സുബ്രാവ് ജങ്ങ്ഷന്‍ . പരിഷ്കാരങ്ങളും ആര്‍ഭാടങ്ങളും.. എന്തിനു ഒരു മാടകടപോലുമില്ലാത്ത ഞങ്ങളുടെ ജങ്ങ്ഷന്‍ .കനാല്‍ പാലത്തിനെ ആണ് അങ്ങനെ വിളിച്ചു പോന്നത്. പാലത്തിനു മുകളിലെ കലുങ്ക് കൗമാരക്കാരുടെ പറുദീസയാണ്. മൂവന്തിനേരത്ത് കൂടണയുന്ന പക്ഷികളെ പോലെ എല്ലാരുമവിടെ ഒത്തുകൂടും. കോളേജിലെ ലൈന്‍ അടി..ഉത്സവപറമ്പിലെ വായിനോട്ടം...സ്ഥലതോടുന്ന തുണ്ട് പടം....മാറില്‍ തോര്ത്തിടാതെ നടക്കുന്ന അമ്മിണിച്ചേയി.. ഇങ്ങനെ കൗമാര വാര്‍ത്തകള്‍ പലതും അവിടെ ചര്‍ച്ച ചെയ്യപ്പെടും......
അന്ന് ഞാന്‍ പ്രീ-ഡിഗ്രീ ഒന്നാം വര്‍ഷം. ആറരക്കു കലുങ്കില്‍ കേറിയാല്‍ രാത്രി ഒമ്പതര ആകാതെ വീടുപിടിക്കില്ല. അമ്മയുടെ വഴക്കുകള്‍ കൗമാരക്കാരന്റെ കൂസലില്ലായ്മയില്‍ മുങ്ങി പോവാറാണ് പതിവ്. കലുങ്കിലെ അലമ്പുകളില്‍ നിറസാനിദ്ധ്യമായി അനി ഉണ്ടാവും. തൊട അനി. അതെ...അതാണ് അവന്റെ ഇരട്ട പേര്. തൊടവരെ കൈലി പൊക്കി കുത്തി നടക്കുന്ന എലുമ്പന്‍. സമീപ ഭൂനിരപ്പില്‍ നിന്നും പൊക്കത്തിലുള്ള പാലത്തില്‍ അടിവസ്ത്രമെന്ന രക്ഷാകവചമില്ലാതെ പരിസരവാസികളെ ലജ്ജിപ്പിച്ചു കൊണ്ടൊരു നിപ്പു നിക്കും. തെറി വിളിച്ചാലോ വഴക്ക് പറഞ്ഞാലോ ഒന്നും അവനു കൂസലില്ല. അടിവസ്ത്രം അവന്റെ ചിന്തയില്‍ ഒരു ആര്‍ഭാട വസ്തുവാണ്. കാശ് മുടക്കി വാങ്ങി ആരും കാണാത്തിടത് ഇട്ടിട്ടെന്തു കാര്യം എന്ന വാദമുഖവും .
ഒരേ ക്ലാസ്സില്‍ നാലു വര്‍ഷത്തില്‍ കൂടുതല്‍ ഇരിക്കണമെങ്കില്‍ പണം അങ്ങോട്ട് കൊടുക്കണമെന്ന് ഹെഡ് മാഷ് ശടിച്ചത് കൊണ്ട് ആറാം ക്ലാസ്സില്‍ വെച്ചവന്‍ വോളന്ററി റിട്ടയര്‍മെന്റ് എടുത്തു. പരീക്ഷകള്‍ക്കും അഭിമുഖങ്ങള്‍ക്കും കാത്തു നില്‍ക്കാതെ നേരെ ചെന്നു വാസ്വേട്ടന്റെ മൊസൈക് കമ്പനിയില്‍ ഉരപ്പു തൊഴിലാളിയായി ചേര്‍ന്നു. കാലത്തൊരു പ്ലാസ്റ്റിക് കവറും തൂക്കി പോകുന്ന അവനെ ഞാന്‍ അസൂയയോടെ നോക്കി നിന്നിട്ടുണ്ട്. പഠിക്കാന്‍ പോകണ്ടല്ലോ. പോരെങ്കില്‍ വൈകിട്ട് കാശും കിട്ടും. കലുങ്കിലെ രാവുകളില്‍ അവന്‍ താരമായി. ഉച്ചക്ക് കഴിച്ച ബിരിയാണിയെ പറ്റി, വഴിയില്‍ കിട്ടുന്ന കടപലഹാരങ്ങളെ പറ്റി ബസ്സില്‍ അവന്‍ മുട്ടി ഉരുമി നില്‍ക്കുന്ന പണിക്കാരി പെണ്ണുങ്ങളെ പറ്റി ഒക്കെ ഒരുപാട് വിശേഷങ്ങള്‍ പൊടിപ്പും തൊങ്ങലും ചേര്‍ത്ത് വിളമ്പി അവന്‍ ഞങ്ങളെ രസിപ്പിച്ചു. എന്തൊക്കെ കഴിച്ചിട്ടും അവന്റെ എലുമ്പന്‍ ശരീരം അങ്ങനെ തന്നിരുന്നു. അതവനില്‍ അപകര്‍ഷതാ ബോധം നിറച്ചു കൊണ്ടേ ഇരുന്നു.
അങ്ങനെ വേനലവധി കാലമായി. ഗോലി കളിച്ചും പറങ്ങിയണ്ടി കീച്ച് കളിച്ചും ആണ്‍കുട്ടികള്‍ അര്‍മ്മാദിച്ചു. സ്വതവേ വീട്ടില്‍ ഒതുങ്ങി കൂടിയിരുന്ന പെണ്‍കുട്ടികള്‍ക്ക് ഒരു സന്തോഷ വാര്‍ത്തയുമായാണ് മല്ലികടീച്ചര്‍ നാട്ടില്‍ തിരിച്ചെത്തുന്നത്. ബാലേകളിലും നാടകങ്ങളിലും അഭിനയിക്കാന്‍ മധുരപതിനേഴില്‍ നാട് വിട്ടു പോയതാണ് അവര്‍ . ഇനി നാട്ടില്‍ കുട്ടികളെ നൃത്തം അഭ്യസിപ്പിച്ചു ഒതുങ്ങി കൂടാന്‍ തീരുമാനിച്ചു. പണ്ട് നാട് വിട്ടു പോവുമ്പോ കൊലുന്നനെ ഇരുന്ന ടീച്ചര്‍ ഒരു ഒത്ത പെണ്ണായി തിരിച്ചു വന്നപ്പോ ചെറുപ്പക്കാര്‍ക്ക് കണ്ണിനു വിരുന്നായി. കലുങ്കില്‍ ഞങ്ങളുടെ ചര്‍ച്ചകളില്‍ ടീച്ചര്‍ നിറഞ്ഞു നിന്നു.
പണ്ട് എഴുത്തു പള്ളികുടമായിരുന്ന പഴയ കെട്ടിടത്തിലാണ് ടീച്ചര്‍ ക്ലാസ് തുടങ്ങിയത്. അതിന്റെ നീണ്ട വരാന്തക്കു പുറത്തു തടി എഴികളില്‍ പിടിച്ചു കഴുകന്‍ കണ്ണുകളുമായി ഞാന്‍ ഉള്ള്പ്പെടുന്ന കലാസ്വാദകര്‍ ടീച്ചറുടെ മുദ്രയിലും ലാസ്യഭാവതിലും അലിഞ്ഞു ഇങ്ങനെ നിക്കും. സായാന്ഹ ചര്‍ച്ചകളില്‍ ഒരിക്കല്‍ അനി പറഞ്ഞു " ഈ ടീച്ചര്‍ ഇവിടുന്നു പോകുമ്പോ എനിക്ക് പത്തു വയസ്സുണ്ട്....ഒരു എല്ലൂചി ആരുന്നെടെ ഇവര്...ഇപ്പൊ എങ്ങനെ ഈ പരുവമായി...!!!" എലുമ്പനായ അവന്റെ ചിന്തകള്‍ ആ വഴിക്ക് കാട് കയറി.
തുടര്‍ന്നുള്ള ദിവസങ്ങളിലും അനി അവന്റെ സംശയം ആവര്‍ത്തിച്ചു കൊണ്ടേ ഇരുന്നു. അവനിട്ടൊരു പണി കൊടുക്കുന്നതിനെ കുറിച്ച് ഞാന്‍ ചിന്തിച്ചു.
സായാഹ്ന അലമ്പുകള്‍ കൊടുമ്പിരി കൊള്ളുന്ന ഒരു ദിവസം " ടീച്ചര്‍ ഈ തടി വെച്ചത് മരുന്ന് കഴിച്ചിട്ടാണ്..എന്തോ ഗുളിക കിട്ടുമത്രേ...അത് രാത്രിയില്‍ ആഹാരത്തിനു ശേഷം ഒരു വര്‍ഷത്തോളം കഴിച്ചിട്ടാണ് പോലും തടി ഇങ്ങനെ ആയതെന്നു തെക്കേലെ കോമളേച്ചി പറഞ്ഞു " പറഞ്ഞവസാനിപ്പിച്ചിട്ടു അനിയെ ഞാന്‍ പാളി നോക്കി. അവന്റെ കണ്ണുകളില്‍ പ്രതീക്ഷയുടെ ആയിരം പൂത്തിരികള്‍ കത്തി. ..ആശയുടെ വെള്ളിവെളിച്ചം മുഖത്ത് പടര്‍ന്നു...ആരാധനയോടെ എന്നെ നോക്കി, ശബ്ദം താഴ്ത്തി പറഞ്ഞു " നീ അവരോടു ആ മരുന്നിന്റെ പേരൊന്നു ചോദിക്ക് ...എന്റെ ഈ തടി ഒന്ന് ജോറാക്കാനാ..." സ്വതവേ അഹങ്കാരത്തോടെ മാത്രം പെരുമാറുന്ന അവന്‍ അപ്പോള്‍ കേഴുന്ന പോലെനിക്കു തോന്നി.
" നാളെ നോക്കട്ടെ...പറ്റിയാല്‍ ചോദിക്കാം..." ഞാന്‍ അല്‍പ്പം വെയിറ്റ് ഇട്ടു. അവന്‍ ദയനീയമായി എന്നെ നോക്കി. ശരി ആക്കാമെടാ ഉവേ എന്ന ഭാവത്തില്‍ ഞാന്‍ അവനെ സമാധാനിപ്പിച്ചു വിട്ടു. അന്നൊക്കെ ആരോഗ്യ മാസികകളിലെ ലൈംഗിക ചോദ്യങ്ങള്‍ സ്ഥിരമായി വായിച്ചു നിര്‍വൃതി കൊണ്ടിരുന്ന ഒരു അനുവാചകനാണ് ഞാന്‍ . ആ അറിവും ഓര്‍മ്മയും വെച്ചു ഞാന്‍ കരുക്കള്‍ നീക്കി. പഴയ മാസികകള്‍ അരിച്ചു പെറുക്കി. അങ്ങനെ അവസാനം ആ പേര് ഞാന്‍ കണ്ടു പിടിച്ചു. ഒരു വെള്ള കടലാസില്‍ വൃത്തിയായി എഴുതി, മടക്കി പോക്കെറ്റില്‍ ഇട്ടു.
വൈകിട്ട് പതിവിലും നേരത്തെ കലുങ്കിലെത്തിയ അനി അക്ഷമനായി എനിക്ക് വേണ്ടി കാത്തിരുന്നു. വഴിയില്‍ നിന്നു വാങ്ങിയ ഉള്ളി ഭജ്ജി കൈകൂലിയായി കൈയ്യില്‍ കരുതിയിരുന്നു. അവനെ ആകാംഷയുടെ മുള്‍മുനയില്‍ നിര്‍ത്തി ഞാന്‍ ബജ്ജി അകത്താക്കി. അല്‍പ്പം ഗൗരവത്തോടെ പോക്കറ്റില്‍ നിന്നും പേപ്പര്‍ എടുത്തു നിവര്‍ത്തി. വായിച്ചു.ഗൗരവം വിടാതെ അവനെ ഉപദേശിച്ചു "കടക്കാര് പറയുന്നപോലെ കഴിച്ചാലേ പ്രയോജനമുള്ളൂ."ഒക്കെ തലകുലുക്കി സമ്മതിച്ചത്തവന്‍ പോക്കറ്റില്‍ വെച്ചു.
അടുത്ത സായാന്ഹം അത്രയ്ക്ക് ശുഭകരമാവില്ലെന്നു അറിയുന്നത് കൊണ്ട് തന്നെ ഞാന്‍ വീട്ടില്‍ ഒതുങ്ങി കൂടി. കലുങ്കിലിരിപ്പ് നിര്‍ത്തി വീട്ടില്‍ ഒതുങ്ങി കൂടിയ മകനെ ഓര്‍ത്തമ്മ സന്തോഷിച്ചു. എന്റെ ചിന്തകള്‍ അനിയെ കുറിച്ചാരുന്നു. കലുങ്കില്‍ ഇപ്പൊ എന്തായിരിക്കാം നടക്കുന്നത്. അതറിയാന്‍ എനിക്ക് കാലത്ത് വരെ കാത്തിരിക്കണ്ടി വന്നു. അനി കുറിപ്പുമായി മെഡിക്കല്‍ സ്റ്റോറില്‍ എത്തി. സുന്ദരിയായ യുവതിയെ അതെല്പ്പിച്ചു. "മാലാടി ". അതുവായിച്ചവരനെ നോക്കി ഒന്ന് ചിരിച്ചു, അവനുമൊരു ചിരി മടക്കി നല്‍കി. അവര്‍ വീണ്ടുമവനെ നോക്കി ഒന്നൂറി ചിരിച്ചു. ആ ചിരിക്കൊരു മറുചിരി കൊടുക്കാന്‍ അവന്‍ മടിച്ചു...ഒരു പിശക് ചിരി ആണല്ലോ അത്....ആ ചിന്തയില്‍ നിന്നവനെ ഉണര്‍ത്തി കൊണ്ട് സുന്ദരിയുടെ ചോദ്യം വന്നു " ആര്‍ക്കാ ഇത്?" " എനിക്കാ...രണ്ടു കവര്‍ എടുത്തോ എന്നും വരണ്ടാല്ലോ " സങ്കോചമേതുമില്ലാതെ ചിരിച്ചു കൊണ്ടവന്‍ പറഞ്ഞു. ചിരിയോതുക്കാന്‍ കഴിയാതെ യുവതി പൊട്ടി പൊട്ടി ചിരിച്ചു...കാര്യം മനസ്സിലാകാതെ ഇളിഭ്യനായി പല്ലുമിളിച്ചു നിക്കുന്ന അവനെ നോക്കി കടക്കാരനും ഉറക്കെ ചിരിച്ചു...." ടാ കൊച്ചനെ ഇത് ഗര്‍ഭനിരോധന ഗുളികയാ...നിനക്കാരോ പണി തന്നതാ..."
പരിഹാസ്യനായി തിരിച്ചെത്തിയ അനി കലുങ്കില്‍ പൂരപ്പാട്ട് പാടി. എന്റെ വീട്ടില്‍ അച്ഛന്‍ പലവുരു തുമ്മി, ഒച്ചയടച്ചു. അവന്റെ കൈയ്യില്‍ കിട്ടിയാല്‍ ശരിയാക്കുമെന്ന് അറിയാവുന്ന കൊണ്ട് കുറേ ദിവസം വീട്ടില്‍ തന്നെ ഒതുങ്ങി കൂടി.വീട്ടുകാരും എന്റെ താല്കാലികമായ നല്ലനടപ്പില്‍ കാര്യമറിയാതെ സന്തോഷിച്ചു.
ഓഫ് : ഇന്ന് മൂന്നു മക്കളും ഭാര്യവുമായി കഴിയുന്ന അവനെ അവധികാലത്ത് കണ്ടപ്പോ ഞാന്‍ പറഞ്ഞ ഒരു ഡയലോഗ് " ടാ മൂന്നായില്ലേ....ഇനി ..?..ഓ പറഞ്ഞ പോലെ ഗര്‍ഭനിരോധന ഗുളികയുടെ പേര് നിനക്കറിയില്ലല്ലോ...അല്ലേ....അന്ന് ഞാന്‍ എഴുതി തന്ന കുറിപ്പ് സൂക്ഷിച്ചു വെച്ചുകൂടാരുന്നോ" . അത് കേട്ടു എന്റെ തോളില്‍ തട്ടി അവന്‍ ആര്‍ത്തു ചിരിച്ചു.