Tuesday, November 15, 2011

മിഷന്‍ ഇമ്പോസിബിള്‍


അലാറം അലറി വിളിച്ചു. പുതപ്പിനുള്ളില്‍ നിന്നും തലനീട്ടി സമയം ഉറപ്പു വരുത്തി. മണി നാലേകാല്‍. തണുപ്പായാല്‍ പിന്നെ എഴുനേല്‍ക്കാന്‍ വല്ലാത്ത മടിയാണ്.തണുപ്പിന്റെ സുഖം പിടിച്ചുറങ്ങാന്‍ മനസ്സും ശരീരവും വല്ലാതെ ആഗ്രഹിച്ചു. ക്ലോക്കിലെ സമയം അതിനനുവദിക്കാതെ മുന്നോട്ടു പാഞ്ഞു. ചാടി എഴുനേറ്റു ബ്രഷും പേസ്റ്റ്മായി കുളിമുറിയിലേക്ക് ഓടി.


പല്ലുതേപ്പ് കഴിഞ്ഞു ട്രേഡ് മാര്‍ക്ക് താടിയില്‍ മിനുക്ക്‌ പണി തുടങ്ങി. അതിരു വെട്ടിപിടിച്ചു. കണ്ണാടിയില്‍ സ്വന്തം സൌന്ദര്യമൊന്നു ആസ്വദിച്ചു. മുഖത്തിനൊരു കരുവാളിപ്പ്.വല്ലാത്തൊരു ക്ഷീണം. കണ്ണുകള്‍  വീങ്ങിയിട്ടുണ്ട്. ഗ്ലാമര്‍ കുറഞ്ഞോ...!!!! എന്തേ മുഖത്തൊരു മങ്ങല്‍. ഇന്നലെ ഉറക്കം അങ്ങട് ശരിയായില്ല. എന്തൊക്കെയോ അസ്വസ്ഥത ഫീല്‍ ചെയ്തു. അങ്ങനെ ഓരോ ചിന്തകളുമായി നീരാടി തിരിചെത്തുമ്പോഴും  ജോസേട്ടന്‍ പൂക്കുറ്റി ഉറക്കം. അതങ്ങനെ ആണ്..ഞാന്‍ കുളികഴിഞ്ഞു വന്നു വിളിച്ചാലേ ഇഷ്ടന്‍ പൊങ്ങൂ. വിളിച്ചുണര്‍ത്തി കുളിക്കാന്‍ പറഞ്ഞു വിട്ടിട്ടു ലൈറ്റ് ഇട്ടു. ഫെയര്‍ & ലവ്ലി പതിവിലേറെ പുരട്ടി മുഖത്തെ കരുവാളിപ്പും ക്ഷീണവും മാറ്റാനൊരു പാഴ്ശ്രമം നടത്തി; തൃപ്തി അടഞ്ഞു. കബോഡ്‌ തുറന്നു ഇടാനുള്ള ഷര്‍ട്ട്‌ എടുത്തു കട്ടിലില്‍ ഇടുമ്പോ കട്ടിലിന്റെ സൈഡില്‍ എന്തോ ഒന്ന് കണ്ണിലുടക്കി. എന്താണത്. ഞാന്‍ വീണ്ടും തുറിച്ചു  നോക്കി.... ദൈവമേ.....ഒരു നേര്‍ത്ത നിലവിളി തൊണ്ടയില്‍ കുരുങ്ങി.


സാമാന്യം മോശമല്ലാത്തൊരു മാര്‍ച്ച് പാസ്റ്റ്; ലക്ഷം ലക്ഷം പിന്നാലെ എന്ന അഹങ്കാരത്തോടെ  മുന്നേറുന്നു. എന്റെ ഉള്ളില്‍ അപകടമണി മുഴങ്ങി. എന്റെ കൈകള്‍ അറിയാതെ ഒന്നര ഇഞ്ച്‌ കനത്തില്‍ ക്രീം ഇട്ട മുഖത്ത് ഇഴഞ്ഞു. ഇശ്വരാ... വെറുതെ അല്ല  ഈ കരുവാളിപ്പ്. കാര്‍ഗിലില്‍ നുഴഞ്ഞു കേറിയ തീവ്രവാദം ഇന്ത്യ അറിഞ്ഞപ്പോഴേക്കും വൈകിയപോലെ...കാര്യങ്ങള്‍ വളരെ വഷളായമട്ടുണ്ട്. ശത്രുക്കള്‍ നിസാരന്മാരല്ല. ഇതിനു പിന്നില്‍ ആരാണെന്നും അറിയില്ല. പെട്ടെന്നുള്ള ആക്രമണത്തില്‍ പകച്ചു പോയ ഞാന്‍ വാച്ചിലേക്ക് നോക്കി. മണി അഞ്ചു. ദൈവമേ ഇനി വൈകിയാല്‍ കാര്യങ്ങള്‍ ഗോവിന്ദ ആകും. വണ്ടി അതിന്റെ പാട്ടിനു പോകും. നിന്നെ ഒക്കെ ശരിയാക്കി താരാമെടാ എന്ന ടിപ്പിക്കല്‍ ഇന്നസെന്റ് സ്റ്റൈ‍ലില്‍ ശത്രുക്കളെ നോക്കി മുരടനക്കിയിട്ടു ഞാന്‍ ഇറങ്ങി.


ബസ്സില്‍ ഇരിക്കുമ്പോഴും ചിന്ത അത് തന്നെ ആരുന്നു. എങ്ങനെ ഈ അടിയന്താരാവസ്ഥയെ കൈകാര്യം ചെയ്യും. ഉടന്‍ ഒരു പരിഹാരം കണ്ടേ പറ്റൂ.കൊച്ചിയിലെ കൊതുകുകള്‍ പോലും ഇത്ര ക്രൂരമായി എന്നെ ഊട്ടിയിട്ടില്ല.
പക്ഷെ ഈ കുവൈറ്റി മൂട്ടകള്‍  ഇന്നലെ ഒരൊറ്റ രാത്രി കൊണ്ട് തന്നെ പകുതി രക്തം ഊറ്റി. മുഖത്തിന്റെ രക്തമയം പോയി.  ഗ്ലാമര്‍ പോയി. ഈ ആക്ക്രമണം ഇങ്ങനെ തുടര്‍ന്നാല്‍ ഉറക്കം ഇല്ലാതാകും.ഉറക്കം നഷ്ടപ്പെട്ടാല്‍ അത് മുഖത്തെ ബാധിക്കും. കണ്ണുകള്‍ക്ക് ചുറ്റും കറുപ്പ് വീഴും. ദൈവമേ എന്റെ സൗന്ദര്യം!!! നാട്ടില്‍ പോകാന്‍ ഇനി ആഴ്ചകള്‍ മാത്രം. മൂന്നു മാസകാലമായി രാത്രി മുടങ്ങാതെ ഞാന്‍ സേവിക്കുന്ന ബദാമും ഈന്തപഴവും...ഒക്കെ വെറുതെ ആവുമോ. അടുത്ത കാലത്തായി മുഖത്ത് വല്ലാത്ത തുടിപ്പും, ചുമപ്പും വന്നിരുന്നു. അതിലൊരല്‍പ്പം  അഹങ്കരിക്കുകയും  ചെയ്തു. അതൊക്കെ ഇവറ്റകള്‍ ഇല്ലാതാക്കുമോ. ചിന്തകള്‍ തലയ്ക്കു ചൂട്  പിടിപ്പിച്ചു.



ഓഫീസില്‍ എത്തി ജോലിയില്‍ മുഴുകിയപ്പോഴും എന്റെ സ്വസ്തലോകത്ത് നുഴഞ്ഞു കയറിയ ശത്രുസൈന്യത്തെ കുറിച്ചുള്ള ചിന്തകളാരുന്നു. ഈ സാഹചര്യത്തെ എങ്ങനെയും നേരിട്ടേ പറ്റൂ. ഓഫീസിലുള്ള യുദ്ധതന്ത്രഞ്ഞരോട് കാര്യത്തിന്റെ ഗൗരവം വിശദീകരിച്ചു.വിദഗ്ദോപദേശം തേടി. ഡബ്ല്യൂ ഡി ഫോര്‍ട്ടി, കോംപാക് തുടങ്ങിയ ആധുനിക യുദ്ധോപകരണങ്ങളെ കുറിച്ച് ചര്‍ച്ച ചെയ്യപ്പെട്ടു.സമ്പത് വ്യവസ്ഥ പാകിസ്ഥാനേക്കാള്‍ കഷ്ടത്തിലായത് കൊണ്ട് തന്നെ പാളയത്തിനുള്ളില്‍ ലഭ്യമായേക്കാവുന്ന യുദ്ധമുറകളെ കുറിച്ച് മാത്രം കുലങ്കുഷമായി  ചിന്തിച്ചു.


 
കാര്യങ്ങളുടെ ഗൌരവമറിയാതെ ജോസേട്ടന്‍ തന്റെ കലാപരുപാടികളുമായി ജീവിതം  തകര്‍ത്താഘോഷിച്ചു. രാത്രി ഏറെ വൈകിയും  ഒരു പരിഹാരമാര്‍ഗം കണ്ടെത്താനാവാതെ ഞാന്‍ വിഷമിച്ചു. എന്റെ രാത്രികള്‍ നിദ്രാവിഹീനങ്ങളായി. എന്റെ മുഖത്തെ കരുവാളിപ്പ് വര്‍ധിച്ചു വന്നു. ടെന്‍ഷനും. ശത്രുക്കള്‍ ഊറ്റി വലിക്കുന്നത് ബദാമും ഈന്തപഴവും കൊണ്ട് ഞാന്‍ ഉണ്ടാക്കി എടുത്ത എന്റെ രക്തമാണ്. അവരില്ലാതാകുന്നതെന്റെ പ്രസരിപ്പും, സൗന്ദര്യവുമാണ്.



ബസ്സിലെ യാത്രയില്‍ സ്ഥിരം കാണുന്ന ഗോവക്കാരന്‍  ഫ്രെഡറിക്കിനോടു കാര്യം അവതരിപ്പിച്ചു. ഇംഗ്ലീഷില്‍ മാത്രമേ ആ പഹയന്‍ സംസാരിക്കൂ. പൊതുവേ മിക്ക ഗോവക്കാരും അങ്ങനെ തന്നെ." മാന്‍, ട്രൈ റ്റൈട്  വാഷിംഗ്‌ പൌഡര്‍, ഇട്സ് വെരി എഫ്ഫെക്ടീവ് " അതൊരു പുതിയ അറിവാണ്.. പരീക്ഷിച്ചു നോക്കാം. വലിയ ചിലവുമില്ലല്ലോ. അങ്ങനെ വൈകിട്ട് വരും വഴി ബാര്‍ബര്‍ ഷോപ്പ് മോഡല്‍ സ്പ്രേ വാങ്ങി. റ്റൈഡു കലക്കി അതിലൊഴിച്ചു യുദ്ധത്തിനുള്ള കോപ്പുകൂട്ടി. ആധുനിക പടകോപ്പുകള്‍ പോലെ ഉന്മൂലനം സാധ്യമല്ല. ഷൂട്ട്‌ അറ്റ്‌ സൈറ്റ് മാത്രമേ നടക്കൂ. അങ്ങനെ സുസജ്ജമായി ഞാന്‍ അതിര്‍ത്തി കാക്കുന്ന പട്ടാളക്കാരന്റെ ജാഗ്രതയോടെ അതിലേറെ പകയോടെ നുഴഞ്ഞു കയറ്റക്കാര്‍ക്കായി കാത്തിരുന്നു. രാവേറെ ആയി. ഞാന്‍ ലൈറ്റ് ഓഫ്‌ ചെയ്തു. റൂമില്‍ കുറ്റാകുറ്റിരുട്ടു, മൊബൈലിന്റെ അരണ്ട വെളിച്ചത്തില്‍ ശത്രുക്കള്‍ക്കായി വലവീശി ഞാന്‍ കാത്തിരുന്നു.

കാത്തിരുപ്പ് വെറുതെ ആയില്ല. ഇരുളിന്റെ മറപറ്റി പതിവ് പോലെ അവര്‍ വന്നു. ഒരു ബറ്റാലിയനായി..ബദാമും ഈന്തപഴവും ആ വരവിന്റെ  വീറു കൂട്ടി.  കൂസലില്ലാതെയുള്ള ആ ഇരച്ചു കയറ്റം എന്നിലെ പക ഇരട്ടിപ്പിച്ചു. കോഴിക്കോട് വെടിവെപ്പിലെ രാധാകൃഷ്ണപിള്ള  മോഡല്‍ രണ്ടു റൌണ്ട് വെടി അന്തരീക്ഷത്തില്‍ പൊട്ടിച്ചു തോക്കിന്റെ  കാര്യക്ഷമത ഞാനുറപ്പ് വരുത്തി. ശത്രുവിനെ ലക്‌ഷ്യം വെച്ചു. ട്രിഗ്ഗറില്‍ വിരല്‍ പലവുരു അമര്‍ന്നു. വെടിയേറ്റ്‌ ശത്രുക്കള്‍ ഓരോരുത്തരായി  പിടഞ്ഞു വീണു. കാര്‍ഗില്‍ പിടിച്ചടക്കിയ സന്തോഷത്തോടെ ഞാന്‍ ആര്‍ത്തു ചിരിച്ചു. ദിവസങ്ങള്‍ക്കു ശേഷം അന്ന്  ഞാന്‍ സ്വസ്തമായുറങ്ങി.


നാട്ടില്‍ പോകാനിനി ദിവസങ്ങള്‍ മാത്രം. തയാറെടുപ്പുകള്‍ തകൃതിയായി. വാങ്ങികൂട്ടിയ സാധനങ്ങള്‍  കട്ടിലിനടിയിലും കബോടിന്റെ സൈഡിലുമായി നിരന്നു കിടന്നു. വൈകിട്ട് വന്ന ശേഷം ഓരോ കവറും കാര്‍ട്ടനില്‍ പെറുക്കി വെക്കാന്‍ തുടങ്ങി. അമ്മക്കായി വാങ്ങിയ  ബെഡ്ഷീറ്റ്‌ എടുത്തു വെക്കുമ്പോ കണ്ട കാഴ്ച ശത്രുസംഹാരത്തിലൂടെ  ഞാന്‍ നേടിയെടുത്ത എന്റെ ആത്മവീര്യം മൊത്തം ചോര്‍ത്തി കളഞ്ഞു. നുഴഞ്ഞു കയറിയ ശത്രുക്കള്‍ ഇപ്പോഴും ഒളിപോരു നടത്തുന്നു.. ദൈവമേ..നാട്ടില്‍ ചെന്നാലും എനിക്ക് സ്വസ്ഥത തരാതിരിക്കാന്‍ കച്ചകെട്ടി ഇറങ്ങിയിരിക്കുകയാണല്ലേ. എന്ത് ചെയ്യണമെന്നറിയാതെ കണ്ടവനെ ഒക്കെ കശാപ്പു ചെയ്തിട്ട് കാര്‍ട്ടന്‍ അടച്ചു വെച്ചു. 



പതിവുപോലെ ബൂത്തിലെത്തി സഹധര്‍മ്മിണിയെ വിളിച്ചു. സുഖവിവരങ്ങള്‍ തിരക്കി. നാട്ടില്‍ വരവിന്റെ  അപ്ഡേറ്റ് കൊടുത്തു. നാലാം വിവാഹവാര്‍ഷികം വരുന്നു. കണവന്‍ തനിക്കായി  എന്ത് സമ്മാനമാണ്  കൊണ്ടുവരുന്നതെന്നറിയാന്‍ കക്ഷിക്ക് ആകാംക്ഷ. എന്താ കൊണ്ടുക്കൊടുക്കുക...ഞാന്‍ സ്വയം ചിന്തിച്ചു. പെട്ടെന്ന് പറയാന്‍ തോന്നിയത് എന്റെ അനുവാദമില്ലാതെ എന്റെ ജീവിതത്തില്‍ കടന്നു വന്നെന്റെ സ്വസ്ഥത നശിപ്പിച്ച ശത്രുക്കളെ കുറിച്ചാണ്. "ഒന്നും കൊണ്ടുവന്നില്ലെങ്കിലും ഒരു സ്പെഷ്യല്‍ ഐറ്റം ഞാന്‍ കൊണ്ടുവരുന്നുണ്ട്......ഇന്നുവരെ ഒരു ഭര്‍ത്താവും ഭാര്യക്ക് കൊടുത്തിട്ടിലാത്ത ഒരു വിശിഷ്ട സമ്മാനം." അതും പറഞ്ഞു ഞാന്‍ ഊറി ചിരിച്ചു.

 
വെള്ളിയാഴ്ചത്തെ ഓഫ്‌ മൊത്തം ശത്രുസംഹാരത്തിനായി മാറ്റി വെച്ചു. മെത്തക്കടിയിലും ഒളിസങ്കേതങ്ങളിലും കടന്നു ചെന്ന് എന്‍കൌണ്ടറില്‍  വെടിവെച്ചിട്ടു. എങ്കിലും ഇരുളിന്റെ മറപറ്റി അവറ്റകള്‍ ഇനിയും വരും. അവര്‍ക്കായി രാത്രി വൈകിയും  ഞാന്‍ കാത്തിരുന്നു. മരുന്നിനു
പോലുമൊരാളെ  കിട്ടാതെ  എന്നിലെ പോരാളി  നിരാശനായി.
 
 
അപ്പൊ അടുത്ത കട്ടിലില്‍  അഭയം തേടിയ ശത്രുക്കള്‍ ജോസേട്ടനിലെ ലഹരി മുറ്റിയ നിണമൂറ്റി കുടിച്ചു  മദോന്മത്തരായി... രാത്രി...ശുഭ രാത്രി.... പാടി എന്നെ നോക്കി കൊഞ്ഞനം കുത്തി.    

9 comments:

  1. ശത്രു സൈന്യത്തിന്റെ ആക്രമനത്തിനെ ഒന്ന് വിശദീകരിക്കാംആയിരുന്നു. അപ്പോള്‍ കുറേക്കൂടി റിവീല്‍ ആയേനെ. ഇതാദ്യം ഉറമ്പാണോ പിന്നെ കൊതുകാണോ അതോ മൂട്ടയാണോ എന്നൊക്കെ ഒരു കണ്ഫ്യൂഷന്‍ വരുന്നുണ്ട്. എഴുത്തില്‍ പുരോഗതി ഉണ്ട്. ആശംസകള്‍.

    ReplyDelete
  2. Nannayirunu... Special gift enthano??/ December 14 .. 4th Anniversary.. ok God bless you both....

    ReplyDelete
  3. നന്നായിട്ടുണ്ട് പ്രദീപ്‌. നല്ല ഒരു ഭാവി കാണുന്നുണ്ട്. നല്ല ഭാവനയും ഉണ്ട്. അഭിനന്ദനങ്ങള്‍.

    ReplyDelete
  4. അനി ശത്രു സൈന്യത്തിന്റെ ആക്രമണത്തെ കുറിച്ച് വിവരിച്ചാല്‍ അതില്‍ വേറൊരു കഥാപാത്രത്തെ കൂടി ഫ്രെയിമില്‍ ഉള്പെടുത്തേണ്ടിവരും ......അതൊഴിവാക്കിയതാണ്....എന്നിരുന്നാലും പ്രദീപ്‌ നന്നായിട്ടുണ്ട് ....ഇനിയും തെളിയും .....

    ReplyDelete
  5. എല്ലാവര്ക്കും നന്ദി. പോരായ്മകള്‍ പരിഹരിക്കാന്‍ ശ്രമിക്കാം. വായിക്കാന്‍ സമയം കണ്ടെത്തിയതില്‍ ഒരുപാട് സന്തോഷം.

    ReplyDelete
  6. പുതിയ അറിവായിരുന്നു tide പ്രയോഗം...മുന്‍പൊരിക്കല്‍ ഈ ശല്യം അനുബവിച്ചതാണ്...ഒടുവില്‍ pest control വരുത്തി 2 ദിവസം വല്ലവരുടെയും വീട്ടില്‍ അഭായര്തികള്‍ ആയി കഴിയേണ്ടി വന്നു...ഇതിപ്പോ ഒറ്റമൂലി കിട്ടിയല്ലോ

    ReplyDelete
  7. sammanamm konduu koduthoo masheee..........

    ReplyDelete

വെറുതെ വായിചിട്ടങ്ങു പോകാതെ....എന്തെങ്കിലുമൊന്നു എഴുത് :)