ട് ഞെട്ടി ഉണരുമ്പോ കൂപ്പയിലെ ലൈറ്റ് തലയ്ക്കു മുകളില്‍ കത്തി നില്‍ക്കുന്നു. ആരൊക്കെയോ എന്നെ തുറിച്ചു നോക്കി മുന്നില്‍ . ചാടി എഴുനെല്‍ക്കുമ്പോ നാല്പതിയഞ്ചിനു അടുത്ത് പ്രായമുള്ള ഒരു സ്ത്രീയും മകളും... അടുത്ത സീറ്റുകളിലെ യാത്രക്കാരും. " പെണ്‍കുട്ടികള്‍ കിടക്കുന്ന ബെര്‍ത്ത്‌ നോക്കി വന്നിരിക്കുകയാണിവനൊക്കെ...ബാത്ത് റൂമില്‍ പോകാന്‍ കാലെടുത്തു വെച്ചതിവന്റെ ദേഹതാണ് . ഇവിടെ തന്നെ കിടക്കണമല്ലേ നിനക്ക് ..."  ഒരു കുറ്റവാളിയെ പോലെ  അവര്‍ എന്നെ വിസ്തരിക്കുകയാണ്. കൂടി നിന്നവരും എന്നെ സംശയത്തോടെ നോക്കി. സ്ത്രീയുടെ ശബ്ദം വീണ്ടും ഉയര്‍ന്നു.

അപമാനിതനാവുന്നതിന്റെ വേദനയില്‍ പോക്കെറ്റില്‍ നിന്നും ടിക്കറ്റ്‌ എടുത്തു ഞാന്‍ അവരെ കാണിച്ചു. " എനിക്കും റിസര്‍വേഷന്‍ ഉണ്ട്...വെയിറ്റിംഗ് ലിസ്റ്റ് ആയിപോയി ...രണ്ടു ദിവസമായി കിടന്നിട്ടു....ആ ക്ഷീണം കൊണ്ടു കിടന്നു പോയതാ.....നിങ്ങളിങ്ങനെ ബഹളം വെക്കാതിരിക്കൂ... നിങ്ങളെ പോലൊരു യാത്രക്കാരന്‍ ആണ് ഞാനും " എന്റെ വാക്കുകള്‍ക്കു ചെവികൊടുക്കാതെ അവര്‍ വീണ്ടും വീണ്ടും എന്തൊക്കെയോ പറഞ്ഞു കൊണ്ടേ ഇരുന്നു. അപമാനഭാരത്തോടെ ഞാന്‍ ഡോറിനടുത്തു പോയി പുറത്തേക്കു നോക്കി നിന്നു. രാവിലെയും ആ സ്ത്രീയെ കണ്ടെങ്കിലും മുഖം കൊടുക്കാതെ ഞാന്‍ ഒഴിഞ്ഞു മാറി.

ഉച്ചയോടെ കായംകുളത്തെത്തി. പെട്ടിയും തൂക്കി പ്ളാറ്റ് ഫോമിലൂടെ നടക്കുമ്പോ തീരാത്ത  ദേഷ്യത്തോടെ വിന്‍ഡോയിലൂടെ എന്നെ നോക്കുന്ന ആ സ്ത്രീയെ ഞാന്‍ കണ്ടു. എന്നെ അപമാനിച്ച അവരെ ഞാനുമൊന്നു രൂക്ഷമായി നോക്കി.

വര്‍ഷങ്ങള്‍ കഴിഞ്ഞു. പെങ്ങളും ഭാര്യയുമായി ഒരു ട്രെയിന്‍ യാത്ര.  മണിക്കൂറുകള്‍ മാത്രം നീളുന്ന യാത്ര. പകല്‍ വെളിച്ചത്തില്‍ പോലും നാണിക്കാത്ത സമൂഹത്തിന്റെ വൃത്തികെട്ട മുഖം ഞാന്‍ അന്ന് കണ്ടു. അനാവശ്യമായി തിക്കും തിരക്കുമുണ്ടാകി സ്ത്രീകള്‍ക്കിടയിലൂടെ നടക്കുന്ന സാമൂഹ്യവിരുദ്ധര്‍ .സ്ത്രീകളുടെ സീറ്റില്‍ അവരെ ചാരി നില്‍ക്കാന്‍ ശ്രമിക്കുന്ന മദ്ധ്യവയസ്കര്‍ . സ്ത്രീകള്‍ ട്രെയിനിനില്‍ എത്രമാത്രം ബുദ്ധിമുട്ടിയാണ് യാത്ര ചെയ്യുന്നതെന്നും അവര്‍ സുരക്ഷിതര്‍ അല്ലെന്നും മനസ്സിലായി .

മകളുടെ ബെര്‍ത്തിന് താഴെ ഇരുളില്‍ കിടന്ന അപരിചിതനോടു കയര്‍ത്തു സംസാരിക്കാനും നിഷ്കരുണം ഇറക്കിവിടാനും ധൈര്യം കാണിച്ച ആ അമ്മയെ ഞാന്‍ ഓര്‍ത്തു. അവരുടെ ആക്രോശങ്ങള്‍ക്കും കുറ്റപ്പെടുതലുകള്‍ക്കും വല്ലാത്തൊരു അര്‍ത്ഥമുണ്ടായിരുന്നുവെന്നു ഞാന്‍ തിരിച്ചറിഞ്ഞു .അവരോടെനിക്ക് അതിരറ്റ ബഹുമാനം തോന്നി. അന്നവരോട് അമര്‍ഷം തോന്നിയതില്‍ കുറ്റബോധവും.

Wednesday, November 7, 2012

വഴുക്കലില്‍ വീഴാതെ...




കൊച്ചിയില്‍ ജോലി ചെയ്യുമ്പോ അവിടെ റേഡിയോ സെറ്റ് ഉണ്ട്. ഫ്ലൈറ്റ് അറ്റന്ടെന്റ്റ്‌കളെ , എയര്‍ ഇന്ത്യ സെക്യൂരിറ്റിയെ ഒക്കെ അതിലൂടെ ആണ് ബന്ധപ്പെടുന്നത്.  റിസെപ്ഷനില്‍ ഉള്ള സുന്ദരി കുട്ടിയാരുന്നു അതിന്റെ ആള്...നല്ല മണി മണി പോലെ... അനര്‍ഘനിര്‍ഘളമായി ഇംഗ്ലീഷ് മൊഴിയും .നാട്ടിലെ സാദാ സ്കൂളിലൊക്കെ പഠിച്ചിട്ടു ഒരു വാക്യം പറയാന്‍ നൂറുതവണ മനസ്സില്‍ ഗൃഹപാഠം ചെയ്യുന്ന കാലം..ഗ്രാമര്‍ എന്ന കീറാമുട്ടി മനസ്സിനെ ആകെ ആശയ കുഴപ്പത്തിലാക്കുകയും ചെയ്യും....

അങ്ങനെ ഇരിക്കുമ്പോ ലവള്‍ക്ക് കെട്ടിയോന്‍ പണി കൊടുത്തു... ഗര്‍ഭിണി.പ്രസവലീവ് എടുത്തു അവള്‍ പോയി...താല്‍കാലികമായി ആരെയും നിയമിക്കുക എന്ന ആചാരം അവിടെ ഇല്ലാതിരുന്ന കൊണ്ട് പറയത്തക്ക പദവിയോ സ്പെസിഫിക് ജോബോ ഇല്ലാതിരുന്നത് കൊണ്ട് റേഡിയോ സെറ്റിന്റെ കണ്ട്രോള്‍ കൈകാര്യം ചെയ്യാന്‍ എന്നെ ഏല്‍പ്പിച്ചു.

ചുമതല ഏറ്റ ആദ്യ ദിവസം രാവിലെ എഴുനേറ്റപ്പോ മുതല്‍ ആകെ ഒരു എരിപൊരി സഞ്ചാരം. ഓഫീസില്‍ പോകുന്ന കാര്യമോര്‍ത്തിട്ട് ആകെ വെപ്രാളം . കണ്ട്രോള്‍ കം ഇന്‍ കണ്ട്രോള്‍ കം ഇന്‍ എന്ന റേഡിയോയിലൂടുള്ള ആ നിലവിളി മനസ്സില്‍ ഇങ്ങനെ കിടന്നു അലട്ടാന്‍ തുടങ്ങി. മൈക്കിലൂടെ ഇടയ്ക്കു അനൌണ്‍സ് ചെയ്യേണ്ടതായും വരും. ഈശ്വര..എങ്ങോട്ടെങ്കിലും ഒളിചോടിയാലോ എന്ന് പോലും ചിന്തിച്ചു.

അങ്ങനെ രണ്ടും കല്‍പ്പിച്ചു ഓഫീസില്‍ എത്തി. സര്‍വ്വ ദൈവങ്ങളെയും പ്രാര്‍ഥിച്ചു ഒരു പേപ്പറില്‍ കണ്ട്രോള്‍ വിത്ത്‌ യു ഗോ എഹെഡ് എന്നൊക്ക എഴുതി വെച്ചു. വീണ്ടും വീണ്ടും വായിച്ചു കോണ്ഫിടെന്‍സ് കൂട്ടാന്‍ നോക്കി. അങ്ങനെ അങ്കലാപ്പുകളും ആശങ്കകളുമായി കുറെ മണിക്കൂറുകള്‍ കടന്നു
പോയി. പെട്ടെന്ന് ഫോണ്‍ റിംഗ് ചെയ്തു. " പ്രദീപ്‌ ക്യാബിന്‍ ക്ളീനിംഗ് പിള്ളാരോട് മിനി ബസ്സില്‍ റിപ്പോര്‍ട്ട്‌ ചെയ്യാന്‍ ഒന്ന് അനൌണ്‍സ് ചെയ്യ്..." മറുതലക്കല്‍ പ്രീസെറ്റ് സൂപ്പര്‍വൈസര്‍ ആണ്. ശരി സര്‍ എന്ന് പറഞ്ഞു ഞാന്‍ ഫോണ്‍ വെച്ചു.

ഒരു പേപ്പര്‍ എടുത്തു "ആള്‍ ക്യാബിന്‍ ക്ളീനിംഗ് ബോയ്സ് പ്ലീസ് റിപ്പോര്‍ട്ട്‌ റ്റു മിനി ബസ്‌ ഇമീടിയറ്റ്ലി " എന്നെഴുതി ആവര്‍ത്തിച്ചു വായിച്ചു നോക്കി....ഒരു ദീര്‍ഘശ്വാസം എടുത്തു ഇല്ലാത്ത ആത്മവിശ്വാസം ഉണ്ടെന്നു വരുത്തി മൈക് ഓണ്‍ ചെയ്തു.ഒരൊറ്റ കീറല്‍ ..."ആള്‍ ക്ളാബിന്‍ ബോയ്സ് "......മൊത്തം വഴുക്കല്‍ ആണെന്ന് മനസ്സിലായി ആകെ പതറി ...ശബ്ദം പുറത്തോട്ടു വരുന്നില്ല...കണ്ണില്‍ ഇരുട്ട് കേറുന്ന പോലെ ഒരു തോന്നല്‍ ...എന്റെ അവസ്ഥ കണ്ട സഹപ്രവര്‍ത്തകന്‍ ജിജോ മൈക്ക് വാങ്ങി അനൌണ്‍സ് ചെയ്തു.

പതിനഞ്ചു മിനിറ്റ് കഴിഞ്ഞപ്പോഴേക്കും ജി എമ്മിന്റെ വിളി വന്നു..തല കുനിച്ചു നിന്നു കിട്ടിയ പച്ചതെറി മൊത്തം ഏറ്റു വാങ്ങി. സഹതാപത്തോടെ നോക്കുന്ന സഹപ്രവര്‍ത്തകര്‍ക്ക് നടുവിലൂടെ നിറ കണ്ണുകളുമായി സീറ്റിലെത്തുമ്പോഴേക്കും മനസ്സില്‍ വല്ലാത്തൊരു വാശി ഉണ്ടായി.ഈ ഭാഷ എങ്ങനെയും പഠിച്ചെടുക്കണം. ആ വാശിയില്‍ കുരുത്ത നിശ്ചയദാര്‍ഡ്യം.....അതാണ്‌ ഇന്നത്തെ എന്റെ അതിജീവനത്തിനു താങ്ങാവുന്നത് ..

വെറുതെ...ഒരു തിരിഞ്ഞു നോട്ടം :))

Saturday, October 13, 2012

പയ്യന്‍ കഥകള്‍

രണ്ടാമത്തെ അറ്റാക്കും, ഐ സി യുവിലെ ഹ്രസ്വവാസവും കഴിഞ്ഞു തൊണ്ണൂറ്റിയാറുകാരിയായ അച്ഛമ്മയെ വീട്ടില്‍ കൊണ്ടു വന്ന ദിവസം. ദുഖാര്‍ത്തരായ ബന്ധുക്കളും അയല്‍വാസികളും ശയ്യാവലംബയായ അച്ഛമ്മക്ക് ചുറ്റും കൂട്ടം കൂടി മൂകമായി നിന്നു.

എല്ലാ മുഖങ്ങളിലും ഭയാനകമായ പിരിമുറുക്കം.പെട്ടെന്ന് അക്ഷര സ്പുടതയില്ലാതെ ഒരു പാട്ട് ഒഴുകി എത്തി..."അപ്പങ്ങ എമ്പ്ടും ചുട്ടമ്മായി...അമ്മായി ചുട്ടത് ..."
കൂടി നിന്നവര്‍ പരിസരം മരന്നാര്‍ത്തു ചിരിച്ചു. മുറിയില്‍ കട്ടപിടിച്ചു നിന്ന പിരിമുറുക്കത്തെ ആ ചിരി പാടെ അലിയിച്ചു കളഞ്ഞു. വീട്ടില്‍ സ്ഥിരം മൂളി നടക്കുന്ന ആ ഈരടി എന്റെ സന്താനത്തിന്റെ നാവില്‍ നിന്നാണെന്നു പെട്ടെന്ന് കത്തി.ഈ അവസരത്തില്‍ അതെടുതലക്കുമെന്നു സ്വപ്നേപി പോലും കരുതിയില്ല.ആള്‍ക്കൂട്ടത്തില്‍ നിന്നു ആളെ തപ്പി പിടിച്ചു വാ പൊത്താനും..നുള്ള് കൊടുത്തു ഒതുക്കാന്‍ ശ്രമിച്ചതിനും കൂടി നിന്നവരില്‍ നിന്നെനിക്ക് വയറു നിറച്ചു കിട്ടി.

കുട്ടികളുടെ നിഷ്കളങ്ക രീതികള്‍ , പ്രവര്‍ത്തികള്‍ നമ്മുടെ ഒക്കെ പിരിമുറുക്കത്തെ എത്രവേഗം അലിയിച്ചു കളയുമെന്ന് ഞാന്‍ അറിഞ്ഞു.അനവസരത്തിലെ പാട്ടിനോട് ആദ്യം പൊരുത്തപ്പെടാന്‍ കഴിഞ്ഞില്ലെങ്കിലും പിന്നീടൊരു നൂറായിരം തവണ ഞാന്‍ അതോര്‍ത്തു ചിരിച്ചു....ഇപ്പോഴും ഈ മരുഭൂവില്‍ വേര്‍പാടിന്റെ നോവിലും...ആ കുഞ്ഞു പാട്ടെന്റെ ചെവിയിലിങ്ങനെ അലയടിക്കുന്നു...ഓര്‍ത്തോര്‍ത്തു ചിരിക്കാന്‍


NB: അച്ഛമ്മ ആരോഗ്യവതിയായി കഴിയുന്നു എന്ന സന്തോഷ വാര്‍ത്ത അറിയിക്കുന്നു.

Friday, October 12, 2012

ഇതൊരു ജാതി കോത്താഴത്തെ മറവി ആയി പോയി...

ഇതിലെ കഥാപാത്രങ്ങളും സന്ദര്‍ഭവും തികച്ചും സാങ്കല്‍പ്പികമാണെന്നു വിശ്വസിക്കുമെങ്കില്‍ വിശ്വസിക്കുക :))

മറവി മനുഷ്യസഹജമാണ്. സ്വതസിദ്ധമായ ഓര്‍മ്മശക്തി നമ്മളില്‍ ക്ഷയിച്ചു കൊണ്ടേ ഇരിക്കുന്നു. എന്തിനും ഏതിനും റിമെയിണ്ടര്‍ വേണ്ട അവസ്ഥയായി.

ഈ പ്രാവശ്യം നാട്ടില്‍ പോയപ്പോ രസകരമായ ഒരു സംഭവമുണ്ടായി.അയലത്തെ കല്യാണത്തിനായി എല്ലാരും തകൃതിയില്‍ ഒരുങ്ങുകയാണ്. (കല്യാണം കഴിച്ച ശേഷം ഇന്ന് വരെ ഒരു കല്യാണത്തിനും താലികെട്ട് കാണാനുള്ള ഭാഗ്യം ഉണ്ടായിട്ടില്ലെന്ന് ഇതരുണത്തില്‍ പറയാതെ വയ്യ). ചെറുക്കന്റെ കല്യാണമാണ്. വണ്ടികള്‍ ട്രിപ്പ്‌ അടിക്കാന്‍ തുടങ്ങി. കിട്ടിയതില്‍ കിട്ടിയതില്‍ എല്ലാരും അവരോരുടെ സൗകര്യം പോലെ കയറി. ഭാര്യയേയും കുഞ്ഞിനേയും പെണ്ണുങ്ങളുടെ ഗ്യാങ്ങിന്റെ ഒപ്പം ആകിയിട്ടു ഞങ്ങള്‍ ഓരോന്ന് പിടിപ്പിച്ചു. ലാസ്റ്റ് പോയ മിനിവാനില്‍ തൂങ്ങി ഓഡിറ്റോറിയത്തില്‍ എത്തി.

പന്ത്രണ്ടു മണിക്കുള്ള മുഹൂര്‍ത്തം ആയതു കൊണ്ട് ആദ്യത്തെ പന്തി സദ്യകുള്ള ആളിനെ വിളിച്ചു തുടങ്ങി. ഉന്തിയും തള്ളിയും ഞങ്ങളും അകത്തെത്തി. ചോറും പരുപ്പും വന്നു. "ഡേ ...എന്തുവാടെ....സീറ്റൊക്കെ ഒന്ന് തുടച്ചു കൂടെ..തേച്ചു ഉടുത്തോണ്ട് വന്ന മുണ്ടാ...." വിളമ്പി കൊണ്ട് നിന്നവരോട് തട്ടികയറി കൊണ്ട് കൂടുള്ള ഒരുത്തന്‍ പതുക്കെ പൊങ്ങി.  സദ്യ ഉണ്ണാന്‍ കേറിയാല്‍ വിളമ്പുന്നവരെ അതുമിതും പറഞ്ഞു അലമ്പുണ്ടാക്കുന്ന പരുപാടി പതിവായതുകൊണ്ട് ഞങ്ങള്‍ ആദ്യം ഗൌനിച്ചില്ല. ബഹളം മൂത്തപ്പോ ഞങ്ങളും എഴുനേറ്റു സീറ്റിലേക്ക് നോക്കി. സീറ്റില്‍ ഒരു തുള്ളി വെള്ളമില്ല. വിളമ്പുകാര്‍ ഒറ്റയായും തെറ്റയായും വന്നു കൂട്ടംകൂടി തുടങ്ങി.സംഗതി വഷളാകുന്നു എന്ന് കണ്ടപ്പോ ഞങ്ങളുടെ വിദഗ്ദ പാനല്‍ അവന്റെ ഭ്രഷ്ട ഭാഗം പരിശോധിചു .....തിരച്ചിലില്‍ ഈരേഴന്‍ തോര്‍ത്തിന്റെ ഒരു കോന്തല മുണ്ടിന്റെ ഞുറുവിലൂടെ പുറത്തേക്കു എത്തി നോക്കി.

പണി പാളിയെന്ന് തോന്നിയപ്പോ അവനെയും കൊണ്ട് നയത്തില്‍ പുറത്തു വന്നു. വിവരം തിരക്കി.ഇറങ്ങാനുള്ള തിരക്കില്‍ കുളിച്ചിട്ടു വന്നു തോര്‍ത്തിന് മുകളില്‍ മുണ്ടുടുത്ത് ആശാനിങ്ങു പോന്നു. ബസ്സില്‍ തൂങ്ങി വന്നതുകൊണ്ടും.. ഇച്ചിരി അടിച്ചിരുന്നത് കൊണ്ടും ലതു അടിയില്‍ ഉള്ളത് കാര്യമായി ഗൌനിച്ചുമില്ല. അന്നവനെ എല്ലാരും കൂടി പടമാക്കി ഭിത്തിക്കൊട്ടിച്ചു .

Saturday, September 29, 2012

ഉച്ചനീചത്വങ്ങള്‍

കൊച്ചിയിലെ ഫ്ലൈറ്റ് ക്യാറ്ററിംഗ് കമ്പനിയില്‍ ഓഫീസ് ക്ളാര്‍ക്ക് ആയി ജോലി കിട്ടിയ ദിവസം. കാത്തിരിപ്പുകള്‍ക്കൊടുവില്‍ ഓഫര്‍ ലെറ്റര്‍ കിട്ടി.

ശമ്പളം മൂവായിരത്തി അഞ്ഞൂറ് .താഴോട്ടു നീളുന്ന നിബന്ധനകളുടെയും ചിട്ടകളുടെയും നീണ്ട പട്ടികയിലൂടെ കണ്ണോടിച്ചു. ഒന്നിനും ഒരു കുറവുമില്ല.ഓഫീസില്‍ അല്ലേ പണി.ശമ്പളം കുറവാണേലും പത്രാസൊട്ടും കുറയാന്‍ പാടില്ലല്ലോ. കമ്പനിയുടെ അന്തസ്സു കീപ്‌ ചെയ്യണ്ടേ. യൂണിഫോം വേണം. അതിന്റെ നിറവും, സ്പെസിഫികേഷനും ഒക്കെ പ്രത്യേകം എഴുതിയിട്ടുണ്ട്. പറഞ്ഞ ദിവസം തന്നെ ജോയിന്‍ ചെയ്തോളാമെന്നേറ്റു, ചില്ലുവാതില്‍ തുറന്നു പുറത്തിറങ്ങുമ്പോ റിസെപ്ഷനിലെ തരുണീമണിയുടെ പിന്‍വിളി; കഴുത്തില്‍ കുടുക്കാന്‍ ഒരു കോണകവും കൂടി കരുതണേ എന്ന് വശ്യമായ ചിരിയോടെ ഓര്‍മ്മിപ്പിച്ചു.

അങ്ങനെ ചെറിയ ജോലിയുടെ വലിയ പത്രാസുകളുമായി ഞാനെന്റെ അങ്കം തുടങ്ങി. ഇരുപത്തിനാലു മണിക്കൂറും തലപ്പാവും വെച്ചു, പുക്കിളറ്റം നീളുന്ന ടൈയ്യും കെട്ടിയാണിരുപ്പു . കോമാളി വേഷം കെട്ടി നടക്കുന്ന എന്നെ, ഓഫീസ് ജോലിക്കാര്‍ക്ക് കിട്ടുന്ന എല്ലാ ബഹുമാനവും തന്നു മറ്റു ജീവനക്കാര്‍ സ്നേഹിച്ചു. കിടക്കാനൊരിടം തപ്പി മടുത്ത എനിക്കവരോടൊപ്പം താമസമൊരുക്കി.

കമ്പനി കഫറ്റെരിയായില്‍ രണ്ടു വിഭാഗങ്ങള്‍ ആയിട്ടാണ് ആളുകളുടെ ഇരിപ്പ്. ഓഫീസ് സ്റ്റാഫിന് എക്സിക്യൂട്ടീവ് ഏരിയ. പാശ്ചാത്യ രീതികല്‍ക്കനുസരിച്ചു സജ്ജീകരിച്ച തീന്മേശ. മറ്റു ജോലിക്കാര്‍ക്ക് സാദാ മേശ. ഒരേ ആഹാരം രണ്ടിടങ്ങളില്‍ . അദൃശ്യമായൊരു അകലം ഇരുപ്പിലും തീനിലും അവിടെ അലിഖിതമായി പാലിക്കപ്പെട്ടു. കത്തിയും മുള്ളും വെച്ചു ഇഡലിയും ദോശയും കഴിക്കാന്‍ പാടുപെടുന്ന മലയാളി സായിപ്പുംമാരുടെ വൃത്തികെട്ട ഈഗോ ഞാന്‍ അവിടെ കണ്ടു.

രണ്ടു ദിവസം കൊണ്ടാ ഇരുപ്പെന്നെ അസ്വസ്ഥനാക്കി. പാശ്ചാത്യ തീന്മേശ മര്യാദകള്‍ അറിയാത്ത, അതിജീവനത്തിനായി വന്നുപെട്ട എനിക്ക് ആ ഇരുപ്പും അകലവും രീതികളും സഹനീയമാരുന്നു. ഒരു മുറിയില്‍ ഒന്നിച്ചുണ്ടും ഉറങ്ങിയും കഴിയുന്ന എന്റെ കൂട്ടുകാര്‍ സാധാരണക്കാരന്റെ അകലം പാലിച്ചിരിക്കുമ്പോള്‍ കുറ്റബോധം കൊണ്ട് ഞാന്‍ നീറി. വല്ലാത്തൊരു അപകര്‍ഷതാ ബോധം എന്നെ അലട്ടികൊണ്ടിരുന്നു. ഉദ്യോഗത്തിന്റെ എല്ലാ ആഡംബരങ്ങളും മാറ്റി വെച്ചു...ഓഫീസിലെ സഹപ്രവര്‍ത്തകരുടെ എതിര്‍പ്പുകള്‍ മാനിക്കാതെ ഞാനെന്റെ കൂട്ടുകാരോടൊപ്പം ഇരുന്നു തുടങ്ങി.

ഉച്ചനീചത്വങ്ങള്‍ മലയാളി ഇന്നും അവന്റെ എല്ലാ തുറകളിലും പ്രത്യക്ഷമായും പരോക്ഷമായും വൃത്തികെട്ട രീതിയില്‍ പ്രകടമാക്കുന്നു എന്നത് നിര്‍ഭാഗ്യകരം തന്നെ. അത് ഒരുപാടനുഭവിച്ചിട്ടുമുണ്ട്. മേലുദ്യോഗസ്ഥനെ പേര് ചൊല്ലി വിളിക്കാന്‍ കഴിയുന്ന, ഉദ്യോഗത്തിന്റെ ഔന്നത്യങ്ങള്‍ ഇല്ലാത്ത; എല്ലാരും സഹപ്രവര്‍ത്തകര്‍ എന്ന സംസ്കാരം ഉള്‍ക്കൊള്ളുന്നൊരു ഓഫീസിന്റെ ഭാഗമാണ് ഇന്ന് ഞാനെന്നു പറയുന്നതില്‍ ഒരുപാട് സന്തോഷമുണ്ട്.


NB :ചെറിയ ജീവിതത്തിന്റെ ശരികളില്‍ നിന്നുള്ള എളിയ കാഴ്ചപാടുകള്‍ മാത്രം. അപക്വമെങ്കില്‍ ക്ഷമിക്കുക.

Tuesday, July 17, 2012

പ്രണയം

പഴയ പോസ്റ്റ്‌ ചെറിയ ചില മാറ്റങ്ങളോടെ

വടക്കേന്ത്യന്‍ ജീവിതകാലത്തെനിക്ക് കിട്ടിയ ഏറ്റവും നല്ല സുഹൃത്തുക്കളില്‍ ഒരാള്‍ ആയിരുന്നു അജി. 

ഈവെനിംഗ് കോളേജില്‍ പഠിക്കുന്ന കാലത്ത് തന്നെ ഞാന്‍ സ്റ്റെനോഗ്രാഫി പഠിക്കാന്‍ ചേര്‍ന്നു .അവിടെ വെച്ചാണ് അജിയെ പരിചയപ്പെടുന്നതും കൂട്ടുകാര്‍ ആകുന്നതും. നഗരമദ്ധ്യത്തിലെ തിരക്കുകള്‍ക്കിടയില്‍ തലയുയര്‍ത്തി നില്‍ക്കുന്ന മാര്‍വാഡി ബില്‍ടിങ്ങിന്റെ രണ്ടാം നിലയില്‍ രണ്ടു വലിയ മുറികളും നീണ്ട വരാന്തയോടും കൂടിയതാരുന്നു ഇന്‍സ്റ്റിറ്റ്യൂട്ട്. വീതിയുള്ള മേശക്കിരുവശത്തുമായി പതിനഞ്ചിരുപതു കുട്ടികള്‍ ഡിക്റ്റെഷന്‍ എടുക്കാന്‍ നിരന്നിരിക്കും. ആണ്‍കുട്ടികള്‍ മാത്രമുണ്ടാരുന്ന ക്ലാസില്‍ ആ ഇടക്കൊരു പെണ്‍കുട്ടി വന്നു. ആരെയും ശ്രദ്ധിക്കാതെ വന്നുപോകുന്നൊരു സാധു.

'ദി ടെലിഗ്രാഫ്' എന്ന ഇംഗ്ലീഷ് പത്രത്തിലെ എഡിറ്റൊരിയല്‍ പേജ്  ആണ് മിക്കപ്പോഴും ഡിക്റ്റെഷന് തരുന്നത്‌ . ബെങ്കാളി ചുവയുള്ള ഇംഗ്ലീഷില്‍ നല്ല ഒഴുക്കോടെ സാറിങ്ങനെ വായിച്ചു പോകും.വായനയുടെ ഒഴുക്കില്‍ ഒപ്പമെത്താന്‍ ഞാനുള്‍പ്പടെയുള്ളവര്‍ പെടാപാടുപെടുമ്പോള്‍ ...അജിയെ മാത്രം അതൊന്നും ബാധിച്ചില്ല.  വായനയും എഴുത്തും ഒരു കോണില്‍ തകൃതിയായി നടക്കുമ്പോ ക്ലാസിലെ ഏക പെണ്‍കുട്ടിയെ ഇമവെട്ടാതെ നോക്കിയിരിക്കുയാവും അവന്‍ . ശാസനകള്‍ ഫലം കാണാതെ വന്നപ്പോ സാറും നിരുപദ്രവകാരിയായ അവനെ അവന്റെ വഴിക്ക് വിട്ടു. ചുറ്റുപാടുകളെ മറന്നു  പെണ്‍കുട്ടിയെ വായിനോക്കുന്നതവനൊരു ശീലമായി. അവളുടെ ലാളിത്യമാരുന്നു അവനിഷ്ടം. ക്രീമും ചായവും പറ്റാത്ത.. എണ്ണമയമുള്ള മുഖം.. ഇരുനിറം. വര്‍ണാഭമല്ലാത്ത വേഷവിധാനം. ശാന്തമായ കണ്ണുകള്‍ . തന്നെ തന്നെ നോക്കിയിരിക്കുന്ന വായിനോക്കിയെ അവജ്ഞയോടെ തിരക്സരിക്കാന്‍ പോലും അവള്‍ കൂട്ടാക്കിയില്ല.

ബോഡിഗാര്‍ഡ് ആയി മുന്നിലും പിന്നിലും മാസങ്ങളോളം അവന്‍ നടന്നിട്ടും ഫലം സ്വാഹ. ലൈന്‍ സിംഗിള്‍ ഫേസ് തന്നെ. ഉള്ളിലെ പ്രണയം തുറന്നു പറയാന്‍ കഴിയാതവനു ശ്വാസം മുട്ടി.  മാസങ്ങളായി വായിനോക്കിയിട്ടും പേര് പോലും അജ്ഞാതം. പുസ്തകതാളില്‍ കോറിയിട്ട പേരില്‍ നിന്നും ആളൊരു കൃസ്ത്യാനി ആണെന്ന് ഞങ്ങള്‍ തിരിച്ചറിഞ്ഞു . അന്ന് വരെ അവന്റെ സ്വപ്നങ്ങളില്‍ നിറഞ്ഞു നിന്ന കതിര്‍ മണ്ഡപം അള്‍താരക്കു വഴിമാറി.മാമോദീസ മുങ്ങുന്നതും മനസ്സ് ചോദിക്കുന്നതും അവന്‍ മനോരാജ്യം കണ്ടു തുടങ്ങി .

പിറകേ നടന്നിട്ടും...ക്ളാസ്സില്‍ സ്ഥിരമായി വായിനോക്കിയിട്ടും അവളവന്റെ  പ്രണയം അറിയാതെ ...കാണാതെ നടന്നു. എങ്ങനെയും തന്റെ പ്രണയമറിയിച്ചേ പറ്റൂ എന്നവനു തോന്നി .ഉള്ളില്‍ കിടന്നു വിങ്ങുന്ന  പ്രണയം തുറന്നു പറഞ്ഞില്ലെങ്കില്‍ നെഞ്ച് പൊട്ടിചാകുമെന്നവന്‍ പലപ്പോഴും ഞങ്ങളോടു  വിലപിച്ചു. രാവും പകലും ഒരു വഴിക്കായി ഞങ്ങള്‍ തലപുകച്ചു. 

അങ്ങനെ ക്രിസ്മസ് ആയി. പ്രണയം അറിയിക്കാന്‍ പറ്റിയ സമയമിതാണെന്നു ഞങ്ങള്‍ അവനെ ഉപദേശിച്ചു. അടുത്തുള്ള പള്ളിയില്‍ പാതിരാകുര്‍ബാന കൂടാന്‍ അവള്‍ എന്തായാലും വരും. അവിടെ വെച്ചവളെ കാണണം...അവളെ കാണാനാണു അവന്‍ ചെന്നിരിക്കുന്നതെന്ന് അവളറിയണം... അവന്റെ പ്രണയം പറയാതറിയണം. ആ ആശയം എല്ലാവര്ക്കും സ്വീകാര്യമാരുന്നു. അവന്റെ ചിലവില്‍ പള്ളിയില്‍ ഒരു വായിനോട്ട ഇവെന്റ്റ് വീണു കിട്ടിയതിന്റെ സന്തോഷത്തിലാരുന്നു ഞങ്ങള്‍ .

അങ്ങനെ പ്ളാന്‍ പ്രകാരം ക്രിസ്മസ് തലേന്ന് പാതിരാകുര്‍ബാന കൂടാന്‍ നേരത്തെ തന്നെ ഞങ്ങള്‍ പള്ളിയില്‍ പാളിയനായി. അജിയെ അവന്റെ വഴിക്ക് വിട്ടു ഞങ്ങള്‍ ഞങ്ങളുടെ വായിനോട്ട മേഖലയില്‍ കര്‍മ്മനിരതരായി. കുര്‍ബാന തുടങ്ങാരായിട്ടും അവളെ മാത്രം കണ്ടില്ല. പള്ളിമുറ്റത്തും റോഡിലുമായി അവന്‍ അവളെ തപ്പി പാഞ്ഞു നടന്നു. കുര്‍ബാന നടക്കുമ്പോഴും  അവന്റെ ആശയറ്റ കണ്ണുകള്‍ അവളെ തിരഞ്ഞു കൊണ്ടേയിരുന്നു. കുര്‍ബാന കഴിഞ്ഞവര്‍ ക്രിസ്മസ് ആഘോഷത്തിന്റെ സന്തോഷങ്ങള്‍ പങ്കുവെച്ചും, ആശംസകള്‍ അര്‍പ്പിച്ചും പടിയിറങ്ങി. ഉള്ളില്‍ തിക്കുമുട്ടുന്ന പ്രണയത്തെ നിരാശയില്‍ പൊതിഞ്ഞുള്ളിലേക്ക്  തന്നെ തള്ളി; സജലമായ കണ്ണുകളെ തുളുമ്പാന്‍ വിടാതവന്‍ ഞങ്ങളോടൊപ്പം നടന്നിറങ്ങി. ആരുമവനോടൊന്നും  ചോദിച്ചില്ല.

മാസങ്ങള്‍ വര്‍ഷങ്ങള്‍ക്കു വഴിമാറി. കാലവും ജീവിതവും അവനെ എങ്ങോട്ടൊക്കെയോ കൊണ്ടു പോയി. ഉള്ളിന്റെ ഉള്ളിലെ ഇരുളടഞ്ഞ അറകളിലോന്നില്‍ വെളിച്ചം കാണാതൊരു രത്നമായി അവനവന്റെ പ്രണയത്തെ സൂക്ഷിച്ചു വെച്ചു. ലോകം വിരല്‍തുമ്പിലാക്കിയ പുതുതലമുറക്കൊപ്പം ഇന്റര്‍നെറ്റ്‌ന്റെ അനന്തവിഹായസ്സിലേക്ക് അവനും പലപ്പോഴും പറന്നിറങ്ങി. സൗഹൃദങ്ങള്‍ തേടി സോഷ്യല്‍ നെറ്റ് വര്‍ക്കുകളില്‍ എത്തി. കൂട്ടുകൂടിയും കൂട്ടം തെറ്റിയും വിഹരിക്കുന്ന നാളുകളിലൊന്നില്‍ ഫേസ് ബുക്കിനെ തന്റെ പഴയ ഇരുനിറക്കാരിയെ  തിരയാന്‍ വിട്ടിട്ടു പ്രതീക്ഷയേതുമില്ലാതെ അവന്‍ കാത്തിരുന്നു.

അവനെ ആകാംഷയുടെ മുള്‍മുനയില്‍ നിര്‍ത്തി ചക്രം പലകുറി കറങ്ങി...നിന്നു. ഒരേ പേരുകാര്‍ വേഷപകര്ച്ചയോടെ നിരനിരയായി സ്ക്രീനില്‍ നിലകൊണ്ടു. എണ്ണമയമുള്ള ഇരുനിറക്കാരിക്കായി അവന്റെ കണ്ണുകള്‍ തിരക്ക് കൂട്ടി. തിരിച്ചറിയല്‍ പരേഡ്  നീണ്ടു നീണ്ടു താഴേക്ക്‌ പോയി. നിറംമങ്ങിയ  പ്രതീക്ഷയോടെ കണ്ണുകള്‍ താഴെക്കിഴയുമ്പോള്‍ പെട്ടെന്ന് എവിടെയോ തടഞ്ഞു. വലംകൈ മൗസിന്റെ ഇടം പള്ളയില്‍ രണ്ടു തവണ ഞെരിഞ്ഞമര്‍ന്നു.

തുറന്നു വന്ന ചിത്രത്തിലെക്കവന്‍ ആകാംഷയോടെ അതിലേറെ അവിശ്വസനീയതയോടെ തുറിച്ചു നോക്കി. അത് തന്റെ പഴയ ഇരുനിറക്കാരി തന്നെ ആണെന്നവന്‍ ഉറപ്പു വരുത്തി. എണ്ണമയം വറ്റാത്ത മുഖത്തെ ശാന്തമായ കണ്ണുകള്‍ക്ക്‌ പഴയതിലുമേറെ തിളക്കം.അവനവളെ പഴയത് പോലെ ഇമവെട്ടാതെ നോക്കിയിരുന്നു. ഓര്‍മ്മകള്‍ അവനെ എങ്ങോട്ടൊക്കെയോ കൂട്ടികൊണ്ടുപോയി. പെട്ടെന്ന് കണ്ണുകള്‍ അവളെ ചേര്‍ത്തു പിടിച്ചിരിക്കുന്ന വെള്ളകോട്ടുകാരനിലേക്ക്‌  നീണ്ടു. അവന്‍ അയാളെ  അസൂയയോടെ നോക്കി. അവന്റെ കണ്ണുകള്‍ നിറഞ്ഞില്ല. നിര്‍വികാരത മാത്രമാരുന്നു അതില്‍ . ഒരിക്കല്‍ പോലും തുറന്നു പറയാന്‍ കഴിയാതെ പോയ തന്റെ പ്രണയത്തെ എന്നന്നേക്കുമായി അന്നവന്‍ ഉള്ളില്‍ കുഴിച്ചു മൂടി .


കത്തോലിക്കപള്ളിയില്‍ പാതിരാകുര്‍ബാന കൂടാന്‍ കാത്തുനിന്നവന്റെ പ്രണയം പെന്തകോസ്തുകാരിയായ അവള്‍ ഒരിക്കലുമറിഞ്ഞില്ല.  

Sunday, July 8, 2012

ദി ഗ്രേറ്റ്‌ എസ്കേപ്


മരണം സഹമുറിയനെ കൂട്ടികൊണ്ട് പോയിട്ട് മാസം മൂന്നായി. വിരസവും ഏകാന്തവുമാകുമായിരുന്ന എന്റെ ഒറ്റമുറി ജീവിതം ആഘോഷമാക്കിയ എന്റെ പ്രിയ കൂട്ടുകാരന്റെ വിയോഗം മുറിയില്‍ മാത്രമല്ല എന്നിലും വന്യമായൊരു ശൂന്യത നിറച്ചിരുന്നു. മാസം മൂന്നായിട്ടും ഒഴിഞ്ഞു കിടക്കുന്ന കട്ടിലില്‍ പുതുതായി ആരുമെത്തിയിരുന്നില്ല.

റൂമില്‍ ഒഴിവുണ്ടെങ്കില്‍ എല്ലാരും അടുത്ത സുഹൃത്തുക്കളെ കൂട്ടികൊണ്ട് വരികയാണ് പതിവ്. മരണം നടന്ന മുറിയിലേക്ക് ആരെയും വിളിച്ചു കൊണ്ട് വന്നു താമസിപ്പിക്കാന്‍ എന്റെ മനസ്സനുവദിച്ചില്ല. സ്വയം വരാന്‍ ആരുമൊട്ടു തയാറായതുമില്ല. ടെര്‍മിനേഷന്‍ , മരണം തുടങ്ങിയ കാര്യങ്ങള്‍ സംഭവിച്ച മുറിയിലേക്ക് കടന്നു വരാന്‍ ആളുകള്‍ മടി കാണിക്കുന്നത് ക്യാമ്പില്‍ പതിവാണ്. പുരോഗമനം പറയുമ്പോഴും അന്തവിശ്വാസങ്ങളെ സാഹചര്യങ്ങള്‍ക്കനുസരിച്ച് പുണരാന്‍ ആളുകള്‍ വളരെ ആത്മാര്‍ഥമായി ശ്രമിക്കാറുണ്ട്.

രണ്ടാഴ്ച മുന്‍പൊരു ദിവസം ഡ്യൂട്ടി കഴിഞ്ഞു ചെല്ലുമ്പോള്‍ ഒഴിഞ്ഞു കിടന്ന ഇരുമ്പ് കട്ടിലില്‍ പുത്തന്‍ മെത്തയും വിരിയും സ്ഥാനം പിടിച്ചിരിക്കുന്നു. വലുപ്പം കൂടിയൊരു പെട്ടി കട്ടിലിന്റെ സൈഡില്‍ ഞെക്കിഞ്ഞെരുക്കി വെച്ചിരിരുന്നു. അങ്ങനെ അവസാനം എനിക്ക് പുതിയൊരു സഹമുറിയന്‍ വന്നിരിക്കുന്നു. കാര്യമായ സന്തോഷമൊന്നും തോന്നിയില്ലെങ്കിലും ആരെന്നറിയാന്‍ വല്ലാതെ ആഗ്രഹിച്ചു. മരണം നടന്ന മുറിയില്‍ ധൈര്യമായി കയറി വന്ന ആ സഹജീവി ആരായിരിക്കും. ആ ചോദ്യത്തിനുത്തരം തേടി രാത്രി വൈകുവോളം ഞാന്‍ ഉറങ്ങാതെ കിടന്നു. അയാള്‍ വന്നില്ല. രണ്ടു നാളുകള്‍ അങ്ങനെ പോയി. ആളിന്റെ ഒരു വിവരവുമില്ല. കിടക്കയും പെട്ടിയും നാഥനില്ലാതെ എന്റെ സംരക്ഷണത്തില്‍ സുരക്ഷിതമായി നിലകൊണ്ടു. മൂന്നാം നാള്‍ ഡ്യൂട്ടി കഴിഞ്ഞു വരുമ്പോള്‍ ഇരുമ്പ് കപോഡിനു മുകളില്‍ ഫ്രെയിം ചെയ്തു വെച്ചിരിക്കുന്നൊരു ഫോട്ടോ ശ്രദ്ധയില്‍പെട്ടു.

ഞാന്‍ ആ ഫോട്ടോ എടുത്തു സൂക്ഷിച്ചു നോക്കി. ചുളിവുകള്‍ വീണമുഖം.മെലിഞ്ഞ ശരീരപ്രകൃതി. എവിടെയോ കണ്ടു മറന്ന മുഖം. കുറെയേറെ പിന്നിലേക്കോടിയ ഓര്‍മ്മകള്‍ ....സ്കൂള്‍തലത്തിലെ ചരിത്രത്താളുകളില്‍ തട്ടിവീണു.വിഭജനം...അതെ...ഇന്ത്യാ വിഭജനം... അവിടെയാണ് ആ പേര് ...പരാമര്‍ശിക്കപ്പെട്ടത് ...വിഭജനത്തിന്റെ നീറുന്ന ഓര്‍മ്മകള്‍ , ദുരിതങ്ങള്‍ വികാരാധീനനായി വിവരിച്ചു തന്ന രമേശന്‍ സാറിന്റെ ചരിത്ര ക്ളാസില്‍ നിന്നും ഞാന്‍ ആ ചിത്രം പൊടിതട്ടി എടുത്തു. അതെ ജിന്ന...മുഹമ്മദ്‌ അലി ജിന്ന. ഇന്ത്യ എന്ന മഹാരാജ്യത്തെ വെട്ടിമുറിച്ച് കൊണ്ട് പോയ മഹാനുഭാവനെ ഒന്ന് കണ്‍കുളിര്‍ക്കെ കണ്ടു. ഫോട്ടോ തിരിച്ചു വെച്ചു.

മനസ്സില്‍ അകാരണമായൊരു അസ്വസ്ഥത പടര്‍ന്നു പിടിച്ചു. എന്റെ നാടിന്റെ അഖണ്ടതക്ക്, മതേതരത്തിനു, ഭീഷണിയായി... മനുഷ്യനില്‍ മതതീവ്രവാദത്തിന്റെ  വിഷവിത്തുകള്‍ വിതച്ചു; എന്നും എന്റെ നാടിന്റെ നാശത്തിനായി നിലകൊള്ളുന്ന, യത്നിക്കുന്ന ശത്രുരാജ്യത്ത് നിന്നുമൊരു സഹമുറിയന്‍ .ഉള്‍ക്കൊള്ളാന്‍ കഴിയാത്ത തരത്തില്‍ ആ ചിന്തകള്‍ എന്നെ വേട്ടയാടി.

ഡ്യൂട്ടി കഴിഞ്ഞു വരുമ്പോള്‍ മുറിയില്‍ ലൈറ്റ് ഉണ്ട്. ഉദ്വേഗത്തോടെ ചാരി ഇട്ടിരുന്ന കതകു പതുക്കെ തുറന്നു. നിസ്കാരപായയില്‍ നിന്നും എഴുന്നേറ്റു എന്നെ അഭിവാദ്യം ചെയ്ത സുമുഖനോട് പ്രത്യഭിവാദ്യം ചെയ്യാതിരിക്കാന്‍ എനിക്കായില്ല. പഞ്ജാബി കലര്‍ന്ന ഹിന്ദിയില്‍ വാചാലനായ സഹമുറിയനോട് കുറേ നേരം കൂടി സംസാരിച്ചപ്പോള്‍ അതുവരെ ഉള്ളില്‍ കിടന്നു തിക്കുമുട്ടിയ അമര്‍ഷവും അനിഷ്ടവും ഒട്ടൊന്നടങ്ങി.

ആദ്യ ദിവസം അങ്ങനെ സ്നേഹാന്വേഷണങ്ങളോടെ ക്യാമ്പ് വിശേഷങ്ങള്‍ പങ്കുവെച്ചു കടന്നു പോയി. പിറ്റേ ദിവസം സഹധര്‍മ്മിണിയുമായുള്ള പതിവ് സല്ലാപത്തില്‍ പുതിയ സഹമുറിയനെ കുറിച്ച് ഞാന്‍ വിശദമായി വര്‍ണ്ണിച്ചു. മറുതലക്കല്‍ നിശബ്ദത. പിന്നെ... പരിഭ്രമം നിഴലിക്കുന്ന വാക്കുകള്‍ " സൂക്ഷിക്കണേ, നിങ്ങള്‍ രണ്ടാളുമല്ലേ ഉള്ളൂ...അയാളുമായി വഴക്കിനൊന്നും പോകല്ലേ..പാകിസ്താനി അല്ലേ ...രാത്രിയില്‍ ഉറങ്ങുമ്പോ എന്തെങ്കിലും ചെയ്‌താല്‍ " ആ സ്വരത്തില്‍ ഒളിഞ്ഞിരിക്കുന്ന ഭയം..അതൊരു ഭാര്യയുടെ സ്നേഹത്തിന്റെ, കരുതലിന്റെ പ്രതിഫലനം മാത്രമാരുന്നു. ചിരി അടക്കാന്‍ കഴിയാതെ ഞാന്‍ പൊട്ടിചിരിച്ചു. തന്റെ വിഹ്വലതകളെ  പുച്ചിച്ചു തള്ളിയ പൊട്ടിച്ചിരി ദഹിക്കാതെ ഭയചിന്തകളെ ഒരു ദീര്‍ഘനിശ്വാസത്തില്‍ പൊതിഞ്ഞവള്‍ പ്രതിഷേധിച്ചു.

പതിവ് കുശലാന്വേഷണങ്ങളും സൗഹൃദസംഭാഷണങ്ങളുമായി എന്റെ റൂം ജീവിതം പുതിയ സഹമുറിയനൊപ്പം ഒരാഴ്ച പിന്നിട്ടു. രാത്രി ഏറെ വൈകി വേനല്‍ ചൂടാല്‍ വറ്റി വരണ്ട തൊണ്ട നനക്കാന്‍ എഴുനേല്‍ക്കുമ്പോ ആരോഹണവരോഹണ ക്രമത്തില്‍ വളരെ താളാത്മകമായി, സൗകുമാര്യമേതുമില്ലാത്ത, എന്നാല്‍ സംഗതികള്‍ എല്ലാമുള്ള കൂര്‍ക്കം വലി തകൃതിയായി നടക്കുന്നു. ആദ്യ റൌണ്ടില്‍ തന്നെ അയാളെ എലിമിനെറ്റ് ചെയ്താലോ എന്ന് ഞാന്‍ ചിന്തിച്ചു. ഞാന്‍ ഡേന്ജര്‍ സോണില്‍ ആണെന്ന ഭാര്യയുടെ മുന്നറിയിപ്പുകള്‍ എന്റെ ധൈര്യം തല്ലിക്കെടുത്തി.

കണ്സിസ്റ്റന്റ് ആയൊരു മത്സരാര്‍ത്തിയുടെ ആത്മാര്‍ഥതയോടെ അര്‍പ്പണബോധത്തോടെ വരും ദിവസങ്ങളിലും അദ്ദേഹം തന്റെ പ്രകടനം കൂടുതല്‍ കൂടുതല്‍ മെച്ചപ്പെടുത്തി. നിദ്രാവിഹീനങ്ങള്‍ അല്ലോ എന്നും അവനുടെ രാവുകള്‍ എന്ന ട്യൂണില്‍ നിരന്തരം പാടി അയാളെന്റെ രാവുകളെ അക്ഷരാര്‍ത്ഥത്തില്‍ നിദ്രാവിഹീനങ്ങളാക്കി.എന്റെ രക്തം ഊറ്റികുടിക്കാന്‍ വെറിപൂണ്ടു കിടക്കയില്‍ പാഞ്ഞു നടന്ന മൂട്ടകള്‍ കൃത്യനിര്‍വഹണം നടത്താന്‍ കഴിയാതെ തലയില്‍ കൈവെച്ചയാളെ  പ്രാകി.

രാവിലെ ഖനം തൂങ്ങിയ കണ്ണുകളോടെ കണ്ണാടിയില്‍ ഞാന്‍ എന്നിലൊരു ചൈനക്കാരനെ കണ്ടു. ഉറക്കമില്ലായ്മ തളര്ച്ചയായി ശരീരത്തെ ബാധിച്ചു തുടങ്ങി. കൂര്‍ക്കം വലിയുടെ പേരില്‍ ക്യാമ്പ് ഓഫീസില്‍ കമ്പ്ലൈന്റ് ചെയ്യാന്‍ കഴിയില്ല. ഇയാളോട് മുഷിഞ്ഞാല്‍ , രാത്രിയില്‍ ഉറക്കത്തിലെങ്ങാനും ഭാര്യ ഭയക്കും പോലെ ഇയാളെന്നെ എലിമിനെറ്റ് ചെയ്യാന്‍ തീരുമാനിച്ചാല്‍ !! ചിന്തകള്‍ അങ്ങനെ കാടുകയറി. അവസാനം ഒരു തീരുമാനത്തിലെത്തി.

ശ്രോതാവിന്റെ അവസ്ഥകളെ തന്റെ പ്രകടനം കൊണ്ട് മുക്കിക്കളയുന്ന വിദ്വാനു പാടിതിമിര്‍ക്കാന്‍ വേദി പൂര്‍ണ്ണമായി വിട്ടു കൊടുത്തു കൊണ്ട് ഞാന്‍ പിന്നണിയിലേക്ക് പിന്‍വാങ്ങി.അതെ ആഘോഷങ്ങളില്ല ആഘോഷതിമിര്‍പ്പുകലില്ല. ജോലി കഴിഞ്ഞെത്തി ഹാളിലെ കമ്പ്യൂട്ടറിന്റെ ചുവട്ടില്‍ പത്തര പതിനൊന്നു വരെ പാ വിരിച്ചിരുന്ന ഞാനിപ്പോ അക്ഷരാര്‍ത്ഥത്തില്‍ അതിന്റെ ചുവട്ടില്‍ തന്നെ വിരി വെച്ചു.

എന്റെ യുവരക്തതിനായി കൊതി പൂണ്ടു നടക്കുന്ന മൂട്ടകളെ നിരാശയുടെ അഘാത ഗര്‍ത്തങ്ങളിലേക്ക് വലിച്ചെറിഞ്ഞു ...ശ്രോതാവിനെ മാനിക്കാതെ അപസ്വരങ്ങള്‍ പാടുന്ന ഗായകന്റെ ആത്മരതിയെ മുറിക്കുള്ളില്‍ തളച്ചു, വിശാലമായ ഹാള്‍ സാമ്രാജ്യമാക്കി... ഡേന്ജര്‍ സോണില്‍ നിന്നും ഞാന്‍ പുറത്തു വന്നു.