Saturday, April 5, 2014

1983 - ഒരു ഓർമ്മപുതുക്കൽ

1983 (film) ആഫ്റ്റർ എഫ്ഫെക്റ്റ്‌ ആയി കുറെ നൊസ്റ്റാൽജിക്ക് പോസ്റ്റുകൾ ഗൂഗിൾ പ്ലസ്സിലും എഫ്ബിയിലും വന്നു.

ക്രിക്കറ്റ് ആരുന്നല്ലോ വിഷയം.മടലും ട്യൂബ് ബോളും വെച്ച് ഞങ്ങളും കുറെ ക്രിക്കറ്റ് കളിച്ചിട്ടുണ്ട് .ട്യൂബ് ബോൾ എന്ന് വെച്ചാൽ നാടൻ സ്റ്റിച്ച് ബോൾ ആണെട്ടോ.വലിയ വെള്ളക്കക്കു മുകളിൽ തീറ്റ (പോച്ച, പേപ്പർ തുടങ്ങിയ ഐറ്റംസ്) പൊതിഞ്ഞിട്ടു സൈക്കിൾ ട്യൂബ് കട്ടി കൂടിയ റബ്ബർ ബാൻഡ് ആയി മുറിച്ചെടുത്തു തലങ്ങും വിലങ്ങും ഇട്ടു ഷേപ്പ് ആക്കും.ഒരു വിധം നല്ല ഭാരമുണ്ടാവും, ബൌണ്‍സും ചെയ്യും. ദേഹത്തു കൊണ്ടാൽ നല്ലപോലെ വേദനിക്കുകയും ചെയ്യും. ഇത് ക്രിക്കറ്റ് വേർഷൻ.

ക്രിക്കറ്റിനേക്കാൾ പ്രചുരപ്രചാരം നേടിയ മറ്റൊരു ഐറ്റം ഉണ്ടെന്റെ നാട്ടിൽ. തലപ്പന്ത്. ഇന്ന് തലപ്പന്ത് കളി ഇല്ലെന്നു മാത്രമല്ല. അതെന്താന്നു കൂടി ആളുകൾക്കറിയില്ല.

രണ്ടു പച്ച ഓലക്കാലു ഭംഗിയിൽ മെടഞ്ഞു തീറ്റ (ഫില്ലിങ്ങ് ) വെച്ചുണ്ടാക്കുന്നതാണ് തലപ്പന്തു.തിരുവിതാംകൂറിൽ, പ്രത്യേകിച്ചു  ഞങ്ങളുടെ(ഓണാട്ടു കരയിൽ) ഭാഗത്താണു തലപ്പന്ത് കളി  കൂടുതലായി ഉണ്ടായിരുന്നതെന്നു തോന്നുന്നു. ക്രിക്കറ്റ് പോലെ രണ്ടു ടീമായി തിരിഞ്ഞാണ് കളി. ഒരു കമ്പ് നാട്ടി ആ കമ്പില്‍ നിന്ന് കുറച്ചകലത്തില്‍ നിന്നുകൊണ്ട് പന്ത് ഒരു കൈകൊണ്ട് മുകളിലേക്കെറിഞ്ഞ് മറ്റേ കൈകൊണ്ട് പുറകോട്ട് തട്ടിത്തെറിപ്പിച്ചാണ് കളി തുടങ്ങുന്നതു. പൊങ്ങി വരുന്ന പന്ത് നിലം തൊടുന്നതിനു മുമ്പായി എതിർ ടീമുകാർ ക്യാച്ച് ചെയ്താലും പന്ത് വീണിടത്ത് നിന്നെറിഞ്ഞ് നാട്ടിയിരിക്കുന്ന കമ്പ് വീഴ്ത്താനും കഴിഞ്ഞാലും പന്ത് തട്ടിയ ആള്‍ ഔട്ട്‌ ആവും.
കേൾക്കുമ്പോൾ ക്രിക്കറ്റിലെ ക്യാച്ച് ഔട്ട്‌, റണ്‍ ഔട്ട്‌ ഒക്കെ ഓർമ്മ വരുന്നല്ലേ. വല്ലപ്പോഴും മാത്രം വണ്ടികൾ വന്നുപോവുന്ന നാട്ടുവഴികളാരുന്നു ഞങ്ങളുടെ കളിസ്ഥലം .

ഒറ്റ, പെട്ട, പിടിചാംകുത്തു, താളം, കാലിങ്കീഴ്, തുടങ്ങി എട്ടു ഘട്ടങ്ങൾ ഉണ്ട് കളിയിൽ.നിങ്ങളിൽ എത്രപേർ ഇതിനെ കുറിച്ച് കേട്ടിട്ടുണ്ടെന്ന് അറിയില്ല.എങ്കിലും ഗൃഹാതുരത്വം ഉണർത്തുന്ന കളികളെ കുറിച്ച് കേൾക്കുമ്പോൾ, പറയുമ്പോൾ എനിക്കും എന്റെ നാട്ടിലെ സമകാലികർക്കും തലപ്പന്തിനെ മറക്കാൻ ആവില്ല :))

Saturday, February 9, 2013

കഥയല്ലിതു ജീവിതം


വെള്ളിയാഴ്ച പെരുന്നാള്‍ ആഘോഷിച്ചു അങ്ങാടി നിരങ്ങുന്നതിനിടയില്‍ മോനൊരു കളിപ്പാട്ടം വാങ്ങാന്‍ കോഴികോട്ടുകാരന്‍ ചെങ്ങായിടെ കടയില്‍ കയറി. എന്റെ സ്ഥിരം കടയാണതു. അണ്ടര്‍ ഗ്രൗണ്ടില്‍ ആയതുകൊണ്ട് അധികമാര്‍ക്കും ആ കടയെ കുറിച്ചറിയില്ല. അറുത്തു വാങ്ങാത്ത പ്രകൃതക്കാരന്‍ ആയതു കൊണ്ട് എന്റെ കൂട്ടുകാരെയും ഞാന്‍ അവിടേക്ക് പറഞ്ഞു വിടാറുണ്ട്.


ഇന്നലെ ചെല്ലുമ്പോ ഒരു ഗദ്ദാമ്മയും അറബിയും ഉണ്ട് കടയില്‍ .സാധാരണ ഗദ്ദാമകള്‍ മധ്യവയസ്കരൊക്കെ ആയിരിക്കും...അല്ലെങ്കില്‍ ഇന്‍ഡോനേഷ്യന്‍ പെണ്‍കുട്ടികള്‍ ആയിരിക്കും. ഇതൊരു 25-നു താഴെ മാത്രം പ്രായമുള്ള തമിഴ് പെണ്‍കുട്ടി. കടക്കാരന്‍ അയാള്‍ക്കറിയാവുന്ന തമിഴില്‍ ഓരോന്ന് ചോദിക്കുന്നു. സാധനങ്ങള്‍ എടുത്തു നിരത്തി കാണിക്കുന്നു. ആദ്യമായി നാട്ടില്‍ പോവാനുള്ള ഒരുക്കത്തിലാണവള്‍ .


സ്പ്രേകള്‍ എടുത്തു കാണിക്കുമ്പോ കുറഞ്ഞത്‌ മതി എന്ന് പറഞ്ഞു കൈയ്യില്‍ ചുരുട്ടി പിടിച്ചിരിക്കുന്ന നോട്ടുകളിലേക്കു നോക്കും. മുല്ലമുട്ടിന്റെ പടമുള്ള വിലകുറഞ്ഞ രണ്ടു സ്പ്രേ എടുത്തവള്‍ സൈടിലേക്കു മാറ്റി വെച്ചു. ഡിസ്പ്ളെക്ക് വെച്ചിരുന്ന ഒരു എമര്‍ജന്‍സി ലാമ്പ് കൗതുകത്തോടെ മറിച്ചും തിരിച്ചും നോക്കി. മെമ്മറി സ്റ്റിക് ഇട്ടു പാട്ടൊക്കെ കേക്കാവുന്ന ഒരു ലാമ്പ്. ചൈന മേഡ് ആണ് അധികം വിലയില്ല എന്ന് കടക്കാരന്‍ പറഞ്ഞപ്പോ അതും സ്പ്രേകള്‍ക്കൊപ്പം നീക്കി വെച്ചു. കൂടെ വന്ന അറബി പതുക്കെ അവന്റെ തനി ഗൊണം കാണിച്ചു തുടങ്ങി. ഓരോ സാധനങ്ങള്‍ നോക്കാന്‍ അതെടുക്കുന്ന സമയത്തിനെ കുറിചെന്തൊക്കെയൊ കുറെ വഴക്ക് പറഞ്ഞു. വിവര്‍ണ്ണമായ മുഖത്തോടവള്‍ വിലകുറഞ്ഞ ഒരു മേക്ക് അപ് ബോക്സും പ്ലാസ്റ്റിക് സ്ലൈഡുകളും കൂടി സൈടിലേക്കു നീക്കി വെച്ചു .


ഓരോന്ന് സൈഡിലേക്ക് വെക്കുമ്പോഴും കൈയ്യില്‍ ചുരുട്ടി പിടിച്ചിരുന്ന പൈസയിലേക്ക് നോക്കി ആശങ്കപ്പെടുന്നത് കാണാം. അത് മനസ്സിലാക്കിയിട്ടെന്നോണം കടക്കാരന്‍ പറഞ്ഞു...വിലകണ്ട് പേടിക്കണ്ടാ.നിന്റെ കൈയ്യില്‍ നിന്നൊരുപാടൊന്നും ഞാന്‍ വാങ്ങില്ല .നിങ്ങളുടെ വരുമാനം എത്രയാന്ന് എനിക്കറിയാം. അത്രയും കേട്ടപ്പോ കടക്കാരനോടെനിക്ക് വല്ലാത്ത ബഹുമാനവും സ്നേഹവും തോന്നി.


മുകളിലെ നിരത്തില്‍ ആളുകളുടെ ബഹളങ്ങള്‍ക്കു കുറവ് വന്നപോലെ. ഞാന്‍ സമയം നോക്കി. പതിനൊന്നര. ജുമ്മാക്കുള്ള സമയമായി.കടകള്‍ അടക്കുന്ന ശബ്ദം. അറബിയുടെ അക്ഷമ ദേഷ്യമായി തുടങ്ങി. സാധനങ്ങള്‍ വീണ്ടും വീണ്ടും ടേബിളില്‍ എടുത്തു വെച്ച് കാണിക്കുന്നതിന് അയാള്‍ കടക്കാരനോടു തട്ടികയറി. കല്ലുപതിച്ച ഹെയര്‍ ക്ളിപ്പുകളിലും ഇമിറ്റേഷന്‍ ഗോള്‍ഡ്‌ കമ്മലിലും കണ്ണുകള്‍ കോര്‍ത്തവള്‍ കൊതിയോടെ നോക്കി നിക്കാന്‍ തുടങ്ങിയിട്ട് നേരം കുറയായി.തന്റെ കൈയ്യിലെ പൈസക്കൊതുങ്ങാതത്തിന്റെ സങ്കടമോ നിരാശയോ ഒക്കെ
മുഖത്തു മിന്നിമറയുന്നു. അപ്പോഴേക്കും അറബിക്ക് ആകെ ഭ്രാന്തായി. വേഗം പൈസ കൊടുത്തിട്ട് വാന്നു പറഞ്ഞയാള്‍ അവളെ വെപ്രാളപ്പെടുത്തി... എന്തൊക്കെയോ പുലഭ്യം പറഞ്ഞു. പൈസ കൊടുത്തു കവറുകളുമായി  സ്റ്റെപ് കയറി അറബിക്ക് പിന്നാലെ ഓടുമ്പോ പെണ്‍കുട്ടിയുടെ മുഖത്ത് സങ്കടവും നിസഹായതയും നിരാശയും മാത്രം.


ആ അറബിയോട് വല്ലാത്ത ദേഷ്യം തോന്നി. നിമിഷങ്ങളുടെ പോലും ക്ഷമയില്ലാത്ത ഇത്തരം മൃഗങ്ങളുടെ വീട്ടില്‍ അവന്റെയൊക്കെ അടിയും തൊഴിയും ആട്ടും തുപ്പും കൊണ്ടു അവളുണ്ടാക്കിയ ചെറിയ തുക. അതു  കൊണ്ടവള്‍ വാങ്ങികൂട്ടാന്‍ ആഗ്രഹിച്ച കുഞ്ഞു കുഞ്ഞു സന്തോഷങ്ങള്‍ :(


ദൈന്യതയും നിസഹായതയും മാത്രം നിറഞ്ഞു നില്‍ക്കുന്ന ആ മുഖം വല്ലാതെ നോവിക്കുന്നു. ഇങ്ങനെത്രയോ പേര്‍ :(

Saturday, November 10, 2012

തിരിച്ചറിവുകള്‍


നോയിഡയില്‍ നിന്ന് നാട്ടിലേക്കുള്ള വരവ് അപ്രതീക്ഷിതമായിരുന്നു. പെട്ടെന്ന് ജോലി രാജി വെച്ചു.അടുത്ത ദിവസം പെട്ടിയും തൂക്കി നേരെ ഡല്‍ഹിയിലേക്കു.സ്റ്റേഷനു പുറത്തുള്ള ഏജെന്റിനെ പിടിച്ചു കേരള എക്സ്പ്രസ്സില്‍ ഒരു ടിക്കറ്റ്‌ തരപ്പെടുത്തി. വെയിറ്റിംഗ് ലിസ്റ്റില്‍ ആണ്. അകത്തു കേറിയിട്ടു എങ്ങനേലും ഒരു സീറ്റ് തരപ്പെടുത്തണം .റിസര്‍വേഷന്‍ കമ്പാര്‍ട്ട്മെന്റില്‍ കേറാമല്ലോ എന്ന ചിന്തയിലാണ് കൂടുതല്‍ പൈസ ആയിട്ടുപോലും വെയിറ്റിംഗ് ലിസ്റ്റില്‍ എടുത്തതു .

കേരള എക്സ്പ്രസ്സില്‍ ഇപ്പോഴും തിരക്കോട് തിരക്കാണ് . അന്നും കുത്തി നിറച്ച അവസ്ഥയില്‍ തന്നെ യാത്ര തുടങ്ങി. ഉച്ചയായപ്പോ ടിടിആര്‍ വന്നു. ഞാന്‍ ഉപഗ്രഹം പോലെ അയാള്‍ക്ക്‌ ചുറ്റും നടന്നു. ആകെ ഒരു മുശടന്‍ സ്വഭാവം. വൈകും വരെ പിറകെ നടന്നു കെഞ്ചിയിട്ടും കനിഞ്ഞില്ല. പെട്ടി ഒരു സീറ്റിനടിയില്‍ വെച്ച് പൂട്ടിയിട്ട് ഡോറിനടുത്തു  പോയി വെളിയിലേക്ക് നോക്കി വെറുതെ നിന്നു. നേരമിരുണ്ടൂ. ആളുകള്‍ പതുക്കെ കിടക്ക വിരിച്ചു തുടങ്ങി.പല കോപ്പയിലും ലൈറ്റ് ഓഫ്‌ ആയി. ഒന്ന് നടുനിവര്‍ത്താതെ വയ്യെന്നായി. ഇന്റര്‍ കണക്ടഡ് പാസേജിലൂടെ അടുത്ത  കമ്പാര്‍ട്ട്മെന്റിലേക്കു വെറുതെ നടന്നു. ബാത്ത്റൂം സൈഡില്‍ ഒരു കൂട്ടം പട്ടാളക്കാര്‍ പേപ്പറും കമ്പിളിയും നിലത്തു വിരിച്ചു, പെപ്സിയില്‍ മിക്സ് ചെയ്ത മദ്യവും സേവിച്ചു വീണിടം വിഷ്ണുലോകം ആക്കി ആഘോഷിക്കുന്നു. ഡോറില്‍ പിടിച്ചു അവരെ നോക്കി നിന്നു. ഒരാള്‍ എന്നെ നോക്കി ചിരിച്ചിട്ട് ഫോം കപ്പിലേക്ക് മദ്യം പകര്‍ന്നു നീട്ടി. " വേണ്ടാ ഞാന്‍ കുടിക്കില്ല..." ചിരിച്ചു കൊണ്ട് ഞാനത് നിരസിച്ചു. നിരാശയോടെ അതിലേറെ അവിശ്വാസത്തോടെ  എന്റെ മുഖത്തേക്ക് ഒന്നിരുത്തി നോക്കിയിട്ട് അയാള്‍ വീണ്ടും  ആഘോഷങ്ങളില്‍ അലിഞ്ഞു ചേര്‍ന്നു. നില്‍പ്പ് നീണ്ടു പോയി. കാലിനു വേദന തുടങ്ങി. അവരെ ഒന്ന് നോക്കിയിട്ട് പതുക്കെ വിരിയുടെ ഒരു കോണില്‍ ഇരുന്നു. "റിസര്‍വേഷന്‍ ഇല്ലല്ലേ..." മദ്യം ഓഫര്‍ ചെയ്താള്‍ ചോദിച്ചു. ഇല്ലെന്നു തലയാട്ടി.അവരില്‍ ഒരാളായി കുറച്ചു കൂടി അടുത്തിരുന്നു. വെടിവട്ടങ്ങളും ബഹളവുമോക്കെയായി ആ രാത്രി അങ്ങനെ കഴിച്ചു കൂട്ടി. രാവിലെ  ആയപ്പോഴേക്കും അവര്‍ മിലിട്ടറി കമ്പാര്‍ട്ട്മെന്റിലേക്കു മാറി. ഞാന്‍ തനിച്ചായി.

ട്രെയിനിന്റെ നീളം അളന്നും പാന്‍ട്രി കാറില്‍ ഉണ്ടും കഥപറഞ്ഞും പകല്‍ തള്ളിവിട്ടു . പുറത്തു ഇരുട്ട് വീണു തുടങ്ങി.ട്രെയിനിനുള്ളില്‍ നീലയും വെള്ളയും കലര്‍ന്ന വെളിച്ചം പരന്നു . ആഹാരപൊതികളുമായി സപ്ലയര്‍മാര്‍ തലങ്ങും വിലങ്ങും പാഞ്ഞു നടക്കുന്നു.യാത്രക്കാര്‍ ,കഴിച്ചവര്‍ കഴിച്ചവര്‍ കിടന്നു തുടങ്ങി. ഇന്നെങ്കിലും എവിടെങ്കിലും കയറി കൂടിയേ പറ്റൂ. വല്ലാത്ത ക്ഷീണം അനുഭവപ്പെട്ടു . കമ്പാര്‍ട്ട്മെന്റുകള്‍ തോറും അലഞ്ഞു . രാത്രിയില്‍ ബെര്‍ത്ത്കളിലേക്ക് നോക്കി നടക്കുന്ന എന്നെ ആളുകള്‍ സംശയദൃഷ്ടിയോടെ നോക്കി. പത്തു മണിയോടെ നടത്തം അവസാനിപ്പിച്ചു.മുന്നില്‍ കണ്ട കമ്പാര്‍ട്ട്മെന്റിലെ ഒരു മുറിയില്‍ ലൈറ്റ്കള്‍ പൂര്‍ണ്ണമായി അണഞ്ഞിരുന്നു.

തപ്പി തടഞ്ഞു, ശബ്ദമുണ്ടാക്കാതെ, ബെര്‍ത്ത്കള്‍ക്കിടയില്‍ ഒരു ന്യൂസ്‌ പേപ്പര്‍ നീളത്തില്‍ വിരിച്ചു കിടന്നു. സീറ്റിനടിയില്‍ നിന്ന് തള്ളി നിക്കുന്ന പെട്ടികള്‍ക്കും ചെരുപ്പുകള്‍ക്കുമിടയില്‍ കിടപ്പ്  ദുസഹമായിരുന്നെങ്കിലും , രണ്ടു ദിവസം കൂടി ഒന്ന് നടുനിവര്‍ത്താന്‍ കഴിഞ്ഞതിന്റെ  ആശ്വാസത്തില്‍ , ക്ഷീണത്തില്‍ പെട്റെന്നുറങ്ങി പോയി. വല്ലാത്തൊരു ആക്രോശം കേട്ട് ഞെട്ടി ഉണരുമ്പോ കൂപ്പയിലെ ലൈറ്റ് തലയ്ക്കു മുകളില്‍ കത്തി നില്‍ക്കുന്നു. ആരൊക്കെയോ എന്നെ തുറിച്ചു നോക്കി മുന്നില്‍ . ചാടി എഴുനെല്‍ക്കുമ്പോ നാല്പതിയഞ്ചിനു അടുത്ത് പ്രായമുള്ള ഒരു സ്ത്രീയും മകളും... അടുത്ത സീറ്റുകളിലെ യാത്രക്കാരും. " പെണ്‍കുട്ടികള്‍ കിടക്കുന്ന ബെര്‍ത്ത്‌ നോക്കി വന്നിരിക്കുകയാണിവനൊക്കെ...ബാത്ത് റൂമില്‍ പോകാന്‍ കാലെടുത്തു വെച്ചതിവന്റെ ദേഹതാണ് . ഇവിടെ തന്നെ കിടക്കണമല്ലേ നിനക്ക് ..."  ഒരു കുറ്റവാളിയെ പോലെ  അവര്‍ എന്നെ വിസ്തരിക്കുകയാണ്. കൂടി നിന്നവരും എന്നെ സംശയത്തോടെ നോക്കി. സ്ത്രീയുടെ ശബ്ദം വീണ്ടും ഉയര്‍ന്നു.

അപമാനിതനാവുന്നതിന്റെ വേദനയില്‍ പോക്കെറ്റില്‍ നിന്നും ടിക്കറ്റ്‌ എടുത്തു ഞാന്‍ അവരെ കാണിച്ചു. " എനിക്കും റിസര്‍വേഷന്‍ ഉണ്ട്...വെയിറ്റിംഗ് ലിസ്റ്റ് ആയിപോയി ...രണ്ടു ദിവസമായി കിടന്നിട്ടു....ആ ക്ഷീണം കൊണ്ടു കിടന്നു പോയതാ.....നിങ്ങളിങ്ങനെ ബഹളം വെക്കാതിരിക്കൂ... നിങ്ങളെ പോലൊരു യാത്രക്കാരന്‍ ആണ് ഞാനും " എന്റെ വാക്കുകള്‍ക്കു ചെവികൊടുക്കാതെ അവര്‍ വീണ്ടും വീണ്ടും എന്തൊക്കെയോ പറഞ്ഞു കൊണ്ടേ ഇരുന്നു. അപമാനഭാരത്തോടെ ഞാന്‍ ഡോറിനടുത്തു പോയി പുറത്തേക്കു നോക്കി നിന്നു. രാവിലെയും ആ സ്ത്രീയെ കണ്ടെങ്കിലും മുഖം കൊടുക്കാതെ ഞാന്‍ ഒഴിഞ്ഞു മാറി.

ഉച്ചയോടെ കായംകുളത്തെത്തി. പെട്ടിയും തൂക്കി പ്ളാറ്റ് ഫോമിലൂടെ നടക്കുമ്പോ തീരാത്ത  ദേഷ്യത്തോടെ വിന്‍ഡോയിലൂടെ എന്നെ നോക്കുന്ന ആ സ്ത്രീയെ ഞാന്‍ കണ്ടു. എന്നെ അപമാനിച്ച അവരെ ഞാനുമൊന്നു രൂക്ഷമായി നോക്കി.

വര്‍ഷങ്ങള്‍ കഴിഞ്ഞു. പെങ്ങളും ഭാര്യയുമായി ഒരു ട്രെയിന്‍ യാത്ര.  മണിക്കൂറുകള്‍ മാത്രം നീളുന്ന യാത്ര. പകല്‍ വെളിച്ചത്തില്‍ പോലും നാണിക്കാത്ത സമൂഹത്തിന്റെ വൃത്തികെട്ട മുഖം ഞാന്‍ അന്ന് കണ്ടു. അനാവശ്യമായി തിക്കും തിരക്കുമുണ്ടാകി സ്ത്രീകള്‍ക്കിടയിലൂടെ നടക്കുന്ന സാമൂഹ്യവിരുദ്ധര്‍ .സ്ത്രീകളുടെ സീറ്റില്‍ അവരെ ചാരി നില്‍ക്കാന്‍ ശ്രമിക്കുന്ന മദ്ധ്യവയസ്കര്‍ . സ്ത്രീകള്‍ ട്രെയിനിനില്‍ എത്രമാത്രം ബുദ്ധിമുട്ടിയാണ് യാത്ര ചെയ്യുന്നതെന്നും അവര്‍ സുരക്ഷിതര്‍ അല്ലെന്നും മനസ്സിലായി .

മകളുടെ ബെര്‍ത്തിന് താഴെ ഇരുളില്‍ കിടന്ന അപരിചിതനോടു കയര്‍ത്തു സംസാരിക്കാനും നിഷ്കരുണം ഇറക്കിവിടാനും ധൈര്യം കാണിച്ച ആ അമ്മയെ ഞാന്‍ ഓര്‍ത്തു. അവരുടെ ആക്രോശങ്ങള്‍ക്കും കുറ്റപ്പെടുതലുകള്‍ക്കും വല്ലാത്തൊരു അര്‍ത്ഥമുണ്ടായിരുന്നുവെന്നു ഞാന്‍ തിരിച്ചറിഞ്ഞു .അവരോടെനിക്ക് അതിരറ്റ ബഹുമാനം തോന്നി. അന്നവരോട് അമര്‍ഷം തോന്നിയതില്‍ കുറ്റബോധവും.

Wednesday, November 7, 2012

വഴുക്കലില്‍ വീഴാതെ...




കൊച്ചിയില്‍ ജോലി ചെയ്യുമ്പോ അവിടെ റേഡിയോ സെറ്റ് ഉണ്ട്. ഫ്ലൈറ്റ് അറ്റന്ടെന്റ്റ്‌കളെ , എയര്‍ ഇന്ത്യ സെക്യൂരിറ്റിയെ ഒക്കെ അതിലൂടെ ആണ് ബന്ധപ്പെടുന്നത്.  റിസെപ്ഷനില്‍ ഉള്ള സുന്ദരി കുട്ടിയാരുന്നു അതിന്റെ ആള്...നല്ല മണി മണി പോലെ... അനര്‍ഘനിര്‍ഘളമായി ഇംഗ്ലീഷ് മൊഴിയും .നാട്ടിലെ സാദാ സ്കൂളിലൊക്കെ പഠിച്ചിട്ടു ഒരു വാക്യം പറയാന്‍ നൂറുതവണ മനസ്സില്‍ ഗൃഹപാഠം ചെയ്യുന്ന കാലം..ഗ്രാമര്‍ എന്ന കീറാമുട്ടി മനസ്സിനെ ആകെ ആശയ കുഴപ്പത്തിലാക്കുകയും ചെയ്യും....

അങ്ങനെ ഇരിക്കുമ്പോ ലവള്‍ക്ക് കെട്ടിയോന്‍ പണി കൊടുത്തു... ഗര്‍ഭിണി.പ്രസവലീവ് എടുത്തു അവള്‍ പോയി...താല്‍കാലികമായി ആരെയും നിയമിക്കുക എന്ന ആചാരം അവിടെ ഇല്ലാതിരുന്ന കൊണ്ട് പറയത്തക്ക പദവിയോ സ്പെസിഫിക് ജോബോ ഇല്ലാതിരുന്നത് കൊണ്ട് റേഡിയോ സെറ്റിന്റെ കണ്ട്രോള്‍ കൈകാര്യം ചെയ്യാന്‍ എന്നെ ഏല്‍പ്പിച്ചു.

ചുമതല ഏറ്റ ആദ്യ ദിവസം രാവിലെ എഴുനേറ്റപ്പോ മുതല്‍ ആകെ ഒരു എരിപൊരി സഞ്ചാരം. ഓഫീസില്‍ പോകുന്ന കാര്യമോര്‍ത്തിട്ട് ആകെ വെപ്രാളം . കണ്ട്രോള്‍ കം ഇന്‍ കണ്ട്രോള്‍ കം ഇന്‍ എന്ന റേഡിയോയിലൂടുള്ള ആ നിലവിളി മനസ്സില്‍ ഇങ്ങനെ കിടന്നു അലട്ടാന്‍ തുടങ്ങി. മൈക്കിലൂടെ ഇടയ്ക്കു അനൌണ്‍സ് ചെയ്യേണ്ടതായും വരും. ഈശ്വര..എങ്ങോട്ടെങ്കിലും ഒളിചോടിയാലോ എന്ന് പോലും ചിന്തിച്ചു.

അങ്ങനെ രണ്ടും കല്‍പ്പിച്ചു ഓഫീസില്‍ എത്തി. സര്‍വ്വ ദൈവങ്ങളെയും പ്രാര്‍ഥിച്ചു ഒരു പേപ്പറില്‍ കണ്ട്രോള്‍ വിത്ത്‌ യു ഗോ എഹെഡ് എന്നൊക്ക എഴുതി വെച്ചു. വീണ്ടും വീണ്ടും വായിച്ചു കോണ്ഫിടെന്‍സ് കൂട്ടാന്‍ നോക്കി. അങ്ങനെ അങ്കലാപ്പുകളും ആശങ്കകളുമായി കുറെ മണിക്കൂറുകള്‍ കടന്നു
പോയി. പെട്ടെന്ന് ഫോണ്‍ റിംഗ് ചെയ്തു. " പ്രദീപ്‌ ക്യാബിന്‍ ക്ളീനിംഗ് പിള്ളാരോട് മിനി ബസ്സില്‍ റിപ്പോര്‍ട്ട്‌ ചെയ്യാന്‍ ഒന്ന് അനൌണ്‍സ് ചെയ്യ്..." മറുതലക്കല്‍ പ്രീസെറ്റ് സൂപ്പര്‍വൈസര്‍ ആണ്. ശരി സര്‍ എന്ന് പറഞ്ഞു ഞാന്‍ ഫോണ്‍ വെച്ചു.

ഒരു പേപ്പര്‍ എടുത്തു "ആള്‍ ക്യാബിന്‍ ക്ളീനിംഗ് ബോയ്സ് പ്ലീസ് റിപ്പോര്‍ട്ട്‌ റ്റു മിനി ബസ്‌ ഇമീടിയറ്റ്ലി " എന്നെഴുതി ആവര്‍ത്തിച്ചു വായിച്ചു നോക്കി....ഒരു ദീര്‍ഘശ്വാസം എടുത്തു ഇല്ലാത്ത ആത്മവിശ്വാസം ഉണ്ടെന്നു വരുത്തി മൈക് ഓണ്‍ ചെയ്തു.ഒരൊറ്റ കീറല്‍ ..."ആള്‍ ക്ളാബിന്‍ ബോയ്സ് "......മൊത്തം വഴുക്കല്‍ ആണെന്ന് മനസ്സിലായി ആകെ പതറി ...ശബ്ദം പുറത്തോട്ടു വരുന്നില്ല...കണ്ണില്‍ ഇരുട്ട് കേറുന്ന പോലെ ഒരു തോന്നല്‍ ...എന്റെ അവസ്ഥ കണ്ട സഹപ്രവര്‍ത്തകന്‍ ജിജോ മൈക്ക് വാങ്ങി അനൌണ്‍സ് ചെയ്തു.

പതിനഞ്ചു മിനിറ്റ് കഴിഞ്ഞപ്പോഴേക്കും ജി എമ്മിന്റെ വിളി വന്നു..തല കുനിച്ചു നിന്നു കിട്ടിയ പച്ചതെറി മൊത്തം ഏറ്റു വാങ്ങി. സഹതാപത്തോടെ നോക്കുന്ന സഹപ്രവര്‍ത്തകര്‍ക്ക് നടുവിലൂടെ നിറ കണ്ണുകളുമായി സീറ്റിലെത്തുമ്പോഴേക്കും മനസ്സില്‍ വല്ലാത്തൊരു വാശി ഉണ്ടായി.ഈ ഭാഷ എങ്ങനെയും പഠിച്ചെടുക്കണം. ആ വാശിയില്‍ കുരുത്ത നിശ്ചയദാര്‍ഡ്യം.....അതാണ്‌ ഇന്നത്തെ എന്റെ അതിജീവനത്തിനു താങ്ങാവുന്നത് ..

വെറുതെ...ഒരു തിരിഞ്ഞു നോട്ടം :))

Saturday, October 13, 2012

പയ്യന്‍ കഥകള്‍

രണ്ടാമത്തെ അറ്റാക്കും, ഐ സി യുവിലെ ഹ്രസ്വവാസവും കഴിഞ്ഞു തൊണ്ണൂറ്റിയാറുകാരിയായ അച്ഛമ്മയെ വീട്ടില്‍ കൊണ്ടു വന്ന ദിവസം. ദുഖാര്‍ത്തരായ ബന്ധുക്കളും അയല്‍വാസികളും ശയ്യാവലംബയായ അച്ഛമ്മക്ക് ചുറ്റും കൂട്ടം കൂടി മൂകമായി നിന്നു.

എല്ലാ മുഖങ്ങളിലും ഭയാനകമായ പിരിമുറുക്കം.പെട്ടെന്ന് അക്ഷര സ്പുടതയില്ലാതെ ഒരു പാട്ട് ഒഴുകി എത്തി..."അപ്പങ്ങ എമ്പ്ടും ചുട്ടമ്മായി...അമ്മായി ചുട്ടത് ..."
കൂടി നിന്നവര്‍ പരിസരം മരന്നാര്‍ത്തു ചിരിച്ചു. മുറിയില്‍ കട്ടപിടിച്ചു നിന്ന പിരിമുറുക്കത്തെ ആ ചിരി പാടെ അലിയിച്ചു കളഞ്ഞു. വീട്ടില്‍ സ്ഥിരം മൂളി നടക്കുന്ന ആ ഈരടി എന്റെ സന്താനത്തിന്റെ നാവില്‍ നിന്നാണെന്നു പെട്ടെന്ന് കത്തി.ഈ അവസരത്തില്‍ അതെടുതലക്കുമെന്നു സ്വപ്നേപി പോലും കരുതിയില്ല.ആള്‍ക്കൂട്ടത്തില്‍ നിന്നു ആളെ തപ്പി പിടിച്ചു വാ പൊത്താനും..നുള്ള് കൊടുത്തു ഒതുക്കാന്‍ ശ്രമിച്ചതിനും കൂടി നിന്നവരില്‍ നിന്നെനിക്ക് വയറു നിറച്ചു കിട്ടി.

കുട്ടികളുടെ നിഷ്കളങ്ക രീതികള്‍ , പ്രവര്‍ത്തികള്‍ നമ്മുടെ ഒക്കെ പിരിമുറുക്കത്തെ എത്രവേഗം അലിയിച്ചു കളയുമെന്ന് ഞാന്‍ അറിഞ്ഞു.അനവസരത്തിലെ പാട്ടിനോട് ആദ്യം പൊരുത്തപ്പെടാന്‍ കഴിഞ്ഞില്ലെങ്കിലും പിന്നീടൊരു നൂറായിരം തവണ ഞാന്‍ അതോര്‍ത്തു ചിരിച്ചു....ഇപ്പോഴും ഈ മരുഭൂവില്‍ വേര്‍പാടിന്റെ നോവിലും...ആ കുഞ്ഞു പാട്ടെന്റെ ചെവിയിലിങ്ങനെ അലയടിക്കുന്നു...ഓര്‍ത്തോര്‍ത്തു ചിരിക്കാന്‍


NB: അച്ഛമ്മ ആരോഗ്യവതിയായി കഴിയുന്നു എന്ന സന്തോഷ വാര്‍ത്ത അറിയിക്കുന്നു.

Friday, October 12, 2012

ഇതൊരു ജാതി കോത്താഴത്തെ മറവി ആയി പോയി...

ഇതിലെ കഥാപാത്രങ്ങളും സന്ദര്‍ഭവും തികച്ചും സാങ്കല്‍പ്പികമാണെന്നു വിശ്വസിക്കുമെങ്കില്‍ വിശ്വസിക്കുക :))

മറവി മനുഷ്യസഹജമാണ്. സ്വതസിദ്ധമായ ഓര്‍മ്മശക്തി നമ്മളില്‍ ക്ഷയിച്ചു കൊണ്ടേ ഇരിക്കുന്നു. എന്തിനും ഏതിനും റിമെയിണ്ടര്‍ വേണ്ട അവസ്ഥയായി.

ഈ പ്രാവശ്യം നാട്ടില്‍ പോയപ്പോ രസകരമായ ഒരു സംഭവമുണ്ടായി.അയലത്തെ കല്യാണത്തിനായി എല്ലാരും തകൃതിയില്‍ ഒരുങ്ങുകയാണ്. (കല്യാണം കഴിച്ച ശേഷം ഇന്ന് വരെ ഒരു കല്യാണത്തിനും താലികെട്ട് കാണാനുള്ള ഭാഗ്യം ഉണ്ടായിട്ടില്ലെന്ന് ഇതരുണത്തില്‍ പറയാതെ വയ്യ). ചെറുക്കന്റെ കല്യാണമാണ്. വണ്ടികള്‍ ട്രിപ്പ്‌ അടിക്കാന്‍ തുടങ്ങി. കിട്ടിയതില്‍ കിട്ടിയതില്‍ എല്ലാരും അവരോരുടെ സൗകര്യം പോലെ കയറി. ഭാര്യയേയും കുഞ്ഞിനേയും പെണ്ണുങ്ങളുടെ ഗ്യാങ്ങിന്റെ ഒപ്പം ആകിയിട്ടു ഞങ്ങള്‍ ഓരോന്ന് പിടിപ്പിച്ചു. ലാസ്റ്റ് പോയ മിനിവാനില്‍ തൂങ്ങി ഓഡിറ്റോറിയത്തില്‍ എത്തി.

പന്ത്രണ്ടു മണിക്കുള്ള മുഹൂര്‍ത്തം ആയതു കൊണ്ട് ആദ്യത്തെ പന്തി സദ്യകുള്ള ആളിനെ വിളിച്ചു തുടങ്ങി. ഉന്തിയും തള്ളിയും ഞങ്ങളും അകത്തെത്തി. ചോറും പരുപ്പും വന്നു. "ഡേ ...എന്തുവാടെ....സീറ്റൊക്കെ ഒന്ന് തുടച്ചു കൂടെ..തേച്ചു ഉടുത്തോണ്ട് വന്ന മുണ്ടാ...." വിളമ്പി കൊണ്ട് നിന്നവരോട് തട്ടികയറി കൊണ്ട് കൂടുള്ള ഒരുത്തന്‍ പതുക്കെ പൊങ്ങി.  സദ്യ ഉണ്ണാന്‍ കേറിയാല്‍ വിളമ്പുന്നവരെ അതുമിതും പറഞ്ഞു അലമ്പുണ്ടാക്കുന്ന പരുപാടി പതിവായതുകൊണ്ട് ഞങ്ങള്‍ ആദ്യം ഗൌനിച്ചില്ല. ബഹളം മൂത്തപ്പോ ഞങ്ങളും എഴുനേറ്റു സീറ്റിലേക്ക് നോക്കി. സീറ്റില്‍ ഒരു തുള്ളി വെള്ളമില്ല. വിളമ്പുകാര്‍ ഒറ്റയായും തെറ്റയായും വന്നു കൂട്ടംകൂടി തുടങ്ങി.സംഗതി വഷളാകുന്നു എന്ന് കണ്ടപ്പോ ഞങ്ങളുടെ വിദഗ്ദ പാനല്‍ അവന്റെ ഭ്രഷ്ട ഭാഗം പരിശോധിചു .....തിരച്ചിലില്‍ ഈരേഴന്‍ തോര്‍ത്തിന്റെ ഒരു കോന്തല മുണ്ടിന്റെ ഞുറുവിലൂടെ പുറത്തേക്കു എത്തി നോക്കി.

പണി പാളിയെന്ന് തോന്നിയപ്പോ അവനെയും കൊണ്ട് നയത്തില്‍ പുറത്തു വന്നു. വിവരം തിരക്കി.ഇറങ്ങാനുള്ള തിരക്കില്‍ കുളിച്ചിട്ടു വന്നു തോര്‍ത്തിന് മുകളില്‍ മുണ്ടുടുത്ത് ആശാനിങ്ങു പോന്നു. ബസ്സില്‍ തൂങ്ങി വന്നതുകൊണ്ടും.. ഇച്ചിരി അടിച്ചിരുന്നത് കൊണ്ടും ലതു അടിയില്‍ ഉള്ളത് കാര്യമായി ഗൌനിച്ചുമില്ല. അന്നവനെ എല്ലാരും കൂടി പടമാക്കി ഭിത്തിക്കൊട്ടിച്ചു .

Saturday, September 29, 2012

ഉച്ചനീചത്വങ്ങള്‍

കൊച്ചിയിലെ ഫ്ലൈറ്റ് ക്യാറ്ററിംഗ് കമ്പനിയില്‍ ഓഫീസ് ക്ളാര്‍ക്ക് ആയി ജോലി കിട്ടിയ ദിവസം. കാത്തിരിപ്പുകള്‍ക്കൊടുവില്‍ ഓഫര്‍ ലെറ്റര്‍ കിട്ടി.

ശമ്പളം മൂവായിരത്തി അഞ്ഞൂറ് .താഴോട്ടു നീളുന്ന നിബന്ധനകളുടെയും ചിട്ടകളുടെയും നീണ്ട പട്ടികയിലൂടെ കണ്ണോടിച്ചു. ഒന്നിനും ഒരു കുറവുമില്ല.ഓഫീസില്‍ അല്ലേ പണി.ശമ്പളം കുറവാണേലും പത്രാസൊട്ടും കുറയാന്‍ പാടില്ലല്ലോ. കമ്പനിയുടെ അന്തസ്സു കീപ്‌ ചെയ്യണ്ടേ. യൂണിഫോം വേണം. അതിന്റെ നിറവും, സ്പെസിഫികേഷനും ഒക്കെ പ്രത്യേകം എഴുതിയിട്ടുണ്ട്. പറഞ്ഞ ദിവസം തന്നെ ജോയിന്‍ ചെയ്തോളാമെന്നേറ്റു, ചില്ലുവാതില്‍ തുറന്നു പുറത്തിറങ്ങുമ്പോ റിസെപ്ഷനിലെ തരുണീമണിയുടെ പിന്‍വിളി; കഴുത്തില്‍ കുടുക്കാന്‍ ഒരു കോണകവും കൂടി കരുതണേ എന്ന് വശ്യമായ ചിരിയോടെ ഓര്‍മ്മിപ്പിച്ചു.

അങ്ങനെ ചെറിയ ജോലിയുടെ വലിയ പത്രാസുകളുമായി ഞാനെന്റെ അങ്കം തുടങ്ങി. ഇരുപത്തിനാലു മണിക്കൂറും തലപ്പാവും വെച്ചു, പുക്കിളറ്റം നീളുന്ന ടൈയ്യും കെട്ടിയാണിരുപ്പു . കോമാളി വേഷം കെട്ടി നടക്കുന്ന എന്നെ, ഓഫീസ് ജോലിക്കാര്‍ക്ക് കിട്ടുന്ന എല്ലാ ബഹുമാനവും തന്നു മറ്റു ജീവനക്കാര്‍ സ്നേഹിച്ചു. കിടക്കാനൊരിടം തപ്പി മടുത്ത എനിക്കവരോടൊപ്പം താമസമൊരുക്കി.

കമ്പനി കഫറ്റെരിയായില്‍ രണ്ടു വിഭാഗങ്ങള്‍ ആയിട്ടാണ് ആളുകളുടെ ഇരിപ്പ്. ഓഫീസ് സ്റ്റാഫിന് എക്സിക്യൂട്ടീവ് ഏരിയ. പാശ്ചാത്യ രീതികല്‍ക്കനുസരിച്ചു സജ്ജീകരിച്ച തീന്മേശ. മറ്റു ജോലിക്കാര്‍ക്ക് സാദാ മേശ. ഒരേ ആഹാരം രണ്ടിടങ്ങളില്‍ . അദൃശ്യമായൊരു അകലം ഇരുപ്പിലും തീനിലും അവിടെ അലിഖിതമായി പാലിക്കപ്പെട്ടു. കത്തിയും മുള്ളും വെച്ചു ഇഡലിയും ദോശയും കഴിക്കാന്‍ പാടുപെടുന്ന മലയാളി സായിപ്പുംമാരുടെ വൃത്തികെട്ട ഈഗോ ഞാന്‍ അവിടെ കണ്ടു.

രണ്ടു ദിവസം കൊണ്ടാ ഇരുപ്പെന്നെ അസ്വസ്ഥനാക്കി. പാശ്ചാത്യ തീന്മേശ മര്യാദകള്‍ അറിയാത്ത, അതിജീവനത്തിനായി വന്നുപെട്ട എനിക്ക് ആ ഇരുപ്പും അകലവും രീതികളും സഹനീയമാരുന്നു. ഒരു മുറിയില്‍ ഒന്നിച്ചുണ്ടും ഉറങ്ങിയും കഴിയുന്ന എന്റെ കൂട്ടുകാര്‍ സാധാരണക്കാരന്റെ അകലം പാലിച്ചിരിക്കുമ്പോള്‍ കുറ്റബോധം കൊണ്ട് ഞാന്‍ നീറി. വല്ലാത്തൊരു അപകര്‍ഷതാ ബോധം എന്നെ അലട്ടികൊണ്ടിരുന്നു. ഉദ്യോഗത്തിന്റെ എല്ലാ ആഡംബരങ്ങളും മാറ്റി വെച്ചു...ഓഫീസിലെ സഹപ്രവര്‍ത്തകരുടെ എതിര്‍പ്പുകള്‍ മാനിക്കാതെ ഞാനെന്റെ കൂട്ടുകാരോടൊപ്പം ഇരുന്നു തുടങ്ങി.

ഉച്ചനീചത്വങ്ങള്‍ മലയാളി ഇന്നും അവന്റെ എല്ലാ തുറകളിലും പ്രത്യക്ഷമായും പരോക്ഷമായും വൃത്തികെട്ട രീതിയില്‍ പ്രകടമാക്കുന്നു എന്നത് നിര്‍ഭാഗ്യകരം തന്നെ. അത് ഒരുപാടനുഭവിച്ചിട്ടുമുണ്ട്. മേലുദ്യോഗസ്ഥനെ പേര് ചൊല്ലി വിളിക്കാന്‍ കഴിയുന്ന, ഉദ്യോഗത്തിന്റെ ഔന്നത്യങ്ങള്‍ ഇല്ലാത്ത; എല്ലാരും സഹപ്രവര്‍ത്തകര്‍ എന്ന സംസ്കാരം ഉള്‍ക്കൊള്ളുന്നൊരു ഓഫീസിന്റെ ഭാഗമാണ് ഇന്ന് ഞാനെന്നു പറയുന്നതില്‍ ഒരുപാട് സന്തോഷമുണ്ട്.


NB :ചെറിയ ജീവിതത്തിന്റെ ശരികളില്‍ നിന്നുള്ള എളിയ കാഴ്ചപാടുകള്‍ മാത്രം. അപക്വമെങ്കില്‍ ക്ഷമിക്കുക.